അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നതിനും രണ്ടുവർഷം മുമ്പ് 1973ൽ ‘നിശ്ശബ്ദത’ എന്ന കവിതയിൽ കെ. ജി. ശങ്കരപ്പിള്ള ഇങ്ങനെ എഴുതി:
“ഇന്നു ഞാൻ അറിയുന്നു
അഭിപ്രായസ്വാതന്ത്ര്യമുപയോഗിച്ചവന്റെ കസേര
അടുത്തദിവസം ശൂന്യമാകുന്ന നിശ്ശബ്ദത.
മൂന്നാം ദിവസം അവെന്റ വീട്ടിൽ
മകൻ മരിച്ച അമ്മയുടെ നിശ്ശബ്ദത.
ഭർത്താവ് മരിച്ച ഭാര്യയുടെ നിശ്ശബ്ദത.
മേശപ്പുറത്ത് കാത്തിരിക്കുന്ന
കട്ടൻകാപ്പിയുടെ നിശ്ശബ്ദത.
മുറ്റത്ത് തുള്ളുന്ന ചുവന്ന പൂക്കളുടെ നിശ്ശബ്ദത.’’
എഴുത്തുകാരും ബുദ്ധിജീവികളും രാഷ്ട്രീയ നിരീക്ഷകരും തുടങ്ങി ഇന്ത്യയിലെ എല്ലാ മേഖലകളിലെ ജനങ്ങളും ഇത്തരം ഒരു അവസ്ഥയെക്കുറിച്ച് പ്രവചിക്കുകയായിരുന്നില്ല. തങ്ങളെക്കാത്തിരിക്കുന്ന ആസന്നമായ വിധിയാണതെന്ന് എല്ലാവർക്കും അറിയാമായിരുന്നു. അത് പക്ഷേ ബ്രിട്ടീഷ് മേൽക്കോയ്മയുടെ അടിച്ചമർത്തലിന്റെ തുടർച്ചയായി പ്രയോഗംകൊണ്ട് സമീകരിക്കാമെങ്കിലും ജനാധിപത്യ ഇന്ത്യയിലെ മനുഷ്യാവകാശധ്വംസനവുമായിരുന്നു.
രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിച്ച എല്ലാവരും കുറ്റവാളികളായി സംശയിക്കപ്പെട്ട് നിശിതമായ നിരീക്ഷണത്തിന് വിധേയരായി; പലരും തടവിലാക്കപ്പെട്ടു. മനുഷ്യാന്തസ്സ് ചവിട്ടി അരക്കപ്പെട്ട ദിനങ്ങളായിരുന്നു അവ. സ്വാതന്ത്ര്യമോഹികളായ ജനാധിപത്യവാദികൾ അതിനെതിരെ അതിശക്തമായി പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയുംചെയ്തു. മനുഷ്യാവകാശങ്ങളെ കുറിച്ചും തടവുകാർക്ക് നിയമപരമായി അർഹതയുള്ള എല്ലാ അവകാശങ്ങളെ കുറിച്ചും ഉറക്കെ ചിന്തിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയുമായി മാറി അടിയന്തരാവസ്ഥ.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജാതിയുടെ, വർഗത്തിന്റെ പുനർക്രമീകരണങ്ങളിലൂടെ ഉറപ്പിച്ചെടുക്കുന്ന ഫാഷിസ്റ്റ് സാധ്യതകൾ; ഒരേ സാംസ്കാരിക അന്തരീക്ഷമെന്ന വ്യാജനില പങ്കിടുന്ന ജനസഞ്ചയത്തെ നിർമിക്കുന്ന ഹിന്ദുത്വം; മൂന്നാമതായി, പൊലീസ് ക്രൂരതയും നിയമവാഴ്ചയും എന്നിങ്ങനെ റിപ്പബ്ലിക്കിന്റെ സങ്കീർണവും ഭീകരവുമായ അവസ്ഥയിലാണ് ജനാധിപത്യവാദികൾ അവരുടെ ആശയപ്രചാരണവും രാഷ്ട്രീയ പ്രവർത്തനവും നടത്തുന്നത്. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ കെ. ബാലഗോപാൽ
“നമ്മൾ എവിടെയായിരുന്നാലും അധികാരത്തെ ചോദ്യംചെയ്യുന്നു. അർഥവത്തായ ധിക്കാരം” എന്നു പറയുന്നുണ്ട്.
