ചെറിയ പെരുന്നാൾ അവധി ദിനങ്ങളിലാണ് സുഹൃത്ത് ഷിയാസിനൊപ്പം സൗദി തലസ്ഥാനമായ റിയാദിലേക്കു യാത്രക്കൊരുങ്ങിയത്. റിയാദിൽ എന്താണ് കാണാനുള്ളതെന്ന് സുഹൃത്തുക്കൾ പലരും ചോദിച്ചു. പ്രത്യേകമായി ഒന്നും തീരുമാനിച്ചില്ലെങ്കിലും, ദുബൈ എക്സ്പോയിലെ സൗദി പവലിയൻ സന്ദർശിച്ചപ്പോൾ ടൂറിസത്തിനായി ആ രാജ്യം വാതിൽ തുറന്നിടുന്നതായി മനസ്സിലാക്കിയ ഓർമകളുണ്ട്. വിശാലമായ രാജ്യത്തിന്റെ പ്രകൃതിയെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതളുമാണ് ലോകത്തിനു മുന്നിൽ അവർ അവതരിപ്പിച്ചത്. ആ നാടും പ്രകൃതിയും കണ്ടറിയുക എന്നതായിരുന്നു യാത്രയുടെ ഉദ്ദേശം, ഒപ്പം നാട്ടുകാരെയും കൂട്ടുകാരെയും നേരിൽ കാണുക എന്നതും. അത്ഭുതപ്പെടുത്തുന്ന രൂപത്തിൽ വിസ നടപടിക്രമങ്ങൾ എളുപ്പമാക്കിയിട്ടുണ്ട് സൗദി. ഒരു വർഷത്തേക്കുള്ള മൾട്ടിപ്പ്ൾ എൻട്രി വിസ ലഭിക്കാൻ മിനിറ്റുകൾ മാത്രം മതിയാകും. സൗദിയുടെ തന്നെ ബജറ്റ് ഫ്ലൈറ്റുകൾ കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ അവസരമൊരുക്കുന്നുമുണ്ട്. റിയാദ് എയർപോർട്ടിൽ നിന്ന് തന്നെ വാടകക്ക് കാറെടുത്തത് യാത്രകൾ എളുപ്പമാക്കി.
റിയാദിൽ എത്തിയാൽ നിർബന്ധമായും കണ്ടിരിക്കേണ്ട പ്രകൃതി പ്രതിഭാസം ‘ദുനിയാവിന്റെ അറ്റം’(Edge of the World) ആണെന്ന് കേട്ടറിഞ്ഞിരുന്നു. ഗൂഗിളിൽ തിരഞ്ഞപ്പോൾ കണ്ട ചിത്രങ്ങൾ വിസ്മയം ജനിപ്പിക്കുന്നതും നേരിയ ആശങ്ക ഉണ്ടാക്കുന്നതുമായിരുന്നു. യാത്രയും എത്തിപ്പെടുന്ന സ്ഥലവും ഒരുപോലെ ഭയം ജനിപ്പിക്കും. മിസ്സാക്കരുത് എന്ന കൂട്ടുകാരുടെ ഉപദേശത്തിൽ പോകാൻ തന്നെ തീരുമാനമെടുത്തു. ഓഫ് റോഡ് യാത്ര ആയതിനാൽ റെന്റിന് എടുത്ത ചെറിയ വണ്ടി മാറ്റി ഫോർ വീലർ വണ്ടി തരപ്പെടുത്തി. ചൂട് കനക്കുന്നതിനു മുമ്പേ സ്പോട്ടിൽ എത്തണമെന്ന തീരുമാനത്തിൽ രാവിലെ പുറപ്പെട്ടു.
നീണ്ടു പരന്നു കിടക്കുന്ന റിയാദ് സിറ്റിയിലൂടെ സഞ്ചാരത്തിനിടെ, പൂർത്തീകരിച്ചതും നടക്കുന്നതുമായ നിർമ്മാണ വിസ്മയങ്ങളുടെ കാഴ്ചകൾ കാണാം. വലുതും അമ്പരപ്പിക്കുന്നതുമായ നിരവധി പ്രോജക്ടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. സൗദിയുടെ മുഖച്ഛായ തന്നെ മാറ്റിപ്പണിയുന്ന ത്വായിഫിൽ നിർമ്മാണം നടക്കുന്ന നിയോം പ്രൊജക്റ്റിലാണിപ്പോൾ ലോക ശ്രദ്ധ. പോകുന്ന വഴിയിൽ ഒരു വലിയ നിർമ്മാണ പ്രവർത്തി നടക്കുന്നതായി കണ്ടു. ഏക്കർ കണക്കിന് ഭൂമി അതിനായി കണ്ടെത്തി തിരിച്ചുകഴിഞ്ഞു. നൂറു കണക്കിന് ജെ.സി.ബികളും ടിപ്പറുകളും മറ്റു മെഷിനറികളും നിറഞ്ഞു കിടന്ന നിർമ്മാണ ഭൂമി, പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കാനുള്ള രാജ്യത്തിന്റെ തീരുമാനത്തിന്റെ അടയാളമായി തോന്നി.
