ജൂൺ ഒന്നിന് പുതിയ അധ്യയന വർഷയത്തിൽ കുട്ടികൾ വീണ്ടും സ്കൂളിലേക്ക്. കോവിഡാനന്തരം വലിയ രോഗ ഭീഷണികളൊന്നുമില്ലാതെ ശാന്തമായ അന്തരീക്ഷമായിരിക്കുമെന്ന് കരുതാം. പഠനോപകരണങ്ങളും പുതുവസ്ത്രവുമായി കുരുന്നുകൾ വീണ്ടും സ്കൂളിലെത്തും. കുട്ടികൾ മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ ഇനി സ്കൂളിലും കൂട്ടുകാർക്കൊപ്പവുമായിരിക്കും. അതിനാൽതന്നെ, മാതാപിതാക്കളുടെ ശ്രദ്ധ കൂട്ടേണ്ട സമയമായി. പുതിയ അധ്യയന വർഷത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പങ്കുവെക്കാം.
സ്കൂൾ തുറക്കുന്നതോടെ കുട്ടികൾക്ക് മാത്രമായി ചില നിയമങ്ങൾ വീടുകളിൽ സൃഷ്ടിക്കുക പതിവാണ്. സമ്മർദത്തിലൂടെ അവ നടപ്പാക്കാനുള്ള ശ്രമങ്ങൾ ചില രക്ഷിതാക്കളുടെ ഭാഗത്തുനിന്നെങ്കിലും ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും പഠനസന്നദ്ധതയെ ബാധിച്ചേക്കാം. ഗൃഹപാഠം, ഉറക്കം, ഭക്ഷണം, വിനോദം, വിശ്രമം എന്നിവയൊക്കെ എങ്ങനെയായിരിക്കണമെന്ന് കുട്ടികളുമായി ചർച്ച ചെയ്യുക. സൗഹൃദപരമായ, തുറന്ന സമീപനത്തിലൂടെ ഒരു പ്രവർത്തന പദ്ധതി തയാറാക്കുക. കുട്ടികൾക്കൊപ്പം വീടും വളരുക എന്നതായിരിക്കണം നമ്മുടെ സമീപനം
രക്ഷിതാവെന്ന നിലയിൽ തങ്ങളുടെ കുട്ടിയുടെ അധ്യാപകരുമായി 'സൗഹൃദബന്ധം' സ്ഥാപിക്കണം. കുട്ടിയുടെ മാനസിക വികാസത്തിന്റെ നിലയും വിവിധ മേഖലകളിലെ കഴിവുകളും അവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നത് നല്ലതാണ്. മികച്ച വ്യക്തിത്വം ഉയർത്തിക്കൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമം സ്കൂളുമായി ചേർന്ന് മാതാപിക്കൾ നടത്തണം.
കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യത്തെ കുറിച്ചും കുട്ടികളെ ഓർമിപ്പിക്കണം. മതപരമോ ജാതീയമോ വർണ പരമോ ആയ വിവേചനങ്ങൾ പാടില്ലെന്ന പാഠം അവരോട് പറയണം. ആൺ-പെൺ ഇടപെടലുകൾ സ്നേഹപൂർവവും ജനാധിപത്യപരവുമായിരിക്കണം. ഭക്ഷണപദാർഥങ്ങളോ പഠനോപകരണങ്ങളോ ആവശ്യഘട്ടത്തിൽ പങ്കുവെക്കണമെന്ന് പറഞ്ഞുനൽകണം.
ഏതൊരു പ്രവൃത്തിയും ആഹ്ലാദകരമാകുവാൻ പ്രധാനമായും വേണ്ട ഒന്നാണ് മൂഡ്. പഠിക്കാനുള്ള മാനസികാവസ്ഥ കുട്ടികളിൽ സംഭവിക്കണം. അതിനനുസരിച്ച് വീടും വിദ്യാലയവും മാറേണ്ടിയിരിക്കുന്നു. ചുറ്റുപാടുകളിൽ നിന്നും അവർ അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ തുറന്ന മനസ്സോടെ കേൾക്കുക. അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ നൽകുകയും ആവശ്യമെന്ന് തോന്നുന്ന വസ്തുക്കൾ വാങ്ങിക്കൊടുക്കുകയും ചെയ്യുക. കളിക്കാനുള്ള സമയവും അവസരവും കുട്ടികൾക്ക് കൊടുക്കണം. സമപ്രായക്കാരോടൊപ്പമുള്ള ചേർച്ചയെ പ്രോത്സാഹിപ്പിക്കണം. കലാ-കായിക പ്രവർത്തനങ്ങളിൽ സജീവമാകുവാൻ തൽപരരാണെങ്കിൽ അതിനുള്ള വേദികൾ ഒരുക്കണം. കുട്ടികളുടെ കൂട്ടുകാരുടെ വീടുകൾ സന്ദർശിക്കുകയും മാതാപിതാക്കളുമായി സൗഹൃദം ദൃഢപ്പെടുത്തുകയും വേണം. മനസ്സിന് മധുരമേറ്റുന്ന അനുഭവങ്ങൾ വീടുകളിൽ സൃഷ്ടിച്ചാൽ കുട്ടികളുടെ വളർച്ച വേഗപ്പെടും.
വൈകാരികതയുടെ നിറവാണ് കുട്ടിക്കാലം. കൗമാരം ചിലപ്പോൾ അതിവൈകാരികതയുടെയും. വികാര ജീവി എന്ന നിലയിൽ മനുഷ്യനെ സംബന്ധിച്ച് വൈകാരിക ബുദ്ധിയുടെ വികാസം സുപ്രധാനമാണ്. വൈകാരിക പക്വതയിലേക്ക് കുട്ടികളെ നയിക്കുന്നതിനുള്ള ഏറ്റവും വീര്യമുള്ള ഔഷധം സ്നേഹം തന്നെയാണ്. നല്ല വാക്കുകൾ പറയുമ്പോഴും നന്മയുള്ള പ്രവൃത്തികൾ ചെയ്യുമ്പോഴും കുട്ടികളെ അഭിനന്ദിക്കണം. ഒഴിവു സമയങ്ങളിൽ അവരോടൊപ്പം കളിക്കാനും യാത്ര പോകുവാനും ശ്രദ്ധിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും വേണം. ഇങ്ങനെ കുട്ടികളുമായുള്ള വൈകാരിക ചേർച്ച ശക്തിപ്പെടുത്തുക.
ഒന്ന് ശ്രദ്ധതെറ്റിയാൽ കുട്ടികളെ കുരുക്കാൻ കണ്ണുംനട്ടിരിക്കുകയാണ് മയക്കുമരുന്ന് മാഫിയകൾ. മധുരത്തിൽ പൊതിഞ്ഞ ലഹരികളായിരിക്കും അവർ കുട്ടികൾക്ക് നൽകുക. കടകളും തെരുവുകളും പൊതുസ്ഥലങ്ങളുമെല്ലാം കുട്ടികളെ പരിചയപ്പെടുത്തണം. അവിടെ എങ്ങനെ വ്യവഹരിക്കണമെന്നുകൂടി കാണിച്ചുകൊടുക്കണം. ലഹരിപദാർഥത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തിയെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.