എഴുത്തിന്റെ പുതുമകൊണ്ട് സമ്പന്നം
'മാധ്യമം ആഴ്ചപ്പതിപ്പ്' 25ാം വയസ്സിലെത്തി എന്നത് സാംസ്കാരിക കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. 'ആഴ്ചപ്പതിപ്പ്' മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം അരികുവത്കരിക്കപ്പെട്ടവന്റെ സങ്കടങ്ങളും സംഘർഷങ്ങളുമാണ്. ഒരു വായനക്കാരൻ എന്നനിലയിൽ ഏറെ ശ്രദ്ധയോടെ അത്തരം വിഷയങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. വേറിട്ടു നടക്കുന്നവരെ വളരെ വേഗം പ്രതിസ്ഥാനത്ത് നിർത്താനും ഇല്ലാതാക്കാനും ഫാഷിസ്റ്റ് ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ഏറെ ശ്രമകരമായ സമീപനംതന്നെയാണ് 'മാധ്യമം' പോലുള്ള പ്രസിദ്ധീകരണങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ആരുടെ ശബ്ദമാണ് മേൽകൈ നേടേണ്ടത് എന്ന് തീരുമാനിക്കുന്ന അധികാരശക്തികൾ മാധ്യമപ്രവർത്തനം നിശ്ശബ്ദമാക്കുന്നത് അനുവദിച്ചുകൂടാ. പ്രതിരോധത്തിന്റെ വാങ്മയം തീർക്കുന്നവർക്കൊപ്പം നിൽക്കേണ്ടത് ചിന്തിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. എഴുത്തുവഴിയിൽ ഏറെ പരിഗണന തരുന്ന പ്രസിദ്ധീകരണമാണ് 'മാധ്യമം ആഴ്ചപ്പതിപ്പ്'. എഴുത്തിന്റെ പുതുമകൊണ്ട് സമ്പന്നമാണ് 'ആഴ്ചപ്പതിപ്പി'ന്റെ ഓരോ ലക്കവും. പുതിയ എഴുത്തിന്റെ ആകാശം പ്രതീക്ഷയോടെ നോക്കി കാണുന്നത് 'മാധ്യമം ആഴ്ചപ്പതിപ്പി'െൻറ താളുകളാണെന്നതിൽ എനിക്ക് സംശയമില്ല.
പ്രദീപ് രാമനാട്ടുകര
കോട്ടങ്ങൾ ചൂണ്ടിക്കാണിച്ചവരെയും ഒപ്പം ചേർത്തു
ഇത്രയും കാലത്തിനിടയിൽ 'മാധ്യമ'ത്തിന്റെ ഓരോ ലക്കവും ശ്രദ്ധേയമാണ്. എഴുത്തുകാർക്കെന്നപോലെ വായനക്കാർക്കും ഒരേ സ്ഥാനം. മുതിർന്ന എഴുത്തുകാർക്കൊപ്പംതന്നെ യുവ എഴുത്തുകാർക്കും 'ആഴ്ചപ്പതിപ്പി'ൽ അർഹിക്കുന്ന അവസരമേകി.
സി. രാധാകൃഷ്ണൻ. മുസഫർ, പി.കെ. പാറക്കടവ് തുടങ്ങിയവർ 'മാധ്യമ'ത്തെ നയിച്ചു.
മലയാളത്തിൽ ഏറെ വായിക്കപ്പെട്ട കെ.ആർ. മീരയുടെ നോവലുകൾ- ആരാച്ചാർ, ഘാതകൻ. ടി.ഡി. രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി', 'ഫ്രാൻസിസ് ഇട്ടിക്കോര' എന്നീ നോവലുകളും 'മാധ്യമ'ത്തിലാണ് വായനക്കാർക്ക് മുമ്പിൽ ആദ്യമായി എത്തിയത്. സിനിമയുടെ അണിയറപ്രവർത്തകരുടെ അനുഭവങ്ങൾ. മുഖം നോക്കാതെ മീഡിയകളുടെ തെറ്റും ശരിയും വിശകലനം ചെയ്യുന്ന 'മീഡിയാ സ്കാൻ'.
അരികുവത്കരിക്കപ്പെട്ടവരുടെ, അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായും ആരും പറയാൻ മടിക്കുന്നവ ചർച്ചയാക്കാനും മടിയില്ലാത്തതുകൊണ്ടുതന്നെ ശത്രുപക്ഷത്തിരുത്തി തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചിട്ടും 'മാധ്യമം' അതിനെയെല്ലാം അതിജീവിച്ച് വായനക്കാർക്ക് അക്ഷരവിരുന്നൊരുക്കി.
മലയാളത്തിലെ വൻകിടക്കാരോട് മത്സരിക്കാതെ തന്നെ വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിച്ചു. വേണ്ട രീതിയിൽ ഉൾക്കൊള്ളുന്നവർക്ക് 'മാധ്യമ'ത്തിന്റെ ധർമം തിരിച്ചറിയാനാകും. അല്ലാത്തവർ വിമർശിച്ചുകൊണ്ടേയിരിക്കും. ഒരുപാട് കനൽവഴികൾ താണ്ടിയാണ് 'മാധ്യമം' ഇത്ര ദൂരം സഞ്ചരിച്ചത്.
നേട്ടങ്ങൾ ചൂണ്ടിക്കാട്ടുന്നവരെയും കോട്ടങ്ങൾ ചൂണ്ടിക്കാണിച്ചവരെയും 'മാധ്യമം' ഒപ്പം ചേർത്തു. തുടരുക ഈ യാത്ര. കാലത്തിനാവശ്യമുണ്ട് ഈ അക്ഷരക്കൂട്ട്.
ഫൈസൽ ടി.പി അഞ്ചച്ചവിടി
സാഹിത്യ ജീവിതത്തിൽ മികച്ച പിന്തുണ
രണ്ടായിരങ്ങളുടെ തുടക്കം മുതലാണ് ഞാൻ 'മാധ്യമം ആഴ്ചപ്പതിപ്പി'ന്റെ സ്ഥിരം വായനക്കാരനായി മാറുന്നത്. ആ സമയത്ത് തിരുവനന്തപുരം പ്രസ്ക്ലബ് നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം കോഴ്സിൽ മാധ്യമവിദ്യാർഥിയാണ്. രണ്ടായിരങ്ങളുടെ തുടക്കം ഇന്ത്യയിലെ തന്നെ മാധ്യമ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വന്ന കാലഘട്ടമാണ്. ദേശീയരംഗത്ത് 'തെഹൽക'യും 'ഔട്ലുക്കും' ഒക്കെ ചേർന്ന് സൃഷ്ടിച്ച ഇൻവസ്റ്റിഗേറ്റിവ് ജേണലിസം ഇന്ത്യൻ ഭരണകൂടത്തെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയുമൊക്കെ കടന്നാക്രമിച്ച കാലഘട്ടമാണ്. ദേശീയരംഗത്തെ മാഗസിൻ ജേണലിസത്തിന്റെ ഒരു സാംസ്കാരികവശം കേരളത്തിലെ വാരിക / മാസിക മുഖങ്ങളിലും പ്രതിഫലിക്കാൻ തുടങ്ങി. സമൂഹത്തിന്റെ അടിത്തട്ടിലെ ശബ്ദങ്ങൾക്കും മീഡിയ സ്പേസ് രൂപപ്പെട്ടു. അതിൽ പ്രധാന പങ്കു വഹിച്ചത് 'മാധ്യമം ആഴ്ചപ്പതിപ്പാ'ണെന്ന് പറയാം. ഞങ്ങൾ ജേണലിസം വിദ്യാർഥികൾ പലരും 'മാധ്യമ'ത്തിൽ വരുന്ന ലേഖനങ്ങളും റിപ്പോർട്ടുകളും സശ്രദ്ധം വായിക്കാൻ തുടങ്ങി. കേരളസമൂഹം ചർച്ചചെയ്യാൻ മടിച്ചിരുന്ന പല കാര്യങ്ങളും 'ആഴ്ചപ്പതിപ്പ്' സംവാദങ്ങൾക്കായി തുറന്നിട്ടു. ഇൻവസ്റ്റിഗേറ്റിവ് ജേണലിസത്തിന്റെ ഒരു മലയാള മുഖം 'മാധ്യമം ആഴ്ചപ്പതിപ്പ്' രൂപപ്പെടുത്തി. മുത്തങ്ങ സമരം, കോവളം കല്യാണം അങ്ങനെ നിരവധി റിപ്പോർട്ടുകൾ.
