മഴയാണ് പനിക്കല്ലേ...

രോഗാണുവാഹകർ വിഹരിക്കുന്ന സമയമാണ് ഓരോ മഴക്കാലവും. രോഗപകർച്ചക്ക് അനുകൂലമായ ഘടകങ്ങളാണ് ഇതിന്റെ പ്രധാന കാരണം. പകർച്ചവ്യാധികൾ പടരുന്നതിന് മലിനമായ ജലവും പരിസരവും ഈർപ്പം നിലനിൽക്കുന്ന അന്തരീക്ഷവും ഉയർന്ന ജനസാന്ദ്രതയുമെല്ലാം കാരണമാകും. ജലത്തിലൂടെയും വായുവിലൂടെയുമുള്ള രോഗാണുപ്പകർച്ചമൂലം പലവിധ സാംക്രമിക രോഗങ്ങൾ മഴക്കാലത്ത് കൂടിയ തോതിൽ കാണപ്പെടുന്നു. ഏതു പ്രായക്കാരെയും ബാധിക്കുന്ന, മുൻകരുതലുണ്ടെങ്കിൽ മാത്രം തടയാവുന്ന ചില മഴക്കാല രോഗങ്ങളെ അറിഞ്ഞിരിക്കാം.

മലിനജലം

മഴക്കാലത്ത് ഏറ്റവും രൂക്ഷമാവുക ശുദ്ധജല ദൗർലഭ്യമായിരിക്കും. മഴയിൽ പ്രധാന ജലസ്ത്രോതസ്സുകളായ തണ്ണീർത്തടങ്ങളും പുഴകളും തോടുകളുമെല്ലാം നിറയുകയും, ഫാക്ടറി മാലിന്യമടക്കം ഈ വെള്ളത്തിൽ കലരുകയും ചെയ്യും. ഇവ ഒഴുകിയെത്തുന്നത് കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകളിലേക്കും മറ്റു ജലസ്ത്രോതസ്സുകളിലേക്കുമായിരിക്കും. ഫാക്ടറി, ആശുപ​ത്രി, ശുചിമുറി മാലിന്യമടക്കം കുടിവെള്ളത്തിൽ കലരുന്നതോടെ ജലജന്യ രോഗങ്ങൾക്ക് കാരണമാകും. മലിനജലം കുടിക്കുക, ഭക്ഷണം പാകം ചെയ്യുക, പച്ചക്കറികളും ഇലക്കറികളും കഴുകാൻ ഉപയോഗിക്കുക തുടങ്ങിയവയെല്ലാം പലതരം രോഗങ്ങൾ വരാൻ ഇടയാക്കും.

പരിസര മലിനീകരണം

തോരാതെ പെയ്യുന്ന മഴയെ തുടർന്ന് നമ്മുടെ വീടും പരിസരവും വൃത്തികേടാകാൻ സാധ്യത കൂടുതലായിരിക്കും. മാലിന്യം കെട്ടിക്കിടക്കാനും അത് ഇടയാക്കും. മുറ്റത്ത് പുല്ല് വളരുന്നതും വെള്ളം കെട്ടിക്കിടക്കുന്നതും കൊതുക് പെരുകാനും സാധ്യത കൂട്ടും. പകർച്ചവ്യാധികൾ പരത്തുന്ന ഈച്ചകളും മറ്റു ചെറുജീവികളും പെരുകാൻ ഇവ കാരണമാവുകയും ചെയ്യും. രോഗാണു വാഹകരായ ഈച്ചകൾ പെരുകുന്നത് വയറിളക്ക രോഗങ്ങൾക്കും ടൈഫോയിഡിനും കാരണമാവും. ശുചിത്വവും രോഗപ്രതിരോധശേഷിയും മഴക്കാലത്ത് കുറയുന്നതിനാൽ രോഗങ്ങൾ പെട്ടെന്ന് പടർന്നുപിടിക്കും. തണുത്തതും തുറന്നുവെച്ചതും പഴകിയതും മലിനമായതുമായ ഭക്ഷണങ്ങളും മഴക്കാല രോഗങ്ങൾക്ക് വഴിയൊരുക്കും. പൊതുസ്ഥലത്തെ മലമൂത്രവിസർജനത്തിലൂടെ ലക്ഷക്കണക്കിന് രോഗാണുക്കൾ പകരാനും ഇടയാകും.

