ഗൂഡല്ലൂർ: കോവിഡ് കാരണം പത്ത് മാസമായി അടച്ചിട്ട തമിഴ്നാട്ടിലെ മുതുമല കടുവ സങ്കേതം ശനിയാഴ്ച സഞ്ചാരികൾക്കായി വീണ്ടും തുറന്നു. രാവിലെ മുതൽ ടൂറിസ്റ്റുകളുമായി വാഹന സഫാരി ആരംഭിച്ചു.
തെപ്പക്കാട് സ്വീകരണ കേന്ദ്രവും പരിസരവും ബസും അണുവിമുക്തമാക്കിയ ശേഷമാണ് പ്രവേശനം തുടങ്ങിയത്. സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം സാമൂഹിക അകലം പാലിച്ചാണ് സഫാരിക്കായി കൊണ്ടുപോവുന്നത്. സങ്കേതതത്തിലെ വളർത്താനകളെ കാണൽ, വൈകുന്നേരം നൽകുന്ന ആനയൂട്ട്, വാഹനത്തിലെയും ആനപ്പുറത്തെയും സഫാരി എന്നിവയാണ് ഇവിടത്തെ പ്രധാന വിനോദങ്ങൾ.
തമിഴ്നാടിെൻറ മറ്റു ഭാഗങ്ങളിൽനിന്ന് പുറമെ കേരളം, കർണാടക എന്നിവിടങ്ങളിൽനിന്നെല്ലാം ധാരാളം ടൂറിസ്റ്റുകളാണ് ഇവിടേക്ക് വരാറ്. ഉൗട്ടിയുടെ അടുത്തുള്ള പ്രദേശം എന്ന നിലക്കും മുതുമലക്ക് ഏറെ പ്രാധാന്യമുണ്ട്.
തമിഴ്നാട്ടിൽ ജനുവരി 14ന് പൊങ്കൽ ആഘോഷമാണ്. തൈ പൊങ്കൽ, മാട്ടുപൊങ്കൽ, കാണും പൊങ്കൽ എന്നീ ആഘോഷ ദിനങ്ങളാണ് കടന്നുവരുന്നത്. ഇതിെൻറ ഭാഗമായി നാല് ദിവസത്തോളം അവധി ലഭിക്കുന്നതിനാൽ ചെന്നൈ, മധുര, തിരുനെൽവേലി, കോയമ്പത്തൂർ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽനിന്ന് സ്പെഷൽ ബസുകൾ ഉൗട്ടിയിലേക്ക് സർവിസ് നടത്തുന്നുണ്ട്. ബസിലും സ്വന്തം വാഹനത്തിലുമടക്കം ഊട്ടി കാണാൻ വരുന്നവർ മുതുമലയിലെത്തി കാടിെൻറ വന്യത ആസ്വദിച്ചാണ് മടങ്ങാറ്.
വരയൻ കടുവ, പുള്ളിപ്പുലി, ആന, കാട്ടുപോത്ത്, കരടി, വിവിധതരം മാനുകൾ, മയിൽ, അപൂർവയിനം പക്ഷികൾ, വാനരന്മാർ, പന്നി ഇവയെല്ലാം സഞ്ചാരികൾക്കായി വിരുന്നൊരുക്കി ഇൗ കാട്ടിൽ കാത്തിരിപ്പുണ്ട്. അതേസമയം, വാഹന സഫാരിക്കിടെ മൃഗ സാന്നിധ്യമുണ്ടാവുമെന്ന് ഉറപ്പ് നൽകാൻ കഴിയില്ലന്ന് യാത്രക്ക് മുന്നേ അധികൃതർ മുന്നറിപ്പ് നൽകുന്നു.
നിലവിൽ ബസ് സഫാരിക്ക് ഒരാളിൽനിന്ന് 350ഉം ആന സഫാരിക്ക് ഒരാളിൽനിന്ന് 1200 രൂപയുമാണ് ഇൗടാക്കുന്നത്. ആന സഫാരി ഉടൻ തന്നെ ആരംഭിക്കും. ഇതിനായുള്ള താപ്പാനകളെ ഒരുക്കാൻ തുടങ്ങിയിട്ടുണ്ട്. ഉൗട്ടിക്ക് പുറമെ സമീപത്തെ മസിനഗുഡി, ഗൂഡല്ലൂർ എന്നിവിടങ്ങളിലും താമസ സൗകര്യം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.