കേരളത്തിന്റെ ഭൂപടത്തിൽ അടയാളപ്പെടുത്തിയ ചില ചരിത്ര -സാംസ്കാരിക -വിനോദ സഞ്ചാര ഇടങ്ങൾ സന്ദർശിച്ച കൂട്ടുകാർ തയാറാക്കിയ കുറിപ്പും ചിത്രവും.
'ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിച്ചില്ലെങ്കിൽ നിങ്ങളുടെ വയലുകളിൽ പുല്ലും കളയും വളരും' -ജാതിയുടെ പേരിൽ കേരളത്തിൽ അലയടിച്ച കാലാതീതമായ ഈ മുദ്രാഗീതത്തിന്റെ ഉടമ അയ്യൻകാളി ജനിച്ചത് തിരുവനന്തപുരത്തുനിന്ന് പതിമൂന്ന് കിലോമീറ്റർ അകലെ വെങ്ങാനൂരിലാണ്. 1863ൽ ജനിച്ച കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖനായ അദ്ദേഹത്തിന്റെ സ്മാരകം ഇവിടെ സ്ഥിതിചെയ്യുന്നു. അയ്യങ്കാളി അന്ത്യവിശ്രമം കൊള്ളുന്ന സ്മാരകം പാഞ്ചജന്യം എന്നറിയപ്പെടുന്നു.
അദ്ദേഹത്തിന്റെ ജന്മദിനമായ ആഗസ്റ്റ് 28 അയ്യൻകാളി ജയന്തിയായി ആഘോഷിക്കുന്നു. 1937 ൽ വെങ്ങാനൂരിൽവെച്ചായിരുന്നു ഗാന്ധിജിയും അയ്യൻകാളിയും തമ്മിൽ കണ്ടുമുട്ടിയത്. ഗാന്ധിജി ആയിരുന്നു അയ്യൻകാളിയെ 'പുലയരാജ' എന്നു വിശേഷിപ്പിച്ചത്. 1907 ൽ സാധുജന പരിപാലനയോഗം അയ്യൻകാളി രൂപവത്കരിച്ചു. സ്മാരകത്തിനു ചുറ്റുമായി ശിലാഫലകത്തിൽ അയ്യൻകാളിയുടെ സംഭാവനകൾ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
സ്മാരകത്തിനടുത്തായി അദ്ദേഹം ദലിതർക്കായി സ്ഥാപിച്ച കുടിപ്പള്ളിക്കൂടം സ്ഥിതിചെയ്യുന്നു. ഇവിടെ നാട്ടുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കോടതിയും പ്രവർത്തിച്ചിരുന്നു. സ്മാരകം സന്ദർശിച്ച അവസരത്തിൽ അദ്ദേഹത്തിന്റെ വില്ലുവണ്ടി ഓടിച്ചിരുന്ന ചണ്ടി കൊച്ചാപ്പി ആശാന്റെ ചെറുമകനെ പരിചയപ്പെടാൻ ഇടയായി. അദ്ദേഹം അക്കാലത്തെ ചില സാമൂഹിക വ്യവസ്ഥിതികൾ ഓർമപ്പെടുത്തി. ഉപജാതികൾക്കതീതമായി ചിന്തിക്കുക, സമൂഹത്തിലെ ക്രൂരമായ അനാചാരങ്ങളെ എതിർക്കുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹിക സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനാശയങ്ങൾ. 1912 ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായ അദ്ദേഹം കർഷകരുടെ ഉന്നമനത്തിനു വേണ്ടിയും സർക്കാർ സർവിസിൽ അധഃകൃതരെ പ്രവേശിപ്പിക്കുന്നതിനുവേണ്ടിയും വാദിച്ചു. 1941 ജൂൺ 18 ന് അയ്യൻകാളി അന്തരിച്ചു.
കേരളത്തിന്റെ ചരിത്രത്തിൽ വലിയ പ്രാധാന്യമുള്ള സ്ഥലമാണ് കാപ്പാട്. കോഴിക്കോട് കൊയിലാണ്ടിക്ക് സമീപമാണ് ഈ കടൽത്തീരം. 1498ൽ യൂറോപ്യൻ സഞ്ചാരിയായ വാസ്കോഡ ഗാമ കപ്പലിറങ്ങിയത് കാപ്പാട് കടപ്പുറത്താണ്. അവിടെയെത്തുമ്പോൾ പാഠപുസ്തകത്തിലൂടെ അറിഞ്ഞ ആ കാര്യങ്ങളെല്ലാം മനസിലേക്കെത്തി.
