മെക്സിക്കൻ കവി ഹോസെ എമിലിയോ പാച്ചേകൊയുടെ ‘ഓർമയുടെ നഗരവും മറ്റു കവിതകളും’ (City of Memory and Other Poems) വായിക്കുന്നു.സമകാലിക ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ പ്രതിഭാസമ്പന്നനായ എഴുത്തുകാരനാണ് മെക്സികോയിലെ ഹോസെ എമിലിയോ പാച്ചേകൊ (Jose Emilio Pacheco). നോവലിസ്റ്റ്, നിരൂപകൻ, ചെറുകഥാകൃത്ത്, കവി, പരിഭാഷകൻ എന്നീ നിലകളിലെല്ലാം നിറഞ്ഞുനിന്ന എഴുത്തുകാരനാണ് എമിലിയോ. 1939 ജൂൺ 30ന് മെക്സികോ സിറ്റിയിലാണ് ജനനം. 1958ൽ പുറത്തുവന്ന ‘മെഡൂസയുടെ രക്തം’ (The Blood of Medusa) എന്ന ചെറുകഥാ സമാഹാരത്തിലൂടെയാണ്...
മെക്സിക്കൻ കവി ഹോസെ എമിലിയോ പാച്ചേകൊയുടെ ‘ഓർമയുടെ നഗരവും മറ്റു കവിതകളും’ (City of Memory and Other Poems) വായിക്കുന്നു.
സമകാലിക ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ പ്രതിഭാസമ്പന്നനായ എഴുത്തുകാരനാണ് മെക്സികോയിലെ ഹോസെ എമിലിയോ പാച്ചേകൊ (Jose Emilio Pacheco). നോവലിസ്റ്റ്, നിരൂപകൻ, ചെറുകഥാകൃത്ത്, കവി, പരിഭാഷകൻ എന്നീ നിലകളിലെല്ലാം നിറഞ്ഞുനിന്ന എഴുത്തുകാരനാണ് എമിലിയോ. 1939 ജൂൺ 30ന് മെക്സികോ സിറ്റിയിലാണ് ജനനം. 1958ൽ പുറത്തുവന്ന ‘മെഡൂസയുടെ രക്തം’ (The Blood of Medusa) എന്ന ചെറുകഥാ സമാഹാരത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. ‘രാത്രിയുടെ മൂലകങ്ങൾ’ (The Elements of the Night -1963), ‘അഗ്നിയുടെ നിദ്ര’ (The Sleep of the Fire -1966) തുടങ്ങിയവ കവിതാസമാഹാരങ്ങളാണ്.
‘വിദൂരതയിൽ നിങ്ങൾ മരിക്കും’ (You Will Die Far Away -1967) എന്ന നോവൽ ചരിത്രത്തിലെ ജൂതരുടെ ഒഴിവാക്കലിന്റെ പ്രമേയമാണ്. ‘ഇംഗ്ലീഷ് ഭാഷയിൽ നേരിട്ടും അദ്ദേഹം കൃതികൾ രചിച്ചിട്ടുണ്ട്. ഇവയിൽ ‘രണ്ടു ചുമരുകൾക്കിടയിലെ വൃക്ഷം’ (Tree between Two Walls -1960), ‘നഷ്ടപ്പെട്ട മാതൃഭൂമി’ (The Lost Homeland -1976), ‘അഗ്നിനാളങ്ങളിൽനിന്നുള്ള സൂചനകൾ’ (Signals from the Flames -1980) തുടങ്ങിയവയും 1987ലെ തിരഞ്ഞെടുത്ത കവിതകളും പത്തൊമ്പതാം നൂറ്റാണ്ടിലെ മെക്സിക്കൻ കവിതയും (Editor) 1970ലെ മോഡേർണെസിമോ 1884-1921 ആന്തോളജിയും ഉൾപ്പെടും. 2010ലെ സ്പാനിഷ് തലത്തിലെ നൊബേൽ സമ്മാനമായറിയപ്പെടുന്ന സെർവാന്റസ് പുരസ്കാരം നേടിയ ഈ കവി 74ാമത്തെ വയസ്സിൽ അന്തരിക്കുമ്പോൾ ബാക്കിവെച്ച കവിതകളുടെ ലോകം അപാരമാണ്.
