മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും അദ്ദേഹത്തിന്റെ പത്രം ‘അൽ അമീനും’ ഉയർത്തിയ ഉദ്ബോധനങ്ങൾക്ക് നൂറാണ്ട് തികയുന്ന വേളയിൽ ആഴ്ചപ്പതിപ്പിൽ (ലക്കം: 1396) ഡോ. സഖറിയ തങ്ങൾ എഴുതിയ ലേഖനം അബ്ദുറഹ്മാൻ സാഹിബിന്റെയും അദ്ദേഹത്തിന്റെ പത്രത്തിന്റെയും സംഭവബഹുലമായ ചരിത്രം വായനക്കാർക്കു മുന്നിൽ വരച്ചിടുന്നതായി. 1923ൽ കെ.പി. കേശവമേനോന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘മാതൃഭൂമി’ പത്രമൊഴികെ മറ്റെല്ലാ പത്രങ്ങളും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനെതിരും ബ്രിട്ടീഷ് ഗവൺമെന്റിന് അനുകൂലവുമായിരുന്ന സമയത്താണ് 1924ൽ കോഴിക്കോടുനിന്ന് അബ്ദുറഹ്മാൻ സാഹിബ് ‘വിശ്വസ്തൻ’ എന്ന അർഥം വരുന്ന ‘അൽ അമീൻ’ ആരംഭിക്കുന്നത്.
അങ്ങനെ ‘അൽ അമീൻ’ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ രണ്ടാമത്തെ ജിഹ്വയായി മാറി. പത്രത്തിന്റെ ഉദയവും നിലനിൽപിനുവേണ്ടി പാടുപെടുന്നതും മൂലധനം സ്വരൂപിക്കുന്നതിനുള്ള തത്രപ്പാടും അനീതിക്കെതിരെയുള്ള പടയോട്ടവും പത്രം ഏറ്റെടുത്ത പ്രക്ഷോഭങ്ങളുമെല്ലാം ലേഖകൻ വിശദമാക്കുന്നത് ഏറെ വിജ്ഞാനപ്രദമാണ്. ആഴ്ചയിൽ മൂന്നുദിവസംമാത്രം പ്രസിദ്ധീകരിച്ചിരുന്നപ്പോഴും ദിനപത്രമാക്കിയപ്പോഴും വായനക്കാർ ‘അൽഅമീനെ’ കാത്തിരുന്നത് അതിന്റെ ചടുലമായ ഭാഷയിലുള്ള കുറിക്കുകൊള്ളുന്ന മുഖപ്രസംഗം വായിക്കുന്നതിനായിരുന്നു. ആ മുഖപ്രസംഗങ്ങളിൽ ഒട്ടുമിക്കതിന്റെയും പിന്നിൽ പ്രവർത്തിച്ചത് സാഹിബ് തന്നെയായിരുന്നു. അഞ്ചാം ക്ലാസു മുതൽ ഇംഗ്ലീഷ് മാധ്യമത്തിൽ വിദ്യാഭ്യാസം നേടിയ അബ്ദുറഹ്മാൻ സാഹിബിന് ആദ്യകാലത്ത് മലയാളത്തിൽ ലേഖനങ്ങളും മുഖപ്രസംഗങ്ങളും എഴുതാൻ പ്രയാസമാണെന്ന് തിരിച്ചറിഞ്ഞ് അത് പരിഹരിക്കുന്നതിനായി സാഹിത്യകാരനും ഭാഷാ പണ്ഡിതനുമായ വിദ്വാൻ ടി.കെ. രാമൻ മേനോനെ തന്റെ ഗുരുവാക്കുകയായിരുന്നു. ‘‘വിജ്ഞാനം എവിടെ കണ്ടാലും അത് തന്റെ കളഞ്ഞുപോയ സ്വത്താണെന്നു കരുതി നേടുകയാണ് മുസ്ലിമിന്റെ കടമ’’യെന്ന നബിവചനം പ്രാവർത്തികമാക്കുകയാണ് രാമൻ മേനോന്റെ ശിഷ്യത്വം സ്വീകരിച്ചതിലൂടെ സാഹിബ് ചെയ്തത് എന്ന് നിസ്സംശയം പറയാം.
