മലയാള ചലച്ചിത്രഗാന ചരിത്രം എഴുതുന്ന എന്നെ പതിവായി തിരുത്തിക്കൊണ്ടിരിക്കുന്ന മഹാശയനാണ് റഷീദ് പി.സി നരിക്കുനി. ഇപ്പോൾ അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ലതാമങ്കേഷ്കർ ആദ്യമായി പാടിയത് ‘നെല്ല്’ എന്ന ചിത്രത്തിലല്ലെന്നും 1957ൽ പുറത്തുവന്ന ‘തസ്കരവീരൻ’ എന്ന ചിത്രത്തിൽ ലതാമങ്കേഷ്കർ മലയാളത്തിൽ പാടിയെന്നും അദ്ദേഹം പറയുന്നു.
‘തസ്കരവീര’ന്റെ ഹിന്ദി പതിപ്പിനുവേണ്ടി (ചിത്രം: ആസാദ്). സി. രാമചന്ദ്രൻ ഈണം പകർന്ന ഒരു ഹിന്ദിഗാനം ‘തസ്കരവീരൻ’ എന്ന ചിത്രത്തിൽ ചേർത്തിട്ടുണ്ട്. അദ്ദേഹം ഉദ്ധരിച്ചിരിക്കുന്ന വരികൾ ഹിന്ദിയിലുള്ളതാണ്, ഞാൻ പറയുന്നത് മലയാള ഭാഷയിൽ ലതാമങ്കേഷ്കർ പാടിയ പാട്ടിനെക്കുറിച്ചാണ്. അമ്പതുകളിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചിരുന്ന തെന്നിന്ത്യയിലെ സ്റ്റുഡിയോകളിലൊന്നാണ് കോയമ്പത്തൂരിലെ പക്ഷിരാജാ സ്റ്റുഡിയോ.
എസ്.എം. ശ്രീരാമുലു നായിഡു ആയിരുന്നു അതിന്റെ ഉടമ. അദ്ദേഹം നിർമാതാവും സംവിധായകനുമായി അനവധി സിനിമകൾ പുറത്തുവന്നിട്ടുണ്ട്. ആദ്യമായി അയ്യപ്പനെക്കുറിച്ച് മലയാളത്തിൽ സിനിമ നിർമിച്ചത് ശ്രീരാമുലു നായിഡു ആണ്. നാമക്കൽ കവി എന്ന തമിഴ് സാഹിത്യകാരൻ എഴുതിയ ‘മലൈക്കള്ളൻ’ എന്ന കഥയെ ആസ്പദമാക്കി തമിഴിലാണ് ആദ്യം സിനിമ നിർമിച്ചത്. എം.ജി.രാമചന്ദ്രനായിരുന്നു നായകൻ.
ചിത്രം വമ്പിച്ച വിജയം നേടിയതിനെത്തുടർന്ന് ചിത്രം ഹിന്ദിയിൽ നിർമിച്ചു. ദിലീപ് കുമാർ ആയിരുന്നു നായകൻ. ഏറ്റവും ഒടുവിലാണ് സത്യനെ നായകനാക്കി നായിഡു ഇതേ കഥ മലയാളത്തിൽ സിനിമയാക്കിയത്. സത്യൻ ആയിരുന്നു നായകൻ. ഈ ചിത്രം യൂട്യൂബിൽ ലഭ്യമാണ്. കണ്ടുനോക്കൂ. പിന്നണിഗായകരുടെ കൂട്ടത്തിൽ ലതാമങ്കേഷ്‌കറിന്റെ പേരില്ല. ‘ആസാദ്’ എന്ന ചിത്രത്തിനുവേണ്ടി ലതാമങ്കേഷ്കർ പാടിയ ഹിന്ദിഗാനം നിർമാതാവും സംവിധായകനുമായ ശ്രീരാമുലുനായിഡു ‘തസ്കരവീരൻ’ എന്ന തന്റെ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കാം.
അത് മലയാള ഗാനമല്ല. ഹിന്ദി ചിത്രത്തിന്റെ സംഗീതസംവിധായകൻ സി. രാമചന്ദ്രനാണ്, ‘തസ്കരവീരന്റെ’ സംഗീതസംവിധായകൻ എസ്.എം. സുബ്ബയ്യാ നായിഡുവും ഗാനരചയിതാവ് അഭയദേവുമാണ്.
