ബി.ആർ.പി. ഭാസ്കർ / കെ.എ. ഷാജി
മുഖവുര ആവശ്യമില്ലാത്ത വ്യക്തിത്വമാണ് ബാബു രാജേന്ദ്രപ്രസാദ് ഭാസ്കർ എന്ന ബി.ആർ.പി. ഭാസ്കർ. സ്വതന്ത്ര ഇന്ത്യയുടെ നാളിതുവരെയുള്ള ചരിത്രത്തിന് സജീവ സാക്ഷ്യംവഹിച്ച രാജ്യാന്തര പ്രശസ്ത മാധ്യമപ്രവർത്തകൻ. ശക്തമായ നിലപാട്, ഉറച്ച മൂല്യബോധം, മുഖം നോക്കാത്ത അഭിപ്രായപ്രകടനം, മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധത, മതേതര പുരോഗമന നിലപാടുകൾ എന്നിവയിലൂടെ അദ്ദേഹം നിറഞ്ഞുനിൽക്കുന്നു. പ്രായം തളർത്താത്ത പോരാട്ടവീര്യമാണ് ബി.ആർ. പി. ദലിതർ, ആദിവാസികൾ, മതന്യൂനപക്ഷങ്ങൾ, പരിസ്ഥിതി, മതേതരത്വം, ബഹുസ്വരത എന്നിവയുടെ വർത്തമാനത്തിലെ ഏറ്റവും ശക്തരായ പ്രതിരോധകരിൽ ഒരാളായ ബി.ആർ.പി കഴിഞ്ഞയാഴ്ച തൊണ്ണൂറു പിന്നിട്ടു. ചെന്നൈ അടയാറിലെ വീട്ടിലിരുന്ന് അദ്ദേഹം കേരളത്തിലേക്കും ജീവിത പരിസരങ്ങളിലേക്കും സാകൂതം നോക്കുന്നു, പ്രതികരിക്കുന്നു. 'ദി ഹിന്ദു'വിൽ പത്രപ്രവർത്തകനായി ഇംഗ്ലീഷ് മാധ്യമലോകത്ത് ചുവടുറപ്പിച്ചതിന്റെ എഴുപതാം വാർഷികം കൂടിയാണ് ബി.ആർ.പിക്ക്. കടന്നുപോന്ന വഴികളെയും ചുറ്റുമുള്ള ലോകത്തെയും താൻ കാണുന്ന മനുഷ്യരെയും കുറിച്ച് അദ്ദേഹം 'മാധ്യമ'ത്തോട് സംസാരിക്കുന്നു.
എല്ലാവരും വിരമിക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന കാലത്ത് പൗരാവകാശങ്ങളുടെ പോരാളിയായി. കടന്നുപോന്ന വഴികളെക്കുറിച്ച്?
വലുതായി എന്തെങ്കിലും ചെയ്തുവെന്ന് തോന്നുന്നില്ല. ഇഷ്ടപ്പെട്ട ജോലി തിരഞ്ഞെടുത്തു. അത് ആത്മാർഥമായി ചെയ്തു. ഒരു സാമൂഹിക ജീവി എന്ന നിലയിൽ സഹമനുഷ്യരുടെ അതിജീവന സമരങ്ങളിൽ പങ്കുകൊണ്ടു. ശരാശരി മനുഷ്യൻ നടത്തേണ്ട ഇടപെടലുകൾക്കപ്പുറം എന്തെങ്കിലും ചെയ്തതായി തോന്നുന്നില്ല. മനുഷ്യചരിത്രത്തിൽ ഏറ്റവും നിർണായക മാറ്റങ്ങൾ സംഭവിച്ച കാലത്താണ് ഞാൻ ജീവിച്ചത്. അവയെ സൂക്ഷ്മമായി വിലയിരുത്താൻ കഴിഞ്ഞു. എന്റെ തലമുറ മാധ്യമരംഗത്ത് വലിയ മാറ്റങ്ങൾ വരുത്തി. എന്നാൽ, ഇന്ന് മാധ്യമരംഗത്തും സാങ്കേതികവിദ്യയാണ് കാര്യങ്ങൾ നിശ്ചയിക്കുന്നത്. സാങ്കേതികവിദ്യയുടെ മുന്നിൽ കാര്യങ്ങൾ കൈവിട്ടുപോയിക്കൂടാ. അവിടെ കൃത്യമായ മസ്തിഷ്കത്തിന്റെ ഇടപെടലുകള്‍ ആവശ്യമാണ്.
