മേയ് 11ന് ഇസ്രായേൽ സൈനികർ വെടിവെച്ചുകൊന്ന ശിറീൻ അബൂ ആഖില അമേരിക്കൻ പൗരത്വമുള്ള ഫലസ്തീനി ക്രിസ്ത്യാനിയാണ്. അവരെ കൊന്നപ്പോൾ ഉയർന്ന ഒരു ചോദ്യമുണ്ടായിരുന്നു -അമേരിക്ക ഇതിൽ ഇസ്രായേലിനോടുള്ള വിധേയത്വം തുടരുമോ, അതോ അമേരിക്കൻ പൗരയോടുള്ള ഉത്തരവാദിത്തം നിറവേറ്റാൻ ഇസ്രായേലിനെതിരെ നടപടിയെടുക്കുമോ?
ഉത്തരം ഇപ്പോൾ ലഭ്യമായിരിക്കുന്നു. വസ്തുതയോടല്ല, സയണിസത്തോടാണ് കൂറ്. ഇസ്രായേലാണ് ശിറീനെ കൊന്നതെങ്കിലും അത് കരുതിക്കൂട്ടി ആയിരുന്നില്ലത്രെ. യു.എസ് വിദേശകാര്യവകുപ്പ് പറയുന്നു, ശിറീനെ കൊന്ന വെടി ഇസ്രായേലി സൈനികരിൽനിന്നുണ്ടായതാണെങ്കിലും അത് ''മനപ്പൂർവമാകാൻ സാധ്യത കാണുന്നില്ല'' എന്ന്.
വസ്തുതയാണ് അറിയേണ്ടിയിരുന്നതെങ്കിൽ, ശാസ്ത്രീയമായി, നിയമപരമായ ബോധ്യങ്ങളുടെ പിൻബലത്തിൽ, പുറത്തുവന്ന അനേകം അന്വേഷണ റിപ്പോർട്ടുകളുണ്ട്; ദൃക്സാക്ഷികളുടെ ഏകകണ്ഠമായ മൊഴികളുണ്ട്.
കൊല നടന്ന ഉടനെ ഇസ്രായേൽ അധികൃതർ പറഞ്ഞത് ഫലസ്തീൻകാരുടെ വെടിയാകാം കൊണ്ടത് എന്നായിരുന്നു. എന്നാൽ, ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ ബൈത്ത് സലേം സംഭവസ്ഥലത്തു ചെന്ന് നേരിട്ട് നടത്തിയ വിശദമായ അന്വേഷണത്തിൽ ആ വാദം തെറ്റാണെന്ന് സ്ഥാപിച്ചു.
അതോടെ, ഇസ്രായേൽ സ്വരം മാറ്റി. വെടി ഇസ്രായേലി തോക്കിൽനിന്നാണെങ്കിൽതന്നെ, യുദ്ധരംഗത്ത് തെറ്റുകൾ പറ്റാമല്ലോ എന്നായി. ''നിർമലയുദ്ധം'' എന്നൊന്നില്ലല്ലോ എന്ന്.
അൽജസീറ ചാനൽ, വെടിയുണ്ടകൾ ശാസ്ത്രീയ പഠനത്തിനു നൽകി, ഇസ്രായേലി വെടിക്കോപ്പ് തന്നെ എന്ന് കണ്ടെത്തി. വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് സ്വന്തമായി അന്വേഷിച്ചു; സി.എൻ.എൻ (യു.എസ് മാധ്യമം) അന്വേഷിച്ചു; ഫലസ്തീൻ അതോറിറ്റി അന്വേഷിച്ചു; വാഷിങ്ടൺ പോസ്റ്റ് അന്വേഷിച്ചു; യു.എൻ മനുഷ്യാവകാശ ഓഫിസ് അന്വേഷിച്ചു. എല്ലാവരും ഒരേ കണ്ടെത്തലിലാണ് എത്തിച്ചേർന്നത്: ഇത് കൊലതന്നെ. അടുത്ത് ഫലസ്തീൻ പോരാളികൾ ഇല്ലായിരുന്നു എന്നതിനാൽ മനപ്പൂർവവുംതന്നെ.
ഇപ്പോൾ അമേരിക്ക പറയുന്നു, കൊലതന്നെ, പക്ഷേ പാവം ഇസ്രായേലികൾ അറിയാതെ ചെയ്തുപോയതാണെന്ന്.
