ഉത്തരകാലസ്ഥിതികളിലെ നോവൽ സങ്കൽപങ്ങൾ

അർജന്റീനിയൻ എഴുത്തുകാരൻ (സ്പാനിഷ്) പാട്രിസിയോ പ്രോണിന്റെ ‘Don't shed your tears for anyone who lives on these streets’ എന്ന നോവലിന്റെ വായന.‘‘ജരാതുരമായ ലോകം മരിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, പുതിയ ഒന്ന് ജനിക്കുവാൻ വേണ്ടിയുള്ള പോരാട്ടത്തിനുള്ളിലുമാണ്. ഇപ്പോഴിതാ രാക്ഷസപ്പിറവികളുടെ കാലവുമായിരിക്കുന്നു.’’-അന്റോണിയോ ഗ്രാംഷിസമകാലിക ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരൻ പാട്രിസിയോ പ്രോൺ തന്റെ ഏറ്റവും പുതിയ നോവലായ ‘ഈ​ തെരുവുകളിൽ ജീവിക്കുന്ന ആർക്കുവേണ്ടിയും നിങ്ങളുടെ കണ്ണുനീരൊഴുക്കരുത് (Don't Shed Your Tears for Anyone Who Lives on These Streets) എന്ന രചനക്ക് ആമുഖമായി ചേർത്തിരിക്കുന്ന സൂചനയാണിത്. കല ഏതു രീതിയിലാണ് രാഷ്ട്രീയമാകുന്നതെന്നും...

അർജന്റീനിയൻ എഴുത്തുകാരൻ (സ്പാനിഷ്) പാട്രിസിയോ പ്രോണിന്റെ ‘Don't shed your tears for anyone who lives on these streets’ എന്ന നോവലിന്റെ വായന.

‘‘ജരാതുരമായ ലോകം മരിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, പുതിയ ഒന്ന് ജനിക്കുവാൻ വേണ്ടിയുള്ള പോരാട്ടത്തിനുള്ളിലുമാണ്. ഇപ്പോഴിതാ രാക്ഷസപ്പിറവികളുടെ കാലവുമായിരിക്കുന്നു.’’-അന്റോണിയോ ഗ്രാംഷി

സമകാലിക ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരൻ പാട്രിസിയോ പ്രോൺ തന്റെ ഏറ്റവും പുതിയ നോവലായ ‘ഈ​ തെരുവുകളിൽ ജീവിക്കുന്ന ആർക്കുവേണ്ടിയും നിങ്ങളുടെ കണ്ണുനീരൊഴുക്കരുത് (Don't Shed Your Tears for Anyone Who Lives on These Streets) എന്ന രചനക്ക് ആമുഖമായി ചേർത്തിരിക്കുന്ന സൂചനയാണിത്. കല ഏതു രീതിയിലാണ് രാഷ്ട്രീയമാകുന്നതെന്നും രാഷ്ട്രീയം എങ്ങനെയാണ് കുറ്റകൃത്യമാകുന്നതെന്നുമുള്ള സർഗാത്മകമായ അന്വേഷണത്തിന്റെ സാക്ഷാത്കാരമാണീ നോവൽ.

1975ൽ അർജന്റീനയിൽ ജനിച്ച് ഇപ്പോൾ സ്​പെയിനിലെ മഡ്രിഡ് നഗരത്തിൽ താമസിക്കുന്ന പാട്രിസിയോ പ്രോൺ (Patricio Pron) എട്ടു നോവലുകളും ആറ് ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ലോകഭാഷകളിലേക്കിവ പരിഭാഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ‘പാരിസ് റിവ്യൂ’ അടക്കം നിരവധി പ്രശസ്ത ജേണലുകളിൽ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അൽഫാഗുവാറ (Alfaguara Novel Prize) നോവൽ സമ്മാനവും മെക്സിക്കൻ സാഹിത്യപ്രതിഭ ഹുവാൻ റൂൾഫൊയുടെ പേരിലുള്ള പുരസ്കാരവും ഹോസെ മാനുവൽ ലാറ ഫൗണ്ടേഷൻ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

അടുത്തകാലത്ത് തികച്ചും യാദൃച്ഛികമായിട്ടാണീ നോവൽ വായനയുടെ തീരങ്ങൾ സ്പർശിച്ചത്. ‘എന്റെ പിതാവിന്റെ പ്രേതാത്മാവ് മഴയിൽ പിടിച്ചുകയറുകയാണ്’ (My Father's Ghost is Climbing in the Rain) എന്ന മറ്റൊരു നോവലും ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെ ആൽഫ്രഡ് എ നോഫ് (Alfred A Knopf, New York) പ്രസാധകർ അതിമനോഹരമായി തയാറാക്കിയിരിക്കുന്ന നോവൽ സ്പാനിഷ് ഭാഷയിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് മാറാ ഫായി ലെഥെം ആണ് (Mara Faye Lethem).

