ഗബ്രിേയൽ ഗാർസ്യ മാർകേസിന്റെ അപൂർണമായ നോവൽ ‘Until August’ന്റെ വായന. സ്വാതന്ത്ര്യത്തിന്റെയും ഖേദത്തിന്റെയും സ്വയം പരിവർത്തനത്തിന്റെയും സ്നേഹത്തിന്റെയും നിഗൂഢതകളുടെയും നോവലാണ് ഇതെങ്കിലും ഇൗ പുസ്തകമിറക്കൽ ‘സാഹസം’ വേണ്ടിയിരുന്നോ എന്ന് നിരൂപകൻകൂടിയായ ലേഖകൻ ചോദിക്കുന്നു.1982ൽ സാഹിത്യത്തിനുള്ള നൊേബൽ സമ്മാനം നേടിയ കൊളംബിയൻ (ലാറ്റിനമേരിക്കൻ) എഴുത്തുകാരൻ ഗബ്രിേയൽ ഗാർസ്യ മാർകേസിനെ മലയാളികളടക്കമുള്ള സാഹിത്യപ്രേമികൾക്ക് ആരും പരിചയപ്പെടുത്തേണ്ടതില്ല. ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ (1970) മുതൽ 2005ലെ ‘മെമ്മറീസ് ഔഫ് മൈ മെലങ്കളി വോർസ്’ വരെയുള്ള നോവലുകൾകൊണ്ട് ലോകസാഹിത്യത്തിൽ നിറഞ്ഞുനിന്നിരുന്ന...
ഗബ്രിേയൽ ഗാർസ്യ മാർകേസിന്റെ അപൂർണമായ നോവൽ ‘Until August’ന്റെ വായന. സ്വാതന്ത്ര്യത്തിന്റെയും ഖേദത്തിന്റെയും സ്വയം പരിവർത്തനത്തിന്റെയും സ്നേഹത്തിന്റെയും നിഗൂഢതകളുടെയും നോവലാണ് ഇതെങ്കിലും ഇൗ പുസ്തകമിറക്കൽ ‘സാഹസം’ വേണ്ടിയിരുന്നോ എന്ന് നിരൂപകൻകൂടിയായ ലേഖകൻ ചോദിക്കുന്നു.
1982ൽ സാഹിത്യത്തിനുള്ള നൊേബൽ സമ്മാനം നേടിയ കൊളംബിയൻ (ലാറ്റിനമേരിക്കൻ) എഴുത്തുകാരൻ ഗബ്രിേയൽ ഗാർസ്യ മാർകേസിനെ മലയാളികളടക്കമുള്ള സാഹിത്യപ്രേമികൾക്ക് ആരും പരിചയപ്പെടുത്തേണ്ടതില്ല. ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ (1970) മുതൽ 2005ലെ ‘മെമ്മറീസ് ഔഫ് മൈ മെലങ്കളി വോർസ്’ വരെയുള്ള നോവലുകൾകൊണ്ട് ലോകസാഹിത്യത്തിൽ നിറഞ്ഞുനിന്നിരുന്ന പ്രതിഭയാണ് അദ്ദേഹം. 2003ൽ ‘കഥകൾ പറയാൻവേണ്ടി ജീവിക്കൽ’ (Living to Tell the Tale) എന്ന ഓർമക്കുറിപ്പുകളുടെ ആദ്യഭാഗം പുറത്തുവന്നിരുന്നു. 2005നുശേഷം സർഗാത്മകരചനയിലേക്ക് മടങ്ങിപ്പോകാൻ അദ്ദേഹത്തിനായില്ല.