ഇന്ത്യൻ മാധ്യമങ്ങൾ ഇന്ന് വിശ്വാസത്തകർച്ച നേരിടുന്നില്ലേ? അതിന് സാങ്കേതിക വികാസം മാത്രമാണോ ഉത്തരവാദി?
മാധ്യമങ്ങൾക്ക് വിശ്വാസ്യത നിലനിര്‍ത്താൻ കഴിയാതെപോയതിന് പല കാരണങ്ങളുണ്ട്. അതിൽ പ്രധാനം, തങ്ങളുടെ താൽപര്യങ്ങള്ക്കനുസരിച്ചല്ല മാധ്യമങ്ങള്‍ പ്രവർത്തിക്കുന്നതെന്ന ചിന്ത പത്രവായനക്കാരിലും ചാനൽപ്രേക്ഷകരിലും രൂപപ്പെട്ടിട്ടുണ്ട് എന്നതാണ്. ഉടമകളുടെ താൽപര്യം സംരക്ഷിക്കലാണ് മാധ്യമപ്രവർത്തനം എന്ന ചിന്ത മാധ്യമ പ്രവർത്തകരിലുമുണ്ട്. അതേസമയം, മൂല്യം ഉയർത്തിപ്പിടിക്കുന്ന നിരവധി മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഇന്നുമുണ്ട്. അവരാണ് നാടിന്റെ കൂട്ടായ വിശ്വാസ്യതയെ നിർണയിക്കുന്നത്.
വായനക്കാരോട് പ്രതിബദ്ധതയുള്ള മാധ്യമപ്രവർത്തനമാണ് ജനാധിപത്യ വിശ്വാസ്യതയുടെ അടിത്തറ. നെമ്മ വിശ്വസിക്കണമെങ്കിൽ പറയുന്നത് സത്യമാണെന്ന വിശ്വാസം ജനങ്ങൾക്കുണ്ടാകണം. അതില്ലാതെ വരുമ്പോഴാണ് ആരുടെ താല്പര്യമാണ് പ്രകടിപ്പിക്കപ്പെടുന്നതെന്ന സംശയം വായനക്കാരില്‍ ഉണ്ടാകുന്നത്. അതിനെ മറികടക്കാനുള്ള മാർഗം തൊഴിൽ മൂല്യത്തിൽ ഉറച്ചുനില്‍ക്കുകയാണ്.
ഈ വ്യവസായത്തിലെ സൗകര്യമൊരുക്കുന്ന ഫെസിലിറ്റേറ്റർമാർ മാത്രമാണ് ഉടമകൾ. എന്നാൽ, ഇന്ന് അടിസ്ഥാന മാധ്യമ മൂല്യങ്ങൾക്ക് വിലകൽപിക്കാതെ മുതലാളിയുടെ താല്പര്യങ്ങള്ക്ക് പ്രാമുഖ്യം നല്കി പ്രവർത്തിക്കുന്ന ഒരു മാധ്യമരീതി വികസിച്ചു വന്നിട്ടുണ്ട്. മറ്റൊന്ന്, സര്‍ക്കാർ താല്പര്യങ്ങളോ അല്ലെങ്കിൽ രാഷ്ട്രീയതാൽപര്യങ്ങളോ െവച്ചുള്ള ക്രോണി മാധ്യമപ്രവർത്തനമാണ്.
പത്രാധിപർ മരിക്കുകയോ വംശനാശം സംഭവിക്കുകയോ ചെയ്ത അവസ്ഥയുണ്ടോ?
