ചിത്രങ്ങൾ: Walker, Abheeshta K.S
കർണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മുള്ളയനഗരി. സമുദ്രനിരപ്പിൽനിന്ന് 6300 അടി ഉയരം. നല്ലൊരു ട്രെക്കിങ് സ്പോട്ടാണിത്
പെട്ടെന്നൊരു യാത്ര പോകണം. റെഡി. പക്ഷേ എങ്ങോട്ടേക്ക്? ഇപ്പോൾ നീലക്കുറിഞ്ഞിയാണല്ലോ ട്രെൻഡ്, എന്നാപ്പിന്നെ അങ്ങോട്ടേക്ക്. ഇടുക്കി? അല്ല, മുള്ളയനഗരി. കർണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. സംഭാഷണം അവസാനിക്കുന്നിടത്ത് യാത്ര തുടങ്ങി. കോഴിക്കോട്ടുനിന്ന് മംഗളൂരുവിലേക്ക്. കാണാൻ പോകുന്ന കാഴ്ചകളോർത്ത് രാത്രിയാത്രയിൽ ഉറക്കമുണ്ടായില്ല. പുലർെച്ച മംഗളൂരുവിലെത്തി. സ്വാഗതം ചെയ്തത് കോടമഞ്ഞ് പെയ്തിറങ്ങിയ നഗരവീഥികൾ. അടുത്ത ബസിൽ കയറി. ഇനി പോകേണ്ടത് ചിക്മംഗളൂരുവിലേക്ക്. കാഴ്ചകൾ മനോഹരമായിരിക്കുമെന്ന് കേട്ടറിഞ്ഞതുകൊണ്ട് ആദ്യമേ സൈഡ് സീറ്റ് പിടിച്ചു. നാലു മണിക്കൂറിലധികം യാത്രയുണ്ട്. പരിചിതമല്ലാത്ത കാഴ്ചകളായിരുന്നു വഴിയിലെങ്ങും. ബസ് ഓരോയിടത്ത് നിർത്തുമ്പോഴും പൂക്കളുടെ മണം മൂക്കിലേക്കിരച്ചുകയറും. വഴിയരികിലൊക്കെ പൂക്കച്ചവടക്കാരാണ്, നിരനിരയായി.
ചെറുതായൊന്ന് ഉറങ്ങിപ്പോയി. കണ്ണു തുറന്നപ്പോൾ കാണുന്നത് കാടും മലയും. പച്ചക്കാഴ്ചകൾക്ക് അതിർവരമ്പെന്നോണം ഇടക്കിെട പൊട്ടിയൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ. ഹെഡ്സെറ്റിലൂടെ കേൾക്കുന്ന പാട്ടിന് ബസ് നന്നായി ചുവടുവെക്കുന്നുണ്ട്, അത്രക്കുണ്ട് കുലുക്കം. സിനിമയിലെ ഡയലോഗ് പോലെ, പെരിയ പെരിയ കാടെല്ലാം താണ്ടി മലയെല്ലാം താണ്ടി രാവിലെ 10ഓടെ ചിക്മംഗളൂരുവിലെത്തി. വാട്ട് നെക്സ്റ്റ്? ഇവിടെ നിന്ന് 20 കിലോമീറ്ററുണ്ട് മുള്ളയനഗരിയിലേക്ക്. അവിടേക്ക് ബസില്ല. ഒരു ഓട്ടോ പിടിക്കണം. 1000 രൂപയാണ് ചാർജ്. കുറച്ച് തരുമോയെന്ന് അറിയാവുന്ന ഭാഷയിലൊക്കെ ചോദിച്ചുനോക്കി. അടുക്കുന്ന ലക്ഷണമില്ല. ഒടുവിൽ കയറി. കുമാർ, അതാണ് ഡ്രൈവറുടെ പേര്. വീട് അടുത്തുതന്നെ. ഭാര്യയും മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം. മൂപ്പര് പൊളിയാണ്. ആള് നന്നായി സംസാരിക്കുന്നുണ്ടായിരുന്നു. അധികമൊന്നും മനസ്സിലാകാത്തതുകൊണ്ട് എല്ലാം കേട്ടിരുന്നു. മനസ്സുനിറയെ 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂവിടുന്ന ആ സുന്ദരിയായിരുന്നു.