ഇതിനൊക്കെ മുമ്പുതന്നെ 1999 മാർച്ച് 18ന് അദ്ദേഹത്തിന്റെ ലക്ഷക്കണക്കിനുള്ള വായനക്കാർക്ക് പ്രതീക്ഷ നൽകിയ ഒരു വാർത്ത പുറത്തുവന്നിരുന്നു. അഞ്ച് സ്വേച്ഛയായ (Autonomous) കഥകളുള്ള ഒരു പുസ്തകത്തിന്റെ രചനയിലാണദ്ദേഹം എന്നതായിരുന്നു അത്. ആ വാർത്ത ആഹ്ലാദം പകരുന്ന ഒന്നുതന്നെയായിരുന്നു. ആഖ്യാതാവായി വരുന്ന കഥാപാത്രം അനാ മാഗ്ദലീന ബാഹ് എന്ന മധ്യവയസ്കയായ സ്ത്രീയാണ് ഈ കഥകളിലാകെ ഒരു കണ്ണിയെന്ന രീതിയിൽ കടന്നുവരുന്നത്. പ്രായംചെന്ന മനുഷ്യർക്കിടയിലെ പ്രണയകഥകളാണ് അത്. ആയിടക്കുതന്നെ ഹോർഹ് ലൂയി ബോർഹസ് സ്പാനിഷിലേക്ക് പരിഭാഷപ്പെടുത്തി. രൂപാന്തരത്വത്തിന്റെ (Meta morphosis) കോപ്പി വായിച്ചത് തന്നെ വല്ലാതെ സ്വാധീനിച്ചിരുന്നതായി അദ്ദേഹം ഓർക്കുന്നുമുണ്ടായിരുന്നു. ഇൗയൊരു രചന തന്റെ ആഖ്യാന പ്രപഞ്ചത്തെ വല്ലാതെ മാറ്റിമറിച്ചുവെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്തിരുന്നു.
ഇതിനിടയിൽ എഴുതി പൂർത്തിയാക്കിയ കഥാഭാഗങ്ങളുടെ രൂപം പല മാധ്യമങ്ങളിലൂടെ പുറത്തുവന്ന ചരിത്രവുമുണ്ട്. തന്റെ ഈ അവസാനത്തെ ആഖ്യാന സംവിധാനം മുഴുമിപ്പിക്കാൻ കഴിയാത്ത രൂപത്തിൽ സ്മൃതിഭ്രംശം എഴുത്തുകാരന്റെ സർഗാത്മകജീവിതത്തെ വല്ലാതെ ബാധിച്ചു. പക്ഷേ, 2004ൽ അതുവരെ പൂർത്തീകരിച്ച അഞ്ചു ഭാഗങ്ങളടങ്ങിയ പുസ്തകം അദ്ദേഹം ജോലിചെയ്തിരുന്ന ടെക്സസ് ഓസ്റ്റിനിലെ ഹാരി റാൻസം സർവകലാശാലയിൽ സുരക്ഷിതമായുണ്ടായിരുന്നു.
ചിലപ്പോൾ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയാണ്. അദ്ദേഹം പറയുമായിരുന്നു. പുസ്തകങ്ങൾക്ക് ഇടക്ക് ഒരു വിശ്രമം കൊടുക്കേണ്ടതായി വരുമായിരുന്നു. 2010ൽ ഇതെഴുതി പൂർത്തിയാക്കാൻ സമ്മർദം ഉണ്ടായെങ്കിലും അത് സംഭവിച്ചില്ല. ഓർമയിലുണ്ടായ വൈകല്യങ്ങൾ അവസാനത്തെ ഒരു രൂപത്തിന് സാധ്യതകൾ തുറന്നുകൊടുക്കാനും കഴിഞ്ഞിരുന്നില്ല. ആഗസ്റ്റ് വരെ (Until August) എന്ന ശീർഷകത്തിൽ ഈ നോവൽ കഥാരൂപങ്ങളുടെ പുസ്തകരൂപം 2024ൽ പുറത്തുവന്നു. അപ്പോഴാണ് ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആസ്വാദർക്ക് അന്വേഷണത്തിന്റെ പുതിയ ജാലകങ്ങൾ തുറന്നുകൊടുത്തത്.
ആരാധകർ ഗാബോ എന്ന ഓമനപ്പേരിൽ വിളിക്കുന്ന അദ്ദേഹത്തിന്റെ ഈ പുതിയ നോവൽ അതിന്റെ എല്ലാ പരിമിതികൾക്കുള്ളിൽ വലിയ ഒരുപഹാരമായി രൂപാന്തരപ്പെടുത്താൻ കാലതാമസമൊന്നും നേരിട്ടില്ല. ഗാബോയുടെ ഓർമകൾക്കു മുന്നിൽ ഇത് എഡിറ്റ് ചെയ്ത സുഹൃത്തുക്കളുടെ ആവേശവും സ്നേഹവും അണയാതെ നിറഞ്ഞുനിന്നിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ദൈവമായി കരുതി വാഴ്ത്തിയിരുന്ന ആരാധകർക്കു മുന്നിൽ ഒരു സാധാരണ മനുഷ്യനായി മനുഷ്യസ്നേഹിയായി നിൽക്കാനാണ് 2014ൽ അന്തരിക്കുന്നതുവരെ അദ്ദേഹം ആഗ്രഹിച്ചത്. ഈ നോവൽ പുറത്തുവരുമ്പോൾ അദ്ദേഹം മരിച്ചിട്ട് പത്തു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.
