പ്രിയ സുനിലിന്റെ കഥ ‘ഖാസി താഴ്വരയിലെ പൈൻമരങ്ങൾ’ (ലക്കം: 1397) വേറിട്ട വായനാനുഭവമായി. ആഘോഷമാക്കിയ ഒരു പഠനകാലത്തിനിടയിലെപ്പൊഴോ സംഭവിച്ചുപോയ ഒരു തെറ്റ്. കുറ്റബോധം വേട്ടയാടിയ ശിഷ്ടകാലവും മദ്യത്തിൽ മുങ്ങിയ നഷ്ടജീവിതവും. ദശാബ്ദങ്ങൾക്കുശേഷം പശ്ചാത്താപമായോ പാപ പരിഹാരാർഥമായോ ഒരു മടക്കയാത്ര. മനസ്സിൽ ‘‘പോരുന്നോ എന്റെ കൂടെ’’ എന്നൊരു ചോദ്യവുമായി.
കഥകളിലെ പതിവു ചിത്രങ്ങൾ. പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട്, മഞ്ഞിനേക്കാൾ തണുത്ത ഒരു പുനഃസമാഗമം. അവളുടെ നിറങ്ങളില്ലാത്ത ജീവിതത്തിലെ നിസ്സംഗത. പതിറ്റാണ്ടുകൾക്ക് ശേഷമെങ്കിലും മേഘങ്ങളുടെ താഴ്വരയിൽവെച്ചു തന്നെ സൗഹൃദത്തിലെ ചതി തിരിച്ചറിയാൻ കഥാനായകനു സാധിച്ചതിലും, ഇരുപത്തിയഞ്ചുകാരനായ മകന്റെ കൊഞ്ചലും കണ്ട് ബാക്കി കാലം കഴിയാനുള്ള സുഹൃത്തിന്റെ വിധിയിലും കാലത്തിന്റെ കാവ്യനീതിയുടെ സൗന്ദര്യവും കഥാകൃത്തിന്റെ രചനാ കൗശലവും നിറഞ്ഞുനിൽക്കുന്നു.
കാലം ഉണക്കിക്കളയാത്ത നീറ്റലുകൾ അയാളെ ഷില്ലോങ്ങിലെ ഭൂതകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. പ്രണയസഞ്ചാരങ്ങളിൽ രതിയും അതിന്റെ ആവേശങ്ങളും കെട്ടടങ്ങുന്ന നിമിഷങ്ങളിൽ പിന്നെ അവളെ ഉപേക്ഷിക്കലാണ്. പ്രായശ്ചിത്ത തിരിച്ചറിവിലേക്ക് അയാൾ മടങ്ങിയെത്താൻ പിന്നേയും വർഷങ്ങളെടുത്തു. അനേകായിരം നിശ്ശബ്ദ നിസ്സഹായ പ്രണയകഥകളിലേക്ക് ഒരേടുകൂടി തുന്നിച്ചേർക്കുകയാണ് മാധ്യമം ആഴ്ചപ്പതിപ്പിലൂടെ (ലക്കം: 1397) കഥാകാരി പ്രിയാ സുനിൽ.
കുന്നിൻ മുകളിലെ സ്വപ്നംകണ്ട സ്വർഗകവാടങ്ങൾ അയാൾക്കു മുന്നിൽ തുറക്കാതെ കണ്ട കാഴ്ച പൊള്ളാൻ പോകുന്ന നരകത്തിലേക്കുള്ള തിരിച്ചു നടത്തമായി കഥാനായകന്. കഥകളിൽ ഭിന്നസ്വരങ്ങൾ സൃഷ്ടിക്കുന്ന പ്രിയ സുനിലിന്റെ ഈ കഥ ചർച്ചചെയ്യപ്പെടേണ്ട ഒന്നാണ്. പുരുഷന്റെ അഹന്തയും ദുരഭിമാനവും ആ ചതി പേറുന്ന സ്ത്രീ എന്ന നിസ്സഹായാവസ്ഥയും ഇതിൽ തെളിഞ്ഞുനിൽക്കുന്നു. കഥയുടെ ഇതളുകൾ മനോഹരമാക്കിയ ആഴ്ചപ്പതിപ്പിനും കഥാകാരിക്കും ആശംസകൾ.
ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ എത്രകണ്ട് സുതാര്യമായിരിക്കണമെന്നും എന്നാൽ ദൗർഭാഗ്യവശാൽ നമ്മുടെ തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞ ഏതാനും വർഷങ്ങൾ എത്രകണ്ട് സുതാര്യമല്ലയെന്നും അർഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നതായി അഡ്വ. കാളീശ്വരം രാജിന്റെ ആത്മകഥയിലെ ‘തെരഞ്ഞെടുപ്പ് കമീഷനും സുപ്രീംകോടതി വ്യവഹാരങ്ങളും’ (ലക്കം: 1398) എന്ന ലേഖനം.
തെരഞ്ഞെടുപ്പു കമീഷനെ തിരുത്താൻ സുപ്രീംകോടതിക്ക് ആകുമെങ്കിലും അതിലും പ്രതീക്ഷക്ക് വകയില്ലെന്നാണ് ലേഖനം പറഞ്ഞുതരുന്നത്. പേപ്പർബാലറ്റിലേക്ക് തിരിച്ചു പോകണമെന്ന ആവശ്യം സുപ്രീംകോടതി തുടർച്ചയായി നിരാകരിച്ചത് തെറ്റായിപ്പോയി എന്നത് തുറന്നുപറയാൻ നിയമജ്ഞനായ ലേഖകന് ഒരു മടിയുമില്ല. 2024ലെ പൊതു തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമീഷൻ ആർക്കുവേണ്ടി നിലകൊണ്ടുവെന്നും എത്രകണ്ട് സുതാര്യമല്ലായിരുന്നുവെന്നും മനസ്സിലാക്കാൻ വലിയ പ്രയാസമൊന്നുമില്ല.
തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ വർഗീയവിഷം ചീറ്റിയ സ്ഥാനാർഥിക്കെതിരെ നടപടിയെടുക്കാതെ സ്ഥാനാർഥിയുടെ പാർട്ടി അധ്യക്ഷന് നോട്ടീസയച്ച സംഭവം ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമാണ്. കാളീശ്വരത്തിന്റെ ആത്മകഥ ആഴ്ചപ്പതിപ്പിന്റെ താളുകളിൽ മുന്നേറുമ്പോൾ പലരും തുറന്നു പറയാൻ മടിക്കുന്ന ചില അപ്രിയ സത്യങ്ങൾ വെളിവാകുകയാണ്. അതുകൊണ്ടുതന്നെ ആത്മകഥ ‘ഓർമയിലെ ഋതുഭേദങ്ങൾ’ വേറിട്ട വായനാനുഭവമാവുകയാണ്. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
മുഹമ്മദ്കുട്ടി എളമ്പിലാക്കോടിന്റെ കവിത ‘നര-വരാഹ മുഖാമുഖം’ (ലക്കം: 1397) എന്ന കവിത ആവർത്തിച്ച് വായിച്ചുകൊണ്ട് നാട്ടുപാതയിൽ പതിവുള്ള പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു. നടത്തത്തിനിടയിൽ പാതയോരത്തെ കുറ്റിക്കാടുകൾക്കിടയിൽ, അക്ഷരാർഥത്തിൽ കവിതയിൽനിന്നിറങ്ങി വന്നതുപോലെ അതാ നിൽക്കുന്നു വഴിമുടക്കി, തേറ്റ നീട്ടിയ ഒരു കാട്ടുപന്നി! എന്നെ പ്രതീക്ഷിച്ചെന്നപോലെ കക്ഷിയുടെ അസാധാരണ നിൽപ് കണ്ടിട്ട് അത്ര പന്തിയല്ലെന്നു തോന്നി.
കവിതയെ കുറിച്ചും കൈയിലുള്ള മൊബൈലിൽ അത് വായിച്ചാസ്വദിച്ചുകൊണ്ടിരിക്കുന്ന എന്റെ മനോഗതങ്ങളെക്കുറിച്ചും അറിഞ്ഞത് പോലെയാണ് വഴി തടയൽ... ‘‘എടാ പന്നീ, നീയൊരു പാവമാണെന്ന് എനിക്കറിയാം. കവിതയിൽ നിന്നെ മഹത്ത്വവത്കരിച്ചിട്ടല്ലേ ഉള്ളൂ. കവിത എഴുതിയ എന്റെ പ്രിയ സുഹൃത്തിനോട് എന്തെങ്കിലും അറിയിക്കാനുണ്ടോ? നാലര പതിറ്റാണ്ടോളമായി നിന്റെ കൂട്ടുകുടുംബങ്ങളുമായി നമ്മൾ കണ്ടുമുട്ടാറുള്ളതാണല്ലോ. ഇപ്പോൾ മാത്രം ഇതെന്താ ഇങ്ങനെയൊരു വഴിമുടക്കൽ... കവിയെ കിട്ടിയില്ലെങ്കിൽ സുഹൃത്തിനോട് പക തീർക്കൽ എന്നാണോ? കവിയോടും മാധ്യമം ആഴ്ചപ്പതിപ്പിനോടും അറിയിക്കാം ഇനി നിങ്ങളുടെ വർഗക്കാരെ കുറിച്ച് എഴുതുമ്പോൾ ഒന്ന് ശ്രദ്ധിക്കാൻ...’’
