ഹോങ്കോങ്ങിലെ നവ എഴുത്തുകാരിൽ ശ്രദ്ധേയയായ ലാവ് യീ-വാ (Lau Yee-Wa) എഴുതിയ ‘ടങ് ലെസ്’ (Tongueless) എന്ന നോവൽ വായിക്കുന്നു.ഒരു പ്രദേശത്തെയും അവിടത്തെ ജനതയെയും അടയാളപ്പെടുത്തുന്നതിൽ ഭാഷക്കുള്ള സ്ഥാനം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. സാംസ്‌കാരിക അധിനിവേശത്തിനുള്ള എളുപ്പമാർഗങ്ങളിലൊന്നാണ് ഭാഷയെ ഇല്ലാതാക്കുക എന്നത്. ഹോങ്കോങ്ങിലെ സമകാലിക രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ വളരെ പ്രസക്തമായ ഈ വിഷയമാണ് ഹോങ്കോങ്ങിലെ നവ എഴുത്തുകാരിൽ ശ്രദ്ധേയയായ ലാവ് യീ-വാ (Lau Yee-Wa) തന്റെ ‘ടങ്ലെസ്’ (Tongueless) എന്ന നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്.ചൈനീസ് ഭാഷയും സാഹിത്യവും ഹോങ്കോങ്ങിലെ ചൈനീസ് സർവകലാശാലയിൽനിന്ന് തത്ത്വചിന്തയും പഠിച്ച ലാവ്...
ഹോങ്കോങ്ങിലെ നവ എഴുത്തുകാരിൽ ശ്രദ്ധേയയായ ലാവ് യീ-വാ (Lau Yee-Wa) എഴുതിയ ‘ടങ് ലെസ്’ (Tongueless) എന്ന നോവൽ വായിക്കുന്നു.
ഒരു പ്രദേശത്തെയും അവിടത്തെ ജനതയെയും അടയാളപ്പെടുത്തുന്നതിൽ ഭാഷക്കുള്ള സ്ഥാനം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. സാംസ്‌കാരിക അധിനിവേശത്തിനുള്ള എളുപ്പമാർഗങ്ങളിലൊന്നാണ് ഭാഷയെ ഇല്ലാതാക്കുക എന്നത്. ഹോങ്കോങ്ങിലെ സമകാലിക രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ വളരെ പ്രസക്തമായ ഈ വിഷയമാണ് ഹോങ്കോങ്ങിലെ നവ എഴുത്തുകാരിൽ ശ്രദ്ധേയയായ ലാവ് യീ-വാ (Lau Yee-Wa) തന്റെ ‘ടങ്ലെസ്’ (Tongueless) എന്ന നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്.
ചൈനീസ് ഭാഷയും സാഹിത്യവും ഹോങ്കോങ്ങിലെ ചൈനീസ് സർവകലാശാലയിൽനിന്ന് തത്ത്വചിന്തയും പഠിച്ച ലാവ് യീ-വായിക്ക് 2016ൽ ചൈനീസ് ഭാഷയിലെ സർഗാത്മക എഴുത്തിനുള്ള ഹോങ്കോങ് ചാമ്പ്യൻ അവാർഡ് ലഭിച്ചിട്ടുണ്ട്. 2024ലെ പെൻ വിവർത്തക പുരസ്‌കാരം (The PEN Translation Prize) ലഭിച്ച കൃതിയാണ് ‘ടങ്ലെസ്’. ജെന്നിഫർ ഫീലേയ് (Jennifer Feeley) ആണ് നോവൽ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്തത്. ഭാഷ കൈമോശം വന്നവർ എന്നോ പ്രതികരണശേഷി ഇല്ലാത്തവർ എന്നോ ‘ടങ്ലെസ്’ (Tongueless) എന്ന പേരിനെ വ്യാഖ്യാനിക്കാം.
ആഴത്തിലുള്ള രാഷ്ട്രീയ നിരീക്ഷണങ്ങളും ഹോങ്കോങ്ങിൽ നിലനിൽക്കുന്ന സാമൂഹിക അസന്തുലിതാവസ്ഥയുടെ പ്രതിഫലനങ്ങളുംകൊണ്ട് സമ്പന്നമാണ് ‘ടങ്ലെസ്’. ഔദ്യോഗികരംഗത്തെ കിടമത്സരങ്ങളും ഹോങ്കോങ് നിവാസികളുടെ ഉപഭോഗ സംസ്കാരവും പാശ്ചാത്യ ആഡംബര ബ്രാൻഡുകളോടുള്ള ആസക്തിയുമെല്ലാം ഈ നോവലിന്റെ വിഷയങ്ങളാണ്.