ജീവിതത്തിന്റെ അവസാന നാളുകളിൽ സംഭവിച്ച സ്മൃതിഭ്രംശത്തെക്കുറിച്ച് വളരെ വേദനയോടെയാണ് അദ്ദേഹത്തിന്റെ പുത്രന്മാർ ഓർത്തെടുക്കുന്നത്. മറ്റുള്ളവർക്ക് ഒരുപക്ഷേ, ഇതിന്റെ ആഘാതത്തെക്കുറിച്ച് അറിയാൻ കഴിയില്ല. പുസ്തകത്തിന്റെ ആമുഖക്കുറിപ്പുകളിൽ ഇതിനെക്കുറിച്ചവർ സൂചിപ്പിക്കുന്നുണ്ട്. ഈയൊരു അവസ്ഥ അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. അതുവരെ നിലനിർത്തിയിരുന്ന എഴുത്തിന്റെ തീവ്രത നിലനിർത്താനാവില്ലല്ലോ എന്ന സങ്കടകരമായ അവസ്ഥ ശരിക്കുമൊരു ദുരന്തംതന്നെയായിരുന്നു. എന്റെ എഴുത്തിന്റെ സ്രോതസ്സും ഉപകരണവുമൊക്കെ ഓർമകളായിരുന്നു, അദ്ദേഹം സൂചിപ്പിച്ചിരുന്നു.
ഗാബോ എന്ന മഹാപ്രതിഭയുടെ മനസ്സിൽ ഇൗ നോവലിന്റെ പ്രകാശനത്തെച്ചൊല്ലി ഒട്ടും അനുകൂലമാവാത്ത ഒരു വിധിയാണുണ്ടായിരുന്നത്. ‘‘നോക്കൂ, ഈ പുസ്തകം അതിന്റെ പൂർണ രൂപത്തിൽ നിലനിൽക്കുവാൻ അവകാശപ്പെടാനാവാത്ത ഒന്നാണ് ഇതിനെ നശിപ്പിച്ചുകളയുക’’ –അദ്ദേഹം പറഞ്ഞു. പിതാവിന്റെ ഈ വാക്കുകൾ കേട്ട പുത്രന്മാർക്ക് ഒന്നും പറയുവാൻ കഴിയാത്ത ഒരവസ്ഥയായി.
അവരത് നശിപ്പിക്കാതെ മാറ്റിവെച്ചു. 2014ൽ അദ്ദേഹത്തിന്റെ മരണത്തിന് പത്തു വർഷങ്ങൾക്കുശേഷം അദ്ദേഹം എഴുതി പൂർത്തിയാക്കിയ അഞ്ചു ഭാഗങ്ങൾ ആസ്വാദകർക്ക് നിഷേധിക്കുന്നത് തെറ്റാണെന്നവർക്ക് തോന്നി. ഇതൊരിക്കലും അദ്ദേഹത്തിന്റെ ഒരു മഹത്തായ രചനയായി പരിഗണിക്കാനാവില്ലെങ്കിലും അത് സംരക്ഷിക്കാനുള്ള അവസരം നിഷേധിക്കുന്നതിലെ ക്രൂരത അവരെ വേട്ടയാടി. ഗാബോയുടെ കഥ പറയുന്നതിലെ വൈഭവവും ഭാഷയുടെ ഉപയോഗവും മാനവരാശിയെ തിരിച്ചറിയുന്നതിലെ കഴിവുമെല്ലാം എല്ലാമെല്ലാം ഒരു പരിധിവരെ ഇതിലൂടെ അവർ വിശ്വസിച്ചിരുന്നു.