ഇങ്ങനെയൊക്കെ പറയണമെന്നുണ്ടായിരുന്നെങ്കിലും വഴിമുടക്കലും മുരണ്ട്, ശബ്ദമുണ്ടാക്കി ഭയപ്പെടുത്തലും ഏറെനേരം തുടർന്നു. ശേഷം നാൽക്കാലിയായ ടിയാൻ കാടിനുള്ളിലേക്ക് മറഞ്ഞുപോയെങ്കിലും തേറ്റപോലുള്ള കൊലക്കത്തിയുമായി ഇരുട്ടിന്റെ മറവിൽ ഒളിഞ്ഞിരിക്കുന്ന അപകടകാരികളായ ഇരുകാലികളെ കുറിച്ചുള്ള കവിതയിലെ ഭീതി ഒഴിയാതങ്ങനെ അന്തരംഗത്തിൽ കിടപ്പാണ്. കവിതയിലെ അർഥധ്വനികളെക്കുറിച്ചും ലാവണ്യതലങ്ങളെക്കുറിച്ചുമൊക്കെ സാഹിത്യപണ്ഡിതന്മാർ എഴുതട്ടെ. കവിക്കും മാധ്യമം ആഴ്ചപ്പതിപ്പിനും ഭാവുകങ്ങൾ.
ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മജീദ് സെയ്ദിന്റെ നോവലെറ്റ് ‘ഈഗിൾ െജന്നി’ വായനക്കാരനെ കൂട്ടിക്കൊണ്ടുപോയ ലോകങ്ങൾ വിസ്മയാവഹമാണ്. അത്ഭുതലോകത്തിലെത്തിച്ചേർന്ന ആലീസിന്റെ അവസ്ഥയായിരുന്നു ഒന്നാമത്തെ ഭാഗം മുതൽ വായനക്കാരന് ലഭിച്ചത്.
ആമോസും തമ്പാനും ഹൈറേഞ്ചിൽനിന്നിറങ്ങി വന്ന് കൊച്ചിക്കാരന്റെ കായൽപരപ്പുകളിൽ മാത്രമല്ല, വായനക്കാരന്റെ മനോവ്യാപാരങ്ങളിൽ വരെ പങ്കുകാരായി മാറുന്ന അവസ്ഥയാണ് കഴിഞ്ഞ കുറച്ച് ലക്കങ്ങളായി മാധ്യമം ആഴ്ചപ്പതിപ്പിൽനിന്ന് കിട്ടിക്കൊണ്ടിരുന്നത്. മജീദ് സെയ്ദ് എന്ന അനുഗൃഹീത തൂലികാകാരൻ ഇനിയും ഇത്തരം വിഭ്രമജനകമായ കഥകൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
പരസ്യം കണ്ട് മജീദ് സെയ്ദിന്റെ ഈഗിൾ ജെന്നിക്കായി കാത്തിരുന്നെങ്കിലും വായിച്ചു കഴിഞ്ഞപ്പോൾ നിരാശയായിരുന്നു ഫലം. എന്ത് സന്ദേശമാണത് തരുന്നതെന്ന് മനസ്സിലാവുന്നില്ല. മാധ്യമം ആഴ്ചപ്പതിപ്പിന് അനുയോജ്യമായില്ല എന്നാണെന്റെ അഭിപ്രായം.
