പ്രകൃതിയെയും അതിലെ ജീവികളെയും ഏറെ ഇഷ്ടമാണ് സൈദലവിക്ക്. പച്ചപുതച്ചുകിടക്കുന്ന വനാന്തരങ്ങളും അതിലെ ജീവികളും കുട്ടിക്കാലത്തുതന്നെ ഇദ്ദേഹത്തിന് ആവേശമായിരുന്നു. പ്രകൃതി ഒരുക്കിയ ഈ വിസ്മയങ്ങൾ കാമറക്കണ്ണിലൂടെ ഒപ്പിയെടുക്കുന്ന തിരക്കിലാണ് ഇദ്ദേഹമിപ്പോൾ.
13 വർഷംമുമ്പ് ബഹ്റൈനിലെത്തിയ മലപ്പുറം പൊന്നാനി സ്വദേശിയായ സൈദലവി അമ്പലത്ത് വീട്ടിൽ റോയൽ കോർട്ടിലെ ജോലിത്തിരക്കുകൾക്കിടയിലും മനസ്സിന്റെ ആഗ്രഹത്തിനൊപ്പം സഞ്ചരിക്കുകയാണ്. ജീവൻ തുടിച്ചുനിൽക്കുന്ന ചിത്രങ്ങളാണ് പ്രകൃതിയിൽനിന്ന് ഇദ്ദേഹം പകർത്തുന്നത്.
ബഹ്റൈനിലെ ടൂബ്ലി ബേയിലെ കണ്ടൽക്കാടുകളാണ് ഇദ്ദേഹത്തിന്റെ ഇഷ്ടവിഹാര കേന്ദ്രം. ദേശാടനപ്പക്ഷികളുടെ ആവാസ കേന്ദ്രമായ ടൂബ്ലി കണ്ടൽക്കാടുകൾ ഒരു അദ്ഭുതലോകമാണ്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഇവിടെയെത്തുന്ന ദേശാടനപ്പക്ഷികൾ സമ്മാനിക്കുന്നത് മനോഹരമായൊരു ദൃശ്യവിരുന്നാണ്. 60ലധികം ഇനങ്ങളിൽപെട്ട പക്ഷികളെ ഇവിടെനിന്ന് കാമറയിൽ പകർത്തിയതായി സൈദലവി പറയുന്നു.
ടൂബ്ലി ബേയിൽനിന്നുള്ള ചിത്രങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ആൽബവും ഇദ്ദേഹം തയാറാക്കിയിട്ടുണ്ട്. ടൂബ്ലിക്ക് പുറമേ സിത്ര, അസ്കർ എന്നിവിടങ്ങളിലും ദേശാടാനപ്പക്ഷികൾ സൈദലവിയുടെ കാമറക്കണ്ണുകൾക്ക് പിടികൊടുക്കാറുണ്ട്. പൊന്നാനി എം.ഇ.എസ് കോളജിൽ പഠിക്കുന്ന കാലത്ത് ഫ്ലെമിംഗോ നേച്ച്വർ ക്ലബിൽ അംഗമായിരുന്ന സൈദലവിക്ക് ദേശാടനപ്പക്ഷികളോട് അന്നുതൊട്ടേ ഇഷ്ടമായിരുന്നു. ജോലിതേടി ബഹ്റൈനിൽ എത്തിയപ്പോഴും ആ ഇഷ്ടം കൂടെക്കൊണ്ടുവന്നു. സഹപ്രവർത്തകനായിരുന്ന ഒരു മലേഷ്യൻ ഷെഫാണ് ഫോട്ടോഗ്രഫിയുടെ ലോകത്തേക്ക് ഇദ്ദേഹത്തെ നയിച്ചത്. കാനൻ 650 ഡി കാമറയിൽ തുടങ്ങിയ സൈദലവി ഇപ്പോൾ നിക്കോൺ z9 കാമറയിലാണ് തന്റെ കഴിവ് പരീക്ഷിക്കുന്നത്.