ഇന്നും നാം മഹത്തരമെന്ന് നെഞ്ചിലേറ്റി വിശ്വസിക്കുന്ന രചനകൾ മൊത്തത്തിൽ നശിപ്പിക്കണമെന്ന് ലോകസാഹിത്യ ചരിത്രത്തിലെ പ്രതിഭാശാലിയായ കാഫ്ക, മാക്സ് ബ്രോഡിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹമതിന് തയാറായില്ല. കാഫ്കയുടെ മരണശേഷം അവ പുറത്തുവന്നപ്പോൾ അത് ഗുണകരമായെന്നു മാത്രമല്ല സാഹിത്യത്തിനും എഴുത്തുകാരനും അമൂല്യമായ സമ്പാദ്യമായി രൂപാന്തരപ്പെട്ടു. അന്ന് ബ്രോഡ് അതിന് തയാറായിരുന്നെങ്കിൽ ഒരു വലിയ തീരാനഷ്ടമായി ചരിത്രത്തിൽ മാറിയേനെ.
ഇവിടെ ഗാബോയുടെ കാര്യത്തിൽ ഇത് ഒരിക്കലും അദ്ദേഹത്തിന്റെ പ്രതിഭക്ക് ഇൗ പുസ്തകത്തിന്റെ നാശംകൊണ്ട് ഒന്നും സംഭവിക്കില്ലായിരുന്നു. എഴുതിയ മഹാ ക്ലാസിക്കുകൾക്ക് ചെയ്യാൻ കഴിഞ്ഞതിന്റെ നൂറിലൊരംശംപോലും ഇത് പ്രസിദ്ധീകരിച്ചതിലൂടെ നേടാനും കഴിയുന്നില്ല. അപൂർണമായ ഒരു രചനയുടെ പ്രകാശനംകൊണ്ട് നേടിയെടുക്കാൻ സാധ്യമാകുന്ന സാമ്പത്തിക നേട്ടം ഒന്നു മാത്രമായിരിക്കണം ഗാബോയുടെ പുത്രന്മാരെ ഇക്കാര്യത്തിൽ പ്രേരിപ്പിച്ചതെന്ന് അനുമാനിക്കുന്നതിൽ വലിയ തെറ്റൊന്നുമില്ല.
നോവൽ എന്ന് വിശേഷിപ്പിക്കുന്ന ഈ രചനയിലേക്ക് കടന്നുചെല്ലാം. പ്രധാന ആഖ്യാതാവായ മധ്യവയസ്കയായ അനാ മാഗ്ദലീന ഭർത്താവും കുടുംബവുമൊത്ത് സുഖമായി താമസിക്കുന്നു. ഓരോ വർഷവും തന്റെ മാതാവിന്റെ കുഴിമാടമുള്ള കരീബിയൻ ദ്വീപിലേക്ക് ആഗസ്റ്റ് മാസത്തിൽ പോവുകയെന്നത് അവർ പതിവാക്കിയിരിക്കുകയാണ്.
ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് മാതാവിന്റെ കുഴിമാടത്തിൽ പുഷ്പങ്ങളർപ്പിച്ച് പ്രാർഥനകളോടെ അവർ തിരിച്ചുപോരും. ആദ്യത്തെ കഥയിൽ ആഗസ്റ്റ് 16 വെള്ളിയാഴ്ചയാണ് മൂന്നുമണിക്കുള്ള ഫെറി ബോട്ടിൽ അവർ ദ്വീപിലേക്ക് ചെല്ലുന്നത്. ഓരോ സന്ദർശനങ്ങളുടെ പിന്നിലും മറ്റൊന്നുകൂടി സംഭവിക്കുന്നുണ്ട്. അവിടെ താമസിക്കുന്ന ഹോട്ടൽമുറിയിൽ ഇടക്ക് പരിചയപ്പെട്ട് അടുക്കുന്ന വിശ്വാസത്തിന്റെ പിൻബലമുള്ള ഒരു അപരിചിതനുമായി ചേർന്നുകൊണ്ട് ലൈംഗികബന്ധത്തിലേർപ്പെടാനും അവർ തയാറായി. ഇവയിലോരോന്നും വ്യത്യസ്തമായ രീതികളിൽ നിരാശജനകമായ വഴികളിലാണ് കാര്യങ്ങൾ അവസാനിച്ചിരുന്നത്.