സമീപകാലത്തു ഹോങ്കോങ്ങിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹിക മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വേണം ‘ടങ്ലെസ്’ വായിക്കേണ്ടത്. ഏകദേശം ഒന്നരനൂറ്റാണ്ടോളം തങ്ങളുടെ കോളനിയായിരുന്ന ഹോങ്കോങ്ങിനെ 1997ലാണ് ബ്രിട്ടൻ ചൈനക്ക് മടക്കിനൽകിയത്. ബ്രിട്ടനും ചൈനയുമായുള്ള കൈമാറ്റക്കരാർപ്രകാരം അമ്പതു വർഷത്തേക്ക് ഹോങ്കോങ് ചൈനയുടെ ഭാഗമായ സ്വയംഭരണ പ്രദേശമാണ്. ഇക്കാലയളവിൽ ഹോങ്കോങ്ങിൽ നിലവിലുള്ള രീതികൾ തുടരാനാകും.
എന്നാൽ കരാറിൽ പറഞ്ഞ അമ്പതുവർഷം പൂർത്തിയാകുന്നതിനു മുമ്പുതന്നെ ഹോങ്കോങ്ങിന്റെ ആഭ്യന്തരകാര്യങ്ങളിൽ ചൈന ഇടപെട്ടു തുടങ്ങിയതിനു കഴിഞ്ഞ ദശകം സാക്ഷ്യം വഹിച്ചു. ബ്രിട്ടീഷ് ഭരണത്തിൻകീഴിലെ ഹോങ്കോങ്ങിൽ ഇംഗ്ലീഷ് ഭാഷക്കുണ്ടായിരുന്ന പ്രാധാന്യം കുറയുകയും മെയിൻലാൻഡ് ചൈനയിലെ ഭാഷയായ മാൻഡറിൻ തൽസ്ഥാനത്തേക്ക് ഉയർന്നുവരുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഹോങ്കോങ്ങിന്റെ തനതു ഭാഷയായ കാന്റണീസിനു പകരം മാൻഡറിൻ ഉപയോഗിക്കാൻ ഹോങ്കോങ്ങുകാർ നിർബന്ധിതരാകുന്നു.
സിങ് ഡിൻ എന്ന സെക്കൻഡറി സ്കൂളിലെ ചൈനീസ് ഡിപ്പാർട്മെന്റാണ് ‘ടങ്ലെസി’ന്റെ കഥാപരിസരം. ഹോങ്കോങ്ങിൽ ചൈനീസ് പഠനത്തിന് മെയിൻലാൻഡ് ചൈനയിലെ ഭാഷയായ മാൻഡറിനോ ചൈനീസ് ഭാഷയുടെ ഹോങ്കോങ്ങിലുപയോഗിക്കുന്ന വകഭേദമായ കാന്റണീസോ ഉപയോഗിക്കാവുന്നതാണ്. സിങ് ഡിൻ സെക്കൻഡറി സ്കൂളിൽ കാന്റണീസിലാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അവിടത്തെ മിക്ക അധ്യാപകർക്കും കാന്റണീസിലാണ് പ്രാവീണ്യമുള്ളത്. തൽക്കാലം മാൻഡറിനിലേക്കു മാറാൻ സിങ് ഡിൻ സ്കൂളിന് ഉദ്ദേശ്യമില്ലെന്നാണ് അവിടത്തെ പ്രിൻസിപ്പൽ നിലപാടെടുത്തിരുന്നത്. ഈ സാഹചര്യത്തിലാണ് വായ് (Wai) എന്ന അധ്യാപിക കരാർ അടിസ്ഥാനത്തിൽ അവിടെ ജോലിക്കെത്തുന്നത്. ‘‘ഒന്നും സംഭവിച്ചിട്ടില്ല എന്നതുപോലെ ആയിരുന്നു കാര്യങ്ങൾ’’ (IT WAS AS IF NOTHING had happened) എന്ന ശ്രദ്ധേയമായ ഒരു പ്രസ്താവനയിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. ബ്രിട്ടീഷ് ഭരണം അവസാനിച്ചതിനുശേഷമുള്ള ഹോങ്കോങ്ങിന്റെ രാഷ്ട്രീയ പശ്ചാത്തലവുമായി ഇതിനെ ചേർത്തുവായിക്കാവുന്നതാണ്.
