അയോധ്യയിൽ നിലനിന്ന ബാബരി മസ്ജിദ് തകർക്കുന്നതിനു മുമ്പും പിമ്പും സംഘ്പരിവാർ വൃത്തങ്ങളും ഹിന്ദുത്വവാദികളും പലതരം നുണകൾ ഉന്നയിച്ചു. ക്ഷേത്രം തകർത്താണ് പള്ളി നിർമിക്കപ്പെട്ടത് എന്നടക്കമുള്ള വാദങ്ങളിലെ പൊള്ളത്തരങ്ങൾ ചരിത്രവസ്തുതകൾ നിരത്തി തുറന്നുകാട്ടുകയാണ് മാധ്യമപ്രവർത്തകനും ‘മീഡിയവൺ’ എഡിറ്ററുമായ ലേഖകൻ.
ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയിൽപെടുന്ന അയോധ്യയിൽ ഒരു ആരാധനാലയം തകർത്തതിന് തെളിവുണ്ടെങ്കിൽ അത് 1992ൽ ഹിന്ദുത്വയുടെ കരാളഹസ്തരായ കർസേവകർ ബാബരി മസ്ജിദ് തകർത്തതിനാണ്. 1528ൽ മുഗൾ രാജാവായ ബാബറുടെ വിശ്വസ്തനായ മിർ ബാഘി അയോധ്യയിലെ രാമക്ഷേത്രം പൊളിച്ചാണ് പള്ളി കെട്ടിയത് എന്നത് ഹിന്ദുക്കളിൽ ഒരു വിഭാഗത്തിന്റെ ‘വിശ്വാസം’ ആണെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ആ വിശ്വാസത്തെ മാനിച്ചാണ് ബാബരി മസ്ജിദ് പൊളിച്ചു താൽക്കാലിക രാമക്ഷേത്രമാക്കി മാറ്റിയിരുന്ന 2.77 ഏക്കർ സ്ഥലം ഹിന്ദുക്കൾക്ക് സ്ഥിരമായി രാമക്ഷേത്രം പണിയുന്നതിനായി വിട്ടുകൊടുത്തുകൊണ്ട് 2019 നവംബർ 5ന് വിധിവരുന്നത്.
മറിച്ച്, 1992ൽ ബാബരി മസ്ജിദ് തകർത്തത് ഇന്ത്യയുടെ ആത്മാവിന് ഏറ്റ മുറിവാണ് എന്നാണ് ഇതേ വിധിന്യായത്തിൽ സുപ്രീംകോടതി വിശേഷിപ്പിച്ചത്. ദൃക്സാക്ഷികളും ഭൗതിക തെളിവുകളുമുള്ള കുറ്റകൃത്യം. അന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന കല്യാൺ സിങ്ങും വി.എച്ച്.പിയും സുപ്രീംകോടതിക്ക് നൽകിയ ഉറപ്പ് കാറ്റിൽ പറത്തി നടത്തിയ പ്രത്യക്ഷ നിയമലംഘനം. എൽ.കെ. അദ്വാനിയും മുരളീമനോഹർ ജോഷിയും ഉമാഭാരതിയും അശോക് സിംഗാളും ഉൾപ്പെടുന്ന സംഘ്പരിവാർ നേതൃത്വം കർസേവകരെ ഉച്ചത്തിൽ പ്രോത്സാഹിപ്പിക്കുന്നത് കണ്ടുവെന്ന് മാധ്യമപ്രവർത്തകരുടെ മൊഴിയുണ്ടായിരുന്നു.
വെങ്കിടേഷ് രാമകൃഷ്ണനും ജോൺ ബ്രിട്ടാസും ഉൾപ്പെടെ മലയാളി മാധ്യമപ്രവർത്തകർ അന്നവിടെ കണ്ടതും കേട്ടതും എത്രയോ തവണ ലോകത്തെ ഓർമപ്പെടുത്തി. വനിതാ മാധ്യമപ്രവർത്തകരെ ലൈംഗികമായി ഉപദ്രവിക്കുകപോലും ചെയ്തിട്ടുണ്ട്. പക്ഷേ, സി.ബി.ഐ കോടതി അതിൽ കണ്ടത് യാദൃച്ഛികമായ, ആസൂത്രിതമല്ലാത്ത ഒരു അപകടം മാത്രം. 32 പ്രതികളെയും വെറുതെ വിട്ടുകൊണ്ട് വിധി വന്നത് 2020 സെപ്റ്റംബർ 30ന്. അലഹബാദ് ഹൈകോടതിയിൽ രണ്ട് അയോധ്യ നിവാസികൾ നൽകിയ അപ്പീൽ തള്ളി. തുടർന്ന് ഏതാണ്ട് എല്ലാ പ്ര തീക്ഷയും അവസാനിച്ചമട്ടിൽ ആ കേസിൽ സുപ്രീംകോടതിയിൽ ആരും അപ്പീലിന് പോയില്ല.
അയോധ്യ തർക്ക കേസിലെ സുപ്രീംകോടതി വിധി വന്നപ്പോൾ എഴുത്തുകാരി (‘Born a Muslim’ന്റെ രചയിതാവ്) ഗസാല വഹാബ് പറഞ്ഞ ഒരു കാര്യമുണ്ട്. ‘‘അയോധ്യ ഒരു ഭൂമിപ്രശ്നമല്ല. ആയിരുന്നെങ്കിൽ പകരമായി അനുവദിച്ചുകിട്ടിയ അഞ്ച് ഏക്കർ ഭൂമി പണ്ടേ സ്വീകരിച്ച് മുസ്ലിംകൾ തൃപ്തിപ്പെട്ടേനെ. ഇപ്പോൾ ആ ഭൂമി ഏറ്റുവാങ്ങാൻ നിർബന്ധിതരാകുമ്പോൾ രാജ്യത്ത് രണ്ടാംകിട പൗരരായി ജീവിക്കാൻ അവർ തയാറെടുത്തു എന്നാണ് മനസ്സിലാക്കേണ്ടത്.’’
ഒരു ഭൂമിപ്രശ്നം എന്ന നിലയിൽ അയോധ്യ തർക്കത്തെ കണ്ടാൽ അതിലെ ഭരണഘടനാ മൂല്യങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയം ചോർന്നുപോകും. എങ്കിലും വസ്തുതാപരമായി നോക്കിയാൽപോലും ചില ലളിത സംഗതികൾ പ്രത്യക്ഷത്തിൽ വരും.
1. അയോധ്യയിൽ ഭൂമിതർക്കം ഉണ്ടായിരുന്നോ?
അയോധ്യയിൽ നിയമയുദ്ധം തുടങ്ങുന്നത് ബാബരി മസ്ജിദ് നിന്ന സ്ഥലത്തെ ചൊല്ലി ആയിരുന്നില്ല. 1885ൽ രഘുബർ ദാസ് എന്ന മഹന്ത് ഫൈസാബാദ് ഡെപ്യൂട്ടി കമീഷണർ മുമ്പാകെ ഒരു അപേക്ഷ വെക്കുന്നതോടെയാണ് അത് തുടങ്ങുന്നത്. ബാബരി മസ്ജിദിന്റെ മതിൽക്കെട്ടിന് പുറത്ത് രാം ചബൂത്ര എന്ന് വിളിക്കുന്ന പ്ലാറ്റ്ഫോമിൽ ഒരു അമ്പലം പണിയാൻ അനുവദിക്കണം എന്നായിരുന്നു അപേക്ഷ. ഈ അപേക്ഷ ഫൈസാബാദ് ഡെപ്യൂട്ടി കമീഷണർ മാത്രമല്ല ജില്ല കോടതിയും പ്രവിശ്യ കോടതിയും തള്ളി. രാം ചബൂത്ര രാമൻ ജനിച്ച സ്ഥലമല്ല എന്ന് കണ്ടെത്തിക്കൊണ്ടല്ല ഹരജി തള്ളിയത്.
മറിച്ച്, ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകും എന്നത് കണക്കിലെടുത്താണ്. ബാബരി മസ്ജിദുമായി ബന്ധപ്പെട്ടുണ്ടായ മറ്റൊരു നിയമവ്യവഹാരം മുസ്ലിംകളിലെ ശിയാ, സുന്നി വിഭാഗങ്ങൾ തമ്മിലായിരുന്നു. 1946 മാർച്ച് 23ന് പുറപ്പെടുവിച്ച വിധിയിൽ, പള്ളിയിൽ രണ്ടുകൂട്ടർക്കും പ്രാർഥന അനുവദിച്ച് ഉത്തരവായി. പിന്നെ, മൂന്നു വർഷത്തിനുശേഷമാണ് ബാബരി മസ്ജിദിന്റെ പ്രധാന മിനാരത്തിന് കീഴിൽ രാമവിഗ്രഹം കൊണ്ടുവെക്കുന്നത്. 1949 ഡിസംബർ 22ന് രാത്രി. അതു മുതൽ മാത്രമാണ് ബാബരി മസ്ജിദിന്റെ അകമാണ് രാമജന്മഭൂമി എന്ന വാദം ഉയരുന്നത്.
ഇവിടെ ഓർക്കേണ്ട ഒരു പേര് അക്ഷയ് ബ്രഹ്മചാരിയുടേതാണ്. അക്കാലത്ത് കോൺഗ്രസ് ഫൈസാബാദ് ജില്ല സെക്രട്ടറിയായിരുന്നു അക്ഷയ്. പള്ളി അമ്പലമാക്കി മാറ്റുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത ഏക പ്രാദേശിക നേതാവ് അദ്ദേഹമായിരുന്നു. രാമവിഗ്രഹം ബാബരി മസ്ജിദിനുള്ളിൽ കൊണ്ടുെവച്ചതിനെതിരെ അന്ന് യു.പിയിൽ മന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രിക്ക് അദ്ദേഹം അയച്ച കത്തിൽനിന്ന്: ‘‘പള്ളിയുടെ അടുത്തുള്ള ഖബർസ്ഥാൻ മുഴുവൻ പൊളിച്ചുകളഞ്ഞു. ഒമ്പതു ദിവസമായി പരിസരത്ത് അത്യുച്ചത്തിൽ രാമായണം വായന നടക്കുന്നുണ്ടായിരുന്നു.
അതുപോലെ പൊതുസദ്യയും യോഗങ്ങളും മറ്റുമുണ്ടായിരുന്നു. ഇതിന്റെ കൂടെ ബാബരി മസ്ജിദ് രാമക്ഷേത്രമാക്കി മാറ്റണം എന്ന ആവശ്യമുയർത്തി വിദ്വേഷം വമിക്കുന്ന പ്രസംഗങ്ങളും. മഹാത്മാ ഗാന്ധിയെയും കോൺഗ്രസിനെയും ആക്ഷേപിക്കുന്ന പ്രസംഗങ്ങളുമുണ്ടായി... ഉച്ചക്ക് 12 മണിയോടെ ഞാൻ ജില്ല മജിസ്ട്രേറ്റിന് (കെ.കെ. നായർ ) ഒപ്പം അവിടെ എത്തി. വിഗ്രഹം അകത്ത് െവച്ചിട്ടുണ്ടായിരുന്നു. ആ നിമിഷംതന്നെ മജിസ്ട്രേറ്റിന് ആ വിഗ്രഹം അവിടെനിന്ന് മാറ്റാനും തൽസ്ഥിതി തിരിച്ചുപിടിക്കാനും സാധിക്കുമായിരുന്നു. പക്ഷേ, അദ്ദേഹം അത് ചെയ്തില്ല.’’ കെ.കെ. നായർ അത് ചെയ്യാതിരുന്നതിന്റെ കാരണം ചരിത്രം പിന്നീട് നമ്മെ ബോധ്യപ്പെടുത്തി.
ബാബരി മസ്ജിദ് പുനർനിർമിക്കണമെന്നാവശ്യപ്പെടുന്ന ഒരു പ്രതിഷേധം
അവിടെ നടന്നത് അതിക്രമിച്ചുകയറലും ഒരു ആരാധനാലയത്തിന്റെ സ്റ്റാറ്റസ് മാറ്റലും ഉൾപ്പെടുന്ന ഗുരുതര കുറ്റകൃത്യമാണ് എന്നതിന് ഔദ്യോഗിക രേഖ ഉണ്ടായതിന്റെ കാരണം മാതാ പ്രസാദ് എന്ന സാധാരണ പൊലീസുകാരൻ അയോധ്യ പൊലീസ് സ്റ്റേഷനിൽ നൽകിയ മൊഴിയാണ്. അത് എഫ്.ഐ.ആറിൽ വന്നു. അത് ഇങ്ങനെയാണ്: ‘‘ഞാൻ രാവിലെ ജന്മഭൂമിയിലെത്തിയപ്പോൾ അറിയാൻ കഴിഞ്ഞത്, ഏകദേശം 50-60 പേർ ബാബരി പള്ളിക്ക് അകത്ത് പൂട്ട് പൊട്ടിച്ചു കയറുകയും ഭഗവാന്റെ ഒരു വിഗ്രഹം അവിടെ സ്ഥാപിക്കുകയുംചെയ്തു എന്നാണ്. സീതാ റാം എന്നെല്ലാം അവർ അവിടെ പെയിന്റ് കൊണ്ട് എഴുതുകയും ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൻസ് രാജ് അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല.’’
ഇവിടെ മാതാ പ്രസാദ് രാമജന്മഭൂമി എന്ന് പറഞ്ഞത് എന്തുകൊണ്ടാകാം എന്നത് ഒരു ചോദ്യമാണ്. ഉത്തരമുണ്ട്. രാം ചബൂത്ര എന്ന പ്ലാറ്റ്ഫോമിനെ കുറിച്ച് (വിസ്തീർണം 17 x 21 അടി ) നേരത്തേ പറഞ്ഞല്ലോ. അതിനെ രാം ജന്മസ്ഥാൻ എന്നാണ് വിളിച്ചിരുന്നത്. അതുവരെ ഉണ്ടായിരുന്ന വിശ്വാസപ്രകാരം രാമൻ ജനിച്ചത് അവിടെയാണ് എന്ന് വലിയൊരു വിഭാഗം കരുതിയിരുന്നു. അവിടെ ആരാധനയും ഉണ്ടായിരുന്നു. മതിലിനു പുറമെ ഒരു റെയിൽകൊണ്ടും അത് മസ്ജിദിൽനിന്ന് വേർതിരിക്കപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് അത് പണികഴിക്കപ്പെട്ടത്. അവിടെ അമ്പലം പണിയാനാണല്ലോ മഹന്ത് രഘുബർ ദാസ് ആദ്യത്തെ അപേക്ഷ നൽകുന്നത്. എന്നാൽ, മസ്ജിദിനെ ബാബരി പള്ളിയെന്നു തന്നെ മാതാ പ്രസാദ് പറയുന്നതും ശ്രദ്ധിക്കുക.
ഇതുപോലെ രാമൻ ജനിച്ച കൃത്യസ്ഥലമെന്ന് അവകാശപ്പെട്ടിരുന്ന മറ്റൊരു ക്ഷേത്രം രാം ജന്മസ്ഥാൻ മന്ദിർ ആണ്. ഇതും ബാബരി മസ്ജിദിന് അടുത്തുതന്നെ ആയിരുന്നു. അവധ് നവാബായിരുന്ന മൻസൂർ അലി പണിത ഹനുമാൻഗഡി മന്ദിർ, 200 യാർഡ് അകലെ കൗസല്യ ഭവൻ, 500 യാർഡ് അകലെ ദശരഥ ഭവൻ എന്നിങ്ങനെ രാമജന്മഭൂമി എന്ന് അവകാശപ്പെടാൻ പല മന്ദിരങ്ങളും അയോധ്യയിലുണ്ട്. പക്ഷേ, ഒന്നും വിശ്വാസപ്രകാരംതന്നെ എല്ലാവരും അംഗീകരിക്കുന്നതായിരുന്നില്ല.
1989 ഒക്ടോബർ 8ന് ‘ന്യൂ എയ്ജി’ന് പ്രഫസർ ആർ.എസ്. ശർമ നൽകിയ അഭിമുഖത്തിൽ പറയുന്നപോലെ രാമൻ ജനിച്ച ഇടമെന്ന് പൂജാരിമാർ അവകാശപ്പെടുന്ന 15-16 മന്ദിറുകളെങ്കിലും അയോധ്യയിലുണ്ട്.
രാമൻ ജനിച്ച യഥാർഥ ഇടം ബാബരി മസ്ജിദിന്റെ മധ്യമിനാരത്തിന് കീഴെയാണ് എന്ന വാദം വി.എച്ച്.പി ഉയർത്തിക്കൊണ്ടുവരുന്നത് 1949ന് ശേഷം മാത്രമാണ്. വിശ്വാസംകൊണ്ടുതന്നെ തർക്കത്തിലുള്ള ഇക്കാര്യത്തിൽ സംഘ്പരിവാർ തീരുമാനത്തിൽ എത്തിയത് എങ്ങനെയാണ്? ലക്ഷ്യം പള്ളി ആയിരുന്നു എന്നതാണ് ഉത്തരം.
2. എന്താണ് പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്?
ഹിന്ദു വർഗീയശക്തികൾ രാമജന്മഭൂമി പ്രശ്നത്തെ എപ്പോഴും കൈകാര്യംചെയ്തത് അതിനെ സ്വന്തം ആവശ്യത്തിനനുസരിച്ച് നിയമപ്രശ്നമായും വിശ്വാസപ്രശ്നമായും വ്യാഖ്യാനിച്ചുകൊണ്ടാണ്. കോടതികൾ നിയമത്തിന്റെ പിൻബലത്തിൽ ഉത്തരവുകൾ നൽകിയാൽ അതിനെ തള്ളിക്കളയാൻ വിശ്വാസത്തെ കൂട്ടുപിടിക്കും. കോടതികൾ തങ്ങളുടെ വഴിക്കു വന്നാൽ വിശ്വാസത്തെ മാറ്റിെവച്ച് നിയമത്തെ പിടിക്കും.
ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നെന്നു സമർഥിക്കാൻ എന്നും അവർ ഉപയോഗിച്ചത് പ്രത്യക്ഷത്തിൽതന്നെ തങ്ങളുടെ പക്ഷം പിടിച്ചിട്ടുള്ള ആർക്കിയോളജിസ്റ്റുകളുടെ സ്വതന്ത്രമെന്ന പരിവേഷം ചാർത്തിയ കണ്ടെത്തലുകളാണ്. മലയാളിയായ കെ.കെ. മുഹമ്മദാണ് അവരിൽ ഒരാൾ. ഇദ്ദേഹം ഒരു വാർത്താ ചാനലിനോട് ഈയിടെ പറഞ്ഞ കാര്യങ്ങൾ ബാബരി മസ്ജിദിനു താഴെ രാമക്ഷേത്രമുണ്ടായിരുന്നതിന് ആധികാരിക തെളിവായി സംഘി കേന്ദ്രങ്ങൾ പ്രചരിപ്പിക്കുകയുണ്ടായി.
ഒന്നാമതായി കെ.കെ. മുഹമ്മദ് സ്വതന്ത്ര പുരാവസ്തു ഗവേഷകനായല്ല അയോധ്യ ഉദ്ഖനനത്തിൽ പങ്കെടുത്തത്. ബി.ബി. ലാലിന്റെ (ബ്രാജ് ബാസി ലാൽ) അസിസ്റ്റന്റായാണ് പ്രവർത്തിച്ചത്. അദ്ദേഹംതന്നെ ആ വിഡിയോയിൽ അത് പറയുന്നുണ്ട്. അങ്ങനെയെങ്കിൽ പരിശോധിക്കേണ്ടത് ആരാണ് ബി.ബി. ലാൽ എന്നും എന്താണ് അദ്ദേഹംചെയ്തത് എന്നുമാണല്ലോ.
ബി.ബി. ലാൽ ആർക്കിയോളജിയിൽ ബിരുദമോ ബിരുദാനന്തരബിരുദമോ ഇല്ലാത്ത ആളാണ്. സംസ്കൃതത്തിലാണ് എം.എ. പിന്നീട് പ്രശസ്ത ആർക്കിയോളജിസ്റ്റ് മോർട്ടിമർ വീലറുടെ കീഴിൽ ട്രെയ്നി ആയി 1943ലാണ് ലാൽ ആർക്കിയോളജിയിലേക്ക് വരുന്നത്. 1950നും 52നുമിടക്ക് ‘മഹാഭാരത’ത്തിൽ പറയുന്ന പല സ്ഥലങ്ങളിലും ബി.ബി. ലാൽ ഖനനത്തിന് നേതൃത്വം നൽകി. 1975ൽ അതേ മാതൃകയിൽ ‘രാമായണ’ത്തിൽ പറയുന്ന സ്ഥലങ്ങളിലും പുരാവസ്തു ഖനനത്തിന് പദ്ധതി തയാറാക്കി. അപ്പോഴേക്കും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ)യുടെ ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് മാറിക്കഴിഞ്ഞിരുന്നു. എന്നിട്ടും എ.എസ്.ഐയും ജിവാജി സർവകലാശാലയും യു.പി സർക്കാറിന്റെ പുരാവസ്തു വകുപ്പുമാണ് അത് ഫണ്ട് ചെയ്തത്.
വെങ്കിടേഷ് രാമകൃഷ്ണൻ, ജോൺ ബ്രിട്ടാസ്
1975 മാർച്ച് 31ന് പദ്ധതി ഉദ്ഘാടനംചെയ്തു. അയോധ്യ, ഭരദ്വാജ് ആശ്രമം, നന്ദിഗ്രാം, ചിത്രകൂട്, ശൃംഗവേരപുര എന്നിവിടങ്ങളിലായിരുന്നു ഖനനം. അതേവർഷം ഈ ഉദ്ഖനനത്തിന്റെ പുരോഗതിയെക്കുറിച്ച് ബി.ബി. ലാൽ ഇങ്ങനെ എഴുതി: ‘‘ഇതുവരെ നടത്തിയ ഖനനത്തിൽ അയോധ്യ ക്രിസ്തുവിനുമുമ്പ് എട്ടാം നൂറ്റാണ്ടിനു മുമ്പ് നിലവിലുണ്ടായിരുന്നതായി സൂചനയില്ല.’’ ഇവിടെനിന്ന് നാണയങ്ങളും പാത്രങ്ങളും കണ്ടുകിട്ടിയെങ്കിലും ഒരുവിധത്തിലും ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കിട്ടിയതായി ഈ പ്രാഥമിക പ്രബന്ധത്തിൽ ലാൽ പറയുന്നില്ല. 1979-80 സമയത്ത് പ്രസിദ്ധീകരിച്ച പ്രാഥമിക റിപ്പോർട്ടിലും അതില്ല.
എന്നാൽ, 1990 ഒക്ടോബറിൽ എഴുതിയ (കാലവും രാഷ്ട്രീയവും മാറിയത് ശ്രദ്ധിക്കുമല്ലോ) ലേഖനത്തിലാണ് കെ.കെ. മുഹമ്മദ് ആ വിഡിയോയിൽ പറഞ്ഞ സിദ്ധാന്തം ബി.ബി. ലാൽ അവതരിപ്പിച്ചത്. ആർ.എസ്.എസ് ബന്ധമുള്ള ‘മന്ഥൻ’ എന്ന പ്രസിദ്ധീകരണത്തിലാണ് ഈ ലേഖനം വന്നത്. ക്ഷേത്രത്തിന്റേതിന് സമാനമായ തൂണുകളുടെ അവശിഷ്ടങ്ങൾ കിട്ടി എന്നായിരുന്നു വാദം.
അപ്പോഴും അതൊരു ആധികാരിക ഗവേഷണ പ്രബന്ധമായിരുന്നില്ല. വിശദമായ പ്രതിപാദ്യമില്ലാതെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ ആർക്കിയോളജി എന്നല്ല ഒരു ശാസ്ത്രശാഖയും ആധികാരികമായി അംഗീകരിക്കാറില്ല. 2008ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിലും ഇത് ആവർത്തിച്ചു. അപ്പോഴേക്കും അവകാശവാദങ്ങൾ കുറെക്കൂടി ശക്തമായി. വിഗ്രഹത്തിന്റെ കഷണങ്ങൾ കിട്ടി എന്നൊക്കെയായി. അതിങ്ങനെ ഓരോ ലേഖനങ്ങളിലും അഭിമുഖങ്ങളിലുമായി വളർന്നുകൊണ്ടിരുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ രൂപമാണ് കെ.കെ. മുഹമ്മദിന്റെ വാദങ്ങൾ.
വാദങ്ങൾ ഇങ്ങനെ ശക്തിപ്പെടാൻ കാരണമുണ്ട്. ക്ഷേത്രത്തിന്റെ തൂണുകൾ കിട്ടിയെന്നും ചുവരുകളിൽ ഹൈന്ദവവിശ്വാസത്തെ ധ്വനിപ്പിക്കുന്ന ശിൽപമാതൃകകൾ കണ്ടുവെന്നും മറ്റുമുള്ള കണ്ടെത്തലുകൾ മതേതര ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും യുക്തിഭദ്രമായി ചോദ്യംചെയ്തിരുന്നു. 16ാം നൂറ്റാണ്ടിൽ മാത്രമല്ല മധ്യകാലഘട്ടത്തിലുടനീളം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പള്ളികളിലും ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും ഹൈന്ദവഭാവമുള്ള ശിൽപങ്ങൾ കാണുന്നത് സാധാരണമാണ് എന്നവർ ചൂണ്ടിക്കാട്ടി.
ബുദ്ധിസ്റ്റ്, ജൈന, ശൈവ ആരാധനാലയങ്ങളിലും അവ കാണാം. അവ രാമനുമായോ വിഷ്ണുവുമായോ ബന്ധപ്പെട്ടതാണെന്നതിന് ഒരു തെളിവുമില്ല. പേർഷ്യൻ ശിൽപ മാതൃകകൾ ഇന്ത്യയിൽ പ്രചാരം നേടുന്നത് ഇതിനെല്ലാം ശേഷമാണ് എന്നതുകൊണ്ട്, അക്കാലത്ത് സൗന്ദര്യശാസ്ത്രപരമായും ഇത്തരം സെമി ഹൈന്ദവ ശിൽപരൂപങ്ങൾ മുസ്ലിം ശിൽപകലയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതിൽ അസാധാരണമായി ഒന്നുമില്ല.
ഉദാഹരണത്തിന്, ഇതോടൊപ്പം (39ാം പേജിൽ) ചേർത്തിട്ടുള്ള രണ്ട് ചിത്രങ്ങൾ നോക്കുക. ഫൈസാബാദിലെ ഒരു ക്ഷേത്രത്തിലെയും, മുസ്ലിം പുരോഹിതനായിരുന്ന മൂസ ആഷിക്കാന്റെ ശവകുടീരത്തിന്റെ അടിഭാഗത്തെയും തൂണുകളാണിവ. ബാബരി മസ്ജിദിൽനിന്ന് കിട്ടിയെന്ന് പറയുന്ന ഹൈന്ദവ തൂൺ മാതൃകകൾ ഇതുപോലെ ഉള്ളതാണ് (ചിത്രങ്ങൾ ചരിത്രകാരനായ സുശീൽ ശ്രീവാസ്തവയുടെ ശേഖരത്തിൽനിന്ന്).
ബി.ബി. ലാലിന്റെ വാദങ്ങൾ ചോദ്യംചെയ്ത് രണ്ടു ലേഖനങ്ങളാണ് മുന്നിലുള്ളത്. ഒന്ന്, കുരുക്ഷേത്ര സർവകലാശാലയിലെ പുരാവസ്തുവിഭാഗം പ്രഫസറായിരുന്ന ഡോ. സൂരജ് ഭാൻ എഴുതിയത്. മറ്റൊന്ന്, ജെ.എൻ.യുവിലെ സെന്റർ ഫോർ ഹിസ്റ്ററിക്കൽ സ്റ്റഡീസിലെ പ്രഫസറായിരുന്ന ആർ. ചമ്പകലക്ഷ്മി എഴുതിയത്. ഡോ. സൂരജ് ഭാൻ എഴുതുന്നു: ‘‘ബാബരി മസ്ജിദിന്റെ മതിൽക്കെട്ടിന് പുറത്ത് കുഴിച്ച കിടങ്ങുകളിൽനിന്ന് ലഭിച്ച, ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടമെന്ന് അവകാശപ്പെടുന്ന, ഇഷ്ടിക തൂണുകൾക്ക് ബാബരി മസ്ജിദിന്റെ നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ള കൽത്തൂണുകളുമായി സ്ട്രേറ്റിഗ്രഫിക്കൽ (ശിലാപാളീ ബന്ധം) സ്ഥാപിക്കപ്പെട്ടിട്ടില്ല. അവ പതിനൊന്നാം നൂറ്റാണ്ടിൽ (രാമക്ഷേത്രം നിലവിൽ വന്നുവെന്ന് അവകാശപ്പെടുന്ന കാലം) പലേടത്തായി നിലവിൽ ഉണ്ടായിരുന്ന കെട്ടിടങ്ങളുമായി ബന്ധമുണ്ടാകാം എന്നല്ലാതെ. അവ ഒരേ കെട്ടിടത്തിന്റെ തുടർച്ചയാണെന്ന് സ്ഥാപിക്കാനുള്ള തെളിവുകളല്ല ഇവ.’’
ബി.ബി. ലാൽ, കെ.കെ. മുഹമ്മദ്
അയോധ്യയിൽ അധിവാസം ആരംഭിക്കുന്നത് ക്രിസ്തുവിന് മുമ്പ് ഏഴാം നൂറ്റാണ്ടിലാണെന്നാണ് ബി.ബി. ലാലിന്റെ തന്നെ കണ്ടെത്തൽ. പട്ടണം എന്ന നിലക്കുള്ള വികസനം നടക്കുന്നത് ആറാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ ആണ്. പുരാവസ്തുപരമായി നോർത്തേൺ ബ്ലാക്ക് പോളിഷ്ഡ് വെയർ ശിൽപഘടനകളാണ് അന്ന് നിലവിലിരുന്നത്. ‘വാല്മീകി രാമായണ’ത്തിൽ പറയുന്നതിനേക്കാൾ ലളിതവും കാലക്രമത്തിൽ മുമ്പുള്ളതുമാണ് ഈ ശിൽപഘടനകൾ. അതിനാൽതന്നെ വാല്മീകിയുടെ അയോധ്യ ഇപ്പോഴത്തെ അയോധ്യ തന്നെ ആവണമെന്നില്ല എന്ന് ചൂണ്ടിക്കാട്ടുന്നു ചരിത്രകാരൻ ഡോ. കെ.എൻ. പണിക്കർ. ബി.സി അഞ്ചാം നൂറ്റാണ്ടിനുശേഷമുള്ള രാജാക്കന്മാരുടെ വിവരങ്ങൾ ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്.
ദശരഥൻ, രാമൻ എന്നീ പേരുകൾ അതിലില്ല. അതായത്, ‘രാമായണ’ത്തിൽ പറഞ്ഞതെല്ലാം നടന്നതാണെങ്കിൽ അത് അഞ്ചാം നൂറ്റാണ്ടിന് മുമ്പാകണം. എന്നാൽ, ബി.ബി. ലാലിന്റെ ഗവേഷണഫലം അനുസരിച്ച് അതിന് സാധ്യതയുമില്ലെന്ന് കെ.എൻ. പണിക്കർ ചൂണ്ടിക്കാട്ടുന്നു. അതായത്, സംഘ്പരിവാർ പക്ഷം ചേർന്നുനിൽക്കുന്ന ആർക്കിയോളജിസ്റ്റുകൾ അവതരിപ്പിച്ചിട്ടുള്ള സിദ്ധാന്തങ്ങളെ അതത് കാലഘട്ടത്തിൽതന്നെ സ്വതന്ത്ര ചരിത്രകാരന്മാർ വസ്തുനിഷ്ഠമായി ഖണ്ഡിച്ചിട്ടുള്ളതാണ്. അവർ ഒരു കാര്യംകൂടി പറഞ്ഞിട്ടുണ്ട്. ഇനി, പതിനാറാം നൂറ്റാണ്ടിൽ അവിടെ ഒരു ക്ഷേത്രം തകർത്തിരുന്നു എന്ന് വെക്കുക.
ഇരുപതാം നൂറ്റാണ്ടിൽ പള്ളി തകർത്ത് അതിന് പകരംവീട്ടുന്നത് ശരിയാണോ? മധ്യകാലത്തെ കാടൻ യുക്തികളിലേക്ക് തിരിച്ചുപോവുകയാണോ ഒരു ആധുനിക ജനാധിപത്യ രാഷ്ട്രം ചെയ്യേണ്ടത്? തർക്കഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുത്ത വിധിയിൽ സുപ്രീംകോടതി ഈ ഭരണഘടനാമൂല്യ നിരാസത്തെ എടുത്തുപറയുന്നുണ്ട്: ‘‘കാലത്തെ തിരിച്ചുകൊണ്ടുപോകാതിരിക്കുക എന്നത് ഭരണഘടനാ തത്ത്വങ്ങളുടെ അടിത്തറയുടെ മൗലിക സ്വഭാവങ്ങളിൽ ഒന്നാണ്. മതനിരപേക്ഷത ഈ അടിത്തറയുടെ കാതലായ ഘടകമാണ്.’’ എന്നാൽ, രാമന്റെ കാര്യം വരുമ്പോൾ ഇതൊന്നും ബാധകമല്ല എന്ന ഉള്ളടക്കത്തിലേക്ക് ആ വിധി വഴുതിപ്പോയതും ഓർക്കുക.
3. ആരാണ് രാമൻ?
ഈ ചോദ്യത്തിന് പല ഉത്തരങ്ങളുണ്ട്. ഭഗവാൻ ശ്രീരാമൻ എന്നത് മുതൽ ലോകമെമ്പാടും പ്രചാരത്തിലുള്ള നൂറുകണക്കിന് രാമകഥകളിലെ കഥാപാത്രമായ രാമൻ എന്നതു വരെ.
എ.കെ. രാമാനുജന്റെ ‘ത്രീ ഹൻഡ്രഡ് രാമായണാസ്: ഫൈവ് എക്സാമ്പിൾസ് ആൻഡ് ത്രീ തോട്സ് ഓൺ ട്രാൻസ് ലേഷൻ' എന്ന പ്രസിദ്ധമായ പ്രബന്ധവും പ്രഫ. റോമില ഥാപ്പറുടെ ‘എ ഹിസ്റ്ററിക്കൽ പെർസ്പെക്ടിവ് ഓൺ ദി സ്റ്റോറി ഓഫ് രാമാ’ എന്ന പ്രബന്ധവുമാണ് ഏറ്റവും ആധികാരികമായി മുന്നിലുള്ളത്. മതപരമായ പശ്ചാത്തലത്തിലല്ലാതെ സാംസ്കാരിക വിവക്ഷകളിൽ മാത്രം നിലനിൽക്കുന്ന അനേകം രാമന്മാർ ഉണ്ട്. അതായത് കഥകളായി, അല്ലെങ്കിൽ ആചാരങ്ങളുടെ ഭാഗമായി ഒക്കെ.
മതപരമായ പശ്ചാത്തലത്തിൽതന്നെ നോക്കിയാൽ അങ്ങേയറ്റം വ്യത്യസ്തരായ രാമന്മാരുമുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കൂടാതെ ഏഷ്യയിലെമ്പാടുമായി പലപല രാമകഥകൾ നിലനിൽക്കുന്നു. മിക്കവാറും എല്ലാ കഥകളും അവ പിന്തുടരുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ച് ആധികാരികവും. വാല്മീകിയുടെ ‘രാമായണ’വും തുളസിദാസിന്റെ ‘രാമചരിത മാനസ’വും മാത്രമാണ് ആധികാരികമെന്ന വാദം പണ്ടേ പൊളിഞ്ഞതാണ്.
‘വാല്മീകി രാമായണം’ തന്നെ ഇന്ന് മനസ്സിലാക്കപ്പെടുംപോലെ ഒരു വിശുദ്ധഗ്രന്ഥമായിരുന്നില്ല തുടക്കത്തിൽ. ഇതിഹാസരൂപത്തിലുള്ള ഒരു കഥ മാത്രം. ആദികാവ്യമായാണ് അത് എവിടെയും പരാമർശിക്കപ്പെട്ടിരുന്നത്. ധർമവാക്യമായും അത് കരുതപ്പെട്ടില്ല. വിശുദ്ധഗ്രന്ഥങ്ങൾ മാറ്റത്തിന് വിധേയമാകാറില്ല. പക്ഷേ, ‘രാമായണ’ത്തിന്റെ കാര്യത്തിൽ അതല്ല സ്ഥിതി. പ്രഫ. റോമില ഥാപ്പർ ഇങ്ങനെ എഴുതുന്നു: ‘‘ഇതിഹാസങ്ങളുണ്ടാകുന്നത് വാങ്മയങ്ങളായി പ്രചരിച്ച അനേകം നാടോടി ഗാനങ്ങളിൽനിന്നും ഫോക് ടെയിലുകളിൽനിന്നും മിത്തുകളിൽനിന്നുമൊക്കെയാണ്. ഏതെങ്കിലും നാടോടിക്കവി അതിനെയെല്ലാം കോർത്തിണക്കി സാഹിത്യരൂപം നൽകുന്നു.
‘രാമകഥ’ അത്തരമൊരു ആദ്യ സാഹിത്യരൂപമായി. പക്ഷേ, അതിന്റെ മൗലികരൂപത്തിൽനിന്ന് അത് ഏറെ മാറി. ആദ്യത്തെ ഈ എപിക് പാടിക്കേട്ടത് കൂടുതലും ബലിപോലുള്ള അനുഷ്ഠാനങ്ങളിലും വിരുന്നുകളിലും രാജസദസ്സുകളിലും മറ്റുമായിരുന്നു. എന്നാൽ, രാമകഥയുടെ ജനപ്രിയത അതിനെ റിലീജ്യസ് ടെക്സ്റ്റുകളിൽ ഉൾക്കൊള്ളിക്കുന്നതിലേക്ക് നയിച്ചു. ബ്രാഹ്മണരായ എഴുത്തുകാരിലൂടെ തുടക്കത്തിലും ഒടുക്കവും ഓരോ ഭാഗങ്ങൾ കൂട്ടിച്ചേർത്തു. ‘ബാലകാണ്ഡ’വും ‘ഉത്തരകാണ്ഡ’വും. ഇത് രണ്ടിലും ഭാർഗവ ബ്രാഹ്മണ പാരമ്പര്യത്തെ എടുത്തുകാണിക്കുന്നത് ശ്രദ്ധിക്കുക.’’ രാമനെ വിഷ്ണുവിന്റെ അവതാരമായി അവതരിപ്പിക്കാൻ തുടങ്ങുന്നത് ഈ കാലത്താണ് എന്നും പ്രഫ. ഥാപ്പർ ചൂണ്ടിക്കാട്ടുന്നു. രാവണൻ പത്തു തലയുള്ളവനായി മാറുന്നതും അങ്ങനെയാണ്.
‘ബോൺ എ മുസ്ലിം’ എന്ന തന്റെ ഗ്രന്ഥവുമായി ഗസാല വഹാബ്
ബി.സി നാലാം നൂറ്റാണ്ടിനും രണ്ടാം നൂറ്റാണ്ടിനും ഇടയിൽ ബുദ്ധിസ്റ്റുകൾക്ക് ഇടയിൽ പ്രചാരം നേടിയ ‘ദശരഥ ജാതക’യിൽ രാമന്റെ ഭാര്യയല്ല സീത, സഹോദരിയാണ്. വനവാസം കഴിഞ്ഞ് എത്തുന്ന സീത രാമനെ വിവാഹംചെയ്ത് രാജ്ഞിയാകുന്നു. സഹോദര - സഹോദരീ വിവാഹത്തെക്കുറിച്ച് ബുദ്ധമതത്തിലുണ്ടായിരുന്ന മിത്തിക്കൽ സങ്കൽപങ്ങളാകാം ഇതിന് കാരണം. ബുദ്ധമതത്തിന്റെ പ്രാമാണികത ക്ഷയിക്കുന്നതോടെ പാലി ഭാഷയിലുള്ള ഈ വേർഷൻ ഇരുട്ടിലാകുന്നു.
ജൈനമതത്തിലെ ‘പൗമാചാര്യം’ എന്ന ഇതിഹാസത്തിൽ എ.ഡി മൂന്നാം നൂറ്റാണ്ടിൽ വിമലസൂരി പ്രാകൃത് ഭാഷയിൽ എഴുതിയ ഈ കൃതി ബ്രാഹ്മണിക് രാമായണത്തിന്റെ മിറർ ഇമേജ് ആണ്. രാവണനാണ് മുഖ്യം. രാക്ഷസന്മാർ സാധാരണ മനുഷ്യർ. രാവണന് പത്തു തലയില്ല. ഒമ്പതു തലകൾ ഒറിജിനൽ തലയുടെ രത്നമാലയിലെ പ്രതിഫലനമാണ്. ഹനുമാൻ കുരങ്ങനല്ല. ഒരു ഗോത്ര തലവനാണ്. കുരങ്ങന്റെ ചിഹ്നമുള്ള ഗോത്രം.
ഇനി സംസ്കൃതത്തിൽ വന്നിട്ടുള്ള അനേകം മഹാകാവ്യങ്ങൾ നോക്കിയാൽ (‘രഘുവംശം’ -കാളിദാസൻ, ‘പ്രതിമ നാടകം’ - ഭാസൻ, ‘ഉത്തര രാമചരിതം’ - ഭവഭൂതി) എല്ലാംതന്നെ സാഹിത്യ കൃതികളാണ്. വിശുദ്ധഗ്രന്ഥങ്ങൾ അല്ല. മറ്റു ഭാഷകളിലോ വേറെയും അനേകം. തമിഴിൽ ‘കമ്പരാമായണം’, തെലുങ്കിൽ ‘രംഗനാഥ രാമായണം’, കന്നടയിൽ ‘പമ്പരാമായണം’, മലയാളത്തിൽ എഴുത്തച്ഛന്റെ ‘രാമായണം കിളിപ്പാട്ട്’, മറാത്തിയിൽ ‘ഭാവർഥ രാമായണം’, ബംഗാളിയിൽ ‘കൃതിബാസ രാമായണം’ അങ്ങനെ...
എന്നാൽ, രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ രാമകഥ ഭൂമിശാസ്ത്രപരമായി കൂടുതൽ ദേശങ്ങളിലേക്ക് പരന്നു. രാമഭക്തി അല്ല അതിന്റെ കാരണം. പകരം, ഒരു ഉത്തമ പുരുഷ സങ്കൽപവുമായി ചേർത്തുെവച്ച് ഈ സംസ്കാരങ്ങൾക്കെല്ലാം പൊതുവായി സംവദിക്കാൻ കഴിഞ്ഞു എന്നതാണ്. അതിനാൽ രാമകഥക്ക് അവിടങ്ങളിൽ എല്ലാം പുതിയ വേർഷൻ ഉണ്ടായി. ഉദാഹരണത്തിന് തെക്കു കിഴക്കേ ഏഷ്യയിൽ പ്രചാരത്തിൽ വന്ന ഒരു ആഖ്യാനത്തിൽ അയോധ്യ വടക്കൻ വിയറ്റ്നാമിലെ അന്നം എന്ന സ്ഥലമാണ്. അതിനു തെക്കുള്ള ചമ്പ ലങ്കയും. ചില വേർഷനുകളിൽ സീത രാവണന്റെ മകളാണ്. മലയ രാമകഥയിൽ ആദം കഥാപാത്രമാകുന്നുണ്ട്!
ഇവിടെ ഏറ്റവും പ്രധാനമായും കാണേണ്ടത് രാമകഥ ഇത്രയും ജനപ്രീതി നേടിയത് നന്മയും തിന്മയും തമ്മിൽ ഏറ്റുമുട്ടുന്ന കഥ എന്നനിലക്കാണ് എന്നതാണ്. നന്മ വിജയിക്കുകയും ചെയ്യുന്നു. ഒപ്പംതന്നെ വൈഷ്ണവവിഭാഗം സംസ്കൃത ഭാഷ പ്രചരിപ്പിക്കാൻ ഉപയോഗിച്ച കഥ എന്ന നിലയിലും ഉണ്ട്. ശാക്ത ട്രഡീഷൻ, ശൈവ ട്രഡീഷൻ എന്നിങ്ങനെ, ഹിന്ദുമതമെന്ന് വിശേഷിപ്പിക്കപ്പെട്ട പാരമ്പര്യത്തിെന്റ പലവിധ സെക്ടുകളിൽ, അവരവരുടെ ഭക്തിമാർഗങ്ങളുമായി ബന്ധപ്പെട്ട രാമകഥകൾ ഉയർന്നുവന്നു. ശൈവകഥയിൽ ശിവൻ കഥ പറയുന്ന ആളായി വരുന്നു. സീത രാവണനെ തനിച്ച് തോൽപിക്കുന്നു. ഇങ്ങനെയെല്ലാം ഭേദഗതികൾ വരുന്നുണ്ട്.
പക്ഷേ, രാമകഥയുടെ ഏറ്റവും രാഷ്ട്രീയമായ ആഖ്യാനം പതിനാറാം നൂറ്റാണ്ടിൽ തുളസിദാസ് ഹിന്ദിയിലെഴുതിയ ‘രാമചരിതമാനസ്’ ആണ്. രാമനെ ദൈവമാക്കുന്ന ഈ ആദ്യകൃതി ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യ മുഴുവൻ വൻ ജനപ്രീതി നേടുന്നു. അതിൽനിന്ന് രൂപപ്പെടുത്തിയെടുത്ത കഥകൾ െവച്ച് രാമലീല നാടകങ്ങൾ നാടുനീളെ അരങ്ങേറുന്നു. ഏറ്റവും ഒടുവിൽ, രാമൻ എന്ന രാഷ്ട്രീയ ദൈവികബിംബത്തെ സവർക്കറുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാന സന്ദേശവാഹകനാക്കി മാറ്റാൻ ഇടയാക്കുന്ന, രാമാനന്ദ സാഗറുടെ രാമായണം ദൂരദർശൻ സീരിയൽവരെ എത്തുന്നു ‘രാമചരിതമാനസ’ത്തിന്റെ പ്രയോഗങ്ങൾ.
ഇത് ഒന്ന് ചുരുക്കി പറഞ്ഞതാണ്. ഇതിന്റെ സൂക്ഷ്മവിവരങ്ങൾ കുറെയുണ്ട്. രാമകഥ ഒറ്റ ഒന്നല്ല. രാമായണം ഒന്നല്ല. ഈ ബഹുലമായ രാമകഥകളിൽനിന്ന് ഏത് രാമന്റെ ക്ഷേത്രമാണ് അയോധ്യയിൽ ജനുവരി 22ന് ഉദ്ഘാടനം ചെയ്യപ്പെടുക?
ഒടുവിൽ, ഒന്നുകൂടി. ഒരു രാമൻകൂടിയുണ്ട്. ഗാന്ധിജിയുടെ രാമൻ. ഒരിക്കലും ജനിക്കുകയോ മരിക്കുകയോ ചെയ്തിട്ടില്ല എന്ന് ഗാന്ധിജി പറയുന്ന രാമൻ. ജനുവരി 22ന് ഉദ്ഘാടനംചെയ്യുന്നത് ആ രാമന്റെ ക്ഷേത്രമല്ല എന്ന് ഉറപ്പുണ്ട്. കാരണം, ഗാന്ധിജി ഒരു നൂറ്റാണ്ട് മുമ്പ് തറപ്പിച്ചു പറഞ്ഞു: ‘‘ആയിരം അമ്പലങ്ങൾ തവിടുപൊടിയായാലും ഒരൊറ്റ പള്ളിപോലും ഞാൻ തൊടില്ല. അത്തരം ഭ്രാന്തൻ വിശ്വാസങ്ങളുടെ മേൽ എന്റെ വിശ്വാസത്തിന്റെ മേൽക്കോയ്മ സ്ഥാപിക്കാൻ ഞാനൊരുക്കമല്ല.’’-മഹാത്മാ ഗാന്ധി, യങ് ഇന്ത്യ, ആഗസ്റ്റ് 28, 1924.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.