ഇങ്ങനെയുള്ള ഓരോ വേളകളിലും അവരെ കൊണ്ടുചെന്നെത്തിച്ചത് ഭർത്താവിന്റെ അവരോടുള്ള വിശ്വാസതകർച്ച തന്നെയാണ്. ആദ്യത്തെ സന്ദർശകനായി വരുന്ന അപരിചിതൻ അവർക്ക് വേണ്ട ലൈംഗികതൃപ്തി സമ്മാനിച്ചതിനുശേഷം മടങ്ങുന്നത് നിഗൂഢമായി ഒരു പുസ്തകത്തിനുള്ളിൽ ഇരുപത് ഡോളറിന്റെ നോട്ട് തിരുകിവെച്ചതിനുശേഷമാണ്. ഇത് തിരിച്ചറിയുന്ന അവർ ഒരു വ്യഭിചാരിണിയുടെ കുറ്റബോധത്താൽ തകർന്നുപോകുന്നു. ആദ്യത്തെ സന്ദർശനത്തിൽതന്നെ സുഹൃത്തുക്കളായി മാറിയ ഇരകൾതന്നെയായിരുന്നു ഇവെരല്ലാംതന്നെ. പക്ഷേ, ആദ്യത്തെ അപരിചിതനായ മനുഷ്യൻ അവർക്ക് സമ്മാനിച്ച പ്രതിഫലത്തിന്റെ ആഘാതം അവരെ വേട്ടയാടിക്കൊണ്ടിരുന്നു.
രണ്ടാമത്തെ സന്ദർശനത്തിന്റെ സൂചനകളിൽ അവർ െകാൽക്കത്തയിലെ തെരുവുകളിലൂടെ നടക്കുന്നതായി ഭയപ്പാടോടെ ഓർത്തെടുക്കുന്നുണ്ട്. തെരുവുകൾ തൂത്തുവാരി ശുദ്ധമാക്കുവാൻ വന്ന മനുഷ്യർ തെരുവിൽ കിടന്നുറങ്ങുന്നവരെ വടികൊണ്ടടിച്ചുനോക്കുന്ന ഭ്രമാത്മകമായ ദൃശ്യങ്ങളുണ്ട്. ഇതിലൂടെ അവർക്കറിയേണ്ടത് അവരിലാരൊക്കെയാണ് ജീവനോടെയിരിക്കുന്നത് അല്ലെങ്കിൽ മരിച്ചുപോയിരിക്കുന്നത് എന്ന് തിരിച്ചറിയലാണ്.
ഓരോ തവണയും ദ്വീപിൽ വന്നിറങ്ങുമ്പോഴും തിരഞ്ഞെടുക്കേണ്ട ഹോട്ടലിനെക്കുറിച്ചും സഞ്ചരിക്കേണ്ട ടാക്സികളെക്കുറിച്ചും അവർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇരുപത്തിയേഴ് വർഷങ്ങൾ നീണ്ടുനിന്ന തന്റെ വിവാഹജീവിതത്തെക്കുറിച്ച് എന്തിനാണ് താനതിൽനിന്ന് രക്ഷപ്പെടുവാൻ ആഗ്രഹിക്കുന്നതെന്നും ശരിക്കുമൊരു ഉത്തരം കണ്ടെത്താനും അവർക്ക് കഴിഞ്ഞിരുന്നില്ല. ഇങ്ങനെയുള്ള ഓരോ വർഷവും ആഗസ്റ്റ് മാസത്തിലുള്ള തന്റെ ദ്വീപിലേക്കുള്ള യാത്രകൾക്കും അവർ തയാറായിക്കൊണ്ടിരുന്നു. ഉള്ളിൽ ഇരഞ്ഞുകൂടിയിരുന്ന അഭിലാഷങ്ങളുടെ നിറവേറ്റാൻ കഴിയാത്ത കുറ്റബോധവും ഭയപ്പാടുമാണവെര അവിടേക്ക് നയിച്ചിരുന്നത്.
ഒരിക്കൽ അവൾ ഭർത്താവിനോട് ചോദിക്കുന്നുണ്ട്. എത്രതവണ നിങ്ങൾ എന്നോട് വിശ്വാസമില്ലായ്മ കാണിച്ചിട്ടുണ്ട്. ‘‘അവിശ്വാസമോ...’’ അയാൾ മറുപടി പറഞ്ഞു: ‘‘ഒരിക്കലുമില്ല. ഞാൻ മറ്റാരെങ്കിലുമായി കിടക്ക പങ്കിട്ടുണ്ടോ എന്നറിയാൻ നിനക്ക് താൽപര്യമില്ലെന്നും നീ സൂചിപ്പിച്ചിട്ടുണ്ട്.’’ കഴിഞ്ഞ അഞ്ച് സന്ദർശനത്തിന്റെ തീവ്രതക്കുള്ളിലും അവൾക്കൊരു കാര്യം മറക്കാനായില്ല. ഇത് ഒരു ജീവിതകാലത്ത് ലഭിക്കാവുന്ന ഏറ്റവും മികച്ച ഒന്നുതന്നെയാണ്. ഓരോ ഇരകളും അവൾക്ക് സമ്മാനിച്ചുകൊണ്ടിരുന്ന ആഹ്ലാദത്തിെന്റ സുഗന്ധപൂർണമായ ഓർമകൾ ഒരിക്കലും അയാളെ സങ്കടപ്പെടുത്തിയതുമില്ല.
