'മാധ്യമം ആഴ്ചപ്പതിപ്പ്' ഒന്നാമൻ തന്നെ
കാൽനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന 'മാധ്യമം ആഴ്ചപ്പതിപ്പി'നെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്ന ചില നുറുങ്ങു ഓർമകൾ വായനക്കാരുമായി പങ്കുവെക്കാമെന്ന് കരുതുന്നു.
കേരളപ്പിറവിക്ക് മലയാളത്തിൽ 64 മലയാള പത്രങ്ങളുണ്ടായിരുന്നു. അന്ന് മലബാറിൽ പ്രചാരത്തിലുണ്ടായിരുന്നത് വെറും മൂന്ന് പത്രങ്ങൾ മാത്രം. 'മാതൃഭൂമി', 'ദേശാഭിമാനി', 'ചന്ദ്രിക' (1957ലെ സ്ഥിതിയാണിത്). ഞാൻ ജോലി നോക്കിയിരുന്ന ഗോദറേജ് കമ്പനിയിൽ, അവർ നൽകിയിരുന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിൽ ഏതാണ്ട് പത്തോളം പത്രങ്ങൾ വരുന്നുണ്ടായിരുന്നു.
ഓഫിസിൽ അന്ന് മലയാളം വായിക്കുന്ന ആരും ഇല്ലാത്തതിനാൽ എനിക്കത് വീട്ടിൽ കൊണ്ടുപോവാൻ അനുമതി തന്നിരുന്നു. പ്രശസ്ത ഇംഗ്ലീഷ് വാരികയായ ബ്ലിറ്റ്സിന്റെ പത്രാധിപർ ആർ.കെ. കരിഞ്ചിയയുടെ അനുജൻ ബി.കെ. കരിഞ്ചിയയായിരുന്നു ഞങ്ങളുടെ പബ്ലിഷിങ് മാനേജർ. ഈ പത്രവായനക്കിടയിലാണ് ഞാൻ എം.ടി. വാസുദേവൻ നായരുടെ 'അസുരവിത്ത്', നാലുകെട്ട്' എന്നീ നോവലുകൾ വായിക്കുന്നത്. 'കേരള ധ്വനി' ഞായർപതിപ്പുകളിലാണ് അന്ന് എം.ടിയുടെ നോവൽ വെളിച്ചം കണ്ടിരുന്നത്.
കേരളപ്പിറവിക്കുശേഷം 'മനോരമ' മലബാറിൽ കുടിയേറിയശേഷമാണ് മറ്റു പത്രങ്ങളുടെ വരവുണ്ടായത്. മലബാറിലെ മഹിളകളുടെ സിരകളിൽ 'മനോരമ ആഴ്ചപ്പതിപ്പ്' ചെലുത്തിയ സ്വാധീനം ചെറുതൊന്നുമായിരുന്നില്ല. 'പൈങ്കിളി' നോവലുകളും പംക്തികളുമായി ലക്ഷങ്ങളുടെ സർക്കുലേഷൻ അവർക്കന്നുണ്ടായിരുന്നു. ആ ഒരു കാലഘട്ടം ഒരു പൈങ്കിളികാലംതന്നെയായിരുന്നു. (അറുപതുകളിലെ കഥയാണിത്). ഈ ഒരു അവസരത്തിൽ തന്നെയാണ് എന്റെ വായനാ ലോകവും വികസിച്ചത്. മലയാള നാട്, കുങ്കുമം, കലാകൗമുദി, മാതൃഭൂമി വാരികകൾ സ്ഥിരമായി വായിക്കാറുണ്ടായിരുന്നു. വായന ആരംഭിച്ചിട്ട് ഏഴ് പതിറ്റാണ്ടാെയങ്കിലും ആറര പതിറ്റാണ്ടിലധികകാലത്തെ വായനാ അനുഭവത്തിൽനിന്നാണ് കുറിപ്പ് കുറിക്കുന്നത്. എന്റെ ഓർമ ശരിയാണെങ്കിൽ നൂറ്റിപതിനൊന്നാമത്തെ പത്രമാണ് 'മാധ്യമം'.
'മാധ്യമം' പത്രം വായനലോകത്ത് കടന്നുവരുന്നത് വായനലോകത്ത് ഒരു വഴിത്തിരിവെന്ന മുദ്രാവാക്യവുമായാണ്. അക്ഷരാർഥത്തിലത് ശരിയാണെന്ന് പിന്നീടങ്ങോട്ട് തെളിയിക്കുകയും ചെയ്തു. 'മാധ്യമം' പത്രം തുടങ്ങി ഒരു പതിറ്റാണ്ട് പിന്നിട്ടശേഷമാണ് 'മാധ്യമം ആഴ്ചപ്പതിപ്പ്' ഇറക്കേണ്ട കാര്യം ആലോചനക്ക് വരുന്നത്. കാക്കത്തൊള്ളായിരം പ്രസിദ്ധീകരണങ്ങളുള്ള കേരളത്തിലേക്ക് ഒരു പ്രസിദ്ധീകരണത്തിനുള്ള പ്രസക്തി പലരും പിറുപിറുത്തു. കണ്ടറിയണം ഇതിന്റെ ആയുസ്സ് എന്നല്ലൊം അഭിപ്രായമുയർന്നു. പിറവിക്കു മുമ്പേ പല കോണുകളിൽനിന്നും ഇതിന്റെ ജാതകം കുറിച്ചുകഴിഞ്ഞിരുന്നു. പ്രസിദ്ധീകരണ രംഗത്ത് ഒരുതരം വരേണ്യവത്കരണം തന്നെ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും! അങ്ങനെ ഒരുപാട് ഒരുപാട് ചർച്ചകൾക്ക് ശേഷമാണ് തുടങ്ങാമെന്ന തീരുമാനത്തിലെത്തിച്ചേർന്നത്.
'മാധ്യമം' പത്രം പത്രലോകത്ത് വരുത്തിയ വഴിത്തിരിവിനേക്കാൾ വലുതായിരുന്നു 'ആഴ്ചപ്പതിപ്പ്' ആനുകാലികങ്ങളുടെ ലോകത്ത് വരുത്തിയ മാറ്റിത്തിരുത്തലുകൾ.
വായനലോകത്ത് രണ്ട് വിഭാഗങ്ങളെ കാണാം. ഒന്ന്, പൈങ്കിളി വായന. രണ്ട്, സാംസ്കാരിക വായന. ദൈവാനുഗ്രഹമെന്നു തന്നെ പറയട്ടെ, ഒരുവിഭാഗം കൈയടക്കിവെച്ചിരുന്ന ആ ശ്രീകോവിലിലേക്ക് വലതുകാൽ വെച്ചു പ്രവേശിച്ച 'മാധ്യമം ആഴ്ചപ്പതിപ്പ്' അവിടെ തിളങ്ങിവിളങ്ങിനിന്ന പലതിനെയും കടപുഴക്കുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. ഒരു വഴിപാടുപോലെ മലയാളിക്ക് ഓണക്കാഴ്ച വിളമ്പിയിരുന്നത് 'മനോരമ'യും 'മാതൃഭൂമി'യും 'ദേശാഭിമാനി'യും മാത്രമായിരുന്നു അതുവരെയും. 'മാധ്യമം' പകരം വാർഷികപ്പതിപ്പ് ഇറക്കുകയും ഓണപ്പതിപ്പിന്റെ മുൻനിരയിൽ നില ഉറപ്പിക്കുകയും ചെയ്യുന്നത് പതിവായി.
മലയാള സാഹിത്യതറവാട്ടിലെ കുലപതികളെല്ലാം 'മാധ്യമ'ത്തിൽ നിരന്തരം എഴുതി. സാംസ്കാരിക രംഗത്തെ വായിപ്പിച്ചും ചിന്തിപ്പിച്ചും 'ആഴ്ചപ്പതിപ്പ്' ഉയരങ്ങളിലേക്ക് കയറി.
സച്ചിദാനന്ദൻ, ടി. പത്മനാഭൻ മുതലായവർ മാധ്യമത്തറവാട്ടിലെ കാരണവന്മാരായി അതിന്റെ പൂമുഖത്ത് ഇപ്പോഴുമുണ്ട്. ആരാച്ചാർ, ഘാതകൻ, ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി തുടങ്ങി എത്രയോ അതി ഗംഭീര നോവലുകൾ ഇതിനിടയിൽ വന്നു.
എന്റെ ആറര പതിറ്റാണ്ടുകാലത്തെ വായന അനുഭവത്തിന്റെ വെളിച്ചത്തിൽ അഭിമാനപൂർവം പറയാനാവും, ഒന്നാമൻ തന്നെയാണ് 'മാധ്യമം ആഴ്ചപ്പതിപ്പെ'ന്ന്.
'കാക്കാമാർക്ക്' കാരക്കനാട്ടിലല്ല, കേരനാട്ടിലും വേരുറപ്പിക്കാനറിയാമെന്ന് 'മാധ്യമം ആഴ്ചപ്പതിപ്പ്' തെളിയിച്ചുകൊടുത്തു.
അതിന്റെ അണിയറ ശിൽപികളാണതിന് കാരണക്കാർ. അവരെ മനസ്സിന്റെ മിഹ്റാബിൽ അഭിനന്ദിച്ചുകൊണ്ട് അൽപം നീണ്ടുപോയ ഈ കുറിപ്പ് നിർത്തുന്നു.
മമ്മൂട്ടി കവിയൂർ
ഫാഷിസ്റ്റ് കാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിയണം
1998 ഫെബ്രുവരിയിൽ 'മാധ്യമം ആഴ്ചപ്പതിപ്പ്' പ്രസിദ്ധീകരിച്ചുതുടങ്ങുമ്പോൾ രാഷ്ട്രീയം, ദർശനം, ചരിത്രം തുടങ്ങിയ വിഷയത്തിലൊക്കെ ഉറച്ച നിലപാടുള്ള ഇടതുപക്ഷ യുവജന സംഘടനാ പ്രവർത്തകനായി മാറിക്കഴിഞ്ഞ ഒരാളായിരുന്നു ഞാൻ. എസ്.എഫ്.ഐയുടെ 'സ്റ്റുഡന്റ്', ഡി.വൈ.എഫ്.ഐയുടെ 'യുവധാര' തുടങ്ങിയ ആനുകാലികങ്ങളിലാണ് അന്നൊക്കെ എന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു വന്നത്. 'ദേശാഭിമാനി'യുടെ ലേഖകനായിത്തീർന്നതോടെ പത്രത്തിന്റെ വാരാന്ത്യപ്പതിപ്പിലും വാരികയിലുമൊക്കെ ചില ലേഖനങ്ങളും അഭിമുഖങ്ങളും അച്ചടിച്ചു വന്നു. അതോടെ സമൂഹമാകെ അംഗീകരിക്കുന്ന ഒരാളൊന്നുമെല്ലങ്കിലും എഴുത്തുകാരനെന്നൊരു പരിഗണന സമൂഹം പതിയേ കൽപിച്ചു തന്നു. സാംസ്കാരിക പ്രവർത്തനം എന്നതിലുപരി രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗം മാത്രമായിരുന്നു ഈ എഴുത്തുകളൊക്കെ. തീവ്ര ഇടതുപക്ഷ നിലപാടുള്ള, കുറേയേറെ സാംസ്കാരിക സ്വഭാവംകൂടിയുള്ള പ്രസിദ്ധീകരണങ്ങൾ അന്ന് കേരളത്തിൽ ധാരാളമായുണ്ടായിരുന്നു. അവരുടെ രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ലായിരുന്നെങ്കിലും അത്തരം പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട സുഹൃത്തുക്കൾ ചിലപ്പോൾ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട എഴുത്തുകൾ ആവശ്യപ്പെടുമായിരുന്നെങ്കിലും അതിലൊക്കെ എഴുതുന്നത് രാഷ്ട്രീയമായി ശരിയായ നിലപാടല്ല എന്നാണ് കരുതിയത്.
