തെൻമല-റോസ്മല-പാലരുവി; കൊല്ലത്തുനിന്ന്​ പുതിയ യാത്രയുമായി കെ.എസ്​.ആർ.ടി.സി

കൊല്ലം: കെ.എസ്​.ആർ.ടി.സി ജനുവരി എട്ട്​ മുതൽ കൊല്ലത്തുനിന്ന്​ തെന്മല, റോസ്മല, പാലരുവി എന്നിവിടങ്ങളിലേക്കായി ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. കൊല്ലം ജില്ലയിലെ പുനലൂർ - ചെങ്കോട്ട ( തമിഴ്നാട് ) റൂട്ടിൽ തെന്മല ഗ്രാമപഞ്ചായത്തിലെ തെന്മലയിലാണ് തെന്മല അണക്കെട്ട് അഥവാ കല്ലട-പരപ്പാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമാണ് തെന്മലയിലുള്ളത്. കല്ലടയാറിലാണ് കല്ലട ജലസേചനപദ്ധതിയുടെ ഭാഗമായ ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. 13.28 കോടി ബഡ്ജറ്റിൽ 1961ലാണ് ഡാമിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

റോസ്മല

പച്ചപ്പട്ടുടുത്ത് അണിഞ്ഞൊരുങ്ങി സഞ്ചാരികളെ വരവേറ്റിരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ആര്യങ്കാവ് റോസ്മല. ആര്യങ്കാവ് വനം റേഞ്ചിനും തെന്മല വന്യജീവിസങ്കേതത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ പ്രദേശമാണിത്.

പാലരുവി

കൊല്ലം ജില്ലയുടെ കിഴക്കു ഭാഗത്ത് ഇടനാടന്‍ കുന്നുകളിലെ ഒരു വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം. പാറകള്‍ക്കിടയിലൂടെ 300 അടിയോളം ഉയരത്തില്‍ നിന്നാണ് പുഴ താഴേക്കു വരുന്നത്. വെള്ളച്ചാട്ടത്തിന്‍റെ ചുവട്ടിലേക്കു പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര ക്ലേശകരമാണ്. പക്ഷെ, എല്ലാ ക്ഷീണവും അകറ്റും ഈ വെള്ളച്ചാട്ടത്തിന്‍റെ ദൃശ്യം.

ഏറെ ആളുകളെ ആകര്‍ഷിക്കുന്ന ഈ അരുവിയുടെ തണുപ്പില്‍ ഒരു മുങ്ങിക്കുളിയും മറക്കാനാകാത്തതാകും. കുത്തിയൊഴുകുന്ന പുഴയും പാറക്കെട്ടുകളുമായതിനാല്‍ സന്ദര്‍ശകര്‍ ഏറെ ശ്രദ്ധിക്കണം. മഴക്കാലത്ത്, പെട്ടെന്നുള്ള മഴ പുഴയില്‍ നീരൊഴുക്കും അപകടവും വധിപ്പിക്കുന്ന സ്ഥലമാണ്.

ഇവയെല്ലാം ഉൾപ്പെടുന്ന യാത്ര വെറും 750 രൂപക്കാണ് (പ്രവേശന ഫീസ് ഉൾപ്പെടെ)​ കെ.എസ്​.ആർ.ടി.സി ഒരുക്കുന്നത്​. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

കെ.എസ്.ആർ.ടി.സി കൊല്ലം: 0474-2752008, മൊബൈൽ: 7907273399, 9074780146.

Tags:    
News Summary - Thenmala-Rosmala-Palaruvi; KSRTC launches new journey from Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.