മോദി ഓസ്ട്രിയയിൽ പറയാതിരുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദർശനം വാർത്തയും വിവാദവും സൃഷ്ടിച്ചു. റഷ്യൻ പ്രസിഡന്റ് പുടിനോടുള്ള സൗഹൃദത്തെ യുക്രെയ്നോടും അതിന്റെ പക്ഷത്തുള്ള നാറ്റോ രാജ്യങ്ങളോടുമുള്ള വെല്ലുവിളിയായിട്ടുകൂടിയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ചിത്രീകരിച്ചത്. അമേരിക്കയും യുക്രെയ്നും ഇന്ത്യയോടുള്ള നീരസം മറച്ചു​െവച്ചില്ല. യുക്രെയ്ൻ പ്രസിഡന്റ് ​വൊളോദിമിർ സെലൻസ്കി രൂക്ഷമായിത്തന്നെ ട്വീറ്റ് ചെയ്തു; യുക്രെയ്നിലെ ഏറ്റവും വലിയ ആശുപത്രിയിൽ റഷ്യൻ മിസൈൽ പതിച്ച അതേദിവസം ‘‘ലോകത്തിലേറ്റവും വലിയ ജനാധിപത്യ രാജ്യത്തെ നേതാവ് ലോകത്തിലേറ്റവും ക്രൂരനായ ക്രിമിനലിനെ ആലിംഗനംചെയ്തത്’’ മോശമായെന്നാണ് അദ്ദേഹം...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദർശനം വാർത്തയും വിവാദവും സൃഷ്ടിച്ചു. റഷ്യൻ പ്രസിഡന്റ് പുടിനോടുള്ള സൗഹൃദത്തെ യുക്രെയ്നോടും അതിന്റെ പക്ഷത്തുള്ള നാറ്റോ രാജ്യങ്ങളോടുമുള്ള വെല്ലുവിളിയായിട്ടുകൂടിയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ചിത്രീകരിച്ചത്. അമേരിക്കയും യുക്രെയ്നും ഇന്ത്യയോടുള്ള നീരസം മറച്ചു​െവച്ചില്ല. യുക്രെയ്ൻ പ്രസിഡന്റ് ​വൊളോദിമിർ സെലൻസ്കി രൂക്ഷമായിത്തന്നെ ട്വീറ്റ് ചെയ്തു; യുക്രെയ്നിലെ ഏറ്റവും വലിയ ആശുപത്രിയിൽ റഷ്യൻ മിസൈൽ പതിച്ച അതേദിവസം ‘‘ലോകത്തിലേറ്റവും വലിയ ജനാധിപത്യ രാജ്യത്തെ നേതാവ് ലോകത്തിലേറ്റവും ക്രൂരനായ ക്രിമിനലിനെ ആലിംഗനംചെയ്തത്’’ മോശമായെന്നാണ് അദ്ദേഹം കുറിച്ചത്.

റഷ്യയിലെ പര്യടനം വഴി മോദി നേടിയതും നേടാതിരുന്നതും എന്തെല്ലാമെന്ന അന്വേഷണം വിവിധ മാധ്യമങ്ങളിൽ വിദഗ്ധർ നടത്തിയിട്ടുണ്ട്. അതേസമയം, റഷ്യക്കുശേഷം ഓസ്ട്രിയയിൽ അദ്ദേഹത്തിന്റെ സന്ദർശനം ഇന്ത്യയുടെ പ്രതിച്ഛായക്ക് എന്ത് സമ്മാനിച്ചു എന്നത് വിഷയമായിക്കണ്ടില്ല.ഭരണാധികാരികളുടെ ആഭ്യന്തര രാഷ്ട്രീയ താൽപര്യങ്ങൾ എങ്ങനെ രാജ്യത്തിന്റെ വിശാലതാൽപര്യത്തെ ബാധിക്കാം എന്നതിന്റെ ഉദാഹരണമെന്നനിലക്ക് പ്രസക്തമാണത്.