അടുത്തകാലത്ത് വായിക്കാൻ കഴിഞ്ഞ ‘ഓർമയുടെ നഗരവും മറ്റു കവിതകളും’ (City of Memory and Other Poems) ഹോസെ എമിലിയോയുടെ ഏറ്റവും പുതിയ കവിതകളുടെ ഇംഗ്ലീഷ് പരിഭാഷയാണ്. അമേരിക്കൻ കാവ്യപ്രതിഭയായിരുന്ന ലോറൻസ് ഫെർലിങ്ഗെറ്റി (Lawrence Ferlinghetti) സ്ഥാപിച്ച സിറ്റി ലൈറ്റ് പുസ്തകശാലയും 1955ൽ തുടങ്ങിയ സാൻഫ്രാൻസിസ്കോയിലെ പുസ്തക പ്രസാധന സംരംഭവും ലോകപ്രശസ്തമാണ്. അവരാണീ കവിതാസമാഹാരം ഇംഗ്ലീഷിൽ പുറത്തിറക്കിയിരിക്കുന്നത്. സ്പാനിഷ് പ്രഫസറായ സിൻതിയസ്റ്റീൽസും (Cynthia Steele) ഡേവിഡ് ലോവറും ചേർന്നാണിതിന്റെ മൊഴിമാറ്റം.
സാഹിത്യത്തിനുള്ള നൊേബൽ പുരസ്കാരം നേടിയ മെക്സിക്കൻ കവി ഒക്ടാവിയ പാസിനുശേഷം (Octavio Paz) മെക്സിക്കൻ കവിതയിൽ പുതിയ ചലനങ്ങൾക്കു വഴിയൊരുക്കിയ കവിയാണ് ഹോസെ എമിലിയോ പാച്ചേകൊ. മറ്റൊരു വിഖ്യാത മെക്സിക്കൻ കവിയായ അൽഫോൻസോ റിയിപ്സിന്റെ (Alfonso Reyps) സ്വാധീനവും എമിലിയോയുടെ കവിതകളിൽ പ്രകടമായിരുന്നു. ശരിക്കും ലാറ്റിനമേരിക്കൻ സാർവലൗകികതയുടെ വക്താവായിരുന്നു എമിലിയോ.
ആദ്യകാല കവിതകളിലെ അലങ്കാര ബഹുലതയിൽനിന്നും വിട്ട് 1970കളിലെ സാമ്രാജ്യത്വവിരുദ്ധ ദർശനങ്ങളുടെ കവിതയിലേക്കു വരുമ്പോൾ സ്വതന്ത്രമായ ഒരു മാനവികതയുടെ തിമർപ്പിന്റെ ശബ്ദം കവിതകളിൽ ഉൾക്കൊള്ളാനും അദ്ദേഹത്തിനു കഴിഞ്ഞു. ശരിക്കും സ്വതന്ത്രമായ മാനവിക മൂല്യങ്ങളുടെ മുഴക്കമാണാ കവിതകളിൽ നിറഞ്ഞുനിന്നിരുന്നത്. പ്രത്യാശയുടെ വെളിച്ചം അതിനുള്ളിൽ അണയാതെ കാത്തുസൂക്ഷിച്ചു. ‘ഓർമയുടെ നഗരവും മറ്റു കവിതകളും’ എന്ന ഈ സമാഹാരത്തിലെ കവിതകൾ അദ്ദേഹത്തിന്റെ കാവ്യജീവിതത്തിലെ നിർണായകമായ ഒരു കാലഘട്ടത്തെയാണ് എടുത്തുകാണിക്കുന്നത്.
