ആദ്യ കഥ അച്ചടിച്ചത് 'മാധ്യമ'ത്തിൽ
ബ്ലോഗുകളിലും ഓൺലൈൻപോർട്ടലുകളിലുമായി എഴുതി തുടങ്ങിയ എന്റെ കഥ ആദ്യമായി അച്ചടിച്ചുവന്നത് 'മാധ്യമം ആഴ്ചപ്പതിപ്പി'ലായിരുന്നു. ഇരുപത്തിനാലാം വയസ്സിൽ നാടുവിട്ട് ചെന്നൈയിലെത്തിയ കാലത്തൊരു ദിവസം മറീനാബീച്ചിലെ അസ്തമയനേരത്ത് കൗമാരക്കാരായ ഒരു കൂട്ടം കളിക്കുന്നതിന്റെയും കുളിക്കുന്നതിന്റെയും ഇടയിലൊരു ആമയെ തട്ടിമറിച്ചിട്ടും വടിയെടുത്തുകുത്തിയും വല്ലാതെ ഉപദ്രവിക്കുന്നത് ശ്രദ്ധയിൽപെട്ടു. ആ സംഭവത്തിന്റെ ആഘാതമാണ് 2007ൽ 'മാധ്യമ'ത്തിൽ പ്രസിദ്ധീകരിച്ച 'സസ്തനിയുടെ മുട്ട' എന്ന കഥയെഴുതാൻ പ്രേരകമായത്. തുടർന്ന് ഞാനെഴുതിയ കഥകളും കുറിപ്പുകളും കവിതാ പരിഭാഷകളുമൊക്കെ 'ആഴ്ചപ്പതിപ്പി'ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാള സാഹിത്യചരിത്രത്തിൽ ഇടം നേടിയ പല സമകാലിക നോവലുകളും ഖണ്ഡശഃ പ്രസിദ്ധീകരിച്ചത് 'മാധ്യമ'ത്തിലായിരുന്നു എന്നതും വിസ്മരിച്ചുകൂടാ. ഉത്തരാധുനികതയുടെ ആശയപരിസരത്തോട് ചേർന്നുനിന്നുകൊണ്ട് സ്വത്വബോധവും ഭരണകൂടഭീകരതയും പൗരാവകാശലംഘനങ്ങളുമൊക്കെ ആധാരമാക്കിയ ലേഖനങ്ങൾ ഞാൻ ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ളത് ഒരുപക്ഷേ 'മാധ്യമം ആഴ്ചപ്പതിപ്പി'ലായിരിക്കണം. വിഷയാസ്പദമായി അവയോട് രാഷ്ട്രീയമായി യോജിപ്പും ചിലപ്പോൾ കടുത്ത വിയോജിപ്പുമൊക്കെ തോന്നിയിട്ടുണ്ട്. അത്തരം താദാത്മ്യങ്ങളും വിമർശനങ്ങളും കൂടിചേർന്നാണല്ലോ ജനാധിപത്യത്തെ പൂർണമാക്കുന്നത്. മാധ്യമസ്വാതന്ത്ര്യത്തിന് കടുത്ത വിലക്കുകൾ നേരിടേണ്ടി വരുന്ന ഇന്നത്തെ ഇന്ത്യയിലെ സാഹചര്യങ്ങളിൽ സ്വയംവിമർശനാത്മകമായ സമീപനത്തോടെ, നേരിന്റെയും നീതിയുടെയും പക്ഷത്തുനിന്നുകൊണ്ട് കൂടുതൽ തെളിച്ചപ്പെടാൻ 'ആഴ്ചപ്പതിപ്പി'ന് സാധിക്കട്ടെ.
ദേവദാസ് വി.എം ചെന്നൈ
ആഴ്ചപ്പതിപ്പ് ഒരു കുടുംബാംഗം
ഇരുപത്തിയഞ്ചാം വയസ്സിലേക്ക് കടക്കുന്ന 'മാധ്യമം ആഴ്ചപ്പതിപ്പി'ന് ആദ്യമേ അഭിനന്ദനം അറിയിക്കട്ടെ.
