ദോഹ: കളിയും വിനോദവും ഉല്ലാസവുമെല്ലാം ഒരു കുടക്കീഴിലൊരുക്കി ഖത്തറിന്റെ മണ്ണിൽ ‘ലാൻഡ് ഓഫ് ലെജൻഡ്സ്’ തീംപാർക്ക് എന്ന പേരിൽ ഒരു അത്ഭുത നഗരം വരുന്നു. രാജ്യത്തിന്റെ കിഴക്കൻ പ്രദേശമായ സിമൈസിമയിൽ ആരംഭിക്കുന്ന മധ്യപൂർവേഷ്യയിലെ തന്നെ ഏറ്റവും വലിയ തീം പാർക്ക് നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി നിർവഹിച്ചു.
ഖത്തറിലെയും മേഖലയിലെയും വിനോദ സഞ്ചാര മേഖലയിൽ പുത്തനുണർവാകുന്നതാണ് വൈവിധ്യമാർന്ന വിനോദ പരിപാടികളെല്ലാം ഒരു കുടക്കീഴിൽ ഒരുക്കുന്ന ‘ലാൻഡ് ഓഫ് ലെജൻഡ്സ്. തുർക്കിയ ആസ്ഥാനമായ എഫ്.ടി.ജി ഡെവലപ്മെന്റും ഖത്തരി ദിയാർ റിയൽ എസ്റ്റേറ്റ് നിക്ഷേപക കമ്പനിയും സംയുക്തമായാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ മുനിസിപ്പാലിറ്റി മന്ത്രിയും ഖത്തരി ദിയാർ ചെയർമാനുമായ അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ, ഖത്തരി ദിയാർ സി.ഇ.ഒ അലി മുഹമ്മദ് അൽ അലി, എഫ്.ടി.ജി ഫൗണ്ടറും ലാൻഡ് ഓഫ് ലെജൻഡ്സ് പ്രസിഡൻറുമായ ഫതാഹ് തമിൻസ്, അകോർ ഗ്രൂപ് സി.ഇ.ഒ സെബാസ്റ്റ്യൻ ബസിൽ എന്നിവർ പങ്കെടുത്തു.
ഖത്തർ ടൂറിസത്തിന്റെ വിദേശ നിക്ഷേപ പങ്കാളിത്തമുള്ള വമ്പൻ പദ്ധതിയായാണ് ലാൻഡ് ഓഫ് ലെജൻഡ്സ് തീം പാർക്ക് യാഥാർഥ്യമാവുന്നത്. 300 കോടി ഡോളറിന്റെ നിക്ഷേപമാണ് പദ്ധതിയിലുള്ളത്.
ദോഹയിൽ നിന്നും 50 കിലോമീറ്ററോളം കിഴക്കായി സ്ഥിതി ചെയ്യുന്ന തീര പ്രദേശമായ സിമൈസിമയിലെ ഏറ്റവും സുപ്രധാനമായ പദ്ധതിയായാണ് തീം പാർക്ക് ഒരുങ്ങുന്നത്. ഏഴ് കിലോമീറ്റർ ദൈർഘ്യമുള്ള തീരത്ത് 80 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആരംഭിക്കുന്ന സിമൈസിമ പ്രൊജക്ടിന്റെ ഭാഗമായ തീം പാർക്ക് ഗൾഫിലെയും മധ്യപൂർവേഷ്യയിലെയും ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായി മാറും.
പരിസ്ഥിതി സൗഹൃദ സുസ്ഥിര മാർഗങ്ങളും അത്യാധുനിക സ്മാർട്ട് സംവിധാനങ്ങളും, നൂതന നിർമാണ സാങ്കേതിക വിദ്യകളുമെല്ലാം ചേർന്ന് ലോകോത്തര നിലവാരത്തിലെ പദ്ധതിക്കാണ് ഖത്തർ തുടക്കം കുറിക്കുന്നത്.
തീം പാർക്കിന് പുറമെ 16 റിസോർട്ടുകൾ, 18 ഹോൾ ഗോൾഫ് കോഴ്സ്, ആഡംബര യാച്ചുകളുടെ മറിന, ഉന്നത നിലവാരത്തിലെ താമസ വില്ലകൾ, ഡൈനിങ്, റീട്ടെയിൽ സൗകര്യങ്ങൾ എന്നിവയുമായി വമ്പൻ വിനോദ സഞ്ചാര കേന്ദ്രമായി സിമൈസിമ ‘ലാൻഡ് ഓഫ് ലെജൻഡ്സ്’ മാറും. ഓരോ വർഷവും 20 ലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്ന പദ്ധതി ഖത്തറിന്റെ ടൂറിസം മേഖലയെ തന്നെ മാറ്റിമറിക്കും.
6.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള തീം പാർക്ക് ചരിത്ര യാത്രാനുഭവം കൂടി പകർന്നുകൊണ്ടാണ് സന്ദർശകരെ സ്വീകരിക്കുന്നത്. ചരിത്രത്തിലെ വലിയ സഞ്ചാരികളിൽ ഒരാളായ ഇബ്ൻ ബതൂത്തയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആകർഷകമായ ഒരു യാത്രയിലേക്ക് എന്നപോലെ സന്ദർശകരെ ആനയിക്കുന്നതാണ് തീ പാർക്ക്. ഏഴ് തീം സോണുകളിലായി നിരവധി അതുല്യമായ കാഴ്ചകൾ ഒരുക്കും.
സമ്മേളന സൗകര്യങ്ങളോടെ കുടുംബ സൗഹൃദമായ കിങ്ഡം ഹോട്ടൽ, കടൽതീരത്തോടുചേർന്ന് മ്യൂസിക് ഹോട്ടൽ, 1000ത്തോളം മുറികൾ, 80 മീറ്ററോളം ഉയരമുള്ള കുന്നുകൾ മുതൽ ബോട്ട് പരേഡും, കടൽ സാഹസിക വിനോദങ്ങളുമെല്ലാമായി ഖത്തറിന്റെ ഭാവി വിനോദ സഞ്ചാരത്തിന്റെ പ്രധാന കേന്ദ്രമായി സിമൈസിമ മാറും.
വിവിധ റൈഡുകൾ, മേഖലയിലെ തന്നെ ആദ്യ ചലിക്കുന്ന തിയറ്റർ, ൈഫ്ലയിങ് തിയറ്റർ എന്നീ സൗകര്യങ്ങളും പാർക്കിൽ ഒരുങ്ങും. ഖത്തറിനെ മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിൽ നിർണായകമായ ചുവടുവെപ്പാണ് സിമൈസിമയിലെ ‘ലാൻഡ് ഓഫ് ലെജൻഡ്സ്’ എന്ന് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ പറഞ്ഞു.
‘ദേശീയ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിൽ പ്രധാന ഘടകമാവുന്നതിനൊപ്പം, സന്ദർശകർക്ക് വേറിട്ട അനുഭവം നൽകുകയും, നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ടൂറിസം മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് തുണയാവുകയും ചെയ്യും’ -മന്ത്രി വിശദീകരിച്ചു. ടൂറിസത്തോടൊപ്പം രാജ്യത്തെ പുതിയ നിക്ഷേപ സാധ്യതകളിലേക്കുകൂടി വഴിതുറക്കുന്നതാണ് സിമൈസിമ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.