ചരിത്ര പ്രാധാന്യമുള്ള ഈ സ്ഥലം കുറച്ചുകൂടി നന്നായി സംരക്ഷിക്കേണ്ടത് ആവശ്യമാണ് എന്ന് തോന്നി. ചരിത്ര പ്രാധാന്യമുള്ള സ്ഥലം എന്നതിനപ്പുറം കൂട്ടുകാർക്ക് ദൃശ്യവിരുന്നൊരുക്കുന്ന പാറക്കെട്ടുകളും കടൽത്തീരവും ഇവിടെ കാണാനാകും. കേരളത്തിന്റെ ചരിത്രത്തിൽ അഭിമാനമാകുന്ന സ്ഥലമാണ് കോഴിക്കോട് കാപ്പാട് കടപ്പുറം. 2020-ൽ പരിസ്ഥിതിസൗഹൃദ ബീച്ചുകൾക്ക് നൽകുന്ന രാജ്യാന്തര ബ്ലൂഫ്ളാഗ് സർട്ടിഫിക്കറ്റ് കാപ്പാട് തീരത്തിനും ലഭിച്ചിരുന്നു.
എറണാകുളം ജില്ലയിൽ കൊച്ചി നഗരത്തിലാണ് മംഗളവനം. നിറയെ മരങ്ങളും കണ്ടൽക്കാടുകളും ചെടികളുമെല്ലാം തിങ്ങിനിറഞ്ഞുകിടക്കുന്നുണ്ട് അവിടെ. ഒരുപാട് പക്ഷികൾ പാറിപ്പറന്ന് നടക്കുന്നുണ്ടായിരുന്നു. ചിലത് മരക്കൊമ്പത്തിരുന്ന് ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു.
ചിലത് താഴെയിറങ്ങി വെള്ളംകുടിക്കുന്നുണ്ടായിരുന്നു. 32 ഇനത്തിലധികം പക്ഷികളുണ്ട് മംഗളവനത്തിലെന്ന് എഴുതിവെച്ചത് കണ്ടു. ധാരാളം പൂമ്പാറ്റകളും തുമ്പികളും പാറിപ്പറന്ന് നടക്കുന്നുണ്ട് ചുറ്റിലും. ഒരുതവണ കണ്ടാൽ ഇവിടെനിന്ന് തിരിച്ചുപോരാൻ തോന്നില്ല.
ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തി ഗ്രാമത്തിലെ വയൽവാരം വീട് കണ്ടു. നമ്മെ 'ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്നുപഠിപ്പിച്ച ആ മഹാത്മാവിന്റെ ഭൂമിയിലൂടെ നടക്കുമ്പോൾ ജീവിതം ധന്യമാകുന്നപോലെ...
ജാതിവ്യവസ്ഥകളും തീണ്ടലും തൊടീലും അന്ധവിശ്വാസങ്ങളും കാരണം പിന്നാക്ക വിഭാഗക്കാർ പലതരത്തിലുള്ള സാമൂഹിക അനീതികൾ അനുഭവിച്ചിരുന്ന കാലഘട്ടത്തിലാണ് ശ്രീനാരായണ ഗുരുവിന്റെ ജനനം. കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശ്രീനാരായണഗുരു തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിലെ വയൽവാരം വീട്ടിൽ 1856 ആഗസ്റ്റ് 20ന് ജനിച്ചു. മാടനാശാൻ, കുട്ടിയമ്മ എന്നിവരാണ് മാതാപിതാക്കൾ. സ്കൂൾ പഠനത്തിന് പുറമെ പിതാവും അമ്മാവനും തമിഴ്, സംസ്കൃതം, പരമ്പരാഗത വിഷയങ്ങൾ എന്നിവയിൽ അറിവ് പകർന്നു. ഉപരിപഠനത്തിനായി കുമ്മമ്പള്ളി രാമൻപിള്ള ആശാന്റെ കീഴിൽ ചേർന്നു. പഠനം പൂർത്തിയാക്കിയതിന് ശേഷം വീടിന് സമീപത്തെ വിദ്യാലയത്തിൽ അധ്യാപകനായി, അങ്ങനെ നാണുവാശാനായി. അണിയൂർ ക്ഷേത്രത്തിൽവെച്ച് ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടി. ചട്ടമ്പിസ്വാമികൾ നാണുവാശാനെ തന്റെ ഗുരുവായ തൈക്കാട് അയ്യയുടെ അടുത്തെത്തിച്ചു. തൈക്കാട് അയ്യയിൽനിന്ന് യോഗയുടെ പാഠങ്ങൾ അഭ്യസിച്ചു.