വളരെ വൈകിയാണ് ഞാൻ 'ആഴ്ചപ്പതിപ്പി'ന്റെ വായനക്കാരനാവുന്നത്. കൃത്യമായി പറഞ്ഞാൽ 2016 സെപ്റ്റംബർ 1 മുതൽ. 1984 ഫെബ്രുവരിയിൽ ഒരു ദേശസാൽകൃത ബാങ്കിൽ ജോലിയിൽ പ്രവേശിച്ച എനിക്ക് 90 കൾക്കുശേഷം, പത്രവായന ഒഴിച്ച് ബാക്കിയെല്ലാ വായനകളും പൂർണമായും അന്യംനിന്നുപോയ ഒരു അവസ്ഥയായിരുന്നു. അടിക്കടിയുണ്ടാവുന്ന സ്ഥലംമാറ്റങ്ങൾ, പ്രമോഷൻ, അതിനെത്തുടർന്നുണ്ടായ അന്യസംസ്ഥാന ട്രാൻസ്ഫർ, ഒക്കെക്കൂടി ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ വായനയെ എന്നിൽനിന്നും പൂർണമായും അകറ്റി. 2016 ആഗസ്റ്റ് 31ന് സ്വയം വിരമിച്ചതിനുശേഷം പിറ്റേദിവസം മുതൽ എന്നോ കൈമോശം വന്ന വായനയെ വീണ്ടും നെഞ്ചോട് ചേർത്തപ്പോൾ എന്റെ ഹൃദയത്തിലേക്ക് ആദ്യം ഒട്ടിച്ചേർന്നത് 'മാധ്യമം ആഴ്ചപ്പതിപ്പാ'യിരുന്നു. അന്നുമുതൽ ഇപ്പോൾ ഈ നിമിഷംവരെ അതങ്ങനെ നെഞ്ചോട് പറ്റിച്ചേർന്നുതന്നെ കിടക്കുന്നു. മലയാളത്തിലെ മിക്ക ആനുകാലികങ്ങളും ഇപ്പോൾ വായനയിൽ ഉൾപ്പെടുന്നുവെങ്കിലും 'മാധ്യമം ആഴ്ചപ്പതിപ്പ്' ഒരു കുടുംബാംഗമായി അന്നും ഇന്നും എന്നിൽ പൂത്തുനിറഞ്ഞുനിൽക്കുന്നു.
അങ്ങനെ ഒരു കുടുംബാംഗമായി ഒരു പ്രസിദ്ധീകരണത്തെ കാണണമെങ്കിൽ, ആ പ്രസിദ്ധീകരണത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ഇടപെടലുകൾ അത്രമാത്രം നമ്മെ സ്വാധീനിക്കണം. ആ പ്രസിദ്ധീകരണത്തിന്റെ നിലപാടുകൾ നമ്മുടെ ചിന്താധാരകളിൽ വ്യക്തമായ ഇടപെടലുകൾ നടത്തണം. അത്തരം ഇടപെടലുകളും നിലപാടുകളുമാണ് 'മാധ്യമം ആഴ്ചപ്പതിപ്പി'ന്റെ ആദ്യവായന മുതൽ ഇതുവരെയും അതിനെ എന്റെ ഹൃദയത്തോട് ചേർത്തുപിടിക്കാൻ എനിക്ക് പ്രചോദനമായത്.
രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നിലപാടുകൾ ഓരോ വ്യക്തിക്കും ഓരോ പ്രസ്ഥാനത്തിനും അതുപോലെ ഓരോ ആനുകാലികത്തിനും വ്യത്യസ്തമാണ് എന്നത് അവിതർക്കമാണ്. അതുകൊണ്ടുതന്നെ 'മാധ്യമം ആഴ്ചപ്പതിപ്പി'നും അതിൽനിന്നും വിഭിന്നമാകാൻ കഴിയില്ലല്ലോ. പക്ഷേ സ്വന്തം നിലപാടുകളിൽ നിൽക്കുമ്പോൾപോലും അതിനേക്കാളെല്ലാമുപരി പൊതു രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലെ വ്യത്യസ്ത നിലപാടുകളെക്കൂടി അംഗീകരിക്കാനും അതിന് കൃത്യമായ ഒരു ഇടംകൊടുക്കാനുമുള്ള തുറന്ന മനസ്സാണ് 'മാധ്യമം ആഴ്ചപ്പതിപ്പി'നെ മറ്റ് ആനുകാലികങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നത്. അത്തരം വ്യത്യസ്ത നിലപാടുകൾക്ക്, വ്യത്യസ്ത അഭിപ്രായങ്ങൾക്ക് 'ആഴ്ചപ്പതിപ്പി'ന്റെ താളുകളിൽ മുഖ്യ പരിഗണന കൊടുക്കുന്നു എന്നത് മറ്റാർക്കും അവകാശപ്പെടാനാവാത്തതുമാണ്. 'ആഴ്ചപ്പതിപ്പി'ൽ പ്രസിദ്ധീകരിക്കുന്ന രചനകളെക്കുറിച്ചുള്ള വിപരീത അഭിപ്രായങ്ങൾപോലും അർഹിക്കുന്ന പരിഗണനയോടെ പ്രസിദ്ധീകരിക്കുന്നതും 'ആഴ്ചപ്പതിപ്പി'ന്റെ മറ്റൊരു മേന്മയാണ്.
