ഇസ്രായേൽ അൽജസീറക്ക് വിലക്കേർപ്പെടുത്തി. നിരോധനം വരുന്നതിന്റെ സൂചനകൾ നേരത്തേ ഉണ്ട്. അതുകൊണ്ട് അൽജസീറ ഒരുങ്ങിയിരുന്നു. കിഴക്കൻ ജറൂസലമിലെ പ്രതിനിധി ഇംറാൻ ഖാൻ മുൻകൂട്ടിത്തന്നെ ഒരു വിടവാങ്ങൽ റിപ്പോർട്ട് റെക്കോഡ് ചെയ്തുവെച്ചു. വിലക്ക് വന്നുകഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാനാകില്ലല്ലോ. ആ റിപ്പോർട്ട് ചാനലിന്റെ ആസ്ഥാനത്തേക്ക് അയച്ചു. മേയ് 5ന് നിരോധന ഉത്തരവിറങ്ങിയ ഉടനെ ചാനൽ സ്ക്രീനിൽ ഇംറാൻ പ്രത്യക്ഷപ്പെട്ടു, മുൻകൂട്ടി തയാറാക്കിയ...
ഇസ്രായേൽ അൽജസീറക്ക് വിലക്കേർപ്പെടുത്തി.
നിരോധനം വരുന്നതിന്റെ സൂചനകൾ നേരത്തേ ഉണ്ട്. അതുകൊണ്ട് അൽജസീറ ഒരുങ്ങിയിരുന്നു.
കിഴക്കൻ ജറൂസലമിലെ പ്രതിനിധി ഇംറാൻ ഖാൻ മുൻകൂട്ടിത്തന്നെ ഒരു വിടവാങ്ങൽ റിപ്പോർട്ട് റെക്കോഡ് ചെയ്തുവെച്ചു. വിലക്ക് വന്നുകഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാനാകില്ലല്ലോ.
ആ റിപ്പോർട്ട് ചാനലിന്റെ ആസ്ഥാനത്തേക്ക് അയച്ചു. മേയ് 5ന് നിരോധന ഉത്തരവിറങ്ങിയ ഉടനെ ചാനൽ സ്ക്രീനിൽ ഇംറാൻ പ്രത്യക്ഷപ്പെട്ടു, മുൻകൂട്ടി തയാറാക്കിയ റിപ്പോർട്ടുമായി.
‘‘ഈ റിപ്പോർട്ട് നിങ്ങൾ കാണുന്നുണ്ടെങ്കിൽ അതിനർഥം ഇസ്രായേലിൽ അൽജസീറ നിരോധിക്കപ്പെട്ടു എന്നാണ്’’ –ഇംറാന്റെ റിപ്പോർട്ട് തുടങ്ങിയത് അങ്ങനെയാണ്.
മാധ്യമങ്ങളെ –പ്രത്യേകിച്ച് അൽജസീറയെ– നിരോധിക്കാൻവേണ്ടി ഇസ്രായേലി പാർലമെന്റായ ക്നസറ്റ് ഏപ്രിലിൽ പാസാക്കിയ നിയമത്തിലെ വകുപ്പുകളും മേയിൽ മന്ത്രിസഭ അൽജസീറക്കെതിരെ എടുത്ത തീരുമാനവും പ്രത്യാഘാതങ്ങളും ഇംറാൻ തുടർന്ന് വിവരിക്കുന്നു. അതായിരുന്നു ഇസ്രായേലിൽനിന്നുള്ള അൽജസീറയുടെ അവസാന വാർത്ത. 45 ദിവസത്തേക്കാണ് വിലക്കെങ്കിലും അതിനുശേഷവും 45 ദിവസം വീതം വിലക്ക് നീട്ടിക്കൊണ്ടിരിക്കാൻ നിയമം അനുവദിക്കുന്നുണ്ട്.
