കാണികളെ കാത്തിരിക്കുന്ന കുട്ടി -സ്കൂൾ ഓർമകൾ പങ്കുവെച്ച് ഇന്ദ്രൻസ്

പാഠപുസ്തകങ്ങളെക്കാള്‍ ഞാന്‍ പഠിച്ചത് കഥാപാത്രങ്ങളെയാണ്. അവിടെ കാണികളെന്ന വിധികര്‍ത്താക്കള്‍ക്കുമുന്നില്‍ പരീക്ഷഫലം കാത്തിരിക്കുന്ന ഒരു കുട്ടിയാണിന്നും ഞാന്‍. 'ഉടലി'‍നെയും കുട്ടിച്ചായനെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോള്‍ വിജയകരമായി ഒരധ്യയന വര്‍ഷം പൂര്‍ത്തിയാക്കി സ്‌കൂളിന്റെ പടിയിറങ്ങുന്ന അധ്യാപകരുടെയും വിദ്യാർഥികളുടെയും ചാരിതാർഥ്യമാണ് ഞങ്ങള്‍ക്കും.

ഓർമവെച്ച കാലത്തേ സ്‌കൂളിന്റെ പടിയിറങ്ങിയ എനിക്ക് പറയാന്‍ മാത്രം അനുഭവങ്ങളോ സ്‌കൂള്‍ സൗഹൃദങ്ങളോ ഇല്ല. എങ്കില്‍കൂടി, വര്‍ഷങ്ങള്‍ക്കിപ്പുറം അഭിമാനത്തോടെ എന്നെ ചേര്‍ത്തുപിടിച്ച ഗുരുനാഥന്മാര്‍ എന്റെ മനസ്സിലെ മായാത്ത ഓർമയാണ്. ഒരു വിദ്യാര്‍ഥിക്കും വാക്കുകള്‍ കൊണ്ട് വർണിക്കാനാകാത്ത ഒരനുഭൂതിയാണത്. പതിറ്റാണ്ടുകള്‍ക്കുശേഷം ഒരു വിദ്യാര്‍ഥിയായിറങ്ങിയ സ്‌കൂള്‍ പടിക്കെട്ടുകളിലൂടെ കലാകായിക മേളകളുടെ മുഖ്യാതിഥിയായി നടന്നുനീങ്ങുന്ന ആ നിമിഷം, ഒരുപ​േക്ഷ ഞാന്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചുവരവ്, അത് വിലമതിക്കാനാകാത്തതാണ്.

നീണ്ട രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം സ്‌കൂളുകളും പഠനക്രമങ്ങളും പഴയരീതിയിലേക്ക് തിരിച്ചെത്തുകയാണ്. സ്വന്തം വിദ്യാലയമോ കൂട്ടുകാരെയോ ഒരു​നോക്കുപോലും നേരിട്ടുകാണാത്ത ഒത്തിരി കുരുന്നുകള്‍ ഉറ്റുനോക്കുന്ന സംഗമവേദിയായിത്തീരും ഈ അധ്യയന വര്‍ഷാരംഭം എന്ന് പ്രത്യാശിക്കുന്നു. സ്‌കൂള്‍ അങ്കണങ്ങള്‍ പുഞ്ചിരികളാല്‍ മുഖരിതമാകട്ടെ. അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നുനല്‍കുന്ന വിദ്യാലയമുറ്റത്തെത്തുന്ന എല്ലാ കുരുന്നുകള്‍ക്കും ഒരുപിടി നല്ല ഓര്‍മകളും അനുഭവങ്ങളും സൗഹൃദങ്ങളും നേട്ടങ്ങളുമൊത്തിണങ്ങിയ ഒരു നല്ല അധ്യയനവര്‍ഷം ആശംസിക്കുന്നു.

Tags:    
News Summary - Indrans Shares Memories of school Life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-26 12:34 GMT
access_time 2024-02-26 12:24 GMT