നോവലിന്റെ പ്രമേയം ഇറ്റലിയിലെ പിനെറോളോയിൽ 1945 ഏപ്രിലിൽ നടന്ന ഫാഷിസ്റ്റ് അനുകൂലികളായ എഴുത്തുകാരുടെ കോൺഫറൻസിൽ പ​ങ്കെടുക്കാനെത്തിയ ഒരെഴുത്തുകാരൻ പെട്ടെന്ന് അപ്രത്യക്ഷനാവുകയും പിന്നീടയാളുടെ മൃതശരീരം കീഴ്കാംതൂക്കായ മലഞ്ചെരിവിൽ കണ്ടെത്തുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള വർഷങ്ങൾക്കുശേഷമുള്ള അന്വേഷണമാണ്​. മുപ്പത് വർഷങ്ങൾക്കുശേഷം ഒരു രാഷ്ട്രീയ ആക്ടിവിസ്റ്റായ ചെറുപ്പക്കാരൻ (അല്ലെങ്കിൽ അയാളൊരു ഭീകരവാദിയുമാകാം) അന്നത്തെ ദുരന്തങ്ങളെ അതിജീവിച്ച പലരെയും നേരിൽ കണ്ട് അഭിമുഖങ്ങൾ നടത്തി ഇതിന്റെ പിന്നിലുള്ള നിഗൂഢതകൾ അറിയാൻ ശ്രമിക്കുന്നു. ഈ എഴുത്തുകാരൻ ആരായിരുന്നു?

അയാളുടെ വിശ്വാസപ്രമാണങ്ങളുടെ പ്രത്യേകതകൾ എന്തായിരുന്നു? എന്തിനാണയാൾ മരണത്തിന്റെ തൊട്ടുമുമ്പ് അയാളെ കൊലചെയ്യാൻ സാധ്യതയുണ്ടായിരുന്ന ഒരു മനുഷ്യനെ രക്ഷപ്പെടുത്തിയത്? എഴുത്തുകാരന്റെ തിരോധാനത്തോടൊപ്പം കാണാതായ അയാളുടെ രചനയുടെ കൈയെഴുത്തുപ്രതിക്കെന്താണ് സംഭവിച്ചത്​? ഇങ്ങ​െന ചെറുപ്പക്കാരന്റെ നീക്കങ്ങൾക്കു മുന്നിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുടെ കണ്ണികൾ തന്നെയുണ്ട്​. വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന കഥാസന്ദർഭങ്ങളുടെ നിഗൂഢതകൾക്കുള്ളിൽ അന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിന്റെ അറിയപ്പെടാതെ കിടന്ന ചരിത്രപശ്ചാത്തലങ്ങളുടെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണുണ്ടായിരുന്നത്. ഒരു വലിയ ലേബ്രിൻതിനുള്ളിൽപെട്ടതുപോലെയാണ് ആസ്വാദകർക്കുണ്ടാകുന്ന അനുഭവങ്ങളുടെ തീവ്രത പങ്കുവെച്ചുതരുന്നത്.

ഈ നോവലിനെക്കുറിച്ച് പ്രത്യേകം സൂചിപ്പിക്കേണ്ട ഒരു കാര്യമുണ്ട്. പിതാക്കൾ ചെയ്ത പാപപ്രവൃത്തികൾ ഈ വിഷാദാത്മകമായ വിവിധ പരമ്പരകളുടെ കുട്ടികളെ വീണ്ടും സന്ദർശിക്കും എന്ന്​ പറഞ്ഞു​െവ​ക്കുന്നു. പ്രോൺ തന്റെ പുതിയ നോവലിലെ പശ്ചാത്തലം കണ്ടെത്താൻ കിഴക്കൻദിക്കിലേക്ക് സഞ്ചരിച്ച് ഇറ്റലിയിൽ എത്തിച്ചേരുകയാണ്. 1978ൽ ചുവപ്പ് ബ്രിഗേഡിന്റെ കാലത്താണിതിന്റെ തലങ്ങൾ ഒന്നൊന്നായി അനാവരണംചെയ്യുന്നത്. പക്ഷേ, പെട്ടെന്നുതന്നെ അത് രണ്ടാം ലോകയുദ്ധത്തിന്റെ കാലത്തേക്കൊരു തിരിഞ്ഞുനോട്ടത്തിന് തയാറാവുന്നു. ഫാഷിസ്റ്റ് എഴുത്തുകാരുടെ സമ്മേളനത്തിൽ പ​ങ്കെടുക്കാൻ അവിടെ​യെത്തിച്ചേർന്ന ഫാഷിസ്റ്റ് എഴുത്തുകാരൻ ലൂക്കാ ബോറല്ലോയുടെ തിരോധാനവും പിന്നീട് മരിച്ചരീതിയിലുള്ള അയാളെ കണ്ടെത്തലും നോവലിന്റെ ഒഴുക്കിന് സ്വാഭാവികമായൊരു മാറ്റം സൃഷ്ടിക്കുന്നു.