അങ്ങനെയിരിക്കുമ്പോഴാണ് 'മാധ്യമം' പത്രവും 'ആഴ്ചപ്പതിപ്പു'മൊക്കെ ഞങ്ങളെപ്പോലുള്ളവരെ ആകർഷിക്കാൻ കഴിയുംവിധം ഒരു തരം 'ചേർത്തുപിടിക്കൽ ജനാധിപത്യ'ത്തോടെ പ്രസിദ്ധീകരിച്ച് തുടങ്ങിയത്. 'മാധ്യമ'ത്തിന് കൃത്യമായ ഒരു രാഷ്ട്രീയമുണ്ട് എന്ന ബോധ്യം അന്നുമുണ്ടായിരുന്നു. ആ രാഷ്ട്രീയത്തോടാകട്ടെ യോജിപ്പുമില്ല. അപ്പോഴും പരിസ്ഥിതി, ഫാഷിസം, വികസനം, സാമ്രാജ്യത്വ വിരുദ്ധമായ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലൊക്കെ പത്രത്തിലും 'ആഴ്ചപ്പതിപ്പിലും' പ്രസിദ്ധീകരിച്ചു വന്ന പഠനങ്ങൾ നന്നായി ആകർഷിക്കുകയും ചെയ്തു. ഇടതു ലിബറൽ ബുദ്ധിജീവികളുടെ കവിതയും കഥയുമൊക്കെ ആകർഷകമായ ലേഔട്ടിൽ പ്രസിദ്ധീകരിക്കുന്നതിന് ധാരാളം സ്പേസ് പത്രവും വിശേഷിച്ച് 'ആഴ്ചപ്പതിപ്പും' നൽകിക്കൊണ്ടിരുന്നു. 'മാധ്യമ'ത്തിന്റെ അണിയറ ശിൽപികളുടെ രാഷ്ട്രീയ പരിഗണന വെച്ചു നോക്കിയാൽ അവർക്കർഹമായ ഇടമൊന്നുമായിരുന്നില്ല കേരളം ഈ പത്രത്തിനും 'ആഴ്ചപ്പതിപ്പി'നും അനുവദിച്ചു നൽകിയത്. കേരളീയ സമൂഹത്തിൽ സി.പി.എമ്മിന് ഉണ്ടായിരുന്ന രാഷ്ട്രീയ സ്വാധീനത്തിന്റെ നാലയലത്ത് പോലും 'ദേശാഭിമാനി' പത്രത്തിന്റെയും വാരികയുടേയും സ്വാധീനം എത്തിയിരുന്നില്ല. എന്നാൽ 'മാധ്യമം ആഴ്ചപ്പതിപ്പ്' ഇടതു ലിബറൽ ചിന്തയുള്ള വലിയൊരു വിഭാഗം മനുഷ്യർക്കും അഭിമാനത്തോടെ കൊണ്ടുനടക്കാവുന്ന ഒരു പ്രസിദ്ധീകരണമായി വളരെ പെെട്ടന്നു തന്നെ മാറി.
ഇക്കാലത്ത് സി.പി.എം പ്രസിദ്ധീകരണങ്ങൾക്ക് പുറത്തുള്ള ഇടതു ലിബറൽ വായനസമൂഹത്തിലേക്കുകൂടി എത്താൻ കഴിയുന്നതാണ് ഇടതു രാഷ്ട്രീയത്തിന് ഗുണകരമാവുക എന്നൊരു തോന്നൽ എന്നിൽ കലശലായിരുന്നു. ഏതെങ്കിലും പ്രസിദ്ധീകരണത്തിൽ എഴുതുന്നതിന് വിലക്കിെല്ലങ്കിലും 'മാധ്യമം ആഴ്ചപ്പതിപ്പ്' സി.പി.എം നേതൃത്വത്തിന്ന് അത്ര പഥ്യമായിരുന്നില്ല. എന്നാൽ കെ.ഇ.എൻ. കുഞ്ഞഹമ്മദിനെപ്പോലുള്ള പു.ക.സക്കാർ 'മാധ്യമ'ത്തിലെഴുതുന്നത് പതിവായിരുന്നു. ആ ഒരു ലൂപ്ഹോൾ ഉപയോഗിച്ചാണ് 'വാരാദ്യമാധ്യമ'ത്തിന് ഒരു ലേഖനമയച്ചത്. ഫാഷിസത്തേക്കുറിച്ചുള്ള പഠനങ്ങളിൽ മിക്കതും സാമ്പത്തിക ശാസ്ത്രപരമോ രാഷ്ട്രീയമോ തത്ത്വശാസ്ത്രപരമോ ഒക്കെയായ മേഖലകളിൽനിന്നുള്ള നോട്ടങ്ങളായിരുന്നു. എന്നാൽ ഫാഷിസം സമഗ്രതലസ്പർശിയായ ഒരു പ്രതിഭാസമാണെന്നും മനുഷ്യന്റെ മനസ്സോ തലച്ചോറോ കൈകളോ വ്യാപരിച്ചിട്ടുള്ള ഇടങ്ങളിലെല്ലാം ഫാഷിസം കൈമുദ്രകൾ പതിപ്പിച്ചിട്ടുണ്ടെന്നുമുള്ള കാഴ്ചപ്പാടുകൾ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. എങ്കിലും ഇടതുപക്ഷം അതിന്റെ അടിസ്ഥാന മേഖലയായ സാമ്പത്തിക- രാഷ്ട്രീയ ഘടനയിലൂന്നിയുള്ള വിമർശനങ്ങളാണ് പൊതുവായി മുന്നോട്ടു വെക്കുക. ഫാഷിസത്തിന്റെ മനഃശാസ്ത്രപരമായ ഒരു സാമൂഹികവിശകലനം പ്രശസ്ത ചിന്തകനായ എറിക് ഫ്രോമിന്റേതായി പുറത്തുവന്നത് വായിക്കാനിടയായി. അത് എന്നെ വളരെ ആകർഷിച്ചു. ജർമനിയിൽ നെക്രോഫീലിയ (ശവകാമന) എന്ന അപകടകാരിയായ മനോരോഗമുള്ള ഒരു വിഭാഗത്തെ തന്റെ ഫാഷിസ്റ്റ് അത്യാചാരങ്ങൾ നടപ്പിലാക്കാനുള്ള ഉപകരണങ്ങളാക്കി ഹിറ്റ്ലർ എങ്ങനെ മാറ്റി എന്നാണ് എറിക് ഫ്രോം വിശദീകരിക്കാൻ ശ്രമിച്ചത്. ഇന്ത്യയിലും ഫാഷിസത്തിന്റെ ബലതന്ത്ര വിനിയോഗങ്ങളിൽ ഇതിന് വലിയ പ്രാധാന്യമുണ്ട് എന്നെനിക്ക് തോന്നി. അങ്ങനെയാണ് എറിക് ഫ്രോമിനെ പിൻപറ്റുന്ന ഒരു ലേഖനം ഞാൻ തയാറാക്കി 'മാധ്യമ'ത്തിനയക്കുന്നത്. അത് വലിയ എഡിറ്റിങ് ഒന്നുമില്ലാതെ പ്രസിദ്ധീകരിച്ചു വന്നു. അതാണ് 'മാധ്യമ'ത്തിൽ അച്ചടിമഷി പുരണ്ട എന്റെ ആദ്യ ലേഖനം. എനിക്ക് വ്യക്തിപരമായി വന്ന ഭീഷണിക്കത്തുകളിൽ നിന്നും 'മാധ്യമം' പത്രാധിപർക്ക് വന്ന കത്തുകളിൽ നിന്നുമൊക്കെ ആ ലേഖനം നന്നായി സ്വീകരിക്കപ്പെട്ടു എന്ന തോന്നലുണ്ടാക്കി. 'ആഴ്ചപ്പതിപ്പി'ൽ ഞാനെഴുതിയ ലേഖനങ്ങളിൽ പലതും പരിസ്ഥിതി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതായിരുന്നു. എന്നാൽ ഈയടുത്ത കാലത്ത് ഫാഷിസ്റ്റ് ശക്തികൾ കേരളത്തിൽ തെരഞ്ഞെടുപ്പു ശക്തിയല്ലാതിരിക്കുമ്പോഴും എങ്ങനെ സാംസ്കാരിക മേധാവിത്വം സ്ഥാപിച്ചു എന്നും, ജാതി, നവോത്ഥാനംപോലുള്ള വിഷയങ്ങളെ അധികരിച്ചുള്ള പഠനങ്ങളും 'ആഴ്ചപ്പതിപ്പ്' പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചേർത്തുപിടിക്കൽ (inclusion) ആണ് ഭാരതീയ ചിന്തയുടെ സവിശേഷത എന്ന് പൊതുവേ പറയാറുണ്ട്. സൂക്ഷ്മപഠനത്തിൽ അത് ഭാരതീയമായ സവിശേഷതയല്ല, പ്രാപഞ്ചികമായ ഒന്നാണ് എന്ന് മനസ്സിലാക്കാൻ കഴിയും. എന്നാൽ മാർക്സിസം ഉൾപ്പെടെയുള്ള പാശ്ചാത്യ ദർശനങ്ങൾ, പ്രശ്നങ്ങളെ / പ്രതിഭാസങ്ങളെ വിപരീതങ്ങളായി മനസ്സിലാക്കാനും ഒന്നിനെ നിരാകരിച്ച് മറ്റൊന്നിന്റെ വികാസം സാധ്യമാകുന്ന നിലയിൽ ദ്വന്ദ്വാത്മകമായി (Dichotomic) അവതരിപ്പിക്കുകയും ചെയ്യുന്ന രീതിയുണ്ടായിരുന്നു. എന്നാലിന്ന് നാം വിപരീതങ്ങളായി കരുതുന്നത് വിപരീതങ്ങളായി അസ്തിത്വമുള്ളവയല്ല, അവയൊക്കെ ഒന്നിന്റെതന്നെ പ്രകാശന രൂപങ്ങളാണ് (Manifestations) എന്ന നിലയിൽ മനസ്സിലാക്കുന്നതിലേക്ക് മാർക്സിസമുൾപ്പെടെ, ദർശനങ്ങൾ ഇന്ന് വികസിച്ചിട്ടുമുണ്ട്. ഫാഷിസം നിലകൊള്ളുന്നത് ദ്വന്ദ്വാത്മകമായ നിരാസം (Dichotomic Exclusion) നയമായി സ്വീകരിച്ചാണല്ലോ, ഒന്നിനെ അപരമായി പ്രഖ്യാപിച്ചുകൊണ്ടല്ലാതെ ഒരു ഫാഷിസ്റ്റ് പ്രവണതക്കും നിലനിൽക്കാനാവില്ല. ഇത്തരം കാഴ്ചപ്പാട് വെച്ചുപുലർത്തുന്ന, സവർണ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വായ്ക്കകത്താണ് ഇന്ന് നാം എന്ന യാഥാർഥ്യം ഭയപ്പെടുത്തുന്നതാണ്. അതിനെതിരെ പൊരുതേണ്ടത് വിശാല ജനാധിപത്യ തുറസ്സുകൾ സൃഷ്ടിച്ചുകൊണ്ടായിരിക്കണം എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. 'മാധ്യമ'ത്തിന്റെ കോറിൽ പ്രവർത്തിക്കുന്നവർ മുന്നോട്ടുവെക്കുന്ന ദൈവരാജ്യം (ഹുക്കുമത്തെ ഇലാഹി) കൈകാര്യം ചെയ്യുന്നതും ദ്വന്ദ്വാത്മക നിരാസവാദംതന്നെയാണ്. പക്ഷേ അതോടൊപ്പം കാണേണ്ട പ്രധാനപ്പെട്ട ഒരു സംഗതി ഇന്ത്യയെപ്പോലൊരു രാജ്യത്ത് സംഘപരിവാരത്തിന് ഹിന്ദുരാജ്യം സൃഷ്ടിക്കാൻ കഴിഞ്ഞേക്കാമെന്നപോലെ അതിന്റെ മറുപുറമായ ഹുക്കുമത്തെ ഇലാഹി സ്ഥാപിക്കാൻ ഇസ്ലാമിക ശക്തികൾക്ക് ഒരു കാലത്തും കഴിയില്ല എന്ന യാഥാർഥ്യമാണ്. ഒരുപക്ഷേ സംഘപരിവാര രാഷ്ട്രീയത്തിന് സാധൂകരണമായി അതിന് വർത്തിക്കാൻ കഴിയുമെങ്കിലും. അഫ്ഗാനിസ്താനിൽ സംഘപരിവാരം പ്രവർത്തിക്കുന്നുണ്ട്. അവിടെ അവർ ഹിന്ദുരാഷ്ട്രം സ്ഥാപിച്ചേക്കും എന്ന് കരുതുന്നത് എത്രമേൽ അസംബന്ധമാണോ അത്രമേൽ അസംബന്ധമാണ് ഇന്ത്യയിൽ ഹുക്കുമത്തെ ഇലാഹി നടപ്പിലായേക്കാമെന്നതും.