ജേണലിസം വിദ്യാർഥിയായ എന്നെ ആകർഷിച്ച മറ്റൊരു ഘടകം 'മാധ്യമ'ത്തിന്റെ രൂപഘടനയായിരുന്നു. ലേ ഔട്ടിന്റെ ഭംഗി വായനയെ വല്ലാത്ത ആഹ്ലാദമാക്കി മാറ്റി.
മികച്ച സാഹിത്യരചനകളുടെ വായനയാണ് മറ്റൊരു സന്തോഷം. ഇപ്പോഴത്തെ സാഹിത്യോത്സവങ്ങളുടെ തുടക്കം തിരുവനന്തപുരത്ത് നടന്ന ഹേ ഫെസ്റ്റിവലായിരുന്നു. ദേശീയ- അന്തർദേശീയ രംഗത്തെ എഴുത്തുകാർ പങ്കെടുത്ത ഹേ ഫെസ്റ്റിവൽ 'മാധ്യമ'ത്തിനു വേണ്ടി എനിക്ക് റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞു. പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായരുമായി 'മാധ്യമ'ത്തിന് വേണ്ടി നടത്തിയ ഒരു അഭിമുഖവും രസമുള്ള ഓർമയാണ്.
എന്റെ സാഹിത്യജീവിതത്തിൽ 'മാധ്യമം' മികച്ച പിന്തുണയാണ് നൽകിയിട്ടുള്ളത്. എന്റെ ശ്വാസഗതി, ഹരിതവിപ്ലവം, തോട്ടിൻകര രാജ്യം തുടങ്ങിയ കഥകൾ 'മാധ്യമ'ത്തിലൂടെ വെളിച്ചം കണ്ടു. കേരളസമൂഹത്തിന്റെ ബൗദ്ധികവളർച്ചയിൽ 'മാധ്യമം ആഴ്ചപ്പതിപ്പ്' നൽകുന്ന സംഭാവന വളരെ വലുതാണ്. ഈ ചരിത്രസന്ധിയിൽ 'മാധ്യമ'ത്തിന് എല്ലാവിധ ആശംസകളും.
ജേക്കബ് എബ്രഹാം
മാധ്യമത്തിന് ഈ ഇടപെടൽ കണ്ടില്ലെന്ന് നടിക്കാനാവുമോ?
മുന്നൊരുക്കങ്ങൾ ഏറെയുണ്ടായിരുന്ന രണ്ട് വലിയ അച്ചടി പ്രസിദ്ധീകരണങ്ങളുടെ പിറവി കാണാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. 'മാധ്യമം ആഴ്ചപ്പതിപ്പും' 'മലയാളം വാരിക'യും.
ഏറെ പ്രിയപ്പെട്ടവനായിരുന്ന റസാഖ് കോട്ടക്കലെടുത്ത മുഖച്ചിത്രവുമായിട്ടാണ് 'മാധ്യമം ആഴ്ചപ്പതിപ്പ്' കൈയിലെത്തുന്നത്. ആ കവർച്ചിത്രത്തിൽത്തന്നെ പിന്നീടെന്താണ് 'മാധ്യമം' വായനക്കാരോട് സംസാരിക്കാൻ പോകുന്നതെന്ന വ്യക്തമായ സൂചനയുണ്ടായിരുന്നു. ഏറക്കുറെ ഇന്നുവരെ 'മാധ്യമം' ആ നിലപാടിൽ ഉറച്ചുനിന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ സംതൃപ്തി ഉണ്ടായിട്ടുള്ള ഇരുപത്തിനാല് വായനവർഷങ്ങളാണ് 'മാധ്യമം' വായനക്കാരനെന്ന നിലയിൽ എനിക്ക് സമ്മാനിച്ചത്. ഓരോ ആഴ്ചയും മികച്ച മുഖച്ചിത്രങ്ങളാൽ അമ്പരപ്പിച്ച ഒരു കാലവും കെ. ഷെരീഫ് ഉജ്ജ്വലമായ രേഖാചിത്രങ്ങളാൽ കേരളീയ ചിത്രകലയെ സമ്പന്നമാക്കിയ കാലവും മികച്ച രാഷ്ട്രീയ ലേഖനങ്ങളാൽ കാഴ്ചപ്പാടുകളെ നവീകരിച്ച കാലവും കൺമുന്നിലൂടെ കടന്നുപോയിട്ടുണ്ട്. ഒട്ടേറെ നല്ല കഥകളും നോവലുകളും വായിക്കാനും സാധിച്ചിട്ടുണ്ട്. 'ആഴ്ചപ്പതിപ്പ്' തയാറാക്കിയ പല വിശേഷാൽപ്രതികളും ശേഖരിച്ചുെവച്ചിട്ടുമുണ്ട്. വളരെ ദുർബലമായ ഉള്ളടക്കങ്ങളോടെ 'ആഴ്ചപ്പതിപ്പ്' പുറത്തിറങ്ങിയ കാലവും ഉണ്ടായിട്ടുണ്ട്.
ഒരു വിമർശനമുള്ളത്, 'മാധ്യമം ആഴ്ചപ്പതിപ്പ്' പ്രസിദ്ധീകരിക്കുന്ന സംഘത്തിന്റെ സാഹിത്യത്തോടുള്ള സമീപനത്തിലാണ്. തീർച്ചയായും ഭാഷയെയോ സമൂഹത്തെയോ വ്യക്തികളെയോ മലിനീകരിക്കുന്ന ഉള്ളടക്കം അച്ചടിക്കണമെന്ന് ഒരിക്കലും പറയില്ല. പക്ഷേ സാധാരണ മനുഷ്യരുടെ ജീവിതത്തെ സാഹിത്യത്തിലേക്ക് കൊണ്ടുവരുമ്പോൾ പ്രത്യേകിച്ചും മനുഷ്യരുടെ രതിയും നഗ്നതയും ഒക്കെ പറയേണ്ടിവരുമ്പോൾ അതിൽ അച്ചടിക്കാൻ പാടില്ലാത്തതുണ്ടെന്ന് കണ്ടെത്തുന്ന നിർബന്ധങ്ങൾ സർഗാത്മകാവിഷ്കാരത്തിനു നേരെയുള്ള ഇടപെടലാണ്. പലതരം ഇടപെടലുകളെ പ്രതിരോധിക്കുന്ന 'മാധ്യമ'ത്തിന് ഈ ഇടപെടൽ കണ്ടില്ലെന്ന് നടിക്കാനാവുമോ?