പത്രാധിപന്മാരുടെ വംശനാശം ഇന്റര്‍നെറ്റിന്റെ വരവോടുകൂടി ഉണ്ടായതാണ്. എന്നാൽ പത്രാധിപര്‍ അപ്രത്യക്ഷമായിത്തുടങ്ങിയിട്ട് കുറച്ചു കാലമായി. ഇതുസംഭവിച്ചത് പത്രാധിപര്‍ക്ക് മുകളില്‍ മാനേജ്മെന്റിനെ നയിക്കുന്നവരെ സ്ഥാപിക്കാൻ തുടങ്ങിയതിന്റെ ഫലമാണ്. അതായത് പത്രത്തിന് കാശ് ഉണ്ടാക്കുന്നവർ ബിസിനസ് സൈഡ് ചെയ്യുന്നവരാണ്. അവരാണ് പരസ്യങ്ങള്‍ കൊണ്ടുവരുന്നത്, പത്രത്തിന് വില്പന ഉയർത്തുന്നത്. അവരാണ് പ്രധാനം. പത്രാധിപര്‍ക്ക് രണ്ടാം സ്ഥാനമേയുള്ളൂ. ഇന്ത്യയില്‍ ഈ സമീപനത്തിന്റെ ഉപജ്ഞാതാവ് 'ടൈംസ് ഓഫ് ഇന്ത്യ' ആണ്. ഇതിനെ തുടര്‍ന്നാണ് പത്രാധിപരുടെ വിലയിടിയാന്‍ തുടങ്ങിയത്. എനിക്കും ഇതുപോലത്തെ സാഹചര്യങ്ങൾ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
1952ല്‍ മദിരാശിയില്‍ ദി ഹിന്ദുവിൽ പ്രവർത്തിക്കുന്ന കാലത്ത്, അന്നത്തെ പത്രാധിപർ കസ്തൂരി ശ്രീനിവാസൻ അറിയാതെ നഗരത്തിൽ ഒന്നും നടക്കില്ല. ഇന്ന് ചെന്നൈയില്‍ 'ദി ഹിന്ദു' വാങ്ങി വായിക്കുന്ന ഒരാളോട് 'ഹിന്ദു'വിന്റെ പത്രാധിപര്‍ ആരാണ് എന്ന് ചോദിച്ചാല്‍ അയാള്‍ക്ക് പറയാൻ കഴിയില്ല. സമൂഹത്തില്‍ പത്രാധിപര്‍ക്ക് 1952ൽ ഉണ്ടായിരുന്ന സ്ഥാനം ഇന്നില്ല. ഒരു ഗേറ്റ്കീപ്പർ സംവിധാനവും ഇല്ലാത്തവയാണ് ഇന്നു കാണുന്ന സമൂഹമാധ്യമങ്ങൾ.
ബിസിനസുകാരനായ പത്രാധിപൻ തന്നെയാണ് ഇന്നത്തെ ഉടമ. പത്രാധിപർ എന്ന താല്പര്യവും ഉടമ എന്ന താല്പര്യവും തമ്മിൽ സംഘട്ടനം ഉണ്ടാകുമ്പോള്‍ ആ വ്യക്തി ഏതിനാണ് പ്രാധാന്യം നല്‍കുന്നത് എന്നിടത്താണ് കാര്യം. ഉടമക്ക് ബിസിനസാണ് വലുത് എന്ന ചിന്ത വന്നാൽ അത് ഒരു തലത്തിലേക്ക് പോകും. എന്നാൽ, താൻ നടത്തുന്നത് പത്രപ്രവര്‍ത്തനമാണ് എന്നും അതിന്റെ മൂല്യങ്ങൾക്ക് വില കൊടുക്കണം എന്നും ചിന്തിക്കുമ്പോൾ കാര്യങ്ങൾ മറ്റൊരു തലത്തിലേക്ക് പോകും.