കൊതുക്

ജപ്പാൻ ജ്വരം, ഡെങ്കിപ്പനി, ചികുൻഗുനിയ... ഇത്തിരിപ്പോന്ന കൊതുകുകൾ പരത്തുന്ന രോഗങ്ങളുടെ പട്ടികയെടുത്താൻ ഞെട്ടിപ്പോകും. 400 മില്യൺ വർഷങ്ങളായി ഭൂമിയിലുള്ളവയാണ് കൊതുകുകൾ. മഴക്കാലത്ത് പിടിപെടുന്ന രോഗങ്ങളിൽ ഭൂരിഭാഗവും പകർത്തുന്നതിൽ പ്രധാന കാരണക്കാരും ​കൊതുകുകൾതന്നെ. കെട്ടിക്കിടക്കുന്ന ജലത്തിൽ മുട്ടയിട്ട് പെരുകുന്നവയാണ് കൊതുകുകൾ. പാഴ്വസ്തുക്കളിലും ഉപയോഗശൂന്യമായ ടയറുകളിലുമെല്ലാം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇവ ധാരാളമായി പെരുകും. ഒരു സ്പൂൺ വെള്ളംപോലും കൊതുകുകൾക്ക് മുട്ടയിട്ട് പെരുകാൻ അവസരമൊരുക്കും. ദിവസവും ശരാശരി പത്ത് മുട്ടകൾ വരെ കൊതുകുകളിടും. മലിനജലത്തിൽ മുട്ടയിട്ട് പെരുകുന്നവയാണ് ജപ്പാൻ ജ്വരത്തിന് കാരണക്കാരായ കൊതുകുകൾ. ഡെങ്കിപ്പനിയും ചികുൻഗുനിയയും ​പകർത്തുന്ന കൊതുകുകൾ പാത്രങ്ങളിലും ചിരട്ടകളിലും ടയറുകളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് മുട്ടയിട്ട് പെരുകുക. ഏഴുമുതൽ പത്തുവരെ ദിവസമെടുത്താണ് കൊതുകിന്റെ മുട്ടകൾ വിരിയുക. അതിനാൽതന്നെ കൊതുകുനശീകരണത്തിന്റെ പ്രധാനമാർഗം അതിന്റെ ലാർവകളെ നശിപ്പിക്കുക എന്നതാണ്. വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കാനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കുകയാണ് ഇതിനുള്ള മാർഗം.

കൊതുകിന്റെ പ്രജനനം തടയാൻ

  • വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് ഒഴിവാക്കണം.
  • ഡ്രൈ ഡേ ആചരണം (കൊതുകി​​​ന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ) നടത്തുന്നത് ശീലമാക്കുക.
  • മഴവെള്ളമോ മറ്റു ശുദ്ധജലമോ കെട്ടിനിൽക്കുന്ന പാത്രങ്ങൾ, ചിരട്ട, കുപ്പി, കപ്പ്, ആട്ടുകല്ല്, ടയർ, മരപ്പൊത്ത്, ഫ്രിഡ്‌ജിനു പിന്നിലെ ട്രേ തുടങ്ങിയവയിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.
  • കൊതുക് കടിക്കാതിരിക്കാൻ വ്യക്തിഗത പ്രതിരോധ മാർഗങ്ങൾ അവലംബിക്കുക. കൊതുകുകടി ഏൽക്കാതിരിക്കാൻ ശരീരഭാഗം പരമാവധി മറക്കുന്ന വസ്ത്രം ധരിക്കുക, പുറത്തുകാണുന്ന ഭാഗങ്ങളിൽ കൊതുകിനെ പ്രതിരോധിക്കുന്ന ലേപനങ്ങൾ പുരട്ടുക. കൊതുകുവല ഉപയോഗിക്കുക. ജനൽ, മറ്റു ദ്വാരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കൊതുകു കടക്കാത്ത വല കെട്ടുക.

മഴക്കാല രോഗങ്ങൾ

ജലജന്യ രോഗങ്ങൾ, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം (വൈറൽ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ), കോളറ, ഛർദി, അതിസാരം.