അതോടൊപ്പം 'ആഴ്ചപ്പതിപ്പ്' നടത്തുന്ന സ്വതന്ത്രമായ സാമൂഹിക ഇടപെടലുകൾകൂടി ഓർക്കാതിരിക്കാനാവില്ല. വിഭിന്നമേഖലകളിൽ ആഴത്തിൽ വേരൂന്നിനിൽക്കുന്നതും എന്നാൽ മറ്റ് ആനുകാലികങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതുമായ അനവധി വിഷയങ്ങളിൽ കൃത്യമായും വസ്തുനിഷ്ഠമായും ഇടപെട്ടുകൊണ്ട് 'ആഴ്ചപ്പതിപ്പ്' പ്രസിദ്ധീകരിച്ചിട്ടുള്ള രാഷ്ട്രീയ-ചരിത്ര വിഷയങ്ങൾ ഉൾപ്പെടെയുള്ള അനേകം കവർസ്റ്റോറികൾ, പ്രത്യേകം എടുത്തുപറയേണ്ടതുകൂടിയുണ്ട്. ആദിവാസി, പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രസിദ്ധീകരിച്ച അനേകം ഫീച്ചറുകൾ, ഏറ്റവും പുതിയ ലക്കത്തിലെ ചിത്ര നിലമ്പൂരുമായുള്ള അഭിമുഖം ഉൾപ്പെടെ, ജാതി-മത ചിന്തകൾക്കപ്പുറം നിന്നുകൊണ്ട് നാട്ടിലെ പിന്നാക്ക വിഭാഗങ്ങൾക്ക് പ്രത്യേക മുൻഗണന കൊടുത്തുകൊണ്ട് 'ആഴ്ചപ്പതിപ്പ്' കൈക്കൊള്ളുന്ന നിലപാടുകൾക്ക് ഉത്തമ ഉദാഹരണംകൂടിയാണ്. അത് അങ്ങേയറ്റം പ്രശംസിക്കപ്പെടേണ്ടതുമാണ്.
തീർത്തും സ്വതന്ത്രമായ കാഴ്ചപ്പാടോടുകൂടി 'മാധ്യമം ആഴ്ചപ്പതിപ്പ്' നടത്തുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക ഇടപെടലുകൾ ജാതി-മത വ്യത്യാസമില്ലാതെ വായനക്കാർ അംഗീകരിക്കുന്നു എന്നതിന് തെളിവാണ് ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴും മലയാളത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ ഒരു വേറിട്ട മുഖമായി മാറാൻ 'ആഴ്ചപ്പതിപ്പി'ന് സാധ്യമായത്. ഈ നിലപാടുകൾ വരും നാളുകളിലും 'ആഴ്ചപ്പതിപ്പ്' തുടരും എന്നത് ഒരു സ്ഥിരം വായനക്കാരൻ എന്ന നിലയിൽ ആശങ്കയില്ലാതെ എനിക്ക് പറയാൻ കഴിയും. വ്യതിചലിക്കാത്ത അത്തരം നിലപാടുകളാണ് ഇന്നത്തെ വെല്ലുവിളി നിറഞ്ഞ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നാളുകളിൽ കേരളജനത ആഗ്രഹിക്കുന്നതും.
എ.കെ. അനിൽകുമാർ നെയ്യാറ്റിൻകര
ഇന്നിന്റെയും നാളെയുടേയും പൂവിളി
ഒരു പ്രതീക്ഷ, കാത്തിരിപ്പ് നൽകുന്ന പൂർണത... 'മാധ്യമം ആഴ്ചപ്പതിപ്പ്' ഒാരോ തിങ്കളാഴ്ചയും പുറത്തിറങ്ങുമ്പോൾ സന്തോഷം ഏറെയാണ്. ഇരുപത്തിനാല് വർഷം പിന്നിടുമ്പോൾ എത്രയോ തവണ 'എഴുത്തുകുത്തി'െൻറ പേജിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിലുള്ള നിറവ് ഇവിടെ പങ്കുവെക്കട്ടെ.
ഒരു വാരികയെ സംബന്ധിച്ച് മുടക്കമില്ലാതെ 24 വർഷം പിന്നിടുക എന്നത് നിലനിൽക്കുന്ന സാഹചര്യങ്ങളിൽ വെല്ലുവിളി തന്നെയാണ്. അത്രയേറെ ആനുകാലികങ്ങൾ, ദൃശ്യമാധ്യമങ്ങൾ നിരന്തരം വാർത്തകൾക്ക് വേണ്ടി ഓടുന്ന കാഴ്ച ഇന്നു നാം കാണുന്നു.
ഏതൊരു പ്രസിദ്ധീകരണമായാലും വായനയിലേക്ക് അടുപ്പിച്ച് നിർത്തുന്നത് പംക്തികളാണ്. മികവാർന്ന വിജയസാധ്യതക്ക് അത് വഴിതെളിയിക്കുന്നു. നോവലും കഥകളും കവിതകളും ലേഖനങ്ങളും റിപ്പോർട്ടുകളും ഇതെല്ലാം എത്ര മെച്ചപ്പെടുത്തിയെടുക്കാം എന്നത് നിലനിൽപ്പിന്റെ കാര്യംതന്നെയാണ്.