അച്ചടിമാധ്യമത്തിലൂടെ ഇനിയൊരു ആഴ്ചപ്പതിപ്പ് മലയാളത്തിൽ സംഭവിക്കാൻ സാധ്യതയില്ലാത്ത ഈ കാലത്തു നിന്ന് നോക്കുമ്പോൾ ഏറക്കുറെ മികച്ച പ്രവർത്തനം നടത്താൻ 'മാധ്യമം ആഴ്ചപ്പതിപ്പി'ന് കഴിഞ്ഞിട്ടുണ്ട്. ആശംസകൾ. കൂടുതൽ സഫലമായ വർഷങ്ങളുണ്ടാവട്ടെ.
സുസ്മേഷ് ചന്ത്രോത്ത്
സി.പി.എമ്മിനെ നന്നാക്കണമെന്ന് നിങ്ങൾക്കെന്താണ് വാശി?
ഒരു വായനക്കാരനെന്ന നിലയിൽ എനിക്ക് മുേമ്പ മനസ്സിലുള്ള ഒരു പ്രശ്നം ഇപ്പോഴെങ്കിലും നിങ്ങളോട് ചോദിക്കണം എന്നു കരുതുന്നു. നിങ്ങൾക്ക് സി.പി.എമ്മിനെ മാത്രം നന്നാക്കിയാൽ മതിയോ? കമ്യൂണിസ്റ്റുകളെ നല്ലവരാക്കി മാറ്റുമെന്ന് എന്തെങ്കിലും വാശിയുണ്ടോ?
'മാധ്യമം ആഴ്ചപ്പതിപ്പ്' കുറഞ്ഞത് 12 കൊല്ലമായിെട്ടങ്കിലും സ്ഥിരമായി വായിക്കുന്ന ഒരാളാണ് ഞാൻ. ഇൗ വർഷങ്ങളിൽ നിങ്ങൾ സി.പി.എമ്മിനും അതുവഴി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുമെതിരെ എത്ര കവർ സ്റ്റോറികൾ, ലേഖനങ്ങൾ എഴുതി? ഇടതുപക്ഷത്തിന്റെ ഭാവി ഇനിയെന്ത്? ഇടതുപക്ഷം അവസാനിച്ചോ? സി.പി.എം ആംആദ്മിയിൽനിന്ന് പഠിക്കേണ്ടത്... എന്നിങ്ങനെ എത്ര 'സ്റ്റഡി ക്ലാസുകൾ' നൽകി. സി.പി.എം പിളരുന്നു, വി.എസ്. അച്യുതാനന്ദൻ ഉടനെ പുറത്താകും, വി.എസിന് ഏതു വഴി... എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത അത്രയും ലേഖനങ്ങളും പതിപ്പുകളും ഇറക്കി. എന്നിട്ട് എന്തു സംഭവിച്ചു? സംഭവിച്ചത് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ്. ഇനി ഭാവിയേ ഇല്ല എന്ന് വിധിയെഴുതിയ ഇടതുപക്ഷം ചരിത്രം തിരുത്തി വീണ്ടും അധികാരത്തിൽ എത്തി. തെരഞ്ഞെടുപ്പിന് മുമ്പ് സി.പി.എമ്മിനെ എതിർക്കുന്ന പലതരം ലേഖനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും കൊടുത്തു.
ഇതേ വിലയിരുത്തലുകളും ഭാവി പ്രവചനങ്ങളും മറ്റു പാർട്ടികളുടെ കാര്യത്തിൽ വേണ്ടേ? മുസ്ലിം ലീഗ് നേതാക്കൾ തുടർച്ചയായി അഴിമതിവിവാദങ്ങളിൽപെട്ടു, കോൺഗ്രസ് നേതാക്കൾ കേസുകളിൽപെട്ടു. ഒരു വിശകലനവും ഉണ്ടായില്ല.
കേരളത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ എന്തെങ്കിലും നടന്നാൽ അതിലും സി.പി.എമ്മിനെ പ്രതിയാക്കും. ഹിജാബ് വിവാദമാകെട്ട, ഇനി മീഡിയവൺ ചാനൽ വിലക്ക് ആവെട്ട നിങ്ങൾ എതിർക്കുക 'മതേതര, പുരോഗമന' ശക്തികളെയാവും. പലേപ്പാഴും ഹിന്ദുത്വവാദികളല്ല, കമ്യൂണിസ്റ്റുകളാണ് നിങ്ങളുടെ ശത്രു. ചാനൽ നിരോധന വിഷയത്തിൽ പിണറായി വിജയനും സി.പി.എമ്മും ഒൗദ്യോഗികമായി തന്നെ നിലപാട് വ്യക്തമാക്കി. എന്നാൽ, ഏതെങ്കിലും പാർട്ടി ബന്ധമില്ലാത്ത, സോഷ്യൽ മീഡിയ 'ഇടതുകാരിയോ ഇടതുകാരനോ' എന്തെങ്കിലും പറഞ്ഞിട്ടുണ്ടങ്കിൽ അത് പൊക്കിപ്പിടിച്ചാവും വിമർശനം. ഇത് ഇപ്പോഴുണ്ടായി എന്നല്ല, ഇതാണ് പൊതു പ്രവണത. സ്കൂളിലെ മൊബൈൽ നിരോധനത്തെപ്പറ്റി എഴുതെപ്പട്ട ഒരു ലേഖനത്തിലും വിമർശിക്കെപ്പട്ടത് സി.പി.എമ്മിനെയാണ്. അതിന് മുേമ്പ, മുസ്ലിംലീഗ് ഭരിച്ചപ്പോഴാണ് (വിദ്യാഭ്യാസം, െഎ.ടി) മൊബൈൽ നിരോധനം ആദ്യം കൊണ്ടുവന്നത് എന്ന് മറന്നു.
'മാധ്യമം' പത്രവും 'ആഴ്ചപ്പതിപ്പും' ഇത്രയും പ്രകടമായ സി.പി.എം വിരോധം കൈക്കൊണ്ടത് അടുത്തകാലത്താണ്. അതിെന്റ കാരണവും വ്യക്തമാണ്.
സി.പി.എമ്മും ഇടതുപക്ഷവും എല്ലാം ചേർന്ന് സൃഷ്ടിച്ച രാഷ്ട്രീയ^സാമൂഹിക അന്തരീക്ഷത്തിൻ കീഴിലാണ് 'മാധ്യമം' പോലും പ്രവർത്തിക്കുന്നത്. ആ വസ്തുത എല്ലാം കണ്ണടച്ച് ഇരുട്ടാക്കി പകരം ഇടതുപക്ഷത്തെ വിമർശിച്ചുകൊണ്ടിരിക്കും. നിങ്ങൾ ഒന്നു മനസ്സിലാക്കണം, ഇടതുപക്ഷം ഇല്ലാതാകുന്നതിലൂടെ ന്യൂനപക്ഷങ്ങളുടെ ഉറച്ച ഒരു സഖ്യം അല്ലെങ്കിൽ ശക്തിയാണ് ഇല്ലാതാവുക. കോൺഗ്രസിനെയോ മറ്റ് ഏതെങ്കിലും വലതുപക്ഷ സംഘടനകളെയോ നമ്പാൻ പാടില്ല എന്ന് എത്രയോ വട്ടം തെളിഞ്ഞിരിക്കുന്നു. തൃണമൂൽ, ഡി.എം.കെ പോലുള്ള പാർട്ടികളെ പുകഴ്ത്തുന്ന നിങ്ങൾ മനസ്സിലാക്കണം, അധികാരത്തിന് വേണ്ടി ബി.ജെ.പിക്കൊപ്പം കൈകോർത്തതിെന്റ പാരമ്പര്യമുള്ളവരാണ് അവർ. ഇൗ പാരമ്പര്യം സി.പി.എമ്മിനോ സി.പി.െഎക്കോ ഇല്ല. എന്നിട്ടും അതേ സി.പി.എമ്മിനെ തളർത്താനാണ് നിങ്ങളുടെ ലക്ഷ്യം.
