1983ൽനിന്നും 2011ലേക്കുള്ള ദൂരംകപിൽദേവ്, മഹേന്ദ്ര സിങ് ധോണി എന്നീ ക്രിക്കറ്റിലെ രണ്ട് അതികായന്മാരെക്കുറിച്ച് ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച നിരീക്ഷണങ്ങൾ വായിച്ചു. അനുബന്ധമായി ഒരു കാര്യം കൂടി കൂട്ടിച്ചേർക്കട്ടെ. പ്രത്യക്ഷത്തിൽ രണ്ടുപേരും ഇന്ത്യക്ക് ക്രിക്കറ്റ് ലോകകപ്പ് നേടിത്തന്നവരാണ്. ആ അർഥത്തിൽ രണ്ടുപേരും ബഹുമാനിക്കപ്പെടേണ്ടവർതന്നെ. പക്ഷേ, കപിൽദേവിന്റെ വിജയവും ധോണിയുടെ വിജയവും തമ്മിൽ സമീകരിക്കാനാകില്ല എന്നാണ് അഭിപ്രായം. ആഴ്ചപ്പതിപ്പ്...
1983ൽനിന്നും 2011ലേക്കുള്ള ദൂരം
കപിൽദേവ്, മഹേന്ദ്ര സിങ് ധോണി എന്നീ ക്രിക്കറ്റിലെ രണ്ട് അതികായന്മാരെക്കുറിച്ച് ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച നിരീക്ഷണങ്ങൾ വായിച്ചു. അനുബന്ധമായി ഒരു കാര്യം കൂടി കൂട്ടിച്ചേർക്കട്ടെ. പ്രത്യക്ഷത്തിൽ രണ്ടുപേരും ഇന്ത്യക്ക് ക്രിക്കറ്റ് ലോകകപ്പ് നേടിത്തന്നവരാണ്. ആ അർഥത്തിൽ രണ്ടുപേരും ബഹുമാനിക്കപ്പെടേണ്ടവർതന്നെ. പക്ഷേ, കപിൽദേവിന്റെ വിജയവും ധോണിയുടെ വിജയവും തമ്മിൽ സമീകരിക്കാനാകില്ല എന്നാണ് അഭിപ്രായം. ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ ആ വാദം ഇല്ലെങ്കിലും സമൂഹമാധ്യമങ്ങളിലും മറ്റും ചിലരെങ്കിലും അങ്ങനെ ചെയ്യാറുണ്ട്.
കാരണങ്ങൾ
1. പന്തയകണക്കുകൾ പ്രകാരം ഇന്ത്യക്ക് 2011 ലോകകപ്പ് ജയിക്കാൻ 1/3 സാധ്യതകൾ ഉണ്ടായിരുന്നു. ടൂർണമെന്റിൽ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യതന്നെ. അതേസമയം, 1983 ലോകകപ്പിൽ ഇന്ത്യയുടെ വിജയസാധ്യത 66ൽ 1 മാത്രം!
2. 2011 ലോകകപ്പിലെ ഫൈനലും സെമിഫൈനലും അടക്കമുള്ള പ്രധാന മത്സരങ്ങളെല്ലാം നടന്നത് ഇന്ത്യയിൽതന്നെയായിരുന്നു. അതേ സമയം, 1983 ലോകകപ്പ് നടന്നത് ഇംഗ്ലീഷ് സാഹചര്യങ്ങളിലാണ്.
3. 2011 ലോകകപ്പായപ്പോഴേക്കും ആസ്ട്രേലിയൻ ക്രിക്കറ്റിന്റെ അപ്രമാദിത്വത്തിന് ഇടിവുതട്ടിയിരുന്നു. അതിശക്തരായ ടീമുകളെന്ന് വിളിക്കാവുന്നവരില്ല. 1983 ലോകകപ്പ് സമയത്ത് വെസ്റ്റിൻഡീസ് ടീം അതിശക്തരായിരുന്നു. ആസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്താൻ തുടങ്ങിയവരെല്ലാം ഇന്ത്യയേക്കാൾ കരുത്തർ.
4. 2011 ലോകകപ്പ് ആയപ്പോഴേക്കും ഇന്ത്യ ഏകദിന ക്രിക്കറ്റിലെ ശക്തമായ ടീമായിരുന്നു. സചിൻ, സെവാഗ്, ധോണി, ഗംഭീർ, യുവരാജ്, കോഹ്ലി എന്നിവരടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിര. എന്നാൽ, 1983 ലോകകപ്പിനു മുമ്പേ ഇന്ത്യ കളിച്ച 40 ഏകദിനങ്ങളിൽ ജയിച്ചത് 12 എണ്ണത്തിൽ മാത്രം!