1939 സെപ്റ്റംബർ 29ന് അൽഅമീൻ ബ്രിട്ടീഷ് സർക്കാറിന്റെ ഉത്തരവു മൂലം അടച്ചുപൂട്ടുന്നതുവരെ പിടിച്ചു നിൽക്കാൻ പാടുപെട്ടതിന്റെ ചരിത്രവും ലേഖനത്തിൽനിന്ന് വായിച്ചെടുക്കാം. വളരെ ക്ലേശങ്ങൾ സഹിച്ചും അബ്ദുറഹ്മാൻ സാഹിബ് ‘അൽഅമീൻ’ നടത്തിയത് എന്തിനുവേണ്ടിയായിരുന്നുവെന്നും അതിനോടൊപ്പംതന്നെ എന്തിനുവേണ്ടിയല്ലായിരുന്നുവെന്നും അക്കമിട്ടതുപോലെ സഖറിയ തങ്ങൾ നിരത്തുമ്പോൾ ലേഖകന്റെ ഗവേഷണ പാടവംകൂടി വ്യക്തമാകുന്നതുപോലെയെന്നു പറയാൻ സന്തോഷമുണ്ട്.
പി.കെ. ശ്രീനിവാസൻ എഴുതിയ ‘കുടുംബ രാഷ്ട്രീയത്തിലെ ബുൾഡോസറുകൾ’ (ലക്കം: 1393) എന്ന ലേഖനത്തിൽ (പേജ് 16) 1978ൽ മധുരയിൽ നടന്ന പാർട്ടി പൊതുയോഗത്തിലാണ് ട്രഷററായിരുന്ന പുരട്ച്ചിത്തലൈവൻ എം.ജി.ആറും കരുണാനിധിയും തമ്മിലുള്ള സ്വരച്ചേർച്ച പ്രകടമാകുന്നത് എന്ന് എഴുതിയിട്ടുണ്ടല്ലോ. ഇതിൽ രണ്ടു തെറ്റുണ്ട്. 1. സ്വരച്ചേർച്ച അല്ല സ്വരച്ചേർച്ചയില്ലായ്മയാണ് വേണ്ടത്. 2. 1978 എന്ന വർഷം ശരിയല്ല. 1978ന് മുമ്പ് 1977ൽ തന്നെ എം.ജി.ആറിന്റെ അണ്ണാ ഡി.എം.കെ തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്. 1972 ആകാനാണ് സാധ്യത.
ധ്വനിസാന്ദ്രതയാർന്ന കവിതയാണ് ഉണ്ണികൃഷ്ണൻ കിടങ്ങൂർ എഴുതിയ ‘കതിര്’ (ലക്കം: 1395). ഇന്നത്തെ കാലത്തിന്റെ ദൈന്യത്തെ കവി മങ്ങിയ ബിംബങ്ങളാൽ വരച്ചുവെച്ചിരിക്കുന്നു. മാനുഷികമൂല്യങ്ങളും ധാർമികതയും നഷ്ടപ്പെട്ട, ദുരയും വേഗതയുമാർന്ന ദശാസന്ധിയാണല്ലോ ഇത്. ഇത്തരം ദുരവസ്ഥയിൽ ജീവിക്കുന്ന കവിക്ക് വായനക്കാരന് മുന്നിൽ സത്യത്തിന്റെ വികൃതമായ മുഖം കാണിച്ചുകൊടുക്കേണ്ടത് അനിവാര്യമായ കർമമാണ്. പഴയ കവിതയുടെ ചെടിപ്പാർന്ന മാധുര്യങ്ങളെ വർജിച്ചുകൊണ്ട് ഈ കവി ഉത്തരാധുനികതയുടെ കഠിനയാനത്തിലേറുന്നു. കവിക്കും മാധ്യമം ആഴ്ചപ്പതിപ്പിനും സ്നേഹാർദ്രമായ നന്ദി.
അട്ടപ്പാടിയിൽ നിയമങ്ങൾ കാറ്റിൽപറത്തി ഭൂമി കൈയേറുന്നതിനെ കുറിച്ചും അതിന് കൂട്ടുനിൽക്കുന്ന ഭരണ-ഉദ്യോഗസ്ഥ വൃന്ദത്തെ കുറിച്ചും ആർ. സുനിൽ എഴുതിയ ലേഖനം ‘അട്ടപ്പാടിയിൽ ആ കഥ തീരുന്നതേയില്ല’ (ലക്കം: 1396) മികച്ച ഇടപെടലായി.