സംഭവിച്ച കാര്യത്തെപ്പറ്റി എല്ലാവർക്കും അറിയാമെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല എന്നപോലെയായിരുന്നു ചൈനീസ് ഡിപ്പാർട്മെന്റിലെ അധ്യാപകരുടെ പെരുമാറ്റം. അഥവാ ആർക്കും അതേപ്പറ്റി ചിന്തിക്കാൻ സമയമില്ലായിരുന്നു. വായ് എന്ന അധ്യാപികയുടെ മരണത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. തന്റെ ഇരിപ്പിടത്തിനു ചുറ്റും വായ് കണ്ണാടികൾ പതിപ്പിച്ചിരുന്നു. എത്ര തടുക്കാൻ ശ്രമിച്ചിട്ടും ആ കണ്ണാടിയിൽനിന്നുള്ള പ്രതിഫലനങ്ങൾ അവരെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. വായ് ആത്മഹത്യ ചെയ്തിട്ടു മാസങ്ങളായിട്ടും അവരുടെ മേശപ്പുറം അങ്ങേയറ്റം വൃത്തിയോടെ കാണപ്പെട്ടു.
അടുക്കും ചിട്ടയും കഠിനാധ്വാനവും സ്ഥിരോത്സാഹവും വായിയുടെ മുഖമുദ്രകളായിരുന്നു. എന്നാൽ, മറ്റുള്ളവരിൽ മതിപ്പുണ്ടാക്കുന്ന രീതിയിൽ പെരുമാറാനും മോടിയിൽ വസ്ത്രധാരണംചെയ്യാനും അവർക്കറിയില്ലായിരുന്നു. പൊതുവായ താൽപര്യങ്ങൾ കണ്ടെത്തി സഹപ്രവർത്തകരോട് സൗഹൃദം സ്ഥാപിക്കുന്നതിലും വായ് താൽപര്യം കാണിച്ചുമില്ല. എന്നാൽ, ഇതിനെല്ലാം വിപരീതമായിരുന്നു വായിയുടെ സീറ്റിനു തൊട്ടടുത്തിരുന്ന ലിങ് (Ling) എന്ന അധ്യാപികയുടെ രീതികൾ. ലിങ് എപ്പോഴും മുന്തിയ ബ്രാൻഡുകളുടെ വസ്ത്രങ്ങളും ബാഗുകളും ഉപയോഗിച്ചു. സഹപ്രവർത്തകരുടെ താൽപര്യങ്ങൾ മനസ്സിലാക്കി അതേപ്പറ്റി അവരോടു സംസാരിച്ച് എല്ലാവരുടെയും സൗഹൃദം നേടിയെടുത്തു. പ്രിൻസിപ്പലിന്റെ സെക്രട്ടറിയായ ഐവിയെ ഇത്തരത്തിൽ കൂടെക്കൂട്ടുന്നത് ഓഫിസിലെ രഹസ്യങ്ങളും തീരുമാനങ്ങളും അറിയാൻ അവരെ സഹായിക്കുന്നുണ്ട്.
വായ് ആദ്യമായി സ്കൂളിൽ വന്ന ദിവസത്തെ ലിങ് ഓർത്തെടുക്കുന്നുണ്ട്. വന്നയുടൻ അവർ തനിക്ക് മാൻഡറിൻ പഠിച്ചെടുക്കണമെന്നും ആ ഭാഷയിലാകും താൻ സംസാരിക്കുകയെന്നും ലിങ്ങിനോടു പറയുന്നു. ആദ്യസംഭാഷണം ഇതിൽപരം അരസികമാകാനില്ല എന്നാണ് ലിങ് ആ സമയം ചിന്തിക്കുന്നത്. ആ കാലത്ത് സ്കൂളിൽ ചൈനീസ് വിഭാഗത്തിൽ മാൻഡറിൻ ഉപയോഗിച്ചുതുടങ്ങിയിരുന്നില്ല. മാറ്റങ്ങൾ മുൻകൂട്ടിക്കണ്ട് സ്വയം മാറാൻ തയാറെടുക്കുകയാണ് വായ്. എന്നാൽ എത്രകണ്ടു പരിശ്രമിച്ചിട്ടും അവർ അതിൽ പരാജയപ്പെടുന്നു. വായ് സ്വയം പഠിച്ചെടുത്ത മാൻഡറിൻ തെറ്റുകൾ നിറഞ്ഞതായിരുന്നു. മെയിൻലാൻഡ് ചൈനയിൽനിന്നുള്ളവരെ പോലെ ആ ഭാഷ ഉപയോഗിക്കാൻ അവർക്കു കഴിഞ്ഞില്ല. ലിങ് ആകട്ടെ മാറിയ സാഹചര്യങ്ങളെ തന്ത്രങ്ങൾകൊണ്ടു പ്രതിരോധിക്കാനാകുമെന്നാണു കണക്കുകൂട്ടുന്നത്.