പോകുന്ന വഴിയിൽ ചരിത്രപ്രസിദ്ധമായ യമാമ യുദ്ധത്തിൽ രക്തസാക്ഷികളായവരെ മറമാടിയ പ്രദേശം കാണാനായി. നിലവിൽ ഈ പ്രദേശം ഉയൈന മുനിസിപ്പാലിറ്റിയുടെ ഭാഗമാണ്. വഴിയിൽ കണ്ട കഫ്തീരിയയിൽ നിന്നും പ്രാതൽ കഴിച്ചു. റൊട്ടിയും കൂട്ടുകറിയുമുള്ള ഒരു യമനി ഭക്ഷണം. യമനി പയ്യന്മാരും പ്രായം ചെന്നവരുമൊക്കെ രാവിലെ തന്നെ ഭക്ഷണത്തിനായി എത്തിക്കൊണ്ടിരുന്നു. റിയാദ് സിറ്റിയിൽ നിന്നും 100കി.മീറ്റർ അകലെയുള്ള എഡ്ജ് ഓഫ് ദ വേൾഡിലേക്കുള്ള യാത്ര ഗൂഗിൾ എത്തിച്ചത് മനോഹരമായ സദൂസ് ഡാമിന്റെ ഭാഗത്താണ്. വഴി അവിടെ അവസാനിച്ചിരുന്നു. 520 മീറ്റർ നീളവും 7 മീറ്റർ ഉയരവുമുള്ള ഈ ഡാം നിർമ്മിക്കപ്പെട്ടത് 1980ലാണ്. മറ്റൊരു ഫാമിലി കൂടി വഴി തെറ്റി അവിടെയെത്തി. വഴിയടഞ്ഞു പോയെന്നു കരുതിയിടത്തു നിന്നും റോഡിന്റെ മറുതലയിലൂടെ വീണ്ടും യാത്ര തുടർന്നു. കൂട്ടുകാരൻ പറഞ്ഞു തന്ന അടയാളം അനുസരിച്ചു എത്തിച്ചേർന്നത് സൗദി ഗ്രീൻ ഇനീഷ്യേറ്റീവിനു കീഴിലെ ഹുറൈമില നാഷണൽ പാർക്കിന്റെ ഗേറ്റിലാണ്. 2016ൽ സൽമാൻ രാജാവിന്റെ കാലത്ത് റിയാദിലെ ഗവർണറായിരുന്ന അമീർ ഫൈസൽ ആയിരുന്നു ഹുറൈമില പാർക്കിന്റെ കവാടം ഉദ്ഘാടനം ചെയ്തത്. ഈ പാർക്കിന്റെ ഉള്ളിലൂടെ യാത്ര ചെയ്തു വേണം ‘ദുനിയാവിന്റെ അറ്റ’ത്തേക്ക് എത്തിച്ചേരാൻ. അല്ലെങ്കിൽ വഴിയറിയാതെ ഉഴറി നടക്കേണ്ടി വരും, ഞങ്ങൾ കറങ്ങിയ പോലെ. അവിടം മുതൽ ഓഫ് റോഡ് ഡ്രൈവിങ് ചെയ്താണ് മുന്നോട്ട് പോകേണ്ടത്. ഉറച്ച മണ്ണാണെങ്കിലും, മഴ പെയ്യുമ്പോൾ തോടുകൾ രൂപപ്പെടുന്ന താഴ്വാര പ്രദേശമാണത്. ചിലപ്പോൾ, വെള്ളം കുത്തിയൊലിച്ചതിനാൽ ചരൽ നിറഞ്ഞ ഭാഗത്തുകൂടി യാത്ര ചെയ്യണം. വെള്ളം കുത്തിയൊലിച്ചതിനനുസരിച്ച് റോഡ് തന്നെ മാറിപ്പോയ ഭാഗത്ത് യാത്രക്കാർ പുതിയ റോഡ് ഉണ്ടാക്കിയെടുത്തതിന്റെ അടയാളങ്ങൾ കാണാം. ഇടിഞ്ഞു താറുമാറായ വഴിയിലൂടെയുള്ള ഡ്രൈവിങ് ത്രില്ലിങ് തന്നെയായിരുന്നു. ലക്ഷ്യത്തിലേക്ക് അടുക്കുമ്പോൾ കുന്നിൻ മുകളിൽ ആളുകൾ നിൽക്കുന്നത് കണ്ടു. മുന്നിൽ കണ്ട വഴിയിലൂടെ നീങ്ങി അവരുടെ ഭാഗം ലക്ഷ്യം വെച്ചായിരുന്നു യാത്ര. വലിയൊരു കുന്നിൻ ഭാഗത്തിന്റെ കീഴെ എത്തിയപ്പോൾ പൊലീസ് വണ്ടി കണ്ടു. തുടർന്നും വണ്ടിയിൽ തന്നെ മുന്നോട്ട് പോകാൻ തുടങ്ങിയ ഞങ്ങളെ പൊലീസുകാർ തടഞ്ഞു.
