നിങ്ങൾ ഗ്രഹങ്ങളെ നേരിൽ കണ്ടിട്ടുണ്ടോ? അതിന് ടെലിസ്കോപ്പ് വേണ്ടേ എന്നാണ് ചോദ്യമെങ്കിൽ അതില്ലാതെയും കാണാം എന്നാണ് ഉത്തരം. രാത്രി നിങ്ങൾ ആകാശത്തേക്ക് നോക്കാറില്ലേ? നോക്കുമ്പോൾ എന്തൊക്കെയാണ് കാണുന്നത്? നിലാവുള്ള രാത്രിയാണെങ്കിൽ കുറേ നക്ഷത്രങ്ങളും ചന്ദ്രനും എല്ലാം കാണും അല്ലേ. നിലാവില്ലെങ്കിൽ മേഘങ്ങളാവും കൂടുതൽ. പക്ഷേ ഇങ്ങനെ നിലാവിൽ ആകാശത്തേക്ക് നോക്കുമ്പോൾ എത്രയോ തവണ നിങ്ങൾ ഒരുപാട് ഗ്രഹങ്ങളെ കണ്ടുകഴിഞ്ഞു എന്നുകേട്ടാൽ വിശ്വാസം വരുമോ?. അതെ. നിങ്ങൾ പലപ്പോഴും ഗ്രഹങ്ങളെ നേരിൽ കാണുന്നുണ്ട്. പക്ഷേ അത് ഗ്രഹങ്ങളാണെന്ന് അറിയുന്നില്ല എന്നുമാത്രം.
ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ കാണാൻ നഗ്നനേത്രങ്ങൾ മാത്രംമതി. അതിന് പ്രത്യേകമായി ടെലിസ്കോപ്പ് ഒന്നും ആവശ്യമില്ല. ഒട്ടുമിക്ക രാത്രികളിലും ഒന്നോ അതിലധികമോ ഗ്രഹങ്ങളെ നമ്മൾ മാനത്ത് കാണുന്നുണ്ട്. അത്യപൂർവമായിട്ടാണെങ്കിലും നേരത്തേ പറഞ്ഞ അഞ്ചു ഗ്രഹങ്ങളും ഒന്നിച്ചു കാണുന്ന സന്ദർഭങ്ങളും ദൃശ്യമാവാറുണ്ട്.
ബുധൻ മുതൽ ശനി വരെയുള്ള ഗ്രഹങ്ങളിൽ ചിലതിനെയെങ്കിലും ആകാശത്ത് ഒരിക്കലെങ്കിലും കാണാത്ത ആരും ഉണ്ടാവില്ല. പക്ഷേ കണ്ടസമയത്ത് അവ നക്ഷത്രങ്ങളാളെന്നു തെറ്റിദ്ധരിച്ചിട്ടുണ്ടാകും. ഗ്രഹങ്ങൾ നക്ഷത്രങ്ങളെപ്പോലെ മിന്നില്ല. നക്ഷത്രങ്ങളെക്കാൾ കൂടിയ ശോഭയിലാണ് അവയെ കാണുക. കുറച്ചുകാലം അവയുടെ ചലനംകൂടി തുടർച്ചയായി നിരീക്ഷിക്കണം. സൂര്യനെ ചുറ്റുന്നതിനാൽ ഗ്രഹങ്ങൾ ആകാശത്ത് നക്ഷത്രങ്ങൾക്കിടയിലൂടെ നിത്യവും തെന്നിനീങ്ങും. മറ്റ് നക്ഷത്രങ്ങളെ അപേക്ഷിച്ച് അനുദിനം സ്ഥാനമാറ്റംവരുന്ന തിളക്കമേറിയ പ്രകാശബിന്ദുക്കളെ ആകാശത്ത് കണ്ടാൽ അവ ഗ്രഹങ്ങളാണെന്ന് ഉറപ്പിക്കാം. ഓരോ ഗ്രഹത്തിന്റെയും നിറം, നിരീക്ഷണസമയത്തെ സ്ഥാനം എന്നിവ അറിയാമെങ്കിൽ കണ്ട ഗ്രഹം ഏതെന്നു തിരിച്ചറിയാം.
ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയുമൊക്കെ സ്വയംതിരിച്ചറിയാൻ സഹായിക്കുന്ന നിരവധി മൊബൈൽആപ്പുകൾ ഇന്ന് പ്ലേസ്റ്റോറിലും മറ്റും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.