ഉസ്താദ് സാക്കിർ ഹുസൈൻ
ഡിസംബർ 15ന് വിടപറഞ്ഞ വിഖ്യാത തബലവാദകൻ സാക്കിർ ഹുസൈനെ അനുസ്മരിക്കുന്നു. ഇന്ത്യൻ സംഗീതലോകത്തിന് എന്തായിരുന്നു സാക്കിർ ഹുസൈന്റെ സംഭാവന? ഇന്ത്യൻ സംഗീതത്തെ കെട്ടിക്കിടക്കുന്ന ഒരു ജലാശയമാക്കാതെ ഒഴുകുന്ന നദിയാക്കി മാറ്റിയെന്നതാണോ അദ്ദേഹത്തിന്റെ മഹത്ത്വം?
ഒരു വിമാനയാത്രക്കിടയിൽ വെച്ച് ആയിടെ വിശ്വസുന്ദരിപ്പട്ടം കിട്ടിയ സ്ത്രീയുടെ ഹൃദയമിടിപ്പ് നിലച്ചുപോയിരുന്നു. അവൾ ചലനമറ്റ് മലർന്ന് കിടന്നു. മേക്കപ്പ് ആർട്ടിസ്റ്റായ സുഹൃത്ത് അരികത്ത് കണ്ണീർ വാർക്കുന്നു. ബഹളംവെക്കാൻ തുടങ്ങിയ യാത്രക്കാരോട് ശാന്തരാവാൻ ജീവനക്കാർ അഭ്യർഥിച്ചു. ഡോക്ടർമാർ ആരുംതന്നെ ആ ആകാശയാത്രയിൽ ഉണ്ടായിരുന്നില്ല. ചീഫ് സ്റ്റീവാർഡ് ലോകസുന്ദരിയുടെ ശ്വാസം വീണ്ടെടുക്കാൻ തന്നാലാകുന്ന വിധം പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. എല്ലാവരുടെയും മുഖത്ത് നിരാശ പടർന്നു. ചിലർ പ്രാർഥിക്കാൻ തുടങ്ങി. മറ്റു ചിലർ എന്താണ് ചെയ്യേണ്ടതെന്ന് ഗാഢമായി ആലോചിച്ചു.
ആ വിമാനത്തിൽ ഒരു സെലിബ്രിറ്റി ഉണ്ടായിരുന്നു. വട്ടമുഖവും നെറ്റിയിലേക്ക് അലസമായി വീണുകിടക്കുന്ന മുടിയുമുള്ള പ്രായത്തേക്കാൾ ചെറുപ്പം തോന്നിക്കുന്ന സുന്ദരമായ മുഖം. വിശ്വവിഖ്യാതനായ തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ. മുൻനിരയിലെ സീറ്റുകളിൽ ഒന്നിൽ ഇരുന്ന് അദ്ദേഹം ഉറക്കത്തിലായിരുന്നു.
