കേരളത്തിന്റെ ചരിത്രവും സംസ്കാരവും പഠിക്കാൻ ശ്രമിച്ചത് യൂറോപ്യന്മാർ മാത്രമല്ല. നിരവധി ജപ്പാൻകാരുമുണ്ട്. ജപ്പാനിലെ ടോക്യോ സർവകലാശാലയിലെ വിദേശ പഠനവകുപ്പിലെ (TUFS) ചരിത്ര-സാമൂഹിക ശാസ്ത്ര പണ്ഡിതന്മാർ ഇവിടെ വിജ്ഞാനം വിളയിക്കുന്നതിൽ ധാരാളം പണിയെടുത്തിട്ടുണ്ട്. അവരിൽ ചിലരെ പരിചയപ്പെടുത്തുകയാണ് ചരിത്രകാരനും അധ്യാപകനുമായ ലേഖകൻ.
ഇന്ത്യയുടെ ചരിത്രം ഗംഗാതടത്തിൽനിന്ന് ആരംഭിക്കുന്നുവെന്ന് രേഖപ്പെടുത്തിക്കൊണ്ട്, തെക്കേയിന്ത്യ എന്നൊരു പ്രദേശമോ അവിടെ സമ്പന്നമായ ഒരു സംസ്കാരമോ ചരിത്രമോ നിലനിന്നിരുന്നില്ല എന്ന തോന്നലുണ്ടാക്കാൻ വടക്കെ ഇന്ത്യയിലെ ആദ്യകാല ചരിത്രകാരന്മാർ ശ്രമിച്ചിരുന്നു. അതിന് കുറച്ചൊക്കെ മാറ്റങ്ങൾ കൊണ്ടുവന്നത് മദ്രാസ് സർവകലാശാലയിലെ അധ്യാപകരായ കെ.എ. നീലകണ്ഠ ശാസ്ത്രി, പി.ടി. ശ്രീനിവാസ അയ്യങ്കാർ തുടങ്ങിയ അക്കാദമിക ചരിത്രകാരന്മാരാണ്. മദ്രാസ് പ്രസിഡൻസിയുടെ കീഴിൽ പ്രാദേശിക ചരിത്രരചന നിർവഹിച്ചുവന്ന ഇവരാണ് തങ്ങളുടെ പ്രദേശത്തിന്റെ ചരിത്രം ദേശീയ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റുന്നതിന് പരിശ്രമിച്ചത്.
അതുപോലെ, കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടുകൂടി മാത്രമാണ് കേരള ചരിത്രത്തെക്കുറിച്ച് ശാസ്ത്രീയവും അക്കാദമികവുമായ ചരിത്രരചന ആരംഭിച്ചത്. അതിൽ പരപ്പനങ്ങാടി സ്വദേശി എം.ജി.എസ് (മുറ്റായിൽ ഗോവിന്ദൻ ശങ്കരനാരായണൻ) എന്ന മൂന്നക്ഷരം മുഴച്ചുതന്നെ നിൽക്കുന്നു. എം.ജി.എസ് തന്റെ ഗുരുവായി കണ്ട മലയാള ഭാഷാ പണ്ഡിതനും ഗവേഷകനുമായ ഇളംകുളം കുഞ്ഞൻപിള്ള വായിച്ചെടുത്ത ശാസനങ്ങളിൽനിന്നും പകർന്നുനൽകിയ ആശയങ്ങളും ഒപ്പം എം.ജി.എസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണങ്ങളുമാണ് പിൽക്കാലത്ത് കേരള ചരിത്രപഠനത്തിലെ ‘കാലിക്കറ്റ് സ്കൂളി’ന് മാതൃകയായി മാറിയത്.
ദക്ഷിണേന്ത്യൻ ചരിത്രപഠനത്തിൽ ശ്രീനിവാസ അയ്യങ്കാർ, നീലകണ്ഠ ശാസ്ത്രി, ടി.വി. മഹാലിംഗം, എം.ജി.എസ്, എൻ. സുബ്രഹ്മണ്യം തുടങ്ങിയവർ തുറന്നിട്ട വഴികളിലൂടെ സഞ്ചരിക്കാൻ നിരവധി വിദേശീയരുമെത്തി. ബർട്ടൻ സ്റ്റെയിൻ, സ്റ്റീഫൻ എഫ്. ഡേൽ, റോബിൻ ജെഫ്രി തുടങ്ങിയ നിരവധിപേർ ആ ഗണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്നവരാണ്. എന്നാൽ, തങ്ങൾക്ക് വളരെ അന്യമായ ഒരു പ്രദേശത്തേക്ക് കടന്നുവന്ന് ചരിത്രവും സംസ്കാരവും പഠിക്കാൻ ശ്രമിച്ചവരിൽ യൂറോപ്യന്മാർ മാത്രമല്ല ഏഷ്യക്കാരും ഉൾപ്പെട്ടിരുന്നു. ജപ്പാനിലെ ടോക്യോ സർവകലാശാലയിലെ വിദേശപഠന വകുപ്പിലെ (TUFS) ചരിത്ര-സാമൂഹിക ശാസ്ത്ര പണ്ഡിതർ ആദ്യകാല ദക്ഷിണേന്ത്യൻ ചരിത്രകാരന്മാർ ഉഴുതുമറിച്ചിട്ട മണ്ണിൽ പുതിയ വിജ്ഞാനം വിളയിക്കുന്നതിൽ ധാരാളം പണിയെടുത്തു. അവരിൽ ചിലരെ പരിചയപ്പെടുത്തുന്നതിനുള്ള പരിശ്രമമാണ് ചുവടെ.
മെഡിറ്ററേനിയൻ പ്രദേശത്തുനിന്ന് പടിഞ്ഞാറൻ കാറ്റിന്റെ സഹായത്താൽ മലബാർ തീരത്ത് എത്തിച്ചേർന്ന ഹിപാലസ് എന്ന നാവികന്റെ വരവ് കേരള ചരിത്രത്തിൽ വളരെ പ്രാധാന്യം നേടിയ ഒരു സംഭവമായാണ് കണക്കാക്കുന്നത്. ഹിപാലസിന് മുമ്പും ഈ കാറ്റുണ്ടായിരുന്നുവെന്നും ഗ്രീക് ഹെലനിസ്റ്റിക് കാലഘട്ടത്തിലും ഈ മൺസൂൺ കാറ്റിനെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും തെളിവുകളുണ്ട്. ആയതിനാൽ ഇത്തരം തെറ്റായ പ്രസ്താവനകൾ അംഗീകരിക്കാൻ പലരും തയാറായിട്ടില്ല.
