ആഴ്ചപ്പതിപ്പിന്റെ പുതുവർഷപ്പതിപ്പ് വിഭവങ്ങൾകൊണ്ട് സമ്പന്നമായി. ഓരോ കഥയും ഒന്നിനൊന്ന് മികച്ച് നിൽക്കുന്നു. സലീം കുരിക്കളകത്തിന്റെ ‘മൊന’ എന്ന കഥ ആത്മാംശമുള്ളതായി അനുഭവപ്പെട്ടു. ചാലിയാറിന്റെ തീരങ്ങളിൽ ജീവിതത്തിന്റെ ചില ഭാഗങ്ങൾ പങ്കിട്ടവൻ എന്നനിലയിൽ പല കാലങ്ങളിൽ കേട്ടുകേൾവിയുള്ള കഥയാണ്, അതിഭാവുകത്വമില്ലാതെ, തന്മയത്വത്തോടെ കഥക്കുള്ളിലെ കഥയായി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.
വീരാൻകുട്ടിയുടെ ‘യുദ്ധം തുടങ്ങുമ്പോൾ’ എന്ന കവിതയും ചേരൻ രുദ്രമൂർത്തിയുടെ എ.കെ. റിയാസ് മുഹമ്മദ് വിവർത്തനം ചെയ്ത നാല് തമിഴ് കവിതകളും കാലം തേടുന്ന ചിന്തതന്നെയായിരുന്നു. കവിതയുടെ വരികളിലൂടെ പോയപ്പോൾ ഗസ്സയും യുക്രെയിനുമൊക്കെ മനസ്സിൽ ചോരച്ചാലുകൾ ചീന്തിക്കൊണ്ടു പാഞ്ഞുപോയി.
ചരിത്രത്തിൽ അപനിർമിക്കപ്പെട്ട സിൽക്ക് റൂട്ടിനെക്കുറിച്ച് പറഞ്ഞുകൊണ്ട്, പൗരാണിക കാലത്തിലെ വ്യാപാരബന്ധങ്ങളെ നിർണയിച്ചിരുന്ന ഇന്ത്യ-യൂറോപ് ആദാനപ്രദാനങ്ങളെ ബോധപൂർവം ഇരുട്ടറകളിലേക്ക് തള്ളി, ആർക്കൊക്കെയോ വേണ്ടിയുള്ള ചരിത്രം നാമിന്നും പഠിക്കുന്നതിനെക്കുറിച്ച് കൗതുകം കൊള്ളുന്ന വില്യം ഡാൽറിംപിളിനെ വായിക്കാനായതും ആഴ്ചപ്പതിപ്പ് നൽകിയ ഒരു രുചിവിഭവംതന്നെയായിരുന്നു. ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതാണ് യൂറോപ്യർക്ക് ഏഷ്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനുള്ള പാത ഇല്ലാതാക്കിയത്. അതിനായി പുതിയ പാതകൾ കണ്ടെത്താനുള്ള അവരുടെ ശ്രമത്തെ, അവിടം മുതൽ ആധുനികലോക ചരിത്രം തുടങ്ങുന്നു എന്ന അർഥത്തിലാണ് യൂറോപ്യർ പിന്നീട് അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ആരാധനാലയം
കംബോഡിയയിലാണെന്നും വലിയ ഹൈന്ദവ സാമ്രാജ്യം ഖമർ സാമ്രാജ്യം ആണെന്നുമുള്ള ഡാൽറിംപിളിന്റെ വാദങ്ങൾ അത്യധികം അത്ഭുതത്തോടുകൂടി തന്നെയാണ് വായിച്ചത്. ഭരണഘടനയുടെ 75 വർഷങ്ങളുടെ ഓർത്തെടുക്കലിലൂടെ, ആധുനിക ഇന്ത്യയുടെ നിലനിൽപുമായി ബന്ധപ്പെട്ട ചരിത്രപരമായ ദൗത്യമാണ് ആഴ്ചപ്പതിപ്പ് നിർവഹിച്ചുകൊണ്ടിരിക്കുന്നതെന്ന ബോധം നൽകുന്നതായിരുന്നു.