ഒരില പൊഴിയുന്നപോലെ ഒച്ചയനക്കങ്ങളില്ലാതെ ഇന്ത്യൻ ജനാധിപത്യത്തെ പൊഴിച്ചുകളയാനും പകരം ഹിന്ദുത്വ രാഷ്ട്രീയത്തെ പകരംവെക്കാനുമുള്ള നീക്കങ്ങൾ വളരെയേറെ മുേന്നറിക്കഴിഞ്ഞ കാലത്താണ് നാം ജീവിക്കുന്നത്. താനൊരു ജനാധിപത്യവാദിയാണ് എന്ന് നിരന്തരം പ്രൊപ്പഗേറ്റ് ചെയ്തുകൊണ്ടല്ലാതെ, തന്റെ മുസ്ലിം സ്വത്വം പരമാവധി മറച്ചുകൊണ്ടല്ലാതെ ഒരു മുസ്ലിമിനും ഇന്ന് ഇന്ത്യയിൽ ജീവിക്കുക സാധ്യമല്ല എന്നതാണ് സ്ഥിതി. മുസ്ലിം ആരാധനാലയങ്ങൾ രാക്ക് രാമാനം പൊളിച്ചു നീക്കപ്പെടുന്നത്, മുസ്ലിം വസ്ത്രധാരണ രീതികൾക്കെതിരെ കടന്നാക്രമണങ്ങൾ ശക്തിപ്പെടുന്നത്, സ്കൂളുകളിൽപോലും യൂനിഫോമിന്റെയും നമസ്കാരത്തിന്റെയുമൊക്കെ പേരിൽ ഇസ്ലാമികവിരുദ്ധത ശക്തിപ്പെടുന്നത് ഒക്കെ യാഥാർഥ്യം തന്നെയാണല്ലോ. അപ്പോഴും ചെറുത്തുനിൽപ്പുകളെ സാംസ്കാരികമായി നിരാകരിക്കാൻ കഴിയുന്ന ഒരു ട്രാപ്പിലേക്ക് രാജ്യത്തെയാകെ അവരെത്തിക്കുകയും ചെയ്യുന്നു. മറ്റിതര മതങ്ങൾക്കെല്ലാം വ്യക്തിനിയമങ്ങൾ സിവിൽ മാറ്ററായിരിക്കുമ്പോൾ മുസ്ലിംകൾക്ക് അത് ക്രിമിനൽ കോഡിന്റെ പരിധിയിൽ വരുന്ന ഒന്നാകുന്നു. മിക്കവാറും ഭരണഘടനാസ്ഥാപനങ്ങളൊക്കെ ഹിന്ദുത്വ ആശയധാരകളാലും മുഷ്കിനാലും കൈയടക്കപ്പെട്ടു കഴിഞ്ഞു. ജവഹർലാൽ നെഹ്റു സർവകലാശാലയുടെ തലപ്പത്ത് ഗോദ്സെ ആരാധികയായ വൈസ് ചാൻസലറെ ഒച്ചയനക്കങ്ങളില്ലാതെ അവരോധിക്കാൻ കഴിയുക എന്ന് പറയുന്നതിന്റെ അർഥമെന്താണ്? പ്രതിഷേധസ്വരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യപ്പെടും എന്ന് ജെസ്യൂട്ട് പുരോഹിതനായ സ്റ്റാൻസ്വാമിയുടെ ജീവിതവും യു.എ.പി.എ ചുമത്തി കാരാഗൃഹത്തിന്റെ ഇരുട്ടിലേക്ക് മാറ്റപ്പെട്ടവരും നമുക്ക് കാണിച്ചു തരുന്നു. കോടതിയും നിയമപുസ്തകങ്ങളുമൊന്നും ആവശ്യമില്ലാതെ പൊലീസുതന്നെ എങ്ങനെ നീതി നിർവഹണം നടത്തുമെന്നാണ് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നമ്മോട് പറയുന്നത്. അതോടൊപ്പം പൗരത്വമില്ലാതായി മാറുന്നവരെ തടവിൽ പാർപ്പിക്കാനോ വംശഹത്യക്കിരയാക്കാനോ ആവശ്യമായ നാസി തടങ്കൽപ്പാളയങ്ങൾ പോലുള്ള ജയിലുകൾ രാജ്യത്താകമാനം പണിതീർന്നു വരുന്നുമുണ്ട്. അഡ്മിനിസ്ട്രേഷൻ ഭരണം എന്തായിരിക്കും എന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നമുക്ക് കാണിച്ചു തന്നു. എക്സിക്യൂട്ടിവും ലെജിസ്ലേച്ചറും തമ്മിലുള്ള അതിരുകളൊക്കെ മാഞ്ഞു മാഞ്ഞ് ഇല്ലാതാവുന്നത് ബാബരി മസ്ജിദ് വിധിയിലൂടെയും വിധിപ്രഖ്യാപിച്ച ജഡ്ജിയുടെ രാഷ്ട്രീയ പ്രവേശത്തിലൂടെയും നമ്മൾ കണ്ടു. ഗാന്ധിയും നെഹ്റുവുമൊക്കെ ചുവരുകളിൽനിന്ന് പോലും നീക്കപ്പെടുമ്പോൾ സവർക്കറും ഗോദ്സെയുമൊക്കെ ഔദ്യോഗിക അടയാളങ്ങളായി പ്രകാശിക്കുന്നു. ഭരണാധികാരികളും ഒരു ജഡ്ജിയും ബോധ്യപ്പെടുകയേ വേണ്ടൂ ഏത് മാധ്യമ സ്ഥാപനവും അടച്ചുപൂട്ടാം എന്നാണല്ലോ 'മീഡിയവൺ' ചാനലിന്റെ സംപ്രേഷണം വിലക്കിയതിലൂടെ അവർ നമ്മെ ബോധ്യപ്പെടുത്തിയത്. അപ്പോൾ പിന്നെ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെക്കുറിച്ചുള്ള ഗിരിപ്രഭാഷണങ്ങൾക്ക് എന്താണ് പ്രസക്തി? ഇന്ത്യ സമ്പൂർണമായ ഒരു സർവയലൻസ് സ്റ്റേറ്റാണ്, അല്ലാതെ ജനാധിപത്യ രാജ്യമല്ല എന്ന് പെഗസസിലൂടെ ബോധ്യപ്പെടുത്തി. രാജ്യത്തെ മുസ്ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ രണ്ടാം തരം പൗരന്മാരാണ് എന്ന് പ്രഖ്യാപനങ്ങളില്ലാതെ തന്നെ ജനതയെകൊണ്ട് അംഗീകരിപ്പിക്കാൻ അവർക്ക് കഴിയുന്നു. ജനാധിപത്യത്തിന്റെ കുംഭഗോപുരങ്ങളൊക്കെ ഏതാണ്ട് ഇടിച്ചുനിരത്തപ്പെട്ടപ്പോൾ ഹിന്ദുരാഷ്ട്രത്തിന്റെ താഴികക്കുടങ്ങൾ തെളിഞ്ഞുവരുന്നുമുണ്ട്.
സവർണ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് ഇന്ത്യയേപ്പോലൊരു രാജ്യം എളുപ്പം കീഴടങ്ങുമെന്നും അത്തരം ഒരവസ്ഥയിൽ ആ ചന്ദ്രതാരം തുടരുമെന്നും കരുതുന്ന ഒരാളല്ല ഈ കുറിപ്പെഴുതുന്നത്. അപ്പോഴും വർത്തമാനകാല ഇന്ത്യ ഭയാനകംതന്നെയാണ്. ഒരുപക്ഷേ ജർമനിയിൽ ഫാഷിസം അധികാരം സ്ഥാപിക്കുന്നതിന് മുമ്പുള്ള ഒരു കാലത്തെയാണ് ഇന്ത്യ ഇന്ന് പ്രതിനിധാനംചെയ്യുന്നത് എന്ന് പോലും തോന്നിപ്പോകുന്നു. വരാൻ പോകുന്ന അപകടത്തെക്കുറിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കോ ജനതക്കോ ബോധ്യം വരാതിരുന്നതായിരുന്നല്ലോ ജർമനിയുടെ ദുരന്തം.
ഈ സാഹചര്യത്തിൽ 'മാധ്യമം'പോലൊരു പ്രസിദ്ധീകരണത്തിന് വലിയ ചുമതലകൾ നിർവഹിക്കാനുള്ള ശേഷിയുണ്ട്, അവരത് നിർവഹിക്കുകതന്നെ ചെയ്യും എന്ന് ഞാൻ കരുതുന്നു. അത് കൂടുതൽ കൂടുതൽ ചേർത്തുപിടിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തനവും സാംസ്കാരിക പ്രവർത്തനവുമായി, ജനാധിപത്യമായി ഇനിയുമിനിയും വികസിച്ച് മുന്നേറേണ്ടതുണ്ട്. അമ്പലം വിഴുങ്ങാനെത്തിയ ഒരു ദുർദേവതയുടെ കഥയുണ്ട്. ദുർദേവത പടിക്കലെത്തിയപ്പോഴും അമ്പലവാസികൾ നടയടയ്ക്കുന്നതിനെക്കുറിച്ചുള്ള തർക്കങ്ങളിലായിരുന്നു. തർക്കത്തിലിടപെട്ട് കാര്യമറിയാവുന്ന ഒരാൾ പറഞ്ഞു: ''നിങ്ങൾ തർക്കങ്ങൾ നിർത്തൂ. നടയാരടച്ചാലും ഇെല്ലങ്കിലും ദുർദേവത അമ്പലം വിഴുങ്ങും. അതുകൊണ്ട് നമുക്ക് അനാവശ്യ തർക്കങ്ങളൊഴിവാക്കി ദുർദേവത അമ്പലം വിഴുങ്ങുന്നത് ഒരുമിച്ച് നിന്ന് തടയാം. അമ്പലം നിലനിെന്നങ്കിലല്ലേ നടയടക്കുന്നതിനെക്കുറിച്ച് നാളെയും തർക്കിക്കാനാവൂ.'' ആ കാര്യമറിയാവുന്ന ആളിന്റെ റോൾ 'മാധ്യമം ആഴ്ചപ്പതിപ്പ്' നിർവഹിക്കും എന്ന് ഞാൻ ആത്മാർഥമായും ആശിക്കുന്നു.
എൻ.വി ബാലകൃഷ്ണൻ, കൊയിലാണ്ടി
മാധ്യമം പിടിച്ച കണ്ണാടി വർഷങ്ങൾ
1998 കാലം. ഞാൻ വയനാട്ടിൽ മാനന്തവാടി മേരീ മാതാ കോളജിൽ ബിരുദത്തിന് പഠിക്കുകയാണ്. കൈയിൽ കിട്ടുന്നതെന്തും ആർത്തിയോടെ വായിക്കുന്ന നാളുകൾ. അക്കാലത്ത് താമസിച്ചിരുന്ന ഉപ്പയുടെ ജ്യേഷ്ഠന്റെ വീട്ടിൽ 'മാധ്യമം' പത്രം സ്ഥിരമായി വരുത്തുന്നുണ്ട്. അങ്ങനെയിരിക്കേ 'മാധ്യമം' കുടുംബത്തിൽനിന്ന് ഒരു ആഴ്ചപ്പതിപ്പ് വരുന്നു എന്ന വാർത്ത പത്രത്തിൽ വന്നുതുടങ്ങി.
