ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിൻ ഡിസംബർ 28ന് ഡൽഹിയിൽ ഓടിത്തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിന്‍റെ ഫ്ലാഗ്ഓഫ് നിർവഹിക്കുക. ഇതിനൊപ്പം നാഷനൽ കോമൺ മൊബിലിറ്റി കാർഡും അദ്ദേഹം പുറത്തിറക്കും.
ഡൽഹി മെട്രോ റെയിൽ കോർപറേഷന് കീഴിലെ ഡ്രൈവറില്ലാ ട്രെയിൻ മജന്ത ലൈനിലൂടെ 37 കിലോമീറ്ററാണ് സർവിസ് നടത്തുക. രാജ്യ തലസ്ഥാനത്തെ ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ബഹാദുർഗഡ്, ഗാസിയാബാദ് എന്നീ സ്ഥലങ്ങളുമായാണ് ഈ ലൈൻ ബന്ധിപ്പിക്കുന്നത്.
ഡ്രൈവറില്ലാ ട്രെയിനിന്‍റെ പരീക്ഷ ഓട്ടങ്ങൾ നേരത്തെ തന്നെ നടന്നിരുന്നു. ഇതോടൊപ്പം സിഗ്നൽ സംവിധാനവും പരിശോധിച്ച് ഉറപ്പുവരുത്തി.
അതേസമയം, ഡ്രൈവർക്ക് പകരം 'റോമിംഗ് അറ്റൻഡൻസ്' എന്ന പേരിൽ ഒരാൾ ട്രെയിനിൽ ഉണ്ടാകും. ആവശ്യമുള്ള യാത്രക്കാരെ സഹായിക്കുന്നതിന്‍റെ ഭാഗമായാണ് ഇവരെ നിയമിക്കുന്നത്.
ഇവർ ഡ്രൈവർ കാബിനിൽ ഉണ്ടാകില്ല. എന്നാൽ, അടിയന്തര ഘട്ടങ്ങളിൽ ട്രെയിൻ ഓടിക്കാനുള്ള എല്ലാ പരിശീലനവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. നിലവിലെ ട്രെയിൻ സംബന്ധമായ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയാണ് ഡ്രൈവറില്ലാ ട്രെയിനുകൾ രാജ്യത്ത് സാധ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.