ഇത് സി.പി.എമ്മിനെ നന്നാക്കാനുള്ള ഉദ്ദേശ്യമെല്ലന്ന് നന്നായി അറിയാം. കമ്യൂണിസമാണ് നിങ്ങളുടെ ശത്രു. അതില്ലാതാവണം. പക്ഷേ, നിങ്ങൾ ഇൗ ഉദ്യമത്തിൽ പരാജയപ്പെടുകയേ ഉള്ളൂ. ഇൗ വിമർശനം ഉന്നയിക്കുേമ്പാഴും ഞാൻ 'മാധ്യമം ആഴ്ചപ്പതിപ്പി'നായി ഒാരോ ലക്കവും കാത്തിരിക്കും. അതിന് കാരണം അതിലെ സാഹിത്യവും ആത്മകഥകളുമെല്ലാമാണ്. മറ്റ് മാസികകൾ പഴയ കഥകളും രീതികളും തുടരുേമ്പാൾ 'മാധ്യമം' പുതുവഴികൾ തേടുന്നു. പുതിയ എഴുത്തുകാർക്ക് ഇടം നൽകുന്നു. അതുകൊണ്ടുതന്നെ 'ആഴ്ചപ്പതിപ്പ്' വായിക്കാതിരിക്കാനാവില്ല. അടുത്തകാലത്ത് ഞാൻ വായിച്ച ഏറ്റവും നല്ല ആത്മകഥ ബി.ആർ.പി. ഭാസ്കർ എഴുതിയ 'ന്യൂസ് റൂമാ'ണ്. അത് 'ആഴ്ചപ്പതിപ്പി'ലാണ് തുടർച്ചയായി വന്നത്. ഇപ്പോൾ വരുന്ന 'െബരേറ്റ' എന്ന നോവൽ ഏറ്റവും നല്ല രാഷ്ട്രീയ നോവലായും ഫാഷിസത്തിന് എതിരെയുള്ള മറ്റൊരു തരം പോരാട്ടമായും കാണുന്നു.
വിമർശനം ഉള്ളപ്പോഴും െഎക്യം ഞാൻ പുലർത്തും. 'മീഡിയവൺ' ചാനൽ നിരോധനത്തിനും എതിരാണ്. ഇതേ സമീപനം ഇടതുപക്ഷത്തോട് നിങ്ങൾ സ്വീകരിക്കണം. വിമർശനമാവാം. അത് സൃഷ്ടിപരമായിരിക്കണം. അതോടൊപ്പം െഎക്യവും വേണം. മറ്റ് പാർട്ടികളെയടക്കം എല്ലാത്തിനെയും ഒരേ തട്ടിൽ കാണുകയും വേണം.
'മാധ്യമം ആഴ്ചപ്പതിപ്പ്' ഇനിയും ഉയർച്ചയിലേക്ക് നീങ്ങെട്ട.
രാജേഷ്, ആലുവ
ബുക് ഷെല്‍ഫ് മുടങ്ങരുത്
ദിനപത്രങ്ങളോടൊപ്പം പതിവായി വീട്ടിലെത്തുന്ന 'മാധ്യമം ആഴ്ചപ്പതിപ്പ്' 24 വയസ്സ് പിന്നിടുമ്പോള്‍, ഇതുവരെ പുറത്തിറങ്ങിയ 'മാധ്യമ'ത്തിന്റെ 1251 ലക്കങ്ങളില്‍ നല്ലൊരു പങ്കും കൈവശമുണ്ടെന്നതില് അഭിമാനം തോന്നുന്നു. സമീപകാല ലക്കങ്ങളില്‍ മലയാള സിനിമയുമായി ബന്ധപ്പെട്ട ഒട്ടനവധി റഫറന്‍സുകള്‍ക്ക് കൂടി 'മാധ്യമം ആഴ്ചപ്പതിപ്പ്' പ്രയോജനപ്പെടുകയും ചെയ്തു. ലക്കം 1251ന്റെ 'തുടക്കം', 'ഒടുക്കം' പംക്തികളും പ്രതീകവത്കരണത്തിലൂടെ ശ്രദ്ധേയമാക്കിയതിന് പ്രത്യേക അഭിനന്ദനം. ബുക് ഷെല്‍ഫ് എന്ന കോളം ഒരു കാരണവശാലും മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നുകൂടി ഉണര്ത്തട്ടെ.
റസാഖ് പയമ്പ്രോട്ട് കൊട്ടപ്പുറം
ആഴ്ചപ്പതിപ്പുകൾക്കിടയിലെ ആകാംക്ഷ
പ്രസിദ്ധർക്കൊപ്പം പുതുതലമുറയിലെ എഴുത്തുകാരുടെ കഥകളും കവിതകളും അച്ചടിക്കൽ മാത്രമല്ല ഒരു സാംസ്കാരിക സാഹിത്യ പ്രസിദ്ധീകരണത്തിന്റെ ദൗത്യം എന്ന് നിരന്തരം ഓർമപ്പെടുത്തുന്ന ലക്കങ്ങളാൽ സമ്പന്നമാണ് കാൽനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന 'ആഴ്ചപ്പതിപ്പ്'.
ഏതൊരു ഉത്പന്നത്തിന്റെയും ശക്തി ഉപഭോക്താക്കളാണ് എന്ന് പറയുമ്പോഴും എത്രപേർ ഇക്കൂട്ടരുടെ ആരോഗ്യമുള്ള വിമർശനങ്ങളെയും ചൂണ്ടിക്കാണിച്ചു തരുന്ന പോരായ്മകളെയും പരിഗണിക്കാറുണ്ട് എന്ന ചോദ്യം നിരന്തരം ആലോചിക്കാറുണ്ട്. അതിൽനിന്നെല്ലാം ഏറെ വ്യത്യസ്തമാണ് 'മാധ്യമം'. 35 വയസ്സുകാരനായ ഞാൻ 15 വർഷമായി വ്യത്യസ്ത ആഴ്ചപ്പതിപ്പുകളിലേക്ക് കണ്ണോടിക്കാറുണ്ട്. 2009 മുതൽ 'മാധ്യമ'ത്തിന്റെ മിക്ക ലക്കങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മലയാള സിനിമയോടും പാട്ടുകളോടും ഏറെ റങ്കുള്ളതുകൊണ്ട് കഴിഞ്ഞ കാലങ്ങളിൽ അവതരിപ്പിച്ചിട്ടുള്ള കോടമ്പാക്കം കുറിപ്പുകൾ, മദ്രാസ് മെയിൽ തുടങ്ങിയ പരമ്പരകളിലൂടെ നമ്മുടെ ചലച്ചിത്രലോകത്തെ മായം ചേർക്കാത്ത കഥകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതേ രീതി പിന്നീട് നമ്മുടെ സാംസ്കാരിക പ്രസിദ്ധീകരണങ്ങൾ അനുകരിച്ചിട്ടുണ്ട്.
