പോളിഷ് സാഹിത്യകാരൻ വിറ്റോൾഡ് ഗോംബ്രൊവിക്സിന്റെ (Witold Gombrowicz) ‘ഡയറി’ (Diary)എന്ന മാസ്റ്റർപീസ് രചനയുെട വായന. ലോകസാഹിത്യം ഇതുവരെ ദർശിച്ച ഏറ്റവും മഹത്തായ ഡയറികളിലൊന്നായി ഇതിനെ അംഗീകരിക്കണമെന്നും ഇത് ശരിക്കും നെഞ്ചുറപ്പില്ലാത്തവർക്ക് (Pusillanimous) അല്ലെങ്കിൽ വിദ്യാനാട്യത്തോടെയുള്ളവർക്കു (Pedantic) വേണ്ടി എഴുതപ്പെട്ട ഒന്നല്ലെന്നും ലേഖകൻ എഴുതുന്നു.പതിവു വായനയുടെ പ്രവാഹത്തിനുള്ളിൽ അത്യപൂർവമായി കണ്ടുമുട്ടുന്ന ചില മഹത്തായ പുസ്തകങ്ങളുടെ വായനാനുഭവം പലപ്പോഴും...
പോളിഷ് സാഹിത്യകാരൻ വിറ്റോൾഡ് ഗോംബ്രൊവിക്സിന്റെ (Witold Gombrowicz) ‘ഡയറി’ (Diary)എന്ന മാസ്റ്റർപീസ് രചനയുെട വായന. ലോകസാഹിത്യം ഇതുവരെ ദർശിച്ച ഏറ്റവും മഹത്തായ ഡയറികളിലൊന്നായി ഇതിനെ അംഗീകരിക്കണമെന്നും ഇത് ശരിക്കും നെഞ്ചുറപ്പില്ലാത്തവർക്ക് (Pusillanimous) അല്ലെങ്കിൽ വിദ്യാനാട്യത്തോടെയുള്ളവർക്കു (Pedantic) വേണ്ടി എഴുതപ്പെട്ട ഒന്നല്ലെന്നും ലേഖകൻ എഴുതുന്നു.
പതിവു വായനയുടെ പ്രവാഹത്തിനുള്ളിൽ അത്യപൂർവമായി കണ്ടുമുട്ടുന്ന ചില മഹത്തായ പുസ്തകങ്ങളുടെ വായനാനുഭവം പലപ്പോഴും നമ്മെ എത്തിക്കുന്നത് ആവേശഭരിതമായ ഒരു മാസ്മരിക പ്രപഞ്ചത്തിലാണ്. അങ്ങനെയുള്ള ഒന്നിലൂടെ കടന്നുപോകുവാൻ കഴിയുന്നത് ഒരു മഹാഭാഗ്യമായിട്ടാണീ ലേഖകൻ കരുതുന്നത്. ഇത്തരത്തിലുള്ള ഒരു പുസ്തകമാണ് ഇരുപതാംനൂറ്റാണ്ടിലെ ശ്രദ്ധേയനായ പോളിഷ് സാഹിത്യകാരൻ വിറ്റോൾഡ് ഗോംബ്രൊവിക്സിന്റെ (Witold Gombrowicz) ‘ഡയറി’ (Diary) എന്ന അതിബൃഹത്തായ ക്ലാസിക് ഗ്രന്ഥം.
എണ്ണൂറോളം പേജുകളിൽ നിറഞ്ഞുനിൽക്കുന്ന വൈവിധ്യമാർന്ന ഈ പുസ്തകത്തെക്കുറിച്ച് വളരെ നാളായി കേൾക്കുന്നുണ്ടായിരുന്നെങ്കിലും അതിനെ സ്പർശിക്കാൻ കഴിഞ്ഞത് ഈയടുത്ത കാലത്താണ്. ഗോംബ്രൊവിക്സിന്റെ ഫിക്ഷൻ വിഭാഗത്തിൽപെട്ട രചനകളായ ‘ഫെർദിദുർക്കും’ (Ferdydurke) ‘കോസ്മോസും പോർനോഗ്രാഫിയ’യും (Cosmos and Pornografia) ‘ദി പൊസസ്ഡും’ (The Possessed) ‘ബാകാകെ’യും (Bacacay) നേരത്തേതന്നെ വായിക്കാൻ കഴിഞ്ഞതും അത്യപൂർവ അനുഭവം പങ്കുവെച്ചുതന്നവയുമായിരുനു. 1904 ആഗസ്റ്റ് നാലിന് പോളണ്ടിൽ ജനിച്ച അദ്ദേഹം 1969 ജൂലൈ 24നാണ് അന്തരിക്കുന്നത്. ഇവിടെ വിശകലനം ചെയ്യുന്ന ‘ഡയറി’ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ലില്ലിയൻ വാല്ലിയാണ് (Lilliyan Vallee). അമേരിക്കയിലെ യേൽ യൂനിവേഴ്സിറ്റി പ്രസാണ് (Yale University Press) പ്രസാധകർ.