അതിലൊരാളാണ് ജപ്പാനിൽനിന്നും കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ചരിത്രം പഠിക്കാനെത്തിയ നൊബോരു കരാഷിമ (1933-2015). ആദ്യകാലങ്ങളിൽ ഇന്ത്യയുമായി ഉണ്ടായ കച്ചവടബന്ധങ്ങളെക്കുറിച്ച് പറയുന്ന പല ഗ്രന്ഥങ്ങളിൽനിന്നും ഈ സമസ്യക്കുള്ള മറുപടി അദ്ദേഹം കണ്ടെത്തി. റോമൻ ഭൂമിശാസ്ത്രജ്ഞനായ പ്ലിനി തന്റെ ‘നാച്ചുറൽ ഹിസ്റ്ററി’ എന്ന ഗ്രന്ഥത്തിൽ ഉപയോഗിച്ച കാറ്റ് എന്നർഥം വരുന്ന ‘ഹൈപാലോസ്’ എന്ന പദം ഹിപ്പാലസ് എന്ന വ്യക്തിനാമമായി പരിണമിച്ചതെന്ന് സമർഥിക്കാനാണ് കരാഷിമ ശ്രമിച്ചത്.
പെരിപ്ലസുകാരൻ എന്നറിയപ്പെട്ട പര്യവേക്ഷകനും (പെരിപ്ലസ് മാരിസ് എറിത്രിയേ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്) ഹിപാലസ് എന്ന വ്യക്തിയുടെ കണ്ടെത്തലായി പറയാതെ ഒരു കാറ്റിനെ മാത്രമേ പരാമർശിക്കുന്നുള്ളൂവെന്ന്, റൊമാനിസ് എഫ്.ഡെ, എ. ടെഹർനിയ എന്നിവർ ചേർന്ന് തയാറാക്കിയ ‘ക്രോസിങ്: ഏർലി മെഡിറ്ററേനിയൻ കോണ്ടാക്ട്സ് വിത്ത് ഇന്ത്യ’ (1997) എന്ന ഗ്രന്ഥത്തെ മുൻനിർത്തി കരാഷിമ സമർഥിക്കുകയുണ്ടായി. (Noboru Karashima (Ed.), A Concise History of South India, Oxford University Press, NewDelhi, 2014, p.74)
ജപ്പാനിലെ ടോക്യോ സർവകലാശാലയിലെ അധ്യാപകനായിരുന്ന കരാഷിമ ദക്ഷിണേന്ത്യയുടെ ചരിത്രകാരനായി മാറുന്നത് യാദൃച്ഛികമായാണ്. ടോക്യോ സർവകലാശാലയിലെത്തുന്നതിന് മുമ്പുതന്നെ തന്റെ വിജ്ഞാനവ്യാപനത്തിന്റെ ഭാഗമായി ദക്ഷിണേഷ്യയിൽ സജീവമായി നിലനിൽക്കുന്ന തമിഴ് ഭാഷയെയും സംസ്കാരത്തെയും കുറിച്ച് കരാഷിമ പഠിക്കാനിടയായി. 1966ൽ മലേഷ്യയിലെ ക്വാലാലംപുരിൽ നടന്ന ആദ്യ അന്തർദേശീയ തമിഴ് സംസ്കാര പഠന കോൺഫറൻസിൽ പുതുമയുള്ള ഒരു കണ്ടെത്തൽ അവതരിപ്പിച്ചുകൊണ്ടാണ് ദക്ഷിണേന്ത്യൻ പഠനങ്ങളിലേക്ക് കരാഷിമയുടെ വരവറിയിച്ചത്.
ചോള കാലഘട്ടത്തിൽ നിലനിന്നിരുന്ന അല്ലൂർ, ഇഷനിമംഗലം എന്നീ ഗ്രാമങ്ങളിലെ ഗ്രാമഭരണവ്യവസ്ഥകളെ താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു പഠനമാണ് അദ്ദേഹം നടത്തിയത്. ബ്രാഹ്മണസഭകളാൽ നിയന്ത്രിക്കപ്പെട്ടിരുന്ന ഇഷനിമംഗലത്തെ അപേക്ഷിച്ച് അല്ലൂർ ഒരു ബ്രാഹ്മണേതര ഗ്രാമവും അവിടത്തെ ഭരണവ്യവസ്ഥ ഗ്രാമസംഘങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതാണെന്നും കൃഷിക്കാർതന്നെയാണ് ഭൂമിയുടെ ഉടമസ്ഥത പുലർത്തിയിരുന്നതെന്നും അദ്ദേഹം തെളിയിച്ചു. തുടർന്ന് ചോള ശാസനങ്ങളിൽ കൂടുതൽ പഠനം നടത്തുന്നതിനും അതിലൂടെ തെക്കേ ഇന്ത്യയുടെ ചരിത്ര പഠനത്തിൽ കൂടുതൽ സംഭാവനകൾ നൽകുന്നതിനും അദ്ദേഹം പരിശ്രമിച്ചു. അദ്ദേഹത്തെ സഹായിക്കുന്നതിനായി തഞ്ചാവൂർ തമിഴ് സർവകലാശാലയിലെ വൈ. സുബ്ബരായലു, മദ്രാസ് സർവകലാശാലയിലെ എൻ. സുബ്രഹ്മണ്യം എന്നിങ്ങനെ പ്രമുഖർ തയാറാകുകയുംചെയ്തു.
പ്രാചീന ലിപിപഠനത്തിൽ വ്യുൽപത്തി നേടിയ വ്യക്തിയെന്നനിലയിൽ കരാഷിമക്ക് ഒട്ടേറെ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചു. തന്മൂലം 1980ൽ കരാഷിമക്ക് ചോളശാസനങ്ങളെ മുൻനിർത്തി നടത്തിയ ഗവേഷണ പ്രബന്ധത്തിന് ദ്രാവിഡിയൻ ലിംഗ്വിസ്റ്റിക് അസോസിയേഷൻ മികച്ച പ്രബന്ധത്തിനുള്ള അവാർഡ് നൽകി ആദരിച്ചു. (P. Basith Assarani, Nobrou Karashima: An Inspired Tamilian Historiographer, JETIR, November 2018, Volume 5, Issue 11; www.jetir.org ).