അഭാവത്തിന്റെ ഭൗതികലോകത്തിലേക്ക് സാന്നിധ്യങ്ങളുടെ ഭാവനാലോകത്തെ ഇറക്കിവെക്കുകയാണ് കവിതയിൽ ഡി. യേശുദാസ് ചെയ്യുന്നത് എന്നു തോന്നാറുണ്ട്. വാസ്തവികമായ ഭൂതകാലവും അവാസ്തവികമായ വർത്തമാനകാലവുമായി ഈ ലോകങ്ങൾ കവിതയിൽ കൂടുമാറാനും മടിക്കാറില്ല. പലപ്പോഴും തുടർച്ചയില്ലാതെ ചിതറുന്ന കൽപനകളും ആത്മഭാഷണത്തിന്റെ സ്വഭാവമുള്ള ഭാഷാവിന്യാസവും അബോധത്തിന്റെ പിടിവിടുവിച്ച് ബോധത്തിലേക്ക് ഉണരാൻ സദാ കുതറുന്ന ഒരു പിടച്ചിലിനെ സാക്ഷാത്കരിക്കുന്നു. അതും കൂടിച്ചേർന്നാണ് യേശുദാസിന്റെ കവിതകളിൽ വലിയ ഒരു അംശത്തെ സവിശേഷമായ ഭാഷണരീതിയായി മാറ്റുന്നത്.
‘കാമുകിക്കുള്ള വരികൾ’ എന്ന കവിത (ലക്കം: 1397) ഈ പറഞ്ഞതിനുള്ള തുടർച്ചയാണ്. ‘ഞാൻ വായിച്ചറിയാൻ നിനക്ക്’, ‘നമ്മുടെ നേരങ്ങൾ’ തുടങ്ങിയ കവിതകളിലെ ആഖ്യാനസ്വരമാണ് ‘കാമുകിക്കുള്ള വരികൾ’ക്കുമുള്ളത്. പരസ്പരസംഭാഷണത്തിന്റെ പതിവിനനുസരിച്ച് വാക്യഘടന ലളിതമാണ്. എന്നാൽ, മധ്യമപുരുഷ സർവനാമത്തെ മുൻനിർത്തിയാണ് സംസാരം ആരംഭിക്കുന്നതെങ്കിലും അങ്ങനെയൊരാൾക്കുവേണ്ടിയല്ല ഈ പ്രകാശനം എന്ന് വളരെ പെട്ടെന്ന് നമുക്കു മനസ്സിലാകും.
കാമുകിക്കുവേണ്ടി എഴുതിയ വരികൾ, ആഖ്യാതാവിന്റെ ഓർമയിൽ കൊണ്ടുവരുന്നത് അമ്മയെയാണ്. അമ്മമാരല്ലേ കാമുകിമാരായി –പങ്കാളികളായി– ജനിക്കുന്നത് എന്ന് അയാൾ സ്വയം ബോധ്യപ്പെടുത്തുന്നു. അത്രത്തോളം എത്തുമ്പോൾ അമ്മയെ കുഴിച്ചിട്ട മണ്ണിൽനിന്ന് ഒരു കിളി ഉയരുകയും അത് കാമുകിയിലേക്ക് പറക്കുകയും ചെയ്യുന്നു. നേരത്തേ പറഞ്ഞതുപോലെ രണ്ടു ലോകത്തെ കവി ഈ അവസാനവരികളിൽ തുന്നിച്ചേർക്കുന്നതായി കാണാം.
മണ്ണടരിൽനിന്ന് പൊങ്ങിയ കിളിക്ക് കവിതയിൽ രണ്ട് അസ്തിത്വമാണ് കവിതയിലെ ആഖ്യാതാവ് കൽപിക്കുന്നത്. അത് കവിതയുടെ അടയാളമാകുന്നു എന്ന കാര്യമാണ് ഒന്നാമത്തേത്. (വർത്തമാനം) രണ്ട്, അത് ഓർമയുടെ (ഭൂതകാലം) ഉയിർപ്പാകുന്നു. മക്കളെയോർത്ത് ആധി പിടിക്കുന്ന അമ്മമാരുടെ ഭൂതകാലമാണ് കവിതയുടെ ഭാവകേന്ദ്രത്തിനു മുലപ്പാൽ കൊടുക്കുന്ന പങ്കാളിത്തത്തിന്റെ വർത്തമാനവുമായി ‘കാമുകിക്കുള്ള വരികളിൽ’ സംഗമിക്കുന്നത്.