കോടമഞ്ഞ് ഉമ്മവെക്കുന്ന നീലക്കുറിഞ്ഞികൾ
വളവുകൾ കയറും തോറും കാഴ്ചകളുടെ ഭംഗിയും ഏറി വന്നു. ഉച്ചസമയമാണെങ്കിലും കോടയുണ്ട്. നേരിയ തണുപ്പും. പോകുന്ന വഴിയിൽ നല്ല തിരക്ക്. സ്ഥലം സന്ദർശിക്കാനെത്തിയവരുടെ തിരക്കാണ്. മുകളിലെത്തി. പാർക്കിങ് ഏരിയയിൽനിന്ന് പിന്നീട് പീക്ക് പോയന്റിലേക്ക് നടന്നുകയറണം. ഏകദേശം 450 കയറ്റുപടിയുണ്ട്. കരിങ്കൽ നിർമിതിയാണ്. മുകളിൽ ചെറിയൊരു ക്ഷേത്രമുണ്ട്. 100 മീറ്ററോളം വീതിവരുന്ന ഒരു ഗുഹയും. മുകളിലെത്തിയപ്പോഴേക്കും നന്നായി ക്ഷീണിച്ചു. വിയർപ്പുതുള്ളികളെ ആട്ടിപ്പായിക്കുംവിധം കാറ്റുണ്ട് മുകളിൽ. ക്ഷീണിച്ചുള്ള നടത്തം മുകളിലെ കാഴ്ചകൾക്ക് മുന്നിൽ ഒന്നുമല്ലാതായിത്തീരും. അത്രക്കും മനോഹരം. ചിക്മംഗളൂരു നഗരം ഒന്നാകെ കൺമുന്നിൽ. കുന്നുകൾക്കു മീതെ നീലപ്പരവതാനി വിരിച്ചപോലുള്ള നീലക്കുറിഞ്ഞിപ്പൂക്കളെ ചുംബിക്കാനെന്നവണ്ണം പെയ്തിറങ്ങിയ കോടമഞ്ഞ്. ആ ഭംഗിയിൽ ആരും മതിമറന്നുപോകും.
നേരം സന്ധ്യയോടടുക്കുന്നു. തണുപ്പിന് കാഠിന്യം കൂടിയിരിക്കുന്നു. ഇനി തിരിച്ചുപോകണം. പാർക്കിങ്ങിൽ ഞങ്ങളെയും കാത്ത് ഓട്ടോയുണ്ടായിരുന്നു. വൈകീട്ട് അഞ്ചിനാണ് ചിക്മംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് അവസാന ബസ്. തീരുമാനം മാറ്റിയാലോ? തിരികെ കോഴിക്കോട്ടേക്ക് മൈസൂരു വഴി പോകാം. അവിടേക്ക് എപ്പോഴും ബസുണ്ട്. കൂട്ടുകാർ അതു പറഞ്ഞപ്പോൾ മനസ്സിന് താൽക്കാലിക ആശ്വാസം. കുറച്ചുനേരംകൂടി ഇവിടെ ചെലവഴിക്കാമല്ലോ. കുറിഞ്ഞിയുടെ സൗന്ദര്യം ഇരുട്ടിന് വഴിമാറിയിരിക്കുന്നു. തണുപ്പ് കൂടുന്നുണ്ട്. സ്വെറ്റർ പോലും കരുതിയിട്ടില്ല. പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ട്. താഴെ ചിക്മംഗളൂരുവിന്റെ രാത്രിദൃശ്യം. വീടുകളൊക്കെ ഒരു പൊട്ടുപോലെ. അധികനേരം അവിടെ നിൽക്കാൻ തണുപ്പ് സമ്മതിച്ചില്ല. കുറിഞ്ഞി വസന്തത്തിനും മുള്ളയനഗരിക്കും വിടനൽകി ഞങ്ങൾ യാത്ര തിരിച്ചു. രാത്രി ഒമ്പതോടെ ബസ് സ്റ്റാൻഡിലെത്തി. വയറ്റിൽ ഒരു കൂട്ടർ മുറവിളി കൂട്ടുന്നുണ്ട്. ഇതുവരെയും