പ്രിൻസിപ്പലിനോടും ചൈനീസ് വിഭാഗം മേധാവിയോടും നല്ല ബന്ധം പുലർത്തിയിരുന്ന ലിങ്ങിനെ ചോദ്യംചെയ്യാൻ ആരും ധൈര്യപ്പെട്ടില്ല. ജീവിതത്തിൽ വിജയിക്കാൻ കഴിവുമാത്രം പോരാ, കൗശലവും വേണമെന്ന് ലിങ്ങിന്റെ അമ്മ അവരെ പഠിപ്പിച്ചിരുന്നു. പരീക്ഷകളിൽ ഉയർന്ന മാർക്കുകൾ വാങ്ങാൻ ലിങ് കുട്ടികളെ പ്രാപ്തരാക്കി. ഉയർന്ന മാർക്കുകൾ വാങ്ങുന്നതിനപ്പുറം പഠനത്തിന് എന്തെങ്കിലും ലക്ഷ്യമുള്ളതായി അവർ കരുതിയില്ല.
എല്ലാവർക്കും വോട്ടവകാശമെന്ന ആവശ്യത്തിനായി ഹോങ്കോങ്ങിൽ പ്രക്ഷോഭങ്ങൾ നടക്കുമ്പോഴും ആ നാട്ടിലെ വലിയൊരു വിഭാഗം ജനങ്ങൾ രാഷ്ട്രീയത്തിൽനിന്ന് അകലം പാലിക്കുന്നുവെന്നത് വസ്തുതയാണ്. അത്തരത്തിൽ പ്രതികരിക്കാത്തവരുടെ പ്രതിനിധികളാകണം വായിയും ലിങ്ങും. നോവലിലെവിടെയും അവർ രണ്ടുപേരും ഗവൺമെന്റിനെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയോ ഗവൺമെന്റിനെ അനുകൂലിക്കുകയോ ചെയ്യുന്നില്ല.
പ്രിൻസിപ്പലിന്റെ സെക്രട്ടറിയായ ഐവിയുമായുള്ള ഒരു സൗഹൃദ സംഭാഷണത്തിനിടയിലാണ് സ്കൂളിലെ ചൈനീസ് പഠനഭാഷയായി മാൻഡറിൻ ഉപയോഗിക്കാൻ പ്രിൻസിപ്പൽ ആലോചിക്കുന്നതായി ലിങ് അറിയുന്നത്. വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാശുദ്ധിക്ക് പ്രാധാന്യം കൊടുക്കുന്ന സിങ് ഡിൻ സ്കൂളിൽ ചൈനീസ് ഭാഷയും ചൈനീസ് ചരിത്രവും ഒഴികെയുള്ള എല്ലാ വിഷയങ്ങളും ഇംഗ്ലീഷിലാകും പഠിപ്പിക്കുക എന്ന് പ്രിൻസിപ്പൽ മുമ്പ് ആവർത്തിച്ചു പറഞ്ഞിരുന്നു. മറ്റു ചില സ്കൂളുകൾ ചെയ്യുന്നപോലെ ചൈനീസ് ഭാഷയും ചരിത്രവും പഠിപ്പിക്കാൻ സിങ് ഡിൻ സ്കൂൾ മാൻഡറിൻ ഉപയോഗിക്കുകയില്ലെന്നും ഹോങ്കോങ്ങിന്റെ സംസ്കാരത്തിന്റെ ഭാഗമായ കാന്റണീസ് ഭാഷക്കുവേണ്ടി തങ്ങൾ നിലകൊള്ളുമെന്നും അവർ രണ്ടുവർഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു.
അന്ന് ആ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടതോടെ സ്കൂൾ പെട്ടെന്ന് പ്രശസ്തമാകുകയും പ്രിൻസിപ്പലുമായുള്ള അഭിമുഖത്തിന് മാധ്യമങ്ങൾ മത്സരിക്കുകയും ചെയ്തിരുന്നു. അതേ പ്രിൻസിപ്പൽ ഇപ്പോൾ പഠനമാധ്യമം മാൻഡറിനിലേക്കു മാറ്റാൻ പോകുന്നുവെന്നു കേട്ട് ലിങ് അത്ഭുതപ്പെടുന്നു. ‘പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാൽ മതി’യെന്നാണ് ഇതേപ്പറ്റി അവൾ ചിന്തിക്കുന്നത്. മാവോക്കു ശേഷം ചൈനയിൽ അധികാരത്തിൽ വന്ന ഡെങ് ഷാഓ പിങ്ങിന്റെ (Deng Xiaoping) പ്രശസ്തമായ ഉദ്ധരണി നോവലിസ്റ്റ് ഇവിടെ സന്ദർഭോചിതമായി ഉപയോഗിച്ചിരിക്കുന്നു.