അന്വേഷണത്തിന് തയാറായിയിറങ്ങിയവർ അയാളുടെ ശവശരീരം കണ്ടെത്തുമ്പോൾ മരിച്ചയാളുടെ മിഴികൾ ആകാശത്തിലേക്ക് തുറിച്ചുനോക്കുന്ന രീതിയിൽ തുറന്നാണു​ള്ളത്​. അതിന് തൊട്ടുമുമ്പ് അന്നത്തെ ദിവസത്തെ താൽപര്യത്തോടെ വീക്ഷിച്ചിരുന്ന ഒരു ഭാവമാണ് ആ മുഖത്ത് പ്രകടമായിരുന്നത്. ഏകാധിപതിയായ മുസോളിനിയുടെ നാസി പിന്തുണയുള്ള സാലോ റിപ്പബ്ലിക്കിന്റെ തകർച്ച അപ്പോഴേക്കും ആരംഭിച്ചുകഴിഞ്ഞിരുന്നു. കോൺഫറൻസിൽ പ​ങ്കെടുക്കാനെത്തിയവരിലാകെ ഒരു സംഭ്രമമുണ്ട്​. ‘‘ഞങ്ങൾക്ക് പുതിയ തകർച്ചകളാണ് ആവശ്യമായിരുന്നത്. അങ്ങനെയാവുമ്പോൾ ഞങ്ങളുടെ കവിതകൾ അതിനുവേണ്ടി സമർപ്പിക്കുകയുംചെയ്യാമായിരുന്നു’’ –പ​ങ്കെടുത്ത ഒരെഴുത്തുകാരൻ പറഞ്ഞു. പക്ഷേ, അയാൾ ഒരു നിഗൂഢതയെ ഒളിച്ചുവെക്കുന്നതുപോലെയുണ്ടായിരുന്നു.

പിന്നീ​ടൊരു തലമുറക്കു ശേഷമാണ് രക്ഷിക്കപ്പെട്ട ഒരു പോരാളിയുടെ പുത്രൻ മുമ്പത്തെ തലമുറയിലെ സാഹിത്യകൂട്ടായ്മക്ക് ഏതു രീതിയിലാണ് ഫാഷിസത്തോട് അസാധാരണമായ അടുപ്പമുണ്ടായതെന്നതിനെക്കുറിച്ച് അന്ന് അതിജീവിക്കപ്പെട്ടവരുമായുള്ള അഭിമുഖങ്ങളിലൂടെ ശ്രമിക്കുന്നത്. അങ്ങനെ ആ കഥയുടെ അവസാനം ഇന്നത്തെ ഒരവസ്ഥയിലേക്കെത്തിച്ചേരുന്നതെന്നും നമുക്ക് തിരിച്ചറിയാൻ കഴിയും. 1945നും 1978നും ഇടയിലുള്ള ഒരു വലിയ കാലത്തിന്റെ നിശ്ശബ്ദ ഭൂമികയിലേക്കാണയാൾക്ക് ഉദ്വേഗത്തോടെ കടന്നുചെല്ലേണ്ടിയിരുന്നത്.

​േനാവലിസ്റ്റായ പ്രോൺ ഇതുമായി ബന്ധപ്പെട്ട ഓരോ വിശദാംശവും വളരെ ബോധപൂർവമാണ് പുറത്തുകൊണ്ടുവരാൻ തയാറാകുന്നത്. നിഗൂഢതകളെ സ്വയം വികസിതമാകുവാൻ അനുവദിക്കുന്ന ഒരു ശൈലിയാണിവിടെ അദ്ദേഹം ഉപയോഗിക്കുന്നത്. അതിനിടയിൽ ജീവിച്ചിരുന്ന ഒരു വലിയ നിര കഥാപാത്രങ്ങളെ പുനർസൃഷ്ടിക്കാനും അദ്ദേഹം തയാറാവുന്നു. ഇതിനുവേണ്ടി ഭവിതവ്യതാവാദത്തിന്റെ (Futurism) ജനനം മുതൽ ഫാഷിസ്റ്റ് എഴുത്തുകാരുടെ സമ്മേളനവും അൾദോ മോറൊയെന്ന രാഷ്ട്രീയക്കാരന്റെ ചുവപ്പു ബ്രിഗേഡുകൾ നടത്തിയ കൊലപാതകംവരെ വളരെ സൂക്ഷ്മമായ രീതിയിൽ ചിത്രീകരിക്കുന്നു. അയാളുടെ ജീവിതകഥ നോവലിന്റെ ഭാഗമായ ഒരു സസ്​പെൻസായി നിലനിൽക്കുന്നുമുണ്ട്. അത് ഉയർത്തിവിടുന്ന നിരവധി ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താനാവാത്ത വല്ലാത്ത അവസ്​ഥ സൃഷ്ടിക്കുന്ന​ു.