ചോളന്മാരുടെയും വിജയനഗര രാജാക്കന്മാരുടെയും ശാസനങ്ങൾ കൃത്യമായും ആയാസരഹിതമായും വായിച്ചെടുക്കുന്നതിൽ അദ്ദേഹം വിരുതു കാണിച്ചു. ദക്ഷിണേന്ത്യയിൽ ലഭ്യമായ ലിഖിതങ്ങളുടെ വായനക്ക് ‘കരാഷിമ മോഡൽ’ തന്നെ ഉണ്ടാക്കിയെടുക്കുന്നതിൽ അദ്ദേഹം വിജയിച്ചു. കരാഷിമ ഒരിക്കൽ പ്രസ്താവിച്ചത്, “സാധാരണയായി ഒരു അക്കാദമിക പണ്ഡിതനെന്ന മികവോടെ ശാസനങ്ങളെ യാന്ത്രികമായ രീതിയിൽ ഏതെങ്കിലും സ്റ്റാറ്റിസ്റ്റിക്കൽ മാർഗത്തിൽ വായിച്ചെടുക്കാൻ ശ്രമിക്കാറില്ല. അത് തെറ്റായ ഒരു രീതിയായാണ് ഞാൻ കാണുന്നത്. ഞാനാദ്യം ആ ലിഖിതങ്ങളുടെ മന്ത്രണം ശ്രദ്ധിക്കും. എന്നിട്ട് അവയുമായി സംഭാഷണം ആരംഭിക്കും. അതിലൂടെ പുതിയ കാര്യങ്ങൾ എന്നിലേക്ക് എത്തിച്ചേരും.’’ (Parvathy Menon, Nobrou Karashima: An Obituary, Review of Agrarian Studies, Vol. VI, No. 1, June 2016). ആദ്യകാല ഗവേഷണങ്ങളുടെ ഭാഗമായി വൈ. സുബ്ബരായലുവുമായി ചേർന്ന് ചോളശാസനങ്ങളെ മുൻനിർത്തി ‘South Indian History and Society: Studies from Inscriptions AD 850-1800’ എന്ന ഗ്രന്ഥവും ‘A Concordance of the Names in Chola Inscriptions’ എന്ന ഗ്രന്ഥവും പ്രസിദ്ധീകരിക്കുന്നതിന് കരാഷിമക്ക് സാധിച്ചു.
ചേര ശാസനങ്ങളെ ആധികാരികമായി പഠിച്ച എം.ജി.എസുമായി കരാഷിമ നല്ലൊരു ആത്മബന്ധം ഉണ്ടാക്കിയെടുത്തു. മിക്കപ്പോഴും ചോള ശാസനങ്ങളെക്കുറിച്ചുള്ള പഠനാന്വേഷണങ്ങളിൽ അദ്ദേഹം എം.ജി.എസിന്റെ സഹായം തേടിയിരുന്നു. നൊബോരു കരാഷിമയുടെ പ്രവർത്തനങ്ങളെക്കുറിച്ച് എം.ജി.എസ് രേഖപ്പെടുത്തിയിരിക്കുന്നത്: “ഗ്രാമക്ഷേത്ര മഹാസഭകളിൽ ദേവസ്വം (ദേവന്റെ സ്വത്ത്) എന്ന പൊതുസ്വത്ത് സംവിധാനം എങ്ങനെ സ്വകാര്യസ്വത്തിന്റെ വളർച്ചയിൽ എത്തി എന്ന മർമപ്രധാനമായ പ്രശ്നമാണ് മാർക്സിസ്റ്റ് സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ അദ്ദേഹം അപഗ്രഥിച്ചത്.
ചോളചരിത്രം ആധികാരികമായി പഠിച്ചെഴുതിയ പ്രഫസർ കെ.എ. നീലകണ്ഠ ശാസ്ത്രിയും ടി.വി. മഹാലിംഗവും ഒന്നും ഇത്തരം സൈദ്ധാന്തികപ്രശ്നങ്ങൾ കൈകാര്യംചെയ്തിരുന്നില്ല’’ (എം.ജി.എസ് നാരായണൻ, ജാലകങ്ങൾ: ഒരു ചരിത്രാന്വേഷിയുടെ വഴികൾ കാഴ്ചകൾ, കറന്റ് ബുക്സ്, തൃശൂർ, പു. 486). എം.ജി.എസുമായി നീണ്ട കാലത്തെ സൗഹൃദം സൂക്ഷിച്ചിരുന്ന കരാഷിമ ടോക്യോ യൂനിവേഴ്സിറ്റിയിൽ അന്തർദേശീയ പഠനവിഭാഗത്തിൽ (TUFS) വിസിറ്റിങ് പ്രഫസറായി ചേർന്ന കാലഘട്ടത്തിൽ ഇന്ത്യയിൽനിന്നും എം.ജി.എസ്. നാരായണൻ ഉൾപ്പെടെയുള്ളവരെ അവിടേക്ക് പ്രബന്ധം അവതരിപ്പിക്കുന്നതിനും അധ്യാപനത്തിനും മറ്റുമായി ക്ഷണിക്കുകയുണ്ടായി. കരാഷിമയുടെ ക്ഷണമനുസരിച്ച് ടോക്യോ യൂനിവേഴ്സിറ്റി ഓഫ് ഫോറിൻ സ്റ്റഡീസിൽ റിസർച് പ്രഫസറായി ഒരു വർഷം (1994-95) പ്രവർത്തിക്കാനും എം.ജി.എസ്. നാരായണനു സാധിച്ചു.