ഓസ്ട്രിയയിലെ ഇന്ത്യൻ സമൂഹത്തെ അഭിമുഖീകരിച്ച് മോദി ചെയ്ത പ്രസംഗം ഒരു കൗതുകവാർത്തയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓസ്ട്രിയ എന്ന് പറയേണ്ടിടത്ത് ആസ്​ട്രേലിയ എന്ന് പറഞ്ഞു തുടങ്ങുമ്പോൾ സദസ്സ് ഉറക്കെ വിളിച്ച് തിരുത്തിയതാണത്.

അബദ്ധം വെറും കൗതുകം മാത്രമാണ്. എന്നാൽ രാഷ്ട്രീയ സങ്കുചിതത്വം വഴി ഉണ്ടാകുന്ന പ്രതിച്ഛായ നഷ്ടം അങ്ങനെയല്ല. ആദ്യത്തേത് വാർത്തയാവുകയും രണ്ടാമത്തേത് വാർത്തയാവാതെ പോവുകയും ചെയ്യുന്നതാണ് മാധ്യമപ്രവർത്തനത്തിലെ താളപ്പിഴ. മോദിയു​െട ഓസ്ട്രിയ സന്ദർശനം എങ്ങനെ പ്രതിച്ഛായ നഷ്ടമുണ്ടാക്കി എന്ന് ദ വയർ വാർത്ത പോർട്ടലിന്റെ ‘ഇന്ത്യ കേബ്ൾ’ എന്ന വിശകലന പംക്തിയിലുണ്ട് (ജൂ​ലൈ 15). രാഷ്ട്രപതി ഡോ. കെ.ആർ. നാരായണന്റെ ‘ഓഫിസർ ഓൺ സ്​പെഷൽ ഡ്യൂട്ടി’ ആയിരുന്ന എസ്.എൻ. സാഹുവാണ് അതിനെപ്പറ്റി എഴുതിയിരിക്കുന്നത്.

ഇന്ത്യയും ഓസ്ട്രിയയും തമ്മിൽ ഒൗപചാരിക നയതന്ത്രബന്ധം ആരംഭിച്ചതിന്റെ 75ാം വാർഷികം പ്രമാണിച്ചായിരുന്നു മോദിയുടെ സന്ദർശനം. എന്നാൽ, ഉടനീളം ആ നയതന്ത്രബന്ധത്തിന്റെ മർമമായിരുന്ന ചരിത്രസംഭവങ്ങൾ ഒളിച്ചുവെക്കാൻ മോദി ശ്രമിച്ചു എന്നാണ് മനസ്സിലാവുന്നത്.

കാരണം, ആ ഉറ്റബന്ധത്തിന് അടിത്തറയിട്ടത് പ്രധാനമന്ത്രി നെഹ്റു ആയിരുന്നു. മോദി ഓസ്ട്രിയയിൽ ചെയ്ത പ്രസംഗത്തിൽ എടുത്തുപറഞ്ഞത് 2014 വരെ ഇന്ത്യയുടെ അവസ്ഥ ദയനീയമായിരുന്നു എന്നാണ് (മോദി സർക്കാറിന്റെ നയങ്ങളെ വിദേശ കോൺഫറൻസിൽ വിമർശിച്ച രാഹുൽ ഗാന്ധിയെ, ഇന്ത്യയെപ്പറ്റി പുറത്തുചെന്ന് ചീത്തപറയുന്നു എന്ന് ആക്ഷേപിച്ചിട്ടുണ്ട് മോദി).

സാഹു എഴുതുന്നു: നെഹ്റുവിന്റെ കാലത്ത് ഓസ്ട്രിയയുടെ സമുന്നത നേതാക്കളെല്ലാം ഏറെ മതിപ്പോടെ കണ്ടിരുന്ന രാജ്യമാണ് ഇന്ത്യയെന്ന് മോദി അറിയേണ്ടതായിരുന്നു. കാരണം ഓസ്ട്രിയക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത് ഇന്ത്യയും നെഹ്റുവുമാണ്.