ഒരു ഉൾവിളി പോലെ സാക്കിർ ഹുസൈൻ ഉറക്കത്തിൽനിന്ന് പെട്ടെന്ന് ഉണർന്നു. സ്റ്റീവാർഡിനോട് കാര്യം തിരക്കി. കാര്യത്തിന്റെ ഗൗരവം ബോധ്യമായപ്പോൾ അദ്ദേഹം ഉടൻ തന്റെ ബാഗ് തുറന്ന് ഒരു ജോടി തബല പുറത്തെടുത്ത് ചലനമറ്റ് കിടക്കുന്ന ലോകസുന്ദരിയുടെ ചെവിക്കടുത്തായി വെച്ചു. എന്നിട്ട് താഴെ ചമ്രം പടിഞ്ഞിരുന്ന് തന്റെ വിരലുകൾ തബലയിൽ ചലിപ്പിക്കാൻ ആരംഭിച്ചു. സാക്കിർ കൂടിനിന്നവരെ നോക്കി. പരിപൂർണ നിശ്ശബ്ദത. വിമാനം വായുവിനെ തുളച്ച് മുന്നോട്ടു കുതിക്കുന്ന ശബ്ദംമാത്രം കേൾക്കാം. എല്ലാവരും അവിശ്വസനീയതയോടെ ആ സംഗീത മാന്ത്രികനെ നോക്കി. തബലയിൽ ചലിച്ചു തുടങ്ങിയ വിരലുകൾക്ക് ക്രമേണ വേഗം കൈവന്നു. എല്ലാവരും ഒരേ ശ്വാസത്തിൽ അത് ശ്രവിച്ചു. എല്ലാ കണ്ണുകളും പതിഞ്ഞ ആ വിശ്വസുന്ദരിയുടെ ദേഹം ഇളകിത്തുടങ്ങി. അവൾ കണ്ണുകൾ തുറന്നു. പൂർത്തിയാകാതെ പോയ ഒരു സ്വപ്നത്തിൽനിന്ന് ഉണർന്നുപോയ ഭാവത്തോടെ എല്ലാവരെയും നോക്കി. അവിടെ കൈയടിശബ്ദം ഉയർന്നു. അത് ആ അന്തരീക്ഷത്തെ മുഖരിതമാക്കാൻ തുടങ്ങി.
ഈ സംഭവം അവിശ്വസനീയമായി തോന്നാം. പക്ഷേ ഇത് അസാധ്യമല്ല. മിയാൻ താൻസന്റെ കാലം മുതൽതന്നെ സംഗീതത്തിലെ അസാമാന്യ പ്രതിഭകൾ ഇത്തരം അത്ഭുതങ്ങൾ കാണിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അത് സംഗീതത്തിനു മാത്രം കൈവന്ന ഒരു സവിശേഷതയാണ്. അമീർ ഖുസ്രു രൂപപ്പെടുത്തിയതെന്ന് കരുതപ്പെടുന്ന ഈ വാദ്യോപകരണത്തിന്റെ പേര് തന്റെ പേരിന്റെ പര്യായമാക്കി മാറ്റിയ ഉസ്താദ് സാക്കിർ ഹുസൈൻ എന്ന അതുല്യ പ്രതിഭാശാലിയുടെ വിടവാങ്ങലോടെ തബലയുടെ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായത്തിനാണ് തിരശ്ശീല വീണത്.
ജമ്മുവിൽനിന്ന് മുംബൈയിലേക്ക് ചേക്കേറിയ വിഖ്യാത തബലവാദകൻ അല്ലാരഖയുടെ മൂത്തപുത്രനായി ജനിച്ച സാക്കിർ ഹുസൈൻ തന്റെ ജനനത്തെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തി. “എന്റെ ജനനസമയത്ത് അബ്ബ (പിതാവ്) രോഗശയ്യയിലായിരുന്നു. ഹൃദയാഘാതം വന്ന് മരണാസന്നനായി കിടക്കുന്ന അബ്ബയെ പരിചരിക്കുന്ന തിരക്കിലായിരുന്നു എന്റെ ഉമ്മ. ഉമ്മയുടെ അടുത്ത സുഹൃത്തായിരുന്നു എന്നെ പരിചരിച്ചിരുന്നത്. ഞാൻ അവരുടെ വീട്ടിലായിരുന്നു.
കുറച്ചു ആഴ്ചകൾ കഴിഞ്ഞപ്പോൾ അബ്ബയെ കാണിക്കാൻ എന്നെ വീട്ടിലേക്ക് കൊണ്ടുവന്നു. എന്നെ അബ്ബയുടെ കൈകളിൽ വെച്ചപ്പോൾ അദ്ദേഹം കണ്ണുകൾ തുറന്നു. കൈയിലുള്ളത് തന്റെ മകനാണെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം എന്റെ ചെവിയിൽ ചുണ്ടുകൾ ചേർത്തുവെച്ച് മന്ത്രിച്ചു: “തെ -രി -കി -ട, തെ -രി -കി -ട, തെ -രി -കി -ട.” എന്റെ വീടിന്റെ മുന്നിലൂടെ പോകുകയായിരുന്ന ഒരു ദിവ്യൻ ആ സമയത്ത് വീട്ടിലേക്ക് കയറി. “ഈ കുഞ്ഞിനെ നോക്കൂ”, അയാൾ ഉമ്മയോട് പറഞ്ഞു. “ഇവൻ നിങ്ങളുടെ ഭർത്താവിന്റെ രോഗം സുഖപ്പെടുത്തും. നിങ്ങളുടെ ഭർത്താവ് ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ്.”