ഒന്നാം അന്തർദേശീയ തമിഴ് കോൺഫറൻസുമായി (International Association of Tamil Research) ആരംഭിച്ച അദ്ദേഹത്തിന്റെ ബന്ധം, 1989ൽ ഏഴാം കോൺഫറൻസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് അദ്ദേഹത്തെ നയിച്ചു. തുടർന്ന് ലോകത്തിലെ ആദ്യ ഭാഷയായി കരുതുന്ന തമിഴിന്റെ വളർച്ചക്കും വികാസത്തിനുമായി അദ്ദേഹം ചെയ്ത സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ഇന്ത്യക്കാരനല്ലാതിരുന്നിട്ടും എപ്പിഗ്രാഫിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ അധ്യക്ഷ പദവി (1985) കരാഷിമ അലങ്കരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് എട്ടാമത് അന്തർദേശീയ തമിഴ് കോൺഫറൻസ് (1995) തഞ്ചാവൂരിൽ നടന്നത്.
ഒമ്പതാം സമ്മേളനം (2009) നടന്ന വേളയിൽ രാഷ്ട്രീയമായ ഇടപെടൽമൂലം അദ്ദേഹം സഹകരിച്ചില്ല. തുടർന്ന് തൽസ്ഥാനത്തുനിന്നും രാജിവെച്ചൊഴിഞ്ഞു (1989-2010). സ്ഥാനം ഒഴിഞ്ഞെങ്കിലും 2015 നവംബർ 26ന് 82ാം വയസ്സിൽ അദ്ദേഹം മരണം വരിക്കുന്നതുവരെ തമിഴ് ഭാഷക്കും സംസ്കാരത്തിനുമൊപ്പം ദക്ഷിണേന്ത്യയുടെ ചരിത്ര പഠന വളർച്ചക്കും വികാസത്തിനും വേണ്ടി അക്ഷീണം പരിശ്രമിച്ചു. ഇന്ത്യാ ചരിത്ര-സംസ്കാര ഭാഷാപഠന മേഖലക്ക് നൽകിയ സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ പത്മശ്രീ (2013) നൽകി അദ്ദേഹത്തെ ആദരിച്ചു. മുമ്പ് സൂചിപ്പിച്ചതിനു പുറമെ വിജയനഗരം, മധുര നായ്ക്കന്മാർ, പാണ്ഡ്യൻമാർ തുടങ്ങിയ കാലഘട്ടങ്ങളിലെ സാഹിത്യ-ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന Towards a New Formation: South Indian Society under Vijayanagar Rule (1992), History and Society in South India: The Cholas to Vijayanagar (2001), A Concordance of Nayaks: The Vijayanagara Inscriptions in South India (2002), Ancient to Medieval: South Indian Society in Transition (2009), A Concise History of South India: Issues and Interpretations (2014) തുടങ്ങിയ കൃതികൾ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.
കരാഷിമയുടെ കൃതികൾ ഏറെയും പ്രസിദ്ധീകരിച്ചത് ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസാണ്. ഏഷ്യയുടെ വിവിധ രാജ്യങ്ങളിലെ ഭക്ഷണ പാനീയങ്ങൾ, പാചകരീതികൾ, സംസ്കാരം എന്നിവ സംബന്ധിച്ച ജപ്പാനിലെ നിരവധി ടി.വി ഷോകളിലെ അവതാരകനായിട്ടും കരാഷിമ പ്രവർത്തിച്ചിരുന്നു. ഏഷ്യൻ സംസ്കാരത്തിന്റെ സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനുമായി Fukoka City International Foundation നൽകുന്ന Fukoka Asian Cultural Prize (1995), മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ജപ്പാന്റെ ഉന്നത അവാർഡായ Japan Academy Prize (2003), Person of Cultural Merit (2007) എന്നിവ പത്മശ്രീക്കു പുറമെ അദ്ദേഹത്തെ തേടിയെത്തിയ അവാർഡുകളാണ്.
കരാഷിമയുടെ പാത പിന്തുടർന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ശിഷ്യരും ശിഷ്യരുടെ ശിഷ്യരും ഇന്ത്യാ പഠനത്തിൽ പ്രത്യേകിച്ചും ദക്ഷിണേന്ത്യാ പഠനത്തിൽ താൽപര്യം കാണിച്ച് മുന്നോട്ടുവന്നിട്ടുണ്ട്. ടോക്യോ സർവകലാശാല, ജാപ്പനീസ് ഓപൺ സർവകലാശാല എന്നിവിടങ്ങളിൽ പ്രഫസർ ആയി സേവനമനുഷ്ഠിച്ചിരുന്ന സുകാസ മിസുഷിമ ഇന്ത്യാ ചരിത്രത്തിലും ദക്ഷിണേന്ത്യൻ ചരിത്ര-സംസ്കാരത്തിലും കരാഷിമയുടെ പാത പിന്തുടർന്ന വ്യക്തിയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടു മുതൽ ഇന്നുവരെയുള്ള ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക ചരിത്രത്തിൽ ജാതി സമ്പ്രദായം, കുടിയേറ്റം, ജനസംഖ്യ മാറ്റങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹത്തിന്റെ പഠനം വ്യാപിച്ചിരുന്നു.
തമിഴ് സംസ്കാരവുമായി ബന്ധപ്പെട്ട പഠനങ്ങൾക്കായി ഇന്ത്യയിലും പുറത്തും തമിഴ് വംശജർ താമസിക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ച് നേരിട്ട് പഠനം നടത്തുന്നതിനും അദ്ദേഹം താൽപര്യം കാണിച്ചു. ദക്ഷിണേന്ത്യയുടെ ചരിത്രമന്വേഷിച്ച് തെക്കനേഷ്യയിലെയും തെക്കുകിഴക്കനേഷ്യയിലെയും നിരവധി പുരാരേഖ കേന്ദ്രങ്ങളിൽ അദ്ദേഹം എത്തിച്ചേർന്നിരുന്നു. കഴിഞ്ഞ 250 വർഷമായി തമിഴ്നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക മാറ്റങ്ങളെ ചരിത്രപരമായി അപഗ്രഥിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി സന്ദർശിച്ച ഗ്രാമങ്ങളിൽനിന്നും ലഭിച്ച രേഖകളെല്ലാംതന്നെ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിലും അദ്ദേഹം ശ്രദ്ധചെലുത്തി.