ദലിത്, ആദിവാസി പ്രശ്നങ്ങൾക്ക് ചെവികൊടുക്കാൻ ആരും തയാറാവുന്നില്ല എന്നതാണ് വസ്തുത. ‘മാധ്യമം’ പോലെ അപൂർവം പ്രസിദ്ധീകരണമേ ഇത്തരം അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടി ശബ്ദം ഉയർത്തുന്നുള്ളൂ. അട്ടപ്പാടിയിലെ ആദിവാസികൾ മുഖ്യമന്ത്രിയെ കാണുന്ന ചിത്രം കണ്ടു. അട്ടപ്പാടിയിലെ ആദിവാസികളുടെ ദയനീയ സ്ഥിതി മനസ്സിലായി. ഇവരുടെ പരാതികൾ ഭൂരിഭാഗവും സവർണ ഉദ്യോഗസ്ഥരുടെ മുന്നിലായിരിക്കും വരുന്നത്. പിന്നെ നീതി കിട്ടുക പ്രയാസം തന്നെ. കൈവശംവെക്കാവുന്ന ഭൂമിയുടെ പരിധിയെ കുറിച്ച് ലേഖനത്തിൽ വായിച്ചു. എന്നാൽ, നിയമം ലംഘിച്ചും പഴുതുകൾ ഉപയോഗിച്ചും പരിധിയിലധികം ഭൂമി കൈവശംവെക്കുന്ന എത്രയോ പേരുണ്ട്.
2004 ജൂണിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് ദേശായിയെ കാണാൻ അട്ടപ്പാടിയിലെ ആദിവാസികൾ എത്തിയ ഫോട്ടോ കണ്ടു. ഇവിടെ പട്ടികജാതികൾക്ക് സംവരണം, ഇവർക്കു നേരെയുള്ള ആക്രമണങ്ങൾ തടയാനുള്ള നിയമങ്ങളുണ്ട്. എങ്കിലും മിക്കതും പാലിക്കപ്പെടുന്നില്ല. ഇന്ത്യയിൽ 12 ശതമാനത്തിൽ താെഴയേ സവർണർ (ബ്രാഹ്മണർ, ക്ഷത്രിയർ, രജപുത്രർ, കേരളത്തിലെ നായർ) ഉള്ളൂവെങ്കിലും 75 ശതമാനത്തിലധികം വിഭവങ്ങൾ ഇവർ കൈകാര്യംചെയ്യുന്നു. 22 ശതമാനം മതന്യൂനപക്ഷങ്ങളിൽ (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധിസ്റ്റ്) 90 ശതമാനവും മതം മാറിയത് ദലിത്, ആദിവാസി, മറ്റു അവർണരാണ്.
‘ട്രംപ്’ എന്ന ശീര്‍ഷകത്തിലെ ‘തുടക്കം’ (ലക്കം: 1395) കാലികവും കാര്യമാത്രപ്രസക്തവുമാണ്. അമേരിക്കയുടെ 47ാം പ്രസിഡന്റായാണ് ട്രംപ് വീണ്ടും വൈറ്റ് ഹൗസില്‍ എത്തുന്നതെന്നും അത് അവരുടെ ചരിത്രത്തില്‍ 127 വര്‍ഷങ്ങള്‍ക്കുള്ളിൽ അദ്ദേഹത്തിനു മാത്രം ലഭിച്ച ബഹുമതിയാണെന്നും അറിയുമ്പോഴാണ് നമ്മളെപ്പോലെയല്ല അമേരിക്കന്‍ വോട്ടര്‍മാർ ചിന്തിക്കുന്നതെന്നും അവര്‍ക്കാരോടും പ്രത്യേക പ്രതിപത്തി ഇല്ലെന്നും മനസ്സിലാക്കാം. കമല ഹാരിസിനു പകരം ഒരു പുരുഷ സ്ഥാനാര്‍ഥിയായിരുന്നു മത്സരിച്ചിരുന്നതെങ്കില്‍ ഫലം വേറൊന്നാകുമായിരുന്നു എന്നാണ് തോന്നുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയായി ഒരു വനിത വരില്ലെന്ന് പറയുന്നപോലെ അമേരിക്കൻ പ്രസിഡന്റായി വനിതകൾ വരാനുള്ള സാധ്യതയും വിരളമാണ്.
