നുഷ്യശരീരത്തിലെ അഞ്ച് ഇന്ദ്രിയങ്ങളെക്കുറിച്ച് കൂട്ടുകാർ പഠിച്ചിട്ടുണ്ടാകും. കണ്ണ്, ചെവി, ത്വക്ക്, നാവ്, മൂക്ക് എന്നിവയെയാണ് പ​ഞ്ചേ​ന്ദ്രിയങ്ങളായി പറയുക. പ്രകാശം തിരിച്ചറിഞ്ഞ് കാഴ്ചാനുഭവങ്ങൾ നൽകുന്നവയാണ് കണ്ണുകൾ. ജീവികളിലെ ഏറ്റവും ലളിതമായ അവയവം. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികൾക്ക് രണ്ട് കണ്ണുകളാണുള്ളത്. നമ്മൾ കാഴ്ചകൾ കാണുന്ന, നിറങ്ങൾ തിരിച്ചറിയുന്ന കണ്ണുകളെക്കുറിച്ച് കൂടുതൽ അറിഞ്ഞാലോ...

കണ്ണിമ ചിമ്മാതെ...

തലയോട്ടിയിലെ നേ​ത്രകോടരം എന്ന കുഴിയിൽ സ്ഥിതിചെയ്യുന്ന ഗോളാകൃതിയിലുള്ള അവയവമാണ് കണ്ണ്. കണ്ണിന്റെ ചെറിയൊരു ഭാഗം മാത്രമേ നമുക്ക് പുറത്തുകാണാൻ സാധിക്കൂ. കണ്ണിന്റെ മുൻഭാഗം കൺപോളയാലും പിൻഭാഗവും വശങ്ങളും അസ്ഥിയാലും സംരക്ഷിക്കുന്നു. ഒരു മനുഷ്യൻ ഒരോ മിനിറ്റിലും ശരാശരി 15 തവണ കണ്ണുകൾ അടക്കുകയും തുറക്കുകയും ചെയ്യും. കോർണിയ, ഐറിസ്, പ്യൂപിൾ, ലെൻസ്, ദൃഢപടലം, രക്തപടലം, റെറ്റിന, പീതബിന്ദു, നേ​ത്രനാഡി, അന്ധബിന്ദു, കൺജങ്റ്റൈവ തുടങ്ങിയവയാണ് കണ്ണിന്റെ പ്രധാന ഭാഗങ്ങൾ.

കണ്ണുനീർ തുള്ളിയെ...

കരയുമ്പോഴും ഒരുപാട് ചിരിക്കുമ്പോഴും കണ്ണുനീർ വരുന്നത് കൂട്ടുകാർ ശ്രദ്ധിച്ചിട്ടില്ലേ... കണ്ണുകളെ സംരക്ഷിക്കുന്നതിൽ പ്രധാനികളാണ് ഈ കണ്ണുനീർ. കണ്ണിന്റെ മുൻഭാഗത്തെ വൃത്തിയാക്കുന്ന ജോലിയാണ് കണ്ണുനീരിന്. ഒപ്പം കണ്ണിനെ നനവുള്ളതാക്കി നിർത്തുകയും ചെയ്യുന്നു. നേത്രഗോളങ്ങളുടെ മുകളിൽ വശങ്ങളിലേക്ക് നീങ്ങി കാണപ്പെടുന്ന കണ്ണുനീർ ഗ്രന്ഥികളാണ് (Lacrimal Gland) കണ്ണുനീർ ഉൽപാദിക്കുക. കണ്ണിന്റെ മുൻഭാഗത്ത് ആർദ്രത നിലനിർത്താൻ എപ്പോഴും ചെറിയ തോതിൽ വരുന്ന കണ്ണുനീർ (Basal Tears), അന്യവസ്തുക്കൾ കണ്ണിൽ വീഴുമ്പോൾ അതിൽനിന്ന് സംരക്ഷണം നൽകാൻ വരുന്ന കണ്ണുനീർ (Reflex Tears), സങ്കടം, അമിതമായ സന്തോഷം തുടങ്ങിയ വികാരങ്ങൾ വരുമ്പോഴുള്ള കണ്ണുനീർ (Emotional Tears) എന്നിങ്ങനെ മൂന്നുതരം കണ്ണുനീരാണുള്ളത്.