ഭൂമിശാസ്ത്രവിവര ശേഖരണ സംവിധാന (Geographical Information System - GIS) ചരിത്ര ഗവേഷണത്തെ മേഖലയിൽ ഉപയോഗപ്പെടുത്താമെന്ന കണ്ടെത്തലിന്റെ ആദ്യകാല വക്താവായിരുന്നു മിസുഷിമ. തന്മൂലം 2012 മുതൽ Asian Network for GIS –based Historical Studies (ANGIS) എന്ന സംഘടനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. ടോക്യോ സർവകലാശാലയിലെ ‘മിസുഷിമ ലാബ്’ വഴി വികസിപ്പിച്ചെടുത്ത ജി.ഐ.എസ് അധിഷ്ഠിത ഗവേഷണ ഗേറ്റ് വേയായ ‘Indian Place Centre’ന്റെ പ്രധാന വക്താവും മിസുഷിമയായിരുന്നു. ഇന്ത്യയെന്ന സമ്പന്നമായ പൈതൃകത്തെ സമന്വയിപ്പിക്കുന്നതിന് കൂടുതൽ സഹായിക്കുന്ന ഒരു ഉപകരണമെന്നദ്ദേഹം വിശേഷിപ്പിച്ച ടൂൾ ആണിത്. ഇതിനായി അഞ്ചു വർഷവും 1.2 മില്യൺ യു.എസ് ഡോളറും ചെലവഴിച്ചു. ജപ്പാൻ സൊസൈറ്റി ഫോർ ദ പ്രമോഷൻ ഓഫ് സയൻസിൽനിന്നുള്ള ധനസഹായം ലഭ്യമായതിനാൽ ഈ ഗേറ്റ്വേയുടെ ഉപയോഗം സൗജന്യമായാണ് നൽകിവന്നിരുന്നത്.
ഇതിലൂടെ ഗവേഷണ ആവശ്യങ്ങൾക്കായി ഇന്ത്യയിലെ ഗ്രാമങ്ങളുടെ വിവരങ്ങൾ വളരെ വേഗത്തിൽ കണ്ടെത്താൻ സാധിക്കുന്നു. ഇതിൽ, 1869 മുതൽ 2010 വരെയുള്ള സർവേ ഓഫ് ഇന്ത്യയുടെ ടോപ്പോഗ്രഫിക്കൽ മാപ്പുകളിൽനിന്നുള്ള ഡേറ്റയും 2001ലെ ജില്ല ജനസംഖ്യാ കണക്കെടുപ്പിൽനിന്നുള്ള സെൻസസ് ഓഫ് ഇന്ത്യയുടെ ഡേറ്റയും ഉൾപ്പെടുത്തിയിരുന്നു. മാത്രമല്ല, ഡിജിറ്റൽ ഫോർമാറ്റിൽ മറ്റ് പലതരത്തിലുള്ള വിവരങ്ങളുമായി ലിങ്ക് ചെയ്യാൻ ഗവേഷകനെ ഇത് അനുവദിക്കുന്നുമുണ്ട്.
ഉദാഹരണത്തിന്, “ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലെയും ജനസംഖ്യാപരമായ മാറ്റങ്ങളെയോ കാലക്രമേണ ഒരു പ്രത്യേക പ്രദേശത്തിന്റെ വ്യാവസായിക വികസനത്തെയോ അല്ലെങ്കിൽ തൊഴിൽ ഘടനയിലെ മാറ്റങ്ങളെയോ പ്രതിനിധാനംചെയ്യാൻ ഒരാൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഇപ്പോൾ 10 അല്ലെങ്കിൽ 20 മിനിറ്റിനുള്ളിൽ ചെയ്യാനാകും.’’ സർവേ ഓഫ് ഇന്ത്യ ടോപ്പോഷീറ്റുകളിലേക്കും 2001ലെ സെൻസസ് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലേക്കും സെൻസസ് ഓഫ് ഇന്ത്യയിലേക്കുമുള്ള പ്രവേശനം ഇന്ത്യാ ഗവൺമെന്റ് റെഗുലേഷനുകളാൽ പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ അടിസ്ഥാന വിവരങ്ങൾ നേടുന്നത് സാധാരണ ഗവേഷകർക്ക് ബുദ്ധിമുട്ടായിരുന്നു. ഇത്തരക്കാർക്കായിട്ടാണ് ലോകമെമ്പാടുമുള്ള ശേഖരങ്ങളിൽനിന്നും ലൈബ്രറികളിൽനിന്നും ടോപ്പോഗ്രഫിക്കൽ ഷീറ്റുകൾ വാങ്ങിയെടുത്താണ് മിസുഷിമ ഇതിന്റെ നിർമാണത്തിന് ചുക്കാൻ പിടിച്ചത്.
ജി.ഐ.എസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഉപയോഗത്തെക്കുറിച്ച് പ്രഫ. മിസുഷിമ ‘ദി ഹിന്ദു’വിന് നൽകിയ ഒരു അഭിമുഖത്തിൽ പറയുന്നത്: “നിങ്ങൾ ബ്രിട്ടീഷ് ഭരണകാലത്ത് യുനൈറ്റഡ് പ്രവിശ്യകളായിരുന്ന ഒരു വിദൂര കുഗ്രാമത്തിൽനിന്ന് രണ്ട് തലമുറകൾക്കു മുമ്പ് കുടിയേറിയ ഒരു ഇന്ത്യക്കാരനാണെന്ന് കരുതുക. ആ ഗ്രാമത്തിന്റെ പേര് ‘രാംഗഢ്’ എന്നാണെന്നും അത് ഗംഗയുടെ അടുത്താണെന്നും ആ ഗ്രാമത്തിൽനിന്ന് ബനാറസിലെത്താൻ രണ്ടു ദിവസം കാളവണ്ടിയിലും പിന്നീട് ബോട്ടിലും ഒരു ദിവസമെടുത്തുവെന്നും നിങ്ങളുടെ മുത്തശ്ശി നിങ്ങളോട് പറഞ്ഞത് മാത്രമാണ് നിങ്ങൾക്ക് ഓർമയുള്ളത്.