കൊതുക് പരത്തുന്ന രോഗങ്ങൾ

മലേറിയ, ഡെങ്കിപ്പനി, ചികുൻഗുനിയ, ജാപ്പനീസ് എൻസേഫലൈറ്റിസ്.

മറ്റു പകർച്ചവ്യാധികൾ

മറ്റു വൈറൽ പനികൾ, എലിപ്പനി.

ഡെങ്കിപ്പനി

ഈഡിസ് വിഭാഗത്തിൽപെട്ട കൊതുക് പരത്തുന്നു. പനി, ശരീരത്തിലെ നിറംമാറ്റം, ശരീരവേദന, രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ജപ്പാൻ ജ്വരം

ക്യൂലക്സ് വിഭാഗത്തിൽപെട്ട കൊതുകുകൾ പരത്തുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ പനിക്കൊപ്പം ശക്തമായ തലവേദന, ഓർമക്കുറവ്, കൈകാൽ തളർച്ച എന്നിവയാണ്.

മഞ്ഞപ്പിത്തം

മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്നു. കണ്ണിന് മഞ്ഞനിറം, ആഹാരത്തോട് വെറുപ്പ്, മൂത്രത്തിന് നിറവ്യത്യാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ചികുൻഗുനിയ

ഈഡിസ് കൊതുക് പരത്തുന്നു. പനിക്കൊപ്പം സന്ധികളിൽ നീര്, വേദന ഇവ ഉണ്ടാകും.

കോളറ

ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗം. പനി, വയറിളക്കം, ഛർദി, ചർമത്തിന് തണുപ്പ്, ചുണ്ടും മുഖവും വിളറുക തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും.

വയറിളക്കം

റോട്ട വൈറസ്‌ ഉണ്ടാക്കുന്ന സാധാരണ രോഗങ്ങളിൽ ഒന്നാണ് വയറിളക്കം. വയറിളക്കം ലക്ഷണമായി കാണുന്ന മറ്റൊരു പ്രധാന രോഗം Vibrio Cholerae എന്ന ബാക്ടീരിയ പരത്തുന്ന കോളറയാണ്. കഞ്ഞിവെള്ളത്തിന്‌ സമാനമായ രീതിയിലുള്ള മലമാണ് കോളറ വയറിളക്കത്തിൽ കാണപ്പെടുക. കൂടെ ഛർദിയുമുണ്ടാകും.

ടോൺസിലൈറ്റിസ്

തൊണ്ടവേദനക്കൊപ്പം പനി, ആഹാരമിറക്കാൻ പ്രയാസം, ചുമ എന്നിവയുണ്ടാവും.

വൈറൽ പനി

എളുപ്പം പടർന്നുപിടിക്കുന്ന പനി. ശരീരവേദന, ജലദോഷം ഇവയാണ് പ്രധാന ലക്ഷണങ്ങൾ.

എലിപ്പനി

ലെപ്ടോസ്പൈറ എന്ന ഒരിനം രോഗാണു ഉണ്ടാക്കുന്ന ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്ടോസ്പൈറോസിസ്. എലിമൂത്രത്തിലൂടെ പുറത്തുവരുന്ന അണുക്കൾ ജലസ്രോതസ്സുകളിലൂടെ മനുഷ്യരിലെത്തുന്നു. രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന ജലത്തിൽ വേണ്ട മുൻകരുതൽ ഇല്ലാതെ ഇറങ്ങുമ്പോൾ തൊലിപ്പുറത്തുള്ള ചെറിയ മുറിവുകളിലൂടെയും, കണ്ണ്, മൂക്ക്, വായ്‌ എന്നിവയിലൂടെയും ലെപ്‌ടോസ്‌പൈറ രോഗം ഉണ്ടാവാം. ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളർച്ച, ശരീരവേദന പ്രത്യേകിച്ചും കാലി​​​ന്റെ മുട്ടിന്‌ താഴെയുള്ള പേശികളുടെ വേദന, തലവേദന, ഛർദി എന്നിവയാണ്‌ പ്രാരംഭ ലക്ഷണങ്ങൾ.