സംവിധായകർ ആത്മകഥകൾ എഴുതുന്നത് അത്യപൂർവമാണ്. കമലിന്റെ ജീവിതവും ഏറെ ചർച്ചയായതാണ്. അകാലത്തിൽ പൊലിഞ്ഞ സൂപ്പർഹിറ്റ്റൈറ്റർ ഡെന്നീസ് ജോസഫിനെ മുഖചിത്രമാക്കാൻ സിനിമ പ്രസിദ്ധീകരണങ്ങൾപോലും ധൈര്യം കാണിച്ചിട്ടില്ല! കൊടുക്കുന്ന രചനകളും കവർ ചിത്രങ്ങളും തങ്ങളുടെ സർക്കുലേഷനെ ബാധിക്കുന്ന കാര്യത്തിൽ പലരും ഭയക്കുന്നു. എഴുത്തുകുത്ത് എന്ന ഇടത്തിലേക്ക് വായനക്കാരെ തുറന്ന മനസ്സോടെയാണ് 'മാധ്യമം ആഴ്ചപ്പതിപ്പ്' സ്വാഗതം ചെയ്യുന്നത്. പ്രസിദ്ധീകരിക്കപ്പെട്ട രചനകളിലെ തെറ്റുകളും കുറവുകളെയും ചൂണ്ടിക്കാണിക്കപ്പെടുന്നവർക്ക് അർഹിക്കുന്ന ആദരവും നൽകുന്നു. ഞാനോർക്കുന്നു, ഏതാനും വർഷങ്ങൾക്ക് മുൻപ് പി.കെ. ശ്രീനിവാസൻ ഭരണിക്കാവ് ശിവകുമാറിനെ കുറിച്ചെഴുതിയപ്പോൾ ഗാനരചനക്ക് സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ടെന്ന പരാമർശം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ പ്രാധാന്യത്തോടെ അത് പ്രസിദ്ധീകരിക്കുകയും സംഗീതപ്രേമികൾക്കിടയിൽ ചർച്ചയാകുകയും ചെയ്തത്. ഇതേ തെറ്റ് ഇക്കൊല്ലവും ആവർത്തിച്ച മാധ്യമങ്ങൾ ഇവിടെയുണ്ട്. നേരായ വിവരങ്ങളുമായി ധീരമായി ഇടപെടുമ്പോൾ അകലുന്നവരെക്കാളും അടുക്കുന്നവരാവും കൂടുതലും. നമ്മുടെ നാട്ടിൽ പലരും ചർച്ച ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ ഇനിയുമുണ്ട്. അതുകൊണ്ട് 'ആഴ്ചപ്പതിപ്പി'ന്റെ പോരാട്ടത്തിൽ എന്നും കൂടെയുണ്ടാകും.
കെ.പി. മുഹമ്മദ് ഷെരീഫ് കാപ്പ്
ഇടപെടലിെന്റ പുസ്തകം
1998 ഫെബ്രുവരി 20ന് യാത്ര ആരംഭിച്ച 'മാധ്യമം ആഴ്ചപ്പതിപ്പ്' അതിന്റെ രജതജൂബിലി നിറവിലാണെന്നറിഞ്ഞതിൽ സന്തോഷം. കഴിഞ്ഞ 18 വർഷമായി ഈ ആഴ്ചപ്പതിപ്പിനെ പിന്തുടരുന്നയാളാണ് ഞാൻ. അങ്ങനെ ഒരു വായനക്കാരനെ കൂട്ടിക്കൊണ്ടുപോകാൻ മറ്റൊരു ആനുകാലികത്തിനും സാധിച്ചിട്ടുമില്ല. സമൂഹത്തിലെ സമസ്ത വിഭാഗങ്ങളെയും പരിഗണിക്കുന്നുണ്ട് എന്നതാണ് 'മാധ്യമ'ത്തിന്റെ മാത്രം സവിശേഷത. വിഷയങ്ങളെ സത്യസന്ധമായി നേരിട്ട് ഗൗരവ ചോർച്ചയില്ലാതെ വായനക്കാരന് വിളമ്പുന്നതിൽ 'മാധ്യമം ആഴ്ചപ്പതിപ്പ്' കാണിക്കുന്ന ജാഗ്രത മാതൃകാപരമാണ്. നിഷ്പക്ഷവും നീതിയുക്തവുമാണ് വാരികയുടെ ഓരോ താളും. കൃത്യത, കണിശത, സൂക്ഷ്മത, സമഗ്രത എന്നിവയാൽ സമ്പന്നമായ 'ആഴ്ചപ്പതിപ്പ്' ഒരു വിഷയാന്വേഷകന് ഉത്തമ പാഠപുസ്തകംകൂടിയാണ്. പരിസ്ഥിതിപരമായ ചിന്തയാൽ പ്രകൃതിക്കെതിരെയുള്ള ഏതുതരം ചൂഷണങ്ങളെയും എതിർക്കാൻ 'മാധ്യമം' സധൈര്യം മുന്നോട്ടു വരുന്ന കാഴ്ച അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആഗോളീകരണത്തിന്റെയും മുതലാളിത്തത്തിന്റെയും കച്ചവടക്കണ്ണുകൾക്കെതിരെ സന്ധിയില്ലാസമരം നടത്തിക്കൊണ്ടിരിക്കുന്ന പ്രസിദ്ധീകരണംകൂടിയാണിത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമിക്കുന്ന ഛിദ്രശക്തികൾക്കെതിരെയുള്ള നേരിന്റെ നാവായി 'മാധ്യമം' തന്റേടത്തോടെ നട്ടെല്ലുയർത്തി നിൽക്കുന്നതും കാണുന്നുണ്ട്. നർമദ, കൂടങ്കുളം, പ്ലാച്ചിമട, എൻമകജെ എന്നിവയുടെ പരിസ്ഥിതി വർത്തമാനം അനുഭവിച്ചറിഞ്ഞത് 'ആഴ്ചപ്പതിപ്പി'ലൂടെയാണ്. നിർഭയയിലും ഉന്നാവിലും ഉണ്ടായ ക്രൂര ബലാത്സംഗങ്ങൾക്കെതിരെയും തല്ലിക്കൊല നടത്തുന്ന ഗോരക്ഷകർക്കെതിരെയും ന്യൂനപക്ഷ പീഡനങ്ങൾക്കെതിരെയും പൗരത്വ ബില്ലിനെതിരെയും ഇരകളുടെ പക്ഷത്ത് നിന്ന് സംസാരിക്കാൻ ആർജവം കാട്ടിയ പ്രസിദ്ധീകരണംകൂടിയാണിത്. പാർശ്വവത്കരിക്കപ്പെടുന്നവരെ ചേർത്തുപിടിക്കാൻ 'മാധ്യമം ആഴ്ചപ്പതിപ്പ്' കാട്ടിയ ചങ്കൂറ്റവും ശ്ലാഘനീയം തന്നെ. മനുഷ്യന്റെയും ഇതര ജന്തുസസ്യജാലങ്ങളുടെയും ആവാസവ്യവസ്ഥ താറുമാറാക്കാൻ വരുന്ന കെ- റെയിൽ പദ്ധതി, വയനാട്ടിൽ പശ്ചിമഘട്ട മലനിരകളെ തുളച്ച് ഉണ്ടാക്കുന്ന തുരങ്കപാത, അവകാശങ്ങൾക്ക് വേണ്ടി സംസാരിച്ചാൽ മാവോവാദിയാക്കുന്ന നാട്ടുനടപ്പ് തുടങ്ങി അന്തമാനിലേക്ക് നാടുകടത്തിയ 1921ലെ മലബാർ പോരാളികൾക്ക് എന്ത് സംഭവിച്ചു, മരുന്നു വിപണിയിലെ റാൻബാക്സിയുടെ തട്ടിപ്പ്, കേരള പൊലീസിൽ ക്രൈം സംഘമോ, ഗുജറാത്ത് സർക്കാർ ഏറ്റെടുക്കുക വഴി സബർമതിക്ക് എന്താണ് സംഭവിക്കുക, മാവോവാദികളെ എഴുതിതള്ളാനായിട്ടില്ല തുടങ്ങിയ അന്വേഷണങ്ങൾ എന്നിവയെല്ലാം പ്രസിദ്ധീകരിച്ച് ചരിത്രവും സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയപരവുമായ കൃത്യത ഇരുപത്തിയഞ്ചാം വർഷത്തിൽവരെ അടയാളപ്പെടുത്താൻ 'മാധ്യമം ആഴ്ചപ്പതിപ്പി'ന് സാധിച്ചിട്ടുണ്ട്.