ആകാംക്ഷയുടെ ഹൃദയ ബലൂൺ വികസിച്ചു. എഴുത്തുകാരൻ സി. രാധാകൃഷ്ണൻ സർ എഡിറ്ററായി ആദ്യ ലക്കം ഇറങ്ങിയപ്പോൾ കൊതിയോടെ ഓടിച്ചെന്ന് വാങ്ങി. എം.ടിയും തിക്കോടിയനുമടക്കം നിരവധി പ്രിയങ്കരർ അതിലെഴുതിയിരുന്നു.
25 വർഷം കഴിഞ്ഞു പിന്തിരിഞ്ഞു നോക്കുമ്പോൾ അത്ഭുതം തോന്നും. ഈ രണ്ടര പതിറ്റാണ്ടു കാലം ഒരു പ്രസിദ്ധീകരണത്തെ വിടാതെ പിന്തുടരാനുള്ള ഭാഗ്യമുണ്ടായി. മലയാളത്തിൽ പുതിയൊരു മാഗസിൻ ജേണലിസമാണ് 'മാധ്യമം' കൊണ്ടുവന്നത്. പരിസ്ഥിതിയെ ഒരു വലിയ വിഷയമായി അവതരിപ്പിച്ചു. ദലിത്-ആദിവാസി മുന്നേറ്റമടക്കമുള്ള നിരവധി വിഷയങ്ങൾ മുഖ്യധാരയിലെത്തിച്ചു. കേൾക്കാത്തതിന് ഒച്ച നൽകി. മലയാളത്തിലെയും അന്യഭാഷയിലെയും കനപ്പെട്ട സാഹിത്യങ്ങൾ അവതരിപ്പിച്ചു.
ഒരു എഴുത്തുകാരനെന്ന നിലയിലും ജേണലിസ്റ്റെന്ന നിലയിലും വിവിധ കാലഘട്ടങ്ങളിൽ എനിക്ക് 'മാധ്യമം ആഴ്ചപ്പതിപ്പ്' തന്ന പിന്തുണ വലുതാണ്. ഡൽഹി പത്രപ്രവർത്തന കാലത്ത് പാർലമെന്റ് ആക്രമണ കേസുമായി ബന്ധപ്പെട്ട് ഒരു കവർ സ്റ്റോറി ചെയ്യാനായി. അടിയന്തരാവസ്ഥയും ഭരണകൂട ഭീകരതയും മുഖ്യ പ്രമേയമായി വന്ന ഒരു ലക്കത്തിൽ കശ്മീരിലെയും നോർത്-ഈസ്റ്റ് സംസ്ഥാനങ്ങളിലെയും മനുഷ്യാവകാശ ധ്വംസനങ്ങൾ രേഖപ്പെടുത്തുന്നവരുടെ ഭാഗമായി. ഒ.വി. വിജയൻ മരിച്ചപ്പോൾ ഡൽഹി ദ്വാരകയിലുള്ള ഫ്ലാറ്റിൽ ചെന്ന് എം. മുകുന്ദന്റെ വിജയൻ ഓർമകൾ പകർത്തിയെഴുതി. മറ്റൊരു ലക്കത്തിൽ ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഇന്റർവ്യൂ ചെയ്തു.
പത്രപ്രവർത്തന തട്ടകം ചെന്നൈയിലേക്ക് മാറിയ കാലത്താണ് 'മാധ്യമ'ത്തിനു വേണ്ടി എഴുത്തുകാരനായ വില്യം ഡാൽ റിംപിളിന്റെയും സംഗീത സംവിധായകൻ ഔസേപ്പച്ചന്റെയും അഭിമുഖങ്ങൾ തയാറാക്കുന്നത്. ഒരിക്കൽ സുഹൃത്ത് കവിതാ ബാലകൃഷ്ണനുമൊത്ത് പരീക്ഷണ സ്വഭാവമുള്ള 'ചരിത്രകാരൻ' എന്നൊരു ഗ്രാഫിക് കഥ 'ആഴ്ചപ്പതിപ്പി'ന്റെ സ്പെഷൽ പതിപ്പിൽ എഴുതി - വരച്ചു. ഓർക്കുമ്പോൾ അവയെല്ലാം സ്വർണമൂല്യമുള്ള നിമിഷങ്ങൾ!
നിരവധി ചെറുകഥകൾ 'ആഴ്ചപ്പതിപ്പ്' പ്രസിദ്ധീകരിച്ചു. 'ഷോക്ക്' എന്ന കഥയാണ് ആദ്യം അച്ചടിച്ചു വന്നത് എന്നാണോർമ. രമണനും മദനനും, ജീവിതം ദേ ഇതു വഴി, കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് പോസ്റ്റ് ചെയ്ത ഒരു ചപ്പാത്തിക്കഥ, മരമാണ് മറുപടി, സൈലന്റ് എക്സ്പ്രസ്, ബോബനും മോളിയും... തുടങ്ങി 'കേരളത്തിലെ ഒരു പ്രഭാതത്തിൽ വരെ' യുള്ള ഒട്ടനവധി കഥകൾ... ജേണലിസ്റ്റിക് എഴുത്തുകൾക്ക് കെ. കണ്ണൻ, കെ.എ. സൈഫുദ്ദീൻ, എൻ.പി. സജീഷ് തുടങ്ങിയ പത്രാധിപ സുഹൃത്തുക്കളായിരുന്നു കാരണക്കാർ.
പി.കെ. പാറക്കടവാണ് ഏറ്റവും കൂടുതൽ കഥകൾ പ്രസിദ്ധീകരിച്ച പത്രാധിപർ. പുതിയ എഴുത്തുകാരെ കണ്ടെത്തി അവതരിപ്പിക്കാൻ അദ്ദേഹം കാണിച്ച ഉത്സാഹത്തിന്റെ ഗുണഭോക്താക്കളിൽ ഈയുള്ളവനും പെടുന്നു. സേതുവിനെപോലുള്ള സീനിയർ എഴുത്തുകാരുടെ കൂടെ 'ആഴ്ചപ്പതിപ്പി'ന്റെ പുതുവർഷ പതിപ്പിലാണ് 'മിസിസ് ഷെർലക് ഹോംസ്' എന്ന ചെറുകഥ അദ്ദേഹം അച്ചടിച്ചത്. ഇപ്പോഴും ഹോം ലൈബ്രറിയിലെ അമൂല്യ വിഭവമാണ് നന്നായി രൂപകൽപന ചെയ്ത ആ ലക്കം.
ആർ.കെ. ബിജുരാജും പി. സക്കീർ ഹുസൈനും 'മാധ്യമം ആഴ്ചപ്പതിപ്പ്' സ്വന്തം കുടുംബമാണ് എന്ന തോന്നൽ എന്നും നൽകി. ഇവരുടെ സ്നേഹ നിർബന്ധങ്ങളും പല എഴുത്തുകൾക്കും കാരണമായി.
തൊണ്ണൂറുകളുടെ അവസാനം, പോക്കറ്റ് മണി എണ്ണിച്ചുട്ട അപ്പംപോലെ മാത്രം കിട്ടിയിരുന്ന ഒരു കാലത്ത് ഞാനതിൽ ഏറിയ കൂറും പുതിയ 'ആഴ്ചപ്പതിപ്പു'കൾ വാങ്ങാനാണ് വിനിയോഗിച്ചത്. സമകാലിക പ്രസിദ്ധീകരണങ്ങൾ വാങ്ങാനായി പേഴ്സിന്റെ ഓരോ അറയിലും -അവക്ക് ആഴ്ചപ്പതിപ്പുകളുടെ പേരിട്ട്- അഞ്ചോ ആറോ രൂപ വീതം സൂക്ഷിച്ചിരുന്നു. ആ ഓർമയുടെ അറകളിലൊന്ന് തുറന്നപ്പോൾ ഇത്രയും കിട്ടി. നന്ദി!
'ആഴ്ചപ്പതിപ്പ്' എന്നിലെ വായനക്കാരനും ജേണലിസ്റ്റിനും കഥാകൃത്തിനും നൽകിയ ഊർജവും ആത്മവിശ്വാസവും അത്രക്ക് വലുതായിരുന്നു. 25 വയസ്സിലേക്ക് വരുന്ന 'മാധ്യമം ആഴ്ചപ്പതിപ്പി'ന് എല്ലാവിധ ആശംസകളും!
വി.എച്ച്. നിഷാദ്
മാധ്യമത്തിന്റെ പ്രസക്തി
പല മുൻനിര പ്രസിദ്ധീകരണങ്ങളും അരങ്ങൊഴിയുകയോ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറുകയോ ചെയ്ത വർഷങ്ങളാണ് കടന്നുപോയത്. ചെറുതും വലുതുമായ ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ. പുത്തൻ പ്രസിദ്ധീകരണ രീതി. ഉള്ളംകൈയിലെത്തുന്ന പുതിയ വായനസംസ്കാരം. അവനവൻ തന്നെ പ്രസാധകരാവുന്ന സ്വാതന്ത്ര്യം!
ഇതിനിടയിലാണ് 'മാധ്യമം ആഴ്ചപ്പതിപ്പ്' അതിന്റെ ഇരുപത്തിയഞ്ചാം ജന്മവാർഷികം ആഘോഷിക്കുന്നത്. ഒരു ജനസമൂഹത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെല്ലാം വിമർശനാത്മകമായി ഇടപെടുക എന്നതാണ് ഒരു പ്രസിദ്ധീകരണത്തിന്റെ പ്രാഥമിക ധർമം. ആ ഇടപെടൽ ക്രിയാത്മകവും പുരോഗമനപരവുമായിരിക്കണം. അത് പൊതുമനസ്സിന്റെ അഭിപ്രായങ്ങളെ പ്രകാശിപ്പിക്കുന്നതാവണം. പൊതു നന്മകളെ അടയാളപ്പെടുത്തുന്നതാവണം. അല്ലാത്ത പക്ഷം വായനക്കാർ നിഷ്കരുണം ഉപേക്ഷിച്ചു കളയും. ഇരുപത്തിയഞ്ചല്ല വെറും അഞ്ചു വർഷം പോലും നിലനിൽക്കാനാവില്ല അത്തരം പ്രസിദ്ധീകരണങ്ങൾക്ക്. വായനക്കാർ എപ്പോൾ ചവറ്റുകുട്ടയിലെറിഞ്ഞു എന്നു നോക്കിയാൽ മതി!
''എന്നുടെയൊച്ച വേറിട്ടു കേട്ടുവോ'' നിലപാടാണ് 'മാധ്യമ'ത്തെ എന്നും പ്രസക്തമാക്കുന്നത്. കൂട്ടത്തിലൊന്നാകാനല്ല, കൂട്ടത്തിൽ വേറിട്ട് നിൽക്കാനാണ് 'മാധ്യമ'ത്തിന്റെ ശ്രമം. ബഹളങ്ങളിൽ അലിഞ്ഞില്ലാതായിപ്പോകുന്ന ചില നേർത്ത ഞരക്കങ്ങൾക്ക് ഒച്ച കൊടുക്കാൻ 'മാധ്യമം' എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഈ രംഗത്തെ പല മുൻനിരക്കാരും ഇവരെ ഗൗനിക്കാറില്ല. ആദിവാസികൾ, അധഃസ്ഥിത വിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ, തെരുവുജീവിതങ്ങൾ എന്നിങ്ങനെ അരികുവത്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്നു, അവർക്കു വേണ്ടി സംസാരിക്കുന്നു എന്നതാണ് 'മാധ്യമം' മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ നിലപാട്. ആ നിലപാട് പലപ്പോഴും ചിലരുടെ നെറ്റിചുളിക്കലിന് കാരണമാകുന്നുമുണ്ട്. അതു തന്നെയാണ് അത്തരം നിലപാടുകൾക്കുള്ള അംഗീകാരവും എന്നതാണ് യാഥാർഥ്യം.
