മൂന്നാർ: ആനയിറങ്കൽ ജലാശയത്തിൽ ബോട്ടിങ് നിർത്തിവെച്ച ഹൈകോടതി ഉത്തരവിന്റെ ചുവടുപിടിച്ച് കൊളുക്കുമലയിലേക്കുള്ള വിനോദസഞ്ചാരം തടയുമെന്ന് അഭ്യൂഹം ഉയർന്നതോടെ സൂര്യനെല്ലി, ചിന്നക്കനാൽ മേഖലയിൽ ജനങ്ങൾ ആശങ്കയിൽ. തോട്ടംമേഖല കഴിഞ്ഞാൽ ഈ പ്രദേശത്തെ ഭൂരിപക്ഷം കുടുംബങ്ങളുടെയും ഉപജീവനം ടൂറിസത്തിലൂടെയാണ്. കൊളുക്കുമലയിലേക്കുള്ള സന്ദർശക നിരോധനത്തിൽ പ്രതിഷേധിക്കാൻ സൂര്യനെല്ലിയിൽ നാട്ടുകാർ സമരസമിതിക്ക് രൂപംനൽകി. തിങ്കളാഴ്ച കൊളുക്കുമലയിലേക്കുള്ള ട്രിപ്പുകൾ നിർത്തിവെച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനാണ് തീരുമാനം.
സൂര്യനെല്ലി പട്ടണത്തിൽനിന്ന് ഏഴ് കിലോമീറ്റർ ദൂരെയാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടം സ്ഥിതിചെയ്യുന്ന കൊളുക്കുമല. തമിഴ്നാടിന്റെ ഭാഗമാണിവിടം. കൊളുക്കുമലയിൽനിന്നുള്ള സൂര്യോദയം കാണാനും ട്രക്കിങ്ങിനുമായി ഒട്ടേറെ സഞ്ചാരികളാണ് ദിവസേന എത്തുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേകം സ്റ്റിക്കർ പതിച്ച 180 ജീപ്പാണ് കൊളുക്കുമല ഓട്ടത്തിന് സൂര്യനെല്ലിയിൽ ഉള്ളത്. ഹാരിസൺ മലയാളം തേയിലത്തോട്ടം വഴിയാണ് കൊളുക്കുമലയിൽ എത്തുന്നത്.
അരിക്കൊമ്പൻ ഓപറേഷനെ തുടർന്ന് വന്യമൃഗങ്ങൾക്ക് ഭീഷിണിയാവുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നിയോഗിച്ച, ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ കൂടിയുൾപ്പെട്ട വിദഗ്ധ സമിതി ആനയിറങ്കലിലെ ബോട്ടിങ് നിർത്താൻ ശിപാർശ ചെയ്തതും ഹൈകോടതി ഉത്തരവിട്ടതും. ഈ ഉത്തരവിന്റെ മറവിൽ കൊളുക്കുമലയിലേക്കുള്ള സന്ദർശക പ്രവേശനവും തടയാനാണ് നീക്കമെന്നാണ് പരാതി. വന്യമൃഗങ്ങൾ ഏറെയില്ലാത്ത പ്രദേശമാണ് കൊളുക്കുമല. കാട്ടുപോത്തുകളെ മാത്രമാണ് ഇവിടെ അപൂർവമായെങ്കിലും കാണുന്നത്. തന്നെയുമല്ല സൂര്യനെല്ലി മുതൽ കൊളുക്കുമല വരെ തേയിലത്തോട്ടത്തിലൂടെയാണ് ജീപ്പുകൾ പോകുന്നത്.
മനുഷ്യ-വന്യമൃഗ സംഘർഷം കുറക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിൽ 1252 ഹെക്ടറിൽ പുതിയ ദേശീയോദ്യാനം സ്ഥാപിക്കാനുള്ള നിർദേശം 2019ൽ വനംവകുപ്പ് സർക്കാറിന് സമർപ്പിച്ചിരുന്നു. ഇത് നടപ്പാക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. അങ്ങനെ വന്നാൽ ടൂറിസംകൊണ്ട് ഉപജീവനം കഴിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ പട്ടിണിയിലാകും. തന്നെയുമല്ല, പ്രഖ്യാപിച്ച് 17 വർഷം കഴിഞ്ഞിട്ടും യാഥാർഥ്യമാക്കാൻ കഴിയാത്ത വട്ടവടയിലെ നീലക്കുറിഞ്ഞി ഉദ്യാനം ഈ പ്രദേശത്തുണ്ടാക്കിയ അരക്ഷിതാവസ്ഥയും സംഘർഷങ്ങളും ചിന്നക്കനാലിലും ആവർത്തിക്കുമെന്നും ജനങ്ങൾ ആശങ്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.