സർക്കാറുകൾക്ക് എതിരെ അപ്രിയ സത്യങ്ങൾ പറഞ്ഞതിന് സൈബർ ആക്രമണം നേരിടുന്ന ആളാണ് താങ്കൾ. ഇവരെ ഇങ്ങനെ പ്രകോപിതരാക്കേണ്ടതില്ലെന്നു തോന്നിയിട്ടുണ്ടോ?
വലിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം എതിരാളികളെ വ്യക്തിഹത്യചെയ്യാൻ കൂലിക്കാരുണ്ട്. ഈ പ്രവണത തുടങ്ങിയത് ബി.ജെ.പിയാണ്. കൂലിക്ക് ആളെ വെച്ചിട്ടാണ് അവർ തെറിയും അസഭ്യവും എഴുതിക്കുന്നത്. പാർട്ടികൾക്കു വേണ്ടിയുള്ള സൈബർ ആക്രമണം കാശ് കൊടുത്തു ചെയ്യിക്കുന്നതാണ്. കേരളത്തിലാണെങ്കിൽ ഇത് ഏറ്റവും കൂടുതൽ ചെയ്യുന്നത് സി.പി.എം അനുകൂലികളാണ്. രണ്ടു രീതിയിൽ സൈബർ ആക്രമണങ്ങളുണ്ട്. പ്രധാനമായും പാര്‍ട്ടികള്‍ ബോധപൂർവം ആളുകളെവെച്ച് ചെയ്യിക്കുന്നത്. അല്ലാതെ സ്വയമേവ പാര്‍ട്ടിയിലുള്ള വിശ്വാസംകൊണ്ട് ചെയ്യുന്നവരുമുണ്ടാകാം. പ്രധാനമായും അവർക്ക് അത് അവരുടെ സംഘടിത രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. പാര്‍ട്ടി പ്രവര്‍ത്തകരെന്ന നിലയില്‍ ഇത് ചെയ്യാൻ ബാധ്യസ്ഥരാണ് എന്നാകും അവർ കരുതുന്നത്. എനിക്കെതിരായ ആക്രമണങ്ങളിൽ വിഷമമില്ല. ഞാനും അവരെപ്പോലെ പൊതുമണ്ഡലത്തിൽ നില്‍ക്കുകയാണ്. അന്നേരം എനിക്ക് പൊതുസമൂഹത്തോട് സംവദിക്കണം. എനിക്ക് ഇതെല്ലാം ചേമ്പിന്റെ ഇലയിൽ വെള്ളം വീഴുന്നതുപോലെയാണ്.
ഒരാൾ സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ഇടുന്നു. ഞാൻ അത് ഷെയർ ചെയ്യുന്നു. വെട്ടുകിളികൾ എന്റെ കമന്റ് ബോക്സിനുകീഴെ വന്നാണ് തെറി പറയുന്നത്. പോസ്റ്റ് ഇട്ടയാളുടെ അടുത്ത് പോയി ബഹളമില്ല. പോസ്റ്റ് ഇടുന്ന ആളിനേക്കാളും റീച്ചും വിശ്വാസ്യതയും എനിക്കുണ്ടെന്ന കാര്യം അവർ മനസ്സിലാക്കുന്നു. മലയാളത്തിലെ ഒരു ശൈലി പറഞ്ഞാൽ, മാമ്പഴമുള്ള മാവിലല്ലേ കല്ലെറിയൂ? ഈ വെട്ടുകിളി ആക്രമണം വിജയിക്കുന്നതിന്റെ സൂചനയായാണ് ഞാൻ മനസ്സിലാക്കുന്നത്.
ഓർഗാനിക് ബുദ്ധിജീവിയായി കേരളത്തിൽ നിൽക്കുന്നത് വെല്ലുവിളിയല്ലേ? എവിടെയെങ്കിലും ചാരാതെ അഭിപ്രായം പറയാൻ അനുവദിക്കില്ല. കക്ഷി രാഷ്ട്രീയത്തിനപ്പുറം രാഷ്ട്രീയം ആരും പറയുന്നില്ല.