സഗീർ കെ.വി, പള്ളിക്കൽ
സർക്കാർ ജീവനക്കാർ മുഴുവൻ അഴിമതിക്കാരല്ലെങ്കിലും ചില പുഴുക്കുത്തുകളുണ്ടെന്നതിൽ തർക്കമുണ്ടാകേണ്ടതില്ല ആർക്കും. കേരളത്തിൽ 2023ൽ അഴിമതി കേസിൽ കുടുങ്ങിയത് 60 സർക്കാർ ഉദ്യോഗസ്ഥരാണെന്നാണ് കണക്ക്. അഞ്ചു വർഷത്തിനിടയിൽ 561 എണ്ണവും. ‘ശരിയായ രീതിയിൽ’ കണ്ടില്ലെങ്കിൽ ഫയലുകൾ നീങ്ങില്ല എന്ന ‘തത്ത്വശാസ്ത്രം’ മുറുകെ പിടിച്ചവരത്രെ കുടുങ്ങിയത്. സേവനം ഓരോ പൗരന്റെയും അവകാശമാണെന്ന് പറഞ്ഞ് നിയമം നിർമിച്ച ഒരു സംസ്ഥാനത്ത് ഫയൽ നീങ്ങാനുള്ള കാലതാമസം സർക്കാർ വകുപ്പിൽ തുsർക്കഥയാകുന്നു എങ്കിൽ എവിടെയോ കുഴപ്പമുണ്ട്.
ഇതൊക്കെ എഴുതിപ്പോയത് മാധവൻ പുറച്ചേരിയുടെ ‘അമ്പലത്തറ കുഞ്ഞികൃഷ്ണൻ ഹരജി എഴുതിക്കൊണ്ടിരിക്കുന്നു’ എന്ന കവിത (ലക്കം: 1403) വായിച്ചപ്പോഴാണ്.
‘വിഷമഴയിൽ നനഞ്ഞ മണ്ണിൽ പൊട്ടിവീണ മനുഷ്യർ’ക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നു അമ്പലത്തറ കുഞ്ഞികൃഷ്ണന്റേത്. വില്ലേജ് ഓഫിസ് തൊട്ട് അങ്ങ് ഡൽഹിവരെ ഹരജികൾ യാത്രചെയ്തിട്ടും കസേരകളിലിരിക്കുന്ന അനങ്ങാപ്പാറകൾ അതൊന്നും കേട്ടില്ല. പക്ഷേ, നീതിക്കുവേണ്ടി പോരാടുന്നവർ പോരാട്ടം നിർത്താറില്ല എന്ന് ചരിത്രം. കുഞ്ഞികൃഷ്ണൻ ഹരജിയെഴുത്ത് നിർത്തിയില്ല. ഒരു പ്രദേശത്തിന്റെ ജീവിതമാണല്ലോ ഹരജികളിലെ അക്ഷരങ്ങളായി ജനിച്ചുവീഴുന്നത്. കുഞ്ഞികൃഷ്ണൻ വീണ്ടുമൊരു കടലാസിൽ എഴുതലോടെ എഴുതൽതന്നെ.
ഭാവനയിൽ വിരിഞ്ഞ വെറുമൊരു കഥാപാത്രമല്ല അമ്പലത്തറ കുഞ്ഞികൃഷ്ണൻ. വർഷങ്ങളായി എൻഡോസൾഫാൻ ദുരിതബാധിതർക്കുവേണ്ടി പ്രവർത്തിച്ചുവരുന്ന ഒരാൾ. കവി പറഞ്ഞപോലെ ‘‘വിഷമഴയിൽ നനഞ്ഞ മണ്ണിൽ/ പൊട്ടി വീണ മനുഷ്യരുണ്ടേ...’’ എന്ന് ബന്ധപ്പെട്ടവരെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിപ്രവർത്തകൻ. നല്ലൊരു കവിത.