സാഹിത്യത്തിൽ അപൂർവമായ വായനാനുഭവം സമ്മാനിക്കുന്ന സർഗപുസ്തകം കൂടിയാണ് മാധ്യമം ആഴ്ചപ്പതിപ്പ്. എഴുത്തിലെ ശ്രദ്ധേയ പ്രതിഭകൾക്കൊപ്പം പുതുതലമുറയിലെ എഴുത്തുകാരെ ചേർത്തുപിടിക്കാനും, പ്രോത്സാഹനം നൽകാനും 'മാധ്യമം' ശ്രദ്ധിക്കാറുണ്ട്. ഓരോ ആഴ്ചയിലെ വിഭവങ്ങളും വ്യത്യസ്തമാക്കാനും സമൃദ്ധമാക്കാനും 'ആഴ്ചപ്പതിപ്പി'ന്റെ എഡിറ്റോറിയൽ ടീമിന് സാധിക്കുന്നുണ്ട്. സമകാലിക വിഷയങ്ങളോട് ഇത്രയും നീതി പുലർത്തണമെങ്കിൽ 'ആഴ്ചപ്പതിപ്പി'ന് പിന്നിൽ ഉറങ്ങാതെ ഒരു സംഘം അധ്വാനിക്കുന്നുണ്ടെന്നത് ഉറപ്പ്.
വായനക്കാരനും എഴുത്തുകാരനും ഓഡിറ്റ് ചെയ്യാനുള്ള അവസരമാണ് രജത ജൂബിലി വർഷത്തിൽ 'മാധ്യമം' തന്നിട്ടുള്ള സ്വാതന്ത്ര്യം. ലോകത്ത് തന്നെ ഒരു പ്രസിദ്ധീകരണം ഇത്തരമൊരു ജനാധിപത്യ ഇടപെടലിന് അവസരം നൽകുമോ എന്ന് സംശയമാണ്. സത്യത്തിൽ ഇതുതന്നെയാണ് 'മാധ്യമം ആഴ്ചപ്പതിപ്പി'ന്റെ പ്രത്യേകത. ഇനിയും എത്രയോ കാതം യാത്ര തുടരേണ്ടതുണ്ട്. മുന്നിലെ വഴികൾ സുതാര്യമല്ല. ഇതുവരെ ഉയർത്തിപ്പിടിച്ച മൂല്യങ്ങളോടെ സധൈര്യം മുന്നോട്ട് പോകാൻ 'മാധ്യമം ആഴ്ചപ്പതിപ്പി'ന് സാധിക്കട്ടെ. കൂടെയുണ്ടെന്ന സാക്ഷ്യപ്പെടുത്തലുമായി.
ബാലചന്ദ്രൻ എരവിൽ
ജീവിതത്തിലേക്ക് തിരികെ വരാനുള്ള ക്ഷണം, പ്രതീക്ഷ
രണ്ടായിരത്തിപ്പത്തിനു തൊട്ടു മുൻപോ പിമ്പോ ആണ്. ജീവിതത്തിന്റെ ഏകതാനതയിലും മടുപ്പിലും മധ്യവയസ്സിലെ പ്രശ്നങ്ങളിലും ഞെരുങ്ങിക്കൊണ്ടിരിക്കുമ്പോൾ എന്നോ മറവിയുടെ പുറമ്പോക്കിലേക്ക് തള്ളിയതൊക്കെ അക്ഷരങ്ങളായി ഞാൻ അറിയാതെ പുറത്തുവന്നുകൊണ്ടിരുന്നു. കവിതയെന്നു വിളിക്കാനുള്ള ധൈര്യമില്ലായിരുന്നു, എങ്കിലും ജീവിതത്തെ മാറ്റിയെഴുതേണ്ടത് അതിജീവനത്തിന് അത്യന്താപേക്ഷിതമാകയാൽ അതിൽ നന്നെന്നു തോന്നിയ ചിലതെടുത്ത് പ്രസിദ്ധീകരണങ്ങൾക്കയച്ചു. ഒന്നും വന്നില്ല. എങ്ങനെ വരാനാണ്! തുടക്കക്കാരിയല്ലേ! ഓർത്തു സങ്കടപ്പെടാൻ, നിരാശപ്പെടാൻ അതും ഒരു കാരണമായി. ഞാൻ എഴുതുന്നതൊന്നും ആർക്കും വേണ്ട എന്നോർത്തപ്പോൾ എന്നെന്നേക്കുമായി എഴുത്ത് അവസാനിപ്പിക്കാൻ തീരുമാനിച്ചു. പതിവു വിരസതയുടെ നാളുകൾക്കൊന്നിൽ കോളജിൽ നിന്ന് മടങ്ങുന്ന ഒരു വൈകുന്നേരത്തിലാണ് 'തിരക്ക്' എന്ന കവിതയുടെ ഏതാനും വരികൾ മനസ്സിലേക്ക് അടർന്നു വീണത്. സത്യത്തിൽ വീടെത്താനും ആ വരികൾ പകർത്താനും തിരക്ക് തന്നെയായിരുന്നു. ചായപോലും കുടിക്കാതെ ആ കവിത എഴുതുകയും മുൻപെന്നോ പകർത്തിവെച്ചിരുന്ന 'മാധ്യമം ആഴ്ചപ്പതിപ്പി'ന്റെ വിലാസത്തിലേക്ക് അന്ന് തന്നെ അയക്കുകയുമായിരുന്നു. ഒന്നും പുതുതായി സംഭവിക്കാനില്ല എന്ന ആലോചനയുടെ ചാരനിറം പൂണ്ട ഒരവധി ദിവസ സായാഹ്നത്തിലാണ് അപ്രതീക്ഷിതമായി, സുഹൃത്തിന്റെ കവിത നന്നായിരിക്കുന്നു എന്ന സന്ദേശമെത്തുന്നത്. കവിതയോ, ഏത് കവിത, ആർക്ക്, എപ്പോൾ അയച്ചത് എന്നൊന്നും മനസ്സിലായില്ല. വെളിച്ചം കാണാതെ പോയ എത്രയോ കവിതകളിൽ ഏത്? 'മാധ്യമ'ത്തിലെ കവിത - തിരക്ക്- എന്ന് മറുപടി കിട്ടി. എനിക്കപ്പോൾ സന്തോഷംകൊണ്ട് ശ്വാസംമുട്ടി. അവസാനം എന്റെ കവിത പ്രസിദ്ധീകരിച്ചിരിക്കുന്നു. ലോകത്തോടു മുഴുവൻ അതു പറയണമെന്നു തോന്നി. എത്രയും പെട്ടെന്ന് ഒരു 'മാധ്യമം' സംഘടിപ്പിച്ചു. അതാ... എന്റെ കവിത...അഭിമാനം. ആശ്വാസം. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലേക്ക് തിരികെ വരാനുള്ള ഒരു ക്ഷണം, പ്രതീക്ഷകൂടിയായിരുന്നു അത്. പിന്നീട് എന്റെ എഴുത്തിനൊപ്പം എന്നും 'മാധ്യമ'മുണ്ടായിരുന്നു. കഥയും കവിതയുമല്ലാതെ മറ്റധികം വായനകളില്ലാത്ത ഞാൻ 25 വയസ്സിലേക്ക് വരുന്ന 'ആഴ്ചപ്പതിപ്പി'ന്റെ സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ ഇടപെടലുകളെ കുറിച്ച് ആധികാരികമായി പറയാൻ ആളല്ല. എങ്കിലും ഒന്നറിയാം, എഴുത്തുകാരനെ /കാരിയെ നോക്കാതെ എഴുത്തിന്റെ ഗുണം നോക്കി പ്രസിദ്ധീകരിക്കുക എന്ന വിഷമകരമായ പത്രധർമം നിറവേറ്റുന്ന അപൂർവം ചില ആനുകാലികങ്ങളിൽ ഒന്നാണ് 'മാധ്യമം'. അത്തരത്തിലുള്ള 'ആഴ്ചപ്പതിപ്പി'ന്റെ നിഷ്പക്ഷതകൊണ്ട് ആത്മവിശ്വാസം കൈവന്ന ഒരാളെന്ന നിലക്ക് 'മാധ്യമ'ത്തിന് എന്റെ മനസ്സിൽ വലിയൊരു സ്ഥാനമുണ്ട്.