5. 2011 ആകുമ്പോഴേക്കും ഇന്ത്യ ക്രിക്കറ്റിലെ അതിസമ്പന്ന രാഷ്ട്രമായിരുന്നു. വലിയ സ്റ്റേഡിയങ്ങളും അക്കാദമികളുമെല്ലാം സ്ഥാപിക്കപ്പെട്ടു. 1983 ലോകകപ്പ് വിജയികളായ ഇന്ത്യൻ ടീമിന് പണം സമ്മാനിക്കാൻപോലുമുള്ള ശേഷി ബി.സി.സി.ഐക്കുണ്ടായിരുന്നില്ല. ലതാ മങ്കേഷ്കറുടെ നേതൃത്വത്തിൽ നടന്ന ഗാനമേളയിലൂടെ സ്വരൂപിച്ച പണമാണ് വിജയികൾക്ക് നൽകിയത്.
ധോണിയെ ഇകഴ്ത്തിക്കാണിക്കാനല്ല, ഇത്രയും പറഞ്ഞത്. രണ്ടും വ്യത്യസ്ത സാഹചര്യങ്ങളിലാണെന്ന് ഓർമിപ്പിക്കാൻ മാത്രം. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ധോണിക്ക് ഏറ്റവും അഭിമാനിക്കാൻ കഴിയുക 2007ലെ ട്വന്റി 20 ലോകകപ്പ് വിജയത്തിലാണ്. വലിയ താരങ്ങളോ ടൂർണമെന്റ് ഫേവറേറ്റുകളോ അല്ലാതെ പോയി ദക്ഷിണാഫ്രിക്കയിൽ പ്രഥമ ട്വന്റി 20 കിരീടം നേടിയതിൽ ചെറിയ ‘കപിൽദേവിസം’ ഉണ്ടെന്ന് പറയാം.
മുഹ്സിൻ, മലപ്പുറം
ചാച്ചൻ: ഭാഷ കൊണ്ടുതീർത്ത ഒരു ശിൽപം
ചാച്ചൻ കഥാവർത്തമാനത്തിന്റെ ഏറ്റവും പുതിയ വേർഷനാണ് (ലക്കം: 1318). ഒരു ന്യൂ ജനറേഷൻ സിനിമക്കു വേണ്ട മികച്ച ഷോട്ടുകൾ ഒരു തിരക്കഥപോലെ ഈ കഥയിലുണ്ട്.
ഒരു പ്രതികാര കഥയുടെ കരിമരുന്ന് കൃത്യമായി ഒളിപ്പിച്ചുവെച്ച കഥ, അത് പൊട്ടേണ്ടയിടത്തുതന്നെ പൊട്ടിച്ചിട്ടുമുണ്ട്. കഥയുടെ ഭാഷയിലേക്ക് അലിയിച്ച് ചേർത്ത ഉപമകൾ ഒരു രക്ഷയുമില്ല, ഗംഭീരമാണ്. 48 ഡിഗ്രിയിൽ പനിച്ചുകിടക്കുന്ന മീനവെയിലിന്റെ പത്തിരട്ടി ചൂടുണ്ടായിരുന്നു ജോണിന്റെ ഉള്ളിൽ, ചാച്ചന്റെ മരണത്തെ കുറിച്ചുള്ള ചിന്തയിൽനിന്ന് പിന്തിരിയാൻ കൂട്ടാക്കാതെ പീടികമുക്ക് ഒരിക്കൽകൂടി വിയർത്തു, വേണുവിന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ രാഘവൻ ചായയുടെ രുചിയിലേക്ക് അലിയുന്നതായി നടിച്ചു, വൈക്കോൽ കൂനയിലേക്കെറിഞ്ഞ തീനാളംപോലെ പക ജോണിൽ ആളിപ്പടർന്നു, ഭയം രാജവെമ്പാലയെപ്പോലെ വാൽകുത്തി എഴുന്നേറ്റുനിന്ന് ഹരിയുടെ ശിരസ്സിൽ കൊത്തി... എന്നിങ്ങനെ കഥയിൽ നിരവധി ശിൽപങ്ങൾ ചിത്രകാരൻകൂടിയായ കഥാകാരൻ തീർത്തുവെച്ചിട്ടുണ്ട്. കഥ വായിച്ചുതീർന്നാലും ചോളം വാറ്റിയ മദ്യത്തിന്റെ മണം വായനക്കാരെ ചൂഴ്ന്നുനിൽക്കും.