കാമുകിയിൽനിന്ന് അമ്മയിലേക്കും തിരിച്ചുമുള്ള ആദേശത്തിന് (സ്വപ്നത്തിന്റെ മുഖ്യസ്വഭാവമായ രൂപാന്തരപ്രാപ്തി) സാംസ്കാരികമായ നീക്കുപോക്കുകൂടിയുണ്ട് എന്നു തോന്നുന്നു. ശിശുവാകാൻ വെമ്പുന്ന ചേതനയുടെ ഉപസ്ഥിതി എന്ന മനശ്ശാസ്ത്രപരമായ പ്രശ്നം മാത്രമല്ല അത്. കവിതയിലൂടെ പുനർജനിക്കാനുള്ള കവി മനസ്സിന്റെ തീവ്രമായ അഭിലാഷത്തിന്റെ ആവിഷ്കാരംകൂടിയാണ്.
കുറച്ചുകൂടി വ്യക്തമാക്കാൻ പഴയ ഒരു കഥയെ ഉദാഹരണമായെടുക്കാം. മാദ്രരാജ്യത്തെ രാജകുമാരിയായിരുന്ന സാവിത്രി സ്വന്തം ബുദ്ധിശക്തിയും കഴിവുമുപയോഗിച്ച് തനിക്കിണങ്ങിയത് എന്നു കണ്ടെത്തി തിരഞ്ഞെടുത്ത പങ്കാളിയാണ് രാജ്യഭ്രഷ്ടനായ സത്യവാൻ. തിരഞ്ഞെടുപ്പു ശരിയായിരുന്നു. പക്ഷേ സത്യവാൻ അൽപായുസ്സായിപ്പോയി. സാധാരണക്കാർക്ക് തീർത്തും സാധ്യമല്ലാത്തവിധത്തിൽ മരണദേവനെ തോൽപിച്ച് ഭർത്താവിന്റെ ജീവൻ മടക്കിക്കൊണ്ടുവരുന്നതോടെ അതുവരെ ഭാര്യയായിരുന്ന സാവിത്രി അമ്മകൂടി ആയിത്തീരുന്നു. അവൾ നേടിയ വരം സത്യവാന് മുലപ്പാലാകുന്നു.
കാമുകന് (പങ്കാളിക്ക്) ജീവൻ കൊടുപ്പിക്കുന്ന അമ്മയായി കാമുകിയെ പരിണമിപ്പിക്കുന്ന ബന്ധസങ്കീർണതകളുടെ ഈ രൂപാന്തരീകരണം ആധുനിക മനശ്ശാസ്ത്രത്തിന്റെ ഉദയത്തിനു മുമ്പുതന്നെ നമ്മുടെ സാംസ്കാരിക വ്യവഹാരങ്ങളുടെ അടരുകളിലുണ്ടായിരുന്നു എന്നതാണ് സാവിത്രിയുടെ കഥ നൽകുന്ന പാഠം.
വൈലോപ്പിള്ളി ജീവിതാവസാനത്തിൽ സാവിത്രിയെന്ന കാവ്യമെഴുതുമ്പോൾ കവിയെ ജീവിതത്തിലേക്ക് എന്നെന്നേക്കുമായി ഉയിർപ്പിക്കുന്ന സാവിത്രിയെ കാവ്യദേവതയായാണ് അടയാളപ്പെടുത്തിയത് എന്ന കാര്യവും ഓർമിക്കുക. കാമുകിയെയോ ഭാര്യയെയോ ഓർമിച്ചെഴുതുന്ന വരികളിൽനിന്നും ഉയരുന്ന കിളി, അമ്മയുടെ പുനർജന്മമാകുന്നു എന്ന കൽപനയിൽ തെളിയുന്ന ഏകീഭാവത്തിന്, സംസ്കാരവഴിക്ക് സാവിത്രി കഥയുമായും പാരമ്പര്യവഴിക്ക് വൈലോപ്പിള്ളിയുടെ ഭാവനാലോകവുമായും ബന്ധം സ്ഥാപിച്ചുറപ്പിക്കാവുന്നതാണ്. അതവിടെ മാത്രം തീരുന്ന ഒന്നാവണമെന്നില്ല.
പുറമെ ലളിതമായ ആവരണമേയുള്ളൂ, ‘കാമുകിക്കുള്ള വരികൾ’ എന്ന കവിതക്ക്. എന്നാൽ, ഭാഷാവ്യവഹാരങ്ങൾ അവയുടെ ഉള്ളിൽ സൂക്ഷിക്കുന്ന ലാവാപ്രവാഹങ്ങളിൽ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ഘനവസ്തുക്കൾ അന്തർലീനമായിരിക്കും എന്നതൊരു വസ്തുതയാണ്. ആ നിലക്കും കവിത (അവയുമായും ഉള്ള) ഒരു സംഭാഷണമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.