ഇപ്പോഴത്തെ പ്രിൻസിപ്പലിനു മുമ്പ് സിങ് ഡിൻ സ്കൂളിന്റെ മേധാവി ഒരു ബ്രിട്ടീഷുകാരനായിരുന്നു. സ്കൂളിന്റെ ഇംഗ്ലീഷ് വിദ്യാഭ്യാസം മറ്റു സ്കൂളുകളേക്കാൾ മുന്നിലാണെന്ന് പരസ്യപ്പെടുത്താനായിരുന്നു ഇംഗ്ലീഷുകാരനായ പ്രിൻസിപ്പലിനെ സ്‌കൂൾ അധികൃതർ അന്നു നിയമിച്ചത്. രാജ്യത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ മാറുന്നതിനനുസരിച്ചു വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റം വരുത്തുന്നതും അധ്യാപകരും വിദ്യാർഥികളും അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതും നോവലിൽ ഹൃദയസ്പർശിയായി ചിത്രീകരിച്ചിട്ടുണ്ട്.
‘ടങ്ലെസ്’ എന്ന നോവലിനു രണ്ടു ഭാഗങ്ങളാണുള്ളത്. ആദ്യഭാഗത്തിനു വായിയും ലിങ്ങും എന്നും രണ്ടാം ഭാഗത്തിന് ലിങ്ങും വായിയുമെന്നുമാണ് പേര്. വായിയുടെ ആത്മഹത്യവരെയുള്ള സംഭവങ്ങളാണ് ആദ്യഭാഗത്തിൽ വിവരിച്ചിരിക്കുന്നത്. വായിയുടെ അമ്മയും ചൈനീസ് വിഭാഗത്തിലെ മറ്റധ്യാപകരും ഉൾെപ്പടെ അനേകം കഥാപാത്രങ്ങൾകൊണ്ട് സമ്പുഷ്ടമാണ് ഒന്നാം ഭാഗം.
ചൈനീസ് ഡിപ്പാർട്മെന്റിൽ കാന്റണീസിനു പകരം മാൻഡറിൻ ഉപയോഗിക്കാൻ പ്രിൻസിപ്പൽ തീരുമാനിക്കുന്നതിനു മുമ്പുതന്നെ വായ് വരാനിരിക്കുന്ന മാറ്റങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ട് മാൻഡറിൻ സംസാരിക്കാനും ആ ഭാഷ പഠിപ്പിക്കാനുള്ള യോഗ്യതാപരീക്ഷ പാസാകാനും കിണഞ്ഞു പരിശ്രമിക്കുന്നു. ഹോങ്കോങ്ങിൽ അധ്യാപകർക്ക് മാൻഡറിൻ പഠിപ്പിക്കാൻ യോഗ്യത നേടണമെങ്കിൽ ഹോങ്കോങ് വിദ്യാഭ്യാസ കാര്യാലയം നടത്തുന്ന ഭാഷാനിപുണത മൂല്യനിർണയ പരീക്ഷ (LPAT – Language Proficiency Assessment Test) പാസാകണം. വായ് ഈ പരീക്ഷ പാസാകാൻവേണ്ടി കഠിനാധ്വാനംചെയ്തു.
പുറമെ അവരെ ഏൽപിക്കുന്ന പാഠ്യേതര ഉത്തരവാദിത്തങ്ങൾ നൂറു ശതമാനം ആത്മാർഥതയോടെ അവർ ചെയ്യുന്നുമുണ്ട്. സഹപ്രവർത്തകരോടു സംസാരിക്കാൻ വായ് നിർബന്ധമായി മാൻഡറിൻ ഭാഷ ഉപയോഗിച്ചു. മാൻഡറിനിൽ താൻ പറയുന്നത് മറ്റുള്ളവർ പൂർണമായി ഉൾെക്കാള്ളുന്നില്ലെന്നു കണ്ടിട്ടും വായ് കാന്റണീസ് ഭാഷ ഉപയോഗിച്ച് ആശയവിനിമയം നടത്താൻ കൂട്ടാക്കിയില്ല. ഇക്കാരണത്താൽതന്നെ ചൈനീസ് വിഭാഗത്തിലെല്ലാവരും അവരെ വെറുക്കാൻ തുടങ്ങി.