ദുനിയാവിന്റെ അറ്റത്തെ വിസ്മയം
കാർ താഴെ പാർക്ക് ചെയ്തു മുകളിലേക്ക് നടന്നു പോകാൻ നിർദേശിച്ചു. പാർക്ക് ചെയ്ത് അൽപം നടന്നപ്പോഴേക്കും മുന്നിൽ കണ്ണുകളെ വിസ്മയിപ്പിക്കുന്ന കാഴ്ച തെളിഞ്ഞു വന്നു. വണ്ടിയിലിരുന്നു നോക്കുമ്പോൾ മുന്നോട്ട് പോകാൻ തോന്നുമെങ്കിലും, വലിയ മലയുടെ എഡ്ജിലാണ് നമ്മളുള്ളതെന്ന് അപ്പോഴാണ് തിരിച്ചറിയുക. എന്തുകൊണ്ടാണ് പൊലീസ് അവിടെ കാവൽ നിൽക്കുന്നതെന്ന് ബോധ്യപ്പെട്ടു. വണ്ടിയുമായി മുന്നോട്ടു പോയിരുന്നെങ്കിൽ നേരെ ചെന്ന് വീഴുക ആഴമുള്ള മലഞ്ചെരുവിലേക്കായിരിക്കും. താഴെ നിന്ന് മുകളിലേക്ക് വെച്ച് പിടിച്ചു. നല്ല കാറ്റുണ്ടായിരുന്നു. വലിയ കുന്നിന്റെ മുകളിൽ എത്തുമ്പോൾ, ഭൂമിയുടെ അറ്റത്തെത്തിയ പ്രതീതി. അതുവരെ സഞ്ചരിച്ചിരുന്ന ഭൂമി അവിടെ അവസാനിക്കുകയാണ്. കനത്ത മണ്ണിന്റെ മലഞ്ചെരുവാണ് മുന്നിൽ തെളിയുക. കിലോമീറ്ററുകൾ പരന്നു കിടക്കുന്ന ആ ഭൂപ്രദേശത്തിന്റെ താഴേക്കു മണ്ണ് ഇടിഞ്ഞു വീണീട്ടുണ്ട്. ഒരു ഭാഗത്ത് താഴേക്ക് നീണ്ടു പരക്കുന്ന താഴ്വാരം, മറുവശത്തു മുന്നോട്ടുള്ള വഴി അവസാനിച്ചു നീണ്ടു പരന്ന് ആകാശവുമായി മുട്ടിയുരുമ്മി കിടക്കുന്ന മരുഭൂമിയുടെ അമ്പരപ്പിക്കുന്ന കാഴ്ച. ഭൂമിയെ ഒരറ്റത്ത് വന്നു നിന്ന് വഴിമുട്ടി നിൽക്കുന്ന അവസ്ഥ. ഇളം തണുപ്പുള്ള ശക്തമായ കാറ്റ് അടിച്ചു വീശുന്നുണ്ടായിരുന്നു. കാറ്റിൽ ബാലൻസ് നഷ്ടപ്പെട്ടാൽ അപ്പുറത്തെ കുഴിയിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. ആ വലിയ മലയുടെ തുഞ്ചത്തിരുന്നു ചുറ്റിലും കണ്ണോടിക്കുമ്പോൾ പ്രപഞ്ചമെന്ന മഹാത്ഭുത വിസ്മയം നമ്മെ അമ്പരപ്പിക്കും. ഓരോ കുന്നുകൾ ഇറങ്ങി കൂടുതൽ ഉയരമുള്ള കുന്നിന്റെ മുകളിലെക്കുള്ള നടത്തം ഹരം പിടിപ്പിക്കും. മനോഹരമായ പ്രകൃതി വിസ്മയത്തിന്റെ മുന്നിൽ നിന്ന് ഫോട്ടോ എടുക്കാനുള്ള തിരക്കിലായിരുന്നു സന്ദർശകരെല്ലാം. മണിക്കൂറുകൾ ചിലവഴിച്ച ശേഷമാണ് അവിടെ നിന്നും തിരിച്ചത്. മലയും കുന്നും താഴ്വാരങ്ങളും മലകയറ്റവുമൊക്കെ ഇഷ്ടപ്പെടുന്നവർക്ക് നന്നേ ബോധിക്കും ഈ ഭൂപ്രദേശം, ദുനിയാവിന്റെ അറ്റത്തേക്ക് നമ്മെ കൊണ്ടുപോകുന്നൊരു യാത്ര, കണ്ട കാഴ്ചകൾ മായാത്ത വിധം മനസ്സിൽ കൊത്തിവെക്കുന്ന മനോഹര യാത്ര!!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.