സന്ധ്യ ഇ തൃശൂർ
നിര്‍ഭയ പ്രസിദ്ധീകരണം ഇരുപത്തിയഞ്ചിലേക്ക്
1998 ഫെബ്രുവരി 20ന് ആരംഭിച്ച് 2022 ഫെബ്രുവരി 20ന് ഇരുപത്തിയഞ്ചാം വയസ്സിലേക്ക് പ്രവേശിക്കുന്ന 'മാധ്യമം ആഴ്ചപ്പതിപ്പി'ന്റെ നിര്‍ഭയ പ്രയാണത്തിനും ജൈത്രയാത്രക്കും പിറന്നാള്‍ ഭാവുകങ്ങള്‍! കോളജ് പഠനകാലം മുതല്‍ കൂടെക്കൂടിയ സൗഹൃദബന്ധത്തോളം ആഴം 'മാധ്യമം ആഴ്ചപ്പതിപ്പു'മായുണ്ട്. സാമൂഹിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ പലപ്പോഴും സാധാരണക്കാരന്റേതുകൂടിയാണ്. അരികുവത്കരിക്കപ്പെട്ട ജനതയുടെയും അവരുടെ പ്രശ്നങ്ങളെയുമാണ് 'മാധ്യമം ആഴ്ചപ്പതിപ്പ്' മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടുള്ളതെന്ന് കോളജ് പഠനകാലം മുതൽക്കുള്ള എന്റെ ഭാവനയിൽ പതിഞ്ഞിരുന്നു. പലരും മടിച്ചിരുന്ന വിഷയങ്ങൾ ചർച്ചക്കെടുക്കാനും ജനങ്ങള്‍ക്കിടയിലും ഭരണകൂടത്തിന് മുന്നിലേക്കും എത്തിക്കാനും 'മാധ്യമ'ത്തിന് കഴിഞ്ഞിട്ടുണ്ട്. പാര്‍ശ്വവത്കൃത ജനതയുടെ ശബ്ദത്തിന്റെ കരുത്തായി 'ആഴ്ചപ്പതിപ്പ്' മാറി.
എഴുത്തില്‍ ശ്രദ്ധനൽകിയിരുന്നതുകൊണ്ട് തന്നെ കൂടുതലും കവിതയെയും കഥയെയും അടുത്തറിയാന്‍ ശ്രമിച്ചു. സ്കൂള്‍ പഠനകാലം തൊട്ട് മിക്കവയിലും കവിതകള്‍ അയച്ചിരുന്നു എങ്കിലും ആദ്യമായി പ്രസിദ്ധീകരിച്ചുവന്നത് 2022 ജനുവരി മൂന്നിന് പുറത്തിറങ്ങിയ 'മാധ്യമം ആഴ്ചപ്പതിപ്പി'ലെ 'വെളിപാട്' എന്ന കവിതയായിരുന്നു. തുടര്‍ച്ചയായി 'മാധ്യമ'ത്തിലേക്ക് കവിതകള്‍ അയച്ചിരുന്നത് പുതു എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കുന്ന വാരികയുടെ നിലപാടിലുള്ള പ്രതീക്ഷയിലായിരുന്നു. അത് സത്യമെന്ന് വ്യക്തിപരമായി എനിക്കു ബോധ്യം വന്ന സന്ദര്‍ഭംകൂടിയായിരുന്നു അത്. പുതിയ എഴുത്തുകാരെ കൂടുതലായി പരിചയപ്പെടുന്നതും 'മാധ്യമം ആഴ്ചപ്പതിപ്പി'ലൂടെയായിരുന്നു. എഴുത്തിന്റെ ലോകത്ത് നിങ്ങള്‍ക്ക് പരിചിതമല്ലാത്ത പുതിയ പേരുകളെ, എഴുത്തുകളെ അവിടെ കാണാം. സമൂഹത്തോട്, ഭരണ-പ്രതിപക്ഷത്തോട് വായനക്കാരന്റെയും എഴുത്തുകാരുടെയും ആശയം എന്തുമായിക്കൊള്ളട്ടെ നിലപാടുകള്‍, യോജിപ്പുകള്‍, വിയോജിപ്പുകള്‍ അങ്ങനെ വരുന്ന എല്ലാത്തിനെയും 'ആഴ്ചപ്പതിപ്പ്' സൗഹൃദത്തോടെ കൂടെക്കൂട്ടിയിട്ടുണ്ട്.
രാഷ്ട്രീയവും അരാഷ്ട്രീയവുമായ വിഷയങ്ങളെ സസൂക്ഷ്മം കൈകാര്യം ചെയ്യാന്‍ 'ആഴ്ചപ്പതിപ്പി'ന് കഴിഞ്ഞിട്ടുണ്ട്. നിര്‍ഭയം ഭരണ - പ്രതിപക്ഷത്തെയും ഒരുപോലെ വിമര്‍ശിക്കാനുള്ള 'മാധ്യമം ആഴ്ചപ്പതിപ്പി'ന്റെ ശൈലി എക്കാലത്തും എഴുത്തിലും നിലപാടിലും ധൈര്യം പകര്‍ന്നിരുന്നു. സാമൂഹിക രംഗങ്ങളിലായാലും സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലായാലും തുറന്നു പറച്ചിലിന്റെ തുറന്ന വേദിയായി 'മാധ്യമം ആഴ്ചപ്പതിപ്പി'നെ വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും ലഭിച്ചു. എല്ലാ മേഖലകളിലും തുടര്‍ന്നും ഉറച്ച നിലപാടുകളുമായി മുന്നോട്ടേക്ക് വേഗതയില്‍ സഞ്ചരിക്കാന്‍ 'ആഴ്ചപ്പതിപ്പി'ന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സൂര്യഗായത്രി പി.വി കണ്ണൂര്‍
തെളിമയുള്ള രാഷ്ട്രീയം പറയാനാകട്ടെ
'മാധ്യമം ആഴ്ചപ്പതിപ്പി'ന്റെ പിറവി തന്നെ മലയാള സാംസ്കാരിക ലോകത്തിന് ഒരു തിരുത്തായിരുന്നു. എന്നും അരികുവത്കരിക്കപ്പെട്ടവരോടൊപ്പം നടന്നാണ് അത് മലയാള മുഖ്യധാര വാരികകളിലൊന്നായി മാറിയത്. ഓരോ ശനിയാഴ്ചയും ഏത് തിരക്കുകൾക്കിടയിലും പുതിയ കവർ ചിത്രം എന്താണെന്ന് ഫേസ്ബുക്കിൽ ശ്രദ്ധയോടെ നോക്കാറുണ്ട്. അല്ലെങ്കിൽ സക്കർബർഗ് തന്നെ കവർ ചിത്രം മുന്നിലിട്ട് തരും.