ലിങ്ങിന്റെ സൗഹൃദം നേടിയെടുക്കാനായി വായ് അവരുടെ ജോലികൾകൂടി ഏറ്റെടുത്തു ചെയ്യുന്നു. ലിങ് ഇത് മുതലെടുത്ത് ഏറെക്കാലം തന്റെ ഉത്തരവാദിത്തങ്ങൾ വായിയെ ഉപയോഗിച്ചു നിറവേറ്റുന്നുണ്ട്. എന്നാൽ കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ഒരു അധ്യാപികയെ ചൈനീസ് വിഭാഗത്തിൽനിന്ന് ഒഴിവാക്കിയേക്കുമെന്ന് ഐവി വഴി അറിയാൻ ഇടയായ ലിങ് ആസൂത്രിതമായ നീക്കങ്ങളിലൂടെ വായിയെക്കുറിച്ചു സഹപ്രവർത്തകർക്കിടയിൽ മോശമായ ധാരണ ഉണ്ടാക്കിയെടുക്കുന്നു. ഒടുവിൽ തന്റെ കരാർ പുതുക്കപ്പെടില്ലെന്ന് മനസ്സിലായ വായ് ലോകത്തിനു മുന്നിൽ തന്റെ ആത്മഹത്യ തത്സമയം കാണിച്ചുകൊണ്ട് മരണത്തിലേക്കു നടന്നുകയറുന്നു. ‘‘ഞാൻ വിഡ്ഢിയായാണ് ജനിച്ചത്. എന്റെ തലച്ചോറ് മാറ്റിവെക്കപ്പെടേണ്ടതുണ്ട്’’ എന്നു പറഞ്ഞുകൊണ്ട് ഒരു ഡ്രിൽ ഉപയോഗിച്ച് നെറ്റി തുളച്ചുകൊണ്ടാണ് വായ് ആത്മഹത്യചെയ്യുന്നത്.
തങ്ങൾ ജനിച്ചകാലത്തെ രാഷ്ട്രീയ മാറ്റങ്ങൾ കാരണം സ്വന്തം ഭാഷയും സ്വത്വവും നഷ്ടപ്പെട്ട ഒരു തലമുറയുടെ പ്രതിനിധിയാണ് വായ്. കരാർ പുതുക്കാൻ കഴിയാത്തതിന്റെ പേരിൽ ആത്മഹത്യചെയ്യുന്ന വായ് തുടർച്ചയായ പ്രക്ഷോഭങ്ങളിലൂടെ ഗതകാലപ്രൗഢി നഷ്ടമായിക്കൊണ്ടിരിക്കുന്ന ഹോങ്കോങ്ങിനെ ഓർമിപ്പിക്കുന്നുണ്ടോ എന്ന് ഒരുവേള വായനക്കാർ സംശയിച്ചേക്കാം.
‘നിങ്ങൾ എന്താണോ ധരിക്കുന്നത് അതാണ് നിങ്ങൾ’ എന്നു വിശ്വസിച്ച ലിങ്, മികച്ച ബ്രാൻഡുകളുടെ വസ്ത്രങ്ങൾ തന്നെ തനിക്കായി തിരഞ്ഞെടുക്കാൻ ശ്രദ്ധിച്ചു. ഒഴിവുസമയങ്ങളിൽ അവർ ഫാഷൻ മാസികകൾ വായിച്ചു. ജോലിയിലെ സമ്മർദങ്ങളും ലിങ്ങിന്റെ വസ്ത്രധാരണ ഭ്രമത്തിനു കാരണമായിരുന്നു. ഒരിക്കൽ ഒരു സൗന്ദര്യസംവർധക ചികിത്സക്കിടയിൽ തനിക്കു വളരെ വേദന അനുഭവിക്കേണ്ടിവന്നുവെന്ന് ലിങ് സഹപ്രവർത്തകരോടു പറയുന്നുണ്ട്. ഇത് കേൾക്കാനിടയായ വായ് ‘‘എന്തിനാണ് നിങ്ങൾ സ്വയം വേദനിപ്പിക്കുന്നത്?’’ എന്നു ലിങ്ങിനോടു ചോദിക്കുന്നു. അതുകേട്ട് എല്ലാവരും അവരെ പരിഹസിച്ചു ചിരിക്കുന്നു. അതേ വായ് തന്നെയാണ് ഏറ്റവും ഭയാനകമായ, വേദനജനകമായ രീതിയിൽ സ്വന്തം ജീവൻ അവസാനിപ്പിച്ചതെന്നത് വിരോധാഭാസം. കഥയിലൊരിടത്ത് തന്റെ മേശമേലെത്തിയ ഉറുമ്പിനെ ഒരു അടപ്പുകൊണ്ടടച്ചു ലിങ് കുരുക്കിലാക്കുന്നതും ഒടുവിൽ അതിനെ ചതച്ചുകൊല്ലുന്നതും കാണാം. ലിങ് വായിയോട് ചെയ്തതും ഏകദേശം സമാനമായ പ്രവൃത്തിതന്നെ.