ട്രംപ് ജയിച്ചതോടെ ലോക വിപണിയില്‍ സ്വർണത്തിന്റെയും ക്രൂഡോയിലിന്റെയും വിലയില്‍ സാരമായ മാറ്റങ്ങള്‍ വന്നു. 916 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 7265 രൂപ ഉണ്ടായിരുന്നത് 200 രൂപ കുറഞ്ഞ് 7065ല്‍ എത്തി. ഇപ്പോഴും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏതു രാഷ്ട്രത്തലവന്റെ തിരഞ്ഞെടുപ്പ് വിജയത്തിനാണ് ഇങ്ങനെയൊരു ഇംപാക്ട് ഉളവാക്കാന്‍ കഴിയുക?
ട്രംപിന്റെ വരവുകൊണ്ട് ഇന്ത്യക്കെന്താണ് നേട്ടം എന്നതാണ് മറ്റൊരു ചോദ്യം. ട്രംപും നരേന്ദ്ര മോദിയും തമ്മിലുള്ള ഇരിപ്പുവശംവെച്ച് നോക്കിയാല്‍ വലിയ അപകടമൊന്നും ഉണ്ടാവാനിടയില്ല. തൊഴില്‍-കുടിയേറ്റ പ്രശ്നങ്ങളില്‍ ഇന്ത്യക്ക് അനുകൂലമായ നിലപാടെടുക്കാന്‍ കഴിഞ്ഞാല്‍ അത് ജോലിയന്വേഷകര്ക്ക് അനുഗ്രഹമാകും. പക്ഷേ, അദ്ദേഹമൊരു വ്യവസ്ഥയില്ലാത്ത ആളായതുകൊണ്ട് എന്ത്, എപ്പോള്‍, എങ്ങനെ സംഭവിക്കുമെന്നൊന്നും പ്രവചിക്കാനാകില്ല. പോയതും വന്നതും വരാനിരിക്കുന്നതും നല്ലതിനാകട്ടെ എന്നാശംസിച്ചുകൊണ്ട് നിര്‍ത്തുന്നു.
‘മിന്നൽ ജാനകി’, കേട്ടാൽ ഒരു മർദക വീരനായ പൊലീസിനെ ഓർമിപ്പിക്കുന്നു. അല്ലെങ്കിൽ ചട്ടമ്പി കല്യാണിയെപ്പോലൊരു പെണ്ണിനെ. ഇവിടെ അങ്ങനല്ല. ഒരു പെണ്ണനുഭവിച്ച പൊള്ളിക്കുന്ന ജീവിതാനുഭവത്തിെന്റ അതിതീവ്രമായ ഷോക്കിന്റെ മിന്നലാണാ വിശേഷണമെന്ന് കഥ വായിച്ചറിയുമ്പോഴാണ് വെളിപ്പെടുക. വേണോങ്കി ചെയ്തിട്ട് പോടാ എന്ന ആക്രോശമാണ് ജാനകിയേടത്തിയിൽനിന്ന് ഒരു സംതൃപ്തിക്കായി സുഹൃത്ത് അരുണിന്റെ വർണന കേട്ടു വന്ന അഖിൽ കേൾക്കുന്നത്...പിന്നീടവനോട് ജാനകിയേടത്തി പറയുന്ന അനുഭവം ഒരു മിന്നലായി അനുവാചകനെയും പൊള്ളിക്കും.