ഒരു ആധുനിക നോവലിൽ കല ഏതു രീതിയിലാണ് രാഷ്ട്രീയമായി മാറുന്നതെന്നും രാഷ്ട്രീയം എങ്ങനെയാണ് കുറ്റകൃത്യമായി രൂപാന്തരപ്പെടുന്നതെന്നുള്ളതിന്റെ സൂക്ഷ്മമായ നിദാനങ്ങൾ ഈ രചന പങ്കുവെക്കുന്നു. രാഷ്ട്രീയത്തിലെ കുറ്റവാസനയുടെ രൂപങ്ങൾ അതുൾക്കൊണ്ടു കഴിയുമ്പോൾ അരാഷ്ട്രീയത്തെ കലക്ക് ഏതാണ്ട് സമാനമായി മാറ്റിയെടുക്കുന്ന ഒരു ദർശനവും നോവലിസ്റ്റ് അവതരിപ്പിക്കുന്നു. ബോറല്ലോ ലൂക്കായുടെ തിരോധാനത്തിന് മുന്നിലും മരണത്തിനുള്ളിലും ചില നിഗൂഢതകൾ കോൺഫറൻസിൽ പ​ങ്കെടുക്കാനെത്തിയവർ സംശയിച്ചിട്ടുണ്ടാകാം. ഒരു യഥാർഥ ഫാഷിസ്റ്റായിരുന്നോ അയാൾ?

അയാൾക്ക് ഏതെങ്കിലും വിപ്ലവ സമൂഹവുമായി രഹസ്യബന്ധമുണ്ടായിരുന്നോ. കലയും രാഷ്ട്രീയവും തമ്മിൽ അരങ്ങേറുന്ന ഒരു പിന്നാമ്പുറക്കളിയുടെ ഇരയായിട്ടയാൾ വന്നുപെടുകയായിരുന്നോ. ഒരു സമൂഹത്തിനോ ലോകത്തിനോ ഇതിനൊരുത്തരം നൽകാനും കഴിയില്ലെന്ന് അ​േന്വഷണം നടത്തുന്ന മനുഷ്യൻ തിരിച്ചറിയുന്നുമുണ്ട്. രാഷ്ട്രീയപരമായും വൈകാരികമായും സജീവമായ ഒരു ജീവിതമാണ് ബൊറോസാ ആഗ്രഹിച്ചിരുന്നത്. അതിന്റെ കാലയളവിനെക്കുറിച്ചയാൾക്ക് ആശങ്കയുണ്ടായിരുന്നില്ല. കലയും കലാപരമായ നിർമിതിയുമാണയാളെ ആവരണംചെയ്തിരുന്നത്. ഭാവിയിൽ (2014ൽ) മിലാൻ നഗരത്തിലെ ഒരു പ്രകടനം ഇതിന്റെ പ്രതീകമായി സംഭവിക്കുമെന്നയാൾ വിശ്വസിക്കുന്നു. അതിന് വേറിട്ടൊരു പേരു നൽകുവാനയാൾ ആഗ്രഹിക്കുന്നുമില്ല.