രണ്ടാമത്തെ അതിഥിയായ മനുഷ്യൻ അവളോട് പറയുന്നുണ്ട്്, ‘‘ഒരു പശുവിന്റെ കുളമ്പടിയുടെ ആഘാതമേറ്റ് മരിച്ചുപോയ ഒരു വിശുദ്ധയാണ് നീ.’’ അവൾ അതിന്റെ കാരണം തേടിയപ്പോൾ താനൊരു ബിഷപ്പാണെന്ന് അയാൾ തുറന്നുപറയുന്നുണ്ട്. മാരകമായ ഒരു പ്രഹരമായിട്ടാണീ തുറന്നുപറച്ചിൽ അവൾ അനുഭവിച്ചത്. പക്ഷേ, ഒരു അസാധാരണ മന്ദസ്മിതത്തോടെയാണ് പുതിയ അതിഥിയെ അവൾ ഉൾക്കൊണ്ടതും അയാൾ പങ്കുവെച്ച അനുഭവങ്ങൾ ഏറ്റുവാങ്ങിയതും. ഒരുമിച്ചവിടെ നിന്നും തിരിച്ചുപോരാമെന്നും അയാൾ പറയുന്നുണ്ട്. ഒരു ചുംബനം ഏറ്റുവാങ്ങിയശേഷം അവർ തീരുമാനിച്ചു. ഇനി ഒരിക്കലുമില്ല. ഇത് ദൈവത്തിന്റെ തീരുമാനമാണ്. അയാൾ തന്റെ ഒരു വിസിറ്റിങ് കാർഡ് സമ്മാനിച്ചാണ് മടങ്ങിപ്പോകുന്നത്.
കഴിഞ്ഞ കാലങ്ങളിലെ ഓർമകൾ വെച്ചുനോക്കുമ്പോൾ മെത്തയിൽ കിടന്നുകൊണ്ടുള്ള ചിന്തകളിൽ മനസ്സ് വല്ലാതെ അനാഥമാകുന്നതായവൾക്ക് തോന്നി. സ്വയം തന്നോടുതന്നെ വല്ലാത്ത വെറുപ്പനുഭവപ്പെട്ടു. പൊട്ടിക്കരയാനാണ് അവൾക്ക് തോന്നിയത്. പുരുഷാധിപത്യമുള്ള ഈ ലോകത്ത് ഒരു സ്ത്രീയായി ജനിക്കുന്നതും ജീവിക്കുന്നതും ഒരു വലിയ നാണേക്കടുതന്നെയാണ്.
തിരിച്ചു പോരും മുമ്പ് അവർ ശ്മശാനത്തിൽചെന്ന് അവിടത്തെ സൂക്ഷിപ്പുകാരന്റെ സഹായത്തോടെ മാതാവിന്റെ കുഴിമാടം തുറന്ന് അവിടെ അവശേഷിച്ചിരുന്ന വസ്ത്രുക്കൾ ശേഖരിക്കുന്നുണ്ട്. അതിനുള്ളിൽ മാഗ്ദലീന സ്വയം തന്നെത്തന്നെ കാണുകയായിരുന്നു. മാംസമൊഴിഞ്ഞ് അനാഥമായ അസ്ഥികൂടത്തിന്റെ നെഞ്ചിൻകൂടിൽ ചേർത്തുവെച്ച കരങ്ങളും അതിനെയൊക്കെ ആവരണംചെയ്തിരുന്ന തണുത്തുറഞ്ഞ ചിരിയും എല്ലാം തന്റേതു മാത്രമാണ്. അന്നത്തെ കാലത്ത് ഏതാണ്ട് തന്റെ അതേ പ്രായത്തിലുള്ള ഒരു രൂപം അവൾ മുന്നിൽ കണ്ടു. ജീവിതവും മരണവും ഒന്നിനും പ്രത്യേകിച്ചൊരു മാറ്റവുമുണ്ടാക്കുന്നില്ല. ശരീരം മണ്ണായി മാറിക്കഴിഞ്ഞിരുന്ന അവശേഷിച്ച എല്ലിൻകഷണങ്ങൾ ശുദ്ധിയാക്കി അവർ ഒരു ചാക്കിനുള്ളിലാക്കി അവൾക്ക് നൽകി.