നിങ്ങളുടെ പൂർവികർ വന്ന ഗ്രാമം സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ അതിന്റെ സ്ഥാനമോ അത് സ്ഥിതിചെയ്യുന്ന സംസ്ഥാനത്തിന്റെയോ ജില്ലയുടെയോ ആധുനിക നാമംപോലും നിങ്ങൾക്കറിയില്ല. ഗംഗാസമതലങ്ങളിൽ ഒന്നിലധികം രാംഗഢുകളുണ്ടെന്ന് നിങ്ങൾ കണ്ടെത്തുന്നു. നിങ്ങളുടെ രാംഗഢ് ഇപ്പോഴും നിലവിലുണ്ടോ എന്നുപോലും നിങ്ങൾക്കറിയില്ല. ഗൂഗിൾ മാപ്പുകൾ ഇതിനായി നിങ്ങളെ സഹായിക്കില്ല. ഈ സ്ഥലം കണ്ടെത്തുന്നതിനായി നിങ്ങളെ സഹായിക്കുന്നതിനുള്ള ഒരു പ്രധാന പുതിയ മാർഗമാണിത്. പ്ലേസ് ഫൈൻഡർ ഗേറ്റ്വേയിലെ ‘രാംഗഢ്’ കൂടാതെ ഡസൻകണക്കിന് രാംഗഢ് അതിന്റെ സാധ്യമായ എല്ലാ സ്പെല്ലിങ് വ്യതിയാനങ്ങളോടും കൂടി സ്ക്രീനിൽ ദൃശ്യമാകും, ഓരോന്നിനും പ്രസക്തമായ ഉപജില്ല, ജില്ല, സംസ്ഥാനം, അക്ഷാംശം, രേഖാംശം എന്നിവയുടെ പേര്.
കൂടാതെ 2001ലെ ഇന്ത്യൻ സെൻസസിന്റെ ലൊക്കേഷൻ കോഡും. നിങ്ങളുടെ മുത്തശ്ശിയുടെ വാക്കാലുള്ള വിവരണത്തിന്റെ ശകലങ്ങളുമായി പൊരുത്തപ്പെടുന്നതിനും നിങ്ങളുടെ പൂർവികരെ കണ്ടെത്തുന്നതിനും നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ തിരയൽ ചുരുങ്ങിയ സമയത്തിനുള്ളിൽ നടത്താം.’’ (The Hindu, Madras, 23rd October 2013, http://www.thehindu.com/todays-paper/tp-national/a-stateoftheart- digital-tool-for-india-studies/ article 5063053. ece) സാങ്കേതിക രംഗത്തെ മാറ്റങ്ങൾക്ക് അനുസരിച്ച് GIS അടിസ്ഥാന ഗവേഷണങ്ങളിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണെങ്കിലും മിസുഷിമ നടത്തിയ ഇടപെടലുകൾ ഈ മേഖലയിലെ ആദ്യകാല ചുവടുവെപ്പായിരുന്നു.
കേരളത്തിലെ സാമൂഹിക മാറ്റങ്ങൾ തന്റെ ചരിത്ര പഠന മേഖലയിൽ പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയ ജാപ്പനീസ് ചരിത്രകാരിയായിരുന്നു തോഷി അവായ. കേരളത്തിലെ സ്ത്രീപക്ഷ പഠനങ്ങൾക്കും വിവിധ സമുദായങ്ങളുടെ ഇടയിൽ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും അവായ പഠനം നടത്തി. തന്റെ പഠനത്തിനായി നിരവധി തവണ കേരളത്തിലെത്തിയ അവായക്ക് മലയാളികളായ നിരവധി ചരിത്രകാരന്മാരുമായി അക്കാദമികമായ ബന്ധം സ്ഥാപിക്കാൻ സാധിച്ചിരുന്നു. ടോക്യോ സർവകലാശാലയിൽ നടന്ന ഒരു സെമിനാറിൽ പങ്കെടുക്കാനെത്തിയ വേളയിൽ തോഷി അവായയുമായി ഉണ്ടാക്കിയ സൗഹൃദത്തെക്കുറിച്ച് എം.ജി.എസ്. നാരായണൻ തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നത്: “ബസിറങ്ങിയപ്പോൾ ഒരു ജാപ്പനീസ് പെൺകുട്ടി എന്നെ കാത്തുനിൽക്കുന്നു. തോഷി അവായെ എന്നാണ് പേര്.
അവളാണ് എന്റെ ഗൈഡ്. കരാഷിമയുടെ വിദ്യാർഥിനിയാണ്. ഇന്ത്യയിൽ, കേരളത്തിൽ 19ാം നൂറ്റാണ്ടിലെ നായർ-നമ്പൂതിരി-ഈഴവ-മാപ്പിള സമുദായ പരിഷ്കരണ ശ്രമങ്ങളെപ്പറ്റി ഗവേഷണം ചെയ്യണമെന്നാണ് ആഗ്രഹം. അപ്പോൾ എന്നെ പരിചയപ്പെടുന്നതും ഞാനുമായി ബന്ധം പുലർത്തുന്നതും പ്രയോജനപ്രദമാണല്ലോ. ഇങ്ങനെ ബുദ്ധിപൂർവമാണ് അവർ ഓരോ സെമിനാർ അംഗത്തിനും ഗൈഡുകളെ തിരഞ്ഞെടുത്തു നൽകിയത്. അതെത്രമാത്രം ഫലപ്രദമായെന്ന് അവളുടെ കഥ കണ്ടറിയാം. ഇന്ന് കാൽനൂറ്റാണ്ടിനുശേഷം, അവൾ ടോക്യോ യൂനിവേഴ്സിറ്റി ഓഫ് ഫോറിൻ സ്റ്റഡീസിൽ ദക്ഷിണേന്ത്യാ ചരിത്രം പഠിപ്പിക്കുന്ന പ്രഫസറാണ്. ആധുനിക ദശയിൽ കേരളത്തിലുണ്ടായ സാമുദായിക പരിഷ്കരണത്തെക്കുറിച്ചാണ് കരാഷിമയുടെ കീഴിൽ എന്റെയുംകൂടി സഹായത്തോടെ പിഎച്ച്.ഡി ഗവേഷണം ചെയ്തത്. വിവാഹം ചെയ്തിട്ടില്ല.