ബാലൻ സി. ബാലകൃഷ്ണൻ,പെരളശ്ശേരി
പുതിയ എഴുത്തുകാര്‍ക്ക് ആത്മധൈര്യവും പ്രോത്സാഹനവും നല്കുന്ന പത്രാധിപന്മാര് ഉണ്ടായാലേ ഭാഷയും സാഹിത്യവും വളരൂ എന്ന് മനസ്സിലാക്കിയ എം.ടിക്ക് യാത്രാമൊഴി നേര്‍ന്നുകൊണ്ട് 2024ന്റെ അവസാനപാദവും എസ്. ജയചന്ദ്രൻ നായർക്ക് വിടചൊല്ലികൊണ്ട് 2025ന്റെ ആദ്യഭാഗവും കടന്നുപോയി. അതിനെത്തുടർന്ന് ആഴ്ചപ്പതിപ്പ് ഇറക്കിയ സ്മരണാഞ്ജലി ശ്രദ്ധേയമായിരുന്നു (ലക്കം: 1403). 2004 ആഗസ്റ്റ് 27ന് എം.ടിയുമായി എന്‍.പി. വിജയകൃഷ്ണന് നടത്തിയ അഭിമുഖവും ആഴ്ചപ്പതിപ്പിന്റെ ആദ്യ ലക്കത്തില്‍ വന്ന ‘കല്പാന്തം’ കഥയും പുനഃപ്രസാധനംചെയ്തത് വ്യത്യസ്തമായി. ‘ചിത്രശലഭത്തിന്റെ ഭാരം’ എന്ന പേരിൽ എസ്. ജയചന്ദ്രന് നായര്‍ ഏറ്റവും ഒടുവിലെഴുതിയ ലേഖനവും ‘സമകാലിക മലയാളം’ വാരികയുടെ പത്രാധിപരായ സജി ജെയിംസിന്റെയും കഥാകൃത്തായ ജോര്‍ജ് ജോസഫ് കെയുടെയും പത്രപ്രവർത്തകനായ പ്രദീപ് പനങ്ങാടിന്റേയും ‘ജയചന്ദ്രന് നായര്‍ ഓർമ’കൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച മാധ്യമം ആഴ്ചപ്പതിപ്പിന്റെ പ്രത്യേക പതിപ്പിന് ഊഷ്മളാഭിവാദ്യങ്ങൾ.
പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്നിട്ടുനിന്ന രണ്ടു സമകാലിക പത്രാധിപന്മാരായിരുന്നു എം.ടിയും എസ്. ജയചന്ദ്രന് നായരും. അവരുടെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ടവരാണ് ഇന്നത്തെ എഴുത്തുകാരില്‍ ഭൂരിഭാഗവും എന്നതുകൊണ്ട് ലിറ്റററി എഡിറ്റർമാർ എന്ന് അവരെ വിളിക്കാം. അവര്‍ എഴുതിയതിനേക്കാളധികം മറ്റുള്ളവരെക്കൊണ്ട് എഴുതിപ്പിച്ചു. എസ്. ജയചന്ദ്രൻ നായർ പത്രാധിപരായിരുന്ന ‘കലാകൗമുദി’ വാരികയുടെ തുടക്കം മുതലേ അതില്‍ മുടങ്ങാതെ ആസ്വാദനക്കുറിപ്പുകൾ എഴുതുന്ന ആളായിരുന്നു ഞാന്‍.
എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഒരിക്കൽ അദ്ദേഹത്തിന്റെ ഒരു കുറിപ്പ് വന്നു. ‘‘താങ്കളുടെ ആശയങ്ങള്‍ക്ക് പുതുമയുണ്ട്. പലരും കാണാത്ത പോയന്റുകളാണ് ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് ഇത്തരം ആസ്വാദനക്കുറിപ്പുകൾ ഒന്നു വിശാലമാക്കി എഴുതിയാൽ ലേഖനമായി പ്രസിദ്ധീകരിക്കാം. ശ്രമിച്ചു നോക്കൂ.’’ വെറുമൊരു കത്തെഴുത്തുകാരനായ എന്നെ ലേഖകനും ഫീച്ചർ എഴുത്തുകാരനുമാക്കിയ ജയചന്ദ്രൻ സാറും എം.ടിയും മൺമറഞ്ഞെങ്കിലും കത്തെഴുത്തുകാരുടെ ഊർജദായിനിയായ മാധ്യമം ആഴ്ചപ്പതിപ്പിലാണ് എന്റെ പ്രതീക്ഷ. പത്രാധിപരുടെ സ്നേഹത്തലോടൽ, ഒരു കുറിപ്പ് –അത്രയും മതി ഒരു എഴുത്തുകാരനെ ഉണർത്താൻ.
സണ്ണി ജോസഫ്, മാള
‘യുദ്ധം തുടങ്ങുമ്പോൾ’ എന്ന വീരാൻകുട്ടിയുടെ കവിത (ലക്കം: 1401-1402) അദ്ദേഹത്തിന്റെ പതിവ് എഴുത്തുരീതികളിൽനിന്നുമുള്ള ഒരു സർഗാത്മകവും അഗാധവുമായ വഴിമാറി നടക്കലായി. കവിത അതിനെ കനത്ത മൗനംകൊണ്ട് വായനക്കാരനെ വരിഞ്ഞുമുറുക്കുന്ന ഒരവസ്ഥ. ഇനിയും കവിതയുടെ കാണാത്ത ഭൂഖണ്ഡങ്ങൾ കണ്ടെത്തി അത്ഭുതപ്പെടുത്താൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് പ്രാർഥിക്കുന്നു. കവിതക്കും ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ.
രാജേഷ് പനങ്ങാട്ടിൽ, മാഹി
സംഗീതയാത്രയിൽ ‘നെല്ല്’ സിനിമയിലെ ഗാനങ്ങളുടെ പരാമർശത്തിൽ (ലക്കം: 1401-1402) ലതാ മങ്കേഷ്കർ മലയാളത്തിലാദ്യം പാടിയ ഗാനം ‘‘കദളീ ചെങ്കദളി’’ എന്നാണെന്ന് ശ്രീകുമാരൻ തമ്പി. ഇത് തെറ്റാണ്. 1957ൽ പുറത്തുവന്ന ‘തസ്കരവീരൻ’ എന്ന സിനിമയിൽ ലതാ മങ്കേഷ്കർ പാടിയിട്ടുണ്ട്.
‘‘കഭീ ക മോപ്പ്
രഹ്താ ഹൈ
കഭീ ഹം ഹോ
ബർത്താ ഹൈ...’’
എന്ന് തുടങ്ങുന്ന ഗാനം പാടിയത് ലതാജിയാണ്. ഈ ഗാനം കൂടാതെ സത്യനും മറ്റുള്ളവരും പാടുന്ന ഒരു ഖവാലി കൂടി (ഹിന്ദി ഗാനം) ‘തസ്കര വീരനി’ലുണ്ട്. ‘ആസാദ്’ എന്ന ഹിന്ദി ചിത്രം ‘മലൈക്കള്ളൻ’ എന്ന് തമിഴിലും ‘തസ്കരവീര’നായി മലയാളത്തിലും വന്നു. എം.ആർ. നാരായണപിള്ളയുടെ ആനറാഞ്ചൻ എന്ന ഡിറ്റക്ടിവ് നോവലിന്റെ കഥയാണിത്.
റഷീദ് പി.സി പാലം, നരിക്കുനി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.