നീതിപൂർവകമല്ലാത്ത തടവുശിക്ഷ അനുഭവിക്കുന്ന ധാരാളം മനുഷ്യർ ഇന്ത്യയിലെ ജയിലുകളിലുണ്ട്. വിചാരണയോ വിധിയോ കൂടാതെ ‘ശിക്ഷ’പോലും അല്ലാതെ പതിറ്റാണ്ടുകളായി പല ജീവപര്യന്തം തടവുശിക്ഷകൾ അക്ഷരാർഥത്തിൽ അനുഭവിച്ചുപോരുന്ന അബ്ദുന്നാസിർ മഅ്ദനി അതിൽ കേരളത്തിൽനിന്നുള്ള ആദ്യ പേരുകാരനാണല്ലോ. ഭരണകൂടത്തിന്റെ പ്രതികാര നടപടിയെന്നവണ്ണം തടവറയിൽ കഴിയുന്നവരുടെ മതവും ജാതിയും നോക്കിയാൽ ഏറെപ്പേരും മുസ്‍ലിംകളും ദലിത്-ആദിവാസികളും ആണെന്ന് കാണാം.
കോയമ്പത്തൂർ സെൻട്രൽ ജയിലിൽ പത്തു വർഷത്തിലേറെ അനധികൃത തടവിൽ കഴിഞ്ഞ രാഷ്ട്രീയ പ്രവർത്തകൻ അനൂപ് മാത്യു ജോർജിന്റെ ജയിൽ ജീവിതാനുഭവങ്ങൾ കേവലം അനുഭവാഖ്യാനം എന്നതിലുപരി വിശദമായ ഒരു രാഷ്ട്രീയ വിശകലനമായി.
എണ്ണമറ്റ വൈജാത്യങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നതു പോലെ നിയമലംഘനങ്ങളുടെ തലവും അനന്തമാണെന്ന് അനൂപ് നിരീക്ഷിക്കുന്നു. കൊളോണിയൽ ബ്രിട്ടനേക്കാളും പിന്തിരിപ്പനായാണ് ലിബറൽ ഡെമോക്രസി അവകാശപ്പെടുന്ന ഇന്ത്യൻ ഭരണകൂടം ജയിലിൽ എത്തുന്നവരോട് ഇടപെടുന്നത് എന്ന പരിമിതിയെ അനൂപ് ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ തടവുകാരന്റെ എല്ലാ മനുഷ്യാന്തസ്സും പ്രതികാരബുദ്ധിയുള്ള പകയോടെയാണ് ഭരണകൂടം തിരിച്ചെടുക്കുന്നത്. ബ്രാഹ്മണ്യ ചിന്താബോധമാണ് ജാതീയ അടിച്ചമർത്തലുകളിൽ സംഭവിക്കുന്ന കുറ്റവാളികളെ നിർമിക്കുന്നതെന്നും സ്ത്രീ-പുരുഷന്മാരിൽ രൂഢമൂലമായ പുരുഷാധിപത്യ ആശയങ്ങളാണ് സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നതെന്നും കൈക്കൂലി, അഴിമതി, കമീഷൻ എന്നിവ അതിസാധാരണമായ നാട്ടുനടപ്പായി ഉൾക്കൊണ്ട മുതലാളിത്തത്തിന്റെ മനസ്സാക്ഷിയാണ് മോഷണം, പിടിച്ചുപറി, കൊലപാതകങ്ങൾ എന്നിവ നടത്തുന്ന കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും നമ്മൾ ബോധപൂർവം മറക്കുന്നു.
ഒരു രാഷ്ട്രീയ തടവുകാരൻ തടവറയിൽ താൻ കണ്ട നാടിന്റെ പരിച്ഛേദത്തെ വായിച്ചുകൊണ്ട് നാടിനെ കുറിച്ച് എഴുതുന്ന അനുഭവങ്ങളാണ് ഇത്. അത് ഭരണകൂടത്തിന്റെ ഭീകരത എത്രമാത്രം എന്നും അടയാളപ്പെടുത്തുന്നുണ്ട്. തുടർ ലക്കങ്ങൾക്കായി കാത്തിരിക്കുന്നു.