ഒറ്റപ്പെടൽ തോന്നുന്നില്ലേ?
കേരളത്തെ സംബന്ധിച്ച് ഇത് വലിയ സത്യമാണ്. ഇവിടെ സ്ഥിരമായി ഒരു ഭാഗത്ത് നില്‍ക്കുന്നവരുണ്ട്. മറുഭാഗം നില്‍ക്കുന്നവരും. കുറച്ച് ആളുകൾ മാത്രമാണ് ഒന്നിന്റെയും ഭാഗമല്ലാതെ വസ്തുതകളെ അടിസ്ഥാനമാക്കി അഭിപ്രായം പറയുന്നത്. അവരെയാണ് സൈബർ ഗുണ്ടകൾ ടാര്‍ഗറ്റ് ചെയ്യുന്നത്. ഞാൻ പറയുന്ന അഭിപ്രായം എല്ലാവരും അംഗീകരിക്കണം എന്നില്ല. നമ്മുടെ നാട്ടില്‍ കാര്യങ്ങളെ കാണുന്നത് വിധേയത്വത്തിന്റെ അടിസ്ഥാനത്തിലാണ്. അത് രാഷ്ട്രീയ ബന്ധമാകാം, ജാതി ബന്ധമാകാം, മത ബന്ധമാകാം. ഇതിനെയെല്ലാം ഒരുപോലെയാണ് കാണുന്നത്. എന്റെ പ്രവര്‍ത്തനത്തെക്കുറിച്ച്, എന്റെ നിലപാടുകളെക്കുറിച്ച് എനിക്ക് അഭിമാനം ഉണ്ടാകുന്നത് അങ്ങനെ ആലോചിക്കുമ്പോഴാണ്. അതുകൊണ്ട് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാൻ ഈ തൊണ്ണൂറാം വയസ്സിലും കഴിയുന്നുണ്ട്.
ഹിന്ദുത്വശക്തികളുടെ വളർച്ച, വലതുപക്ഷവത്കരണം, മതേതരത്വത്തിന് സംഭവിക്കുന്ന അപകടങ്ങൾ?
രാജ്യത്ത് സമീപകാലത്തുണ്ടായ പ്രധാന സംഭവമാണ് വലതുപക്ഷത്തിന്റെ വളർച്ച. പലതരത്തിലുള്ള വലതുപക്ഷങ്ങൾ വന്നു. പക്ഷേ, ഇന്ത്യയിൽ വളര്‍ന്ന ഏക വലത്, വര്‍ഗീയ വലതുപക്ഷമാണ്. ഇത്ര വര്‍ഗീയ കലുഷിതമായ ഭരണം ബാല്യത്തിലും യൗവനത്തിലും കണ്ടിട്ടില്ല. ഇത് തുടങ്ങിയത് അയോധ്യ പ്രശ്നം മുതലാണ്. അതിനു മുമ്പേതന്നെ ഇങ്ങനെയൊരു സാധ്യത മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. 1956ല്‍ മഥുരയിൽ ഞങ്ങൾ പത്രപ്രവര്‍ത്തക സംഘം ഒരു കുട്ടിയെ കാണാനിടയായി. ആ കുട്ടി ഞങ്ങൾക്ക് ഒരു ലീഫ്ലെറ്റ് തന്നു. അതിൽ, മുമ്പ് അവിടെ കൃഷ്ണക്ഷേത്രം ഉണ്ടായിരുന്നു. അത് പൊളിച്ചിട്ടാണ് ഇപ്പോൾ പള്ളി കെട്ടിയിരിക്കുന്നതെന്നും അത് തിരിച്ചുതരണം എന്നുമാണ് എഴുതിയിരിക്കുന്നത്. അടുത്ത ഇലക്ഷനിലും മഥുരയിലെ ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടായിരുന്നു. ഇതുപോലെ മറ്റുചില സ്ഥലങ്ങള്‍ കൂടിയുണ്ട്. ഇത്തരം പ്രചാരണങ്ങളെല്ലാം രാഷ്ട്രീയ മുതലെടുപ്പുകളാണ്. ശ്രീരാമ ക്ഷേത്രം പണിയാന്‍ അയോധ്യയിലെ പള്ളി പൊളിച്ചു. അന്നൊരു പ്രായമായ സ്ത്രീ പറഞ്ഞത് ഞാൻ ഓര്‍ക്കുന്നു, 'അമ്പലം വേണമായിരുന്നു, പേക്ഷ അത് പള്ളി പൊളിച്ചിട്ട് വേണ്ടായിരുന്നു' എന്ന്. കാര്യങ്ങളെ വേര്‍തിരിക്കാനുള്ള കഴിവ് അവിടത്തെ ആളുകള്‍ക്ക് അന്ന് ഉണ്ടായിരുന്നു.