നോവലിന്റെ രണ്ടാം ഭാഗത്തിൽ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാതെ ലിങ്ങിന്റെ ജീവിതം സംഘർഷഭരിതമാകുന്നു. ലിങ്ങിന്റെ അമ്മയുടെ വാടകമുറികളിലെ അന്തേവാസികളിലൂടെ മാറിയ സാഹചര്യങ്ങളിൽ ഹോങ്കോങ്ങിലേക്കു കുടിയേറുന്നവർ നിലനിൽപ്പിനായി സഹിക്കേണ്ടിവരുന്ന ബദ്ധപ്പാടുകളിലേക്ക് നോവൽ വെളിച്ചംവീശുന്നുണ്ട്. ഭാവിയെക്കുറിച്ചുള്ള ആശങ്കയിൽ ലിങ് മുഖംനോക്കി ഫലം പറയുന്ന ഒരാളെ കാണുന്നു. അയാളുടെ ഉപദേശപ്രകാരം പ്ലാസ്റ്റിക് സർജറി ചെയ്തു സ്വന്തം മുഖച്ഛായ മാറ്റുകയാണ് അവർ. മെയിൻലാൻഡ് ചൈനയിൽനിന്നുള്ള കുടിയേറ്റവും മാൻഡറിൻ വിദ്യാഭ്യാസവുമൊക്കെയായി മുഖച്ഛായ മാറിക്കൊണ്ടിരിക്കുന്ന ഹോങ്കോങ്ങുമായി ഇവിടെ ലിങ്ങിനു സമാനതകൾ കാണാം. ഒപ്പം മുഖച്ഛായ മാറ്റിയാലും ഒരാളുടെയോ നാടിന്റെയോ സ്വത്വം മാറുന്നില്ല എന്ന ഓർമപ്പെടുത്തലും ഇവിടെയുണ്ട്.
കഥാപാത്രങ്ങളിൽ പ്രശ്നക്കാരനായ കുട്ടിയെന്നറിയപ്പെടുന്ന ചോയി സ്യൂ ഹിൻ (Tsui Siu-Hin) ഒഴികെ ആരും അവിടെ നടക്കുന്ന ഒന്നിനെയും എതിർക്കാനോ ശബ്ദമുയർത്താനോ ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. അമ്പതു വർഷത്തെ സ്വയംഭരണ കാലാവധി പൂർത്തിയാകുന്നതിനു മുമ്പേ ഹോങ്കോങ് ഭരണത്തിൽ ചൈനീസ് കടന്നുകയറ്റമുണ്ടായതിനെ എതിർത്ത സ്കൂൾ വിദ്യാർഥികളെ കലാപകാരികളെന്നു മുദ്രകുത്തിയത് ഇവിടെ ചേർത്തു വായിക്കേണ്ടതാണ്.
ചോയി സ്യൂ ഹിൻ എടുത്തുവളർത്തപ്പെട്ട അനാഥനാണെന്നു പിന്നീട് വ്യക്തമാകുന്നുണ്ട്. ബ്രിട്ടീഷുകാർ പരിപാലിച്ചു സ്വയംഭരണത്തിൻ കീഴിൽ ചൈനയിലേക്ക് മടങ്ങാൻ പോകുന്ന ഹോങ്കോങ്ങിനെ ഇവിടെ ഓർക്കാം. ഹോങ്കോങ് സംസ്കാരവും സ്വത്വവും അറിയാൻ തനിക്കു താൽപര്യമില്ലെന്നും ഭാഷ മാൻഡറിനിലേക്കു മാറുന്നതോടെ അത്തരം ചരിത്രപഠനങ്ങൾകൊണ്ട് ഇനി ഒരു പ്രയോജനവുമില്ലെന്നും ചോയി സ്യൂ ഹിൻ പറയുന്നു. കഥയിലൊരിടത്തു കണ്ണാടിയിൽ നോക്കുന്ന ലിങ് സ്വയം ചോദിക്കുന്നുണ്ട്, ‘‘ഇത് ഞാനാണോ? ഇതാണോ ഞാൻ?’’ (Is this me? Is this who I am?). ബ്രിട്ടീഷ് ഭരണത്തിൻകീഴിൽനിന്ന് ചൈനീസ് ഭരണത്തിലേക്ക് സഞ്ചരിക്കുന്ന ഹോങ്കോങ് സ്വയം ചോദിക്കുന്ന ചോദ്യവും ഇതുതന്നെയാകണം.