പാരമ്പര്യം അവകാശപ്പെടുന്ന മാധ്യമസംസ്കാരത്തെ മറികടന്ന് വ്യത്യസ്തമായൊരു കാഴ്ചപ്പാടിലൂടെ വായനയെ എങ്ങനെ അനുഭവമാക്കിമാറ്റാം എന്നത് വലിയൊരു കടമതന്നെയാണ്. ഇതിൽ എഴുത്തുകാരുടെ പങ്ക് വലുതാണ്.
അനീതിക്കെതിരെ ഉയരുന്ന ജനകീയസമരങ്ങളിൽ മാധ്യമങ്ങൾ എവിടെ നിൽക്കുന്നു , ആരുടെ പക്ഷത്ത് നിലയുറപ്പിക്കുന്നു എന്നത് നിലപാടിന്റെ പ്രശ്നംതന്നെയാണ്. രാഷ്ട്രീയ കാഴ്ചപ്പാടിനോട് വിയോജിച്ചും അനുകൂലിച്ചും നിൽക്കുമ്പോൾ ഒരു പ്രസിദ്ധീകരണം വളർച്ചയെ മുൻകൂട്ടി കണ്ട് ഈ രംഗത്ത് നിലയുറപ്പിക്കാം എന്നത് മാധ്യമസംസ്കാരത്തിന്റെ കടമതന്നെയാണ്. 'മാധ്യമം ആഴ്ചപ്പതിപ്പ്' വ്യത്യസ്തമാകുന്നത് ഇവിടെയാണ്. ജനകീയ സമരമുഖങ്ങളിൽ, പ്രതിഷേധങ്ങളിൽ, അവർ ജനകീയ മുദ്രാവാക്യത്തിൻ കീഴിൽ നിലയുറപ്പിക്കുന്നു എന്നതാണ്. നിലനിൽക്കുന്ന ജാതി-മത-വർഗീയ മുന്നേറ്റത്തിനു മുമ്പിൽ ഒരു പ്രസിദ്ധീകരണം അതിനെ മറികടന്ന് മുന്നോട്ട് പോവുന്നു എന്നതാണ് 'മാധ്യമം ആഴ്ചപ്പതിപ്പി'ന്റെ വിജയമായി അടയാളപ്പെടുത്തുന്നത്. ആദിവാസി, ഗോത്രമേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന ചൂഷണങ്ങൾക്കും ദലിത് പ്രീണനനയങ്ങൾക്കുമെതിരേ 'മാധ്യമം' സംസാരിക്കുന്നത് ജനകീയ സമരമുഖങ്ങളിൽ ഇടപെടുന്നു എന്നതിന്റെ ഉദാഹരണങ്ങൾ നിരവധി -ജനകീയ സാംസ്കാരിക മുന്നേറ്റത്തിൽ ഒരു ബദൽ വായന 'മാധ്യമം' സൃഷ്ടിച്ചെടുക്കുന്നു എന്നതിന് തർക്കമില്ലാത്തൊരു കാര്യംതന്നെയാണ്.
വിവർത്തന കവിതകൾ ഏറ്റവും അധികം വായനയിലേക്ക് കൊണ്ടു തരുന്ന പ്രസിദ്ധീകരണം തന്നെയാണ് 'മാധ്യമം'. മലയാള സാഹിത്യത്തിലേക്ക് പുതിയ പ്രതീക്ഷകളെ ഉയർത്തിക്കൊണ്ടുവരുകയും ചെയ്യുന്ന കാര്യത്തിൽ 'മാധ്യമം ആഴ്ചപ്പതിപ്പ്' ഇന്നിന്റെയും നാളെയുടേയും പൂവിളി തന്നെയാണ്.
24 വർഷം പിന്നിടുമ്പോൾ സൂക്ഷിച്ചു വെക്കാൻ പറ്റുന്ന ലക്കങ്ങൾതന്നെയാണ് 'മാധ്യമ'ത്തിേൻറത് എന്നത് സന്തോഷം തരുന്നു. 'മാധ്യമ'ത്തിനൊപ്പം വർഷങ്ങളായി നടക്കാൻ പ്രേരിപ്പിക്കുന്നത് ഇതുതന്നെയാണ്.