നേരെ ഭക്ഷണം കഴിക്കാൻ സാധിച്ചിട്ടില്ല. സ്റ്റാൻഡിനടുത്തുള്ള ഹോട്ടലിൽനിന്ന് ആഹാരം കഴിച്ചു. പുലർെച്ചയാണ് ബസ്. നല്ല ക്ഷീണവുമുണ്ട്. സ്റ്റാൻഡിൽ കുറച്ചുനേരം ഇരുന്നു. ആ പരിസരത്തുതന്നെ കുറച്ചുപേർ റോഡരികിൽ കൂട്ടിയിട്ടിരുന്ന വേസ്‌റ്റൊക്കെ കത്തിച്ച് തീ കായുന്നുണ്ട്. ഞങ്ങളും ഇരുന്നു. തണുപ്പിൽനിന്ന് താൽക്കാലിക ശമനം. വർത്തമാനം പറഞ്ഞും ചിരിച്ചും സമയം പെട്ടെന്നു പോയി. ബസ് വന്നു. മൈസൂരുവിലേക്ക് ടിക്കറ്റെടുത്തു. ചിക്മംഗളൂരുവിന് ബൈ പറഞ്ഞു. തിരികെ യാത്രയിലും അടിപൊളി കാഴ്ചകൾതന്നെ. പുഴകൾ, നീണ്ടുകിടക്കുന്ന പാടങ്ങൾ അങ്ങനെയങ്ങനെ... മൈസൂരുവിൽനിന്ന് പിന്നീട് കോഴിക്കോട്ടേക്ക്. മനസ്സിൽ ആ നഗരത്തിന് നന്ദി പറഞ്ഞുകൊണ്ടേയിരുന്നു; വിരസതയില്ലാത്ത കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ചതിന്...
മുള്ളയനഗരി
കർണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മുള്ളയനഗരി. സമുദ്രനിരപ്പിൽനിന്ന് 6300 അടി ഉയരെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. നല്ലൊരു ട്രെക്കിങ് സ്പോട്ട് കൂടിയാണ്.
ബാബ ബുദൻഗിരി
പശ്ചിമഘട്ട മലനിരകളിലെ ചന്ദ്രദ്രോണ പർവതമാണ് ബാബ ബുദൻ ഗിരി. ഇത് ദത്താത്രെയ് പീത എന്നും അറിയപ്പെടുന്നു. മുള്ളയനഗരി സന്ദർശിക്കാൻ എത്തുന്നവർക്ക് ഇവിടെയും പോകാം. താഴ്‌വാരവും തടാകങ്ങളുമാണ് പ്രധാന ആകർഷണം.
How to reach
ചിക്മംഗളൂരു, ഒറ്റ ദിവസംകൊണ്ട് പോയി വരാം. അതും പബ്ലിക് ട്രാൻസ്‌പോർട്ട് വഴി. മംഗളൂരുവിൽ വെളുപ്പിന് എത്തുന്ന രീതിയിൽ ട്രെയിൻ/ബസ് പിടിക്കണം. പുലർച്ച 5.30 മുതൽ കെ.എസ്.ആർ.ടി.സി ബസുകൾ ചിക്മംഗളൂരുവിലേക്ക് കിട്ടും. ചിക്മംഗളൂരു ബസ് സ്റ്റാൻഡിനു പുറത്തുനിന്നുതന്നെ മുള്ളയനഗരിക്ക് ഓട്ടോ കിട്ടും. 800 മുതൽ 1000 രൂപ വരെ ചാർജ്. ഏറ്റവും മുകളിൽ വരെ ഓട്ടോയിൽ എത്തിക്കും. തിരിച്ച് ആ ഓട്ടോയിൽതന്നെ എത്താം. വൈകീട്ട് അഞ്ചിനാണ് മംഗളൂരുവിലേക്ക് അവസാന ബസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.