എമിലിയോ വിനീതനായിട്ടാണ് മെക്സികോ നഗരത്തിൽ 20 മില്യൺ പൗരന്മാരിലൊരുവനായി ഈ കവിതകളിലൂടെ സംവേദിക്കുന്നത്. ഈ ഭൂമിക വലിയ ധീരമായ വിപ്ലവത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച ഒന്നാണ്. ഇവിടത്തെ അധികാരിവർഗം പിന്നീട് അഴിമതിയുടെയും കൂടിവന്ന അസമത്വത്തിന്റെയും പ്രതീകങ്ങളായി രൂപാന്തരപ്പെട്ടത് എത്ര പെട്ടെന്നാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം നിശ്ശബ്ദമായത് പുതിയ തലമുറയോട് സംവദിച്ചുകൊണ്ടിരുന്നതിന്റെ മുഴക്കങ്ങൾ ഈ കവിതയിലുണ്ട്. വല്ലാത്ത ഒരു തകർച്ചയുടെ ചിത്രങ്ങളാണിവിടെ ഇരുണ്ട ചിത്രങ്ങളായി പതിഞ്ഞുകിടക്കുന്നത്. അമേരിക്കൻ സാമ്രാജ്യത്തിന്റെ കറുത്ത കൈകളും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചതിന്റെ ചരിത്രം തിരിച്ചറിയാനും കഴിയും.
മനുഷ്യാവകാശ ധ്വംസനങ്ങളോട് ഒരിക്കലും യോജിക്കാനാവാത്ത കവി തന്റെ രചനകളിലൂടെ പ്രതിരോധത്തിന്റെ ശബ്ദം ഉയർത്തിക്കേൾപ്പിക്കുന്നു. ക്രൂരതയുടെയും അനുകമ്പയുടെയും സ്വാർഥചിന്തയുടെയും തുറന്ന മനസ്സിന്റെയും ചിത്രങ്ങൾ ദ്വന്ദാത്മകമായി തന്നെ ഇതിലെ വരികൾക്കുള്ളിൽ മായാതെ കിടക്കുന്നുമുണ്ട്. നാശനഷ്ടങ്ങൾക്കിടയിൽ എവിടെയൊക്കെയോ നഷ്ടപ്പെട്ടുപോയ പൂർവികമായ ദർശനങ്ങൾക്കായി കവിതകൾ അന്വേഷിക്കുന്നത് മെക്സികോയുടെ ഏകാന്തമായ ആത്മാവിന്റെ ചേതനകളെയാണ്. രാഷ്ട്രത്തിന്റെ ഏറ്റവും അടുത്ത ഒരു പുനർജന്മം കവി മനസ്സിൽ കാണുന്നുണ്ട്. അതേ, ഓർമയുടേതായ നഗരം ഈ സഹസ്രാബ്ദത്തിന്റേതായ ഒരു സുരക്ഷാപേടകമാണ്. ഈ ദുരന്തത്തിന്റേതായ കാലത്ത് പ്രത്യാശയുടെയും അനുകമ്പയുടെയും വെളിച്ചം പകർന്നുകൊടുക്കാൻ എമിലിയോയുടെ വരികൾക്കാവുമെന്നതിന്റെ സൂചനകൾ നമുക്കു തിരിച്ചറിയാനാകും.
മരുഭൂമിയിൽ ഏകനായി നിന്നുകൊണ്ട് ഉച്ചത്തിൽ ആക്രോശിക്കുന്ന ബിബ്ലിക്കൽ പ്രതിരൂപമായ പ്രവാചകനായ കവിയെ ഓർമയുടെ നഗരത്തിൽ നമുക്കു കാണാൻ കഴിയും. താൻ നേരിൽ കാണാൻ നിർബന്ധിതനായ കാഴ്ചകൾ കവിയെ വേദനിപ്പിക്കുന്നുണ്ട്. ആകെ തകർന്നുകിടക്കുന്ന ഭൂമികയുടെ ചിത്രം ഉൾക്കൊള്ളാനാകാതെ തരിച്ചുനിൽക്കുന്ന കവിയുടെ മനസ്സിലേക്ക് കടന്നുവരുക പൂർവകാലത്തിന്റെ ചിത്രമാണ്.
