നാടകം ഇഷ്ടമല്ലേ കൂട്ടുകാർക്ക്. എന്നാൽ ഒരു 'ഗണിത നാടകം' പരിചയപ്പെട്ടാലോ. ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്യാം.
കഥാപാത്രങ്ങൾ: അച്ഛൻ, അമ്മ, ഉണ്ണിക്കുട്ടൻ, മാഷ്
(ഉണ്ണിക്കുട്ടന്റെ വീട്. അമ്മ എന്തോ കറിക്കരിയുന്നു. അച്ഛൻ പ്രവേശിക്കുന്നു)
അച്ഛൻ: ഉണ്ണിക്കുട്ടൻ സ്കൂളിൽനിന്ന് വന്നില്ലേ?
അമ്മ: വന്നു. ക്രിക്കറ്റ് ബാറ്റുമെടുത്തുകൊണ്ട് അന്നേരം പോയതാ.
അച്ഛൻ: എപ്പോഴുമിങ്ങനെ കളിക്കാൻ വിടരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ?
അമ്മ: മുഴുവൻ കേൾക്ക്. ആളിന്നു വലിയ സന്തോഷത്തിലാ.
അച്ഛൻ: എന്തുണ്ടായി?
അമ്മ: കണക്കിന് അമ്പതിൽ അമ്പതു മാർക്ക്.
അച്ഛൻ: ഓഹോ. മൂന്നും നാലും വാങ്ങിച്ചോണ്ടിരുന്നവൻ ഇതെങ്ങനെ ഒപ്പിച്ചെടുത്തു?
അമ്മ: അവനു ബുദ്ധിയുണ്ടെന്നേ. ക്ലാസിൽ അമ്പതിൽ അമ്പതു വേറാർക്കുമില്ല. മോളേത്തേ ഗ്രേസിയുടെ മോൾക്ക് 18. കിഴക്കേലെ അശ്വിന് ട്യൂഷനുണ്ടായിട്ട് കിട്ടിയത് മുപ്പത്തിരണ്ടാ. എന്നും 'ഫസ്റ്റ് മേടിക്കുന്നവളാണേ കാർത്തിക. അച്ഛൻ കണക്കുസാറായിട്ടു കൂടി അവൾക്കു കിട്ടിയത് നാൽപത്തിമൂന്ന്.
(ഉണ്ണിക്കുട്ടൻ പ്രവേശിക്കുന്നു)
അച്ഛൻ: മോനെത്ര മാർക്കാ കണക്കിന്?
ഉണ്ണി: അമ്പതിൽ അമ്പത്.
അച്ഛൻ: മിടുക്കൻ.
അമ്മ: ദേഹത്തു വിയർപ്പാ. പോയി കുളിക്ക്.
ഉണ്ണി: അമ്മേ കുളിച്ചിട്ട് ഞാനിച്ചിരി നേരം ടി.വി കണ്ടോട്ടെ.
അമ്മ: പിന്നെന്താ മോൻ കണ്ടോ.
അച്ഛൻ: എഴുതി വിറ്റിട്ടായാലും മതി മോനെ ഒരു ഡോക്ടറാക്കണം.
അമ്മ: അതാ എന്റെയും ആശ.
അച്ഛൻ: കാർഡിയോളജി വേണോ, ഇ.എൻ.ടി വേണോ?
അമ്മ: കാർഡിയോളജി ആയിക്കോട്ടെ.
അച്ഛൻ: വിദേശത്തൊക്കെ പോയി പഠിച്ചെങ്കിലേ ഡോക്ടർമാർക്കൊരു വിലയുള്ളൂ. ആശുപത്രിയിൽ ബോർഡു വെച്ചിരിക്കുന്നതു കണ്ടിട്ടില്ലേ. നല്ല ഡോക്ടർമാരുടെ പേരു കഴിഞ്ഞ് പത്തിരുപത്തിയാറ് അക്ഷരങ്ങൾ കാണും.
അമ്മ: നമുക്ക് വിറ്റുപെറുക്കിയോ പണയപ്പെടുത്തിയോ അവനെ പഠിപ്പിക്കണം.
അച്ഛൻ: അവന് ഡോക്ടറാവാനാണോ ഇഷ്ടം? അതോ-
അമ്മ: നമ്മളങ്ങു തറപ്പിച്ചു പറഞ്ഞാമതി. അവൻ കേൾക്കും.