മുഴുവൻസമയ ഗവേഷണമാണ് ജീവിതം. മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനുമറിയാം. ടോക്യോയിലെ വീട്ടിൽ മലയാളം ലൈബ്രറിയുണ്ട്. 1983നു ശേഷം ഏതാണ്ട് എല്ലാ വർഷവും അവൾ കാലിക്കറ്റ്-കേരള യൂനിവേഴ്സിറ്റികളിൽ വന്ന് കുറെ ദിവസം കൂടാറുണ്ടായിരുന്നു. ഞങ്ങളുടെ കൂടെ വീട്ടിലും താമസിച്ചിട്ടുണ്ട്. ഞങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിചയമാണ്. ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയിൽ ഫെലോഷിപ്പോടെ പലപ്പോഴും ജോലി ചെയ്തിട്ടുണ്ട്. ഓരോതവണ കോഴിക്കോട് വരുമ്പോഴും എൻ.ബി.എസിൽനിന്ന് ധാരാളം മലയാളം പുസ്തകങ്ങൾ വാങ്ങി കപ്പലിൽ ജപ്പാനിലേക്കയക്കാൻ ഏർപ്പാട് ചെയ്യുക പതിവായിരുന്നു. കരാട്ടേ പഠിച്ചിട്ടുണ്ട്. ഒറ്റക്ക് സെക്കൻഡ് ഷോ സിനിമക്ക് പോകാൻ ഒരു മടിയുമില്ല. മലയാളം സിനിമ കണ്ടാണ് ഭാഷ കുറെയേറെ പഠിച്ചത്.’’ (എം.ജി.എസ്. നാരായണൻ, ജാലകങ്ങൾ, പു. 489)
ആധുനിക തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തെ കുറിച്ച് നടത്തിയ ഗവേഷണത്തിൽ അവർ സാമ്പ്രദായിക ചരിത്രകാരന്മാർ ഉയർത്തിപ്പിടിച്ച തിരുവിതാംകൂർ വാർപ്പ് മാതൃകകളെ അനുകരിക്കുന്നതിനോടൊപ്പം ബർട്ടൺ സ്റ്റെയിൻ, അഷിൻ ദാസ് ഗുപ്ത എന്നിവർ ഉയർത്തിക്കാണിച്ച ചില സൈദ്ധാന്തിക വശങ്ങളെ ഉൾക്കൊള്ളിക്കാനും ശ്രമിക്കുന്നുണ്ട്. ബർട്ടൺ സ്റ്റെയിനിന്റെ ‘സൈനിക സമ്പദ്ഘടന’ (military fiscalism), ദാസ് ഗുപ്തയുടെ ‘കച്ചവട രാഷ്ട്രം’ (trade state) എന്നീ സങ്കൽപങ്ങളെ 18ാം നൂറ്റാണ്ടിലെ തിരുവിതാംകൂർ പഠനത്തിനായി തോഷി അവായ ഉപയോഗിച്ചു.
കേരളത്തിൽ നിലനിന്നിരുന്ന മരുമക്കത്തായത്തെ കുറിച്ച് ഗഹനമായ പഠനം നടത്തിയ അവായ തന്റെ പഠന നിഗമനങ്ങൾ വിവിധ അന്തർദേശീയ വേദികളിലും ജേണലുകളിലും അവതരിപ്പിച്ചു. 2003ൽ പുറത്തുവന്ന Hayami Yoko എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ച Modernity and Gender: Perspectives from Asia and the Pacific എന്ന ഗ്രന്ഥത്തിൽ തോഷി അവായയുടേതായി വന്ന Becoming a ‘Female Citizen’ in Colonial Kerala, India എന്ന പ്രബന്ധത്തിലൂടെ കേരള സംബന്ധിയായ ചരിത്രപഠനങ്ങൾക്ക് അന്തർ ദേശീയ മാനങ്ങൾ ലഭിച്ചു. കെ.പി.പി. നമ്പ്യാർ തയാറാക്കിയ ‘ജാപ്പനീസ് മലയാളം ഡിക്ഷനറി’യുടെ പൂർത്തീകരണത്തിനായി തോഷി അവായ നൽകിയ സഹായങ്ങളെ അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നുണ്ട്. (കെ.പി.പി. നമ്പ്യാർ, ജാപ്പനീസ് മലയാളം ഡിക്ഷ്നറി, പു. ii)
ടോക്യോയിലെ കോകുഷികൻ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം പ്രഫസറായ കൊജി കവാഷിമയുടെ പ്രധാന പഠനമേഖല കേരളത്തിലെ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങളായിരുന്നു. 1994ൽ ലണ്ടൻ സർവകലാശാലയിൽ പിഎച്ച്.ഡി ഗവേഷണവുമായി ബന്ധപ്പെട്ട അദ്ദേഹം സമർപ്പിച്ച പ്രബന്ധമാണ് ‘Missionaries and A Hindu State: Travancore, 1856-1936’ എന്ന പേരിൽ പുസ്തകമായി പുറത്തുവന്നത്. തിരുവിതാംകൂർ എന്ന നാട്ടുരാജ്യത്തെ ആധുനികതയിലേക്ക് മിഷനറിമാർ ഏത് രീതിയിലാണ് പരിവർത്തനപ്പെടുത്തിയതെന്നാണ് അദ്ദേഹം ഈ ഗ്രന്ഥത്തിലൂടെ പരിശോധിക്കുന്നത്. മാത്രമല്ല, തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങളിൽ ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ മിഷനറിമാർ കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ച് നിരവധി പഠനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്.
ജപ്പാനിലെ ദെയിത്തോ ബുങ്ക സർവകലാശാലയിലെ പ്രഫസറായ തകാക ഇനോയു കർണാടിക് സംഗീതത്തിന്റെ ജാപ്പനീസ് മുഖമാണ്. ടോക്യോ സർവകലാശാലയിൽ ഗോത്രസംഗീതത്തിൽ ബിരുദ പഠനത്തിനായിട്ടെത്തിയ വേളയിലാണ് കർണാടക സംഗീതത്തെക്കുറിച്ച് അടുത്തറിയാൻ സാധിച്ചത്. തുടർന്ന് ഉപരിപഠനത്തിനായി ഡൽഹി സർവകലാശാലയിലും ഡോക്ടറൽ പഠനത്തിനായി ടോക്യോ സർവകലാശാലയിലും ചേർന്നപ്പോഴും സംഗീതംതന്നെയായിരുന്നു തിരഞ്ഞെടുത്തത്. നല്ലൊരു സംഗീതജ്ഞയായി മാറിയ ഇനോയു ഇന്ത്യക്കും ജപ്പാനും പുറമെ നിരവധി രാജ്യങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചുവന്നു.