ജയ മാധവൻ, പുത്തൻകുരിശ്
കാലം എത്ര കടന്നുപോയാലും മനസ്സിലൂറി കിടക്കും പലതിനോടുള്ള ഇഷ്ടം/ പ്രണയം. സ്വന്തമാക്കീടുക എന്നത് ആഗ്രഹമാണ്. ആഗ്രഹങ്ങൾക്കോ ഒരിക്കലും പൂർത്തീകരണമെന്ന വാക്ക് അകലെയാണ്. ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് ചാഞ്ചാടി –ചിറക് വിടർത്തി പറന്നു കൊണ്ടേയിരിക്കും.
എവിടെയും മനസ്സാണ് ഉത്തരമായി നിൽക്കുന്നത്. ഏകാഗ്രതയില്ലാത്ത മനസ്സ് പട്ടംപോലെയാണ്. ഉയർന്നും താഴ്ന്നും ചരടൊന്ന് പൊട്ടിയാൽ ഗതിയില്ലാതെ ഉലഞ്ഞുലഞ്ഞ് കാറ്റിന്റെ താളത്തിൽ ദൂരേക്ക് അങ്ങ് ദൂരേക്ക് മാഞ്ഞ് മാഞ്ഞ്... ‘‘പ്രണയത്തിനെന്താണ് നിറം/ ചോപ്പോ?’’ ലാഭനഷ്ടങ്ങളുടെ കണക്കോ? നിർവചനം ഇല്ലാത്ത ഒന്ന്... ആവാം, അല്ലാതിരിക്കാം.
പ്രണയത്തെ മറികടന്ന് ജീവിതമാകുന്ന ഒരുമയിേലക്ക് സ്ഥിരത നേടുമ്പോൾ അവിടെ മാറ്റിവെക്കപ്പെടുന്നത്, തഴയപ്പെടുന്നത് പ്രണയലോകമാണ്. ജീവിതം ഒരു പാഠമായി ഉൾക്കൊണ്ട് അനുഭവിക്കുമ്പോൾ ചിലതെല്ലാം ഓർമകളായിമാറും. ഓർമകളെന്നും ജീവിതകാലത്തിന്റെ നീക്കിയിരിപ്പാണ്.
പൗർണമി വിനോദ് എഴുതിയ കവിത ‘മുന്തിരി വ്ലോഗിന്റെ പാസ് വേഡ്’ പ്രണയത്തിന് പുതിയൊരു നിറവും ഭാവവും മുഖവും നൽകിയിരിക്കുന്നു. എപ്പോൾ വേണമെങ്കിലും തുറക്കാം, എപ്പോൾ വേണമെങ്കിലും റീസെറ്റ് ചെയ്യാം എന്ന മുൻവിധിയോടെ, പ്രണയഭാഷയിലൂടെ കവി കുറിച്ചിടുന്ന വാക്കുകൾ ഇങ്ങനെ: മഴ നനയുന്നതും / പുഴയിലിറങ്ങുന്നതും/ ചുണ്ടോടു ചുണ്ട് നുണയുന്നതും/ റെയിൽവേ സ്റ്റേഷൻ കടൽത്തീരം/, ‘പതുപതുത്ത’ മണൽപ്പരപ്പ്. കവിയുടെ ആകുലത നോക്കൂ.
‘‘പ്രണയമെത്രമേൽ മാറിപ്പോയിരിക്കുന്നു. അവരേതോ ഉന്മാദത്തിന്റെ രാ നീലകളത്രയും മോന്തി മത്തുപിടിച്ചിരിക്കുന്നു.’’ ആസക്തിയുടെ ചരട് പൊട്ടിച്ച് പായുന്നുണ്ട് പ്രണയം.
കാഴ്ചകൾക്ക് മുന്നിലാണ് നാമോരോന്നും തിരിച്ചറിയുന്നത്. കവി ഇവിടെ ഞാനെത്ര പിറകിലാണെന്ന് വ്യാകുലപ്പെടുന്നുണ്ട്.
