ക്ലാസ്: X, മലയാളം I, സ്കോർ 40, സമയം: ഒന്നര മണിക്കൂർ
നിർദേശങ്ങൾ
* 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഇത് ചോദ്യങ്ങൾ വായിക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കാം.
* ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക.
* ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
* ഒന്നുമുതൽ 24 വരെയുള്ള ചോദ്യങ്ങൾക്കു പരമാവധി ലഭിക്കുക 40 സ്കോർ ആയിരിക്കും.
പാർട്ട് 1
A. ഒന്നുമുതൽ ആറുവരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും നാലെണ്ണത്തിന് ഉത്തരമെഴുതുക. (1 സ്കോർ വീതം)
1. മാതൃക പരിഗണിച്ച് വിഗ്രഹിക്കുക.
ഉദാ: മർത്യജന്മം-മർത്യന്റെ ജന്മം
മാതാപിതൃഭ്രാതൃമിത്രസഖികളെ
2. 'കാലാഹിനാ പരിഗ്രസ്തമാം ലോകവും' -'അഹി' എന്ന പദത്തിന്റെ ശരിയായ അർഥമെന്ത്?
(മിന്നൽ, തവള, പാമ്പ്, സമയം)
3. കവികൾക്ക് ലോകമെമ്പാടും ഒരു ഭാഷയേയുള്ളൂ. -വരികൾ നൽകുന്ന ആശയമെന്ത്?
4. കഥാസന്ദർഭം പരിഗണിച്ച് സംഭാഷണം ക്രമത്തിൽ എഴുതുക.
5. ഒറ്റവാക്യമാക്കുക.
മെത്രാൻ ഒരു നിമിഷനേരത്തേക്ക് ഒന്നും മിണ്ടാതെ നിന്നു. തന്റെ സഗൗരവവമായ ദൃഷ്ടിയെ അദ്ദേഹം മേൽപോട്ടുയർത്തി.
6. ചക്രവർത്തിനിയുടെ ജന്മമാണ്, അവർക്ക്
ആരുടെ മുന്നിലും തലകുനിക്കില്ല.
മിസ്സിസ് തലത്തിന്റെ ജീവിതാവസ്ഥയെക്കുറിക്കുന്ന രണ്ടു സൂചന എഴുതുക.
B. 7 മുതൽ 9 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക
7. 'അശ്വമേധം' എന്ന കവിതയിൽ വയലാർ രാമവർമ പരാമർശിക്കുന്ന കുതിര എന്തിന്റെ പ്രതീകമാണ്.
(യുദ്ധം, യാത്ര, സർഗശക്തി, മനസ്സ്).
8. ചവറുകൾക്കു പകരം തൂക്കിനോക്കേണ്ടത് ഞങ്ങളുടെ വിശപ്പാണെന്നെനിക്കു തോന്നി. ആരുടെ വാക്കുകൾ?
(ഒ.എൻ.വി. കുറുപ്പ്, ശരൺകുമാർ ലിംബാളെ, എസ്.കെ. പൊെറ്റക്കാട്ട്, ഒ.വി. വിജയൻ).
9. 'വയ്ക്ക ചൂതിനായെന്നെപ്പണയം' കലി ഈ വാക്കുകളിലൂടെ പുഷ്കരന് നൽകുന്നതെന്ത്?
(സ്നേഹം, വിശ്വാസം, അസൂയ, പ്രലോഭനം).
പാർട്ട് II
A. ചുവടെ നൽകിയിരിക്കുന്ന ചോദ്യത്തിന് ഉത്തരമെഴുതുക (2 സ്കോർ)
10. പട്ടണവും ഗ്രാമവും വ്യത്യസ്താനുഭവങ്ങളാണ് വെള്ളായിയപ്പന് പകർന്നുനൽകുന്നത്.
ഈ പ്രസ്താവനയുടെ ഔചിത്യം കണ്ടെത്തിയെഴുതുക.
B. 11 മുതൽ 12 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരമെഴുതുക (2 സ്കോർ)
11. 'അരികിൽ വന്നുനിന്നതാരെന്തഭിമതം? അഖിലമാശു ചൊൽക'
ഈ വരികളിൽ തെളിയുന്ന പുഷ്കരന്റെ മാനസികാവസ്ഥ വ്യക്തമാക്കുക.
12. 'ഞാനുദ്ദേശിച്ചതിനേക്കാൾ എത്രയോ മിടുക്കിയാണ് നീ'.
അന്നയെക്കുറിച്ച് ദസ്തയേവ്സ്കി ഇപ്രകാരം ചിന്തിക്കാൻ ഇടയായ സാഹചര്യം കണ്ടെത്തുക?
പാർട്ട് III
A. 13 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് ഉത്തരമെഴുതുക (മൂന്ന് സ്കോർ വീതം)
13. രാഗാദിസങ്കുലമായുള്ള സംസാര-
മാകെ നിരൂപിക്കിൽ സ്വപ്നതുല്യം സഖേ!
ജീവിതം സ്വപ്നതുല്യമാണെന്ന് എഴുത്തച്ഛൻ സമർഥിക്കുന്നതെങ്ങനെ?
14. എന്റെ മനോവിചാരം പൂർണമായി സിദ്ധിച്ചു. ഇനി എന്തിന് അഭിനന്ദിക്കാതിരിക്കുന്നു.
