അരൂർ: എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്തിലെ അസ്തമയക്കാഴ്ചകൾ വിസ്മയമാണ്. 24 മണിക്കൂറില്‍ ഒരാള്‍ക്ക് ലോകം ചുറ്റാന്‍ കഴിഞ്ഞാല്‍ അസ്തമയസൂര്യനെ കാണാൻ ഇവിടെ എത്തണമെന്നാണ് നാഷനല്‍ ജിയോഗ്രഫിക് മാസിക പറയുന്നത്. ലോകത്തിലെ 24 സവിശേഷ പ്രദേശങ്ങളുടെ പട്ടികയിലാണ് കേരളത്തിലെ കാക്കത്തുരുത്തും ഇടം നേടിയത്. കലർപ്പില്ലാത്ത ഗ്രാമീണജീവിതത്തിന്റെ നേർക്കാഴ്ചയാണ്.
ഈ പച്ചത്തുരുത്തിന്റെ പ്രകൃതിഭംഗി വേറിട്ടതാണ്. ലോകസഞ്ചാര ഭൂപടത്തിൽ കാക്കത്തുരുത്ത് ഇടം നേടിയതോടെ, ഇവിടുത്തെ അസ്തമയവും ഗ്രാമീണ കാഴ്ചകളും ലോകപ്രസിദ്ധമാണ്. ലോകസഞ്ചാരികൾ സമൂഹ മാധ്യമങ്ങൾ വഴി പച്ചത്തുരുത്തിന്റെ കാണാക്കാഴ്ചകളിലേക്ക് എത്തിത്തുടങ്ങിയപ്പോഴേക്കും കോവിഡ് വ്യാപനത്തിന്റെ നിയന്ത്രണങ്ങളിൽ കുടുങ്ങി വിനോദസഞ്ചാരം നിലച്ചു.
നിയന്ത്രണങ്ങൾ അയഞ്ഞുതുടങ്ങിയപ്പോൾ കാക്കത്തുരുത്തിന്റെ ഗ്രാമീണ കാഴ്ചകളിലേക്കും യാത്രികർ എത്തിത്തുടങ്ങി. കായൽ കാഴ്ചകളും കായലോര കാഴ്ചകളും ഗ്രാമജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളും തുരുത്ത് നിവാസികളുടെ സഹകരണത്തോടെ ഒരുക്കുകയാണ്. സ്വകാര്യസംരംഭകർ ഇതിനുവേണ്ടി നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പച്ചത്തുരുത്തിന്റെ ചുറ്റുമുള്ള കായൽപ്പരപ്പിൽ യാത്രികർക്ക് തണുത്ത കാറ്റേറ്റ് ഒഴുകാൻ അഞ്ച് ശിക്കാരി നൗകയാണ് ഇവിടെയുള്ളത്. 12 പേർക്ക് ഇരിക്കാവുന്നതുമുതൽ 35 പേർക്ക് യാത്രചെയ്യാനുള്ള ശിക്കാരി വള്ളങ്ങളുണ്ട്. ഓലമെടയൽ, കൊട്ടനിർമാണം, കയറുപിരി, കള്ളുചെത്ത്, മത്സ്യബന്ധനം തുടങ്ങിയവയുടെ നേർക്കാഴ്ചയും യാത്രക്കാരുടെ ആവശ്യപ്രകാരം ഒരുക്കാറുണ്ട്. മണിക്കൂറുകൾ നീണ്ട കായൽ യാത്രക്കാണ് ശിക്കാരി വള്ളങ്ങളെ സഞ്ചാരികൾ ആശ്രയിക്കുന്നത്. ദിവസങ്ങൾ നീണ്ട താമസത്തിനും സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുകൂടാനും രുചികര ഭക്ഷണത്തിനും കായൽയാത്രകൾക്കും രണ്ടുനിലയുള്ള ഹൗസ് ബോട്ട് വരെയുണ്ട്.
കാക്കത്തുരുത്തിലെ ഇടവഴികളും മീൻവളർത്തുകേന്ദ്രങ്ങളും പാടവരമ്പുകളും തെങ്ങിൻതോപ്പുകളും നിറഞ്ഞ പ്രകൃതിഭംഗി ആസ്വദിക്കാനാണ് സഞ്ചാരികൾ ഏറെയും എത്തുന്നത്.
സമീപപ്രദേശങ്ങളായ തൈക്കാട്ടുശ്ശേരി, കുട്ടൻചാൽ, വയലാർ, ചെങ്ങണ്ട എന്നിവിടങ്ങളിലെ ഗ്രാമീണ കാഴ്ചകൾക്കും ജലയാനങ്ങൾ കാക്കത്തുരുത്തിൽനിന്ന് പോകാറുണ്ട്. മലയാളികളായ സഞ്ചാരികളാണ് കൂടുതലായും ഇപ്പോൾ എത്തുന്നത്. തുരുത്തുകളിലെ ജനജീവിതം ആസ്വദിക്കാൻ എത്തുന്നവർക്ക് നടന്നു കാണാനുള്ള സൗകര്യവും വള്ളങ്ങളും ബോട്ടുകളും തീരങ്ങളിൽ അടുക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയാൽ കൂടുതൽ പേരെ ആകർഷിക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.