കൊൽക്കത്ത: പശ്ചിമബംഗാൾ കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സീറോ ഫൗണ്ടേഷന്റെ ആറാമത് ബംഗാൾ യാത്ര 2022 ഡിസംബർ 20 മുതൽ 30 വരെ നടക്കും. ബംഗാളീ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ഗ്രാമീണ ജീവിതങ്ങൾ നേരിട്ട് അറിയാനുള്ള ഈ യാത്രയിൽ, തെരഞ്ഞെടുക്കപ്പെടുന്ന 18നും 50നും ഇടയിൽ പ്രായമുള്ള 25 പേർക്ക് പങ്കെടുക്കാം.
കലയിലൂടെയും സാഹിത്യത്തിലൂടെയും മറ്റും നമ്മളറിഞ്ഞ ബംഗാളിനെ നേരിട്ടറിയാനുള്ള ഒരു ശ്രമമാണ് ബംഗാൾ യാത്രയെന്ന് സംഘാടകനായ സീറോ ഫൗണ്ടേഷൻ സ്ഥാപകൻ നാസർ ബന്ധു പറഞ്ഞു. ബംഗാളിലെ ഗ്രാമീണ ജീവിതം നേരിട്ട് മനസ്സിലാക്കുകയും അതിലൂടെ ഇന്ത്യൻ ഗ്രാമങ്ങളെ അറിയാനുമുള്ള ചെറിയ അവസരമൊരുക്കുകയാണ് സീറോ ഫൗണ്ടേഷൻ ഉദ്ദേശിക്കുന്നത്.
കൊൽക്കത്തയിൽ നിന്ന് 50 കി മീ അകലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചക്ള എന്ന ഗ്രാമത്തിൽ ആരംഭിച്ച് അവിടെത്തന്നെ അവസാനിക്കുന്നതാണ് യാത്ര. കൊൽക്കത്ത, സുന്ദർബൻസ്, ശാന്തിനികേതൻ, ബംഗ്ലാദേശ് അതിർത്തി, മുർഷീദാബാദ്, നോർത്ത് 24 പർഗാനാസ് എന്നിവിടങ്ങൾ സന്ദർശിക്കും. താമസം, ഭക്ഷണം, യാത്ര എന്നിവയുൾപ്പെടെ 18000 രൂപയാണ് യാത്രാഫീസ്.
ഇത് ഒരു ടൂർ പ്രോഗ്രാം അല്ലെന്നും അപേക്ഷകരിൽ നിന്നും അവരുടെ പശ്ചാത്തലം, ഫോൺ ഇന്റർവ്യു എന്നിവ വഴിയാണ് തിരഞ്ഞെടുക്കുകയെന്നും ഫൗണ്ടേഷൻ അറിയിച്ചു. ബസ്, ഓട്ടോ, മറ്റ് ഗ്രാമീണ ഗതാഗത മാർഗ്ഗങ്ങൾ, ലോക്കൽ ട്രെയിൻ എന്നിവയിലായിരിക്കും യാത്ര. ലളിതമായ ബംഗാളി ഭക്ഷണം, സാധാരണ താമസസൗകര്യങ്ങൾ എന്നിവയാണുണ്ടാവുക.
യാത്രികർക്ക് ആവശ്യമായ സ്ലീപിങ് ബാഗുകൾ, വെൽക്കം കിറ്റ് എന്നിവ ഫൗണ്ടേഷൻ നൽകും.
യാത്രയിൽ പുകവലി, മദ്യപാനം, മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവക്ക് കർശന നിരോധനമുണ്ട്. യാത്രികർ അവരുടെ സ്വദേശത്തു നിന്ന് ബംഗാൾ യാത്ര തുടങ്ങുന്ന സ്ഥലം വരേയും തിരിച്ചുമുള്ള യാത്ര സ്വന്തം ചിലവിൽ നടത്തേണ്ടതാണ്. ഔപചാരികതകളില്ലാതെ ബംഗാളിനെ കുറിച്ചുള്ള ചർച്ചകളും വിവരണങ്ങളും പങ്കെടുക്കുന്നവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കലും, യാത്രാവലോകനവും ഉണ്ടാവും. ബംഗാളുമായി ബന്ധപ്പെട്ട എഴുത്ത്, ഫോട്ടോഗ്രഫി, അക്കാദമികപഠനങ്ങൾ മുതലായവ ഫൗണ്ടേഷൻ പ്രോത്സാഹിപ്പിക്കുമെന്നും ഈ യാത്രയിലോ തുടർന്നോ ഇത്തരം കാര്യങ്ങളിൽ ഫൗണ്ടേഷൻറെ സഹായം തേടാവുന്നതാണെന്നും വാർത്താകുറിപ്പിൽ അറിയിച്ചു.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2022 നവംബർ 20. കൂടുതൽ വിവരങ്ങൾക്ക്: +91 8001940506, +91 8089110924 , bengalyatra@gmail.com , www.zerofoundation.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.