ആ സംഭവത്തിനുശേഷം അവിടത്തെ സംസ്ഥാന ഗവണ്മെന്റിനെ പിരിച്ചു വിട്ടു. അടുത്ത ഇലക്ഷനിൽ ബി.ജെ.പിക്ക് അവിടെ അധികാരം കിട്ടിയില്ല. പള്ളി പൊളിച്ചത് നല്ല കാര്യം ആയിട്ടല്ല യു.പിയിലെ ജനങ്ങൾ അന്ന് കണ്ടത്. എന്നാൽ, കാര്യങ്ങൾ പിറകെ വഴിമാറി. മതവും സങ്കുചിതത്വവും ജനാധിപത്യത്തെ സ്വാധീനിച്ചു. ആ ചിന്തകളുടെ പ്രതിഫലനമാണ് അയോധ്യയിലെ കോടതി വിധിയിൽ കണ്ടത്. എന്നാൽ ഈ വിധിയില്‍ വിചിത്രമായ കാര്യമുണ്ട്. ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ കാലത്തുതന്നെ നിയമത്തിനു മുന്നില്‍ ദൈവത്തിന് അസ്തിത്വമില്ല. ഒരു ദൈവത്തിന് കോടതിയില്‍ പോകാം, ദൈവത്തിന് എതിരെ കോടതിയില്‍ പോകാം എന്നൊക്കെ വരുന്നത് ഈ കേസിലാണ്. ഈ കേസിൽ അമ്പലത്തിലെ പ്രതിഷ്ഠ എന്നത് ദൈവത്തിനു മുന്നില്‍ ഒരു വ്യക്തിയാണ്. ബി.ജെ.പിയുടെ ലക്ഷ്യംതന്നെ ഇന്ത്യയെ ഒരു ഹിന്ദുരാജ്യം ആക്കുകയാണ്. അവർ 2014ല്‍ അധികാരത്തിൽ വന്നു. എന്നിട്ടും, 80 ശതമാനം ഹിന്ദുക്കളുള്ള ഈ രാജ്യത്ത് വോട്ടിങ് ശതമാനം കഷ്ടിച്ച് 35 ശതമാനം ആണ്. ഈ രാജ്യത്തെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും അവരോട് അടുത്തിട്ടില്ല. ആ സാഹചര്യം ഉപയോഗപ്പെടുത്താന്‍ മറ്റു പാര്‍ട്ടികള്‍ക്ക് കഴിയാത്തതാണ് പ്രധാന പ്രശ്നം. രാഹുൽ ഗാന്ധിയുടെ കശ്മീരി പണ്ഡിറ്റ് എന്ന പ്രയോഗവും ആ തരത്തിലുള്ള നേതൃത്വത്തിനും ഇതിനെ തടയാനാവില്ല. അതാണ് യഥാർഥ തെറ്റ്.
ഒരുപാട് പുരോഗമനം പറയുമ്പോഴും കേരളത്തിൽ പൗരാവകാശ പ്രസ്ഥാനങ്ങൾ ദുർബലമല്ലേ? ജനങ്ങളുടെ പങ്കാളിത്തം അവയിൽ കുറവല്ലേ?
