സംഗീതയാത്രകൾ ലക്കം 1406ൽ 1974ൽ പുറത്തുവന്ന ഒടുവിലത്തെ ചിത്രമാണ് ‘കുഞ്ഞിക്കൈകൾ’ എന്ന് പരാമർശിക്കുകയും അതിലെ ഗാനങ്ങളെക്കുറിച്ച് പറയുകയും ചെയ്യുന്നുണ്ട്. ഈ പടം പുറത്തിറങ്ങിയതായി എന്തെങ്കിലും രേഖകൾ ലേഖകനായ ശ്രീകുമാരൻ തമ്പിക്ക് നൽകാനാവുമോ? എറണാകുളത്തെ കലാഭവൻ കുട്ടികൾക്കായി നിർമിച്ച ചിത്രമായിരുന്നു ‘കുഞ്ഞിക്കൈകൾ’.
കലാഭവനിലെ ഫിലിം ഡിവിഷൻ ചുമതലയുണ്ടായിരുന്ന ഫാദർ ജോസഫ് ഐസക്കായിരുന്നു അതിന് നേതൃത്വം കൊടുത്തിരുന്നത്. ആലുവയിലെ തോട്ടുമുഖത്തെ അജന്താ സ്റ്റുഡിയോയിൽവെച്ച് കഥയും തിരക്കഥയും എഴുതി സംവിധാനവുംചെയ്ത് തുടങ്ങിയത് പി.ജെ. ആന്റണിയായിരുന്നു. ‘പെരിയാർ’ എന്ന സിനിമയും ഇക്കാലത്ത് ആന്റണി സംവിധാനം ചെയ്തിട്ടുണ്ട്. എന്നാൽ, സിനിമ പൂർത്തിയാകും മുമ്പേ ആന്റണി അണിയറശിൽപികളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പിണങ്ങിപ്പോയി. ആ സന്ദർഭത്തിൽ കലാഭവൻ കണ്ടെത്തിയത് മങ്കട രവി വർമയെ ആയിരുന്നു.
അജന്താ സ്റ്റുഡിയോ നിർമിച്ച അസീസിന്റെ ‘അവൾ’ എന്ന സിനിമയിലൂടെയാണ് രവിവർമ സ്വതന്ത്ര കാമറാമാനാകുന്നത്. ആ ബന്ധമാണ് രവി വർമയിലെത്തിയത്. ഒരു നാട്ടുമ്പുറത്തെ രണ്ട് പാവപ്പെട്ട കുടുംബങ്ങളിൽനിന്നുള്ള മൂന്നു കുട്ടികളുടെ കഥ പറഞ്ഞ ചിത്രത്തിൽ ബാബു, ടോമി, ആനി എന്നീ ബാലതാരങ്ങളോടൊപ്പം ജോസഫ് ചാക്കോ, ജോസഫ് പള്ളൻ, ആലപ്പി വിൻെസന്റ്, കൊച്ചിൻ അമ്മിണി, ശാന്തകുമാരി തുടങ്ങിയവരും വേഷമിട്ടു. 1972ലെ സംസ്ഥാന അവാർഡിന് ചിത്രം മത്സരിച്ചിട്ടുണ്ട്. പുരസ്‌കാരത്തിന് മത്സരിച്ചിട്ടും റിലീസാകാതെ പോയ രണ്ടാമത്തെ ചിത്രമാണിത്. ഈ വിഭാഗത്തിലെ ആദ്യത്തേത് അടൂർ ഗോപാലകൃഷ്ണന്റെ ‘പ്രതിസന്ധി’ എന്ന ചിത്രമായിരുന്നു.
കെ.പി. മുഹമ്മദ് ഷെരീഫ്, കാപ്പ്, പെരിന്തൽമണ്ണ
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം: 1406) അനൂപ് മാത്യു ജോർജിന്റെ ‘ഒരു രാഷ്ട്രീയ തടവുകാരന്റെ ജയിൽ-ജീവിതം’ എന്ന അനുഭവം, ഓർമക്കുറിപ്പുകൾ വായിച്ചു. നമ്മുടെ ജയിലുകളിലും മറ്റും നടക്കുന്ന പീഡാനുഭവങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും എത്ര കൊടിയതാണെണ് അനുഭവത്തിലൂടെ വായനക്കാർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാൻ ലേഖകനായി. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം സാഹോദര്യം തുല്യത ഇവയൊക്കെ ഭരണകൂടം അറിഞ്ഞോ/അറിയാതെയോ ഉദ്യോഗസ്ഥ ദുഷ് പ്രാമാണിത്തം എങ്ങനെയൊക്കെ അട്ടിമറിക്കുന്നു എന്ന് ഉദാഹരണ സഹിതം വ്യക്തമാക്കുന്നുണ്ട് ലേഖകൻ. സമൂഹത്തിലെ അടി സ്ഥാനവർഗങ്ങളുടെയും സ്ത്രീകളുടെയുമൊക്കെ സാമൂഹിക നില വലിയ മാറ്റമൊന്നുമില്ലാതെ തുടരുന്ന പരിസരത്തിൽ ഇത്തരം അനുഭവക്കുറിപ്പുകൾക്ക് പ്രസക്തിയേറുമെന്നത് നിസ്തർക്കം.
