മനാമ: തണുപ്പ് കാലത്തെ വരവേറ്റുകൊണ്ട് ബഹ്റൈനിൽ ക്യാമ്പിങ് സീസണിന് തുടക്കം. അവാലി മുതൽ സാഖിർ വരെയുള്ള പ്രദേശത്ത് ടെന്റുകൾ ഉയർന്നുകഴിഞ്ഞു. അടുത്ത വർഷം ഫെബ്രുവരി 20 വരെയാണ് സീസൺ. 2,600ലധികം ക്യാമ്പ് സൈറ്റുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്ട്രേഷൻ നവംബർ 25 വരെ നടത്താം. ഈ കാലയളവിനുള്ളിൽ 10,000 രജിസ്ട്രേഷനാണ് പ്രതീക്ഷിക്കുന്നത്.
ക്യാമ്പിങ്ങിന്റെ ഒരുക്കവും സുരക്ഷയും വിലയിരുത്തുന്നതിന്റെ ഭാഗമായി ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ആൽ ഖലീഫ ടെന്റുകൾ സന്ദർശിച്ചു. നഗരത്തിരക്കുകളിൽനിന്ന് രക്ഷപ്പെട്ട് മരുഭൂമിയിലെ തണുത്ത അന്തരീക്ഷത്തിൽ വിശ്രമിച്ച് ക്യാമ്പിങ് നടത്താൻ ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകാനായി എല്ലാ ഏജൻസികളെയും ഏകോപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ ഹമദ് അൽ ഖയ്യത്ത്, സതേൺ ഗവർണറേറ്റ് ഉദ്യോഗസ്ഥർ, മുനിസിപ്പാലിറ്റി അംഗങ്ങൾ, പൊലീസുകാർ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. പാരിസ്ഥിതികവും സുരക്ഷാസംബന്ധവുമായ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചായിരിക്കും ടെന്റിങ് അനുവദിക്കുക. മൊബൈൽ ഫോണുകളിൽ അൽ ജനോബിയ ആപ് ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താം.
അറബിക്കിലും ഇംഗ്ലീഷിലും ലഭ്യമാണ്. രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കില്ല. സുരക്ഷിതവും സമാധാനപരമായതുമായ ടെന്റ് സീസൺ ഒരുക്കാൻ വിവിധ വിഭാഗങ്ങളെ ചുമതലപ്പെടുത്തി.
ക്യാമ്പ് ചെയ്യുന്നവർ തങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാൻ അധികൃതരുടെ എല്ലാ നിയമങ്ങളും നിർദേശങ്ങളും പാലിക്കണം. ക്വാഡ് ബൈക്കിൽ പോകുന്നവർ ഹെൽമറ്റ് ധരിക്കണം. സാധാരണ വാഹനങ്ങൾ ഓടിക്കുന്നവർ വേഗത പരിധി പാലിക്കണം. സൈറ്റിൽ അഗ്നിശമന ഉപകരണങ്ങൾ ഉണ്ടായിരിക്കണം. ഇലക്ട്രോണിക് ഉപകരണങ്ങളും വയറുകളും തകരാറുകൾ ഉണ്ടോയെന്ന് പരിശോധിക്കുകയും ഒരു ദുരന്തം സംഭവിക്കുന്നത് തടയാൻ നിരീക്ഷിക്കുകയും വേണം.
ക്യാമ്പിങ് സുരക്ഷിതവും കൂടുതൽ സുഖകരവുമാക്കാനും ക്യാമ്പർമാരുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ‘ ഖയ്യിം’ ഡിജിറ്റൽ സംരംഭംപോലുള്ള ഇലക്ട്രോണിക് സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. പരാതികൾ നൽകുന്നതിനുള്ള സംവിധാനവും ഓൺലൈനിൽ ഒരുക്കിയിട്ടുണ്ട്.
2024-2025 സീസണുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളും campers@southern.gov.bh എന്ന ഇ-മെയിൽ വഴി നടത്താം. 17750000 എന്ന നമ്പറിലും വിവരങ്ങൾ ലഭ്യമാണ്. അൽ ജനോബിയ ആപ്പിൽ ഇൻസ്റ്റന്റ് ചാറ്റ് വഴിയും വിവരങ്ങൾ ലഭിക്കും.
ആഴ്ചതോറും തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ടെന്റിന് കാഷ് അവാർഡ് നൽകുമെന്ന് കഴിഞ്ഞ വർഷം യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ പ്രഖ്യാപിച്ചിരുന്നു. ടെന്റുകളിൽ ക്യാമ്പിങ് നടത്തുന്നവർ ബാർബിക്യൂവും ബോൺഫയറുമൊക്കെയായി രാത്രി ആസ്വദിക്കും. ടെന്റ് കെട്ടുന്നവർക്കുള്ള സുരക്ഷാ നിർദേശങ്ങൾ ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.