ശ്രീകുമാരൻ തമ്പി
ഈയിടെ നമ്മെ വിട്ടുപോയ മലയാളത്തിന്റെ ഭാവഗായകനായ പി. ജയചന്ദ്രനെക്കുറിച്ച് ആർ.വി.എം. ദിവാകരൻ എഴുതിയ ‘ആയിരം ചുംബനസ്മൃതി സുമങ്ങള്...’ എന്ന വിജ്ഞാനപ്രദമായ സ്മരണ അഭിനന്ദനമര്‍ഹിക്കുന്നു (ലക്കം: 1404). ‘‘നായകത്വം യേശുദാസിന്റെ ശബ്ദത്തിനാണ് കൂടുതല്‍ എന്ന തീര്പ്പിലായിരുന്നല്ലോ മലയാള സിനിമ. അതുകൊണ്ടുതന്നെ ഉപനായകര്ക്കും സഹനടന്മാര്ക്കും ഹാസ്യനടന്മാര്ക്കുമൊക്കെയുള്ള പാട്ടുകളാണ് ജയചന്ദ്രനുൾപ്പെടെയുള്ള ഗായകര്‍ക്ക് പലപ്പോഴും ലഭിച്ചിരുന്നത് എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം കൈയടിയോടെ സ്വീകരിക്കുന്നു.
ഒരിക്കല്‍ ഒരു സംഗീതജ്ഞനോട് യേശുദാസിനെയും ജയചന്ദ്രനെയും താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നു ഞാൻ ചോദിച്ചപ്പോള്‍ ‘‘യേശുദാസിനെ ഒരു ഗായകനായും ജയചന്ദ്രനെ ഒരു പാട്ടുകാരനായും കാണുന്നു’’ എന്നായിരുന്നു മറുപടി. അതായത് ജയചന്ദ്രനെ എന്നും രണ്ടാം നിരയിലേക്ക് തള്ളിയിടാനായിരുന്നു സംഗീതജ്ഞരും ഗാനരചയിതാക്കളും സിനിമാ നിർമാതാക്കളും പ്രധാന നടന്മാരുമൊക്കെ ശ്രമിച്ചിരുന്നതെന്ന് കാണാം.
മലയാളത്തിന്റെ ഭാവഗായകനായ ജയചന്ദ്രന് ഓർമയായപ്പോള് കേരളം വിതുമ്പുന്നത് നമ്മള് കണ്ടതാണ്. ആ അവസരത്തില്‍ ചാനലുകള്‍ പുറത്തുവിട്ട അദ്ദേഹത്തിന്റെ നിരവധി ഗാനങ്ങള്‍ ശ്രവിച്ച് ‘‘അയ്യോ ഇത് ജയചന്ദ്രന്റേതായായിരുന്നോ? ഞാന്‍ വിചാരിച്ചിരുന്നത് യേശുദാസിന്റേതായിരുന്നെന്നാ’’ എന്നു പറഞ്ഞിരുന്നവരെ കണ്ടു. കാരണം പാട്ടുകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും സംഗീത സംവിധാനം, ആലാപനം, രചന ആരുടെയൊക്കെ ആണെന്നൊന്നും ആരും തിരക്കാറില്ലല്ലോ. ടി.വിക്കു പകരം റേഡിയോ ഉപയോഗിച്ചിരുന്ന കാലത്ത് ‘നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങള്‍’ പ്രക്ഷേപണം ചെയ്തിരുന്നപ്പോള്‍ ആ ഗാനത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അറിയിക്കുമായിരുന്നു.
ഗള്‍ഫ് പ്രവാസികളിലൂടെ ചലച്ചിത്ര കാസറ്റുകള്‍ കേരളത്തിലേക്ക് ഒഴുകിയെത്തിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അക്കാലത്തെ ഒരു ഗള്‍ഫ് പ്രവാസിയാണ് ഞാന്‍. അന്ന് അബൂദബി ഹംദാദ് സ്ട്രീറ്റിലെ തിരക്കേറിയ ‘തരംഗിണി’ കാസറ്റു വിതരണ കേന്ദ്രത്തില്‍ ചെന്ന് പി. ജയചന്ദ്രന്റെ പാട്ടുകള്‍ ചോദിച്ചാല്‍ ‘‘ഇല്ല’’ എന്നായിരിക്കും മറുപടി. അങ്ങനെയുള്ള തിരസ്കാരങ്ങളെ അതിജീവിച്ച് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്നു വന്ന ഗായകനായിരുന്നു പി. ജയചന്ദ്രന്. മലയാള സംഗീതസംവിധായകരോ സിനിമാ നിർമാതാക്കളോ അല്ല എം.എസ്. വിശ്വനാഥൻ എന്ന തമിഴ് സംഗീതജ്ഞനായിരുന്നു അദ്ദേഹത്തിന് താങ്ങും തണലുമായി നിന്നത്.