ഇക്കഴിഞ്ഞ കാലത്തിനിടക്ക് മലയാള സാഹിത്യത്തിന് മുതൽക്കൂട്ടായ ഒട്ടനവധി കൃതികൾ - നോവലുകൾ, കഥകൾ, കവിതകൾ, ലേഖനങ്ങൾ, പഠനങ്ങൾ - എന്നിവ 'മാധ്യമ'ത്തിലൂടെയാണ് പുറത്തുവന്നത്. എം. മുകുന്ദന്റെ 'കുട നന്നാക്കുന്ന ചോയി', ടി.ഡി. രാമകൃഷ്ണന്റെ 'ഫ്രാൻസിസ് ഇട്ടിക്കോര', 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി', 'മാമ ആഫ്രിക്ക', കെ.ആർ. മീരയുടെ 'ആരാച്ചാർ', 'ഘാതകൻ', സച്ചിദാനന്ദൻ മാഷിന്റെ വിവിധ കവിതകൾ... ഇങ്ങനെ എത്രയെത്ര കൃതികൾ വേണമെങ്കിലും ഉദാഹരിക്കാൻ കഴിയും. മലയാള ഭാഷയിലെ മാത്രമല്ല മറ്റു ഭാഷകളിലെ കനപ്പെട്ട രചനകളെ പരിചയപ്പെടുത്താനും 'ആഴ്ചപ്പതിപ്പി'ന് കഴിഞ്ഞിട്ടുണ്ട്.
ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരോടൊപ്പം തന്നെ പുതിയ നാമ്പുകളെ കണ്ടെത്തി വളർത്തിയെടുക്കാനും 'മാധ്യമം' ശ്രദ്ധിക്കുന്നുണ്ട്. അത് ഒരു പ്രസിദ്ധീകരണത്തിന്റെ കടമകൂടിയാണ്. ആ ഉത്തരവാദിത്തവും 'മാധ്യമം ആഴ്ചപ്പതിപ്പ്' വിസ്മരിക്കുന്നില്ല. സോഷ്യൽ മീഡിയാക്കവികൾ എന്ന് ഒട്ടൊരു പുച്ഛത്തോടെ ചിലർ നോക്കിക്കാണുന്ന എഴുത്തുകാരിൽ ഇങ്ങനെയും ചിലരുണ്ട് എന്ന് കാണിച്ചുകൊടുക്കാനും ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. അവരിൽ പലരും എഴുതിത്തെളിയുന്നു എന്നത് 'മാധ്യമ'ത്തിന്റെ കണ്ടെത്തലിനെ സാധൂകരിക്കുന്നു.
വർത്തമാനകാലത്തെ ഫാഷിസ്റ്റ് അജണ്ടകളെ തുറന്നു കാട്ടാൻ 'ആഴ്ചപ്പതിപ്പ്' എന്നും മുന്നിൽ നിൽക്കാറുണ്ട്. വംശീയമായ വേർതിരിവ് സൃഷ്ടിച്ച് സമൂഹത്തിൽ ചേരിതിരിവുണ്ടാക്കുന്ന നിലപാടുകളെ തുറന്നെതിർക്കാൻ ശ്രമിക്കുന്നു. ജനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും 'ആഴ്ചപ്പതിപ്പ്' തങ്ങളുടെ നിലപാട് വ്യക്തമാക്കാറുണ്ട് എന്ന കാര്യവും എടുത്തുപറയേണ്ടതാണ്. സാമൂഹിക അസമത്വങ്ങളോട് സന്ധിയില്ലാതെ പ്രതികരിക്കാൻ കാട്ടുന്ന ആർജവമാണ് എടുത്തു പറയേണ്ടുന്ന മറ്റൊരു ഗുണം. പറയാനുള്ളത് മുഖം നോക്കാതെ പറയുക. വിശകലനം നടത്തുക, ഗുണദോഷങ്ങൾ ചർച്ചചെയ്യുക, പോരായ്മകൾ ചൂണ്ടിക്കാട്ടുക, ശരികളെ ഉയർത്തിക്കാട്ടുക. ഈയർഥത്തിൽ നാടിന്റെ ജിഹ്വയാകാൻ 'മാധ്യമ'ത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.
തുടക്കം എന്ന എഡിറ്റോറിയൽ, ബുക്ക് ഷെൽഫ് എന്ന പുസ്തകപരിചയം, മീഡിയാസ്കാൻ എന്ന മാധ്യമാവലോകനം, പൊരുൾവര എന്ന ആക്ഷേപഹാസ്യം എന്നിവ 'മാധ്യമ'ത്തെ വേറിട്ട് അടയാളപ്പെടുത്തുന്ന പംക്തികളാണ്.
യൂസഫ് നടുവണ്ണൂർ
യൗവനരക്തമുള്ള പ്രസിദ്ധീകരണം
ഒരു വാരിക, അല്ലെങ്കിൽ മാസിക മലയാളിയുടെ സാമൂഹികവും സാംസ്കാരികവും സാഹിത്യവുമായ രാഷ്ട്രീയബോധത്തെ എത്രമാത്രം വിശദീകരിക്കാൻ നിമിത്തമാവുന്നു എന്നതിന്റെ നിലവിലെ പകരംവെക്കാൻ മറ്റൊന്നില്ലാത്ത മാതൃകയാണ് 'മാധ്യമം ആഴ്ചപ്പതിപ്പ്'. അധികാരത്തിന്റെ നഗ്നത എത്ര അപഹാസ്യവും അപലപനീയവും ആണെന്ന് നിഷ്പക്ഷബോധ്യത്തോടെ പ്രചരിപ്പിക്കുക എന്ന സാമൂഹികദൗത്യം വർത്തമാന രാജ്യാന്തരീക്ഷത്തിൽ എത്ര ആർജവം വേണ്ട ഉത്തരവാദിത്തം ആണെന്ന് അധികാരത്തിന്റെ ഒാരോ ഉത്തരവും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. മറ്റു പല പ്രസിദ്ധീകരണങ്ങളും രാജിയാവുന്ന നിലപാടുകളിൽ ഈ ആഴ്ചപ്പതിപ്പ് ഉള്ളടക്കത്തിലൂടെ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ ഒരു ജനതയുടെ ആകുലതകൾ തന്നെയാണ്. പാർശ്വവത്കരിക്കപ്പെടുന്നവരുടെ ഒച്ച ഒരിക്കലും പുറത്തു കേൾക്കാൻ സൗകര്യമില്ലാത്ത കാലപ്പഴക്കം വന്ന ആനുകാലിക പൂമുഖങ്ങളിൽനിന്നല്ല, നിലവിലെ വ്യവസ്ഥകളെ ഉഴുതുമറിക്കുന്ന തൊടികളിൽ എനിക്കു യൗവനരക്തമുള്ള ഈ പ്രസിദ്ധീകരണത്തെ കാണാൻ കഴിയും.
കെ. ഗോപിനാഥൻ
പുതുമ നിലനിർത്തിയത് ചെറിയ ഒരു കാര്യമല്ല
'മാധ്യമം ആഴ്ചപ്പതിപ്പി'ന്റെ ഇരുപത്തിയഞ്ചു വർഷങ്ങൾ എന്നത് ഒരു മാഗസിൻ മലയാളിയുടെ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നടത്തിയ ഇടപെടലിന്റെ വർഷങ്ങൾകൂടിയാണ്. ആഴ്ചപ്പതിപ്പുകളിൽ സാധാരണയായി കണ്ടുവന്ന വരേണ്യ സ്വഭാവത്തെ മുഴുവനായും ഉടച്ചു വാർക്കാനും വായനക്കാരുടെ സംവേദനക്ഷമതയിൽ മാറ്റത്തിന് തുടക്കംകുറിക്കാനും ഈ പ്രസിദ്ധീകരണത്തിന് സാധിച്ചു. എൺപതുകളിലും തൊണ്ണൂറുകളിലും പി.എൻ. ദാസിന്റെ 'വൈദ്യശസ്ത്രം' പോലുള്ള സമാന്തര മാസികകൾ ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ 'മാധ്യമം ആഴ്ചപ്പതിപ്പി'ലൂടെ മുഖ്യധാരയിലേക്ക് വന്നത് കണ്ടപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ ഏറെ സന്തോഷം തോന്നിയിരുന്നു. മാഗസിനുകൾ മധ്യവർഗത്തിന്റെ ആലസ്യങ്ങളിൽ മയങ്ങിക്കിടന്ന ഒരുകാലത്ത് ആക്ടിവിസത്തിന്റെ പാതയിലേക്ക് അവയെ തിരിച്ചുവിടാൻ 'മാധ്യമ'ത്തിന് സാധിച്ചു. ദലിതുകൾക്കും പരിസ്ഥിതിപ്രവർത്തകർക്കും സമാന്തര സിനിമക്കാർക്കും ഫോക് കലാകാരന്മാർക്കും എല്ലാ രീതിയിലും പാർശ്വവത്കരിക്കപ്പെട്ട മറ്റു വിഭാഗങ്ങൾക്കും 'മാധ്യമം' ഇടം നൽകി. നിലനിന്നിരുന്ന ആഴ്ചപ്പതിപ്പുകൾ പരിസ്ഥിതി മുന്നേറ്റങ്ങളെ കുറിച്ച് കാൽപനികമായ ഭാഷ്യം ചമച്ചപ്പോൾ 'മാധ്യമം' അതിലെ രാഷ്ട്രീയം ഉയർത്തിക്കാണിച്ചു. രണ്ടര പതിറ്റാണ്ട് കാലം ഉള്ളടക്കത്തിലും രൂപകൽപനയിലും പുതുമ നിലനിർത്തുക എന്നത് ചെറിയ ഒരു കാര്യമല്ല. പുതിയ കാലത്തിന്റെ സ്പന്ദനങ്ങൾ മനസ്സിലാക്കിക്കൊണ്ട് 'മാധ്യമം ആഴ്ചപ്പതിപ്പി'ന് ഇനിയും മുന്നോട്ടുപോകാൻ കഴിയുമെന്ന് പ്രത്യാശിക്കാം.
നദീം നൗഷാദ്
രാഷ്ട്രീയ ബോധ്യത്തെ തീ പിടിപ്പിച്ച കാൽനൂറ്റാണ്ട്
മലയാളിയുടെ സർഗാത്മക രാഷ്ട്രീയത്തെ തീപിടിപ്പിച്ച കാൽനൂറ്റാണ്ടാണ് 'മാധ്യമം ആഴ്ചപ്പതിപ്പ്' സാധ്യമാക്കിയത്. ആദിവാസി-ദലിത് -ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവിധ പ്രശ്നങ്ങളെ മുഖ്യധാരയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഇക്കാലയളവിൽ മുന്നിൽനിന്നു. പാരിസ്ഥിതിക പ്രശ്നങ്ങളും ഭൂമി രാഷ്ട്രീയവുമെല്ലാം നിരന്തരം സംസാരിച്ച് മലയാളിയുടെ സാമൂഹികബോധ്യത്തെ ശക്തിപ്പെടുത്തി.
പലനിലയിൽ പലയിടങ്ങളിൽനിന്നും അവഗണിക്കപ്പെട്ട എഴുത്തുകാർക്ക് സവിശേഷമായ ഇടംകൊടുത്തു എന്ന പ്രത്യേകതയും 'ആഴ്ചപ്പതിപ്പി'നുണ്ട്. അദൃശ്യരായിപ്പോകുമായിരുന്ന പലരെയും കൈപിടിച്ചു ഉയർത്തിക്കൊണ്ടുവന്നത് ഒരു വലിയ കാര്യംതന്നെയാണ്. അതത് കാലത്തെ രാഷ്ട്രീയ ഉള്ളടക്കങ്ങളെ സ്വീകരിച്ചുതന്നെയായിരുന്നു പ്രസിദ്ധീകരിച്ച കഥകളും കവിതകളുമെല്ലാം. ഇനിയും പല പതിറ്റാണ്ട് പിന്നിടാൻ ഈ രാഷ്ട്രീയ നിലപാടിനാകട്ടെ.