കൃഷ്ണമണിപോലെ...

ഓരോരുത്തരുടെയും കണ്ണ് പലനിറത്തിലാണെന്ന് പറയുമല്ലേ... മനുഷ്യരിൽ നീല, തവിട്ട്, കറുപ്പ് നിറങ്ങളിലാണ് പ്രധാനമായും കണ്ണുകൾ. കണ്ണിൽ ചെറിയ വൃത്തത്തിലുള്ള ഭാഗമാണ് കണ്ണിന്റെ കൃഷ്ണമണി. നമ്മുടെ തൊലിക്ക് നിറം നൽകുന്ന മെലാനിൻ എന്ന വർണവസ്തു തന്നെയാണ് കൃഷ്ണമണിക്കും നിറം നൽകുക. മെലാനിന്റെ ഏറ്റക്കുറച്ചിലുകളാണ് ഈ നിറങ്ങൾക്ക് കാരണം. മെലാനിന്റെ അളവ് കുറഞ്ഞാൽ പച്ച നിറമായിരിക്കും. കൂടുമ്പോൾ നീല, ​ബ്രൗൺ, കറുപ്പ് തുടങ്ങിയ നിറങ്ങളിലാകും കൃഷ്ണമണി.

കണ്ണിലെ പൊയ്കയില്...

ദൃഢപടലം, രക്തപടലം, ദൃഷ്ടിപടലം എന്നിവയാണ് കണ്ണിലെ മൂന്ന് പ്രധാന പാളികൾ.

1. ദൃഢപടലം -കണ്ണിന്റെ ഏറ്റവും പുറത്തുള്ള ബാഹ്യപാളിയാണ് ദൃഢപടലം (Sclera). വെളുത്തനിറത്തിൽ കാണപ്പെടുന്ന ഈ പാളി തന്തുകലകളാലാണ് നിർമിച്ചിരിക്കുന്നത്. ഈ ഭാഗം അതാര്യമാണ്. ദൃഢപടലത്തിൽതന്നെ ഉന്തിനിൽക്കുന്ന സുതാര്യമായ ഭാഗത്തെ ​കോർണിയ എന്നു വിളിക്കും. ദൃഢപടലത്തിന്റെ മുൻവശത്ത് കോർണിയ ഒഴികെയുള്ള ഭാഗങ്ങളെ ആവരണം ചെയ്ത് സംരക്ഷിക്കുന്ന സ്തരമാണ് കൺ​ജങ്റ്റൈവ (Conjunctiva).

2. രക്തപടലം

കൺഭിത്തിയുടെ മധ്യഭാഗത്ത് ധാരാളം രക്തക്കുഴലുകൾ കാണുന്ന പാളിയാണ് രക്തപടലം (Choroid). ദൃഢപടലത്തിന്റെ ഉൾഭിത്തിയോട് ചേർന്നാണ് ഈ ഭാഗം. ഈ പാളിയിലെ രക്തലോമികകളാണ് കണ്ണിലെ കലകൾക്ക് പോഷണവും ഓക്സിജനും നൽകുക. കോർണിയയുടെ പിൻഭാഗത്തായി രക്തപടലത്തിന്റെ ഭാഗമായി കാണുന്നതാണ് ഐറിസ്. വൃത്താകൃതിയിൽ നിറമുള്ള ഒരു മറയായാണ് ഐറിസ് കാണപ്പെടുക. ഈ ഐറിസിന്റെ മധ്യത്തിലെ സുഷിരത്തെയാണ് പ്യൂപിൾ എന്നു വിളിക്കുക.