താൻ ഹോങ്കോങ്ങിലേക്കു കുടിയേറാനുണ്ടായ സാഹചര്യം ലിങ്ങിന്റെ അമ്മ വിവരിക്കുന്നുണ്ട്. ഗവൺമെന്റിന്റെ ചുവന്ന സുരക്ഷാഭടന്മാർ (Red Guards) തങ്ങളുടെ ഗ്രാമമുഖ്യന്റെ വീടു കൊള്ളയടിക്കുകയും അയാളെ കീഴ്‌പ്പെടുത്തുകയുംചെയ്തു. പിന്നീട് അയാളുടെ തെറ്റുകുറ്റങ്ങൾ വിളിച്ചുപറയാൻ ഗ്രാമത്തിലുള്ളവരെ അവർ നിർബന്ധിച്ചു. നല്ലവനായിരുന്ന അയാൾക്കെതിരെ മറ്റാരും പറയാതിരുന്നപ്പോൾ താനാണ് അതിനു മുന്നോട്ടുവന്നതെന്ന് അവർ പറയുന്നു. അല്ലായിരുന്നെങ്കിൽ ഭടന്മാർ തന്നെ തള്ളിപ്പറയുമായിരുന്നു എന്നാണ് അവർ സ്വയം ന്യായീകരിക്കുന്നത്. അധികാരത്തിലിരിക്കുന്നവരുമായി ഒരിക്കലും ഏറ്റുമുട്ടരുതെന്ന് അവർ മകളെ ഉപദേശിക്കുന്നു. കഴിഞ്ഞ ദശകങ്ങളിൽ ഹോങ്കോങ്ങിൽ നടന്ന സമരങ്ങളിൽനിന്ന് അകന്നുനിന്ന ഹോങ്കോങ്ങിലെ മുതിർന്ന തലമുറയുടെ പ്രതിനിധിയാണവർ.
സ്കൂളിൽനിന്ന് പുറത്താക്കപ്പെടുമെന്ന ഭീഷണിക്കു മുന്നിൽ പതറാതെ ചോയി സ്യൂ ഹിൻ പറയുന്നു; “അതു ഞാൻ കാര്യമാക്കുന്നില്ല, എനിക്കു വേണ്ടത് തിരഞ്ഞെടുക്കാൻ കഴിഞ്ഞാൽ മതി.” ഒരു തിരഞ്ഞെടുപ്പിന് സാധ്യതയില്ലാത്ത കുരുക്കിലാണ് താൻ പെട്ടിരിക്കുന്നതെന്ന് പിന്നീട് ലിങ്ങും മനസ്സിലാക്കുന്നുണ്ട്. ആഡംബര ബ്രാൻഡുകളുടെ തുണിത്തരങ്ങൾ വാങ്ങിക്കൂട്ടാനും അണിഞ്ഞൊരുങ്ങാനുമായി ലക്ഷക്കണക്കിനു ഡോളറുകളുടെ കടമാണ് അവർ വരുത്തിെവച്ചത്.
അതിനാൽതന്നെ ജോലി നഷ്ടപ്പെടുത്താൻ കഴിയാത്ത സാമ്പത്തികസ്ഥിതിയിലായിരുന്നു അവർ. ഒരിക്കൽ ചോദ്യങ്ങൾ ചോദിച്ചു ലിങ്ങിനെ കുഴപ്പിക്കുകയും അവരുടെ മറുപടികൾ പൊലിപ്പിച്ചെഴുതുകയും ചെയ്ത ഒരു ഓൺലൈൻ പത്രത്തിലെ ജോലി ഒഴിവുകൾ ലിങ് കാണാനിടയാകുന്നു. എല്ലാ ഒഴിവുകളിലും ഇംഗ്ലീഷിനും കാന്റണീസിനും പുറമെ മാൻഡറിനും അറിഞ്ഞിരിക്കേണ്ടതാണെന്ന് അവൾ തിരിച്ചറിയുന്നു. മറ്റെല്ലാ യോഗ്യതകളുമുണ്ടെങ്കിലും മാൻഡറിൻ അറിയില്ലെങ്കിൽ തനിക്കു പുതിയൊരു ജോലി കണ്ടെത്താൻകൂടി കഴിയില്ലെന്ന് അവർ മനസ്സിലാക്കുന്നു.
‘ടങ്ലെസ്’ എന്ന നോവലിൽ ഭാഷ ഒരു പ്രതീകമാണ്. ഹോങ്കോങ്ങിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ ജനങ്ങൾക്ക് സ്വയം തിരഞ്ഞെടുപ്പുകൾ നഷ്ടമായിരിക്കുന്നു. പതിയെ കണ്ണുകളടച്ചു ‘എല്ലാം മെച്ചപ്പെടും’ എന്ന് സ്വയം പറഞ്ഞുകൊണ്ടൊരു സ്വപ്നലോകത്തേക്കു പോകുന്ന ലിങ്ങിനെയാണ് നോവൽ അവസാനിക്കുമ്പോൾ നാം കാണുന്നത്. 2020ൽ ഹോങ്കോങ്ങിൽ ദേശീയ സുരക്ഷാ നിയമം പാസായതോടെ ഹോങ്കോങ് നിവാസികൾക്കും സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നു പ്രത്യാശിക്കാൻ മാത്രമേ നിർവാഹമുള്ളൂ. അതുകൊണ്ടുതന്നെ കാലത്തിനു മുന്നേ സഞ്ചരിച്ച നോവലെന്നു അടയാളപ്പെടുത്താൻ കഴിയുന്ന നോവലാണ് ‘ടങ്ലെസ്’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.