ബഹ്റൈൻ കേരളീയ സമാജത്തിലെ ഫോട്ടോഗ്രഫി ക്ലബിൽ അംഗമായ ഇദ്ദേഹം പിന്നീട് ബഹ്റൈനിലെ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഫ്രൈഡേ ഡോൺ ഷൂട്ടേഴ്സിലും (എഫ്.ഡി.എസ്) സജീവ അംഗമായി. എല്ലാ വെള്ളിയാഴ്ചകളിലും പുലർകാലത്ത് ഏതെങ്കിലും പ്രദേശത്ത് ഒത്തുചേർന്ന് ചിത്രങ്ങൾ പകർത്തുന്നതാണ് ഈ കൂട്ടായ്മയുടെ രീതി. അങ്ങനെ ഫോട്ടോഗ്രഫിയിൽ പയറ്റിത്തെളിഞ്ഞ ഇദ്ദേഹം തന്റെ കാമറക്കണ്ണുകളിലൂടെ നോക്കിക്കാണുന്ന ലോകത്തെ കുടുതൽ വിശാലമാക്കുകയാണ്.
കെനിയയിലെ മസായ് മാറ വന്യജീവി സങ്കേതത്തിൽ പോയി ചിത്രങ്ങൾ പകർത്തിയതാണ് ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളിലൊന്ന്. കുട്ടിക്കാലത്ത് നാഷനൽ ജ്യോഗ്രഫിക് ചാനലിൽ കണ്ട് പരിചയമുള്ള വന്യമൃഗങ്ങളെയാണ് അവിടെ നേരിട്ട് കാണാൻ കഴിഞ്ഞത്. ലക്ഷക്കണക്കിന് വരുന്ന വിൽഡെബീസ്റ്റുകളുടെ ദേശാന്തര സഞ്ചാരം ആരെയും അമ്പരപ്പിക്കുന്നതാണ്. കന്നുകാലികളെപ്പോലെയുള്ള വിൽഡെബീസ്റ്റുകളുടെ കെനിയക്കും താൻസനിയക്കുമിടയിലുള്ള സഞ്ചാരം ടെലിവിഷനിൽ കണ്ട് അദ്ഭുതം കൂറിയവരാണ് നാമൊക്കെ. ഈ കാഴ്ചക്ക് സാക്ഷിയാകാനും ഇദ്ദേഹത്തിന് ഭാഗ്യമുണ്ടായി. ബിഗ് ഫൈവ് എന്നറിയപ്പെടുന്ന മൃഗങ്ങളിലെ വമ്പന്മാരായ സിംഹം, ചീറ്റ, ആന, കാട്ടുപോത്ത്, കാണ്ടാമൃഗം എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ കാമറക്ക് മുന്നിലെത്തി.
കെനിയക്ക് പുറമേ ശ്രീലങ്കയിലെ സിൻഹരാജ സംരക്ഷിത വനം, യാല ദേശീയോദ്യാനം എന്നിവിടങ്ങളിലെ ഫോട്ടോകളും ഇദ്ദേഹം പകർത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനവും ഇദ്ദേഹത്തിന്റെ ഇഷ്ടമേഖലയാണ്. നാലുതവണ ഇവിടെ പോയിട്ടുണ്ടെന്ന് സൈദലവി പറഞ്ഞു.
ബി.കെ.എസ് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ രണ്ടാം സ്ഥാനവും 2021ൽ എഫ്.ഡി.എസ് നടത്തിയ മത്സരത്തിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു. മകൻ റയാൻ സൈദലവിയും ഫോട്ടോഗ്രഫിയിൽ തൽപരനാണ്. തൃശൂരിലെ ഫോട്ടോ മ്യൂസിയമായ 'ഫോട്ടോമ്യൂസ്' സംഘടിപ്പിച്ച ഓൺലൈൻ എക്സിബിഷനിൽ റയാന് ജൂറി പുരസ്കാരം ലഭിച്ചിരുന്നു. ഈ മ്യൂസിയത്തിലെ ലൈഫ് മെംബറുമാണ് സൈദലവി.
2019ൽ ദുബൈയിലെ 'ഹിപ' അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരത്തിൽ ജനറൽ കളർ കാറ്റഗറിയിൽ ഫൈനലിസ്റ്റായതും സൈദലവിയുടെ കരിയറിലെ മികച്ച നേട്ടമാണ്. ജസ്നിയാണ് ഭാര്യ. മകൾ ആമിന റഹഫ് സൈദലവി ബഹ്റൈനിൽ വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.