3. ദൃഷ്ടിപടലം

കണ്ണിന്റെ ഉൾഭിത്തിയിൽ കാണപ്പെടുന്ന ആന്തരിക പാളിയാണ് ദൃഷ്ടിപടലം അഥവാ റെറ്റിന(Retina). അതിലോലമാണ് ഈ ഭാഗം. ഒരു വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത് റെറ്റിനയിലാണ്. നാഡീകോശങ്ങളായ പ്രകാശഗ്രാഹികളാണ് പ്രകാശത്തെ തിരിച്ചറിയാൻ സഹായിക്കുക. പ്രധാനമായും രണ്ടുത​രം ​കോശങ്ങളാണുള്ളത്. റോഡ് (​Rod) കോശങ്ങളും കോൺ (Con) കോശങ്ങളും. വസ്തുക്കളെ മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്നവയാണ് റോഡ് കോശങ്ങൾ. നിറങ്ങൾ കാണുന്നതിന് സഹായിക്കുന്നവയാണ് കോൺകോശങ്ങൾ. റെറ്റിനയിൽ പ്രകാശഗ്രാഹീ കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗമാണ് പീതബിന്ദു (Yellow Spot). ഇവിടെ പ്രതിബിംബത്തിന് കൂടുതൽ തെളിമയുണ്ടാകും. റെറ്റിനയിൽനിന്ന് നേത്രനാഡി ആരംഭിക്കുന്ന ഭാഗമാണ് അന്ധബിന്ദു (Blind Spot). ഇവിടെ പ്രകാശഗ്രാഹികൾ ഉണ്ടാകില്ല. അതിനാൽ കാഴ്ചയില്ല. പ്രകാശ​ഗ്രാഹീ കോശങ്ങളിൽനിന്നുള്ള ആവേഗങ്ങളെ മസ്തിഷ്കത്തിലെ കാഴ്ചയുടെ കേന്ദ്രത്തിലേക്കു കൊണ്ടുപോകുന്നതാണ് നേത്രനാഡി (Optic nerve).

കണ്ണേ നിന്നെ കാക്കാം...

കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് നമ്മുടെ ജീവിതശൈലിക്കും ഭക്ഷണക്രമത്തിനും പ്രത്യേക സ്ഥാനമുണ്ട്. കണ്ണിനെ സംരക്ഷിച്ചു നിർത്തുന്നതിനും അസുഖങ്ങളിൽനിന്ന് തടയുന്നതിനും പലതരം പോഷകങ്ങളും വൈറ്റമിനുകളും ആവശ്യമാണ്. വൈറ്റമിനുകളായ എ,സി, ഒമേഗഫാറ്റി ആസിഡുകൾ, സിങ്ക് തുടങ്ങിയവയാണ് കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനം. നട്സ്പ,പയർവർഗങ്ങൾ, കാരറ്റ്, കാപ്സിക്കം, ബ്രക്കോളി, വിത്തുകൾ, ഓറഞ്ച് -മുസംബി തുടങ്ങിയ ഫലങ്ങൾ, ഇലക്കറികൾ തുടങ്ങിയവ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.

നേത്രദാനം മഹാദാനം

കണ്ണ് മാറ്റിവെക്കുക എന്നാൽ കണ്ണ് മുഴുവനായി മാറ്റിവെക്കുക എന്നതല്ല അർഥം. കണ്ണിന്റെ നാഡീഭാഗങ്ങൾ ഒഴിച്ചുള്ള ​ഭാഗങ്ങളിലെ കേടുപാടുകൾ പരിഹരിക്കുന്നതിനായി ആരോഗ്യമുള്ള ഭാഗം മാറ്റിവെക്കുന്നതാണ് നേത്രദാനം. കണ്ണിന്റെ ഏതെങ്കിലും ഒരുഭാഗം മാത്രമേ മാറ്റിവെക്കൂ. സാധാരണയായി കണ്ണിന്റെ കോർണിയയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ തുടർന്നാണ് കണ്ണ് മാറ്റിവെക്കൽ നടത്തുക. ഒരു മനുഷ്യന്റെ മരണശേഷം നേത്രം ദാനം ചെയ്യാം. മരണ​ശേഷം 24 മണിക്കൂറിനുള്ളിൽ കണ്ണ് എടുത്ത് നേത്രബാങ്കിലേക്ക് മാറ്റുകയും അവിടെനിന്ന് ആവശ്യക്കാർക്ക് നൽകുകയുമാണ് ചെയ്യുക.

കണ്ണിനുണ്ടാകുന്ന ചില അസുഖങ്ങൾ

ഹ്രസ്വദൃഷ്ടി

കണ്ണിലെ ലെൻസിന്റെയോ കോർണിയയുടെയോ വക്രത കൂടുന്നത് മൂലമുണ്ടാകുന്ന അസുഖമാണ് ഹ്രസ്വദൃഷ്ടി. ഇതുണ്ടായാൽ ദൂരെയുള്ള വസ്തുക്കൾ കാണാൻ ബുദ്ധിമുട്ടായിരിക്കും. അടുത്തുള്ള വസ്തുക്കൾ വ്യക്തമായി കാണുകയും ചെയ്യും.