തുടർന്ന് മരുത്വാമലയിലേക്ക് പോയി (ഇപ്പോഴത്തെ കന്യാകുമാരി ജില്ലയിൽ). അവിടെ പിള്ളത്തടം ഗുഹയിൽ താമസിച്ച് വർഷങ്ങൾ നീണ്ട ഏകാന്തജീവിതവും ധ്യാനവും നടത്തി. അതിലൂടെ അദ്ദേഹത്തിന് ആത്മീയോന്നതി പ്രാപ്തമായി.
അവർണർക്ക് ആരാധന നടത്തുന്നതിന് 1888ൽ നെയ്യാറിന്റെ തീരത്തെ അരുവിപ്പുറത്ത് ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തി. അരുവിപ്പുറം വിപ്ലവം എന്നും ഈ സംഭവം വിശേഷിപ്പിക്കപ്പെട്ടു. നൂറ്റാണ്ടുകളായി അധ:കൃത സമുദായാംഗങ്ങൾ ക്ഷേത്രപ്രവേശനം നിഷിദ്ധമാക്കിയിരുന്ന വ്യവസ്ഥകളും വിശ്വാസങ്ങളുമാണ് ഗുരു തെന്റ പ്രതിഷ്ഠയിലൂടെ തച്ചുതകർത്തത്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരദ്വേന വാഴുന്ന മാതൃക സ്ഥാനമാണ് അരുവിപ്പുറത്ത് ഗുരു വിഭാവനം ചെയ്തത്. കേരളത്തിലുടനീളം ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ ക്ഷേത്രപ്രതിഷ്ഠകൾ നടത്തി. ഇപ്രകാരം പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിൽനിന്ന് ഗുരുവിന്റെ സന്ദേശം കേരളമൊട്ടാകെ പ്രചരിച്ചു. വിഗ്രഹ പ്രതിഷ്ഠയിലൂടെ സാമൂഹിക വിപ്ലവത്തിന് തിരികൊളുത്തിയ നാരായണഗുരു ഒരിക്കൽ പറഞ്ഞു ഇനി ക്ഷേത്രനിർമാണമല്ല നല്ല വിദ്യാലയം നിർമാണമാണ് ജനതക്ക് വേണ്ടതെന്ന്. പ്രധാന ദേവാലയം വിദ്യാലയമാകണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണഗുരു സന്ദർശിച്ചിട്ടുള്ള ഏക വിദേശരാജ്യം ശ്രീലങ്കയാണ്.1920ലെ ജന്മദിനത്തിൽ ശ്രീനാരായണ ഗുരു നൽകിയ സന്ദേശമാണ് 'മദ്യം വിഷമാണ് അതുണ്ടാക്കരുത് വിൽക്കരുത്'. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ 1924ൽ ആലുവയിൽ അദ്വൈതാശ്രമത്തിൽ സർവമത സമ്മേളനം നടന്നു. ശ്രീിനാരായണ ഗുരു ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം ലോകത്തിന് നൽകിയത് സർവമത സമ്മേളനത്തിൽവെച്ചാണ്. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ മലയാളി ശ്രീനാരായണഗുരുവാണ്.
സ്വദേശാഭിമാനിയുടെ ഓർമയിൽ
തിരുവനന്തപുരം പാളയത്തെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകത്തിലെത്തുമ്പോൾ വാക്കുകൾകൊണ്ട് പോരാടിയ ആ പ്രതിഭാധനനെക്കുറിച്ച് ഓർത്തുപോയി.