ദുഷ്ഷന്ത മഹാരാജാവ് ഇപ്രകാരം ഒരു നിഗമനത്തിലെത്താൻ ഇടയായ സാഹചര്യം കണ്ടെത്തിയെഴുതുക?
15. ലളിതാംബിക അന്തർജനത്തിന്റെ 'വിശ്വരൂപം' എന്ന കഥക്ക് 'അനുഭൂതികൾ ആവിഷ്കാരങ്ങൾ' എന്ന ശീർഷകം എത്രത്തോളം യോജിക്കുന്നുവെന്ന് വിശദമാക്കുക?
16. കേണുവാണിവിടെ, യേകുമർഥിയാം
പ്രാണിതൻ പ്രിയമൊരിക്കലീശ്വരൻ
അർഥിക്കുന്നവന്റെ യാചന ഈശ്വരൻ ഒരിക്കൽ സ്വീകരിക്കുമെന്ന് നളിനി വിശ്വസിക്കാൻ കാരണമെന്ത്?
B. ചുവടെ നൽകിയിരിക്കുന്ന ചോദ്യത്തിന് ഉത്തരമെഴുതുക. (3 സ്കോർ)
17. 'ചവറുകൾ പുതഞ്ഞുകിടക്കുന്ന കീറക്കടലാസുകൾ ഒരു വശത്തും ഞങ്ങളുടെ നിത്യസുഹൃത്തായ വിശപ്പ് മറുവശത്തും'.
അന്തർമാശിയിൽ ശരൺകുമാർ ലിംബാളെ വരച്ചുകാട്ടുന്ന സാമൂഹിക സാഹചര്യം വ്യക്തമാക്കുക.
പാർട്ട് IV
A. 18 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിന് ഉത്തരമെഴുതുക (4 സ്കോർ)
18. ക്രോധമൂലം മനസ്താപമുണ്ടായ് വരും
ക്രോധമൂലം നൃണാം സംസാരബന്ധനം
ക്രോധമല്ലോ നിജ ധർമ്മക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം
ക്രോധത്തെക്കുറിച്ചുള്ള കവിയുടെ ഈ കാഴ്ചപ്പാട് സമകാലിക സാമൂഹിക സാഹചര്യത്തിൽ വിലയിരുത്തുക.
19. 'എനിക്കതിനെ വിശ്വാസമില്ല. ഇത് ആര്യപുത്രൻ തന്നെ ധരിച്ചാൽ മതി'.
ശകുന്തളയുടെ ഈ വാക്കുകൾക്കു പിന്നിലെ കാരണം കണ്ടെത്തി യുക്തിസഹമായി പ്രതികരിക്കുക.
20. ധീരനായ യതി നോക്കി തന്വിതൻ
ഭൂരിബാഷ്പ പരിപാടലം മുഖം;
പൂരിതാഭയൊടുഷസ്സിൽ മഞ്ഞുതൻ
ധാരയാർന്ന പനിനീർ സുമോപമം
-കാവ്യഭംഗി കണ്ടെത്തിയെഴുതുക
B. 21 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരമെഴുതുക (4 സ്കോർ)
21. ആ ഹൃദയോന്നതിക്കു മുമ്പിൽ ആ ആഭിജാത്യത്തിനു മുന്നിൽ ഒരിറ്റു കണ്ണുനീർ തൂകാതിരിപ്പാൻ ആർക്കു സാധിക്കും?
ദുര്യോധനനെക്കുറിച്ച് കുട്ടികൃഷ്ണമാരാര് ഇപ്രകാരം വിലയിരുത്താൻ കാരണമെന്ത്?
22. 'പ്രിയപ്പെട്ട മൈക്കലാഞ്ജലോ! നന്ദി! നന്ദി!'
'മാപ്പുനൽകുമെൻ പ്രിയ മൈക്കലാഞ്ജലോ, മാപ്പ്.
'ലാ പിയാത്തയുടെ വിസ്മയക്കാഴ്ചയിൽ ശിൽപിയോടു നന്ദിപറയുന്ന കവി ഒടുവിൽ മാപ്പും അപേക്ഷിക്കുന്നു.
സന്ദർഭം കണ്ടെത്തിക്കുറിക്കുക?
പാർട്ട് V
A. 23 മുതൽ 24 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരമെഴുതുക. (5 സ്കോർ)
23. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ വിവേകപൂർണമായ ഇടപെടലുകൾകൊണ്ട് മറികടക്കുന്ന നിരവധി സന്ദർഭങ്ങൾ എഴുത്തച്ഛന്റെ പ്രായോഗിക തത്ത്വചിന്തക്ക് ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാൻ കഴിയും.
'ലക്ഷ്മണസാന്ത്വനം' എന്ന പാഠഭാഗത്തിലെ ആശയങ്ങളും നിങ്ങളുടെ വായനാനുഭവവും പരിഗണിച്ച് പ്രസ്താവന വിലയിരുത്തി ഉപന്യസിക്കുക.
24. ഭാവതീവ്രമായ ആഖ്യാനംകൊണ്ട് ശ്രദ്ധേയമായ ചെറുകഥയാണ് ഒ.വി. വിജയന്റെ 'കടൽത്തീരത്ത്'.
മറ്റു കഥാസന്ദർഭങ്ങൾകൂടി കണ്ടെത്തി ആസ്വാദനം തയാറാക്കുക?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.