രമേഷ് പെരുമ്പിലാവ്
പ്രസക്തിയുള്ള നിരൂപണം
ടി.എം. എബ്രഹാമിന്റെ ‘അഹം അഹം’ എന്ന നാടകത്തെ കുറിച്ച് ബാലചന്ദ്രൻ വടക്കേടത്ത് എഴുതിയ നിരൂപണം ശ്രദ്ധേയമായി (ലക്കം: 1318). മലയാള നാടകവേദി ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ഈ നിരൂപണത്തിന് ഏറെ പ്രസക്തിയുണ്ട്.
പെരുന്തച്ഛൻ കോംപ്ലക്സ് മനുഷ്യമനസ്സിലെ ഒരു പ്രധാന പ്രവണതയാണ്. ‘അഹം അഹം’ എന്ന നാടകം ഈ പ്രവണതയെ ഭാവഭംഗിയോടെ അനാവരണം ചെയ്യുന്നു.
ജി. ശങ്കരക്കുറുപ്പിന്റെ ‘പെരുന്തച്ചൻ’ എന്ന കവിത മലയാളത്തിന്റെ മുഗ്ധസ്വപ്നമാണല്ലോ. ആ കവിത പകരുന്ന ആനന്ദം ഈ നാടകവും ഏറക്കുറെ പങ്കുവെക്കുന്നുണ്ട്.
നിഴലുകളെ സ്നേഹിക്കുന്നതിലും അഭികാമ്യം മനുഷ്യരെ സ്നേഹിക്കുന്നതാണ്. ടെലിവിഷനിലും മൊബൈലിലും നമ്മൾ നിഴലുകളാണല്ലോ കാണുന്നത്. നാടകത്തിലാകുമ്പോൾ കഥാപാത്രങ്ങളുടെ അഭിനയം നേരിട്ടുകണ്ട് മനസ്സിലാക്കാൻ സാധിക്കുന്നു. നാടകദർശനം മലയാളികളുടെ ഗൃഹാതുരത്വമുണർത്തുന്ന സ്മരണയാണ്. നിരൂപകനും ആഴ്ചപ്പതിപ്പിനും സ്നേഹാർദ്രമായ നന്ദി.
ജിനൻ ചാളിപ്പാട്ട്, തൃത്തല്ലൂർ
ഹൃദ്യമായ ഭാഷയിൽ കാമ്പുള്ള കവിത
റഹീമ കെ.എ എഴുതിയ ‘കുന്നത്തുസ്കൂൾ’ എന്ന കവിത ഹൃദ്യമായി (ലക്കം: 1319). പൊതുവിദ്യാലയങ്ങളോട് വിടചൊല്ലി മനുഷ്യരാകെ സ്വകാര്യവിദ്യാലയങ്ങളെ ആശ്രയിക്കുന്ന പുതിയകാലത്ത് ഏറെ പ്രസക്തമായ ചിന്തകളാണ് എഴുത്തുകാരി പങ്കുവെക്കുന്നത്. പൊതുവിദ്യാലയങ്ങളുടെ തകർച്ചക്ക് കാരണം പണച്ചാക്കുകൾ സ്വപ്നം കണ്ട് പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാലയങ്ങളാണെന്ന സൂചന കവിതയിലുണ്ട്. ‘ഇനിക്കെന്താനേ പൂട്ടിപ്പോവും’ എന്ന ‘നെയ്സറി’ക്കാരുടെ അഭിപ്രായപ്രകടനത്തിൽ അത് തെളിഞ്ഞുകാണാം.