ഒരു രാഷ്ടീയ തടവുകാരൻ എങ്ങനെയാണ് ഒരു കുറ്റവാളിയായി രേഖപ്പെടുത്തപ്പെടുന്നത് എന്നത് മനുഷ്യനെ സ്നേഹിക്കുന്ന; അവരെ ബഹുമാനിക്കുന്ന ഏതൊരു വായനക്കാരനെയും അസ്വസ്ഥനാക്കുമെന്നത് സത്യമാണ്. ശാരീരിക മർദന മുറകളൊക്കെ ഇന്നും ജയിൽ ഭരണത്തിന്റെ ഭാഗമാണ് എന്നത് ഇന്ത്യൻ ജയിലുകളിൽ നടക്കുന്ന കസ്റ്റഡി മരണങ്ങളിൽനിന്നു തന്നെ നമുക്ക് വായിച്ചെടുക്കാമല്ലോ. ഒരു രാഷ്ട്രീയ തടവുകാരനും ജയിലിലാവുന്നത് അവന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കല്ല; മനുഷ്യവിരുദ്ധമായ പലതിനോടും സന്ധിചെയ്യാൻ സാധ്യമല്ലാതെ വരുമ്പോഴാണ്. ആ മാനവികബോധത്തെ/ ബോധ്യത്തെ തകർക്കാൻ ഏത് ഭരണകൂട ഭീകരതക്കാണ് കഴിയുക? കാമ്പുള്ള വായന തന്ന അനൂപ് മാത്യു ജോർജിനും മാധ്യമം ആഴ്ചപ്പതിപ്പിനും അഭിവാദ്യങ്ങൾ.
ബാലഗോപാലൻ കാഞ്ഞങ്ങാട്
ഷബിതയുടെ ‘കെട്ടും കെട്ടി ആരെക്കാണാൻ’ (ലക്കം: 1405) എന്ന കഥ തൃശൂരിൽനിന്ന് കോഴിക്കോടേക്കുള്ള ബസ് യാത്രയിൽ വായിച്ചു. യാത്ര, സമകാലിക തീർഥയാത്ര, കഥയുടെ പശ്ചാത്തലമാണല്ലോ. ഗുരുസ്വാമി ആചാരബദ്ധമായ വിദൂരകാലത്തെ ശബരിമല തീർഥാടനത്തെ ഓർമിപ്പിക്കുന്നു. തലമുറയന്തരവും തീർഥയാത്രകൾ എങ്ങനെയൊക്കെയാണ് അധീശത്വ മത പ്രത്യയശാസ്ത്രത്തിന് വിധേയമാകുന്നത് എന്നതും കഥാ സാരം.
കുരുമുളക് കേരളത്തിന്റെ പൂർവ ചരിത്രത്തിന്റെ പലതും അനുസ്മരിപ്പിക്കുന്നു. കുരുമുളക് കേരളത്തിന്റെ ആഗോള സമ്പർക്കത്തിന്റെ വിളയാണ്. അത് കേരളത്തെ വിസ്തൃതമായ ലോകത്തിലേക്ക് അടുപ്പിച്ചു എന്ന് മാത്രമല്ല അനേക സംസ്കാരങ്ങളെ കേരളത്തിലേക്ക് ആകർഷിക്കാനും കേരളത്തിന്റെ ഭാഗമാക്കാനും കഴിഞ്ഞുവെന്നതാണ്. അതൊക്കെ പ്രതിപാദനത്തിൽ തെളിയുന്നതാണ്. അടിക്കുറിപ്പ് തീർച്ചയായും വാവരുമായി ബന്ധിപ്പിക്കും. ഗുരുസ്വാമിയെ പിന്നിൽ നിന്നുമുള്ള നാലു ജോടി പിടിത്തം, മുന്നോട്ടുവെച്ച അടി എത്രയും നിലംതൊടാതെ പിന്നാക്കത്തേക്ക് തള്ളി. ഇതാണ് കഥയിലെ കേന്ദ്രസ്ഥായി. മുന്നോട്ടുവെച്ചത് പിന്നോട്ടേക്ക് തള്ളുക.