ജയപ്രകാശ് എറവ് ഈസ്റ്റ് ഫോർട്ട്, തൃശൂർ
കീഴാള എഴുത്തുകളും ശബ്ദങ്ങളും
'മാധ്യമം' പത്രവും 'ആഴ്ചപ്പതിപ്പും' മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സവിശേഷ പ്രാധാന്യം അർഹിക്കുന്ന പ്രസിദ്ധീകരണമാണ്. മലയാളത്തിലെ ഇതര പ്രസിദ്ധീകരണങ്ങൾ ഏതാണ്ടെല്ലാം തന്നെ സവർണ ഭാവുകത്വത്തിലും എഴുത്തുകളിലും ഇപ്പോഴും അഭിരമിക്കുമ്പോൾ അതിൽനിന്നു വ്യത്യസ്തമായി, കീഴാള എഴുത്തുകളും ശബ്ദങ്ങളും മുഖ്യധാരയിൽ ഉച്ചത്തിൽ കേൾക്കാൻ തുടങ്ങിയത് 'മാധ്യമ'ത്തിന്റെ കടന്നുവരവോടെയാണ്. മുസ്ലിം രാഷ്ട്രീയത്തെപ്പറ്റിയും ആ സമുദായത്തെപ്പറ്റിയും മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഭരണകൂടവും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന പൊലീസ് ഭാഷ്യ തീവ്രവാദക്കഥകളുടെയും ഇതര നുണപ്രചാരണങ്ങളുടെയും സത്യാവസ്ഥ, കുറച്ചുപേരെങ്കിലും മനസ്സിലാക്കാൻ ഇടയായത് ഈ പ്രസിദ്ധീകരണങ്ങളിലൂടെയാണ്. എന്നെപ്പോലുള്ള നിരവധി കീഴാള 'എഴുത്തുകാരെ' ഉണ്ടാക്കിയെടുത്തതിലും 'മാധ്യമ'ത്തിനു നിർണായക സ്ഥാനമാണുള്ളത്. 'മാധ്യമ'ത്തിന്റെ അത്തരം ഇടപെടലുകൾ ഇതര മാധ്യമങ്ങളെയും ഒരുവിധത്തിൽ സമ്മർദത്തിലാക്കിയിട്ടുണ്ടെന്നു നിസ്സംശയം പറയാം. അവരിൽ പലരും ദലിത് എഴുത്തുകാർക്കും മുസ്ലിം ബുദ്ധിജീവികൾക്കും ചെറിയതോതിലെങ്കിലും അവസരം നൽകാൻ നിർബന്ധിതമായി. പത്രം എപ്പോഴും ഒരു പ്രതിപക്ഷമായിരിക്കേണ്ടതുണ്ട് ഒരു ജനാധിപത്യ സമൂഹത്തിൽ. 'മാധ്യമം' എക്കാലത്തും നിർവഹിച്ചുപോരുന്ന കടമ അതുതന്നെയാണ്. 'മാധ്യമ'ത്തിന് ഹൃദയംതൊട്ട ആശംസകൾ.
സുദേഷ് എം. രഘു
മീഡിയാസ്കാൻ അനന്യമായ വിശകലന പംക്തി
'ആഴ്ചപ്പതിപ്പ്' പ്രസിദ്ധീകരിക്കുന്ന 'മീഡിയസ്കാൻ' മലയാളത്തിലെ അനന്യമായ വിശകലന പംക്തിയാണ്. 'ആഴ്ചപ്പതിപ്പ്' കിട്ടിയാൽ ആദ്യം വായിക്കുന്നു. സർവതന്ത്ര സ്വതന്ത്രം എന്നു അവകാശപ്പെടുന്ന പാശ്ചാത്യ ഭീമന്മാരും നമ്മുടെ നാട്ടിലെ ഗോതി മീഡിയകളും തമ്മിൽ വലിയ വ്യത്യാസം ഇല്ലെന്ന് 'മീഡിയാസ്കാൻ' തുറന്നുകാട്ടുന്നത് ഞാൻ ഏറെ ആസ്വദിക്കുന്നു. കവിതകളും മറ്റു ലേഖനങ്ങളും തിരഞ്ഞെടുക്കുന്നതിൽ വലിയ പക്വത 'ആഴ്ചപ്പതിപ്പ്' കാണിക്കുന്നു. മൊത്തത്തിൽ മലയാളത്തിലെ മുൻനിര വാരികകളിൽ 'മാധ്യമം' എന്റെ പ്രിയപ്പെട്ട വാരിക.
പി.ജെ. മാത്യു കോഴിക്കോട്
ഓരോ ലക്കവും ആഘോഷം
'മാധ്യമം' വായിക്കാൻ തുടങ്ങിയത് ഏതോ ദീർഘദൂര തീവണ്ടിയാത്രക്കിടയിലാണ്. പെട്ടെന്ന് തന്നെ ഉള്ളടക്കത്തിന്റെ കരുത്തും തെളിമയും ബോധ്യപ്പെട്ടു. അന്നുമുതൽ, 'മാധ്യമ'ത്തിന്റെ വായനക്കാരനാണ്. മലയാളിയുടെ ബൗദ്ധിക ചിന്താമണ്ഡലത്തെ തെളിമയോടെ സമൂഹത്തിലെ ഇടപെടലുകൾക്ക് പ്രാപ്തമാക്കുന്നതരത്തിലുള്ള പഠനങ്ങൾ, ചർച്ചകൾ, ലേഖനങ്ങൾ, നിരീക്ഷണങ്ങൾ, കഥകൾ, കവിതകൾ...