ദക്ഷിണേന്ത്യയുടെ ചരിത്രവും സംസ്കാരും ആഴത്തിൽ പഠിക്കുന്നതിനു പരിശ്രമിച്ച അവർ തഞ്ചാവൂരിലെ മറാത്ത സംസ്കാരം, തെക്കേയിന്ത്യയിലെ വിവിധ ക്രിസ്ത്യൻ മിഷനറിമാരുടെ സേവന പ്രവർത്തനങ്ങൾ, ദേവദാസികളുടെ ജീവിതം എന്നിത്യാദി വിഷയങ്ങളിൽ പഠനം നടത്തിവന്നു. ദേവദാസികളുടെ ജീവിതം അന്വേഷിക്കുന്നതിനോടൊപ്പംതന്നെ ദേവദാസി സമ്പ്രദായം ഇല്ലാതാക്കുന്നതിനുവേണ്ടി പരിശ്രമിച്ച പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചും (Anti-Nautch Movement) പഠനങ്ങൾ നടത്തുകയുണ്ടായി. തകാഷി ഷിനോദ, തോഷികോ ഷുദ എന്നിവരോടൊപ്പം ചേർന്ന് ഇനോയു രചിച്ച ‘Social Transformation and Cultural Change in South Asia’ (2017) എന്ന ഗ്രന്ഥം പ്രസിദ്ധമാണ്.
ആധുനിക ആന്ധ്രയുടെ ചരിത്രവും തെലുഗു ഭാഷയും പ്രധാന പഠനമായി കണ്ട കെയ്കോ യമാഡയും (ഇബർക്കി സർവകലാശാല) തമിഴ് ഭാഷയും സാഹിത്യവും മുഖ്യ വിഷയമാക്കി പഠനം നടത്തിവന്ന ഹിരോഷി യമാഷിത്തയും (തൊഹോകു സർവകലാശാല) ഈ നിരയിലെ പ്രമുഖരാണ്. തമിഴ് സംസ്കാര പഠനം (Tamilology) –ദ്രാവിഡ സംസ്കാര പഠനം മേഖലകളിൽ കൂടുതൽ സംഭാവന നൽകിവരുന്ന യമാഷിത്ത ഫിലോസഫിയിൽ തന്റെ ഗവേഷണ ബിരുദം നേടുന്നതിനായി മദ്രാസ് സർവകലാശാലയിലെത്തിയ കാലം (1989) മുതൽ തമിഴ് ഭാഷയെയും സംസ്കാരത്തെയും കുറിച്ച് കൂടുതൽ പഠനമാരംഭിച്ചു.
തൊഹോകു സർവകലാശാലയിൽ തെക്കനേഷ്യൻ രാജ്യങ്ങളുടെയും തെക്കേ ഇന്ത്യയുടെയും പഠനത്തിൽ കൂടുതൽ വ്യാപൃതനായി. 2014 മുതൽ 2018 വരെ ജാപ്പനീസ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യൻ സ്റ്റഡീസിന്റെ മാനേജിങ് ഡയറക്ടറായും 2020 മുതൽ 2022 വരെ ജാപ്പനീസ് അസോസിയേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസിന്റെ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചു. ഇന്ത്യയിൽ ഉത്ഭവിച്ച മതങ്ങൾ അനുഷ്ഠിച്ചു വരുന്നവരുടെ വിശ്വാസ, ആചാര, അനുഷ്ഠാനങ്ങൾ ഏതു രീതിയിലാണ് തെക്കനേഷ്യയിലും തെക്കു കിഴക്കനേഷ്യയിലും നിലനിന്നിരുന്നത് എന്നതിനെക്കുറിച്ച് നേരിട്ട് അറിയുന്നതിനുള്ള ഫീൽഡ് പഠനങ്ങളും അദ്ദേഹം നടത്തിവന്നു. മതം, സംസ്കാരം, തത്ത്വശാസ്ത്രം എന്നിവക്കു പുറമെ ഇന്ത്യൻ സിനിമ പഠന മേഖലയിലും അദ്ദേഹത്തിന്റെ കൈയെത്തി.
ആധുനിക ദക്ഷിണേന്ത്യയുടെ സാമ്പത്തികവും പാരിസ്ഥിതികവുമായ മേഖലയെ പഠനവിഷയമാക്കിയ ഹരുക യനഗിസാവയുടെ (ടോക്യോ സർവകലാശാല) പ്രധാനപ്പെട്ട ചില കൃതികളാണ് ‘Local Agrarian Societies in Colonial India’, ‘A Century of Change: Caste and Irrigated Lands in Tamil Nadu, 1860's –1970's’, ‘Indian Economic Growth in Historical Perspective: The Roots of Development’ തുടങ്ങിയവ. കർണാടകയുടെ ആധുനിക ചരിത്രവും കന്നട സാഹിത്യവും പഠനവിധേയമാക്കിയിട്ടുള്ള നൊബോഹിരോ ഓത (ടോക്യോ സർവകലാശാല) മറ്റൊരു പ്രമുഖ ചരിത്രകാരനാണ്. ഇവരുടെയൊക്കെ ആകർഷണീയ വലയത്തിൽപെട്ട നിരവധി യുവ ജാപ്പനീസ് ചരിത്രകാരന്മാരും ദക്ഷിണേന്ത്യൻ പഠനങ്ങൾക്കായി എത്തിക്കൊണ്ടിരിക്കുകയാണ്.
നിലവിൽ നടന്നുവരുന്ന പ്രാദേശിക ചരിത്രരചനയിൽ ജാതി, മതം, രാഷ്ട്രീയം, പ്രാദേശികതാവാദം എന്നിവ നിഴലിച്ചുനിൽക്കുന്നുണ്ട്. അത്തരത്തിൽ ഒരു മുൻവിധിയും ഇല്ലാതെ സ്വതന്ത്രമായ അന്വേഷണങ്ങൾക്കും ചരിത്രരചനക്കും ഇടനൽകുന്നു എന്നതാണ് ജാപ്പനീസ് ചരിത്രകാരന്മാരുടെ ദക്ഷിണേന്ത്യയെ കുറിച്ചുള്ള രചനാരീതി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെന്ന് നിസ്സംശയം പറയാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.