കഥ രാഷ്ട്രീയമായി പ്രസക്തമാണ്. പക്ഷേ എന്തോ ഒരു ആഖ്യാനപരമായ കാര്യം മിസിങ് ആണ്. ഡയറക്ട് പൊളിറ്റിക്സ് ആയി. ചെറിയൊരു സൃഷ്ടിപരമായൊരു മിനുക്കു പണി അവസാനത്തേക്ക് വേണ്ടിയിരുന്നു എന്ന് തോന്നുന്നു.
ഡി. പ്രസാദ്, തൃശൂർ
തിരക്കഥാ രചനയും സംവിധാനവും അഭിനയവും മാത്രമല്ല, കവിതാരചനയും തനിക്ക് കരതലാമലകമാണെന്ന് തെളിയിച്ചുകൊണ്ട് മലയാള ചലച്ചിത്രലോകത്തെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും അഭിനേതാവുമായ രൺജി പണിക്കർ ആഴ്ചപ്പതിപ്പിൽ എഴുതിയ ‘ഇൻക്വസ്റ്റ്’ കവിത (ലക്കം: 1406) ഗംഭീരം.
‘‘മേശമേൽ നിൻ/ മുറിച്ചിട്ട കൈത്തലം/ കാക്കകൊത്തി-/ വലിക്കും കവിതകൾ’’ എന്ന ആദ്യവരികൾ വായിച്ചപ്പോൾ അക്കിത്തത്തിന്റെ പ്രശസ്തമായ ‘‘നിരത്തിൽ കാക്ക കൊത്തുന്നു/ ചത്തപെണ്ണിന്റെ കണ്ണുകൾ/ മുലചപ്പി വലിയ്ക്കുന്നു/ നരവർഗ നവാതിഥി’’ എന്ന വരികൾ ഓർമവന്നു. അത് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമായിരുന്നെങ്കിൽ ഇത് 21ാം നൂറ്റാണ്ടിന്റെ പോസ്റ്റ്മോർട്ടമാണ്. വർഷം നൂറു കഴിഞ്ഞിട്ടും മാറ്റമില്ലാതെ കാലം മുന്നോട്ടുപോകുന്നു. അറവുകാരൻ കൃത്യതയോടെ മുറിച്ചെടുത്ത മാംസക്കഷണങ്ങൾ പോലെ ചോരയൊലിക്കുന്ന വാക്കുകളിലൂടെ ഇൻക്വസ്റ്റ് സഹൃദയ മനസ്സുകളെ നോവിക്കുന്നു.
‘‘ചൂഴ്ന്നെടുത്ത നിൻ/ കണ്ണുകൾ/മെത്തമേൽ,/ വാർന്നെറിഞ്ഞ/ നിൻ/ മാംസമെമ്പാടും...’’ 1970കളിൽ ചിറ്റൂർ കോളജിൽ ബിരുദപഠനത്തിന് പ്രഫ. എം. കൃഷ്ണൻ നായർ സാർ ക്ലാസെടുക്കുമ്പോൾ പറഞ്ഞു –‘‘സാഹിത്യ സാമ്രാജ്യത്തിന്റെ ചക്രവർത്തിയാണ് കവി. ഗദ്യകാരൻ എത്ര പ്രഗല്ഭനായാലും അവിടത്തെ പ്യൂൺ മാത്രം.’’ അദ്ദേഹം എത്ര ശരിയായിരുന്നുവെന്ന് ഇപ്പോൾ ഞാനറിയുന്നു. കവിക്കെന്റെ നമോവാകം.
ജൂലിയറ്റ് സണ്ണി, പ്ലാവിൻമുറി
ഡോ. ജയകൃഷ്ണന്റെ ലേഖനം (ലക്കം: 1406) വളരെ വിശദമായി തന്നെ വിഷയങ്ങൾ അവതരിപ്പിക്കുന്നുണ്ട്, വനം വകുപ്പിന്റെ വീക്ഷണത്തിൽനിന്ന്. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത് കാലങ്ങളായിട്ടുള്ള തികച്ചും മനുഷ്യനിർമിതമായ ആവാസവ്യവസ്ഥയുടെ സമ്മർദങ്ങളും ഭൂപ്രകൃതിയിൽ അത് ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് എന്ന് പറയുന്നു. അതേസമയം, വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കേണ്ടത് ആവശ്യമാണ് എന്ന് തിരിച്ചറിവോടുകൂടി നടപ്പാക്കിയ നയങ്ങൾ ഇതിൽ എന്ത് പങ്കുവഹിച്ചു എന്ന് പരിശോധിക്കുന്നുമില്ല.