മൊട്ടൻ ചോമന്റെ ചോറ്റുപാത്രത്തിലെ ഞണ്ടുംകാല് ആർത്തിയോടെ കടിച്ചുതിന്നിരുന്ന ബാല്യകാല സ്മരണകൾ കവി പങ്കുവെക്കുമ്പോൾ പുതിയ തലമുറക്ക് കൗതുകം തോന്നിയേക്കാം. സാമൂഹിക ജീവിതത്തിന്റെ ബാലപാഠങ്ങൾ മനുഷ്യൻ പരിശീലിക്കുന്നത് വിദ്യാലയങ്ങളിൽനിന്നാണ്. ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടും സൗഹൃദത്തിന്റെ മധു നുകർന്നും കടന്നുപോയ വിദ്യാർഥി കാലഘട്ടം അനവധി ജീവിതമൂല്യങ്ങൾ പകർന്നുതരുന്നുണ്ട്. കവി പറഞ്ഞതുപോലെ ‘‘തൂണുംപിടുത്തം നടക്കുമ്പോ വിട്ടുകൊടുക്കാൻ പഠിപ്പിച്ച്, ഉച്ചക്കഞ്ഞിക്ക് കൂട്ടാൻ മാറ്റം ശീലിച്ച്’’ ഇളം തലമുറയിൽ സഹനവും സഹജീവി സ്നേഹവും വളർത്തിയെടുക്കാൻ പൊതുവിദ്യാലയങ്ങൾക്ക് വലിയ അളവോളം സാധിക്കുന്നുണ്ട്. കുട്ടികളുടെ മൂല്യമളക്കാൻ പരീക്ഷയിലെ മാർക്കുമാത്രം മാനദണ്ഡമാക്കുന്ന സമകാലിക വിദ്യാഭ്യാസ സംസ്കാരത്തിൽ ഇത്തരം മൂല്യങ്ങൾ എത്രമാത്രം കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഗ്രാമീണതയുടെ തനിമ പ്രതിഫലിപ്പിക്കുന്ന ഹൃദ്യമായ ഭാഷയും ശൈലിയുമുപയോഗിച്ച് വായനക്കാരെ ഇന്നലെകളിലേക്ക് വഴിനടത്തിയ എഴുത്തുകാരിക്കും ആഴ്ചപ്പതിപ്പിനും നന്മകൾ നേരുന്നു.
റുമൈസ് ഗസ്സാലി കെല്ലൂർ
അറിയിപ്പ്
വ്യാസ കലാസാഹിത്യ ചാരിറ്റബിൾ സൊസൈറ്റി സാഹിത്യ പുരസ്കാരം
തിരുവനന്തപുരം വ്യാസ കലാ സാഹിത്യ ചാരിറ്റബിൾ സൊസൈറ്റിയുടെ 38ാമത് വാർഷികത്തോടനുബന്ധിച്ച് 2021-2023 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച നോവൽ, കഥ, കവിത പുസ്തകങ്ങൾ പുരസ്കാരത്തിന് ക്ഷണിക്കുന്നു. മികച്ച പുസ്തകങ്ങൾക്ക് 5000 രൂപയും പുരസ്കാര ഫലകവും നൽകുന്നതാണ്. വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കും വിധിനിർണയം. പുരസ്കാരത്തിനായി പുസ്തകങ്ങളുടെ മൂന്നു കോപ്പിയാണ് അയക്കേണ്ടത്. പുസ്തകങ്ങൾ അയക്കേണ്ട അവസാന തീയതി 30 ജൂൺ, 2023.
വിലാസം: തലയൽ മനോഹരൻ നായർ, സെക്രട്ടറി, വ്യാസ കലാസാഹിത്യ ചാരിറ്റബിൾ സൊസൈറ്റി, പ്ലാവറത്തല, ഊരൂട്ടമ്പലം പോസ്റ്റ്, തിരുവനന്തപുരം 695507, ഫോൺ: 9961142101.
പുസ്തകം അയക്കുന്നവർ കവറിന് പുറത്ത് ‘വ്യാസ സാഹിത്യ പുരസ്കാരത്തിന്’ എന്ന് പ്രത്യേകം എഴുതിയിരിക്കണം.
കവിതകൾ ക്ഷണിക്കുന്നു
തിരുവനന്തപുരം വ്യാസ കലാസാഹിത്യ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കാനായി കേരളത്തിലെ വിദ്യാർഥികളിൽനിന്നും കവിത ക്ഷണിക്കുന്നു.
മികച്ച കവിതക്ക് ഒന്നാം സമ്മാനമായി 5000 രൂപയും രണ്ടാം സമ്മാനമായി 3000 രൂപയും മൂന്നാം സമ്മാനമായി 2000 രൂപയും നേടാം. സ്കൂൾ, കോളജ് വിദ്യാർഥികളിൽനിന്നാണ് കവിത സ്വീകരിക്കുക. കവിത 12 വരിയിൽ കുറയാനും 24 വരിയിൽ കൂടാനും പാടില്ല. വിഷയനിബന്ധന ഇല്ല. പ്രസിദ്ധീകരണം സൗജന്യമായിരിക്കും. രചനയോടൊപ്പം വിലാസം, ഫോട്ടോ, ഫോൺനമ്പർ, പഠിക്കുന്ന സ്കൂൾ/കോളജ് ഐ.ഡി കാർഡ് എന്നിവ ഉണ്ടായിരിക്കണം. രചന അയക്കേണ്ട ഇ-മെയിൽ: vyasakalacharitabletrust@gmail.com. രചനകൾ ലഭിക്കേണ്ട അവസാന തീയതി: ജൂൺ 30, 2023. കൂടുതൽ വിവരങ്ങൾക്ക്: 9961142101, 9656161635.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.