കേരളത്തിലെ സിവില്‍ സൊസൈറ്റി വളരെ ദുര്‍ബലമാണ്. അതിന്റെ കാരണം സിവില്‍ സൊസൈറ്റിയുടെ ഭാഗമാകേണ്ട സംഘടനകളെല്ലാം രാഷ്ട്രീയ പാര്‍ട്ടികളുടെ കുടക്കീഴിലാണ്. ട്രേഡ് യൂനിയനുകൾ യഥാർഥത്തില്‍ മനുഷ്യാവകാശ യൂനിയനുകൾ അേല്ല? അവർ തൊഴിലാളികളുടെ അവകാശങ്ങള്ക്കുവേണ്ടിയല്ലേ പ്രവർത്തിക്കേണ്ടത്? അവരും മനുഷ്യാവകാശ പ്രവര്‍ത്തകരാണ്. അവരെപ്പോലെ പല വിഭാഗക്കാരിേല്ല? ഇവരൊക്കെ സിവില്‍ സൊസൈറ്റിയുടെ ഭാഗമാകേണ്ടവരാണ്. അവർ രാഷ്ട്രീയ പാര്‍ട്ടികളുടെ കുടക്കീഴിൽ നിന്നുകൊണ്ട് അവർ സിവില്‍ സൊസൈറ്റിയുടെ പുറത്തുനില്‍ക്കുകയാണ്. സ്ത്രീപക്ഷ സംഘടനകള്‍, അവരെയും മുന്നോട്ടുനയിക്കുന്നത് പാര്‍ട്ടികളാണ്. പാര്‍ട്ടിക്കു പുറത്തേക്ക് ഇവരെ നിൽക്കാൻ അനുവദിക്കുകയില്ല. ജാതിയുടെയും മതത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാവുകയാണ് ഈ സംഘടനകള്‍. ഇതാണ് കേരളത്തില്‍ സിവില്‍ സൊസൈറ്റി വളരാത്തതിന്റെ കാരണം. പാരിസ്ഥിതിക പ്രശ്നത്തില്‍ ഇടപെടുന്ന സംഘടനക്ക് ഇടതുപക്ഷ ചായ്വുണ്ട്. എന്നാൽ, അതിന് ഇടതുപക്ഷ പിന്തുണയില്ല. കേരളത്തിലെ ഇന്നത്തെ സാഹചര്യം എന്തെന്നാല്‍ സര്‍ക്കാറിന്റെ തെറ്റായ നയങ്ങളെ ജനകീയ പ്രക്ഷോഭങ്ങൾകൊണ്ട് എതിർത്ത് വിജയിക്കാന്‍ ദുര്‍ബലമായ കേരളത്തിലെ മനുഷ്യാവകാശ സംഘടനകള്‍ക്ക് കഴിയുന്നുണ്ട്. അതേസമയം, ഭരണകൂടത്തെ കൊണ്ട് നല്ല കാര്യങ്ങള്‍ ചെയ്യിക്കാനുള്ള ഒരു സംഘടനയും ഞാൻ കാണുന്നില്ല.
താങ്കൾ ഇടതുപക്ഷ വിരുദ്ധനാണോ?
കേരളത്തില്‍ യഥാർഥത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോ കോൺഗ്രസ് പാർട്ടിയോ ഇല്ല. കേരളത്തിലെ കമ്യൂണിസ്റ്റുകാർ എന്തുകൊണ്ടോ കോൺഗ്രസ് വിരുദ്ധരും കോൺഗ്രസുകാർ എന്തുകൊണ്ടോ ഇടതുപക്ഷ വിരുദ്ധരുമാണ്. വിരുദ്ധതയാണ് ഇവിടെ രാഷ്ട്രീയത്തെ മുന്നോട്ടുനയിക്കുന്നത്. ഒരു പോസിറ്റിവ് രാഷ്ട്രീയം കേരളത്തില്‍ നിലനില്ക്കുന്നില്ല.