സാക്കിർ ഹുസൈൻ തബലയിൽ ഏഴാം വയസ്സിൽതന്നെ പരിശീലനം തുടങ്ങി. പിതാവ് അല്ലാരഖ പരിപാടി കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ രാത്രി വളരെ വൈകീട്ടുണ്ടാവും. പരിശീലനം പുലർച്ചെ വരെ നീളും. 12ാം വയസ്സിലായിരുന്നു അരങ്ങേറ്റം. അകമ്പടിയായി വായിച്ചത് ഉസ്താദ് അലി അക്ബർ ഖാനും. ഇതിലെ കൗതുകകരമായ ഒരു കാര്യം 1938ൽ അലി അക്ബർ ഖാൻ സരോദിൽ അരങ്ങേറ്റം കുറിക്കുമ്പോൾ അകമ്പടി വായിച്ചിരുന്നത് ഉസ്താദ് അല്ലാരഖയായിരുന്നു. 25 വർഷങ്ങൾക്ക് ശേഷം അല്ലാരഖയുടെ മകന് അരങ്ങേറ്റം നടത്താൻ കാരണക്കാരനായി അലി അക്ബർ.
അന്നത്തെ പരിപാടിയിൽ സാക്കിർ ഹുസൈൻ സംഗീതത്തിലെ ഉദിച്ചുവരുന്ന ഒരു നക്ഷത്രമായി വിശേഷിപ്പിക്കപ്പെട്ടു. ഈ കാലത്താണ് സാക്കിർ സ്വകാര്യ മെഹ്ഫിൽ സദസ്സുകളിൽ വായിച്ചുതുടങ്ങിയത്. സമ്പന്നരായ കച്ചവടക്കാരായിരുന്നു അവിടെ കേൾവിക്കാർ. അവൻ വായിക്കുമ്പോൾ അവർ തിന്നും കുടിച്ചും ഇരിക്കും. അതുമല്ലെങ്കിൽ ഹുക്കയിൽനിന്ന് പുകവലിച്ചു വിടും. പരിപാടി കഴിഞ്ഞ് സാക്കിർ വീട്ടിൽ തിരിച്ചെത്തുമ്പോൾ രാത്രി വളരെ വൈകിയിട്ടുണ്ടാവും. നൂറുരൂപ നോട്ടും ഒരു ഭക്ഷണപ്പൊതിയും കൈയിലുണ്ടാവും, ഇങ്ങനെയുള്ള പരിപാടികൾ സാക്കിറിനു ഒരു കാര്യം നേടിക്കൊടുത്തു. സംഗീതരംഗത്ത് തുടരാനുള്ള ആത്മവിശ്വാസം.
അല്ലാരഖ ബോളിവുഡ് സിനിമകളിൽ സംഗീതം കൊടുക്കുന്ന കാലം. സാക്കിറും ഓർക്കസ്ട്രയിൽ കൂടെ വായിക്കാനുണ്ടാവും. അവിടെ പാശ്ചാത്യ സംഗീത ഉപകരണങ്ങളോടൊപ്പം ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും വിവിധ ഉപകരണങ്ങൾ വായിച്ചിരുന്നു. ഇത് സാക്കിറിന് മറ്റു ഉപകരണങ്ങൾ മനസ്സിലാക്കാനുള്ള പ്രചോദനമായി. ശക്തി, മറ്റു ഫ്യൂഷൻ ബാൻഡുകൾ എന്നിവ തുടങ്ങാനുള്ള ആശയങ്ങൾ തുറന്നുകിട്ടിയത് ഇവിടെനിന്നാണ്.
