പാഠപുസ്തകങ്ങൾ മാത്രമല്ല, എല്ലാ പുസ്തകങ്ങളും വായിക്കണം. കൂട്ടുകാർ നിർബന്ധമായും വായിച്ചിരിക്കേണ്ട കുറച്ചുപുസ്തകങ്ങൾ വെളിച്ചം നേരത്തേ പരിചയപ്പെടുത്തിയല്ലോ. ഇനി മറ്റു ചില പുസ്തകങ്ങൾ കൂടി പരിചയപ്പെടുത്താം. നല്ല വ്യക്തിയെ, നല്ല സമൂഹത്തെ സൃഷ്ടിക്കാൻ ഓരോ പുസ്തകത്തിനും സാധിക്കും. കൂട്ടുകാരിൽ വായനശീലം വളർത്താനും നല്ല പൗരന്മാരാകാനും സഹായിക്കുന്ന പുസ്തകങ്ങളാണ് ഇവയെല്ലാം.
ഗ്രാമീണപശ്ചാത്തലമുള്ള കുടുംബത്തിലെ കൊച്ചുകുട്ടിയുടെ കാഴ്ചപ്പാടിലൂടെ വിവരിക്കുന്ന ലളിതമായ നോവലാണ് ഉണ്ണിക്കുട്ടന്റെ ലോകം. നന്തനാരുടേതാണ് കൃതി. ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടൻ സ്കൂളിൽ, ഉണ്ണിക്കുട്ടൻ വളരുന്നു എന്നീ കൃതികളുടെ സമാഹാരമാണ് ഉണ്ണിക്കുട്ടന്റെ ലോകം.
അമേരിക്കൻ സാഹിത്യത്തിലെ ഏറ്റവും ശ്രേഷ്ഠമായ നോവലാണ് മോബി ഡിക്ക്. ലോകസാഹിത്യത്തിലെ ക്ലാസിക് കൃതികളിലൊന്ന്. സാഹസികതയെ അത്രമേൽ തീവ്രമായി ആവിഷ്കരിച്ച കൃതിയാണ് ഹെർമൻ മെൽവിെൻറ ലോകസാഹിത്യത്തിലെ ക്ലാസിക് കൃതികളിലൊന്നായ മോബി ഡിക്ക്. തന്റെ കാലുമുറിച്ച് കടന്നുകളഞ്ഞ മോബി ഡിക്ക് എന്ന തിമിംഗലത്തെ തേടിയുള്ള ക്യാപ്റ്റൻ അഹബിെൻറ സാഹസികയാത്രയാണ് നോവലിെൻറ ഇതിവൃത്തം. തിമിംഗല വേട്ടയിലെ ആവേശവും ഭയാനകമായ അപകടസാധ്യതകളും വളരെ തന്മയത്വത്തോടെ ഈ നോവലിൽ അവതരിപ്പിക്കുന്നു.
ആർ.കെ. നാരായണൻ എന്ന ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരന് ലോകപ്രശസ്തി നൽകിയ പുസ്തകമാണ് മാൽഗുഡി ഡെയ്സ്. തെക്കേ ഇന്ത്യയിലെ സാങ്കൽപിക പട്ടണമായ മാൽഗുഡിയെ കേന്ദ്രീകരിച്ചുള്ള കഥകളാണ് ഇവ. 1943ൽ ഇന്ത്യൻ തോട്ട് പബ്ലിക്കേഷൻസ് ആണ് മാൽഗുഡി ഡെയ്സ് പ്രസിദ്ധീകരിച്ചത്. 1982ൽ ഇത് ഇന്ത്യക്ക് പുറത്തേക്കും പ്രസിദ്ധീകരിച്ചു. മാൽഗുഡി എന്ന സാങ്കൽപിക ഗ്രാമത്തിെൻറ പശ്ചാത്തലത്തിൽ 29 നോവലുകളും നിരവധി ചെറുകഥകളും ആർ.കെ. നാരായണൻ എഴുതി.
ലോകസാഹിത്യത്തിലെ എക്കാലത്തെയും ക്ലാസിക്കുകളിൽ ഒന്നാണ് റോബിൻസൺ ക്രൂസോ. ഇംഗ്ലീഷ് പത്രപ്രവർത്തകനും നോവലിസ്റ്റും ലേഖകനുമായ ഡാനിയൽ ഡീഫോ ആണ് ഈ ഗ്രന്ഥത്തിെൻറ കർത്താവ്. 25 ഏപ്രിൽ 1719ലാണ് നോവൽ പുറത്തിറങ്ങിയത്. ദ്വീപിൽ ഏകനായി അഞ്ചുവർഷത്തോളം ജിവിച്ച റോബിൻസൺ ക്രൂസോ എഴുതുന്ന ഒരു ഡയറിയുടെ രൂപത്തിലാണ് കഥ. ഇൗ നോവൽ ആധാരമാക്കി നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്.
മലയാള സാഹിത്യരംഗത്ത് എക്കാലവും പ്രിയമുള്ള ഹൃദയസ്പർശിയായ നോവലാണ് മുട്ടത്തു വർക്കിയുടെ ഒരു കുടയും കുഞ്ഞു പെങ്ങളും. അച്ഛനമ്മമാരില്ലാതെ, അമ്മയുടെ സഹോദരിയോടൊപ്പം വളർന്ന ബേബി, ലില്ലി എന്നീ കുട്ടികളാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ആത്മകഥയാണ് 'എെൻറ സത്യാന്വേഷണ പരീക്ഷണങ്ങൾ'. ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട ഗ്രന്ഥമാണിത്. 1927ൽ ഗുജറാത്തി ഭാഷയിലാണ് ഈ പുസ്തകത്തിെൻറ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. 1925 മുതൽ 1929 വരെ ഗാന്ധിജി തന്റെ പ്രസിദ്ധീകരണമായ നവജീവൻ വാരികയിൽ ആഴ്ചകളായി എഴുതിയ ലേഖനപരമ്പരയുടെ സമാഹാരമാണിത്.