(ഉണ്ണിക്കുട്ടൻ കുളി കഴിഞ്ഞുവരുന്നു)
അച്ഛൻ: മോനെ ഞങ്ങൾ ചില പ്ലാനൊക്കെ ഇടുവാ.
ഉണ്ണി: എനിക്കും ചില പ്ലാനൊക്കെയുണ്ട്.
അമ്മ: അതെന്തുവാ?
ഉണ്ണി: എനിക്ക് നെറ്റുള്ള ഒരു ഫോൺ വേണം. ഒരു സൈക്കിളും വേണം.
അച്ഛൻ: രണ്ടും അച്ഛനേറ്റു. ഇതുപോലങ്ങു മാർക്കു മേടിക്കാമോ?
ഉണ്ണി: ഫുൾ മാർക്കും വാങ്ങിയിരിക്കും. ഒരു മാർക്കുപോലും കുറയില്ല.
അമ്മ: അതു കേട്ടാമതി.
അച്ഛൻ: (അമ്മയോട്) ഇപ്പോൾ കാശുണ്ടോ ഫോൺ വാങ്ങാൻ?
അമ്മ: (കൈയിൽ കിടന്ന രണ്ടു വള ഊരിക്കൊടുക്കുന്നു) ഇതു പണയം വെച്ചോളൂ.
(അച്ഛനും അമ്മയും കൂടി ഉണ്ണിക്കുട്ടന്റെ കൈയിലും കാലിലും പിടിച്ചുയർത്തി തൊട്ടിലാട്ടുന്നു. അവർ 'ഉണ്ണി വാവേ....' പാടുന്നു).
(രംഗം മാറുന്നു. വേറൊരു ദിവസം അച്ഛനും മാഷും എതിർദിശയിൽ നടന്നുവരുന്നു)
അച്ഛൻ: മാഷെങ്ങോട്ടാ?
മാഷ്: നടക്കാനിറങ്ങി.
അച്ഛൻ: ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല മാഷേ. മോനത്രയും-
മാഷ്: രക്ഷകർത്താക്കൾ ഓർക്കേണ്ട ഒന്നുണ്ട്. മാർക്ക് അൽപം കുറഞ്ഞതുകൊണ്ട് കുട്ടി മണ്ടനാണെന്നു കരുതരുത്. മാർക്ക് ബുദ്ധിശക്തിയുടെ അളവുകോലല്ല.
അച്ഛൻ: ശരിയാ മാഷേ. എന്റെ മോൻ തന്നെ ഉദാഹരണം.
മാഷ്: അൽപം കൂടി ശ്രദ്ധിക്കുക.
അച്ഛൻ: അവൻ സ്വയം പഠിച്ചുകൊള്ളും മാഷേ. ആരും കൂട്ടിരിക്കേണ്ട.
മാഷ്: നല്ലത്. കോരിക്കൊടുക്കുകയല്ല, വാരിത്തിന്നുകയാണ് വേണ്ടത്.
അച്ഛൻ: എല്ലാ വിഷയങ്ങൾക്കും ഫുൾ മാർക്കു വാങ്ങിക്കാമെന്നേറ്റിരിക്കുവാ.
മാഷ്: കുട്ടികൾക്ക് ആത്മവിശ്വാസമുണ്ടാകുന്നതു നല്ലതുതന്നെ.
അച്ഛൻ: എന്നാലും അവൻ അമ്പതിൽ അമ്പതു മാർക്കു വാങ്ങുമെന്നു ഞാൻ കരുതിയില്ല മാഷെ.
മാഷ്: അമ്പതിൽ അമ്പതോ?
അച്ഛൻ: അതെ.
മാഷ്: ഉണ്ണിക്കുട്ടനോ?
അച്ഛൻ: അതേ. എന്താ അത്രയുമില്ലേ?
മാഷ്: ഉണ്ണിക്കുട്ടന് ഒരു മാർക്കാണ് കിട്ടിയത്.
അച്ഛൻ: ങേ!!!
(തലചുറ്റി വീഴാൻ തുടങ്ങുന്നു. മാഷ് താങ്ങിപ്പിടിക്കുന്നു)
(രംഗം മാറുന്നു. അതേ ദിവസം. അച്ഛൻ രംഗത്തേക്കോടിക്കയറി അങ്ങോട്ടുമിങ്ങോട്ടും അസ്വസ്ഥനായി നടക്കുന്നു).
അച്ഛൻ: ഉണ്ണിക്കുട്ടാ.... എവിടെ അവൻ?.... എടീ അവനെവിടെപ്പോയെന്ന്?