ദലിത് വിഷയങ്ങളും പരിസ്ഥിതി പ്രശ്നങ്ങളുമാണ് 'മാധ്യമം' പ്രധാനമായും ചർച്ചയാക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മലയാള സിനിമയെയും അതിന്റെ കാഴ്ചകളേയും ഇത്രയും ഗൗരവപൂർവം സമീപിക്കുന്ന മറ്റൊരു വാരികയും എന്റെ അറിവിലില്ല. കഥകൾ തിരഞ്ഞെടുക്കുന്നതിലും അത് ചിത്രീകരിക്കുന്നതിലും 'മാധ്യമം ആഴ്ചപ്പതിപ്പ്' എപ്പോഴും മുന്നിട്ട് തന്നെ നിൽക്കുന്നു. സാഹിത്യ പ്രോത്സാഹനത്തിനുമപ്പുറം ജനകീയ പ്രതിഷേധങ്ങളുടെയും പൊലീസ് അതിക്രമങ്ങൾക്കെതിരെയും 'ആഴ്ചപ്പതിപ്പി'ന്റെ മഷി ഏറെ നിരത്തിയിട്ടുണ്ട്. മലപ്പുറം, കാസർകോട്, ഇടുക്കി അടക്കമുള്ള ജില്ലകൾ നേരിടുന്ന അപരവത്കരണവും വികസന പ്രതിസന്ധികളും സാംസ്കാരിക അയിത്തങ്ങളും തുറന്നുകാട്ടുന്ന പതിപ്പുകൾ അതിഗംഭീരമായിരുന്നു. കുട്ടനാട്, ലക്ഷദ്വീപ്, കെ-റെയിൽ, തുരങ്കപാത, കർഷക സമരം, പൗരത്വസമരം തുടങ്ങിയ സമീപകാലത്തെ ജനകീയ വിഷയങ്ങളിലെല്ലാം ഇടപെടാൻ 'ആഴ്ചപ്പതിപ്പി'നായിട്ടുണ്ട്.
എങ്കിലും പലപ്പോഴും 'മാധ്യമം ആഴ്ചപ്പതിപ്പി'ൽനിന്നും പ്രതീക്ഷിക്കുന്ന പലതും നൽകുന്നതിൽ വിമുഖത കാണിക്കുന്നുവെന്ന് തോന്നിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രശ്നങ്ങൾ, അഫ്ഗാൻ പ്രതിസന്ധി, ഹിജാബിനെതിരായ ആക്രമണം തുടങ്ങിയ പല മുഖ്യധാര വിഷയങ്ങളിലും 'ആഴ്ചപ്പതിപ്പ്' മൗനം പാലിച്ചു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെ, കൂടുതൽ ധൈര്യത്തോടെയും തെളിമയോടെയും രാഷ്ട്രീയം പറയാൻ 'മാധ്യമം ആഴ്ചപ്പതിപ്പി'ന് സാധിക്കട്ടെ.
അഡ്വ. അബ്ദുൽ ഹാഫിൽ
മുന്നോട്ടുപോകാൻ കഴിയട്ടെ
ബിരുദത്തിന് പഠിക്കുന്ന കാലം മുതലാണ് 'മാധ്യമം ആഴ്ചപ്പതിപ്പ്' വായിക്കാൻ തുടങ്ങുന്നത്. അന്നുമുതൽ തന്നെ 'മാധ്യമം' നിർവഹിക്കുന്ന സാമൂഹിക- രാഷ്ട്രീയ- സാംസ്കാരിക ഇടപെടലുകളെ താൽപര്യപൂർവം നിരീക്ഷിക്കാറുണ്ട്. വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ 'മാധ്യമം' പുലർത്തുന്ന ശ്രദ്ധയും സൂക്ഷ്മതയും അഭിനന്ദനീയമാണ്. അന്താരാഷ്ട്ര വിഷയങ്ങളിൽ മുതൽ പ്രാദേശിക സാംസ്കാരിക ഇടപെടലുകളിൽവരെ ഈ സൂക്ഷ്മത പാലിക്കുക എന്നത് വലിയ കാര്യമാണ്.
സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളിൽ മാധ്യമങ്ങൾക്ക് ജനാധിപത്യത്തിന്റെ ശക്തമായ നാലാം തൂണായി പ്രവർത്തിക്കാൻ കഴിയേണ്ടതാണ്. എന്നാൽ ശക്തമായ നിലപാടുകളുള്ള മാധ്യമ സ്ഥാപനങ്ങൾ ഭരണാധികാരികളാൽ വേട്ടയാടപ്പെടുന്ന അവസ്ഥയാണ് നമ്മുടെ രാജ്യത്ത്. ഭയം ഭരിക്കുന്ന ഇന്ത്യയിൽ നിലപാടുള്ള മാധ്യമമായി നിലനിൽക്കുക എന്നത് എളുപ്പമല്ല. രണ്ടര പതിറ്റാണ്ടായി 'മാധ്യമം ആഴ്ചപ്പതിപ്പ്' നടത്തുന്ന ഇടപെടലുകൾ മലയാളി വായനക്കാർക്കിടയിൽ രാഷ്ട്രീയ അവബോധം സൃഷ്ടിക്കുന്നതിലും സാമൂഹിക പൊതുബോധത്തെ തിരുത്തുന്നതിലും വഹിച്ച പങ്ക് ചെറുതല്ല.
ഹിന്ദുത്വ ഫാഷിസം, സവർണ സംവരണം, പൗരത്വ നിയമം, കശ്മീർ, മലബാർ പോരാട്ടത്തിലെ മായ്ക്കപ്പെട്ട ഏടുകൾ, ദലിത് വിഷയങ്ങൾ, കാർഷിക നിയമങ്ങൾ, കോർപറേറ്റ് നയങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ 'ആഴ്ചപ്പതിപ്പി'ന്റെ ക്രിയാത്മക ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. മികച്ച വായനാവിഭവങ്ങൾകൊണ്ട് 'മാധ്യമം ആഴ്ചപ്പതിപ്പി'ന് മലയാള മുഖ്യധാരാ 'മാധ്യമ'ങ്ങളിൽ കൃത്യമായ സ്ഥാനം നേടാൻ സാധിച്ചു. ഇരുപത്തിയഞ്ച് വർഷത്തിലേക്ക് വരുന്ന ആഴ്ചപ്പതിപ്പിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ശരിയായ നിലപാടുകളോടെ ധീരമായി മുന്നോട്ടുപോകാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു.
റാഷിദ് പൂക്കാട്ടിൽ മലപ്പുറം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.