യുദ്ധസാഹിത്യത്തിലെ ക്ലാസിക്കാണ് ആൻ ഫ്രാങ്കിെൻറ ഡയറി. ഒളിമുറിയിലെ ഇരുൾ വെളിച്ചത്തിലിരുന്ന് എഴുതിയ ഡയറിക്കുറിപ്പുകൾ പിന്നീട് ലോകത്തിെൻറ തന്നെ വേദനയുടെ അനുഭവങ്ങളും കാഴ്ചകളും പങ്കുവെക്കുന്ന കുറിപ്പുകളായി തീർന്നു. 13ാം വയസ്സിലെ ജന്മനാളിൽ തനിക്കു സമ്മാനമായി കിട്ടിയ ചുവപ്പും വെള്ളയും ചേർന്ന നിറമുള്ള തുണിയുടെ ബൈൻറിട്ട ഡയറിയിലാണ് ആൻ എഴുതിയിരുന്നത്. ''നിന്നോട് എല്ലാം തുറന്നുപറയാൻ കഴിയുമെന്നും, നീ എനിക്ക് ആശ്വാസത്തിെൻറയും താങ്ങിെൻറയും ഉറവിടമായിരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു'' ഇതായിരുന്നു ആൻ ഡയറിയിൽ ആദ്യമെഴുതിയ വാക്കുകൾ. ഹിറ്റ്ലറുടെ ഭരണകാലത്ത് ജൂതവംശജർ അനുഭവിക്കേണ്ടിവന്ന കഷ്ടതകളെക്കുറിച്ചുള്ള ചിത്രം തരുന്നവയായിരുന്നു ആ കുറിപ്പുകൾ. 1945ലാണ് ഈ ഡയറി കണ്ടെടുക്കുന്നത്. ഡച്ചു ഭാഷയിലായിരുന്നു ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് 1952ൽ 'ദ ഡയറി ഓഫ് എ യങ് ഗേൾ' എന്ന പേരില് പുറത്തിറങ്ങി. പിന്നീട് അറുപതോളം ഭാക്ഷകളിലേക്ക് ഈ കൃതി വിവർത്തനം ചെയ്യപ്പെട്ടു. നാസികളുടെ തോക്കിൻമുന്നിലും ഇരുളടഞ്ഞ കോൺസൻട്രേഷൻ ക്യാമ്പുകളിലെ ഗ്യാസ് ചേമ്പറുകളിലും പ്രതിഷേധത്തിെൻറ ഒരു ചെറിയ ശബ്ദംപോലും ഉയർത്താൻ കഴിയാതെ മരണത്തിനു കീഴടങ്ങിയ ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രതീകമായിരുന്നു ആ 13കാരി. മനുഷ്യ മനഃസാക്ഷിയുടെ മുന്നിൽ ഇന്നും നിലകൊള്ളുന്ന ആ കുറിപ്പ് ഹോളണ്ടിലെ ആൻഫ്രാങ്ക് മ്യൂസിയത്തിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. നാസി അതിക്രമങ്ങളെക്കുറിച്ച് അറിയാൻ ഇന്ന് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഒരു രേഖയാണ് കിറ്റി എന്ന് ഓമനേപ്പരിട്ട് വിളിച്ച ആ ഡയറിക്കുറിപ്പ്.
കുറ്റാന്വേഷകൻ എന്ന പദത്തിനുള്ള ഏറ്റവും ലളിതമായ നിർവചനമാണ് ഷെർലക് ഹോംസ്. സർ ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച ഈ കുറ്റാന്വേഷകൻ ആസ്വാദക മനസ്സിലേക്ക് കയറിപ്പറ്റിയത് വളരെപ്പെട്ടെന്നായിരുന്നു. ഹോംസ് എന്ന കഥാപാത്രത്തിലൂടെ, അതുവരെ ലോകസാഹിത്യം പരിചയിച്ചിട്ടില്ലാത്ത ഒരാളാണ് ജനിക്കപ്പെട്ടത്. ഹോംസിെൻറ സൂക്ഷ്മനിരീക്ഷണപാടവവും ആൾക്കാരെ അതിശയിപ്പിക്കുന്ന സംസാരവും, യുക്തിക്ക് നിരക്കുന്ന തെളിവുനിരത്തലുകളുമെല്ലാം അദ്ദേഹം തന്റെ കുറിപ്പുകളിലൂടെ അറിയിച്ചപ്പോൾ ഹോംസ് ഒരു അതിമാനുഷനായി മാറി. കോനൻ ഡോയൽ ജീവിച്ചിരുന്നപ്പോൾതന്നെ ഹോംസ് കഥകൾ സ്കോട്ട്ലൻഡ് യാർഡ് ഉൾപ്പെടെയുള്ള ലോകത്തെ പല കുറ്റാന്വേഷണ സേനകളും തങ്ങളുടെ ടെക്സ്റ്റ് ബുക്കുകളായി ഉപയോഗിച്ചുതുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.