നൂറ്റാണ്ടിന്റെ അവസാനകാലത്ത് ആകെ ഭീതിയിലാണ്ട കവി തന്റെ പ്രവചനങ്ങൾ നടക്കാൻ പോകുന്നു എന്ന് വേദനയോടെ തിരിച്ചറിയുന്നു. ഗായകനായ കവി നഗരത്തിനു മീതെ കണ്ണുകൾ പായിച്ചിരിക്കുകയാണ്. അവിടെയെന്തൊക്കെയാണിനി അവശേഷിച്ചിരിക്കുന്നത്. നഗരത്തിലെ തെരുവുകൾ പുകച്ചുരുളുകളാലും രക്തത്താലും ഇരുണ്ടുപോയിരിക്കുന്നു. മുറിവേറ്റവരുടെ രക്തത്തിന്റെ രൂക്ഷഗന്ധം അവിടെ അലിഞ്ഞുകൂടിയിരിക്കുന്നു. ആകെ അവിടെ എവിടെയൊക്കെയോ ചിതറിവീണുകിടക്കുന്ന മാംസത്തിന്റെ ദുരന്തപൂർണമായ നുറുങ്ങുകൾക്കായി വിശന്നുവലയുന്ന കുട്ടികളും നായ്ക്കളും തമ്മിൽ പോരാടിക്കൊണ്ടിരിക്കുന്നതിന്റെ ദാരുണചിത്രം മാത്രം ബാക്കിയാവുന്നു.
സമാഹാരത്തിലെ ആദ്യകവിതകൾ ‘ഓർമകളുടെ നഗരം’ എന്ന ശീർഷകത്തിനുള്ളിൽ വരുന്നവയാണ്. രണ്ടാമത്തേത് ഒരു നീണ്ട കവിതയാണ്. ‘ഞാൻ ഭൂമിയെ നിരീക്ഷിക്കുന്നു’ (I Watch the Earth) എന്ന ശീർഷകത്തിൽ വരുന്ന ഈ കവിത 1985ൽ ശരിക്കും മെക്സികോ നഗരത്തെ തകർത്ത ഭൂകമ്പത്തെച്ചൊല്ലിയുള്ള ഒരു കവിതയുടെ വിലാപങ്ങളോ തേങ്ങലുകളോ ഒക്കെയാണ്. കവിയുടെ വൈകാരിക തീവ്രതയുള്ള ശബ്ദത്തിന്റെ തരംഗങ്ങൾക്കുള്ളിൽ മെക്സികോ നഗരത്തിനു നേരിട്ട തകർച്ചയുടെ ഭീകരതയെക്കുറിച്ച് തിരിച്ചറിയാൻ കഴിയും.
മെക്സിക്കൻ ഭൂകമ്പദുരന്തത്തെക്കുറിച്ചുള്ള നീണ്ട കവിത ദേശീയ അതിരുകളെ ലംഘിച്ച് വികസിതമാകുന്ന ഒരു മഹാകാവ്യത്തിന്റെ രൂപവും ഭാവവുമാണുൾക്കൊള്ളുന്നത്. ഈ ലോകത്തിന്റെ അവസാനത്തെയാണിതെന്ന് വരികൾ ഓർമപ്പെടുത്തുന്നു. മാനവരാശിയുടെ മുന്നിൽ ഇവിടെ വേറിട്ട സാധ്യതകൾ ഒന്നുംതന്നെയില്ല.
എമിലിയോയുടെ കവിതകൾ മുഴക്കങ്ങളുടെ ഒരു ശേഖരമാണ്. സൂചനകളുടെ ആഗമനം വിളിച്ചറിയിക്കുന്ന ശബ്ദവിന്യാസങ്ങളും അതോടൊപ്പംതന്നെയുണ്ട്. അദ്ദേഹം നേരിട്ട യാതനകളുടെയും അനുകമ്പയുടെയും വ്യാപ്തി മനുഷ്യരാശിയുടെ ദുരന്തമായി രൂപാന്തരപ്പെടുന്നത് അത്ഭുതകരമായ ഒരു കാഴ്ചയാണ്. എങ്ങനെയാണദ്ദേഹം ഇതുപോലൊരു ദുരന്തത്തെ ഉൾക്കൊള്ളുന്നതെന്നും തിരിച്ചറിയുക മറ്റൊരു അനുഭവമാണ്. തൊട്ടടുത്തുള്ള സാധാരണക്കാരായ മനുഷ്യരുടെ സ്നേഹത്തിനും ആദരവിനും നിശ്ശബ്ദമായിടം കണ്ടെത്താൻ കഴിയുന്ന ഈ കവി ആരെയാണ് തിരയുന്നത്?
