അവധിക്കാലം ആഘോഷത്തിന്റേതാണ്. ഇഷ്ടം പോലെ കളിക്കാം, എത്രവേണമെങ്കിലും ഉറങ്ങാം. പഠിക്കാൻ അധികം നിർബന്ധിക്കില്ല. പരീക്ഷച്ചൂടിൽനിന്ന് രക്ഷപ്പെടാൻ എപ്പോഴും അവധിക്കാലത്തിനായി കാത്തുനിൽക്കുകയായിരിക്കും എല്ലാ കൂട്ടുകാരും. എന്നാൽ, അവധിക്കാലം ക്രിയാത്മകമായി നമുക്കുപയോഗിക്കാനായെങ്കിൽ എത്ര നല്ലതാണല്ലേ...!
അവധിക്കാലത്ത് കളിച്ചുനടക്കാനായിരിക്കും ഏറ്റവും ഇഷ്ടം. എന്നാൽ, ഇന്ന് നിങ്ങളുടെ ലോകം വളരെ വലുതാണെന്ന് മനസ്സിലാക്കുക. എല്ലാവർക്കും എല്ലാം ഇന്നു പഠിക്കാം. പാട്ടും ഡാൻസും മുതൽ റോബോട്ടിക്സ് വരെ പഠിക്കാനായി ഈ അവധിക്കാലത്ത് തിരഞ്ഞെടുക്കാം. ഈ അവധിക്കാലം ചെലവഴിക്കാനുള്ള ചില വിദ്യകൾ ഈ വെളിച്ചം പറഞ്ഞുതരാം.
ഒരു പിക്നിക്കോ ചെറിയ ട്രക്കിങ്ങോ പോകാം. പോകുമ്പോൾതന്നെ വിവരങ്ങൾ ശേഖരിച്ച് അനുഭവങ്ങളും ചേർത്ത് ജേണലുകൾ എഴുതാം. ഈ വേനലവധിക്ക് പ്രകൃതിയിലേക്കൊരു യാത്ര പോയാലോ. പ്രകൃതിയെ അറിഞ്ഞുവളരാൻ ഇതുസഹായിക്കും. ഒരിക്കലും മറക്കാനാകാത്ത നല്ല ഓർമകളും അതവർക്ക് സമ്മാനിച്ചേക്കും.
പലർക്കും താൽപര്യമുള്ളവയാണ് കരാട്ടേ, കുങ്ഫൂ തുടങ്ങിയ ആയോധനകലകൾ. ഒരു സെൽഫ് ഡിഫൻസ് എന്നതിലുപരി ആരോഗ്യമോടെയിരിക്കാനും ഇത്തരം ക്ലാസുകൾ സഹായിക്കുന്നുണ്ട്. ഇത് പാഠ്യവിഷയങ്ങളിലെ പഠനമികവിനും കോൺസൻട്രേഷൻ ഉണ്ടാകുന്നതിനും ഉപകാരപ്പെടുന്നു. ചെസ്, കാരംസ്, സ്ക്രാബിൾസ് പോലെ ബോർഡ് ഗെയിമുകൾ അവധിക്കാലം ആസ്വാദ്യകരമാക്കാനും ബുദ്ധിശക്തിയെയും ഓർമശക്തിയെയും പരിപോഷിപ്പിക്കാനും ഉപയോഗപ്പെടുത്താം.
പലതരം കോച്ചിങ് ക്യാമ്പുകൾ ഇന്ന് സജീവമാണ്. എല്ലാ നഗരങ്ങളിലും ടൗണുകളിലും അവധിക്കാലമായാൽ ഇത്തരം ക്യാമ്പുകളും പരിപാടികളും നടക്കും. സംഗീതോപകരണങ്ങൾ ഉൾപ്പെടെ ഇതുവഴി പഠിക്കാനാകും. ഓൺലൈനായും ഇത്തരം ക്ലാസുകൾ ഉപയോഗപ്പെടുത്താം. അതുപോലെ കൂട്ടുകാർക്ക് ഏറെ ഉപകാരപ്പെടുത്താവുന്ന ഒന്നാണ് ഭാഷാ ക്ലാസുകൾ. വിദേശ ഭാഷകൾ ഉൾപ്പെടെ ഈ സമയങ്ങളിൽ പഠിച്ചെടുക്കാം. സാഹിത്യാഭിരുചി ഉള്ളവർക്ക് സാഹിത്യ ക്യാമ്പുകൾ തിരഞ്ഞെടുക്കാം. നീന്തൽ, സ്കേറ്റിങ്, ഫുട്ബാൾ, ക്രിക്കറ്റ്, ടേബിൾ ടെന്നിസ് തുടങ്ങിയവ പഠിക്കാനും പരിശീലിക്കാനും ഈ അവധിക്കാലത്ത് സമയം കണ്ടെത്താം.
നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള മേഖലകൾ വേണം തിരഞ്ഞെടുക്കാൻ. അതിലൂടെ ഭാവിയിൽ നേട്ടംകൊയ്യാനുമാകും. അതിനായി ഈ അവധിക്കാലത്ത് ഒരു യുട്യൂബ് ചാനൽ തുടങ്ങിക്കോളൂ. പാചകമോ പാട്ടോ ഡാൻസോ എന്തും അതിലൂടെ പങ്കുവെക്കാം, താരമാകുകയും ചെയ്യാം. കൂടാതെ അവധിക്കാലം കഴിഞ്ഞ് വീണ്ടും സ്കൂളിൽ പോയിത്തുടങ്ങിയാൽ കൂട്ടുകാരെ കാണിക്കാനും അടുത്ത അവധിക്കാലം വരെ ഓർക്കാനും ഒരു ഹോളിഡേ വിഡിയോ അല്ലെങ്കിൽ, ഒരു ഫോട്ടോ ആൽബം നിർമിക്കാം.
വായനക്ക് ഏറ്റവും നല്ല സമയമാണ് അവധിക്കാലം. മുൻ ലക്കങ്ങളിലെ വെളിച്ചത്തിൽ കൂട്ടുകാർ നിരവധി പുസ്തകങ്ങൾ പരിചയപ്പെട്ടില്ലേ. അവയെല്ലാം വായിച്ചുതീർക്കാം. നിങ്ങളുടെ തൊട്ടടുത്ത ലൈബ്രറിയിൽ അംഗത്വമെടുക്കാം. ഓണ്‍ലൈൻ വായനയാണ് ശീലമെങ്കിൽ കിൻഡിൽ ഡൗണ്‍ലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.