‘‘വ്യസനത്തിൽ നീറി നീറി’’ ഇതുവരെ ആരും എഴുതാത്ത ഒരു പ്രണയ കവിതയെഴുതുവാൻ... ആരേയും കൊതിപ്പിക്കുന്ന പ്രേമകവിത. കവിതയിൽ കവി ഏറ്റെടുക്കുന്ന മഹത്തായ കർത്തവ്യം എന്നത് വായനക്കാർക്ക് സുഖകരമായൊരനുഭൂതി തുറന്ന് വിടുന്നുണ്ട്. വാക്കുകളെ അത്രമേൽ നെഞ്ചോട് ചേർത്തുനിർത്തി ഹൃദയതാളമായി സൂക്ഷ്മമായ അളവിൽ അത് അനുഭവിപ്പിക്കുന്നു. കവിയുടെ ഈ സ്വീകാര്യത, നിലപാട്, ശ്ലാഘനീയമാണ്. ആഴ്ചപ്പതിപ്പിൽ പൗർണമി വിനോദ് എഴുതിയ ‘മുന്തിരി വ്ലോഗിന്റെ പാസ് വേഡ്’ എന്ന കവിത (ലക്കം:1407) നിലവാര തകർച്ചയില്ലാതെ തന്നെ നുണയാം.
ജയപ്രകാശ് എറവ്, തൃശൂർ
കഥകൾ കനലുകളായി പുകഞ്ഞു കിടക്കുന്ന ജീവിതങ്ങൾ നമുക്കിടയിൽ ഇന്നും സുലഭമാണ്. സാമ്പത്തിക പുരോഗതിയും സാങ്കേതിക ജ്ഞാന വിപ്ലവവുമൊക്കെ പുളഞ്ഞുപായുന്ന നമ്മുടെ സമൂഹത്തിൽ ഇരുട്ടുമാറാത്ത ചിലയിടങ്ങൾ, പുറമ്പോക്കുകളായി നിലനിൽക്കുന്ന ഇടങ്ങളിലെ ജീവിതങ്ങൾ എങ്ങനെയൊക്കെയാണെന്ന് അറിയാൻ പൊതുവേ ആർക്കും താൽപര്യവുമില്ല. എന്നാൽ, ചില എഴുത്തുകാർ അത്തരം ഇടങ്ങളിലേക്ക് കടന്നുചെല്ലുകയും അവിടെ ആറിത്തണുത്തു കിടക്കുന്ന മനുഷ്യരെ പുറത്തേക്ക് കൂട്ടിക്കൊണ്ടുവരുകയും വായനക്കാർക്ക് ആഹ്ലാദം പകരുന്ന തരത്തിൽ എടുത്തുകാട്ടുകയുംചെയ്യാറുണ്ട്. ‘കണ്ണാടി പ്രതിഷ്ഠ’ എന്ന മങ്ങാത്ത കാഴ്ച മലയാളത്തിന്റെ ആത്മഹർഷമാണല്ലോ. അതേ പേരിൽ ശ്രീകണ്ഠൻ കരിക്കകം കരുത്തുറ്റ ഒരു കഥ പറയുന്നത് (ലക്ക: 1407) പുറമ്പോക്കിലെ രണ്ടര സെന്റിൽ ദുരിതജീവിതം നയിക്കുന്ന തങ്കോണിയുടെയും മകൾ പതിനെട്ടുകാരിയായ വൈഗയുടെയും തിളക്കുന്ന ജീവിതത്തെ മുൻനിർത്തിയാണ്.
‘‘...അവൾ സൈക്കിൾ ചവിട്ടി സ്കൂളിൽ പോയി. മുടി ക്രോപ്പു ചെയ്തു. മഴക്കാലത്തും കണ്ണിൽ ഇരുണ്ട നിറമുള്ള സൺഗ്ലാസ് വെച്ചു. പറയുന്ന മൂന്നിൽ രണ്ടു വാക്കിലും ഇംഗ്ലീഷ് പിടിപ്പിച്ചു. കൊറിയൻ പാട്ടുകൾ പാടി. പ്രേമം പറഞ്ഞു വന്നവർക്കെല്ലാം എൻട്രി പാസ് കൊടുത്തു. ചില മണ്ണുണ്ണികളോട് ശംഖുംമുഖത്തെ കടൽ സ്ത്രീധനമായി കൊടുക്കാമെന്നു പറഞ്ഞു. ചില ഞരമ്പുരോഗികളോട് പുത്തരിക്കണ്ടത്ത് നക്ഷത്രങ്ങളെ എണ്ണി അന്തിയുറങ്ങാമെന്ന് പറഞ്ഞു. അദാനിയിൽനിന്ന് തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും വാങ്ങാമെന്ന് പറഞ്ഞു...’’