കാമാർത്തിയുടെ മൂർത്തിയായ പൊലീസ് ഉദ്യോഗസ്ഥൻ രാമൻ മേനോൻ മുഴുക്കുടിയനായ മകൻ വക്കീലിന് (അഡ്വ. ഭരതൻ) പെണ്ണായി ജാനകിയെ തീരുമാനിച്ചത്. ഒരു പ്രസവത്തോടെ ചുക്കിച്ചുളിഞ്ഞ് വിരക്തയായ ഭാര്യ ഒരു തമിഴന്റെ കൂടെ ഒളിച്ചോടി എന്നും അതല്ല ഒറ്റച്ചവിട്ടിൽ മേനോൻ ഒടുക്കിയെന്നും പറയപ്പെടുന്നു. ശിങ്കിടികളുമൊത്തുള്ള കാമനായാട്ടിനിടക്കാണ് പുഴയിൽ കുളിക്കുന്ന അവൾ കണ്ണിൽപെട്ടത്. സ്വന്തമായ ആർത്തി തീർക്കാനായിരുന്നു മുഴുക്കുടിയനായി സദാ അബോധ ജീവിതം ചര്യയാക്കിയ അഡ്വ. ഭരതനെക്കൊണ്ട് ആ കല്യാണം നടത്തിയത്.
അതിന്റെ ദുരിതപ്പെയ്ത്ത് തുടർന്നങ്ങനെ മിന്നലായി പൊള്ളിക്കുമ്പോഴാണ് സദാ മദ്യത്തിന്റെ അബോധത്തിലുറങ്ങുന്ന ഭർത്താവ് ഒരു കത്തി ഒരു ദിവസം അവൾക്കു കൊടുക്കുന്നത്. അയാളുടെ വില്ലയുടെ താക്കോലും ആധാരവും പിന്നെ കൊടുക്കുന്നു. ഒരു നിമിഷമയാൾ ഒരു മനുഷ്യനായി.
ജാനകി മിന്നലായി മാറുന്നു. കാമവിഷ വെമ്പാലയുടെ ഇന്ദ്രിയം ചെത്തി. ഭർത്താവിന്റെ ആത്മഹത്യയും. പൊലീസ് ഉദ്യോഗസ്ഥന് ആദ്യമായേറ്റ ഇരട്ട പ്രഹരം... പിന്നെയും ഉപദ്രവങ്ങൾ ഉണ്ടായപ്പോൾ കാവലായി ചെറുക്കാൻ ഭരതന്റെ വലങ്കൈ മുതുമ്മൽ രാമേട്ടൻ. അയാളുടെ മകളും വിരിയാ മൊട്ടായി മേനോന്റെ ആർത്തിക്കിരയായി കരിഞ്ഞുപോയ വേദന പേറുന്നുണ്ട്. ജാനകിയുടെ പിന്നത്തെ ജീവിതം ഒരുമ്പെട്ടുതന്നെ.
ഉത്സവപ്പറമ്പിൽ ഒരു പെണ്ണിന്റെ മാറ് ഞെരിച്ച ഭാസ്കരനെ തന്റെ കാൽക്കീഴിൽ ചവിട്ടിയമർത്തി നിൽക്കുന്ന ജാനകിയുടെ മറ്റൊരു മുഖം കാണാം. അനുവാദമില്ലാതെ കൈതൊടാനല്ല പെണ്ണെന്ന ഉപദേശത്തോടെ അയാളെ വെറുതെവിടുന്നുണ്ട്. ജാനകി ജീവിതത്തിനായി ഒരു മാനിഫെസ്റ്റോ തയാറാക്കി. ഒരുദിവസം ഒരു കസ്റ്റമർ. അതും ബോധിച്ചെങ്കിൽ മാത്രം. വലിഞ്ഞുകേറി വന്ന് നടത്തിപ്പോകലില്ല. അരുണിന്റെ കൊങ്ങക്കുപിടിച്ചതു പറഞ്ഞിട്ടുണ്ട്.