ദീർഘദൃഷ്ടി

കോർണിയയുടെയോ കണ്ണിലെ ലെൻസിന്റെയോ വക്രത കുറയുന്നതുമൂലമാണ് ഈ അസുഖമുണ്ടാവുന്നത്. ദൂരെയുള്ള വസ്തുക്കൾ വ്യക്തമായി കാണുകയും അടുത്തുള്ള വസ്തുക്കൾ വ്യക്തമായി കാണാതിരിക്കുകയും ചെയ്യുന്ന അവസ്ഥ.

തിമിരം

കണ്ണിലെ ലെൻസിന്റെ സുതാര്യത നഷ്ടമാകുന്ന അവസ്ഥയാണ് തിമിരം. ശസ്ത്രക്രിയ വഴിയാണ് ഇതിന് പരിഹാരം കാണുക. തിമിരം ബാധിച്ച കണ്ണിന്റെ ലെൻസിനുപകരം മറ്റൊന്ന് തൽസ്ഥാനത്ത് വെക്കുകയാണ് ഇതിലൂടെ ചെയ്യുക. ശസ്ത്രക്രിയ ചെയ്ത കണ്ണിൽ പിന്നീട് രോഗം വരില്ല.

ചെങ്കണ്ണ്

കണ്ണിനുണ്ടാകുന്ന അണുബാധയാണിത്. ചെങ്കണ്ണ് പകരുന്ന അസുഖമാണ്. രോഗം ബാധിച്ച വ്യക്തി ഉപയോഗിച്ച വസ്തുക്കൾ വീണ്ടും ഉപയോഗിക്കുക വഴി രോഗം പകരാം. കണ്ണിലെ ചുവപ്പ്, വെള്ളം വരുന്ന അവസ്ഥ, കടച്ചിൽ എന്നിവയാണ് ലക്ഷണം.

ഗ്ലോക്കോമ

കണ്ണിന്റെ നാഡീ ഞരമ്പുകളിൽ വരുന്ന ജീർണതയാണ് ഗ്ലോക്കോമ. ഇതുവഴി കാഴ്ചശക്തി ഭാഗികമോ പൂർണമായോ നഷ്ടപ്പെടാം. തുടക്കത്തിൽതന്നെ കണ്ടെത്തി ചികിത്സിച്ചാൽ ഈ അസുഖം ഭേദമാക്കാം. കാഴ്ചക്കുറവാണ് പ്രധാന ലക്ഷണം. കഠിനമായ തലവേദന, കണ്ണുവേദന, നീർക്കെട്ട്, വെള്ളം നിറയൽ തുടങ്ങിയവയും ലക്ഷണങ്ങളാണ്.

ഡയബറ്റിക് റെറ്റിനോപ്പതി

വളരെ സാവധാനത്തിൽ കാഴ്ചശക്തി നഷ്ടപ്പെടുന്ന അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി. പ്രമേഹംമൂലമാണ് ഇത് സംഭവിക്കുന്നത്. ആരംഭ ഘട്ടത്തിൽ മിക്കപ്പോഴും ലക്ഷണങ്ങൾ കാണിക്കില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ അപകടം.

സീറോഫ്താൽമിയ

കണ്ണുനീർ ഉൽപാദനം കുറഞ്ഞ് കണ്ണ് വരണ്ടുപോകുന്ന അവസ്ഥയാണ് സീറോഫ്താൽമിയ. വൈറ്റമിൻ എയുടെ അപര്യാപ്തതയാണ് ഈ രോഗത്തിന് പ്രധാന കാരണം.

നിശാന്ധത

മങ്ങിയ വെളിച്ചത്തിലും ഇരുട്ടുള്ള സമയങ്ങളിലും സംഭവിക്കുന്ന കാഴ്ചക്കുറവാണ് നിശാന്ധത. റെറ്റിനയിലുണ്ടാകുന്ന ജനിതകമായ തകരാറുകളും വൈറ്റമിൻ എയുടെ കുറവും നിശാന്ധതക്ക് കാരണമാകും.

Tags:    
News Summary - Eyes Structure Function disease

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.