അവൾ ഒരിക്കൽകൂടി ഭൂതകാലത്തിലേക്ക് പോയി. അപരിചിതരുമൊത്തുള്ള രാത്രികളും മാതാവിന്റെ കുഴിമാട സന്ദർശനങ്ങളുമൊക്കെ അവിടെ അവസാനിക്കുകയായിരുന്നു. ഇത് അനിശ്ചിതത്വങ്ങളോ അവിശ്വാസങ്ങളോ ഒന്നും അവശേഷിപ്പിക്കാനും പോകുന്നില്ല. ഏകാന്തമായ ഒാർമകളും അവസാനിക്കുകയാണ്. ആറുമണിയായപ്പോൾ ഭാരിച്ച ചാക്കും പേറി ഭവനത്തിലേക്ക് നടന്നുവരുന്ന അവളെയാണ് ഭർത്താവ് കാണുന്നത്: അയാൾക്ക് ശരിക്കും അത്ഭുതം തോന്നി. ഇനി എന്റെ മാതാവിന്റേതായി അവസാനിക്കുന്നത് ഇതു മാത്രമാണ്. അവൾ ഭർത്താവിന്റെ ഭീതി മുന്നിൽ കണ്ടുകൊണ്ടു പറഞ്ഞു. ഭയപ്പെടാതിരിക്കൂ. എല്ലാം അവർക്ക് മനസ്സിലാകുന്നുണ്ട്. അവർക്കു മാത്രമേ അതിന് കഴിയൂ. പിന്നെയെന്താണ്, ഒന്നുമില്ല. ആ ദ്വീപിൽ അന്തിയുറങ്ങണം എന്ന അഭിലാഷത്തിെന്റ പൊരുളും അയാൾ തിരിച്ചറിയുന്നുണ്ട്.
അപൂർണമായി അവസാനിക്കുന്ന ഈ നോവലിൽ എവിടെയൊക്കെയോ ഗാബോയുടെ ഒരു സ്പർശം അനുഭവിക്കാൻ കഴിയും. ‘ആഗസ്റ്റ്‍ വരെ’ എന്ന നോവലിന്റെ ഭാഗങ്ങൾ പുറത്തുകൊണ്ടുവന്നതിന്റെ പിന്നിൽ ശരിക്കും നിഗൂഢതകളുണ്ടാകാം. ഒരു നിർമിതബുദ്ധിയുടെ സഹായം ഇൗ ആധുനിക കാലത്ത് തേടിയാലും അതിൽ അതിശയിക്കാനുമില്ല. പ്രിയപ്പെട്ട ഗാബോ, ഇവരോട് ക്ഷമിക്കുക. ഈ രചന ഒരിക്കലും നിങ്ങളുടെ പേരിൽ ക്ലാസിക്കായി അറിയപ്പെടാൻ പോകുന്നില്ല.
‘ഏകാന്തതയുടെ നൂറു വർഷങ്ങളും’ ‘ഓട്ടം ഒാഫ് ദി പാട്രിയാർക്കും’ ‘ലൗ ഇൻ ദി ടൈം ഓഫ് കോളറ’യും ‘ജനറൽ ഇൻ ഹിസ് ലേബ്രിൻതു’മൊക്കെ എഴുതിയ നിങ്ങൾ ഇവരോട് പൊറുക്കുക. അല്ലാതെ മറ്റൊന്നും ചെയ്യാനാവില്ല. പുസ്തകത്തിന്റെ അവസാനം ഗാബോയുടെ ചില വരികൾ ബോധപൂർവം ചേർത്തിട്ടുമുണ്ട്. നിരവധി വെട്ടിത്തിരുത്തലുകളുടെ അകമ്പടിയോടെ. ഇങ്ങനെയൊക്കെയായാലും പ്രിയപ്പെട്ട ഗാബോ, നിങ്ങൾക്ക് ഒരിക്കലും ഞങ്ങളെ വിട്ടുപോകാൻ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.