ചേരിചേരാ നയമാണ് ഇന്ത്യക്ക് ലോകത്തിന്റെ ആദരം സമ്പാദിച്ചുകൊടുത്തത്. രണ്ടാം ലോകയുദ്ധത്തിൽ ജർമനി തോറ്റതോടെ, സോവിയറ്റ് യൂനിയൻ, ബ്രിട്ടൻ, ഫ്രാൻസ്, യു.എസ് എന്നിവയുടെ അധിനിവേശ സേനകൾ ഓസ്ട്രിയയിൽ അവശേഷിച്ചു. (1938ൽ ജർമനി പിടിച്ചെടുത്തതായിരുന്നു ഓസ്ട്രിയയെ) ഇന്ത്യയു​െട ചേരിചേരായ്മയുടെ വിശ്വാസ്യത ഉപയോഗപ്പെടുത്തി, അധിനിവേശ സേനകളെ പിൻവലിപ്പിക്കാനും ഓസ്ട്രിയയുടെ പരമാധികാരം വീണ്ടെടുക്കാനും നെഹ്റുവിന് കഴിയുമെന്ന് മനസ്സിലാക്കിയ ഓസ്ട്രിയൻ നേതാക്കൾ അദ്ദേഹത്തെ സമീപിച്ച് അഭ്യർഥന നടത്തി. നെഹ്റു ശ്രമിച്ചു, വിജയിച്ചു; ഓസ്ട്രിയ സ്വതന്ത്രമായി.

ഇന്നത്തെ പ്രധാനമന്ത്രി അവിടം സന്ദർശിക്കുമ്പോൾ ആദ്യ പ്രധാനമന്ത്രി തുടങ്ങിവെച്ച നല്ല ബന്ധത്തെ അനുസ്മരിക്കുമെന്നാണല്ലോ എല്ലാവരും കരുതുക. പക്ഷേ, മോദി നെഹ്റു എന്ന പേര് ഉച്ചരിച്ചില്ല; 2014നു മുമ്പ് ഇന്ത്യ ദയനീയാവസ്ഥയിലായിരുന്നു എന്ന പരാമർശത്തിൽ നെഹ്റുവിന്റെ ഭരണത്തെക്കൂടി കുറ്റപ്പെടുത്തുകയും ചെയ്തു. പക്ഷേ, നെഹ്‍റുവിനെ മറക്കാൻ ഓസ്ട്രിയ തയാറായിരുന്നില്ല. ചാൻസലർ കാൾ നെഹമർ മോദിയെ ഇരുത്തിക്കൊണ്ടുതന്നെ നെഹ്റുവിന്റെ നിർണായക സഹായം വിസ്തരിച്ച് വിവരിച്ചു.

ഓസ്ട്രിയ അടക്കമുള്ള രാഷ്ട്രങ്ങൾ നെഹ്റുവിനെയും ഇന്ത്യയെയും എത്ര മതിപ്പോടെയാണ് കണ്ടിരുന്നതെന്ന് ഉദാഹരണങ്ങളിലൂടെ സാഹു വിശദീകരിക്കുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ ഓസ്ട്രിയൻ പ്രകടനം മാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെട്ടു കണ്ടില്ല. അദ്ദേഹം പറയാതിരുന്നതാണല്ലോ വൻ വാർത്ത.

ട്രംപിന്റെ ചെവിയും വംശഹത്യയും

സംസ്ഥാന തലസ്ഥാനത്ത് മാലിന്യത്തോട് വൃത്തിയാക്കാനിറങ്ങി കാണാതായ ജോയി എന്ന ശുചീകരണത്തൊഴിലാളിക്കുവേണ്ടിയുള്ള തിരച്ചിൽ മൂന്നാം ദിവസത്തേക്ക് കടന്നു; യൂറോപ്യൻ കപ്പ് ഫുട്ബാളിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് സ്​പെയിൻ ജേതാക്കളായി; അമേരിക്കയിൽ ഡോണൾഡ് ട്രംപിന് വെടിയേറ്റു. ജൂലൈ 15ന് മലയാള പത്രങ്ങളിൽ ഇത്തരം വൻ വാർത്തകളുടെ മത്സരമായിരുന്നു. എം.ടി. വാസുദേവൻ നായരുടെ 91ാം പിറന്നാൾ, 1924 ജൂലൈ 15ലെ മഹാപ്രളയത്തിന്റെ ശതകം എന്നീ വിശേഷങ്ങൾ പുറമെ.