ലോക മാധ്യമ സ്വാതന്ത്ര്യസൂചിക പുറത്തുവന്നതിന്റെ രണ്ടാം ദിവസമാണ് ‘മിഡിലീസ്റ്റിലെ ഏക ജനാധിപത്യ രാജ്യ’മെന്ന് സ്വയം അവകാശപ്പെടുന്ന സയണിസ്റ്റ് രാജ്യം ഒരു അന്താരാഷ്ട്ര ചാനലിനു മേൽ –അതിന്റെ ഓഫിസും വെബ്സൈറ്റും ജീവനക്കാരുമടക്കം– വിലക്കേർപ്പെടുത്തുന്നത്. മാധ്യമങ്ങളെ നിയന്ത്രിക്കാൻ മിക്ക ഭരണകൂടങ്ങളും പറയുന്ന ന്യായംതന്നെയാണ് ഇസ്രായേലും പറയുന്നത് –രാജ്യസുരക്ഷ. ഹമാസിന്റെ ശബ്ദമാണത്രെ അൽജസീറ കേൾപ്പിക്കുന്നത്.
വാസ്തവം നേരെ മറിച്ചാണ്. മറ്റനേകം മുഖ്യധാരാ മാധ്യമങ്ങൾ ഫലസ്തീനികളുടെ ശബ്ദം കേൾപ്പിക്കാതെ, ഇസ്രായേലി ഭാഗം മാത്രം കേൾപ്പിക്കുമ്പോൾ രണ്ടുപക്ഷവും വസ്തുനിഷ്ഠമായി കാണിക്കുന്നത് അൽജസീറയാണ്. മറ്റു മാധ്യമങ്ങൾ പലതിനും ഫലസ്തീനിൽ ബ്യൂറോകളോ ലേഖകരോ ഇല്ല. ഉള്ളത് ഇസ്രായേലി സൈന്യത്തോട് എംബെഡ് ചെയ്തവരോ ഇസ്രായേലി ഭാഷ്യം പകർത്തുന്നവരോ ആണ്. അമേരിക്കയിലെയും യൂറോപ്പിലെയും പത്രങ്ങളുടെയും ചാനലുകളുടെയും വാർത്താ കവറേജിനെപ്പറ്റി നടന്ന ചില പഠനങ്ങൾ അത് വ്യക്തമാക്കിയിട്ടുണ്ട്. വാർത്തകളുടെ ഉറവിടങ്ങളായാലും വാർത്താ വിഷയങ്ങളായാലും ചാനലുകളിൽ ചർച്ചക്കെത്തുന്ന സംവാദകരായാലും ഇസ്രായേലിന് ഫലസ്തീന്റെ അനേകമിരട്ടി സാന്നിധ്യമുണ്ട് മാധ്യമങ്ങളിൽ.
ഗസ്സയിലടക്കം സ്വന്തം പ്രതിനിധികളുള്ള അൽജസീറയാണ് ഒരു പ്രധാന അപവാദം. അവരുടെ അറബി, ഇംഗ്ലീഷ് ചാനലുകളിലൂടെയും വെബ്സൈറ്റുകളിലൂടെയും ഫലസ്തീൻ ഭാഷ്യവും ദൃശ്യങ്ങളും ലോകം അറിയുന്നു. ഫലസ്തീൻ മാത്രമല്ല ഇസ്രായേലും ഇസ്രായേലി നിലപാടുകളും അൽജസീറയുടെ ഉള്ളടക്കത്തിൽപെടും. അതുകൊണ്ടുതന്നെ ഇസ്രായേലിലേതടക്കമുള്ള അനേകം പേർ സമഗ്രമായ വാർത്തകൾക്ക് അൽജസീറയെ ആശ്രയിക്കുന്നു.
ഇസ്രായേലിൽ വിലക്കപ്പെട്ടപ്പോൾ അൽജസീറ മാനേജിങ് എഡിറ്റർ മുഹമ്മദ് മുഅവദ് എടുത്തുപറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാണ്. ഇസ്രായേലിൽ ഓഫിസടക്കം വിലക്കപ്പെട്ടതോടെ, ഇസ്രായേലി ഭാഗം റിപ്പോർട്ട് ചെയ്യാനുള്ള മാർഗം അടയുന്നു എന്നത് പ്രശ്നമാണെന്നും എങ്കിൽപോലും പരമാവധി വസ്തുനിഷ്ഠതയോടെ ഇസ്രായേലി ഭാഗമടക്കം റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുമെന്നുമാണ് അദ്ദേഹം ഡെമോക്രസി നൗവിനോട് പറഞ്ഞത്. അതിനുവേണ്ടി അമ്മാനിലെ ബ്യൂറോ ശക്തിപ്പെടുത്തിയിട്ടുണ്ടത്രെ.