വ്യക്തമായ നിലപാടുകളും വിട്ടുവീഴ്ചയില്ലാത്ത ദിശാബോധവും 'ആഴ്ചപ്പതിപ്പി'ന് കൂടുതൽ ഭംഗിയും കരുത്തും നൽകുന്നുണ്ട്. ഈ താളുകളിലാണ് മലയാളം ഏറെ വായിച്ച രചനകൾ പലതും ശ്രദ്ധിക്കപ്പെട്ടത്. അതുപോലെ തന്നെ ഏറ്റവും പുതിയ ശാസ്ത്രലേഖനങ്ങൾ, ദലിത് നിലപാടുകൾ, നൂതനമായ രാഷ്ട്രീയ ഉൾക്കാഴ്ചകൾ ഒക്കെ കൊണ്ട് മലയാളിയുടെ ചിന്തകൾക്ക് പുതുവെളിച്ചം തെളിയിക്കാൻ 'ആഴ്ചപ്പതിപ്പ്' എന്നും മുന്നിൽ തന്നെയുണ്ട്.
'ആഴ്ചപ്പതിപ്പി'ന്റെ ലേ ഔട്ടും വരകളുമൊക്കെ അതിഗംഭീരം. അക്ഷരാർഥത്തിൽ അണിയിച്ചൊരുക്കപ്പെടുകയാണ് ഒാരോ ലക്കവും. പിന്നണിയിൽ ഉള്ളവർ ഓരോ ലക്കവും ആഘോഷമാക്കുകയാണ്. അതുതന്നെയാണ് ഈ വിജയത്തിന്റെ രസതന്ത്രവും. ഇരുപത്തിയഞ്ച് വയസ്സ് യുവത്വത്തിന്റെയും കർമനിരതയുടെയും കാലമാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു.
സുരേഷ് കുമാർ വി തിരുവനന്തപുരം
ആഴ്ചപ്പതിപ്പ് ഒഴിവാക്കാൻ പറ്റാത്ത അവസ്ഥ
ആഴ്ചപ്പതിപ്പ് വായിച്ചുതുടങ്ങിയിട്ട് നാലുവർഷമേ ആയിട്ടുള്ളൂ. റെയിൽവേ യാത്രക്കിടെ അടുത്ത സീറ്റിലുള്ള സുഹൃത്തിൽനിന്ന് വാങ്ങിയതായിരുന്നു 'ആഴ്ചപ്പതിപ്പു'മായുള്ള ആദ്യബന്ധം. സാധാരണക്കാരുടെ ഉന്നമനത്തിനുവേണ്ടി മാത്രമല്ല, പുറംലോകമറിയാത്ത അറിയിക്കാൻ പലരും മടിച്ചുനിന്ന വിഷയങ്ങൾ ഏറ്റെടുത്ത് ജനങ്ങളിലെത്തിക്കാൻ കഠിനശ്രമമാണ് 'ആഴ്ചപ്പതിപ്പ്' നടത്തുന്നതെന്ന് ഇക്കാലയളവിൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ന് 'ആഴ്ചപ്പതിപ്പ്' ഒഴിവാക്കാൻ പറ്റാത്ത അവസ്ഥയിലാണ്. 25ാം വർഷത്തിലേക്ക് കടക്കുന്ന വീക്കിലിക്ക് എല്ലാവിധ ആശംസകളും നേരുന്നു.
അശ്വതി അനന്തപുരി പള്ളിമൺ, കൊല്ലം
അരികുചേർന്നവന്റെ ചെറിയ കാര്യങ്ങളും ആഴമുള്ള കഥകളും..!
എന്റെ പ്രിയപ്പെട്ട വായനയിൽ 'മാധ്യമം' കടന്നുവന്നിട്ട് വർഷങ്ങളായി. ഇന്നുമത് പ്രിയപ്പെട്ടതായി തുടരുന്നതിന് വളരെ 'ചെറിയ' കാരണങ്ങളാണ്. ഒന്നാമത് ഞാനും ഒരു ചെറിയ മനുഷ്യനാണ്. എനിക്കുവേണ്ടി ആരെങ്കിലും സംസാരിക്കുന്നുണ്ടോ എന്നെപ്പോലെയുള്ളവരെക്കുറിച്ച് ആരെങ്കിലും ഉറക്കെ വിളിച്ചുപറയുന്നുണ്ടോ എന്നൊക്കെ ഞാൻ വല്ലാതെ ചോദിക്കാറുണ്ട്, നോക്കാറുണ്ട്...അങ്ങനെയാണ് 'മാധ്യമ'ത്തിന്റെ വഴികൾ എന്നെ സ്വാധീനിച്ചത്.