17ാം വയസ്സിൽ സാക്കിർ സ്വയം തിരഞ്ഞെടുത്ത 40 ദിവസത്തെ ഏകാന്തവാസത്തിലേക്ക് പ്രവേശിച്ചു. ബാഹ്യമായ മറ്റു ബഹളങ്ങളിൽനിന്നൊക്കെ മുക്തമായ ആ സ്ഥലത്തിരുന്ന് ഒരു ധ്യാനംപോലെ തബല പരിശീലിക്കാൻ തുടങ്ങി. നാൽപത് ദിവസത്തെ സമാധി സമാനമായ ദിനങ്ങളിൽ സംഗീതം മാത്രമായിരുന്നു കൂട്ട്. വെളിപാടുകളും മായക്കാഴ്ചകളും അവിടെ സംഭവിച്ചു. തന്റെ പിതാമഹന്മാർ വന്ന് മാർഗദർശനം നൽകുന്നതുപോലെ അനുഭവപ്പെട്ടു. വിദേശത്ത് പോകണമെന്ന തോന്നലുണ്ടായത് ഇവിടെവെച്ചാണ്.
ഒരു വർഷത്തിനുള്ളിൽതന്നെ സാക്കിർ ഹുസൈൻ അമേരിക്കയിലേക്ക് പറന്നു. ആദ്യത്തെ പരിപാടി ന്യൂയോർക്കിൽ പണ്ഡിറ്റ് രവിശങ്കറിന്റെ കൂടെയായിരുന്നു. അല്ലാരഖയായിരുന്നു രവിശങ്കറിന്റെ സ്ഥിരം സംഗീത പങ്കാളി. ആ സമയത്ത് അല്ലാരഖക്ക് അസുഖമായതിനാൽ യാത്രചെയ്യാൻ പറ്റുമായിരുന്നില്ല. പകരം മകൻ വരട്ടെ എന്ന് രവിശങ്കർതന്നെയാണ് നിർദേശിച്ചത്. അല്ലാരഖ അത് സ്വീകരിച്ചു. 1970 ഫെബ്രവരി 22ന് നീണ്ട കരഘോഷത്തോടെ ആ പരിപാടി അവസാനിച്ചു. രവിശങ്കർ പിതൃവാത്സല്യത്തോടെ സാക്കിർ ഹുസൈനെ ആലിംഗനംചെയ്തു. അന്ന് സാക്കിറിന് 18 വയസ്സ്. പ്രോഗ്രാം ലിസ്റ്റിൽ കുടുംബ പേരായിരുന്നു ഉപയോഗിച്ചിരുന്നത്. സാക്കിർ ഹുസൈൻ ഖുറൈശി.
കുറച്ചു ദിവസത്തെ അമേരിക്കൻ പര്യടനത്തിനുശേഷം സാക്കിർ നാട്ടിലേക്ക് യാത്രതിരിക്കാൻ പദ്ധതിയിട്ടപ്പോൾ വാഷിങ്ടൺ യൂനിവേഴ്‌സിറ്റിയിൽ ഇന്ത്യൻ ക്ലാസിക്കൽ സംഗീതം പഠിപ്പിക്കാൻ ഒരാളെ വേണമെന്ന് രവിശങ്കർ പറഞ്ഞു. ഈ അവസരം സ്വീകരിക്കണമെന്നും അമേരിക്കയിൽ നിൽക്കണമെന്നും രവിശങ്കർ സാക്കിറിനെ ഉപദേശിച്ചു. സാക്കിർ ഹുസൈൻ വാഷിങ്ടൺ യൂനിവേഴ്‌സിറ്റിയിൽ ജോലിക്ക് ചേരുകയും അവിടെ ഒരു വിദ്യാർഥിയായി കൂടി എൻറോൾ ചെയ്യുകയുംചെയ്‌തു. ആഫ്രിക്കൻ, ഇന്തോനേഷ്യൻ, ചൈനീസ് താളവാദ്യങ്ങളെക്കുറിച്ച് പഠിക്കാനാണ് ഈ അവസരം വിനിയോഗിച്ചത്.