ബർലിനിൽ യൂറോകപ്പ് ഫൈനൽ മത്സരം അവസാനിച്ചപ്പോൾ ഇങ്ങ് ഇന്ത്യയിൽ പുലർച്ചെ രണ്ടര മണി കഴിഞ്ഞിരുന്നു. എന്നിട്ടും കുറെ പത്രങ്ങൾ അവസാന പതിപ്പുകളിലെങ്കിലും അതിന്റെ വാർത്ത ഉൾപ്പെടുത്തി. മലയാള മനോരമ പ്രത്യേക ജാക്കറ്റ് കവറും സ്​പോർട്സ് പേജിൽ നല്ല വിന്യാസവുമായി മുന്നിലെത്തി. പോസ്റ്റർ കവറില്ലെങ്കിലും മാതൃഭൂമിയും മോശമാക്കിയില്ല. യൂറോകപ്പ് വാർത്തക്കായി ഒന്നാം പേജ് മാറ്റിയവരിൽ സുപ്രഭാതവുമുണ്ട്.

കേരളത്തിന് ഏറ്റവും വലിയ വാർത്ത ശുചീകരണത്തൊഴിലാളിക്കായുള്ള തിരച്ചിൽ തന്നെയാവണം. ദേശാഭിമാനി, ചന്ദ്രിക, കേരള കൗമുദി, സുപ്രഭാതം തുടങ്ങിയ പത്രങ്ങൾക്ക് ലീഡോ സൂപ്പർലീഡോ ആണ്. ഡോണൾഡ് ട്രംപ് അമേരിക്കയുടെ മുൻ പ്രസിഡന്റാണ്. ഇക്കൊല്ലം നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാകാൻ പോകുന്നു. പ്രചാരണ റാലിക്കിടെ ഉണ്ടായ വധശ്രമത്തിൽ ട്രംപിന്റെ ചെവിക്ക് മുറിവുപറ്റി. അമേരിക്കൻ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സാധ്യതയുള്ള സംഭവമെന്നനിലക്ക് അന്നാട്ടുകാർക്ക് അത് വലിയ വാർത്തയാണ്. പക്ഷേ, ഇവിടെ ലീഡ് തലക്കെട്ടിന് (മാധ്യമം, മംഗളം, വീക്ഷണം, സിറാജ്, ജനയുഗം, മനോരമ, മാതൃഭൂമി, ദേശാഭിമാനി, ചന്ദ്രിക, കൗമുദി) തക്ക പ്രാധാന്യം അതിന് ലഭിക്കുന്നത് അമേരിക്കയുടെ മുൻഗണനകൾ ലോകത്തിന്റേതാക്കി തോന്നിപ്പിക്കുന്ന പടിഞ്ഞാറൻ മാധ്യമബോധം മൂലമല്ലേ?

വിദേശരാജ്യത്ത് നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ സാധ്യതയുള്ളയാൾക്കു നേരെ പ്രചാരണ റാലിയിൽ വധശ്രമം നടന്നതും, അധികൃതരുടെ അനാസ്ഥ കാരണം മാലിന്യത്തോട്ടിൽ ജീവൻ വെടിയേണ്ടി വന്ന തൊഴിലാളിക്കായി സ്വദേശത്ത് തിരച്ചിൽ നിർണായക ഘട്ടത്തിലെത്തിയതും തമ്മിൽ തലക്കെട്ട് മുഴുപ്പിലടക്കം ഇത്ര അന്തരം എങ്ങനെ ന്യായീകരിക്കും –വാർത്താപ്രാധാന്യത്തെപ്പറ്റിയുള്ള പടിഞ്ഞാറൻ ​പൊതുബോധത്തിന്റെ അടിസ്ഥാനത്തിലല്ലാതെ?