സത്യമാണ് ശത്രു
ഇസ്രായേലി സർക്കാറിന്റെ യഥാർഥ പ്രശ്നം അൽജസീറയുടെ പക്ഷപാതിത്വമല്ല, മറിച്ച് അതിന്റെ പക്ഷപാതിത്വമില്ലായ്മയാണ്. ഫലസ്തീന്റെ പ്രശ്നങ്ങളും അവസ്ഥകളും ലോകശ്രദ്ധയിൽനിന്ന് മറച്ചുപിടിക്കാൻ അൽജസീറ കാരണം കഴിയുന്നില്ല എന്നതാണ്.
ഒക്ടോബർ 7ന് മുമ്പും ഇസ്രായേലിന്റെ ക്രൂരതകൾ ഉണ്ടായിരുന്നു എന്ന് ലോകമറിഞ്ഞത് അൽജസീറയിലൂടെയാണ്. ഒക്ടോബർ 7ലെ സംഭവങ്ങളെപ്പറ്റി വ്യാജ പ്രചാരണങ്ങളിറക്കി ഇസ്രായേലി സൈന്യത്തിന് ദാസ്യവേല ചെയ്ത പടിഞ്ഞാറൻ മാധ്യമങ്ങളുടെ കള്ളം പൊളിച്ചുകാട്ടാൻ അൽജസീറ മുന്നിലുണ്ടായിരുന്നു. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും വംശഹത്യയുടെ നേർച്ചിത്രങ്ങൾ ലോകം കണ്ടത് അൽജസീറയിലൂടെയാണ്.
ഇസ്രായേലി ആഖ്യാനങ്ങൾക്കപ്പുറത്ത് സത്യമെന്തെന്ന് ലോകത്തെ ബോധ്യപ്പെടുത്തി എന്ന തെറ്റാണ് അൽജസീറ ചെയ്തത്. അതുകൊണ്ട്, റഫയിലെ കൂട്ടക്കുരുതിക്ക് മുമ്പ് അൽ ജസീറയെ നിരോധിക്കാൻ ഇസ്രായേൽ തീരുമാനിച്ചു. വ്യാജങ്ങൾക്കുമേൽ നിർമിക്കപ്പെട്ട രാജ്യമാണ് ഇസ്രായേൽ. നേരിനോടുള്ള യുദ്ധമാണ് അതിന്റെ പ്രാണവായു. അൽജസീറയോടുള്ള ഇസ്രായേലി പക, നേരിനോടുള്ള പകയാണ്. 2017ൽതന്നെ പ്രധാനമന്ത്രി നെതന്യാഹു അൽജസീറക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ജറൂസലമിലെ ഓഫിസ് അടച്ചുപൂട്ടുമെന്നായിരുന്നു ഭീഷണി.
2021ൽ അൽജസീറയുടെ ഗസ്സ ഓഫിസ് ഇസ്രായേൽ മിസൈലിട്ട് തകർത്തു. 2022 മേയ് 11ന് അൽജസീറ അറബിക് റിപ്പോർട്ടർ ശിറീൻ അബൂ അഖ്ലയെ ഇസ്രായേൽ സേന കൊന്നു. വെസ്റ്റ് ബാങ്കിൽ ജനീൻ അഭയാർഥി ക്യാമ്പിൽനിന്ന് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകുന്നവഴി, ജേണലിസ്റ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ വെടിവെക്കുകയായിരുന്നു. കൊന്നത് ഫലസ്തീൻകാരാണെന്ന് ആദ്യം കള്ളമിറക്കിയെങ്കിലും ന്യൂയോർക് ടൈംസ് അടക്കമുള്ള അരഡസനോളം മാധ്യമങ്ങൾ നടത്തിയ അന്വേഷണം സത്യമെന്തെന്ന് വെളിപ്പെടുത്തി: അൽജസീറ റിപ്പോർട്ടറെ കരുതിക്കൂട്ടി കൊന്നതായിരുന്നു. ഇസ്രായേലി സൈനികന്റെ വെടിയാണ് ലേഖികക്ക് കൊണ്ടതെന്ന് ഒടുവിൽ ഇസ്രായേലും ഏറ്റുപറഞ്ഞു. അൽജസീറയുടെ ലേഖകരെ മാത്രമല്ല, അവരുടെ കുടുംബങ്ങളെയും വെടിവെച്ചും ബോംബിട്ടും കൊന്നുകളയുന്ന ചരിത്രമുണ്ട് ഇസ്രായേലിന്. കഴിഞ്ഞ ഒക്ടോബർ മുതൽ മാത്രം അൽജസീറയുടെ 50ൽപരം ജേണലിസ്റ്റുകൾ ഇസ്രായേലി ആക്രമണങ്ങൾക്കിരയായിട്ടുണ്ട്.