എം.എസ്.വിയുടെ ‘‘സ്വർണഗോപുര നര്‍ത്തകീ ശിൽപം...’’, ‘‘രാജീവനയനേ...’’, ‘‘നീലഗിരിയുടെ സഖികളേ...’’ തുടങ്ങിയ പാട്ടുകളെല്ലാം അങ്ങനെ പിറന്നതാണ്. അദ്ദേഹത്തെ കൂടാതെ എം.കെ. അര്‍ജുനനും അദ്ദേഹത്തെ നന്നായി പ്രയോജനപ്പെടുത്തിയതിന്റെ തെളിവാണ് ‘‘നിന് മണിയറയിലെ നിര്‍മല ശയ്യയിലെ...’’ എന്ന അത്യുജ്ജ്വല ഗാനം. ശ്രീകുമാരന്‍ തമ്പിയും പൂവച്ചല്‍ ഖാദറും രചിച്ച അസംഖ്യം ഗാനങ്ങൾ ആലപിച്ച് ജയചന്ദ്രൻ പ്രശസ്തിയുടെ കൊടുമുടികൾ ഒന്നൊന്നായി കയറി. അദ്ദേഹമില്ലാത്ത ഒരു മലയാള സിനിമാ ചരിത്രം രചിക്കാനാവുമോ ആര്‍ക്കെങ്കിലും? മലയാളത്തിന്റെ അഭിമാനമായ പ്രിയ ഭാവഗായകാ, താങ്കള്‍ക്കെന്റെ പ്രണാമം.
സണ്ണി ജോസഫ്, മാള
പാലക്കാട് എലപ്പുള്ളിയില്‍ വന്‍കിട മദ്യശാല നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ തിരക്കിട്ട് അനുമതി കൊടുത്തതിനെതിരെ എഴുതിയ (ലക്കം: 1405) മുഖപ്രസംഗം ഉജ്ജ്വലമായി. കുടിവെള്ള ക്ഷാമവും വരള്‍ച്ചയും നേരിടുന്ന പാലക്കാട് പോലുള്ള ഒരു പ്രദേശത്ത് മദ്യനിര്‍മാണശാല സ്ഥാപിക്കാനുള്ള നീക്കംതന്നെ തെറ്റാണ്. മുമ്പ് കൊക്കകോളയെ കെട്ടുകെട്ടിക്കാന്‍ നിര്‍ബന്ധിതരായവരുടെ നാടാണ് ഇത്.
മലമ്പുഴ അണക്കെട്ടിനെ ആശ്രയിച്ച് അരിഷ്ടിച്ചും കഷ്ടിച്ചും മുന്നോട്ടുപോകുന്ന ഒരു ജനതയെ കൂടുതല്‍ നാശത്തിലേക്ക് തള്ളിവിടുകയാണ് ബ്രൂവറി വന്നാല്‍ സംഭവിക്കുക. ജനങ്ങള്‍ക്ക് മതിയായ കുടിവെള്ളം എത്തിക്കാന്‍ കഴിയാത്ത സര്‍ക്കാറാണ് ‘വെള്ളം’ എത്തിക്കാന്‍ നില്‍ക്കുന്നത്. ഘട്ടംഘട്ടമായി മദ്യ ഉപഭോഗ നിയന്ത്രണം പറഞ്ഞ സര്‍ക്കാറാണിതെന്നും ഓര്‍ക്കണം.
നമുക്ക് വേണ്ടത് സുസ്ഥിരമായ ഒരു പരിസ്ഥിതിയും ശാസ്ത്രീയമായ ജല ഉപയോഗവുമാണ്. ബ്രൂവറി ഒഴിവാക്കിയേ നമുക്ക് മുന്നോട്ടുപോകാന്‍ കഴിയൂ. സര്‍ക്കാര്‍ ഈ വിനാശകരമായ സമീപനത്തില്‍നിന്ന് പിന്മാറണം.
ജയ്ജി സി.ടി കഞ്ചിക്കോട്
ഭരണഘടനയുടെ 75ാം വാർഷികത്തോടനുബന്ധിച്ച് ആഴ്ചപ്പതിപ്പിന്റെ ലക്കം 1404 അവതരിപ്പിച്ച ഗൗരവമായ ചിന്തകൾ ഉചിതമായി. ജനാധിപത്യം, മതേതരത്വം, സംവരണം, സ്വാതന്ത്ര്യം തുടങ്ങിയ ഉപശീർഷകങ്ങളിൽ വിചാരങ്ങൾ വികസിക്കുന്നത് ഇന്ത്യൻ യൂനിയന്റെ കേന്ദ്രഭരണം കൈയാളുന്ന ഹിന്ദുത്വ ആശയങ്ങൾ ഭരണഘടനയെ അസ്ഥിരപ്പെടുത്താൻ, ദുർബലപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണെന്നത് ഈ ലക്കത്തിലെ ഉള്ളടക്കങ്ങളുടെ ഗൗരവം വർധിപ്പിച്ചു.