മതന്യൂനപക്ഷങ്ങൾ, ആദിവാസികൾ, ദലിതർ എന്നിവരോടെല്ലാം യോജിച്ചുനിൽക്കുന്ന ഒരാളാണ് താങ്കൾ. ചില മതസംഘടനകളോട് വലിയ അനുഭാവം കാട്ടുന്നു എന്നൊരു ആക്ഷേപം ഉണ്ട്?
ചില വിഭാഗങ്ങള്‍ അവരുടെ അവശതകള്‍ പ്രധാനമായും നേരിടുന്നത് മതത്തിന്റെ, ജാതിയുടെ അടിസ്ഥാനത്തിലാണ്. ചിലര്‍ക്ക് അവശതകളുണ്ടാകാം. അതിനാൽതന്നെ, ചെറുത്തുനിൽപുകളുണ്ടാകുന്നത് സ്വാഭാവികമാണ്. ദലിതരുടെ പ്രശ്നങ്ങൾ വലുതാണ്. അയ്യങ്കാളി എല്ലാ പാവങ്ങളെയും ചേർത്തുനിര്‍ത്താനാണ് ശ്രമിച്ചത്. പക്ഷേ, അദ്ദേഹം പുലയ സമൂഹത്തിലായിരുന്നതുകൊണ്ട് മുന്നോട്ടുവെച്ച കാഴ്ചപ്പാട് എല്ലാവരിലും എത്തിയില്ല. ചിലർ മുഖം തിരിച്ചുനിന്നു. എന്നാൽ, ഇന്ന് ദലിത് ഐഡന്റിറ്റി ഉയര്‍ന്നുവന്നിട്ടുണ്ട്. മുസ്ലിംവിഭാഗങ്ങൾക്കിടയിലും ഇത്തരം പ്രശ്നങ്ങളുണ്ട്. എന്തുകൊണ്ടാണ് വിഭാഗീയ സംഘടനകള്‍ രൂപം കൊള്ളുന്നതും അവ തഴച്ചുവളരുന്നതും? കാരണം മുഖ്യധാര രാഷ്ട്രീയ സംഘടനകള്‍ അവരുടെ താൽപര്യങ്ങള് സംരക്ഷിക്കുന്നു എന്ന വിശ്വാസം അവര്‍ക്കില്ല എന്നതാണ്. അങ്ങനെ ഒരു വിശ്വാസം അവര്‍ക്കുണ്ടാവുന്ന സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. അത് ഉണ്ടാകാത്ത കാലത്തോളം വിഭാഗീയത ഇവിടെ തുടർന്നുകൊണ്ടിരിക്കും. ഈ വിഭാഗീയ സംഘടനകള്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്ന് എനിക്ക് തോന്നിയാൽ ഞാൻ അവർക്കൊപ്പം നില്ക്കും.
കേരളത്തിലെ ആദിവാസികളുടെ ഭൂമിയും അതിജീവനവും വലിയ പ്രതിസന്ധിയിലേല്
കേരളത്തിലെ ആദിവാസികളുടെ പ്രശ്നം സുഗമമായി പരിഹരിക്കാം. എന്നിട്ടും, അത് തുടർന്നുപോകുന്നതിന്റെ കാരണം രാഷ്ട്രീയ കക്ഷികളാണ്. ആദിവാസികളുടെ ആവശ്യങ്ങളെക്കുറിച്ച് ശ്രദ്ധ നിലനിര്‍ത്താന്‍ ഭരണകൂടത്തിന് കഴിയുന്നില്ല. ആദിവാസികളുടെ ഇടയില്‍നിന്ന് എവിടെയും പ്രാതിനിധ്യം ഉയർന്നുവരുന്നില്ല, അതിനുള്ള അവസരങ്ങൾ നല്‍കുന്നില്ല. മത്സ്യബന്ധന തൊഴിലാളികളെയൊക്കെ തുല്യതയോടെ കാണാന്‍ ഇവിടത്തെ രാഷ്ട്രീയക്കാര്‍ക്ക് കഴിഞ്ഞാല്‍ ഈ പ്രശ്നങ്ങൾ ഉടനെ തീരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.