‘ഓർമയുടെ നഗരം’ ഭാഗത്തെ ചില വരികൾ നോക്കുക: ‘‘ജീവിക്കുവാനും മരിക്കുവാനും വേണ്ടിയാണ് നാമിവിടേക്കു വന്നത്. അതിനുവേണ്ടിയാണ് നാമിവിടെ കഴിയുന്നത്. ഒരു അടയാളവുമില്ലാതെ നാമിവിടം വിട്ടുപോകുന്നതും.’’
പെറുവിലെ മഹാകവി സെസാർ വയെഹോയെ കുറിച്ചുള്ള (Cesar Vallejo) ഒരു ചെറിയ കവിതയും ഇതിലുണ്ട്. രണ്ടു മലനിരകൾക്കിടയിലെ ബഗോട്ട നഗരവും അവിടത്തെ മൂടൽമഞ്ഞു കാഴ്ചകളെ കൂടുതൽ യഥാർഥമായ ഒന്നാക്കിമാറ്റുന്ന കവിതയും ഓർമയിൽ നിൽക്കുന്നതെന്താണ്. മുന്തിരിക്കുലയിൽ തങ്ങിനിൽക്കുന്ന ഒരു മഴത്തുള്ളി രാത്രി മുഴുവനും ഇരുട്ടിന്റെ ആലസ്യത്തിലമർന്നു കഴിയുന്നു.
പെട്ടെന്ന് ചാന്ദ്രവെളിച്ചം അതിനെ പ്രകാശിതരൂപമാക്കി മാറ്റുന്ന ജാലവിദ്യയും കവി ചുരുക്കം വരികളിൽ ആവിഷ്കരിക്കുന്നു. ശരിക്കും കവിയുടെ ജാലവിദ്യതന്നെയാണിത്. മെക്സിക്കൻ ഭൂകമ്പത്തെക്കുറിച്ചെഴുതിയ നീണ്ടകവിത ഒരു മാസ്റ്റർപീസ് തന്നെയാണ്. സ്പാനിഷ് കവി റാഫേൽ ആൽബർട്ടിയുടെ വരികൾ ഇവിടെ ആമുഖമായി കൊടുത്തിരിക്കുന്നു. എമിലിയോ കവിതയുടെ ശീർഷകവും ആൽബർട്ടിയുടെ കവിതയിൽനിന്നാണെടുത്തിരിക്കുന്നത്. ഭൂമിക്കുണ്ടായ തകർച്ചയും ആയിരക്കണക്കിന് മനുഷ്യരുടെ ദുരന്തമരണവും കവിതയിൽ വേദനയായി നിലനിൽക്കുന്നു.
ആറ് ഭാഗങ്ങളായി നിരവധി വിഭാഗങ്ങളായി നീണ്ടുകിടക്കുന്ന ഈ കവിത ലോകസാഹിത്യത്തിനും ഒരു വിസ്മയമാണ്. സ്വന്തം.ഭൂമികക്കു നേരിടേണ്ടിവന്ന തകർച്ച നേരിൽ കണ്ട വേദനയിൽനിന്നും മൗലികമായി പുറത്തേക്കുവന്ന ഈ കവിത വീണ്ടും വീണ്ടും വായിക്കണം. അവിടെ മനുഷ്യരും ഭൂമിയും അവരുടെ യാതനകളും ദുരന്തചരിത്രത്തിന്റെ ഏടുകളായി ഇഴചേർന്നു കിടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.