കാടിനെ, കാട്ടിലെ മനുഷ്യരെ, നാടിനെ, നാട്ടിലാരും കാണാതെ പോകുന്ന വിഷയങ്ങളെ ഒപ്പിയെടുക്കാൻ 'മാധ്യമ'ത്തിന് ഇന്നുവരെ സാധിക്കുന്നുണ്ട്. ഭൂരിപക്ഷത്തിനും വലിയ വലിയ മനുഷ്യർക്കും തീരെച്ചെറുതെന്ന് തോന്നിയേക്കാവുന്നതിന്റെ ഭാഗമായി നിൽക്കാനുള്ള 'മാധ്യമ'ത്തിന്റെ താൽപര്യം എന്നു തീരുന്നുവോ അതുവരെ എന്റെ ചെറിയ വായനയെ വലിച്ചുകൊണ്ടുപോകാൻ ഈ പതിപ്പിന് കഴിയുമെന്നുറപ്പുണ്ട്.
പിന്നെ എന്നെ താളുകളിലേക്ക് വലിക്കുന്ന മറ്റൊരു കാര്യം കഥകളാണ്. പുതിയതും ആഴമുള്ളതുമായ കഥകളുടെ ഇടം എന്ന നിലയിലാണ് 'മാധ്യമ'ത്തിന്റെ താളുകൾ എന്നെക്കൊണ്ട് എല്ലാ വാരവും മറിപ്പിക്കുന്ന മറ്റൊരു സംഗതി. ചെറിയ മനുഷ്യരുടെ വലിയ കഥകൾ എന്നുകൂടെ ഇതിനെ അടയാളമിടേണ്ടിവരുന്നു. ഒരു വർഷം ഏറ്റവും പുതിയ മുഖങ്ങൾ അവതരിപ്പിക്കുക മാത്രമല്ല, അവരുടെ ഏറ്റവും കരുത്തൻ കഥയിലേക്കാണ് ഈ ടീമിന്റെ യാത്ര. വർഷത്തിന്റെ ഒടുവിൽ ഒരു കണക്കെടുപ്പ് നടത്തുമ്പോൾ നല്ല കഥകളുടെ പട്ടികയിൽ ഏതാണ് പതിപ്പെന്നുകൂടെ ഞാൻ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് 'മാധ്യമ'ത്തിനെ വായനയിൽനിന്ന് മാറ്റിവെക്കാൻ എനിക്ക് കഴിയുന്നില്ല എന്നതാണ് ആ ചെറിയ കാര്യം.
പാരമ്പര്യ പൊതുബോധങ്ങളെ തള്ളിക്കളയുന്ന കവർച്ചിത്രങ്ങളും ധീരമായി സംസാരിക്കുന്ന കാർട്ടൂണിസ്റ്റും, കഥക്കും കവിതക്കും ഏറ്റവും സുന്ദരമായ വരകൾ നൽകുന്നവരും, വായനയുടെ സാധ്യതകളെ തിരിച്ചറിയുന്ന ലേ ഔട്ടും തുടങ്ങി പതിപ്പിന്റെ വലിയ വലിയ കാര്യങ്ങൾ പറയാനുണ്ട്. അതിന് മുന്നിലോടുന്നവരുടെ പേരുകളും വിളിച്ചു പറയണം എന്നുണ്ട്. പക്ഷേ, എനിക്ക് ഈ ചെറിയ കാര്യങ്ങളിൽ തൂങ്ങി 'മാധ്യമ'ത്തിന്റെ ഉള്ളിലേക്ക് പോകാനാണ് ഇഷ്ടം..!
കെ.എസ്. രതീഷ്
ബാലപംക്തിക്ക് കൂടി ഇടം കണ്ടെത്തണം
പരിസ്ഥിതിയുടെ നാവാണ് 'മാധ്യമം ആഴ്ചപ്പതിപ്പെ'ന്ന് പലവട്ടം തോന്നിയിട്ടുണ്ട്. കഴിഞ്ഞ കടലിളക്കകാലത്ത് ശംഖുമുഖത്തെയും ചെല്ലാനത്തെയും അസ്വസ്ഥചിത്രങ്ങൾ വായനക്കാരിലേക്കെത്തിച്ചത് മറക്കാനാവുന്നില്ല. മത്സ്യത്തൊഴിലാളികൾക്ക് പോലും അപ്രിയങ്ങളാവുന്ന സത്യങ്ങളായിരുന്നു അന്ന് 'മാധ്യമം' പറഞ്ഞത്. ഒരു കടപ്രക്കാരനെന്ന നിലയിൽ എന്റെ കൂടി ആശങ്കകളായിരുന്നു അത്.
ഞാനെന്തിന് 'മാധ്യമം ആഴ്ചപ്പതിപ്പ്' വായിക്കുന്നു, എന്നതിന് മേൽപ്പറഞ്ഞ ഈയൊരൊറ്റ ഉദാഹരണം മാത്രം മതി.
മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വിശുദ്ധമായ 'വികസനം'എന്ന വാക്കിന്റെ ബലത്തിൽ മലകൾ ഇടിക്കുമ്പോളും കടൽ തൂർക്കുമ്പോളും അതേ വാക്ക് മറ്റു ചിലർക്ക്, ചിലതിന് മരണവേദമാകുന്നത് നമുക്കെങ്ങനെ കണ്ടില്ലെന്ന് നടിക്കാനാകും? 'മാധ്യമം ആഴ്ചപ്പതിപ്പ്' ചിലരെ അസ്വസ്ഥരാക്കുന്നത് ഇത്തരം കാ ഴ്ചകൾ മാന്തി പുറത്തിടുന്നതിലൂടെയാണ്.
ഭംഗിയുള്ള കവർചിത്രങ്ങൾ, സുന്ദരമായ ലേ ഔട്ട്. പ്രത്യക്ഷത്തിൽ 'മാധ്യമം ആഴ്ചപ്പതിപ്പ്' അണിഞ്ഞൊരുങ്ങിതന്നെയാണ് വായനയിലേക്ക് ക്ഷണിക്കുന്നത്. അത് പക്ഷേ, പലപ്പോഴും കബളിപ്പിക്കപ്പെടലാണ്. അത്ര സുന്ദരമായ കാര്യങ്ങളൊന്നുമാകില്ല അകത്ത് മഷി പടർന്ന് കിടക്കുന്നത്. അധിനിവേശത്തിന്റെ, നാടുകടത്തലിന്റെ, മാറ്റിനിർത്തലിന്റെ ഈ നശിച്ച കാലത്ത് ഉള്ളടക്കം സുന്ദരമാകണമെന്ന് വാശിപിടിക്കുന്നതിൽ കാര്യമില്ല.
ഒരെഴുത്തുകാരനെനിലയിൽ 'മാധ്യമം ആ ഴ്ചപ്പതിപ്പ്' എനിക്ക് തന്ന പരിഗണനയെ കുറിച്ച് പറയുമ്പോൾ മുഖസ്തുതിയായി തോന്നിയേക്കാം. പ്രമുഖരിൽനിന്ന് നിരന്തരം തിരസ്കരിക്കപ്പെടുന്ന ഒരെഴുത്തുകാരനെന്ന നിലക്ക് എന്നെ ചേർത്ത് നിർത്തിയവരെ ഓർക്കാത്തപക്ഷം അത് അങ്ങേയറ്റത്തെ നന്ദികേടാവും. 'മാധ്യമം ആഴ്ചപ്പതിപ്പ്' എന്ന ജൈവികതയിൽ എഴുത്തുകാരനായും വായനക്കാരനായും കണ്ണിചേരാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്.
കവിതകളും കഥകളും മുമ്പില്ലാത്തവിധം പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് 'മാധ്യമം' പുതിയ എഴുത്തുകാർക്കും എഴുതി തെളിഞ്ഞവർക്കും ഒരുപോലെ അവസരം കൊടുക്കുന്നുണ്ടെന്നത് സന്തോഷം തന്നെയാണ്. 'ആഴ്ചപ്പതിപ്പ്' ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ഈ വേളയിൽ ഒരു ബാലപംക്തിക്ക് കൂടി ഇടം കണ്ടെത്തുമെന്ന പ്രതീക്ഷയോടെ,
സുഭാഷ് ഒട്ടുംപുറം
ലബ്ധപ്രതിഷ്ഠരെയും നവാഗതരെയും ഒരേപോലെ പരിഗണിക്കുന്നു
പ്രസിദ്ധീകരണത്തിെൻറ രജതജൂബിലിയിലെത്തി നിൽക്കുന്ന 'മാധ്യമം ആഴ്ചപ്പതിപ്പ്' മലയാളത്തിലെ ഇതര പ്രസിദ്ധീകരണങ്ങളിൽനിന്നെല്ലാം വേറിട്ടുനിൽക്കുന്നു. സാഹിത്യ- സാംസ്കാരിക- രാഷ്ട്രീയ മേഖലകളിലെ 'ആഴ്ചപ്പതിപ്പി'െൻറ ഇടപെടലുകൾ ഏറെ ശ്രദ്ധേയമാണ്.
ഭാഷയിലും പ്രമേയത്തിലും ആഖ്യാനത്തിലുമെല്ലാം വലിയതരത്തിലുള്ള പരിവർത്തനങ്ങളുണ്ടാക്കിയ ഒട്ടേറെ രചനകൾ ഇതിനിടെ 'മാധ്യമ'ത്തിലൂടെ പ്രസിദ്ധീകരിക്കുകയുണ്ടായി.ലബ്ധപ്രതിഷ്ഠരെയും നവാഗതരെയും ഒരേപോലെ പരിഗണിക്കുന്ന ഏറെ പ്രസിദ്ധീകരണങ്ങളൊന്നും മലയാളത്തിലില്ല. ഇവിടെയാണ് 'മാധ്യമം ആഴ്ചപ്പതിപ്പിന്റെ' പ്രസക്തിയേറുന്നത്.
വി.എം അരവിന്ദാക്ഷൻ, പെരുമണ്ണ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.