വസ്തുത കൊല്ലപ്പെടുകയാണ്, പ്രചാരണത്തിനുവേണ്ടി.
നൂപുർ ശർമയോട് സുപ്രീംകോടതി പറഞ്ഞതെന്താണ്? മാപ്പുപറയണമെന്നോ?
മാധ്യമങ്ങൾ നൽകിയ ധാരണ, നൂപുറിനോട് മാപ്പുപറയാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു എന്നാണ്. ജൂലൈ 2ലെ ചില പത്രത്തലക്കെട്ടുകൾ ഇങ്ങനെ:
ജനയുഗം: നൂപുർ ശർമയുടെ പ്രവാചകനിന്ദാ പരാമർശം രാജ്യത്ത് തീപടർത്തി; പൊതുസമൂഹത്തോട് മാപ്പുപറയണം.
കേരള കൗമുദി: നൂപുർ മാപ്പുപറയണം: സുപ്രീംകോടതി.
മാതൃഭൂമി: കടുത്ത പരാമർശവുമായി സുപ്രീംകോടതി- നൂപുർ ശർമ രാജ്യത്തോട് മാപ്പുപറയണം.
സുപ്രഭാതം: നൂപുർ ശർമ രാജ്യത്തോട് മാപ്പുപറയണം.
ദീപിക: നൂപുർ ശർമയോടു സുപ്രീംകോടതി- രാജ്യത്തോടു മാപ്പുപറയണം.
കോടതിയുടെ വാക്കുകൾ വിധിപ്രസ്താവത്തിലെ ഭാഗമായിരുന്നില്ല. വിസ്താരത്തിനിടക്ക് നടത്തിയ സാന്ദർഭിക പരാമർശങ്ങൾ മാത്രമായിരുന്നു.
ബി.ജെ.പി വക്താവായിരുന്ന നൂപുർ ശർമ കോടതിയെ സമീപിച്ചത്, വിവിധ സംസ്ഥാനങ്ങളിൽ അവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഒന്നിച്ചാക്കണമെന്നാവശ്യപ്പെട്ടായിരുന്നു. കോടതിയുടെ നിലപാട് അറിഞ്ഞതോടെ ഹരജി പിൻവലിക്കുകയായിരുന്നു- വിധിപ്രസ്താവത്തിന് വകതന്നെ ഉണ്ടായില്ല.
നൂപുറിനെതിരെ ഇപ്പോൾ വന്നത് ബെഞ്ചിന്റെ വിധിയല്ല. ആ പരാമർശങ്ങൾ ശക്തംതന്നെ. എങ്കിലും ''രാജ്യത്തോട് മാപ്പുപറയണം'' എന്നത് നടപ്പാക്കപ്പെടേണ്ട കൽപനയല്ല, കോടതിയുടെ നിരീക്ഷണം മാത്രമാണ്.
''മാപ്പുപറയണം'' എന്നല്ല, (ചാനൽ പരിപാടിയിൽതന്നെ) ''മാപ്പുപറയേണ്ടിയിരുന്നു'' എന്നാണ് കോടതി പറഞ്ഞതെന്ന് ചില റിപ്പോർട്ടുകളിൽ കാണുന്നു. ''Should apologise'' (മാപ്പുപറയണം) എന്ന് ബാർ ആൻഡ് ബെഞ്ച് എന്ന നിയമകാര്യ വെബ്സൈറ്റ് കോടതിയെ ഉദ്ധരിക്കുമ്പോൾ, ''Should have gone to the TV and apologised to the nation'' (മാപ്പുപറയേണ്ടിയിരുന്നു) എന്നാണ് മറ്റൊരു നിയമ പോർട്ടലായ ലൈവ് ലോ ഉദ്ധരിക്കുന്നത്.
മുകളിൽ പരാമർശിച്ച പത്രങ്ങളിൽ ''മാപ്പുപറയണം'' എന്ന് കാണുമ്പോൾ ദ ഹിന്ദു, ഇന്ത്യ ടുഡേ, മലയാള മനോരമ തുടങ്ങിയ മാധ്യമങ്ങളിൽ ''മാപ്പുപറയേണ്ടിയിരുന്നു'' എന്നാണ് കാണുക.