1978 മേയ് 25ന് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര കൂടില്ലാവീട്ടിൽ ജനിച്ചു. അച്ഛൻ നരസിംഹൻ പോറ്റി, അമ്മ ചക്കിയമ്മ. അഭിഭാഷകനായ അമ്മാവൻ കേശവപിള്ളയാണ് രാമകൃഷ്ണനെ പഠിപ്പിച്ചത്. ഇന്നത്തെ യൂനിവേഴ്സിറ്റി കോളജായ തിരുവനന്തപുരം മഹാരാജാസ് കോളജിൽ പഠിക്കുന്ന സമയത്തുതന്നെ കേരളദർപ്പണം, കേരള പഞ്ചിക, മലയാളി കേരളൻ എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു. 1906 ജനുവരി 17ന് വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ക്ഷണപ്രകാരം സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു.
രാഷ്ട്രമീമാംസയുമായി ബന്ധപ്പെട്ട പല ആധുനിക ആശയങ്ങളും ആദ്യമായി മലയാളത്തിൽ അവതരിപ്പിക്കുന്നത് രാമകൃഷ്ണപിള്ളയാണ്. പൊതുജനം, സമുദായം, സ്വത്തവകാശം, ഭരണവ്യവസ്ഥിതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് രാമകൃഷ്ണപിള്ള ആനുകാലികങ്ങളിൽ എഴുതിയിരുന്നു. രാജാവിനെയും ഉദ്യോഗസ്ഥവൃന്ദത്തെയും വിമർശിക്കുന്ന രാമകൃഷ്ണപിള്ളയുടെ രാഷ്ട്രീയ ലേഖനങ്ങൾ തിരുവിതാംകൂറിൽ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.
തിരുവിതാംകൂറിലെ രാജാധികാരത്തെ ചോദ്യംചെയ്തുകൊണ്ട് സ്വദേശാഭിമാനിയുടെ താളുകളിൽ സർക്കാറിന്റെ അഴിമതിയും ഭരണവൈകല്യങ്ങളും വിമർശന വിധേയമാക്കി. തിരുവിതാംകൂർ ദിവാനായിരുന്ന പി. രാജഗോപാലാചാരിക്കെതിരെയുള്ള നിരന്തരവിമർശനങ്ങളെ തുടർന്ന് 1910ൽ പത്രം കണ്ടുകെട്ടാനും രാമകൃഷ്ണപിള്ളയെ നാടുകടത്താനും തീരുമാനിക്കുകയുണ്ടായി. തുടർന്ന് തിരുനെൽവേലിയിലേക്ക് നാടുകടത്തി. പത്രം നിരോധിച്ച് പ്രസും ഉപകരണങ്ങളും കണ്ടുകെട്ടി. തിരുവിതാംകൂറിൽനിന്ന് നാടുകടത്തപ്പെട്ട രാമകൃഷ്ണപിള്ള ഭാര്യയുമൊന്നിച്ച് മദ്രാസ്, പാലക്കാട് പ്രദേശങ്ങളിൽ സഞ്ചരിച്ചശേഷം കണ്ണൂരിൽ താമസമാക്കി. ഇക്കാലത്ത് രചിച്ച കൃതിയാണ് 'എന്റെ നാടുകടത്തൽ'.
പത്രപ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള ആദ്യത്തെ മലയാളം കൃതിയായ 'വൃത്താന്ത പത്രപ്രവർത്തനം' രചിച്ചത് രാമകൃഷ്ണപിള്ളയാണ്. ഇന്ത്യയിലെ ഏതെങ്കിലും ഒരു ഭാഷയിലേക്ക് ആദ്യമായി കാൾ മാർക്സിന്റെ ജീവചരിത്രം മലയാളത്തിൽ വിവർത്തനം ചെയ്തതും രാമകൃഷ്ണപിള്ളയാണ്.
1916ൽ കണ്ണൂരിലാണ് അദ്ദേഹം അന്തരിച്ചത്. അന്ത്യവിശ്രമം പയ്യാമ്പലം കടപ്പുറത്ത്. രാമകൃഷ്ണപിള്ളയെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മ എഴുതിയ ജീവചരിത്രമാണ് 'വ്യാഴവട്ട സ്മരണകൾ'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.