കാലിഫോർണിയയിലെ അലി അക്ബർ ഖാൻ കോളജ് ഓഫ് മ്യൂസിക്കിൽ തബല പഠിപ്പിക്കാൻ അധ്യാപകനെ വേണമെന്ന് പറഞ്ഞ് അലി അക്ബർ ഖാൻ സാക്കിർ ഹുസൈനെ സമീപിച്ചു. ഖാൻ സാഹിബിന്റെ കൂടെ ജോലിചെയ്യുന്നത് തന്റെ സംഗീതത്തിന് ഗുണംചെയ്യുമെന്ന് മനസ്സിലാക്കി സാക്കിർ വാഷിങ്ടൺ യൂനിവേഴ്‌സിറ്റിയിൽ നിന്ന് രാജിവെച്ച് അലി അക്ബർ ഖാൻ കോളജ് ഓഫ് മ്യൂസിക്കിൽ ചേർന്നു. അവിടെവെച്ചാണ് പണ്ഡിറ്റ് ചിത്രേഷ് ദാസിന്റെ കീഴിൽ കഥക് നൃത്തം അഭ്യസിക്കാൻ വന്ന അന്റോണിയോ മിന്നികോലയെ കണ്ടുമുട്ടുന്നത്. 1978 ആഗസ്റ്റിൽ ഇരുവരും വിവാഹിതരായി.
അലി അക്ബർ ഖാൻ സംഗീത കോളജിൽ ജോലി ചെയ്യുന്ന കാലത്താണ് ജാസ് ഗിറ്റാറിസ്റ്റ് ജോൺ മക് ലോലിനെ കണ്ടുമുട്ടുന്നത്. 1970ൽ ന്യൂയോർക്കിൽ സാക്കിർ ഹുസൈൻ ഒരു റിഥം വർക്ക് ഷോപ് സംഘടിപ്പിച്ചപ്പോൾ മക് ലോലിൻ അതിൽ പങ്കെടുത്തിട്ടുണ്ട്. അന്ന് മക് ലോലിൻ തബലയിൽ തന്റെ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മക് ലോലിൻ ഡോ. സുബ്രഹ്മണ്യ രാമനാഥന്റെ കീഴിൽ വീണ പഠിക്കുന്നുണ്ടായിരുന്നു. പിന്നീട് ഒരിക്കൽ മക് ലോലിൻ സാക്കിർ ഹുസൈനെ കാണാൻ വന്നപ്പോൾ സാക്കിർ അലി അക്ബർ ഖാനെ പരിചയപ്പെടുത്തി.
അവിടെവെച്ച് അവർ മൂവരും തങ്ങളുടെ സംഗീതസങ്കൽപങ്ങളെപ്പറ്റി സംസാരിക്കുകയും തങ്ങളുടെ സംഗീതോപകരണങ്ങൾ വായിക്കുകയുംചെയ്തു. അവിടെ വെച്ചാണ് ശക്തി എന്ന സംഗീത ബാൻഡിന്റെ ആശയത്തിന് തുടക്കമിട്ടത്. ഇവരുടെ കൂടെ വയലിനിസ്റ്റ് എൽ. ശങ്കർ, ഘടം വാദകൻ വിക്കു വിനായക റാം എന്നിവർകൂടി പങ്കാളികളായി.
ശക്തി എന്ന സംഗീത ബാൻഡ് സാക്കിർ ഹുസൈന്റെ ജീവിതത്തിലെ ഒരു സുപ്രധാന ഘട്ടമാണ്. തബലയെ ഒരു ആഗോള സംഗീതോപകരണമാക്കിയത് ശക്തിയിലെ ഒത്തുചേരലാണ്. സാക്കിർ ശക്തിയിൽ എത്തിപ്പെടുന്നതിന് പത്തു വർഷം മുമ്പുതന്നെ അല്ലാരഖ ദക്ഷിണേന്ത്യൻ സംഗീതജ്ഞരുടെ കൂടെ ജോലിചെയ്തിരുന്നു. അവരുടെ താളത്തിന്റെ ഘടന അതിലൂടെ മനസ്സിലാക്കാൻ സാക്കിറിന് കഴിഞ്ഞു. അതിനുശേഷം ശക്തിയിൽ എത്തിപ്പെട്ടപ്പോൾ കാര്യങ്ങൾ എളുപ്പമായി.
പാശ്ചാത്യ ഫ്യൂഷൻ സംഗീതവും അവിടത്തെ ജീവിതവും സാക്കിറിനെ ഇന്ത്യൻ സംഗീതത്തിൽനിന്ന് അകറ്റിയെന്ന് കരുതിയവരുണ്ട്. ഒരുവേള ആ ഭയം അല്ലാരഖക്കുപോലും ഉണ്ടായി. “പാശ്ചാത്യ സംഗീതജ്ഞരുടെ ഒപ്പം പ്രവർത്തിക്കുമ്പോഴും ഞാൻ ഇന്ത്യൻ സംഗീതജ്ഞനാണ്. സ്വന്തം പാരമ്പര്യത്തിൽ ഉറച്ച വിശ്വാസമുള്ളതുകൊണ്ട് എന്റെ സംഗീതം വേരറ്റുപോകുമെന്ന് ആശങ്ക വേണ്ട. രവിശങ്കർ, അലി അക്ബർ ഖാൻ, വിലായത് ഖാൻ എന്നിവരുടെ വഴിയാണ് ഞാൻ പിന്തുടരുന്നത്.” തന്നെ കുറിച്ചുള്ള സന്ദേഹങ്ങൾക്ക് ഇങ്ങനെ മറുപടി നൽകി.
സാക്കിർ ഹുസൈൻ പിതാവ് അല്ലാരഖക്കൊപ്പം
ഇന്ത്യൻ സംഗീതത്തെ പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്തുകയും അതുവഴി ഇന്ത്യൻ സംഗീതത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുകയുംചെയ്ത പണ്ഡിറ്റ് രവിശങ്കർ യാഥാസ്ഥിതികരായ ശുദ്ധസംഗീതവാദികളുടെ ആക്രമണങ്ങൾക്ക് പലതവണ ഇരയായിട്ടുണ്ട്. ഇന്ത്യൻ സംഗീതത്തെ അശുദ്ധമാക്കി, നശിപ്പിച്ചു എന്നീ ആരോപണങ്ങളാണ് രവിശങ്കറിന് നേരെ അവർ ചൊരിഞ്ഞത്.
ഇതേ ആരോപണങ്ങൾതന്നെ സാക്കിർ ഹുസൈനും നേരിടേണ്ടിവന്നിട്ടുണ്ട്. അലി അക്ബർ ഖാൻ, നുസ്രത്ത് ഫത്തേഹ് അലിഖാൻ എന്നിവരും ഇതേ ആക്ഷേപം പലപ്പോഴും അഭിമുഖീകരിച്ചിട്ടുണ്ട്. ഇന്ത്യൻ സംഗീതത്തെ കെട്ടിക്കിടക്കുന്ന ഒരു ജലാശയമാക്കാതെ ഒഴുകുന്ന നദിയാക്കി മാറ്റുന്ന പ്രവൃത്തിക്ക് തുടക്കം കുറിച്ചത് രവിശങ്കറാണ്. അതിന്റെ മുന്നോട്ടുള്ള വഴി വെട്ടലാണ് സാക്കിർ ഹുസൈൻ ചെയ്തത്. ഇതാണ് ഇന്ത്യൻ സംഗീതത്തിൽ സാക്കിർ ഹുസൈന്റെ സംഭാവനയായി ഭാവിയിൽ വിലയിരുത്തപ്പെടുക.
========
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.