അബ്ദുൽ വാഹിദ് തവളേങ്ങൽ, അങ്ങാടിപ്പുറം
ആശയങ്ങൾ ഉച്ചത്തിൽ വിളിച്ചു പറയാനുള്ള ഇച്ഛാശക്തി
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്ന് ആയതുകൊണ്ടുതന്നെയാവാം, വൈകി വായിച്ചു തുടങ്ങിയ വാരികകളിലൊന്നാണ് 'മാധ്യമം ആഴ്ചപ്പതിപ്പ്'. പിന്നീട് തുടർച്ചയായി വായിച്ചുവരുന്ന 'മാധ്യമം ആഴ്ചപ്പതിപ്പി'ന്റെ ഏറ്റവും വലിയ പ്രത്യേകതയായി കണ്ടത് പ്രസിദ്ധീകരിക്കപ്പെടുന്ന വിഷയങ്ങളുടെ വൈവിധ്യമാണ്. സ്ഥിരം പംക്തികളായ കവിത, കഥ, നോവൽ തുടങ്ങിയവക്ക് പുറമേ സമകാലിക രാഷ്ട്രീയം, ഫോക്ലോർ, സിനിമ, സ്പോർട്സ്, പരിസ്ഥിതി, പുസ്തക നിരൂപണം, ലേ ഔട്ട്, ഇലസ്ട്രേഷൻ തുടങ്ങി ഏതാണ്ടെല്ലാ മേഖലകളിലും 'മാധ്യമം' ശ്രദ്ധവെക്കുന്നുണ്ട്. സ്വന്തമായി ഒരു എഡിറ്റിങ് ശൈലി തന്നെയുണ്ട് 'മാധ്യമ'ത്തിന് എന്ന് തോന്നിയിട്ടുണ്ട്. മാധ്യമം (മാദ്ധ്യമം) എന്ന എഴുത്തു തന്നെയാണ് മികച്ച ഉദാഹരണം.
എഴുതിതെളിഞ്ഞവരെയും പുതു എഴുത്തുകാരെയും ഒരുപോലെ പരിഗണിക്കുന്ന 'ആഴ്ചപ്പതിപ്പി'ൽ സാഹിത്യ വിമർശനം ഒരു സ്ഥിരം പംക്തിയായിരുന്നെങ്കിൽ നന്നായിരുന്നുവെന്ന തോന്നലുണ്ട്. പ്രത്യേകിച്ചും മലയാളത്തിലെ പല മുഖ്യധാരാ മാസികകളിലും അത്തരത്തിൽ ഒന്ന് ഇല്ലാത്ത സാഹചര്യത്തിൽ. മനോഹരമായ ലേ ഔട്ടിൽ പുറത്തിറക്കുന്ന 'മാധ്യമ'ത്തിൽ വായനക്കാരുടെ കത്തുകൾ അതീവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുമ്പോൾതന്നെ ചില കത്തുകൾക്കെങ്കിലും കത്രികപ്പണികൾ വേണ്ടതാണെന്നും അഭിപ്രായമുണ്ട്.
എല്ലാറ്റിലുമുപരി, മുമ്പെങ്ങുമില്ലാത്തവിധം സ്വപ്നങ്ങൾപോലും എഡിറ്റു ചെയ്യപ്പെടുന്ന ഈ കലുഷിതകാലത്ത് ആശയങ്ങൾ ഉച്ചത്തിൽ വിളിച്ചുപറയാനുള്ള ഇച്ഛാശക്തിയാണ് 'മാധ്യമ'ത്തെ വേറിട്ടുനിർത്തുന്നതെന്ന് ഞാൻ കരുതുന്നു. എത്രകാലം എന്ന ഭീതിയില്ലാതെ ആ നിലപാട് തുടരുകതന്നെ വേണം. കുനിയാൻ പറയുമ്പോൾ പലരും മുട്ടിലിഴയാൻ മടിക്കാത്ത ഇക്കാലത്ത് ടാഗോറിന്റെ വരികളാണ് മനസ്സിലേക്കെത്തുന്നത്.
''എവിടെ മനസ്സ് നിർഭയവും ശിരസ്സ് ഉയർന്നും നിൽക്കുന്നുവോ; എവിടെ അറിവ് സ്വതന്ത്രമാകുന്നുവോ...'' ഏത് തിരിച്ചടിയിലും 'മാധ്യമ'ത്തിന്റെ ശിരസ്സ് ഉയർന്നും മനസ്സ് നിർഭയവുമായി നിൽക്കട്ടെ.
രമേശൻ മുല്ലശ്ശേരി
ശ്രമം ശ്ലാഘനീയം
മലയാളത്തിന്റെ സാംസ്കാരിക ഭൂമികയിൽ നേർക്കാഴ്ചയുടെ സൂര്യബിംബംപോലെ ഉജ്ജ്വലിച്ചു നിൽക്കുന്ന ഇടമാണ് 'മാധ്യമം ആഴ്ചപ്പതിപ്പി'ന് ഈ സാക്ഷരകേരളം നൽകിവരുന്നത്. മലയാളിയുടെ വായനയിൽ വ്യവസ്ഥാപിതവും വളച്ചൊടിച്ചതുമായ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരികമായ ഏറുപടക്കങ്ങൾകൊണ്ട് രൂപമൊരുക്കുന്ന ഒരു വായനസംസ്കാരത്തിൽ നേർക്കണ്ണുകളോടെ സമൂഹത്തിൽ താഴെതട്ടിലുള്ളവന്റെയും പാർശ്വവത്കരിക്കപ്പെട്ടുപോയവന്റെയുമൊക്കെ ചരിത്രം നേർരേഖയിൽ രേഖപ്പെടുത്താൻ 'മാധ്യമം' പോലെയൊരു ആഴ്ചപ്പതിപ്പ് ജാഗരൂകമായി പ്രവർത്തിച്ചു എന്നത് തികച്ചും അഭിനന്ദനാർഹംതന്നെയാണ്. കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ മുന്നേറ്റങ്ങളേയും സാംസ്കാരിക രംഗത്തെ പുത്തൻ അഭിരുചികൾക്ക് ഇടംകൊടുത്ത് താളുകളിൽ വായനയുടെ ഉദ്ഖനനങ്ങൾ സമ്മാനിക്കാൻ പ്രസിദ്ധീകരണത്തിന്റെ ഇരുപത്തിയഞ്ച് വർഷത്തിലേക്ക് കടക്കുമ്പോൾ നവ ഫാഷിസവും സാമ്രാജ്യത്വ മേൽക്കോയ്മയും ജടപറിച്ചാടുന്ന ആധുനിക ഇന്ത്യയിലെയും, സാംസ്കാരിക ഭൂമികകളിലേക്ക് അരാജകത്വത്തിന്റെ കൊലക്കത്തി നീട്ടുന്ന കപട രാഷ്ട്രസ്നേഹികളുടെ യഥാർഥ മുഖം വെളിച്ചത്തു കൊണ്ടുവരാനും 'മാധ്യമം ആഴ്ചപ്പതിപ്പ്' നടത്തുന്ന ശ്രമം ശ്ലാഘനീയംതന്നെയാണ്. വായനയുടെ പൂക്കാലം സമ്മാനിച്ച മികച്ച ഇരുപത്തിനാല് വർഷങ്ങൾ പിന്നിടുന്ന ഈ സന്ദർഭത്തിൽ മലയാളത്തിന്റെ ഊർജവാഹിയായി; അക്ഷരവിരോധികൾക്കും, ഫാഷിസ്റ്റ് അസഹിഷ്ണുതകൾക്കും തൂലികയിലൂടെ പേടി സമ്മാനിക്കാൻ; സത്യത്തിന്റെ ഉൾക്കാഴ്ചകൾ അടയാളപ്പെടുത്താൻ 'മാധ്യമം ആഴ്ചപ്പതിപ്പി'ന് കഴിയട്ടെ.
ബാലഗോപാലൻ കാഞ്ഞങ്ങാട്
പഴകിയ വീഞ്ഞിൽ നിന്നുമുള്ള മോചനം
തങ്ങൾ നിശ്ചയിച്ച അജണ്ടക്കനുസരിച്ച് വായനയുടെ ഭൂപടം വരച്ചിരുന്ന വലിയ പ്രസിദ്ധീകരണങ്ങൾ കൊടികുത്തി വാണിരുന്ന ഇടത്തിലേക്കാണ് 'മാധ്യമം ആഴ്ചപ്പതിപ്പ്' പ്രസിദ്ധീകരണമാരംഭിക്കുന്നത്. മലയാളിയുടെ വായനയെ ശരിയായ ദിശയിലേക്ക് നയിക്കാൻ 'മാധ്യമ'ത്തിനായിട്ടുണ്ടെന്നതാണ് ഒരു വായനക്കാരനെന്ന നിലയിൽ എന്റെ അഭിപ്രായം.
ആരംഭിച്ച നാൾതൊട്ട് ഇന്നുവരെ ആരും പറയാത്ത ചില സത്യങ്ങൾ വിളിച്ചുപറയാൻ ഇതിനായിട്ടുണ്ട്. രാജാവ് നഗ്നനാണെന്നത് പലർക്കും രുചിക്കാത്ത സത്യം. ഭരണകൂടങ്ങൾ ഓർഡർ വിളിക്കുന്നതും അതിനനുസരിച്ച് ഉള്ളടക്കം സെറ്റുചെയ്യുന്നതും നാം കണ്ട കാഴ്ചകളാണെങ്കിലും അതിൽനിന്ന് വ്യത്യസ്തമായി നേരിനെ വരക്കാൻ 'മാധ്യമ'ത്തിനായിട്ടുണ്ട്.
മറ്റൊന്ന് എഴുത്തുകാർക്ക് ലഭിച്ച പരിഗണനയാണ്. അയച്ചിരുന്ന മാറ്റർ തുറന്നുപോലും നോക്കാതെ ചവറ്റുകുട്ടയിലേക്കെറിഞ്ഞിരുന്ന കാലത്തെ നിൽക്ക് എന്നു പറയാൻ 'ആഴ്ചപ്പതിപ്പി'നായി. എത്ര പുതിയ എഴുത്തുകാർക്കാണ് അവസരം ലഭിച്ചത് എന്ന കാര്യം എണ്ണിത്തിട്ടപ്പെടുത്താനാവില്ല. കഥകളുടെ, കവിതയുടെ പുതിയ ഇടങ്ങൾ, പഴകിയ വീഞ്ഞിൽനിന്നുമുള്ള മോചനം ഒക്കെ എടുത്തുപറയേണ്ട കാര്യമാണ്.
ഈ കഴിഞ്ഞ 24 വർഷങ്ങൾ മലയാളിയുടെ വായനയിൽ നിറസാന്നിധ്യമാകാൻ 'മാധ്യമ'ത്തിനായിട്ടുണ്ട്. അതിനിയും തുടരട്ടെ.