2024ലെ ലോകോത്തര വാർത്താചിത്രമായി (വേൾഡ് പ്രസ് ഫോട്ടോ) തിരഞ്ഞെടുക്കപ്പെട്ടത്, ഇസ്രായേലി ബോംബിങ്ങിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരി സഹോദരി പുത്രിയെ കെട്ടിപ്പിടിച്ച് കരയുന്ന ഫലസ്തീൻകാരിയുടെ ചിത്രമാണ് (കുഞ്ഞിന്റെ ഉമ്മയും കൊല്ലപ്പെട്ടു). ഫോട്ടോ എടുത്ത മുഹമ്മദ് സാലിം ഗസ്സക്കാരനാണ്; റോയിട്ടേഴ്സിന്റെ ഫോട്ടോഗ്രാഫർ
2023 ഒക്ടോബർ 25ന് അൽജസീറയുടെ ഗസ്സ ബ്യൂറോ മേധാവി വാഅൽ അൽ ദഹ്ദൂഹിന്റെ ഭാര്യയെയും 15 വയസ്സുള്ള മകനെയും ഏഴു വയസ്സുള്ള മകളെയും ഒരുവയസ്സ് തികയാത്ത പൗത്രനെയും ഇസ്രായേൽ ബോംബിട്ട് കൊന്നു. ഒക്ടോബർ 31ന് അൽജസീറ ബ്രോഡ്കാസ്റ്റ് എൻജിനീയറുടെ വീടിന് ബോംബിട്ട് 19 കുടുംബാംഗങ്ങളെ കൊന്നു. ഗസ്സ ബ്യൂറോയിലെ മുഹമ്മദ് അബുൽ ഖുംസാന്റെ കുടുംബത്തിനു നേരെയായിരുന്നു ആക്രമണം.
2023 ഡിസംബർ 11ന്, അൽജസീറ ലേഖകൻ അനസ് അൽ ശരീഫിന്റെ വീടിന് ബോംബിട്ടു; അദ്ദേഹത്തിന്റെ പിതാവ് കൊല്ലപ്പെട്ടു. ഡിസംബർ 15ന് ഇസ്രായേലി ഡ്രോൺ ആക്രമണത്തിൽ അൽജസീറ കാമറാമാൻ സാമിർ അബൂ ദഖ്ഖ മരിച്ചു. ബ്യൂറോ മേധാവി വാഅലിന് മുറിവേറ്റു. വാഅൽ അൽ ദഹ്ദൂഹിന്റെ തന്നെ മൂത്തമകൻ ഹംസയെ 2024 ജനുവരി 7ന് ഇസ്രായേലി ഡ്രോൺ ഉന്നമിട്ട് കൊന്നു. ഇസ്രായേലി ആക്രമണം മൂലം കുടിയിറക്കപ്പെട്ട അഭയാർഥികളെ കണ്ട് അവരെപ്പറ്റി വാർത്ത ചെയ്യാൻ പോവുകയായിരുന്നു അൽജസീറ റിപ്പോർട്ടർകൂടിയായ ഹംസ അൽ ദഹ്ദൂഹ്.
ഗസ്സയിൽ 108 മാധ്യമപ്രവർത്തകർ കഴിഞ്ഞ വർഷം കൊല്ലപ്പെട്ടതായി റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സിന്റെ (ആർ.എസ്.എഫ്) മേയ് 3ന് ഇറങ്ങിയ മാധ്യമസ്വാതന്ത്ര്യ സൂചികയിൽ പറയുന്നു. ലോകത്ത് മറ്റിടങ്ങളിൽ കൊല്ലപ്പെട്ടത് 45 മാധ്യമപ്രവർത്തകർ. ഇസ്രായേലിന്റെ ‘സേവനം’ എത്ര കാര്യക്ഷമമെന്ന് കാണാൻ ഈ കണക്ക് മതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.