തിരുവനന്തപുരത്ത് താമസിക്കുന്ന അപ്പൂപ്പന് അസഹ്യമായ പല്ലുവേദന. പെയിൻകില്ലർ കഴിച്ചാണ് ആശ്വസിക്കുന്നത്. മറ്റു പല്ലുകളിലേക്കുകൂടി വേദന പടർന്നപ്പോൾ കോഴിക്കോട്ടെ ദന്തഡോക്ടറായ മരുമകളെ വിവരമറിയിച്ചു. പല്ലിന്റെ ഫോട്ടോ അയച്ചുകൊടുത്തു. മരുമകൾ ഉടൻതന്നെ വിളിച്ച് കാര്യത്തിന്റെ ഗൗരവം അറിയിച്ചു. എന്നാൽ, ആശുപത്രിയിൽ പോയി പല്ലെടുക്കാൻ അപ്പൂപ്പന് യാതൊരു താൽപര്യവുമില്ല. ഇതറിഞ്ഞ പേരക്കുട്ടി ഉടനെ തന്നെ ഫോണെടുത്തു. അവൾ അപ്പൂപ്പനെ വിളിച്ച് ശരിക്ക് വഴക്കു പറഞ്ഞു.
‘‘അപ്പൂപ്പാ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം. അല്ലേൽ പിന്നെ ഓപറേഷൻ ചെയ്യേണ്ടിവരും.’’
‘‘സാരമില്ല മക്കളേ. ഞാനുപ്പം വെള്ളം പിടിക്കുന്നുണ്ട്. കൊറഞ്ഞോളും.’’
‘അപ്പൂപ്പാ, നിർബന്ധം പിടിക്കല്ലേ. പിന്നീട് സീനാവും ട്ടോ...’’
അപ്പൂപ്പൻ ഞെട്ടി. ഞെട്ടാതിരിക്കുമോ? പല്ലെടുത്തില്ലേൽ സീനാവുമെന്ന് പേരക്കുട്ടി പറഞ്ഞത് മനസ്സിലാകാതെ ഒരു നിമിഷം അപ്പൂപ്പൻ നിശ്ശബ്ദനായി.
പത്താം ക്ലാസിൽ ഇക്കൊല്ലം പരീക്ഷ എഴുതേണ്ട കൊച്ചുമോള് ‘എന്നതാ’ പറഞ്ഞേ എന്ന് ആലോചിച്ച് ആലോചിച്ച് അദ്ദേഹം ചാരുകസേരയിൽ പോയി കിടന്നു. അപ്പോഴും പല്ലു വേദനിച്ചുകൊണ്ടേയിരുന്നു.
പ്രശ്നമാകും, ഗുരുതരമാകും, കൈവിട്ടുപോകും കാര്യങ്ങൾ എന്നീ അർഥത്തിൽ ഇപ്പോൾ നമ്മുടെ യുവത പ്രയോഗിച്ചുവരുന്ന ഒരു പദമാണ് സീനാകും എന്നത്.
കുറച്ചുകാലം മുമ്പായിരുന്നേൽ കൊളമാകും, കൊളാവും, പുലിവാലു പിടിക്കും, പുലിവാലു പിടിച്ചു എന്നൊക്കെ പ്രയോഗിക്കുമായിരുന്നു.
ഒരു പ്രശ്നം ഉണ്ടാകുമെന്നും ആ പ്രശ്നം ഗുരുതരമാകുമെന്നും ആ സാഹചര്യം കൈവിട്ടുപോകുമെന്നും കാണിക്കാനാണ് ഇപ്പോൾ ഈ പദം ഉപയോഗിക്കുന്നത്.
കൂട്ടുകാർ തമ്മിൽ സംസാരിക്കുമ്പോൾ പെട്ടെന്ന് ദേഷ്യത്തിൽ എന്തോ പറഞ്ഞ് വാക്കുതർക്കമുണ്ടായി. പ്രശ്നം രൂക്ഷമാകുമ്പോൾ ‘ആകെ സീനായി’ എന്ന് ആ സന്ദർഭത്തിന്റെ ഗൗരവാവസ്ഥ സൂചിപ്പിക്കാനായി പറയാറുണ്ട്.
‘‘ഓ, ഇന്ന് സീനാവും. കാരണം ഇവൻ ഹോം വർക്ക് ചെയ്തില്ല.’’
‘‘എടാ പ്രിൻസിപ്പാള്‍ അവനെ പൊക്കി. ആകെ സീനായി...’’
ഇത്തരം പ്രയോഗങ്ങൾ ഒന്നുമറിയാതെ നമ്മുടെ പാവം മുത്തച്ഛൻ ചാരുകസേരയിൽനിന്ന് മെല്ലെ എഴുന്നേറ്റു. അപ്പോഴാണ് മുറ്റത്ത് സ്പീഡിൽ സൈക്കിളോടിച്ചുകൊണ്ടിരുന്ന അയൽപക്കത്തെ കുട്ടിയെ കണ്ടത്; അദ്ദേഹം മനസ്സിൽ പറഞ്ഞിരിക്കുമോ? സീനാവുമെന്ന്!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.