നാരായണൻ അമ്പലത്തറ
പ്രയാണം കൂടുതൽ പ്രസക്തം
ഇരുപത്തിയഞ്ചു വർഷത്തിലേക്കു കടക്കുന്ന 'മാധ്യമം ആഴ്ചപ്പതിപ്പി'ന് എല്ലാവിധ ആശംസകളും നേരുന്നു. ആരംഭകാലം മുതൽ അതിന്റെ ഒരോ ലക്കവും ശ്രദ്ധാപൂർവം പിന്തുടരുന്നൊരാളെന്ന നിലയിൽ സന്തോഷത്തോടെയാണ് 'ആഴ്ചപ്പതിപ്പി'ന്റെ ഈ പ്രയാണത്തെ നോക്കികാണുന്നത്. എഴുത്തു ജീവിതത്തിലേക്ക് ഞാൻ പ്രവേശിച്ച് സജീവമായി തുടങ്ങിയ കാലത്താണ് അന്നത്തെ മുഖ്യധാരാ ആനുകാലികങ്ങളുടെ സ്ഥാനത്തേക്ക് 'ആഴ്ചപ്പതിപ്പി'ന്റെ രൂപത്തിൽകൂടി 'മാധ്യമം' രംഗപ്രവേശംചെയ്യുന്നത്. 1998ലാണത്. മുഖ്യധാരാ ആഴ്ചപ്പതിപ്പുകൾ അന്ന് പൊതുവേ പുലർത്തിപ്പോന്നിരുന്ന സമാനതയുള്ള സാംസ്കാരിക ഇടപെടലുകളിൽനിന്ന് തീർത്തും വ്യത്യസ്തവും പുതുമയുള്ളതും ആയിരിക്കും 'മാധ്യമ'ത്തിന്റെ വീക്കിലി എന്ന രീതിയിലുള്ള പുതിയ ഇടപെടലുകളെന്ന് ആരംഭഘട്ടത്തിൽതന്നെ വായനക്കാർക്കിടയിൽ പരക്കെ പ്രതീക്ഷ പരന്നിരുന്നു. ആ നിലയിലുള്ള പ്രചാരണം 'മാധ്യമ'ത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതും ഓർക്കുന്നു. പൊതുമണ്ഡലത്തിൽ ആ പ്രചാരണത്തിന് വലിയ സ്വീകാര്യതയാണ് അന്നു ലഭിച്ചത്. സി. രാധാകൃഷ്ണനെപ്പോലുള്ളവരുടെ മേൽനോട്ടത്തിൽ ഒരുകൂട്ടം പ്രതിഭാധനരായ മാധ്യമപ്രവർത്തകരുടെ നേതൃത്വത്തിലാണ് സംരംഭം എന്നതും സ്വീകാര്യതക്ക് കാരണമായി. പൊതുമണ്ഡലത്തിൽ ഉയർന്ന ആ പ്രതീക്ഷ എഴുത്തുമേഖലയിൽ ശ്രദ്ധിച്ചിരുന്ന എന്നിലും മുളപൊട്ടിയിരുന്നു. മറ്റ് മുഖ്യധാരാ ആനുകാലികങ്ങളിൽ പലതും പതിവായി പിന്തുടർന്നിരുന്ന ഞാൻ, വാരികയായി പുറത്തുവരുന്നതിനു മുമ്പുതന്നെ 'മാധ്യമ'ത്തെയും ആ ഗണത്തിൽ ഉൾപ്പെടുത്തി അന്നേ പരിഗണിച്ചിരുന്നു. ആഴ്ചപ്പതിപ്പായി പുറത്തു വന്ന ആദ്യലക്കം കാത്തിരുന്നു വാങ്ങുകയും വായിക്കുകയും ഏറെക്കാലം കാത്തുവെക്കുകയും ഒക്കെ ചെയ്തത് ഓർക്കുന്നു. പതിവായി എല്ലാ ആഴ്ചയിലും ആഴ്ചപ്പതിപ്പ് വാങ്ങാൻ കഴിയുന്ന ഘട്ടമായിരുന്നില്ല അത്. അതിനാൽ ലൈബ്രറിയിൽനിന്ന് എല്ലാ ലക്കവും വായിക്കുക, പ്രത്യേകത തോന്നുന്ന ലക്കങ്ങൾ വാങ്ങുക എന്ന നിലയിലാണ് 'ആഴ്ചപ്പതിപ്പി'നെ ആദ്യവേളയിൽ സമീപിച്ചിരുന്നത്. സി. രാധാകൃഷ്ണന്റെ 'തുടക്കം' ഒരു ലക്കവും ഒഴിയാതെ വായിച്ചിരുന്നത് ഇപ്പോഴും ഓർക്കുന്നു. ലൈവായതും എന്നാൽ അധികമാരും ശ്രദ്ധിക്കാത്തതും സാമൂഹിക പ്രസക്തിയുള്ളതുമായ വിഷയങ്ങളെയാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. രണ്ടര വയസ്സുള്ള കളിക്കൂട്ടുകാരിയെ സിനിമാ കഥയെ അനുകരിച്ച് കല്ലെറിഞ്ഞു കൊന്ന ബാലന്മാരെകുറിച്ചുള്ളതുൾെപ്പടെ ചിലത് അന്ന് 'തുടക്ക'ത്തിൽ വന്നത് ഇപ്പോഴും മായാതെ മനസ്സിലുണ്ട്. കവർ സ്റ്റോറികൾ കൈകാര്യംചെയ്യുന്നതിലും പ്രത്യേക ശ്രദ്ധയാണ് 'ആഴ്ചപ്പതിപ്പ്' തുടക്കംമുതൽ പുലർത്തിപ്പോരുന്നത്. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമൊക്കെ എതിരായി നടന്ന കർഷക-തൊഴിലാളി പ്രക്ഷോഭമായ കയ്യൂർ സമരത്തെ ഒരു പൊലീസുകാരന്റെ മരണത്തിനു മാത്രമായുള്ളൊരു ജാഥയാക്കി സനാതന ചരിത്രകാരന്മാർ ചുരുക്കിക്കെട്ടാൻ നടത്തിയ പരിശ്രമങ്ങളെ പൊളിച്ചടുക്കുന്നവിധം അക്കാലത്തു വന്ന ഒരു കവർസ്റ്റോറി ഇന്നും ഓർമയിലുണ്ട്. വി.ടിയെ കാവി പുതപ്പിക്കാൻ നടത്തിയ ശ്രമത്തിനെതിരെ വന്ന കവർസ്റ്റോറി ഇപ്പോൾ ഓർത്തെടുക്കാനുമാകുന്നു. സാഹിത്യം കൈകാര്യം ചെയ്യുന്നതിലും സാമൂഹിക-സാംസ്കാരിക വിഷയങ്ങളെ സമീപിക്കുന്നതിലും പ്രത്യേക ശ്രദ്ധ അന്നേ 'ആഴ്ചപ്പതിപ്പ്' പുലർത്തിപ്പോരുന്നുണ്ട്. അതുകൊണ്ടാവണം മറ്റു മുഖ്യധാരാ വാരികകൾക്കൊപ്പം ചേർന്നുനിൽക്കാൻ 'മാധ്യമ'ത്തിന് ആദ്യഘട്ടത്തിൽതന്നെ കഴിഞ്ഞത്. ആരംഭത്തിനു തൊട്ടുമുമ്പ് പൊതുമണ്ഡലത്തിൽ പരുവപ്പെട്ട പ്രതീക്ഷകൾക്ക് മങ്ങലേൽക്കാതെ കാക്കാൻ ഒരോ ലക്കത്തിലും, എഡിറ്റോറിയൽ ബോർഡ് ശ്രദ്ധ വിനിയോഗിക്കുന്നതായും തോന്നിയിരുന്നു. കക്ഷിരാഷ്ട്രീയത്തിന് അതീതമായുള്ള രാഷ്ട്രീയ നിലപാടുകൾ മടികൂടാതെ പ്രകടിപ്പിക്കാനും അത് കൃത്യതയോടെ രേഖപ്പെടുത്താനും അധികമാരുടെയും ശ്രദ്ധയിൽപ്പെടാതെ അമർന്നുകിടക്കുന്ന ചരിത്രയാഥാർഥ്യങ്ങളെ ചികഞ്ഞു കണ്ടെത്തി രാഷ്ട്രീയ മാനങ്ങളോടെ അവതരിപ്പിക്കാനും അരികുവത്കരിക്കപ്പെട്ടവർക്കും അടിച്ചമർത്തപ്പെടുന്നവർക്കും പ്രകൃതിക്കും ഒപ്പം ചേർന്നുനിന്ന് ആയതിന്റെകൂടി ഒച്ചയാകാനും തുടക്കംമുതലേ 'ആഴ്ചപ്പതിപ്പ്' ശ്രദ്ധിക്കുന്നതായി തോന്നിയിരുന്നു. അത് ഇന്നും അതേവിധം തുടരാൻ കഴിയുന്നു എന്നിടത്താണ് രജതജൂബിലിയിലേക്ക് കടക്കുന്ന ഈ പ്രയാണത്തെ കൂടുതൽ പ്രസക്തമാക്കുന്നത്. ഇങ്ങനെയൊരു വാരികകൂടി നിലനിൽക്കേണ്ടത് സമകാലിക മലയാളത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മണ്ഡലത്തിൽ അനിവാര്യമാണെന്നത് വായനസമൂഹത്തിനിടയിൽ അടിയുറച്ച വാസ്തവമാണ്. അതുകൊണ്ടുകൂടിയാണ് തുടർന്നുള്ള ഘട്ടത്തിൽ വാങ്ങിവായിക്കാനും പിന്നെ വരുത്തി വായിക്കാനുമൊക്കെ 'മാധ്യമം' എന്നെയും പ്രേരിപ്പിച്ചത്. മേലിലും അതു തുടരും. രജതജൂബിലിയിലേക്ക് കടക്കുന്ന 'ആഴ്ചപ്പതിപ്പി'ന് ഒരിക്കൽകൂടി ആശംസകൾ.
അസീം താന്നിമൂട് നെടുമങ്ങാട്
മാധ്യമം വെട്ടിത്തെളിയിച്ച വെളിച്ചം
'മാധ്യമം ആഴ്ചപ്പതിപ്പ്' അതിന്റെ സിൽവർ ജൂബിലിയിലേക്ക് കടക്കുന്ന ഈ ആഹ്ലാദവേളയിൽ, 'മാധ്യമം' കുടുംബാംഗങ്ങൾക്കൊപ്പം അതിൽ പങ്കുചേരാൻ ഒരു എളിയ വായനക്കാരൻ എന്ന നിലയിൽ എനിക്കും കഴിഞ്ഞതിലുള്ള അതിയായ സന്തോഷവും ചാരിതാർഥ്യവും പങ്കുവെക്കട്ടെ. പണ്ടുകാലത്ത് പത്രപ്രവർത്തനം ഏറക്കുറെ ഒരു വ്യാപാരമായിട്ടാണ് നിലനിന്നുപോന്നിരുന്നതെങ്കിലും, കാലക്രമത്തിൽ അതിന് കാതലായ മാറ്റം സംഭവിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. നമ്മുടെ നാട്ടിൽ ആർജവത്തോടെ ആരംഭിച്ച നിരവധി പത്ര മാധ്യമ സ്ഥാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും, പല കാരണങ്ങളാൽ പല കാലങ്ങളിൽ പലതും പാതിവഴിയിൽ നിലച്ചു പോയതും സത്യം. 1847ൽ ഹെർമൻ ഗുണ്ടർട് എഡിറ്ററായി ശിലാലേഖ മുദ്രണസംവിധാനത്തിൽ തലശ്ശേരിയിൽനിന്ന് ആരംഭിച്ച ആദ്യ മലയാളപത്രമായ 'രാജ്യസമാചാരം' തൊട്ട് മലയാള മാധ്യമങ്ങളുടെ ചരിത്രം ആരംഭിക്കുന്നു.