ഇത്തരം നയങ്ങളുടെ ഫലമായി വന്യജീവികളുടെ എണ്ണം വർധിച്ചിട്ടുണ്ട് എന്നത് തർക്കമറ്റ സംഗതിയാണ്. അത് എത്രയാണ്, ഓരോ വനപ്രദേശത്തിനും താങ്ങാവുന്ന വന്യജീവി സംഖ്യ എത്രയാണ് എന്നത് വിലയിരുത്താതെ വന്യജീവി ആക്രമണം മുതലായ പ്രശ്നങ്ങളെ അടിസ്ഥാനപരമായി പരിഹരിക്കാൻ കഴിയില്ല. രോഗലക്ഷണങ്ങളെ മാത്രം കണ്ടു ചികിത്സിക്കാതെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തി പരിഹാരം തേടണം എന്ന് ഡോ. ജയകൃഷ്ണൻ പറയുന്നുണ്ടെങ്കിലും ഇതുപോലുള്ള ഒരു അടിസ്ഥാന കാരണത്തെ പൂർണമായും അവഗണിച്ചിരിക്കുന്നു. മനുഷ്യരുടെ മാത്രം താൽപര്യങ്ങൾ പരിഗണിച്ച് വന്യജീവികളുടെ നിലനിൽപ് അവഗണിച്ച്, ഏകപക്ഷീയമല്ലാത്ത രണ്ടു ഭാഗത്തും ആഘാതങ്ങൾ കുറക്കുന്നത് പരിഗണിച്ചായിരിക്കണം പ്രവർത്തനം എന്ന് പറയുന്നുണ്ട്. ഇത് ആരാണ് പരിഗണിക്കുന്നത്? വന്യജീവികൾ ഏതായാലും അങ്ങനെയൊന്നും ചെയ്യാൻ പോകുന്നില്ല. അത് അവരുടെ ശേഷിക്ക് അപ്പുറമുള്ള കാര്യമാണ്.
മനുഷ്യരാണ് ഈ രണ്ടു ഭാഗത്തിന്റെയും പ്രശ്നം പരിശോധിക്കുന്നത്. വനത്തിന്റെയും വന്യജീവികളുടെയും നിലനിൽപ് ആവശ്യമാണ് എന്ന് തിരിച്ചറിവ് ഒരു മനുഷ്യ തിരിച്ചറിവാണ്. ആ തിരിച്ചറിവിന്റെ ഭാഗമായിട്ട് തന്നെ അവ മനുഷ്യന്റെ നിലനിൽപ്പിന് അപകടമാകുമ്പോൾ എങ്ങനെയാണ് അതിനെ മറികടക്കാൻ കഴിയുക, നിയന്ത്രിക്കാൻ കഴിയുക എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. അങ്ങനെയല്ല ഡോ. ജയകൃഷ്ണൻ വിവരിക്കുന്ന രേഖ ഈ വിഷയത്തെ സമീപിച്ചിരിക്കുന്നത്. എല്ലാ വശങ്ങളും കണ്ടിരിക്കുന്നു എന്ന് പറയുമ്പോൾ വാസ്തവം അതല്ല.
സ്വന്തം നിലനിൽപിനും ജീവിതോപാധികൾക്കും ഉണ്ടാകുന്ന ഭീഷണികളെ നേരിടാൻ ജനങ്ങൾക്ക് അടിസ്ഥാനപരമായ അവകാശമുണ്ട്. അത് തടയുന്നത് ജനവിരുദ്ധമായ കാര്യമാണ്. ഈ നിലപാടിൽനിന്ന് തന്നെയാണ് വിഷയത്തെ നോക്കിക്കാണേണ്ടത്.
അത്തരമൊരു സമീപനത്തിലൂടെ, കർണാടക, തമിഴ്നാട്, കേരളം എന്നിവയിലെ വനപ്രദേശങ്ങളിൽ വന്യജീവികളുടെ കണക്കെടുപ്പ് നടത്തുകയും ഈ വനമേഖലകളുടെ പ്രകൃതിവിഭവങ്ങളുടെ അടിസ്ഥാനത്തിൽ നിലനിർത്താൻ കഴിയുന്നതിനേക്കാൾ അധികമായ മൃഗങ്ങളെ കൊല്ലാൻ നടപടികൾ സ്വീകരിക്കുകയുമാണ് വേണ്ടത്. മറ്റു പല രാജ്യങ്ങളിലും നടപ്പാക്കുന്ന നയമാണിത്. ഇതാണ് ഇവിടെയും നടപ്പാക്കേണ്ടത്. ഇതിന് പൂരകമായിട്ട് വേണം മറ്റുള്ള എല്ലാ നയങ്ങളും. ഇവിടെ നിലവിലുള്ള തലതിരിഞ്ഞ നയങ്ങൾക്ക് ഒരു ഉദാഹരണമാണ് കാട്ടുപന്നികളെ വെടിെവക്കാമെങ്കിലും തിന്നുകൂടാ എന്ന തീർപ്പ്. ഇത്തരം സമീപനങ്ങളും തിരുത്തേണ്ടതുണ്ട്.
കെ. മുരളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.