വിധിയല്ല, വാക്കാലുള്ള പരാമർശമാണ് എന്നതാവാം റിപ്പോർട്ടിങ്ങിലെ വ്യത്യാസത്തിന് കാരണം. അതെന്തായാലും ഒരു വിധിയും ഒരു പരാമർശവും ഫലത്തിൽ മാധ്യമങ്ങളെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഗൗരവത്തിൽ ബാധിക്കുന്നു എന്നതും കാണാതിരുന്നുകൂടാ. വസ്തുതകൾ വളച്ചൊടിക്കുന്നവർ രക്ഷപ്പെടുകയും അവ അന്വേഷിക്കാൻ ധാരാളം അധ്വാനവും സമയവും ചെലവഴിച്ചവർ തടങ്കലിലാക്കപ്പെടുകയും ചെയ്യുന്ന ദുര്യോഗം കൂടി, രണ്ടു കോടതി തീർപ്പുകളെപ്പറ്റിയുള്ള വിശകലനങ്ങളിൽ നിയമകാര്യ നിരീക്ഷകർ കാണുന്നുണ്ട്.
ഗുജറാത്ത് വംശഹത്യയെപ്പറ്റി അന്വേഷിക്കാൻ കോടതി ഏൽപിച്ച പ്രത്യേകാന്വേഷണ സംഘത്തെ (എസ്.ഐ.ടി) പൂർണമായി വിശ്വസിച്ചുകൊണ്ടാണ് സുപ്രീംകോടതി ഈയിടെ തീർപ്പ് നൽകിയത്. എന്നാൽ, വസ്തുതകളുടെ അടിസ്ഥാനത്തിൽ ആ
എസ്.ഐ.ടി റിപ്പോർട്ടിനെ വിലയിരുത്തുന്ന ഒരു പുസ്തകംതന്നെ 2014ൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു: 'വസ്തുതാന്വേഷണമെന്ന കെട്ടുകഥ' (The Fiction Of Fact Finding). മനോജ് മിത്ത അത് എഴുതിയത് ഔദ്യോഗിക രേഖകളടക്കം സൂക്ഷ്മമായി പഠിച്ചശേഷമാണ്. എസ്.ഐ.ടിയുടെ വസ്തുതാന്വേഷണത്തിലെ പിഴവുകളും വീഴ്ചകളും വിടവുകളും അദ്ദേഹം പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. അദ്ദേഹം അതിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇതുവരെ ഉത്തരമുണ്ടായിട്ടില്ല എന്നത് മറ്റൊരു വസ്തുത.
സത്യാനന്തര കാലത്ത് അധികാരകേന്ദ്രങ്ങൾ മാത്രമാണ് ശരി, വസ്തുതകൾ പോലും സത്യമല്ല എന്നാണോ രാജ്യം മനസ്സിലാക്കേണ്ടത്?
വസ്തുതാന്വേഷകനായ മുഹമ്മദ് സുബൈറിനെ തടങ്കലിലാക്കുകവഴി ഭരണകൂടം നൽകുന്ന സന്ദേശം അതുതന്നെയാകണം. വസ്തുതകളല്ല, കെട്ടുകഥകളാണ് വാഴേണ്ടത് എന്ന സന്ദേശം.
സുബൈർ വസ്തുതാന്വേഷക പോർട്ടലായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനാണ്. അദ്ദേഹത്തെ കുടുക്കാൻ ഡൽഹി പൊലീസ് ഉപയോഗിച്ചത്, അദ്ദേഹത്തിന്റെ പഴയൊരു ട്വിറ്റർ പോസ്റ്റാണ്. 1983ൽ പുറത്തിറങ്ങിയ ഒരു സിനിമയിൽനിന്നുള്ള രംഗം അദ്ദേഹം 2018ൽ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ ഇപ്പോൾ പരാതി ഉന്നയിച്ചതോ, ഒരു വ്യാജ ട്വിറ്റർ അക്കൗണ്ടിൽനിന്ന്. അക്കാര്യം പരസ്യമായതോടെ ആ ട്വിറ്റർ അക്കൗണ്ട് കാണാതാവുകയും ചെയ്തു.
വ്യാജ ട്വിറ്റർ അക്കൗണ്ട് വഴി വ്യാജൻ നൽകിയ പരാതി മതി, സമൂഹത്തിൽ വിദ്വേഷപ്രചാരണം തടയാൻ വേണ്ടി വസ്തുതകൾ ചികഞ്ഞുനോക്കുന്ന ഫാക്ട് ചെക്കറെ പിടിച്ചു അകത്തിടാൻ.