ട്രംപിന്റെ ചെവിക്ക് വെടിയേറ്റ അന്നും ഫലസ്തീനിൽ മുടക്കമില്ലാതെ കുരുതി തുടരുകയായിരുന്നു – ട്രംപ് അടക്കമുള്ളവരുടെ ഒത്താശയോടെ. ജൂലൈ 15നും ഗസ്സയിലെ അഭയാർഥി ക്യാമ്പിൽ ബോംബിട്ട് ഇസ്രായേൽ കൂട്ടക്കൊല നടത്തി. 90ലധികം പേരാണ് കൊല്ലപ്പെട്ടത്. ആരുമില്ലാത്ത കുട്ടികൾ, ചിന്നിച്ചിതറിയ ജഡങ്ങൾ, അങ്ങോട്ടുമിങ്ങോട്ടും ആട്ടിയോടിക്കപ്പെടുമ്പോൾ മുതിർന്നവരില്ലാതെ കുഞ്ഞനുജനെ ഒക്കത്തേറ്റി കരഞ്ഞ്, തളർന്ന്, ഓടുന്ന ബാലിക– ഇതൊന്നും വാർത്തപോലുമല്ലാത്ത വിധം സാധാരണമായി എന്ന് മാധ്യമങ്ങളും തീരുമാനിച്ചിരിക്കുന്നു.

ട്രംപിന്റെ ചെവിക്കേറ്റ മുറിവിനെച്ചൊല്ലി ദുഃഖവും നടുക്കവുമറിയിക്കുന്ന നെതന്യാഹുവിന്റെ സന്ദേശം വാർത്തയാണ്. വംശഹത്യക്ക് പിന്തുണ നൽകുന്ന അനേകം ഭരണാധികാരികളുടെ അനുതാപ വാക്കുകൾ വാർത്തയാണ്. ഗസ്സയുടെ കരച്ചിൽ വാർത്തപോലുമല്ലാതായിരിക്കുന്നു. ഇനി ട്രംപിന്റെ വലതുചെവിയുടെ ആരോഗ്യത്തെപ്പറ്റി വേവലാതിപ്പെടാം. കാരണം അതാണ് വാർത്ത. സംശയമുണ്ടെങ്കിൽ പത്രങ്ങൾ എടുത്തുനോക്കുക.

 Tweet: ട്രംപിന്റെ ചെവിക്കു പറ്റിയ മുറിവ് അന്താരാഷ്ട്ര വാർത്തയാണ്; ഗസ്സയിൽ കുട്ടികളടക്കം കൊല്ലപ്പെടുന്നത് വാർത്തയല്ല –ഒരു സമൂഹമാധ്യമ പോസ്റ്റിൽനിന്ന്

 

ചായ്‍വ്

‘മലയാള പത്രങ്ങൾക്ക് തെക്കോട്ട് ചരിവ്?’ എന്ന കുറിപ്പിനെപ്പറ്റി ടി.ഐ. ലാലു, മുണ്ടൂർ: ആറു മലയാളിക്ക് നൂറു മലയാളം എന്നു പറയാറുണ്ട്. അത്രക്കു വൈവിധ്യം കേരളത്തിനുണ്ട്. എങ്കിലും കേരളമെന്നു കേട്ടാൽ എല്ലാ മലയാളികൾക്കും ചോര തിളക്കേണ്ടതാണ്. പക്ഷേ, കേരളത്തിലെ ദേശീയ പത്രങ്ങൾക്ക് കേരളത്തിന്റെ എല്ലാ പ്രദേശങ്ങളെയും ഒരുപോലെ കാണാൻ കഴിയുന്നില്ല. മലയാള പത്രങ്ങളുടെ ഈ സങ്കുചിത മനോഭാവം തിരുത്തുവാൻ വായനക്കാരും പൊതുസമൂഹവും ശ്രമിക്കണം.

Tags:    
News Summary - weekly column media scan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.