അമ്മ: (പ്രവേശിക്കുന്നു) എന്താ, എന്തുണ്ടായി?
അച്ഛൻ: വിളിക്കവനേ. അവന്റെയൊരു മൊബൈലും സൈക്കിളും... എല്ലാം ഞാനിന്നടിച്ചുപൊട്ടിക്കും.
അമ്മ: നിങ്ങളു കാര്യം പറ.
അച്ഛൻ: കേട്ടോ. കണക്കിനു തോറ്റു.
അമ്മ: (നെഞ്ചത്തൊരിടി) എന്റെ ദൈവമേ!
ഉണ്ണിക്കുട്ടൻ പ്രവേശിക്കുന്നു. രംഗം കണ്ട് പരുങ്ങുന്നു:
അച്ഛൻ: ഇവിടെ വാടാ. എടാ ഇങ്ങടുത്തു വരാൻ.
(അമ്മയോട്) നീ അകത്തുപോയി ഒരു വടിയെടുത്തു കൊണ്ടുവാ.
അമ്മ: എടാ മോനേ, നീ കണക്കിനു തോറ്റോ?
അച്ഛൻ: ഇല്ല ജയിച്ചു. അവന്റെ മാർക്കു കേൾക്കണോ നിനക്ക്. ഒന്ന്.
അമ്മ: ഒരു മാർക്കോ? ഞാനെന്തായീ കേൾക്കുന്നത്? ആർക്കോ തെറ്റിയതായിരിക്കും.
അച്ഛൻ: അവന്റെ സാറാ പറഞ്ഞത്.
അച്ഛൻ: കള്ളം പറഞ്ഞ് മിടുക്കുകാണിക്കാൻ നടക്കുന്നു.
അമ്മ: മാർക്കു കുറഞ്ഞതല്ല. കള്ളം പറഞ്ഞതിലാ എനിക്കു വിഷമം. (അകത്തുപോയി വടിയുമായി വരുന്നു).
അച്ഛൻ: നിന്റെ പരീക്ഷാ പേപ്പറെവിടെ?
ഉണ്ണി: എന്റെ കൈയിലുണ്ട്.
അച്ഛൻ: നിനക്കെത്ര മാർക്കാ കിട്ടിയത്?
ഉണ്ണി: ഒന്ന്.
അച്ഛൻ: അതെങ്ങനെ അമ്പതിൽ അമ്പതായി?
(ഉണ്ണി 50/50=1 എന്നെഴുതി പ്ലക്കാഡ് ഉയർത്തി കാണിക്കുന്നു).
50/50 = 1
അച്ഛൻ: അമ്പതിൽ അമ്പത് സമം ഒന്നോ?
ഉണ്ണി: 5/5 = 1 10/10 = 1 എന്നൊക്കെ സാറു പഠിപ്പിച്ചിട്ടുണ്ട്. അപ്പോൾ 50/50 = 1 അല്ലേ?
അച്ഛൻ: അതുകൊണ്ട്?
ഉണ്ണി: അതുകൊണ്ട് ഒരു മാർക്കുള്ള ഞാൻ 50/50 മാർക്കുണ്ടെന്നു പറഞ്ഞു.
അമ്മ: (എന്തോ ഓർത്തിട്ടെന്നപോലെ) ശോശാമ്മ ടീച്ചർ എന്നെയും അങ്ങനാ പഠിപ്പിച്ചത്.
അച്ഛൻ: എന്നെ അപ്പു മാഷും അങ്ങനാ പഠിപ്പിച്ചത്.
(അച്ഛനും അമ്മയും ഉണ്ണിക്കുട്ടനും രംഗത്തു വലംവെച്ചു പാടുന്നു).
അമ്പതിലമ്പത് ഒന്നാണേ
ഒന്നെന്നാലമ്പതിലമ്പതാണേ
ഉണ്ണിക്കുട്ടനു ഡോക്ടറാവാം
അമ്പതിലമ്പതു മാർക്കുണ്ടേ.
(മാഷ് പ്രവേശിക്കുന്നു)
മാഷ്: പാട്ടുകേട്ടു കേറിയതാ. 50/50 = 1 ശരിതന്നെ. എന്നാൽ, ഉണ്ണിക്കുട്ടനു കിട്ടിയ മാർക്ക് 1/50 ആണ്. 1/50 എങ്ങനെ 50/50നു തുല്യമാകും?
(എല്ലാവരും മിഴിച്ചുനിൽക്കുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.