എലിപ്പനി പ്രതിരോധിക്കാൻ

കെട്ടിക്കിടക്കുന്ന മലിനജലവുമായുള്ള സമ്പർക്കം ഒഴിവാക്കുക. മലിനജലത്തിലിറങ്ങുമ്പോൾ കൈയുറ, റബ്ബർ ബൂട്ട് എന്നിവ ധരിക്കുന്നതിനൊപ്പം മുറിവുകൾ കൃത്യമായി ബാൻഡേജ് കൊണ്ട് മറക്കുക. ജോലിക്ക് ശേഷം തിളപ്പിച്ചാറിയ വെള്ളംകൊണ്ട് കൈകാലുകൾ വൃത്തിയാക്കുക. എലിവിഷം, എലിപ്പെട്ടി, നാടൻ എലിക്കെണികൾ എന്നിവ ഉപയോഗിച്ച് എലികളെ നശിപ്പിക്കുക.

ടൈഫോയ്ഡ്

രോഗികളുടെ വിസർജ്യവസ്തുക്കൾ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമാണിത്. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. നീണ്ടുനിൽക്കുന്ന പനിയാണ് സാൽമൊണെല്ല എന്ന ബാക്ടീരിയ പരത്തുന്ന ടൈഫോയിഡ് രോഗത്തി​​​ന്റെ പ്രധാന ലക്ഷണം.

ആദ്യ ദിവസങ്ങളിൽ സാധാരണ വൈറൽ പനി പോലെ തന്നെയാണ് ടൈഫോയിഡ് പനിയും. ടൈഫോയിഡ് പനി രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുന്നതോടെ കൂടുതൽ ശക്തമാവുകയും രോഗി ക്ഷീണിതനാവുകയും ചെയ്യുന്നു.

മഴക്കാലത്ത് ശ്രദ്ധിക്കാൻ

  • രോഗങ്ങൾ തടയാൻ വ്യക്തിശുചിത്വംപോലെതന്നെ പ്രധാനമാണ് പരിസരശുചിത്വം. അതിനാൽ മാലിന്യ നിർമാർജനത്തിലും പരിസരവൃത്തിയിലും ഒരുപോലെ ശ്രദ്ധ ചെലുത്തുക.
  • ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും, മലവിസർജനത്തിന് ശേഷവും, ഭക്ഷണം പാചകം ചെയ്യുന്നതിന് മുമ്പും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
  • പഴങ്ങൾ, പച്ചക്കറികൾ എന്നിവ വൃത്തിയായി കഴുകി ഉപയോഗിക്കുക.
  • ആഹാരം വൃത്തിയായി പാകം ചെയ്ത് മാത്രം കഴിക്കുക, ഇടവേളകളിൽ മൂടിവെക്കുക, പഴകിയതും തുറന്നുവെച്ചിരിക്കുന്നതുമായ ഭക്ഷണ സാധനങ്ങൾ കഴിക്കാതിരിക്കുക.
  • തിളച്ച വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ. വെള്ളം അഞ്ചു മിനിറ്റോളം വെട്ടിത്തിളപ്പിക്കണം. തിളച്ച വെള്ളത്തിലേക്ക് തിളപ്പിക്കാത്ത വെള്ളം ഒഴിച്ച് ഉപയോഗിക്കാൻ പാടില്ല.
  • കുടിവെള്ള സ്രോതസ്സുകൾ ബ്ലീച്ചിങ് പൗഡർ, ക്ലോറിൻ ഗുളികകൾ ഉപയോഗിച്ച് ശുദ്ധീകരിക്കുക.
  • വീടും പരിസരവും ശുചിയായി സൂക്ഷിക്കണം.
  • തുറസ്സായ സ്ഥലത്ത് മലവിസർജനം ചെയ്യാതിരിക്കുക.
  • പഴകിയ ഭക്ഷണവും മാലിന്യവും അലക്ഷ്യമായി വലിച്ചെറിയരുത്.

കരുതൽ വേണം

രോഗം വരാതിരിക്കാൻ കരുതലുകൾ സ്വീകരിക്കുന്നതിനൊപ്പം രോഗം പിടിപെട്ടാൽ കൃത്യമായ ചികിത്സ തേടുകയും ചെയ്യുക. സ്വയം ചികിത്സിക്കാതിരിക്കുക. പകർച്ചവ്യാധികൾക്ക് കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ മറ്റുള്ളവരിലേക്ക് രോഗം പകരുമെന്ന ഓർമയുണ്ടാകണം.

Tags:    
News Summary - Common Monsoon Ailments and remedies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT