കോട്ടയത്ത്​ ഇൗഴവരിൽനിന്ന്​ ക്രിസ്​തുമതം സ്വീകരിച്ചവർ -1936ലെ ചിത്രം

കേരളത്തിലെ ക്രിസ്ത്യാനികൾ: ഈഴവരെ മുൻനിർത്തി ഒരു ആലോചന

കേരളത്തിലെ ക്രിസ്​ത്യാനികളുടെയും മതപരിവർത്തനങ്ങളുടെയും ചരി​ത്രത്തിൽ ഇൗഴവരുടെ മതംമാറ്റം ഗൗരവമായി പരിഗണിക്കപ്പെട്ടിട്ടില്ല. ദലിത്​ വിഭാഗങ്ങളിൽനിന്നു മാത്രമാണോ ക്രിസ്​തുമതത്തിലേക്ക്​ പരിവർത്തനം കൂടുതൽ നടന്നത്​? ഇൗഴവർ എങ്ങനെയാണ്​ മതപരിവർത്തനത്തെ സമീപിച്ചത്​? എന്തായിരുന്നു ഇൗഴവരുടെ ക്രിസ്​ത്യൻ മത ആ​ശ്ലേഷണത്തിന്​ പിന്നിൽ? ഈഴവരുടെ ക്രിസ്തുമത ചരിത്രത്തെ മുൻനിർത്തി കേരളത്തിലെ ക്രൈസ്തവ സഭയിൽ നടക്കുന്ന ജാതി സംയോജനത്തിന്റെ ചരിത്രത്തെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഇൗ പഠനം. 

ഇടത്-വലത് അക്കാദമിക സമൂഹവും ലിബറൽ ജനാധിപത്യവാദികളും ഹിന്ദു വലത്-ഇടതുപക്ഷ കക്ഷികളും തുടങ്ങി എല്ലാവിധ ചരിത്രകാരന്മാരുടെയും സാംസ്‌കാരിക പഠിതാക്കളുടെയും എഴുത്ത് വ്യവഹാരങ്ങളിൽ ക്രിസ്തുമത പരിവർത്തനം [Conversion] എന്ന പരികൽപന ഗൗരവമായ രീതിയിൽ അന്വേഷിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശകാലത്ത് കേരളത്തിലെ മുൻകാല അടിമജാതികൾ എന്തുകാരണത്താലാണ് ക്രിസ്തുമതം സ്വീകരിച്ചത് എന്നതായിരുന്നു ബഹുഭൂരിപക്ഷവും അന്വേഷണവിധേയമാക്കിയ ഗവേഷണ ചോദ്യം. പ്രൊട്ടസ്റ്റന്റ് മിഷനറി സംഘങ്ങളിൽ ചേർന്ന നാടാർ, ദലിത് (പുലയർ, പറയർ, കുറവർ) എന്നീ വിഭാഗങ്ങളെ കേന്ദ്രസ്ഥാനത്ത് നിർത്തി ഭൗതികനേട്ടം [Material benefit] എന്ന ഉത്തരത്തിലേക്കാണ് അവർ ഒന്നടങ്കം എത്തിച്ചേർന്നത്.

കേരളത്തിൽ നിരവധി ജാതി വിഭാഗങ്ങൾ ക്രിസ്തുമതം സ്വീകരിച്ചെങ്കിലും മതപരിവർത്തന ചരിത്രത്തെ രണ്ട് വിഭാഗങ്ങളിലേക്ക് മാത്രമായി ചുരുക്കിയുള്ള ഈ ഏകശിലാ നിർമിതി വികലമാണെന്നു പറയാതെ വയ്യ. ക്രിസ്തുമതത്തിനുള്ളിലെ ജാതി, ജാതിവിവേചനം, ജാതി സംയോജനം [integration], സമകാലിക ദലിത് ക്രിസ്ത്യൻ ജീവിതം എന്നിവയെ കൂടുതലായി മനസ്സിലാക്കുവാൻ നിലവിലെ ക്രിസ്ത്യൻ ചരിത്രരചനകൾ അത്രത്തോളം സഹായകരമല്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ കേരളത്തിൽ ക്രിസ്ത്യാനികൾക്കിടയിലുണ്ടായ ജാതിസംയോജനത്തിന്റെ ചരിത്രം വ്യക്തമാകുന്നയിടത്തിലാണ് എന്തുകൊണ്ടാണ്​ ക്രിസ്തുമതത്തിനുള്ളിൽ ജാതി വിവേചനം ഇത്രയും ശക്തമായി നിൽക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കൂ.

മതപരിവർത്തന ചരിത്രമെന്നാൽ ദലിതരുടെയും നാടാർ വിഭാഗത്തിന്റെയും ചരിത്രമെന്ന പ്രഖ്യാപനമാണ് കാലാകാലങ്ങളായി എല്ലാവരും നടത്തുന്നത്. കേരളത്തിന്റെ ഇത്തരത്തിലുള്ള ചരിത്രമാതൃകയോട് ചില വിമർശന ചോദ്യങ്ങൾ ഉന്നയിക്കാനുള്ള ശ്രമമാണ് ഈ ലേഖനം. അതിന്റെ ഭാഗമായി കേരളത്തിലെ ഏറ്റവും വലിയ പിന്നാക്ക ജാതി വിഭാഗമായിരുന്ന ഈഴവരുടെ ക്രിസ്തുമത ചരിത്രത്തെ മുൻനിർത്തി കേരളത്തിലെ ക്രൈസ്തവ സഭയിൽ നടക്കുന്ന ജാതിസംയോജനത്തിന്റെ ചരിത്രത്തെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഇനിവരുന്ന ഭാഗത്ത് നടത്തുന്നത്.

മലബാറിലെ ക്രിസ്ത്യാനികളും മിഷനറിമാരും

ഇന്ത്യയിൽ ക്രിസ്തുമതം എത്തിച്ചേർന്നതിനെ കൃത്യമായി തെളിയിക്കത്തക്ക തെളിവുകൾ ഒന്നുമില്ലെങ്കിലും കൊളോണിയൽ കാലം മുതലേ മലബാർ തീരത്തെ ക്രിസ്തുമത ചരിത്രത്തെ കുറിച്ച് വ്യാപകമായ അന്വേഷണത്തിൽ ഏർപ്പെട്ടിരുന്ന, അംബേദ്കർ ഉൾപ്പെടെയുള്ള വലിയ ഒരുനിര നമുക്ക് മുന്നിലുണ്ട്‌.

ഒന്നാം നൂറ്റാണ്ടിൽ തോമസ് അപ്പോസ്തലൻ കേരളത്തിൽ വന്നു എന്നതിന് ഒരു തെളിവില്ലെന്നും രണ്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യൻ തീരദേശ വാസികൾ, സിലോണിലെ മുത്തുച്ചിപ്പി വാരുന്നവർ, മലബാറിലെയും കൊറാമാണ്ടിലെയും കൃഷിക്കാർ എന്നിവരുടെ ഇടയിൽ ക്രിസ്തുമതം പ്രചരിപ്പിച്ചിരുന്നതിന് തെളിവുകൾ ലഭ്യമാണെന്നാണ് അംബേദ്കർ ഉൾപ്പെടുന്ന പണ്ഡിതവിഭാഗം പറയുന്നത് (അംബേദ്കർ വാല്യം 10, 2000: 364). കേരളത്തിൽ ആദ്യം ക്രിസ്തുമതം സ്വീകരിച്ചവർ ആരാണെന്നതിനെ സംബന്ധിച്ചു തെളിവുകൾ ഇല്ലെങ്കിലും പതിനാറാം നൂറ്റാണ്ടോടു കൂടി, പ്രത്യേകിച്ച് 1542ൽ എത്തിയ ഫ്രാൻസിസ് സേവ്യറുടെ വരവിനുശേഷം കേരള തീരത്തെ ക്രിസ്തുമതം ചലനമുള്ളതായി.

അങ്ങനെ ക്രിസ്ത്യൻ വിശ്വാസികളായി തീരദേശ തൊഴിലാളികളും ദലിതരും എത്തിയതോടെ ക്രൈസ്തവ സഭക്കുള്ളിൽ പതിനാറാം നൂറ്റാണ്ടു മുതൽ ജാതിവേർതിരിവ് രൂക്ഷമായിത്തുടങ്ങി (Thekkedath, 1988: 23). പുരാശേഖരങ്ങളിൽനിന്നും കച്ചവടസംബന്ധമായ ചില എഴുത്തുകൾ/ രേഖകൾ ക്രിസ്ത്യൻ വിഭാഗത്തിനെ കുറിച്ച് ലഭിക്കുന്നത് ഒഴിച്ചാൽ, ബ്രിട്ടീഷ് കാലത്തിന് മുമ്പുള്ള ജ്ഞാനവ്യവഹാരവുമായി ബന്ധം പുലർത്തുന്ന, എഴുത്തിലൂടെ ഒരു സാഹിത്യ/സാഹിത്യേതര സൃഷ്ടിയോ രചിച്ചിട്ടില്ലാത്ത ഒരു വിഭാഗമായിരുന്നു തദ്ദേശീയ ക്രൈസ്തവ കൂട്ടം.

പോർചുഗീസുകാരുടെയും ഡച്ചുകാരുടെയും കാലത്ത് ഈഴവർ, ആശാരി, പരവർ ഉൾപ്പെ​െടയുള്ള പിന്നാക്ക ജാതികൾ റോമൻ കത്തോലിക്കാ [ലത്തീൻ കത്തോലിക്ക] വിശ്വാസത്തിലേക്ക് എത്തിയിരുന്നു. അതോടൊപ്പം പുളിങ്കുന്ന്, തലവടി, കാവാലം, മുട്ടാർ, ചമ്പക്കുളം, എടത്വ, കുട്ടനാട് തുടങ്ങിയ സ്ഥലങ്ങളിലെ ഈഴവർ കത്തോലിക്കാ വിശ്വാസത്തിലേക്ക് പ്രവേശിക്കുകയുണ്ടായി (Sadasivan, 2000: 445). ഈഴവർക്കിടയിൽ ഇത് സംബന്ധമായ ഓർമകൾ സജീവമായിരുന്നു എന്നതിന്റെ തെളിവാണ് 1920 ജൂലൈ എട്ടിന് ‘മിതവാദി’ പത്രത്തിൽ തിയ്യരുടെ/ ഈഴവരുടെ ക്രിസ്തുമത സ്വീകരണവുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച മുഖപ്രസംഗം.

“തിരുവിതാംകൂറിലും കൊച്ചിയിലും ഇന്ന് കാണുന്ന ക്രിസ്ത്യാനികളിൽ പകുതിമുക്കാലും നമ്മുടെ സമുദായത്തിൽനിന്ന് പോയവരാണെന്നും, പോർചുഗീസുകാർ, ഡച്ചുകാർ എന്നിവരുടെ കാലത്ത് നിരവധിയാളുകൾ ക്രിസ്തുമതം സ്വീകരിച്ചെന്നും” അതിൽ സൂചിപ്പിക്കുന്നുണ്ട് (ഭാസ്കരനുണ്ണി 2005: 398). എന്തായാലും ക്നാനായ, കൽദായ, റോമൻ സിറിയൻ, യാക്കോബായ തുടങ്ങിയ സഭാവിഭാഗങ്ങളുടെ മധ്യത്തിലേക്കാണ് പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ മിഷനറിമാർ സുവിശേഷ പ്രവർത്തനവുമായി എത്തിച്ചേർന്നത്.

ഇൗഴവരിൽനിന്ന്​ ക്രിസ്​തുമതത്തിലേക്ക്​ ചേർന്നവർ

 എസ്.പി.സി.കെ എന്ന മിഷനറി സംഘടന തിരുവിതാംകൂറിൽ പ്രവർത്തിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ എതിർപ്പുകൾമൂലം അവരുടെ ആദ്യ പ്രവർത്തകനായ സത്യനാഥൻ യേശു അടിയാന് ഒരു പള്ളിപോലും തിരുവിതാംകൂറിൽ സ്ഥാപിക്കുവാൻ കഴിഞ്ഞില്ല. പിന്നീട് തെക്കൻ തിരുവിതാംകൂറിലെ മൈലാടി ഗ്രാമത്തിലെ വേദമാണിക്യം എന്ന പറയ ക്രിസ്ത്യാനിയുടെ നിർബന്ധത്തിന്റെ ഫലമായാണ് 1806ൽ ലണ്ടൻ മിഷനറി സംഘം തിരുവിതാംകൂറിൽ പ്രവർത്തനം ആരംഭിക്കുന്നത്.

തെക്കൻ തിരുവിതാംകൂറിലെ പറയ, നാടാർ വിഭാഗങ്ങൾക്കിടയിലും 1821 മുതൽ കൊല്ലം ഭാഗത്തെ പുലയ, പറയ, കുറവ വിഭാഗങ്ങൾക്കിടയിലും ലണ്ടൻ മിഷനറിമാർ പ്രവർത്തനം നടത്തി. ആദ്യകാലങ്ങളിൽ ഈഴവർക്കിടയിൽ കാര്യമായ പ്രവർത്തനങ്ങൾ ഒന്നുംതന്നെ ലണ്ടൻ മിഷനറി സംഘം നടത്തിയിരുന്നില്ല. എന്നാൽ, പ്രൊട്ടസ്റ്റന്റ് മിഷനറി സംഘങ്ങളിൽ ഏറ്റവുമധികം പിന്നാക്ക ജാതികൾ അംഗങ്ങളായെത്തിയത് കോട്ടയം ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന സി.എം.എസ് മിഷനിലായിരുന്നു.

സി.എം.എസിലേക്കുള്ള ഈഴവരുടെ മതപരിവർത്തനം അഥവാ ദൃശ്യതയുടെ ചരിത്രം

യാക്കോബായ സുറിയാനി ക്രിസ്ത്യാനികളെ പ്രൊട്ടസ്റ്റന്റ് മിഷനറി അനുയായികൾ ആക്കിത്തീർക്കുക എന്ന ലക്ഷ്യവുമായി തിരുവിതാംകൂറിൽ 1816ൽ പ്രവർത്തനം ആരംഭിച്ച സി.എം.എസ് മിഷന് അവരുടെ അടിസ്ഥാന ലക്ഷ്യം നിറവേറാൻ സാധിച്ചില്ല. സി.എം.എസ് മിഷനറിമാർ 1836 ജനുവരി മാസത്തിൽ സുറിയാനി മിഷൻ ദൗത്യം അവസാനിപ്പിക്കുന്നതിനിടയിൽ 1816ൽ ആലപ്പുഴയിൽ ഒരു ക്രിസ്ത്യൻ ദേവാലയം പണിയുന്നത് ഒഴിച്ചാൽ തിരുവിതാംകൂറിലും കൊച്ചിയിലുമായി ഒറ്റ സുറിയാനി ക്രിസ്ത്യൻ പള്ളിയും നിർമിക്കുവാൻ അവർക്ക് സാധിച്ചിരുന്നില്ല.

1840കൾക്ക് ശേഷം പലയിടങ്ങളിലായി ഈഴവ, ആശാരി, തട്ടാൻ, കണിയാൻ, വേലൻ, നായാടി എന്നീ ജാതികളുടെ ഇടയിൽ സി.എം.എസ് മിഷനറിമാർ പ്രവർത്തനം ആരംഭിച്ചതിന്റെ ഫലമായി 1850കളോടെ ഈഴവർക്കിടയിൽനിന്നും കൂടുതൽ ആളുകൾ മിഷനിലേക്ക് ചേരുവാനും തുടങ്ങി. 1887ന് മുമ്പായിരുന്നു ഈഴവരിൽനിന്ന് മതപരിവർത്തനംചെയ്ത ഒരു ഈഴവനെ സി.എം.എസ് മിഷനറിമാർ പുരോഹിതനാക്കുന്നത് എന്നാണ് റോബിൻ ജെഫ്രി പറയുന്നത് (ജെഫ്രി 2014:179). എന്തായാലും ഈഴവർക്ക് ചിലയിടങ്ങളിൽ സാമൂഹിക മൂലധനം നേടാൻ സാധിച്ചെങ്കിലും മറ്റ് ചിലയിടങ്ങളിൽ ഈഴവ ക്രിസ്ത്യാനികളും സുറിയാനി ക്രിസ്ത്യാനികളും തമ്മിൽ ജാതിവഴക്കുകൾ നടന്നിരുന്നു.

കോട്ടയം, ഒളശ്ശ, കൊല്ലാട് പോലുള്ള സ്ഥലങ്ങളിൽ ഇത്തരം തർക്കങ്ങൾ ആദ്യ സമയങ്ങളിൽ ഉണ്ടായതിന്റെ ഫലമായി ഈഴവ ക്രിസ്ത്യാനികൾ കത്തോലിക്കാ സഭകളിലേക്ക് അംഗങ്ങളായി പോയിത്തുടങ്ങിയെന്നു കോശി കോശിയെന്ന തദ്ദേശീയ മിഷനറി 1859ൽ എഴുതുന്നുണ്ട്. വടക്കൻ തിരുവിതാംകൂറിലെയും കൊച്ചിരാജ്യത്തെയും ആംഗ്ലിക്കൻ പള്ളികളിൽ അംഗങ്ങളായ ഈഴവരുടെയും കണിയാൻ ജാതിക്കാരുടെയും രണ്ടാം തലമുറ മുതൽ സുറിയാനി ക്രിസ്ത്യാനി അന്തസ്സിലേക്ക് ഉയർന്നെങ്കിലും മാവേലിക്കര-കായംകുളം ഭാഗത്ത് ഈഴവ ക്രിസ്ത്യാനി എന്ന നിലയിൽ തന്നെയാണ് അവർ അടയാളപ്പെടുത്തപ്പെട്ടത്.

1875 ആകുമ്പോൾ സി.എം.എസ് മിഷനിൽമാത്രം 4500 ഈഴവ ക്രിസ്ത്യാനികൾ അംഗങ്ങളായി എത്തിയിരുന്നു (Gladstone 1984: 147). ജനുവരി 1918ലെ C.M.S Mass Movement Quarterly മാസിക പറയുന്നത് ഏഴായിരം ഈഴവ ക്രിസ്ത്യാനികൾ സി.എം.എസ് മിഷനിലുണ്ടായിരുന്നു എന്നാണ്. അതേസമയം, സർക്കാർ രേഖകളിലാകട്ടെ നിലവിലെ ആദ്യപരിവർത്തന ഈഴവനെ മാത്രമേ ഈഴവ ക്രിസ്ത്യാനിയായി പരിഗണിച്ചിരുന്നുള്ളൂ. 1931ലെ തിരുവിതാംകൂർ സെൻസസ് പ്രകാരം തിരുവിതാംകൂറിൽ ആകെ 2311 ഈഴവ ക്രിസ്ത്യാനികൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്തായാലും സി.എം.എസ് മിഷനിലേക്ക് നിരവധി ഈഴവ ക്രിസ്ത്യാനികൾ അംഗങ്ങളായി എത്തിക്കൊണ്ടേയിരുന്നു.

ചേപ്പാട്, പുതുപ്പള്ളി, കൃഷ്ണപുരം, ഞക്കനാൽ, കന്നേറ്റി, ഭവാനിക്കര, കറ്റാനം, ക്ലാപ്പന തുടങ്ങിയ പ്രദേശങ്ങളിൽ എല്ലാം പൂർണമായും ഈഴവ സഭകളാണ് സി.എം.എസ് മിഷനറിമാർ ആരംഭിച്ചത്. തെക്കൻ ഇടവകകൾ, തെക്കന്മാർ എന്നൊക്കെയാണ് ഈ വിഭാഗം അറിയപ്പെട്ടിരുന്നത് (ഡാൽട്ടൻ 1966: 43). തിരുവിതാംകൂറിൽ ഇരുപത്തിമൂന്ന് സഭകൾ നിർമിച്ച ജോസഫ് പീറ്റാണ് തെക്കൻ ഇടവകകൾ എന്നറിയപ്പെടുന്ന ഈഴവ സഭകൾ കൂടുതലും നിർമിച്ചത്.

മാവേലിക്കരക്കും കരുനാഗപ്പള്ളിക്കും ഇടയിൽ നിരവധി ഈഴവർ ക്രിസ്തുമതം സ്വീകരിച്ചതിനാൽ ചോവൻ മാമോദീസ മുങ്ങിയ സഭ എന്ന പരിഹാസ പേരുപോലും സി.എം.എസിന് ലഭിക്കുകയുണ്ടായി (Sadasivan 2000: 443). അതേപോലെ തുകലശ്ശേരി, പൂവത്തൂർ, കോടുകുളഞ്ഞി, ചെങ്ങന്നൂർ, കവിയൂർ, ഇലന്തൂർ, തലവടി, തെക്കൻ പുതുപ്പള്ളി, ചങ്ങനാശ്ശേരി, പള്ളം, തുരുത്തി, കൊല്ലാട്, എറികാട്, ആർപ്പൂക്കര, കൂത്താട്ടുകുളം, തൃശൂർ, ഇരിങ്ങാലക്കുട എന്നിവയെല്ലാം ആദ്യകാല ഈഴവ സഭകളിൽ ഉൾപ്പെട്ടിരുന്നതാണ്. ഇന്ന് മധ്യകേരള മഹായിടവക, കൊച്ചിൻ മഹായിടവക എന്ന പേരിൽ അറിയപ്പെടുന്ന സി.എസ്.ഐ സഭയുടെ എല്ലാ പള്ളികളിലും ഈഴവ ക്രിസ്ത്യാനികൾ അംഗങ്ങളായിട്ടുണ്ട്.

ഡിക് കൂയിമാൻ ഉൾപ്പെടെയുള്ള സാമൂഹിക ശാസ്ത്രജ്ഞർ മുന്നോട്ടുവെച്ച പ്രധാന വാദം മുൻകാല അടിമജാതികളുടെ ക്രിസ്തുമത സ്വീകരണത്തിനു പിന്നിൽ അവർ സാമൂഹിക ഉയർച്ച ആഗ്രഹിച്ചിരുന്നു എന്നാണ്. ഈ വാദങ്ങളെ ബലപ്പെടുത്തുന്ന ഒന്നായിരുന്നു ഈഴവരുടെ ക്രിസ്തുമത പരിവർത്തനാനന്തര പ്രവർത്തനങ്ങൾ. സഞ്ചാരസ്വാതന്ത്ര്യമായിരുന്നു ഇതിൽ പ്രധാനപ്പെട്ടത്.

1851ൽ തിരുവല്ലയിൽ തുകലശ്ശേരി പള്ളിയിൽ അംഗമായ ചെറിയാൻ എന്ന് പേരുള്ള ഈഴവ ക്രിസ്ത്യാനി തിരുവല്ല ക്ഷേത്രത്തിന്റെ റോഡിലൂടെ നടന്നത് തിരുവിതാംകൂറിൽ വലിയ വിവാദങ്ങൾക്ക് കാരണമായി. ഈഴവൻ ക്രിസ്ത്യാനി ആയാലും ഈഴവന്റെ അയിത്തം മാറില്ല എന്ന ഒരു ഓർഡർ അതിനോടനുബന്ധമായി തിരുവിതാംകൂർ സർക്കാർ പുറപ്പെടുവിച്ചെങ്കിലും ക്രിസ്തുമതം സ്വീകരിച്ച ഈഴവർ ജാതി നിയമങ്ങളെ വെല്ലുവിളിക്കാൻ തുടങ്ങിയിരുന്നു. അതിനടുത്ത വർഷം (1852) തുകലശ്ശേരി പള്ളിയിലെ ജിനോ എന്നു പേരുള്ള മറ്റൊരു ഈഴവ ക്രിസ്ത്യാനി റോഡിലൂടെ നടന്നതിന് ആചാരം ലംഘിച്ചു എന്നാരോപിച്ചു രണ്ടു ബ്രാഹ്മണർ ജിനോയെ അടിച്ചു നിലത്തിട്ടു.

എന്നാൽ ജിനോ നൽകിയ പരാതി സ്വീകരിക്കാൻപോലും പ്രാദേശിക അധികാരികൾ തയാറായില്ല (Gladstone 1984:144). സ്വയം പ്രഖ്യാപിത ഹിന്ദുരാജ്യമായ തിരുവിതാംകൂറിന്റെ ജാതി നിയമത്തിന്റെ തീവ്രതയെ കാണിക്കുന്ന ഒന്നാണ് തിരുവല്ലയിലെ സംഭവങ്ങൾ. ക്രിസ്തുമതം സ്വീകരിച്ച ചെറിയാൻ, ജിനോ എന്നീ ഈഴവർക്കു ശേഷം ഏതാണ്ട് അറുപത്-എഴുപത് വർഷങ്ങൾക്കുശേഷം തിരുവിതാംകൂറിലെ ഏറ്റവും സമ്പന്നനായ, സ്വന്തമായി കാർ ഉണ്ടായിരുന്ന ഈഴവനായ ആലുമൂട്ടിൽ ചാന്നാനിലേക്ക് വരുമ്പോളും സഞ്ചാരസ്വാതന്ത്ര്യത്തിന്റെ അവസ്ഥ തുടരുന്നത് നമുക്ക് കാണാൻ സാധിക്കും.

സമ്പന്നനായ ഈഴവൻ മാവേലിക്കര, തിരുവല്ല ക്ഷേത്രങ്ങളുടെ മുന്നിൽ വരുമ്പോൾ കാറിന്റെ വാതിൽ തുറന്നു വെളിയിൽ ഇറങ്ങി ഈഴവർക്ക് അനുവദിച്ചിരിക്കുന്ന ക്ഷേത്രത്തിനു പിറകിലൂടെയുള്ള ഊടുവഴിയിലൂടെ നടന്നു ക്ഷേത്ര പരിസരത്തിനു അപ്പുറത്ത് വന്നുനിൽക്കുമ്പോൾ നായരായ ഡ്രൈവർ കാറുമായി ആലുമൂട്ടിൽ ചാന്നാന്റെ മുന്നിൽ എത്തുകയും വീണ്ടും യാത്ര തുടരുകയുമാണ് ചെയ്യുന്നത്. ക്രിസ്തുമതം സ്വീകരിച്ച ഈഴവർ വ്യാപകമായി ജാതി നിയമങ്ങളെ വെല്ലുവിളിക്കാൻ ശ്രമിക്കുകയും മിഷനറിമാരുടെ പിന്തുണ നേടുകയും ചെയ്തു.

1850കൾ മുതൽ തൃശൂർ, ഇരിങ്ങാലക്കുട ഭാഗത്തുള്ള ഈഴവർ സി.എം.എസ് മിഷനിൽ വ്യാപകമായി ചേരുവാൻ തുടങ്ങി. തൃശൂർ ഭാഗത്തെ മിഷനറി ഹാർലി നിരവധി ഈഴവരെ മതപരിവർത്തനം ചെയ്യുകയുണ്ടായി. കുടുമ മുറിക്കണം എന്ന ഒരു നിബന്ധന മിഷനറിമാർ ആ കാലത്ത് വെച്ചിരുന്നു. കാവാലം, ചങ്ങനാശ്ശേരി, പള്ളം, ആർപ്പൂക്കര തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം നിരവധി ഈഴവർ പള്ളികളിൽ എത്തുകയും മിഷനറിമാരുടെ മുന്നിൽ വെച്ച് അവരുടെ കുടുമി മുറിക്കുകയും ചെയ്തു. ചങ്ങനാശ്ശേരി, പള്ളം, തുരുത്തി, കൊല്ലാട്, എറികാട്, ആർപ്പൂക്കര തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം നാൽപതും അമ്പതും പേരടങ്ങുന്ന സംഘമായാണ് ഈഴവർ മിഷനിൽ ചേർന്നിരുന്നത്.

എന്നാൽ, പതിവുപോലെ ഹെൻറി ബേക്കർ സീനിയറും മകനും ഈഴവരുടെ മതപരിവർത്തനാനന്തരമുള്ള പ്രവർത്തനങ്ങൾ ശരിയല്ലെന്നു വാദിക്കുകയും ഉയർന്ന ജാതിക്കാർക്ക് നിങ്ങൾ വഴിമാറിക്കൊടുക്കണമെന്ന് താക്കീതു നൽകുകയും ചെയ്തു. എന്നാൽ, ജോസഫ് പീറ്റാകട്ടെ ഏതൊരു സ്ഥലത്തും ഓടി എത്തുകയും ഈഴവരുടെ ഏതൊരു പ്രശ്‍നത്തിലും അവരെ സഹായിക്കാനും തയാറായിരുന്നു. ജോസഫ് പീറ്റിന്റെ മേൽനോട്ടത്തിൽ നടത്തിയ പ്രവർത്തനഫലമായി മാവേലിക്കരയിൽ 1852ൽ കക്കാ നീറ്റ് തൊഴിലാക്കിയ ഒരുകൂട്ടം ഈഴവർ മതപരിവർത്തനം നടത്തുകയുണ്ടായി. ക്രിസ്തുമതം സ്വീകരിച്ചതോടുകൂടി കക്കാ നീറ്റുന്ന തൊഴിൽ അവർ ഉപേക്ഷിച്ചു.

എന്നാൽ, ഈഴവ ക്രിസ്ത്യാനികൾ വീണ്ടും കക്കാ നീറ്റണമെന്ന ആവശ്യം പ്രാദേശിക ഉദ്യോഗസ്ഥർ ഉന്നയിക്കുകയുണ്ടായി. ഈഴവ ക്രിസ്ത്യാനികൾ അത് നിഷേധിച്ചപ്പോൾ അവരെയെല്ലാം അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. ജോസഫ് പീറ്റ് ആ വിഷയത്തിൽ ഇടപെടുകയും അവരെയെല്ലാം ജയിലിൽനിന്ന് മോചിപ്പിക്കുകയും ചെയ്തത് കുറെയധികം ഈഴവരെ ക്രിസ്തുമതത്തിലേക്ക് ആകർഷിക്കുന്നതിന് കാരണമായി (Gladstone 1984:142). ക്രിസ്തുമതം സ്വീകരിച്ച ഈഴവരെ ഊഴിയ വേലയിൽനിന്നും ഒഴിവാക്കിയത് മാവേലിക്കര, കരുനാഗപ്പള്ളി പ്രദേശങ്ങളിൽ വലിയ വാർത്തയായി പ്രചരിച്ചിരുന്നു.

തിരുവിതാംകൂർ സർക്കാർ കന്നേറ്റി പാലം പണിതപ്പോൾ ക്രിസ്തുമതം സ്വീകരിച്ച ഈഴവരെ നിർബന്ധിത വേലക്കായി വിളിച്ചിരുന്നില്ല. മതം മാറിയ ഈഴവർ വെളിച്ചെണ്ണ ആട്ടി ഉപയോഗിക്കുന്നതും പശുവിനെ വളർത്തി പാൽ ഉപയോഗിക്കുന്നതും സ്ത്രീകൾ മാറിടം മറക്കുന്നതുമെല്ലാം കൂടുതൽ ഈഴവരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് എത്തിച്ചു (നെല്ലിമുകൾ 2013: 396). അതോടൊപ്പം, ജാതിനിയമത്തെ വെല്ലുവിളിക്കുന്ന ഈഴവ സ്ത്രീകളെയും മിഷനറി പുരാരേഖകളിൽ കാണാൻ സാധിക്കുന്നുണ്ട്. ജോസഫ് പീറ്റ്‌ റിപ്പോർട്ട് ചെയ്യുന്നു, ‘‘1853ൽ ഈഴവ ക്രിസ്ത്യാനിയായ ഒരു സ്ത്രീയെ കരുനാഗപ്പള്ളി തഹസിൽദാർ സമൻസ് അയച്ചു വരുത്തി.

ആ സ്ത്രീ ഈഴവർക്ക് അനുവദിച്ചിരിക്കുന്ന സ്ഥാനത്ത് നിൽക്കാതെ ക്രിസ്ത്യാനികൾക്കുള്ള സ്ഥലത്ത് കയറി നിന്നപ്പോൾ കീഴുദ്യോഗസ്ഥൻ അവരെ തെറി വിളിക്കുകയും ഈഴവർ നിൽക്കേണ്ട സ്ഥലത്ത് പോയി നിൽക്കാനും ആജ്ഞാപിച്ചു, എന്നാൽ ആ സ്ത്രീ ധൈര്യത്തോടെ അവർ നിന്നയിടത്തിൽ ഒരടി പുറകോട്ട് മാറാതെ നിന്നു. അയാൾ ആ സ്ത്രീയുടെ മേൽവസ്ത്രം വലിച്ചു കീറി ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും അവർ അവിടെ തന്നെ നിൽക്കുകയുണ്ടായി (Gladstone 1984:144).”

മിഷനറി പുരാശേഖര തെളിവുകളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ക്രിസ്തുമതം സ്വീകരിച്ച ഈഴവർ സാമൂഹിക പദവികൾ ആർജിക്കാനുള്ള ശ്രമങ്ങൾ വ്യാപകമായി നടത്തുന്നത് കാണാൻ സാധിക്കും. ഈഴവർ വ്യാപകമായി ജാതി നിയമങ്ങളെ ഖണ്ഡിക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ ദലിത് ജാതികൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതായി മിഷനറി പുരാശേഖരങ്ങളിൽ അപൂർവമായി മാത്രമേ കാണുന്നുള്ളൂ.

ക്രിസ്തുമതം സ്വീകരിച്ച ഈഴവരാകട്ടെ പുലയരോടും പറയരോടും അയിത്തം പുലർത്തിയിരുന്നു. കോട്ടയം ആർപ്പൂക്കരയിൽ 1877ൽ ഒരുകൂട്ടം ഈഴവർ സി.എം.എസ് പള്ളിയിൽ അംഗങ്ങളായി എത്തി. എന്നാൽ, ഞായറാഴ്ച ആരാധനയിൽ പുലയരുമായി ഒരുമിച്ച് ഇരിക്കുന്നതിനാൽ നായർ ജാതിക്കാർക്കുവേണ്ടി തങ്ങൾ ചെയ്യുന്ന ജോലിയെ അത് ദോഷമായി ബാധിക്കുന്നുമെന്ന് മിഷനറിമാരോട് പരാതി പറയുകയും തങ്ങൾ സഭ വിട്ട് പോകുമെന്ന് ഭീഷണി മുഴക്കുകയും ആർപ്പൂക്കരയിൽ തന്നെ മറ്റൊരു ആരാധന ഷെഡ് ഈഴവർ നിർമിക്കുകയും അവിടേക്ക് മാറുകയുംചെയ്തു (Mateer 1883: 95-96).

സി.എം.എസ് മിഷനിലെ ആകെയുള്ള ജനസംഖ്യയുടെ അഞ്ചിലൊന്ന് മാത്രമുള്ള സുറിയാനി ക്രിസ്ത്യാനിയുമായി ലയിച്ചുചേരുന്നതിനു പലയിടങ്ങളിലെ ഈഴവർക്ക് സാധിക്കുകയുണ്ടായി. ഈഴവ ക്രിസ്ത്യാനികൾ വളരെപ്പെ​െട്ടന്ന് സുറിയാനി ക്രിസ്ത്യാനി അന്തസ്സിലേക്ക് എത്തിച്ചേർന്ന ഒരു സ്ഥലമായിരുന്നു മാവേലിക്കര.

ജോസഫ് പീറ്റ് ത​െന്റ മതപരിവർത്തന പ്രവർത്തനങ്ങൾ നടത്തിയിരുന്ന സ്ഥലമായ മാവേലിക്കരയിലെ സി.എം.എസിെന്റ പ്രൗഢഗംഭീരമായ പള്ളിയും സ്‌കൂളും കോളജും സ്ഥിതിചെയ്യുന്ന വലിയ കോമ്പൗണ്ട് യഥാർഥത്തിൽ ഒരു ഈഴവ കുടുംബത്തിന്റേതായിരുന്നു (Sadasivan 2000: 453). രണ്ടോ അതിലധികമോ സുറിയാനി ക്രിസ്ത്യാനികൾ അംഗങ്ങളായുള്ള പള്ളികളിൽ ഈഴവർ വളരെ വേഗത്തിൽ സുറിയാനി അന്തസ്സിലേക്ക് പ്രവേശിക്കുകയും എന്നാൽ ഈഴവ ക്രിസ്ത്യാനികൾ മാത്രമായുള്ള ചില സഭകളിൽ തെക്കൻ ക്രിസ്ത്യാനികൾ എന്ന പേരിൽ അവർ സഭക്കുള്ളിൽ അറിയപ്പെടുകയുംചെയ്തു.

 

തിരുവിതാംകൂറിലെ പഴയകാല ചിത്രം. പുരോഹിതൻ വീടുകൾ സന്ദർശിക്കുന്നു

ഈഴവർക്കു വേണ്ടിയുള്ള ക്രിസ്ത്യൻ മിഷനും ഹിന്ദു മിഷനും

1910കൾക്കു ശേഷം ഇന്ത്യയിലെമ്പാടും മതപരിവർത്തന പ്രസ്ഥാനങ്ങൾ സജീവമായതിന്റെ ഫലമായി ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ഇസ്‍ലാം മതങ്ങളെല്ലാം കൂടുതൽ ആളുകളെ അവരുടെ സ്വന്തമാക്കുന്നതിനായി കഠിന പ്രവർത്തനമാണ് നടത്തിവന്നത്. ഈ പശ്ചാത്തലത്തിൽ തിരുവിതാംകൂറിലും കൊച്ചിയിലും മതപരിവർത്തന ശ്രമങ്ങൾ ആരംഭിക്കുകയുണ്ടായി. ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ പലയിടങ്ങളിൽ ആരംഭിച്ചപ്പോഴും സർക്കാർ ഉദ്യോഗങ്ങൾക്ക് വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കിയപ്പോഴുമെല്ലാം ഈഴവർക്ക് പുറത്ത് നിൽക്കേണ്ടി വന്നതിനാൽ വലിയ ഒരു വിഭാഗം ഈഴവർ അസ്വസ്ഥരായിരുന്നു. എന്നാൽ, ഈ സമയങ്ങളിലെല്ലാം മിഷനറിമാർ ഈഴവരുടെ സഹായികളായി എത്തിയിരുന്നു. സർക്കാർ സ്‌കൂളിൽ ചേരുന്ന ഈഴവരുടെ അവസ്ഥയായിരുന്നു ഏറ്റവും മോശമായിരുന്നത്. ഡോ. പി. പൽപ്പുവിന്‍റെ കുടുംബ അനുഭവം നോക്കിയാൽ ഇത് കൂടുതൽ വ്യക്തമാകും.

1866ൽ തിരുവനന്തപുരത്തെ പേട്ട സ്വദേശിയായ പി.ടി. പപ്പു എന്ന ഈഴവൻ തിരുവിതാംകൂറിലെ ആദ്യത്തെ പ്ലീഡർ പരീക്ഷക്ക് ചേരാൻ അപേക്ഷ കൊടുത്തു. അദ്ദേഹത്തിന്‍റെ അപേക്ഷാഫീസും വാങ്ങിവെച്ചു. എന്നാൽ അദ്ദേഹം ഈഴവനാണെന്നു മനസ്സിലായപ്പോൾ അപേക്ഷ നിരസിക്കുകയും ഫീസ് മടക്കി നൽകാതെയുമിരുന്നു (ജെഫ്രി 2014: 185). യൂറോപ്യൻ മിഷനറിമാരിൽനിന്നുമാണ് പപ്പു ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയത്. പപ്പുവിന്‍റെ കുടുംബത്തിലെ ഒരു ശാഖക്കാർ ക്രിസ്തുമതത്തിൽ ചേരുകയുംചെയ്തു. പപ്പുവിന്‍റെ മക്കളായ പി. വേലായുധനും, പി. പൽപ്പുവും ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിന് നന്നേ കഷ്ടപ്പെട്ടിരുന്നു.

1872ൽ ചിറയിൻകീഴിലെ സർക്കാർ സ്‌കൂളിൽ പ്രവേശനം നിഷേധിച്ച അമ്പത് ഈഴവ വിദ്യാർഥികൾക്കായി സാമുവേൽ മറ്റീർ എന്ന ലണ്ടൻ മിഷനറിയാണ് അവിടെത്തന്നെ പുതിയ ഒരു സ്‌കൂൾ ആരംഭിച്ചത്. ഇവരിൽ ആരുംതന്നെ ക്രിസ്തുമതം സ്വീകരിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയം. മറ്റീറിനു സാധ്യമാകുന്നതിലും കൂടുതൽ സ്‌കൂളിനുള്ള അപേക്ഷകൾ ഈഴവരിൽനിന്നും വന്നുകൊണ്ടേയിരുന്നു. വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിക്കാൻ മാത്രമേ സർക്കാറിന് സാധിച്ചുള്ളൂ, ഈഴവരെ പോലും വേണ്ടത്ര പഠിപ്പിക്കാൻ അവർക്കു സാധിച്ചില്ല. 1891ൽ തിരുവിതാംകൂറിൽ ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്ന മുപ്പത് ഈഴവർ ഉണ്ടായിരുന്നു, ഇവരിൽ അധികംപേരും മിഷനറിമാരുടെ വിദ്യാഭ്യാസത്തിനോട് കടപ്പെട്ടവരാണ് (ജെഫ്രി 2014:143). 1891-1892 വർഷങ്ങളിൽ തിരുവിതാംകൂറിലെ ഈഴവരിലെ 2. 1 ശതമാനം മാത്രമായിരുന്നു സർക്കാർ പള്ളിക്കൂടങ്ങളിൽ പഠിച്ചിരുന്നത് (Kawashima 1998: 107). തന്നെയുമല്ല 1890 കാലത്ത് പത്ത് രൂപയിൽ കൂടുതൽ പ്രതിമാസ ശമ്പളമുള്ള സർക്കാർ ഉദ്യോഗങ്ങളിൽ ഒറ്റ ഈഴവൻപോലുമില്ലായിരുന്നു (ജെഫ്രി 2014: 170).

ഇത്തരം ഒരു സാഹചര്യത്തിൽ സാമൂഹിക പദവി ഉയർത്തുക എന്ന ലക്ഷ്യവുമായി ഒരു വിഭാഗം ഈഴവർ ക്രിസ്തുമതം തിരഞ്ഞെടുക്കുകയുണ്ടായി. എന്നാൽ ശ്രീനാരായണ പ്രസ്‌ഥാനം ശക്തിയായി ഉയർന്നുവരുന്ന സാഹചര്യത്തിൽ ക്രിസ്തുമതം സ്വീകരിച്ച ഈഴവരെ തിരികെ ഹിന്ദുമതത്തിലേക്ക് മടക്കി കൊണ്ടുവരുന്ന ശ്രമങ്ങൾ നടത്തുകയുണ്ടായി. എസ്.എൻ.ഡി.പിയുടെ ഔദ്യോഗിക മാസികയായ ‘വിവേകോദയം’ 1915 ധനുമാസത്തിൽ [വോള്യം - XI പേജ് 312] റിപ്പോർട്ട് ചെയ്യുന്നു, ‘‘കോട്ടുകാലിൽ (നെയ്യാറ്റിൻകര) കുറെയധികം ഈഴവർ ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായി, ശ്രീനാരായണ ഗുരു അവരെ നേരിൽ കാണുകയും ക്രിസ്തുമതം ഉപേക്ഷിച്ചു തിരികെ വരണമെന്നും പറഞ്ഞതിന്റെ ഫലമായി അവർ തിരികെ വരുകയും, പള്ളികളുടെ സ്ഥാനങ്ങളിൽ അമ്പലങ്ങൾ പണിയുകയും ഉണ്ടായി (Gladstone 1984: 292).

എന്തായാലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ തന്നെ ഈഴവർ തികച്ചും സങ്കീർണമായ ഒരു സാമൂഹിക ക്രമത്തിനുള്ളിൽ ജീവിക്കുവാൻ വിധിക്കപ്പെട്ടതിനാൽ ഹിന്ദുമതം ഉപേക്ഷിച്ചു മറ്റൊരു മതം സ്വീകരിക്കുക എന്ന പദ്ധതി പലയിടങ്ങളിലായി ആസൂത്രണം ചെയ്യപ്പെട്ടു.

1921ൽ കരപ്പുറം മിഷൻ എന്ന പേരിലാണ് സി.എം.എസ് മിഷനറിമാർ ഈഴവർക്കിടയിൽ പ്രവർത്തിച്ചത്. ഇതിന്റെ ഭാഗമായി സി.എം.എസ് ബിഷപ് എഡ്വേർഡ് മൂർ ഈഴവരുടെ മതപരിവർത്തനവും പ്രവർത്തന പദ്ധതിയും എന്ന പേരിൽ നിരവധി ലഘുലേഖകൾ പ്രസിദ്ധീകരിക്കുകയും മിഷന്റെ മലയാള പ്രസിദ്ധീകരണങ്ങളിൽ എങ്ങനെയെല്ലാമാണ് ഈഴവർക്കിടയിൽ പ്രവർത്തിക്കേണ്ടത് എന്ന് വ്യക്തമാക്കുന്ന ലേഖനങ്ങൾ എഴുതുകയുംചെയ്തു.

ഈഴവ മിഷനിലേക്ക് മാത്രമായി നൂറ് പ്രവർത്തകരെയാണ് സി.എം.എസ് മിഷൻ തിരുവിതാംകൂർ-കൊച്ചി എന്നീ രാജ്യങ്ങളുടെ വിവിധ ഇടങ്ങളിലേക്ക് അയച്ചത്. ഈഴവർ കൂടുതലായി താമസിക്കുന്ന ചേർത്തലയിൽ പ്രവർത്തിക്കുവാനായി മലയാളി മിഷനറിമാരെ അയക്കുകയും അതോ​െടാപ്പം സ്ത്രീകളുടെ നേതൃത്വത്തിൽ മെഡിക്കൽ മിഷൻ ഈഴവരുടെ ഇടയിൽ ആരംഭിക്കുകയുംചെയ്തു. ഈഴവ മിഷൻ എന്ന പേരിൽ അറിയപ്പെട്ട ഈ സംരംഭത്തിന്റെ ചെലവിലേക്ക് പണം ലഭിക്കുന്നതിനായി 1924 ഡിസംബർ 26ന് എക്സിബിഷൻ നടത്തുകയും അതിന്റെ ഫലമായി 175 രൂപ ലഭിക്കുകയും ചെയ്തു (Gladstone 1984: 359). ഇതിനിടയിൽ സി.എം.എസ് മിഷനറിമാർ ചേർത്തലയിൽ പ്രവർത്തനം ആരംഭിക്കണമെന്ന് ‘ദേശാഭിമാനി’ പത്രത്തിൽകൂടി ഒരു അഭ്യർഥന ഈഴവ യുവാക്കൾ നടത്തുകയുണ്ടായി. എം.സി. കുട്ടൻ ആയിരുന്നു ഈ യുവാക്കളുടെ നേതാവായി പ്രവർത്തിച്ചിരുന്നത്.

എന്തായാലും 1926 ആഗസ്റ്റ് 11ന് ആലപ്പുഴ ക്രൈസ്റ്റ് പള്ളിയിൽ കുട്ടനും ഭാര്യയും ക്രിസ്ത്യാനികളായി മാറി എബ്രഹാം, സാറ എന്നീ പേരുകൾ സ്വീകരിച്ചു. പിന്നീട് കുട്ടന്റെ സഹോദരനും പള്ളിയിൽ ചേരുകയുണ്ടായി (നൈനാൻ 1997: 87). മറ്റൊരു ശ്രദ്ധേയനായ ഈഴവ നേതാവ് കെ.സി. കുട്ടനാകട്ടെ സിഖ് മത വിശ്വാസിയായി മാറുകയുണ്ടായി.

1930കളിലെ ഈഴവ ചെറുപ്പക്കാരുടെ പ്രവർത്തനത്തെ കുറിച്ച് സി. കേശവൻ തന്റെ ജീവിതത്തെ മുൻനിർത്തി പറയുന്നത് ഇങ്ങനെയാണ്. “ഈഴവ സമുദായം ഇക്കാലത്ത് പഴയകൂറ്റുകാരും പുത്തൻകൂറ്റുകാരും എന്നു രണ്ട് ചേരിയായി തിരിയുന്നുണ്ടായിരുന്നു. ആശയത്തെയും ആദർശത്തെയും അടിസ്ഥാനമാക്കിയ തിരിവായിരുന്നു. ഗവൺമെന്റിന്റെയും അന്യസമുദായങ്ങളുടെയും, വിശേഷിച്ച് നായന്മാരുടെയും, സൗജന്യങ്ങൾക്ക് പിച്ചച്ചട്ടിയുമായി നടക്കാൻ ഈഴവയുവാക്കൾ മേലാൽ സന്നദ്ധരല്ലായെന്ന ഒരു വെല്ലുവിളിയുടെ മുഴക്കം എവിടെയും കേൾക്കാമായിരുന്നു. നാരായണഗുരുവിന്റെ ‘‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’’ എന്ന അധ്യാത്മദർശനത്തെ തന്നെ അവർ ചോദ്യംചെയ്തിരുന്നു.

നിർജാതിത്വം, നിർമതത്വം, നിർദേവത്വം എന്ന് അവർ അതിനെ പരിഷ്കരിച്ചു. ഹിന്ദുമതത്തിന്റെയും സവർണ മേധാവിത്വത്തിന്റെയും ഉരുക്കുക്കോട്ടയിൽനിന്ന് പുറത്തുചാടി ഒരു പുതിയ സ്വർഗത്തിലേക്ക് ഓടിപ്പോവാൻ അവർ വെമ്പൽകൊണ്ടു (കേശവൻ 2015: 272 ).” ആധുനിക പൗരന്മാരാണ് തങ്ങൾ എന്ന് പ്രഖ്യാപിക്കാനുള്ള ശ്രമങ്ങൾ ഈഴവർ തുടർച്ചയായി നടത്തികൊണ്ടേയിരുന്നു. എന്നാൽ ഈഴവർക്ക് ഭേദിക്കാൻ സാധിക്കാത്ത ഇടങ്ങൾ തിരുവിതാംകൂറിൽ ഉണ്ടായിരുന്നു. ഏപ്രിൽ 1936ലെ കണക്ക് പ്രകാരം ഈഴവർക്ക് പ്രവേശനം നിഷേധിച്ച 12 സ്‌കൂളുകളും ഈഴവർക്ക് സഞ്ചരിക്കാൻ അവകാശം ഇല്ലാത്ത നൂറിലധികം റോഡുകളും തിരുവിതാംകൂറിൽ ഉണ്ടായിരുന്നു (Smith 1936: 334; കുഞ്ഞിരാമന്‍ 1936: 4). ചായക്കടകളിലും സർക്കാർ ഓഫിസുകളിലും കയറിയതിന്റെ പേരിൽ പലയിടങ്ങളിലും ഈഴവർ അതിക്രൂരമായി ഉപദ്രവിക്കപ്പെട്ടു.

ജാതിയുടെ പേരിൽ ആക്രമിക്കപ്പെടുന്ന ഈഴവർ ജാതി വിലക്കുകളെ മറികടക്കുവാൻ മത പരിവർത്തനം ഒരു ആയുധമായി പ്രയോഗിക്കുമെന്നു വെല്ലുവിളിക്കുകയും ക്രിസ്ത്യാനികൾ നടത്തുന്ന അവരുടെ മതപരമായ സമ്മേളനങ്ങളിൽ പങ്കെടുക്കുവാനും തുടങ്ങി. 1936 ഫെബ്രുവരിയിൽ മാർത്തോമ്മാ സഭയുടെ കീഴിൽ നടത്തപ്പെട്ട മാരാമൺ കൺവെൻഷനിൽ നിരവധി ഈഴവർ പങ്കെടുക്കുകയും, അതിലൊരു യോഗത്തിൽ സി.വി. കുഞ്ഞുരാമൻ പ്രസംഗ വേദിയിൽ കയറി ഞാൻ ഒരു ക്രിസ്ത്യാനിയാകുമെന്ന് പ്രഖ്യാപിക്കുകയുംചെയ്തു (Smith 1936: 337). ഈഴവർ ക്രിസ്തുമതം സ്വീകരിക്കണം എന്ന് ഈഴവ നേതാക്കൾ പ്രഖ്യാപിച്ചതോടെ ഈഴവ മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി. അതിന്റെ ഭാഗമായി 1936 ഫെബ്രുവരിയിൽ ആംഗ്ലിക്കൻ സഭയിലെ ആദ്യ ഇന്ത്യൻ ബിഷപ്പ് ആയ വി.എസ്. അസറിയ ഈഴവരുടെ മതം മാറ്റത്തെ കുറിച്ചറിയുവാൻ കോട്ടയത്ത് എത്തിച്ചേർന്നു.

ഈഴവ നേതാക്കളുമായി നിരവധി യോഗങ്ങൾ അദ്ദേഹം കോട്ടയം ഭാഗത്ത് നടത്തുകയുണ്ടായി. ഓരോന്നിലും അഞ്ഞൂറ് മുതൽ എണ്ണൂറ് ഈഴവർ വരെ പങ്കെടുത്തിരുന്നു (Gladstone 1984: 367). 1936 ഫെബ്രുവരിയിൽ എസ്.എൻ.ഡി.പിയുടെ എക്സിക്യൂട്ടിവ് യോഗത്തിൽ നാലിനെതിരെ ഇരുപത്തിയാറ് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എടുത്ത തീരുമാനം ഹിന്ദുമതം ഉപേക്ഷിച്ചു ക്രിസ്തുമതം സ്വീകരിക്കുക എന്നതായിരുന്നു. ആ കാലത്ത് തിരുവിതാംകൂറിൽ മാത്രം 495 എസ്.എൻ.ഡി.പി ശാഖകളുണ്ടായിരുന്നു (Smith 1936: 334). എന്തായാലും 1936 ജൂലൈ 10ന് കോട്ടയത്തുവെച്ച് ചേർന്ന ഈഴവരുടെ ഒരു യോഗത്തിൽ കഴിവതും വേഗം ഹിന്ദുമതം ഉപേക്ഷിച്ചു ക്രിസ്തുമതം സ്വീകരിക്കണം എന്ന പ്രമേയം പാസാക്കി.

ഇതിനിടയിൽ ശ്രീനാരായണ ഗുരുവിന്റെ സഹോദരന്റെ മകൻ യാക്കോബായ സിറിയൻ സഭയിൽ ചേർന്നത് വലിയ ഒച്ചപ്പാടുകളുണ്ടാക്കി (Gladstone 1984: 366). കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്ന് കണ്ട സ്വയംപ്രഖ്യാപിത ഹിന്ദു രാജ്യം ഈഴവരുടെ മതപരിവർത്തന പ്രവർത്തനങ്ങൾ അന്വേഷിക്കുന്നതിനായി സർക്കാർ രഹസ്യ പൊലീസിനെ നിയമിക്കുകയുണ്ടായി. എന്നാൽ പ്രത്യക്ഷത്തിൽ ഇതിനെയെല്ലാം പ്രതിരോധിക്കുവാൻ ഹിന്ദു മിഷൻ രംഗത്തെത്തി.

1931ലെ സെൻസസ് റിപ്പോർട്ടിൽ ജാതി തിരിച്ചുള്ള കണക്കുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത് സകല ഹിന്ദു മത നേതാക്കളെയും ഞെട്ടിക്കുകയുണ്ടായി. പ്രത്യേകിച്ച് ക്രിസ്തുമതത്തിലേക്ക് നിരവധി പിന്നാക്ക-അയിത്ത ജാതികൾ മതപരിവർത്തനം നടത്തിയതും, അവരുടെ സാക്ഷരതാ നിരക്ക് ഉയർന്നതുമെല്ലാം ഹിന്ദു നേതാക്കളെ നന്നേ ഭയപ്പെടുത്തി. ദേശീയതലത്തിൽ സജീവമായിരുന്ന ആര്യസമാജത്തിന്റെ വെളിപ്പെടുത്തൽ പ്രകാരം ക്രിസ്തുമതം ഏറ്റവും വേഗത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്കിടയിലേക്ക് എത്തിയത് കേരളത്തിലായിരുന്നു. ഈഴവരുമായി ബന്ധപ്പെട്ടു ക്രിസ്ത്യൻ മിഷനറിമാർ പ്രത്യേക പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ ഹിന്ദുമിഷനും ഈഴവർക്കിടയിൽ പ്രവർത്തനം ആരംഭിച്ചു. എന്നാൽ, തെക്കൻ തിരുവിതാംകൂറിൽ ഹിന്ദു മിഷന്റെ ഭാഗമായി ഹൈന്ദവ സേവാസംഘവും ഹിന്ദു നാടാർ അസോസിയേഷനും സജീവമായിരുന്നു.

1934 മാർച്ച് 19ന് കന്യാകുമാരിയിൽ കുളച്ചലിൽ വെച്ച് സി.എം. ബാഹുലേയൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തോടുകൂടിയാണ് ദേവസം ലീഗ് സജീവമാകുന്നത്. ഹിന്ദുക്കളുടെ വസ്തുക്കൾ/സ്വത്തുക്കൾ മറ്റുള്ളവർ ഉപയോഗിക്കാൻ പാടില്ല എന്ന പ്രമേയം ഈ യോഗത്തിൽവെച്ചു പാസാക്കുകയുംചെയ്തു (David 2009: 55). ക്രിസ്തുമത പരിവർത്തനത്തിലൂടെ ദേശസ്നേഹം നഷടമാകുന്നു എന്ന വാദമാണ് ഹിന്ദുമിഷൻ പ്രധാനമായും മുന്നോട്ടുവെച്ചത്. ഇവരുടെ പ്രവർത്തന ഫലമായി വക്കം, ആറ്റിങ്ങൽ പോലുള്ള സ്ഥലങ്ങളിലെ ഈഴവർ തിരികെ ഹിന്ദുവിശ്വാസത്തിലേക്ക് പോവുകയുണ്ടായി. ഹൈകോർട്ട് ജഡ്ജിമാർ, പെൻഷനായ ഒരു ദിവാൻ, ഉയർന്ന പദവികളിൽനിന്നും പെൻഷനായ മറ്റ് ചില ഉദ്യോഗസ്ഥർ തുടങ്ങി സർക്കാർ സംവിധാനത്തെ കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്ന ഒരുനിര അണിനിരന്ന ഒരു പ്രസ്ഥാനമായിരുന്നു ദേവസ്വം ലീഗ്.

അതേപോലെ കേരളത്തിൽ ആരംഭിച്ച മറ്റൊരു സംഘടനയാണ് ദി കേരളാ ഹിന്ദു മിഷൻ. പെൻഷനായ ദിവാൻ ശങ്കര സുബ്ബയ്യർ ഹിന്ദു മിഷൻ പ്രസിഡന്റായും ഉള്ളൂർ എസ്. പരമേശ്വര അയ്യർ, പി.കെ. കൃഷ്ണപിള്ള, പി.കെ. നാരായണപിള്ള എന്നിവർ സെക്രട്ടറിമാറുമായിരുന്നു. ഇതി​െന്റ പ്രവർത്തനത്തിനായി പതിനായിരം രൂപ സി.പി. രാമസ്വാമിയുടെ സർക്കാർ അനുവദിക്കുകയും തിരുവിതാംകൂറിലെ ഗ്രാമങ്ങളിൽ സ്ഥാപിതമായ ക്രിസ്ത്യൻ പള്ളികളുടെ സമീപ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നതിനായി പ്രബോധകരെയും നിയമിക്കുകയുണ്ടായി (Gladstone 1984: 372).

തിരുവിതാംകൂറിലെ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ഹിന്ദു മിഷൻ പ്രവർത്തകരെ തുടർന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ എല്ലാംതന്നെ ക്ഷേത്ര പ്രവേശന വിളംബരത്തിലേക്ക് എത്തിക്കുകയും അതോടുകൂടി ഈഴവരുടെ ക്രിസ്തുമത സ്വീകരണ പ്രവർത്തനങ്ങൾ അവസാനിക്കുകയും ചെയ്തു. എന്നാൽ, ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ക്രിസ്ത്യാനികളുടെ ജനസംഖ്യയും സഭകളുടെ ചരിത്രവും പരിശോധിക്കുമ്പോൾ മറ്റൊരു ചരിത്രത്തിലേക്കാണ് നാം എത്തിച്ചേരുന്നത്. .

അദൃശ്യതയുടെ ചരിത്രം

ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക ജാതികൾ ഏറ്റവുമധികം ചേർന്നത് കത്തോലിക്കാ, യാക്കോബായ, മാർത്തോമാ സഭകളിലേക്കായിരുന്നു. പോർചുഗീസ്, ഡച്ച് കാലത്ത് നിരവധി പിന്നാക്ക വിഭാഗങ്ങൾ കത്തോലിക്കാ സഭയിലേക്ക് ചേരുകയുണ്ടായി. അതോടൊപ്പം ബിഷപ്പ് അലക്‌സോ ഡി മെനെസെസിന്റെ നിർദേശപ്രകാരം തൊടുപുഴക്കും ഈരാറ്റുപേട്ടക്കും ഇടയിലുള്ള മല അരയ ആദിവാസി വിഭാഗം കത്തോലിക്കാ സഭയിൽ കൂടിയെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗത്തോടുകൂടിയാണ് ഈഴവരും ദലിതരുമെല്ലാം വ്യാപകമായി കത്തോലിക്കാ സഭയിലേക്ക് എത്തുന്നത്.

മത്തായി മറിയം കത്തനാരുടെ (പാലക്കുന്നേൽ വല്യച്ചന്റെ) നാളാഗമത്തിൽ ഈഴവരെയും മല അരയരെയും കത്തോലിക്കാ സഭയിലേക്ക് ചേർക്കുന്നത് കാണാൻ കഴിയും. മുണ്ടക്കയത്തും അതിന്റെ കിഴക്കൻ മേഖലയിലും സി.എം.എസ് മിഷനറിമാർ പ്രവർത്തനം ആരംഭിക്കുകയും അവിടത്തെ ജനങ്ങളും ഭൂമിയും മിഷന്റേതായി മാറുന്നുണ്ടെന്നും അതുകൊണ്ട് കത്തോലിക്കാ സഭക്ക് ഭൂമി കിട്ടണമെങ്കിൽ ഈഴവരെയും പുലയരെയുമെല്ലാം കത്തോലിക്കാ വിശ്വാസികളാക്കി മാറ്റണ​െമന്നും മത്തായി മറിയം തന്റെ മേലധികാരികളെ അറിയിക്കുകയുണ്ടായി. എന്തായാലും 1858 ധനുമാസം 24ന് കൊരട്ടിയിലുള്ള 18 ഈഴവരെ കത്തോലിക്ക സഭാവിശ്വാസത്തിലേക്ക് മത്തായി മറിയം എത്തിക്കുകയുണ്ടായി.

കൊരട്ടിയിലെ ഉണ്ടാൻ എന്നുപേരുള്ള ഈഴവൻ അവുസേപ്പ് ആയി മാറി. അതിനുശേഷം കൂത്രപ്പള്ളി, കറുകച്ചാൽ, ചങ്ങനാശ്ശേരി, നെടുംകുന്നം, പുളിങ്കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം ഈഴവർ കത്തോലിക്കാ വിശ്വാസികളായി. ഇരുപതാം നൂറ്റാണ്ടിന്റ തുടക്കം മുതൽ യാക്കോബായ, മാർത്തോമാ, കത്തോലിക്കാ സഭകൾ ഈഴവർ, ആശാരി, വേട്ടുവർ, മണ്ണാൻ ജാതികൾക്കിടയിൽ പ്രവർത്തിക്കാൻ തുടങ്ങി.

മാർത്തോമാ സഭയിലെ വേട്ടുവ ജാതിയിൽപ്പെട്ട തോമസ് എന്ന പ്രവർത്തകൻ വഴിയാണ് 1892ൽ തിരുവല്ലക്കു സമീപമുള്ള ഓതറയിൽ 85 പുലയർ ക്രിസ്ത്യാനിയായിത്തീർന്നത്. അതേപോലെ ആഴ്ചപ്പതിപ്പുകളിലും പത്രങ്ങളിലും മതപരിവർത്തന വാർത്തകൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഉദാഹരണമായി പറഞ്ഞാൽ, 1933 നവംബർ 13, മാതൃഭൂമി ആഴ്ചപ്പതിപ്പിലെ പ്രാദേശിക വാർത്ത റിപ്പോർട്ട് ചെയ്യുന്നു, തിരുവിതാംകൂറിലെ മേൽപ്പാടം എന്ന സ്ഥലത്ത് വെച്ച് 33 ഈഴവരും 60 പുലയരും ക്രിസ്തുമതം സ്വീകരിച്ചു (പേജ് 15).

പ്രൊട്ടസ്റ്റന്റ് മിഷനറി സംഘത്തിന്റെ പോലുള്ള കൃത്യമായ രേഖപ്പെടുത്തലുകൾ തദ്ദേശീയ ക്രിസ്ത്യൻ പ്രസ്ഥാനങ്ങൾ നടത്തിയിരുന്നില്ല എന്നതാണ് ഈ മതപരിവർത്തന ചരിത്രം വെളിയിൽ കൊണ്ടുവരുന്നതിനുള്ള ഒരു പരിമിതി. മാർത്തോമാ സഭയുടെ സുവിശേഷ പ്രസംഗ സംഘത്തിന്റെ ചില റിപ്പോർട്ടുകളും കൊച്ചി ഭാഗത്ത് പ്രവർത്തിച്ച ജെസ്യൂട്ട് മിഷനറിമാരുടെ ചുരുക്കം ചില എഴുത്തുകളും മാത്രമാണ് ഇതുസംബന്ധമായ വിവരണങ്ങൾ ലഭിക്കുന്ന സ്രോതസ്സുകൾ.

1820കളിൽ തിരുവിതാംകൂറിൽ ഒരുലക്ഷം ക്രിസ്ത്യാനികൾ മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ 1931ലെ സെൻസസ് പ്രകാരം 16 ലക്ഷം ക്രിസ്ത്യാനികൾ തിരുവിതാംകൂറിലുണ്ടായിരുന്നു. ഏതാണ്ട് 2326 പള്ളികളും തിരുവിതാംകൂറിൽ ഈ കാലത്ത് സ്ഥാപിക്കപ്പെട്ടു. 21,653 അമ്പലങ്ങളുണ്ടായിരുന്ന തിരുവിതാംകൂറിൽ 1936ൽ വെറും 9250 അമ്പലങ്ങൾ മാത്രമേയുള്ളൂ എന്ന് ആര്യസമാജം വാദിക്കുന്നു (Arya Samaj Statement 1937: 395-396). 1820ലെ കണക്ക് പ്രകാരം തിരുവിതാംകൂറിലെ മൊത്തം ജനസംഖ്യയുടെ 83 ശതമാനമായിരുന്ന ഹിന്ദുക്കൾ 1931 ആകുമ്പോൾ മൊത്തം ജനസംഖ്യയുടെ 61 ശതമാനമായി കുറയുകയും അതേസമയം, 1820ൽ മൊത്തം ജനസംഖ്യയുടെ 12 ശതമാനം മാത്രമായിരുന്ന ക്രിസ്ത്യൻ ജനസംഖ്യ 31 ശതമാനമായി ഉയരുകയുംചെയ്തു.

സ്‌കൂളുകളുടെ അവസ്ഥയും ഇങ്ങനെ തന്നെയായിരുന്നു. മിഷനറി പ്രസ്ഥാനങ്ങൾക്കായിരുന്നു ഏറ്റവും കൂടുതൽ സ്‌കൂളുകൾ ഉണ്ടായിരുന്നെങ്കിൽ ക്രമേണ മിഷനറി സ്‌കൂളുകളുടെ എണ്ണം കുറയുകയും ഇതര ക്രൈസ്തവ സഭകൾ ഈ മേഖലയിലേക്ക് ആധിപത്യം സ്ഥാപിക്കുകയുംചെയ്തു. 1933ലെ പ്രൈമറി, മിഡിൽ സ്‌കൂളുകളുടെ എണ്ണം നോക്കിയാൽ ഇത് വ്യക്തമാകും.

കത്തോലിക്കർക്ക് 425 സ്‌കൂളും ലണ്ടൻ മിഷനറിമാർക്ക് 315ഉം ചർച്ച് മിഷനറിമാർക്ക് 250, മാർത്തോമാ സഭക്ക് 159 സ്കൂളുകളുമാണ് ഉണ്ടായിരുന്നത് (Kooiman 1996:157). തിരുവിതാംകൂറിൽ ഏറ്റവുമധികം പള്ളികളും പള്ളിക്കൂടങ്ങളുമുണ്ടായിരുന്ന മിഷനറി പ്രവർത്തകരുടെ ആധിപത്യത്തിന് കോട്ടം ഉണ്ടാകുകയും കത്തോലിക്കാ സഭയും തദ്ദേശീയ ക്രിസ്ത്യൻ സഭകളും വളരെ വേഗത്തിൽ വളരുകയും ചെയ്യുന്നു. ജനസംഖ്യയിലെ വളർച്ച നോക്കിയാൽ ഇത് വ്യക്തമാകും.

 

1820 മുതൽ 1941 വരെയുള്ള തിരുവിതാംകൂർ സെൻസസ് പ്രകാരം ഹിന്ദു ജനസംഖ്യ 83ൽ നിന്ന് 61​ ശതമാനമായി കുറയുകയും ക്രിസ്ത്യൻ ജനസംഖ്യ 12 ശതമാനത്തിൽനിന്ന് 31 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ക്രിസ്തുമത വിശ്വാസികളുടെ എണ്ണത്തിലെ വർധന വളരെ വ്യക്തമാണെങ്കിലും ഏത് സഭയിലാണ് കൂടുതൽ അംഗങ്ങൾ ഉള്ളത് എന്നതുകൂടി പരിശോധിക്കപ്പെടേണ്ടതാണ്. എങ്കിൽ മാത്രമേ അദൃശ്യമായ ജാതിസംയോജനത്തിന്റെ ചരിത്രം വ്യക്തമാകൂ. അതോടൊപ്പം പിന്നാക്ക ജാതികളുടെ ജനസംഖ്യയും പരിഗണിക്കേണ്ടതാണ്.

ബ്രിട്ടീഷുകാരുടെ കാലത്ത് നടത്തപ്പെട്ട സെൻസസുകളിൽ കൃത്യമായി അവർ സഭാ വിഭാഗത്തിനെ അടയാളപ്പെടുത്തിയിരുന്നു. ഈ കാരണത്താൽ ഏത് സഭയിലാണ് ജനസംഖ്യ വർധിച്ചതെന്നു വളരെ വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കും. എന്നാൽ സ്വതന്ത്ര ഇന്ത്യയിലാകട്ടെ ക്രിസ്ത്യാനി എന്ന ഒറ്റ തലക്കെട്ട് മാത്രമാണ് സെൻസസുകളിൽ ഉണ്ടായിരുന്നത്. 1931ലെ സെൻസസ് ക്രിസ്തുമതത്തിനുള്ളിലെ ജാതി തിരിച്ചുള്ള സെൻസസ് കൂടിയായിരുന്നു. ചെറിയ സഭകൾ നിരവധി ഉണ്ടെങ്കിലും ഏറ്റവും പ്രബല സഭകളുടെ കണക്കുകൾ മാത്രമാണ് ഇനി വിശദീകരിക്കുന്നത്.

 

പട്ടിക രണ്ടിൽ സൂചിപ്പിച്ചിരിക്കുന്ന സെൻസസ് ഡേറ്റയിലെ ആംഗ്ലിക്കൻ വിശ്വാസികൾ എന്നതിൽ കൊച്ചി രാജ്യത്തെ ജനങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് ഇതിൽ ചേർത്തിരിക്കുന്നത്. സെൻസസ് ഡേറ്റപ്രകാരം ലത്തീൻ കത്തോലിക്കാ സഭയിൽ 1911ൽനിന്ന് 1921ൽ എത്തുമ്പോൾ 1,54,185 വിശ്വാസികൾ വർധിക്കുകയും അതേപോലെ 1921ൽനിന്നും 1931 എത്തുമ്പോൾ 2,91,762 എന്ന എണ്ണത്തിലേക്ക് ഉയരുകയും ചെയ്തു. പിന്നീട് 1941 സെൻസസിലെത്തുമ്പോൾ 93,007 എന്ന വ്യതിയാനത്തിലും എത്തിനിൽക്കുന്നു. ഇനി റോമോ സിറിയൻസ് എന്ന് പറയുന്നവരുടെ എണ്ണമാകട്ടെ 1911ൽനിന്നും 1921ലെത്തുമ്പോൾ 10,074 ആളുകൾ കുറയുകയും എന്നാൽ അത് 1931ലെത്തുമ്പോൾ 1,65,840 ആയി ഉയരുകയും ചെയ്യുന്നു. പിന്നീട് 1931ൽനിന്ന് 1941ലേക്കെത്തുമ്പോഴും 1,11,661 എന്ന വർധന തന്നെ നിലനിർത്തുവാനും സാധിക്കുന്നു.

മാർത്തോമാ സഭയിലാകട്ടെ 1931ൽനിന്നും 1941ലെത്തുമ്പോൾ 29,476 ആണ് വർധന. യാക്കോബായ സഭയെ കുറിച്ച് സെൻസസ് പറയുന്നത് 1931ൽനിന്നും 1941ലെത്തിയപ്പോൾ 67,235 ജനങ്ങളുടെ വർധന കാണിക്കുന്നുണ്ട് എന്നതാണ്. അതായത് 1816ൽ ആരംഭിച്ച സി.എം.എസ് മിഷൻ 1941 വരെയുള്ള 125 വർഷംകൊണ്ട് രണ്ട് നാട്ടുരാജ്യങ്ങളിൽനിന്നും നേടിയെടുത്ത ജനസംഖ്യയുടെ ഇരട്ടിയുടെ ഇരട്ടി ജനങ്ങളെയാണ് കത്തോലിക്കാ സഭയും തദ്ദേശീയ ക്രൈസ്തവ സഭകളും കേവലം പത്ത് വർഷംകൊണ്ട് നേടിയെടുത്തത്. ഇനി 1931ലെ ജാതി തിരിച്ചുള്ള തിരുവിതാംകൂറിലെ ക്രിസ്ത്യൻ സെൻസസ് പട്ടിക പരിശോധിക്കാം.സെൻസസ് 1931- തിരുവിതാംകൂറിലെ ക്രിസ്ത്യാനികളുടെ എണ്ണം 16,04,475, അതിൽ പിന്നാക്ക ക്രിസ്ത്യാനികളുടെ ജാതിതിരിച്ചുള്ള കണക്കാണ്​ മുകളിലുള്ളത്​ (പട്ടിക 3).

 

ക്രിസ്ത്യാനികളുടെ ഇടയിൽ പിന്നാക്ക ജാതികൾ ഉണ്ടെന്ന് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഒരു സെൻസസായിരുന്നു 1931ലേത്. എന്നാൽ ഇതിൽ പ്രതിപാദിക്കുന്ന നാടാർ, പുലയ, പറയ, കുറവ, അയ്യനവ ക്രിസ്ത്യാനികളെ മാത്രമാണ് നാം ഇന്ന് കേരളത്തിലെ ക്രിസ്തുമതത്തിനുള്ളിൽ കാണുന്നത്. ഈഴവ, വേട്ടുവ, വണ്ണാൻ തുടങ്ങിയ പേരിലുള്ള ക്രിസ്ത്യാനികളെ നാം കാണുന്നില്ല. ക്രിസ്ത്യാനികൾക്കിടയിലെ ജാതി സംയോജനത്തിന്റെ നേർസാക്ഷ്യംകൂടിയാണ് ഈ പട്ടിക.

അതേപോലെ 1931ലെ സെൻസസ് പ്രകാരം കത്തോലിക്കാ സഭയിലെ രണ്ടു വിഭാഗങ്ങളിൽ മാത്രം 4,57,602 ആളുകളുടെ വർധനവുണ്ടായി, അതേ വർഷം ആകെയുള്ള പിന്നാക്ക ക്രിസ്ത്യാനികളുടെ എണ്ണമാകട്ടെ 5,03,387 ആയിരുന്നു. ഇന്നത്തെ തമിഴ്നാട് കൂടി ഉൾപ്പെട്ടിരിക്കുന്ന സെൻസസ് എന്ന ഒരു പരിമിതി തിരുവിതാംകൂറിലെ സെൻസസിന് ഉണ്ട്. മാത്രമല്ല തിരുവിതാംകൂറിലാണ് അയിത്ത ജാതികൾ വ്യാപകമായി ക്രിസ്തുമതത്തിൽ ചേർന്നത് എന്നാണ് ഒരു പൊതുധാരണ. ഈ കാരണത്താൽ കൊച്ചിയിലെ ക്രിസ്തീയ വിശ്വാസികളുടെ എണ്ണംകൂടി പരിശോധിക്കേണ്ടതാണ് (പട്ടിക 4).

 

ക്രമാതീതമായി വർധിക്കുന്ന ക്രിസ്ത്യൻ ജനസംഖ്യ തന്നെയാണ് കൊച്ചിയിലെ സെൻസസിലും കാണുന്നത്. തിരുവിതാംകൂറിലും കൊച്ചിയിലുമായി പ്രവർത്തിക്കുന്ന ആംഗ്ലിക്കൻ മിഷനിൽ 1921നും 1931നുമിടയിൽ ഉണ്ടായ വർധന 20,147 ആണെങ്കിൽ കൊച്ചി രാജ്യത്ത് മാത്രമായി കത്തോലിക്ക സഭയിലുണ്ടായ വർധന 30,956 ആയിരുന്നു. യാക്കോബായ, മാർത്തോമാ, കത്തോലിക്കാ സഭകളിൽ മാത്രമായി 38,352 എണ്ണം വർധിക്കുകയുണ്ടായി.

കേരളത്തിലെ ക്രിസ്തീയ വിശ്വാസികൾക്കിടയിൽ ജാതി ഒരു പ്രത്യേക രീതിയിലാണ് ശ്രേണീകരിക്കപ്പെട്ടത്. പിന്നാക്ക ജാതികളിൽനിന്നും നിരവധി ജാതികൾ കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ ഇടയിൽ ക്രിസ്തുമതം സ്വീകരിച്ചെങ്കിലും പുലയർ, പറയർ, കുറവർ, ഐനവർ എന്നീ ജാതികൾക്ക് ജാതിസംയോജനം സാധ്യമായില്ല. നൂറ്റാണ്ടുകളായി അവർ ക്രിസ്തുമതത്തിനുള്ളിൽ ഏറ്റവും താഴെ തട്ടിൽ നിൽക്കുന്നു.

എന്നാൽ ഈഴവർ, ആശാരി, കണിയാൻ, വേട്ടുവ, വേലൻ, നായർ, നമ്പൂതിരി, മണ്ണാൻ, പരവർ തുടങ്ങി ഏതൊരു മുന്നാക്ക-പിന്നാക്ക ജാതിക്കും ക്രിസ്തുമതത്തിനുള്ളിൽ സംയോജനം സാധ്യമായിരുന്നു. ഇവരാകട്ടെ പ്രബല ക്രൈസ്തവരുടെ ഭാഗമായിത്തീർന്നു. എന്നാൽ, നാടാർ ജാതിയാകട്ടെ അവർ തിരുവനന്തപുരം പ്രദേശത്ത് മാത്രമുള്ള ജാതി ആയതിനാൽ കൂടുതൽ ആളുകൾ ലണ്ടൻ മിഷൻ സംഘത്തിൽ ചേർന്നതിനാലും അവരിലും സംയോജനം സാധ്യമായിരുന്നില്ല. കേരളത്തി​െന്റ ചരിത്രം പരിശോധിക്കുമ്പോൾ ദൃശ്യതയുടെയും അദൃശ്യതയുടെയും ചരിത്രമാണ് നമുക്ക് കാണാൻ കഴിയുന്നത്.

മറ്റൊരു രീതിയിൽ പറഞ്ഞാൽ കേരളത്തിലെ ക്രിസ്തുമതം ഒരേസമയം ജാതിസംയോജനം നടത്തുകയും അതോടൊപ്പം മറ്റൊരു വിഭാഗത്തെ പുറന്തള്ളിക്കൊണ്ടു ജാതിശ്രേണി നിലനിർത്തുകയും ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇതാണ് കേരളത്തിലെ ക്രിസ്തുമതത്തിന്റെ സങ്കീർണത. ഇത്തരം ഒരു സങ്കീർണതയെ മനസ്സിലാക്കാൻ സാധിക്കുന്നയിടത്തിൽ മാത്രമേ കേരളത്തിലെ ക്രൈസ്തവ ചരിത്രവും ക്രിസ്ത്യാനികളും ആധുനികമായിത്തീരുകയുള്ളൂ.

============

(ഗവേഷക വിദ്യാർഥികളായ സുൽത്താന നസ്റിനും കിഷോർ കുമാറിനും അതോടൊപ്പം ബാൻശ്രീ കുമ്പളത്തിനും പ്രത്യേകം നന്ദി.)

സഹായക ഗ്രന്ഥങ്ങൾ:

  • സി.വി. കുഞ്ഞിരാമന്‍, ഈഴവരുടെ മതപരിവര്‍ത്തന സംരംഭം, കോട്ടയം: സി.എം.എസ് പ്രസ്, 1936.
  • ഐറാ ഡാൽട്ടൻ, ദൈവത്തിന്റെ കൂട്ടുവേലക്കാർ, കോട്ടയം: സി.എം.എസ് പ്രസ്, 1966.
  • കെ.ഐ. നൈനാൻ, സഭാചരിത്ര വിചിന്തനങ്ങൾ ആംഗ്ലിക്കൻ കാലഘട്ടം, തിരുവല്ല: css, 1997.
  • പി. ഭാസ്കരനുണ്ണി, കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, തൃശൂർ: കേരള സാഹിത്യ അക്കാദമി, 2005.
  • സാമുവേൽ നെല്ലിമുകൾ, കേരളത്തിലെ സാമൂഹിക പരിവർത്തനം, കോട്ടയം: കെ.എസ് ബുക്സ് 2013.
  • സി. കേശവൻ, ജീവിതസമരം, തിരുവനന്തപുരം: കൗമുദി പബ്ലിക് റിലേഷൻസ് 2015.
  • റോബിൻ ജെഫ്രി, നായർ മേധാവിത്വത്തിന്റെ പതനം, കോട്ടയം: ഡി.സി ബുക്സ്, 2014.
  • പാലക്കുന്നേൽ വല്യച്ചന്റെ നാളാഗമം (ഡയറിക്കുറിപ്പുകൾ), ചങ്ങനാശ്ശേരി: ചരമശതാബ്‌ദി കമ്മിറ്റി, 2000.
  • C.M.S. Mass Movement Quarterly, vol 1, No 2, January 1918.
  • S.N. Sadasivan, A Social History of India, New Delhi: APH Publishing, 2000.
  • J W Gladstone. Protestant Christianity and People's Movements in Kerala: A Study of Christian Mass Movements in Relation to Neo-Hindu Socio-religious Movements in Kerala, 1850-1936, Seminary Publications, 1984.
  • Sturt g smith, The East and West Review An Anglican Missionary Quarterly Magazine, Vol 2, No 4, October 1936.pp.333-340.
  • The International Review of Missions 1937: Vol 26, Christian missionaries- we do not want them any more: an Arya Samaj Statement.pp.Pages: 394-403 First Published: July 1937.
  • Maria David, Beyond Boundaries: Hindu-Christian Relationship and Basic Christian Communities. 2009.
Tags:    
News Summary - weekly history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.