തന്റെ ഉടൽ തന്റെ സാമ്രാജ്യം. അതു വരുന്നവനും പോകുന്നവനുമായി തുറന്നുകൊടുക്കില്ല. തനിക്കു കൂടി തോന്നണം (ഒരു തോന്നലുമില്ലാത്ത തീ തിന്നതാണല്ലോ അവൾ ഏറെ). ഉടലുകളിൽ നക്ഷത്രങ്ങൾ വിരിയുമ്പോഴേ പൂർണതയുണ്ടാകൂ. ഇടിച്ചു കുത്തിപ്പെയ്യുന്ന യുവതയുടെ ഉടലിലായിരുന്നു അവൾ രതിയുടെ പൂക്കൾ തുന്നിയത്. രാമൻ മേനോനെന്ന (പിതൃതുല്യ വൃദ്ധന്റെ ആസക്തി അവളെ അങ്ങനെയാക്കിയെന്നു പറയാം) നാൽപതു വയസ്സിനു മുകളിൽ പ്രായക്കാർ പടിക്കു പുറത്താണ്. സാഹചര്യത്തിന്റെ ബലിക്കല്ലിൽ തലവെക്കേണ്ടി വന്ന ഒരു പെണ്ണിന്റെ ദുരിതം നൂറ്റൊന്നാവർത്തിച്ച ജീവിതവഴിയിലെ ഒരു ശക്തയായ കഥാപാത്രമായി ജാനകി നിൽക്കുന്നു.
അഖിലിനോട് ഒടുവിൽ ചോദിക്കുന്നു. നിനക്കെന്റെ മോളെ കാണണ്ടെ...
എന്തിനായിരുന്നു ഒരു മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തിൽ അവൾ ജീവിതം തുടർന്നത്? മറുപടി ആ ചോദ്യത്തിലുണ്ടെന്ന് അനുമാനിക്കാം.
നഞ്ഞു കലക്കി അനേകം തവണ രാമൻ മേനോൻ നശിപ്പിച്ച അനേകം ജന്മങ്ങളിൽ ഒടുവിൽ തന്ത്രപൂർവം വളർത്തി പെറ്റ മകൾ...
അഖിൽ കാണാൻ പോകുന്ന കുഞ്ഞ് ആര് എന്ത് എന്ന് കഥയാൾ പറയുന്നില്ല. അതു വായനക്കാരനു തീരുമാനിക്കാം, എന്നാവാം.
അഖിൽ അവളുടെ പ്രായവും സൗന്ദര്യവും കണക്കാക്കാൻ ശ്രമിക്കുകയായിരുന്നു. വായനക്കാരനതു മാത്രം പറ്റില്ലല്ലോ...
മനസ്സിനു സദാ ഷോക്കേറ്റ് ദുരിതമിന്നൽ പ്രവാഹത്തിൽ ഉള്ളകം ഞെട്ടി അനുവാദരഹിതമുള്ള സംയോഗത്തീയിൽ പിറക്കുന്ന സന്താനം വൈകല്യങ്ങളുടെ ഒരു പെരുമഴക്കോളായാകാം പിറക്കുക. ലൈംഗികബന്ധം ആഹ്ലാദിച്ചറിഞ്ഞ് സന്താനലബ്ധി ആഗ്രഹമായി ഇല്ലാതെ സംഭവിക്കുന്നത്... അങ്ങനാകാം. ഭർതൃപിതാവിന്റെ കരാളമായ ഉപഹാരം ഒരു നിതാന്ത ശാപമാകാം. പക്ഷേ മാതൃത്വം നിഗ്രഹബോധത്തിന്റേതല്ല. സംരക്ഷണത്തിന്റേതാണ്; അനുഗ്രഹത്തിന്റേതാണ്. അതിനായുള്ള സഹനത്തിന്റേതാണ്. അതിനാകട്ടെ അന്തസ്സിലൊരു ജോലി ജാനകിക്കു വിധിച്ചിട്ടില്ല.
ഒരു കപട സമൂഹം ചുറ്റിലുമുണ്ട്...
പിന്നെ... താനറിയാതെ ആകാനാഗ്രഹിക്കാതെ അനുഭവിച്ച ഭാരം തുടർന്ന് പേറുക തന്നെ...
ഭരതന്റെ വില്ലയിൽ ആ അഭിശപ്ത ജന്മത്തിനായി അഖിലുമാരെ ജാനകിയേടത്തി കാത്തിരിക്കുന്നു.
മാനിഫെസ്റ്റോ പ്രകാരം സെലക്ടിവായി സ്വീകരിച്ച്...
പ്രാദേശിക ഭാഷാപ്രിയനായ അമ്പലത്തറ നാരായണൻ മാനകഭാഷയുടെ നിറശോഭയിലും സുന്ദരനെന്ന് ‘മിന്നൽ ജാനകി’ തെളിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.