ബൊറോസൊയുടെ ശവശരീരം കണ്ടെത്തിയതിനെക്കുറിച്ച് കലോസോയും കൂട്ടരും വെളിപ്പെടുത്തുന്നതിന്റെ നിയോഗങ്ങൾ നോവലിലെ പ്രധാനപ്പെട്ട ഭാഗങ്ങളാണ്. ആറ്റിലോ ടെസോറിയുടെ ഓർമകളിൽ പഴയകാലത്തിന്റെ അനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലുകളുണ്ട്. കലയെപ്പോഴും അശാന്തിയുടെ ജാലകങ്ങൾ തുറന്നുവരുന്നവയാണ്. കലയും ജീവിതവും സം​യോജിക്കുമ്പോൾ അതൊരു ഭ്രമാത്മകതയുടെ ദർശനമാണ് പങ്കുവെക്കുന്നത്. ശരിക്കും അസാധ്യമെന്ന് തോന്നാവുന്ന ഒരു ഭ്രമാത്മകത തന്നെയാണത്. അല്ലെങ്കിൽ ആരും നിരീക്ഷിക്കാൻ മടിക്കുന്ന അഗാധഗർത്തം തന്നെയായത് നിലനിൽക്കുന്നു. നാം ഭയത്തിൽനിന്നും പിന്തിരിഞ്ഞോടി അഭയം കണ്ടെത്തുവാൻ ശ്രമിക്കുന്ന ഒരിടം.

 

നാമെന്തിനൊക്കെയോ വേണ്ടിയുള്ള ഒരു പോരാട്ടത്തിലായിരുന്നുവെന്നുള്ളത് അഭിമുഖത്തിൽ പലരും സമ്മതിക്കുന്നുണ്ട്. പക്ഷേ, ‘‘ഞങ്ങൾ ഞങ്ങൾക്കുവേണ്ടി മാത്രമുള്ള ഒരു പോരാട്ടത്തിലായിരുന്നു. ഞങ്ങളുടെ യുവത്വവും അനന്യതയും നിലനിർത്തുവാനുള്ള ഒരു പോരാട്ടം സംഭവിച്ചത് ശരിക്കും നഷ്ടബോധത്തിന്റെ ഒരു വേദനിപ്പിക്കുന്ന ഓർമ മാത്രമായിരുന്നു.’’ അമേരിക്കൻ കവി എസ്ര പൗണ്ട് ഇയൊരു കോൺഫറൻസിൽ കാ ണിച്ചിരുന്ന താൽപര്യവും അവരുടെ നിലനിൽപുമൊക്കെ അന്വേഷണത്തിന്റെ പാതയിൽ കടന്നുവരുന്നു. ഒരു ചുരുങ്ങിത്താഴുന്ന ഭൂമികയിലെ കുറച്ച് ഇറ്റാലിയൻ എഴുത്തുകാരുടെ ആകാംക്ഷകൾക്കപ്പുറം എസ്ര പൗണ്ട് ഇതിന്റെ വികാസത്തിൽ മുഖ്യമായ പങ്കുവഹിക്കുകയും ചെയ്തിരുന്നു.

ജീവിച്ചിരുന്ന മഹാപ്രതിഭകളും ചരിത്രവും ചേർന്നൊരുക്കുന്ന ഒരു വിഷമവൃത്തത്തിന്റെ ഞെട്ടിപ്പിക്കുന്ന ഓർമകൾ അന്വേഷകന്റെ ബോധതലങ്ങളിൽ ആവരണംചെയ്തുനിൽക്കുന്നു. ഏറെ അന്വേഷണങ്ങൾക്കു ശേഷവും ഒരിക്കലും കണ്ടെത്താനാവാത്ത ചില നിഗൂഢതകൾ ബോറല്ലോയുടെ തിരോധാനത്തെയും മരണത്തെയും ആവരണംചെയ്തു നിൽക്കുന്നുണ്ടെന്നുള്ളത് വേദനിപ്പിക്കുന്ന ഒരു തിരിച്ചറിവായി മാറുന്നു. ഒന്നുകിൽ നിഗൂഢത അയാൾ തന്നെയായിരുന്നു. അല്ലെങ്കിലത് അയാൾക്കുള്ളിൽതന്നെയായിരുന്നു. ഒരിക്കലുമത് തിരിച്ചറിയാനും പോകുന്നില്ല.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തി നിൽക്കുന്ന സമകാലിക നോവൽ ആഖ്യാനത്തിന്റെയും ​ശൈലിയുടെയും കാര്യത്തിൽ ബഹുദൂരം പിന്നിട്ടിരിക്കുന്നു. പാട്രിസിയോ പ്രോൺ തന്റെ നോവലിലൂടെ ഇത് തെളിയിച്ചിരിക്കുന്നു. സ്പാനിഷ് സമകാലിക സാഹിത്യത്തിന്റെ വികാസത്തിൽ ഈയെഴുത്തുകാരൻ തന്റെ രചനകൾകൊണ്ട് പ്രശസ്തിയുടെ കൊടുമുടികൾ കയറിയിരിക്കുന്നു. പരിഭാഷയും മികച്ചതാണ്, വായനയെ അതൊരിക്കലും ദുഷ്‍കരമാക്കുന്നില്ല.

Tags:    
News Summary - weekly literature book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.