പ്രധാനമായും പ്രഫ. (ഡോ.) ജി. മോഹൻ ഗോപാലുമായി സുദേഷ് എം. രഘു നടത്തിയ സംഭാഷണം പൗരൻ എന്ന നിലയിലുള്ള ഒരു വ്യക്തിയുടെ അന്തസ്സും അവകാശവും പൗരസമൂഹം എന്ന നിലയിൽ ജനങ്ങളുടെ ശക്തിയും കൂടുതൽ തെളിച്ചത്തിൽ ബോധ്യപ്പെടുത്തുന്ന ഒന്നായി. കെ.എം. സലിംകുമാർ എഴുതിയ ‘ഉപസംവരണമാണ് നീതി’ എന്ന ലേഖനം ഈ വിഷയം ഉന്നയിച്ചുകൊണ്ട് പ്രക്ഷോഭത്തിൽ ആയിരിക്കുന്ന ദലിതുകൾക്ക് ആത്മപരിശോധനക്ക് അവസരം ഒരുക്കുന്നുണ്ട്.
ആഴ്ചപ്പതിപ്പിലൂടെ ഈ ലേഖനം പുറത്തുവന്നതിനുശേഷം സമൂഹത്തിലെ വിവിധ കോണുകളിൽനിന്ന് അനുകൂലിച്ചും പ്രതികൂലിച്ചും പലതരത്തിലുള്ള ഇടപെടലുകൾ ഉണ്ടായി. ദലിതുകൾക്കിടയിലെ ഉപജാതി വിവേചനങ്ങൾ ഇല്ലാതാക്കണമെന്ന് അംബേദ്കറുടെ ആവശ്യം കെ. എം. സലിംകുമാർ ആവർത്തിച്ച് ഓർമിപ്പിക്കുന്നുണ്ട്.
സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചിന്തയിൽ കെ. ഷിബിൻ എഴുതിയ ലേഖനം പൗരൻ എന്ന നിലയിൽ ഇന്ത്യയിൽ ജീവിക്കുന്ന വ്യക്തിയുടെ എല്ലാ മൗലികാവകാശങ്ങളെയും എടുത്തുകളയുന്ന ഭരണകൂടത്തിന്റെ സമഗ്രാധിപത്യത്തെ ഓർമിപ്പിക്കുന്നുണ്ട്. ഇന്ത്യൻ ജനാധിപത്യം ബ്രാഹ്മണ്യ സാമുദായിക സമഗ്രാധിപത്യത്തിന്റെ കനത്ത വെല്ലുവിളി നേരിടുന്നുണ്ടെന്ന് ലേഖനം നിരീക്ഷിക്കുന്നു. കുറ്റവാളികളാക്കപ്പെട്ട് ഇന്ത്യൻ ജയിലുകളിൽ കുത്തിനിറച്ച മനുഷ്യരുടെ എണ്ണവും ജയിലുകളിൽ സംഭവിക്കുന്ന മരണനിരക്കും ഒക്കെ ലേഖകൻ എടുത്തുപറയുന്നു.
ഒപ്പം വിയോജിക്കുന്നവരെ അർബൻ നക്സലൈറ്റുകൾ എന്നോ മാവോവാദികൾ എന്നോ ചാപ്പകുത്തി രാജ്യദ്രോഹക്കുറ്റം ചുമത്തി പൗരസ്വാതന്ത്ര്യം എടുത്തുകളയുന്ന നിലപാടുകൾക്കെതിരെ ജനാധിപത്യ ബദൽ ഉയർന്നുവരണമെന്നും ഓർമിപ്പിക്കുന്നുണ്ട്. എന്തുകൊണ്ടും അതിശക്തമായ ഒരു പ്രതിപക്ഷ സ്വഭാവം പുലർത്തുന്ന ചിന്തകൾകൊണ്ട് സമ്പന്നമായിരുന്നു ഭരണഘടനയുടെ 75ാം വാർഷികത്തിലെ ആഴ്ചപ്പതിപ്പിന്റെ ആലോചനകൾ.
പ്രിയ സാറാക്കുട്ടി, തൃപ്പൂണിത്തുറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.