ഇങ്ങനെയുള്ള ഏകമകൾ അമ്മ തങ്കോണിയുടെ മുന്നിൽ ജീവിതത്തെ ആവേശത്തോടെ നിവർത്തിയിടുകയാണ് ‘‘നിങ്ങളിനി പട്ടിണി കെടക്കൂല്ല, പറട്ട തള്ളേ... ഞാനാണ് പറയണത്.’’ കഥയുടെ വികാസവഴിയിൽ വായനക്കാരെ ജാഗ്രതയോടെ കൊണ്ടുപോയി ആഹ്ലാദത്തിലെത്തിക്കാൻ കഥാകൃത്ത് കാട്ടുന്ന മികവ് അതേപടി ചിത്രങ്ങളിലാക്കിയിട്ടുണ്ട് ചിത്രകാരൻ തോലിൽ സുരേഷ്.
ഇടക്കാട് സിദ്ധാർഥൻ
സമകാലിക പ്രസക്തമായ കഥ ആഴ്ചപ്പതിപ്പിൽ (ലക്കം: 1406) വായിച്ചു –വി. സുരേഷ് കുമാർ എഴുതിയ ‘ഒച്ചയുടെ ശബ്ദം’. പു.ക.സ സാംസ്കാരിക പ്രവർത്തകർ വായിച്ചിരിക്കേണ്ട ചെറുകഥയാണിത്. CPM എന്ന സോഷ്യൽ ഫാഷിസ്റ്റ് പാർട്ടിയിൽ ആധിപത്യം നേടിയ ലൈംഗിക അരാജകത്വത്തെയും പണാർത്തിയെയും അത് മറച്ചുവെക്കാൻ അവർ നടത്തുന്ന ആഡംബര കെട്ടുകാഴ്ചകളെയും തുറന്നുകാട്ടുന്ന ലളിതസുന്ദരമായ ഒരു കഥയാണത്; ആത്മാർഥതയുള്ള, താഴേക്കിട പ്രവർത്തകർ അനുഭവിക്കുന്ന ആത്മസംഘർഷങ്ങളുടെയും.
ഒാരോ സമ്മേളനവും മനുഷ്യരെ സംബന്ധിക്കുന്ന പാഠശാലകളാകണമെന്ന് ഭാര്യ ഗൗരി കേൾക്കേ പറയുന്ന ഒച്ച ദാമുവിനോട് ഗൗരി പുച്ഛത്തോടെ നോക്കി പറയുന്ന മറുപടി ഇതാണ്:
‘‘നിങ്ങൾ കാറൽ മാർക്സിന്റെ മൂലധനവും കെട്ടിപ്പിടിച്ച് കിടന്നോ. നാട്ടിലെ വിവരമുള്ള ആണുങ്ങൾ അതിലെ ധനം മുഴുവൻ എന്നോ കൊണ്ടുപോയി. നിങ്ങൾക്കൊക്കെ അതിന്റെ ബാക്കി മാത്രമേയുള്ളൂ... മൂലം!’’
ഒന്നു രണ്ടു കാറും നഗരത്തിൽ ഷോപ്പിങ് കോംപ്ലക്സും കണ്ണായ സ്ഥലത്ത് ഭൂമിയും ഇല്ലാത്ത ഏത് നേതാവാണ് ഇന്ന് നാട്ടിലുള്ളത്? പൂഴിയും കുന്നും കുളവും ഉപയോഗിച്ച് പൈസ ഉണ്ടാക്കുന്നവൻ ഉണ്ടാക്കിക്കൊണ്ടിരിക്കും. അല്ലാത്തവൻ അടിയും തൊഴിയുംകൊണ്ട് ഉണ്ട തിന്നും. ഗൗരി പറഞ്ഞതിനൊന്നും മറുപടി പറയാതെ ഒച്ച ചുറ്റും പരക്കുന്ന ഇരുട്ടിലേക്ക് നോക്കി.
േഗാവിന്ദൻ എം.വി (ഫേസ്ബുക്ക്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.