മലയാളത്തിൽ എക്കാലത്തും ശക്തമായി നമ്മോടൊപ്പം നിലയുറപ്പിച്ചുപോരുന്ന 'മാധ്യമം ആഴ്ചപ്പതിപ്പ്' നമ്മുടെ വായനയെ വളർത്തിക്കൊണ്ട്, ചിന്തയെ പരിപോഷിപ്പിച്ചുകൊണ്ട് , അന്വേഷണ തൃഷ്ണയെ ശക്തമായി ഉണർത്തിക്കൊണ്ട്, അതിലൂടെ മൂല്യവത്തായ നമ്മുടെ ജനാധിപത്യ ആശയങ്ങളെ മുറുകെപ്പിടിക്കാൻ നമ്മെ എന്നും പ്രാപ്തരാക്കി പോരുന്നു. ഇന്ന് നമുക്ക് ചുറ്റുമുള്ള ലോകത്ത്, നമ്മുടെ രാഷ്ട്രീയത്തിലും സാമൂഹിക സംവിധാനങ്ങളിലും രൂപപ്പെടുന്ന പ്രതികരണങ്ങൾ ഏറക്കുറെ പ്രക്ഷോഭജനകമാണ്. കാരണം, രാഷ്ട്രീയ അധികാരത്തിന്റെ സങ്കീർണ ഇടപെടലുകൾ ലോകത്തെ വിഭജനാത്മകമായും വർഗീകരണാത്മകമായുമുള്ള വ്യവസ്ഥക്ക് വേണ്ടി സാധ്യമായതെല്ലാം പരീക്ഷിക്കുന്നു. സമൂഹത്തിന്റെ ഏറ്റവും ചെറിയ ഏകകം തൊട്ട് രാഷ്ട്ര സംവിധാനമാകെതന്നെ അധികാരവ്യവസ്ഥക്ക് പൊതുസമ്മതി നേടിയെടുക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നു. ഇത്തരം പ്രഭാവങ്ങളെ നിലനിർത്തുന്ന സൂചകങ്ങളോട് നിരന്തരം കലഹിച്ചുകൊണ്ടാണ് ജനകീയവും ജനാധിപത്യപരവുമായ ബദൽ സംവിധാനങ്ങൾ ജീവിതത്തെ സ്പർശിക്കുന്ന ഓരോ മേഖലയിലും ഉടലെടുക്കുന്നത്. ഭാഷയിലും സാഹിത്യത്തിലും സംസ്കാരത്തിലും മറ്റു മാനുഷിക മൂല്യങ്ങളിലൂന്നിയ സകല പ്രവർത്തനങ്ങളിലും രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്ന സർഗാത്മക കലാപങ്ങൾക്ക് ഒരു സമരഭാഷയുടെ എല്ലാ സവിശേഷതകളും ഇന്നുണ്ട്.
ലോകത്തെവിടെയായാലും മാധ്യമങ്ങളുടെ ചരിത്രം ഒരുകാര്യം വെളിപ്പെടുത്തുന്നു. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ കലർപ്പില്ലാതെ അവരുടെ മുമ്പിൽ എത്തിക്കുന്നു എന്നതാണത്. ജനാധിപത്യ സംവിധാനത്തിൽ, സർക്കാർ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും, ഓരോ രാജ്യത്തും എന്താണ് നടക്കുന്നതെന്നും സംഭവിക്കുന്നതെന്നുമറിയാനുള്ള ജനങ്ങളുടെ അവകാശത്തെ അംഗീകരിക്കുന്നുണ്ട്. അങ്ങേയറ്റം വിദ്രോഹ സ്വഭാവമുള്ള ഗവൺമെന്റുകൾക്കുപോലും ജനങ്ങളുടെ അഭിപ്രായ പ്രകടനത്തിനുള്ള അഭിവാഞ്ഛയെ അടിച്ചമർത്താനാവില്ല എന്നതാണ് ചരിത്രപരമായ യാഥാർഥ്യം. ആശയങ്ങളെ ജീവിപ്പിച്ചു നിർത്താനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഉയർത്തിപ്പിടിക്കാനുമുള്ള ഉജ്ജ്വല മാർഗമാണ് മാധ്യമങ്ങൾ. അതിനാൽതന്നെ മാധ്യമധർമം നിർവഹിക്കുന്നവർ തികഞ്ഞ ഉത്തരവാദിത്തമുള്ളവരും വലിയ മനസ്സാക്ഷിയുള്ളവരും നിർഭയരും ഉയർന്ന നീതിബോധമുള്ളവരുമായിരിക്കണം.
ഇന്ത്യൻ ഭരണഘടനയുടെ 19ാം വകുപ്പ് പ്രകാരമുള്ള സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളിൽ 19 (എ) യിലാണ് പത്രസ്വാതന്ത്ര്യം പ്രതിപാദിച്ചിട്ടുള്ളത്. (പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് എടുത്തു പറഞ്ഞിട്ടില്ലെങ്കിലും) നമ്മുടെ ഭരണഘടന രാജ്യത്തിന്റെ കാവലാളായി നിലകൊള്ളുമ്പോഴും പത്രസ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനും ഭരണകൂടം കടിഞ്ഞാണിടുന്ന പ്രക്രിയയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോൾ അത് പൗരന്മാരുടെ അറിയാനുള്ള അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമായി പരിണമിക്കുന്നു.
രാജ്യസുരക്ഷയുടെ പേർ പറഞ്ഞുകൊണ്ട് 'മീഡിയവൺ' ചാനലിന്റെ സംപ്രേഷണം കേന്ദ്രസർക്കാർ നിർത്തിവെച്ച വേളയിലാണ് 'മാധ്യമം ആഴ്ചപ്പതിപ്പ്' അതിന്റെ 25ാം വർഷത്തിലേക്ക് കാലൂന്നുന്നത്. കേന്ദ്ര സർക്കാറിന്റെ ഇത്തരത്തിലുള്ള നീക്കത്തിൽ നാമേറെ അസ്വസ്ഥരാണ്. എല്ലാറ്റിന്റെയും എല്ലാ ജീവചൈതന്യവും ചോർത്തിക്കളഞ്ഞുകൊണ്ട് അവയൊക്കെ സ്റ്റഫ് ചെയ്ത് മ്യൂസിയം പീസാക്കി കാഴ്ചക്കുവെക്കുന്ന ഇക്കാലത്ത് മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ കവർന്നെടുത്ത് അവയുടെ ശേഷിയും കരുത്തും ചൈതന്യവും നഷ്ടപ്പെടുത്തുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ ചിറകരിയുന്നത് തീർത്തും ആശങ്കാജനകമാണ്, ഇതിൽ ജനം ഏറെ അസ്വസ്ഥരുമാണ്.
എന്തുകൊണ്ട് 'മാധ്യമം ആഴ്ചപ്പതിപ്പ് 'എന്ന ചോദ്യത്തിനുത്തരമേകാൻ എത്ര പേജുകൾ വേണമെന്നറിയില്ല. ഒറ്റവാചകത്തിൽ പറഞ്ഞാൽ, 'ആഴ്ചപ്പതിപ്പ്' കഴിഞ്ഞ കാൽനൂറ്റാണ്ടായി ഉയർത്തിപ്പിടിച്ചുപോരുന്ന അടിയുറച്ച ധാർമികതയും കറയറ്റ സാമൂഹിക പ്രതിബദ്ധതയുമാണ് അതിനെ മറ്റുള്ളതിൽനിന്ന് വ്യത്യസ്തനാക്കുന്നതും മാധ്യമരംഗത്ത് ഒറ്റയാനായി നിൽക്കാനുള്ള ഇന്ധനം അതിന് നൽകുന്നതും.
രാഷ്ട്രീയ അധികാരം ഉപയോഗപ്പെടുത്തി ഏറെ ചൂഷണംചെയ്യപ്പെടുന്ന പ്രകൃതിക്കുവേണ്ടി, ജാതിവ്യവസ്ഥയാൽ സമൂഹത്തിന്റെ ഓരങ്ങളിലേക്ക് ആയിരത്താണ്ടുകളായി മാറ്റിനിർത്തപ്പെട്ട ദലിതർക്കും ആദിവാസികൾക്കും വേണ്ടി, ലിംഗ അസമത്വം നേരിടുന്ന സ്ത്രീകൾക്കുവേണ്ടി, സമൂഹത്തിലെ വേദന അനുഭവിക്കുന്നവർക്കു വേണ്ടി, നീതി നിഷേധിക്കപ്പെടുന്നവർക്കു വേണ്ടി എന്നും ധീരമായി നിലകൊണ്ടുപോരുന്നു എന്നുള്ളതാണ് 'മാധ്യമം ആഴ്ചപ്പതിപ്പി'നെ വ്യത്യസ്തമാക്കുന്നത്. കേന്ദ്രീകൃതവും കുത്തകവത്കൃതവുമായ, അധികാരവും നിയന്ത്രണങ്ങളും ജനങ്ങളെ വീർപ്പുമുട്ടിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ 'മാധ്യമം ആഴ്ചപ്പതിപ്പ്' അതിനെതിരെ എടുക്കുന്ന ധീരമായ നിലപാടുകളും ചെറുത്തുനിൽപ്പുകളും ചരിത്രത്തിൽ എന്നും അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. നാം കാലങ്ങളായി പരിരക്ഷിച്ച് പോരുന്ന നമ്മുടെ ബഹുസ്വരതയിൽ, അറിയാനുള്ള അവകാശങ്ങളിൽ, എന്തിനേറെ കഴിക്കുന്ന ഭക്ഷണത്തിലും ധരിക്കുന്ന വസ്ത്രത്തിൽ പോലും ഭരണകൂടം എത്തിനോക്കുകയും വിലക്കുകൾ ഏർപ്പെടുത്തുകയും ചെയ്യുന്ന വർത്തമാനകാലത്ത് ഇത്തരത്തിലുള്ള ഫാഷിസ്റ്റ് രീതികൾ ചെറുക്കുന്നതിനും ഒരുപരിധിവരെ തടഞ്ഞുനിർത്തുന്നതിലും 'മാധ്യമം ആഴ്ചപ്പതിപ്പ്' വഹിച്ചുപോരുന്ന പങ്ക് നിസ്തുലമാണ്. സങ്കുചിത ദേശീയത നമ്മുടെ ബഹുസ്വരതയെ ഉന്മൂലനംചെയ്ത്, ഹിംസയാക്കി മാറ്റുന്ന ഇക്കാലത്ത് എന്താണ് യഥാർഥ ദേശീയത എന്ന് സമൂഹത്തെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന 'മാധ്യമം ആഴ്ചപ്പതിപ്പി'ന് ഇനിയും ബഹുദൂരം മുന്നേറാനുണ്ട്.
''നിങ്ങൾ വാക്കുകളെ ഭയക്കുന്നു. വാക്കുകളെ ഭയക്കുന്നവർ മനുഷ്യരക്തത്തിൽ അഭിരമിക്കുന്നു. എന്നെ നിശ്ശബ്ദനാക്കാൻ നിങ്ങൾക്കായേക്കാം. പക്ഷേ സത്യത്തെ നിശ്ശബ്ദമാക്കാനാവില്ല. എന്നെന്നേക്കുമായി അണക്കാനാവാത്തതാണ് സത്യവും അഗ്നിയും. ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്ത് അവ ജ്വലിച്ചുകൊണ്ടേയിരിക്കും...'' നമ്മെ വിട്ടുപിരിഞ്ഞ എം.എം. കൽബുർഗി എഴുതിയ 'ബസവേശ്വരയുടെ വിപ്ലവം' എന്ന നാടകത്തിൽ അവർണനായ വയോധികന്റെ വാക്കുകളാണിവ.
മനസ്സിലെ മാലിന്യങ്ങൾ നിർമാർജനം ചെയ്യുക , സദാചാരത്തിൽ അധിഷ്ഠിതമായ ഒരു ലോകത്തിന്റെ സൃഷ്ടിക്കായി പ്രയത്നിക്കുക, അറിവു നേടാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെങ്കിൽ മാത്രമേ ധർമം ധർമമാവുകയുള്ളൂ എന്ന് ലോകത്തോട് ഉദ്ഘോഷിച്ച ശ്രീബുദ്ധന്റെ വാക്കുകൾ കടമെടുത്തുകൊണ്ട് അവസാനിപ്പിക്കട്ടെ:
''പ്രകാശിക്കുന്ന വിളക്കിനെ എന്നപോലെ സത്യത്തെ മുറുകെപിടിക്കുക. നിങ്ങൾതന്നെയാണ് നിങ്ങളുടെ വെളിച്ചം.''
തിളക്കമാർന്ന ചരിത്രവുമായി കാൽനൂറ്റാണ്ടിലേക്ക് മുന്നേറുന്ന 'മാധ്യമം' കുടുംബാംഗങ്ങൾക്ക് എല്ലാവിധ ആശംസകളും നേർന്നുകൊണ്ടും, 'മാധ്യമം' വെട്ടിത്തെളിയിച്ച വെളിച്ചത്തിന്റെ പാതയിൽ ഇനിയും ഏറക്കാലം സഞ്ചരിക്കാൻ ഞങ്ങൾ ഏറെ കൊതിക്കുന്നു എന്നും ആശംസിച്ചുകൊണ്ട്,
പി.ടി. വേലായുധൻ ഇരിങ്ങത്ത്, പയ്യോളി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.