നൊബേൽ സമ്മാനം നേടിയ ജേണലിസ്റ്റ് മരിയ റെസ ചൂണ്ടിക്കാണിച്ചപോലെ, സുബൈറിന്റെ അറസ്റ്റ് കാണിക്കുന്നത് ഇന്ത്യാ സർക്കാർ നിയമത്തെപ്പോലും മാധ്യമവേട്ടക്കുള്ള ആയുധമാക്കുന്നു എന്നാണ്. സുബൈറിനെതിരെ പരാതി നൽകിയ 'വ്യാജൻ' ഗുജറാത്തിലെ യുവമോർച്ചയുമായി ബന്ധമുള്ളയാളാണെന്ന് ദ വയർ കണ്ടെത്തിയിട്ടുണ്ട്.
പഴയ സിനിമാരംഗം ട്വീറ്റ് ചെയ്തത് ചൂണ്ടിക്കാട്ടി കെട്ടിച്ചമച്ച കേസ് നിലനിൽക്കില്ലെന്നു കണ്ടതിനാലാവാം, അധികാരികൾ പിന്നീട് വിദേശസംഭാവന ചട്ടം ലംഘിച്ചെന്ന് വേറൊരു കേസ് കൂടി ചാർജ് ചെയ്തിരിക്കുന്നു.
സമൂഹത്തിൽ വെറുപ്പ് പരത്താനും വർഗീയവിദ്വേഷം പ്രചരിപ്പിക്കാനും കെൽപുള്ള വ്യാജങ്ങൾ മാധ്യമങ്ങളിലൂടെ (പ്രത്യേകിച്ച് ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും) കരുതിക്കൂട്ടി നിരന്തരം ഇറക്കപ്പെടുന്നുണ്ട്. അവ വ്യാജമാണെന്ന അറിവുതന്നെ വർഗീയവിദ്വേഷത്തിനെതിരായ പരിചയാണ്. രാജ്യസ്നേഹികൾ ഏറ്റെടുക്കേണ്ട ഈ ജോലിയാണ് സുബൈറും പ്രതീക് സിൻഹയും ആൾട്ട് ന്യൂസിലൂടെ ചെയ്തുവന്നത്.
നൂപുർ ശർമ ഒറ്റക്ക് രാജ്യമാകെ തീപ്പിടിപ്പിച്ചു എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അത്തരക്കാരെ കണ്ടെത്തുകയും അവരുടെ വ്യാജങ്ങൾ ശാസ്ത്രീയമായി പൊളിച്ചുകാട്ടുകയും ചെയ്തയാളാണ് സുബൈർ. ഒറ്റക്ക് രാജ്യമാകെ വസ്തുതകളുടെ പരിച തീർക്കാൻ ശ്രമിച്ചയാൾ.
മരിയ റെസ മാത്രമല്ല യു.എൻ സെക്രട്ടറി ജനറൽ, ആംനസ്റ്റി, യൂറോപ്യൻ യൂനിയൻ പാർലമെന്റംഗം, ന്യൂയോർക് ടൈംസ്, കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ്, ഇൻഡിപെൻഡന്റ് മീഡിയ നെറ്റ്വർക്ക്, ലണ്ടൻ ടെലിഗ്രാഫ് തുടങ്ങി അനേകം സംഘടനകളും വ്യക്തികളും സുബൈറിനെതിരായ നീക്കത്തെ തുറന്നപലപിച്ചിട്ടുണ്ട്. അതോടൊപ്പം ഓർക്കേണ്ടതാണ്, ഇന്ത്യ ടുഡേയും റിപ്പബ്ലിക് ടി.വിയും പോലുള്ള കുറെ ഇന്ത്യൻ മാധ്യമങ്ങൾ അധികാരികളോട് ചേർന്ന് വസ്തുതാ പരിശോധകനെ കുറ്റപ്പെടുത്താൻ ശ്രമിച്ചു എന്നത്.
മാധ്യമങ്ങളും ഭരണകൂടവും തമ്മിലല്ല ഈ പോര് എന്നർഥം- വസ്തുതകളും വ്യാജവും തമ്മിലാണ്. വസ്തുതാ പരിശോധകരും വിദ്വേഷപ്രചാരകരും തമ്മിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.