1939ൽ വിറ്റോൾഡ് ഗോംബ്രൊവിക്സ് ലഘുസന്ദർശനത്തിന് അർജന്റീനയിലേക്ക് ക്രോബ്രി (Chrobry) കപ്പലിൽ യാത്രയാകുമ്പോൾ അദ്ദേഹം പോളണ്ടിനു വെളിയിൽ അധികമൊന്നും അറിയപ്പെടാത്ത സാധാരണ എഴുത്തുകാരൻ മാത്രമായിരുന്നു. ഒരു ചെറുകഥാസമാഹാരവും ആരും വിശകലനം അതുവരെ ചെയ്യാത്ത ഒരു നാടകവും ‘ഫെർദിദുർക്ക്’ എന്ന നോവലിന്റെയും കർത്താവായി പോളിഷ് ഭൂമികയിൽമാത്രം ഒതുങ്ങിനിന്ന ഒരെഴുത്തുകാരൻ. ഗവൺമെന്റ് സ്പോൺസർചെയ്ത ഒരു സാംസ്കാരികയാത്രയുടെ ഭാഗമായിരുന്നു ഈ യാത്ര.
ഒരു മാസത്തെ യാത്രക്കുശേഷം കപ്പൽ ബ്വേനസ് എയ്റിസ് നഗരത്തിൽ എത്തിച്ചേർന്നു. ആയിടക്കാണ് മൊളോട്ടോവ്-റിബെൻടോപ് ഉടമ്പടി സോവിയറ്റ് യൂനിയൻ ജർമനിയുമായി ഒപ്പുവെച്ച വിവരങ്ങൾ പുറത്തുവന്നത്. പിൽക്കാലത്ത് റഷ്യയെ കടന്നാക്രമിച്ച് നാസികൾ നടത്തിയ മുന്നേറ്റം വലിയ വിവാദങ്ങളിൽ സ്റ്റാലിനെ കൊണ്ട് ചെന്നെത്തിച്ചത് ചരിത്രമാണ്. ഒരാഴ്ചക്കുശേഷം ജർമനി ആദ്യമായി പോളണ്ടിനെ ആക്രമിച്ചപ്പോൾ കപ്പലിനോട് ഉടൻതന്നെ തിരിച്ചുപോരാൻ കൽപന വന്നു. പക്ഷേ, ഗോംബ്രൊവിക്സ് വിധിനിർണായകമായി അർജന്റീനയിൽതന്നെ നിൽക്കാൻ തീരുമാനിച്ചു. ഇത് ഭീകരമായ അന്തരീക്ഷത്തിൽനിന്നും വിട്ടുനിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെങ്കിലും സ്വന്തം ഭൂമിക വിട്ടുള്ള താമസം വല്ലാതെ വേദനിപ്പിച്ചു.
ഒരെഴുത്തുകാരനെന്ന നിലയിൽ സമരഭൂമികയുമായുണ്ടായിരുന്ന അദ്ദേഹത്തിന്റെ ആത്മബന്ധം അത്രമേൽ തീവ്രമായിരുന്നു. അർജന്റീനയിലെ അദ്ദേഹത്തിന്റെ താമസം ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കുള്ളിൽ തടവിലാക്കപ്പെട്ടവനെപ്പോലെ വേദനിപ്പിക്കുന്നതായിരുന്നു. മറ്റൊരു ജർമൻ സാഹിത്യകാരനായിരുന്ന സ്റ്റിഫാൻ സ്പെയ്ഗിന്റെ ബ്രസീലിൽ വെച്ചുണ്ടായ ആത്മഹത്യയുടെ കാര്യവും വല്ലാത്ത ആശങ്കകൾ പരത്തി. പുതിയ പുതിയ സങ്കീർണമായ ഇടങ്ങളിൽ അവരിൽ പലർക്കും നരകതുല്യമായ ജീവിതം തുടരേണ്ടിവന്നു. പക്ഷേ, ഗോംബ്രൊവിക്സിന്റെ ബ്വേനസ് എയ്റിസിലെ പ്രവാസി ജീവിതം മറ്റുള്ളവരുടേതിനെക്കാൾ കൂടുതൽ ‘ക്വിക്സോട്ടിക്’ സ്പർശമുള്ള ഒന്നുതന്നെയായിരുന്നു. മൂന്നു വാല്യങ്ങളിൽ നിറയുന്ന ഒരു ഡയറിയെഴുതാൻ അദ്ദേഹത്തിനു സാധിച്ചത് (1953-1968) ഈ പ്രവാസി ജീവിതകാലത്തെ അനുഭവങ്ങളാണ്. വിഖ്യാതമായ ‘കൾടൂറ’ (Kultura) ജേണലിലാണ് ഇതിന്റെ ഓരോരോ ഭാഗങ്ങളും പ്രസിദ്ധീകരിച്ചുവന്നുകൊണ്ടിരുന്നത്.
1953ലാണ് ഈ ഡയറി എഴുതിത്തുടങ്ങുന്നത്. അന്ന് അദ്ദേഹത്തിന് 49 വയസ്സ്. 1939 ആഗസ്റ്റ് 22ന് ബ്വേനസ് എയ്റിസിൽ അദ്ദേഹം വന്നിറങ്ങി. യുദ്ധം അദ്ദേഹത്തെ ശരിക്കും പട്ടിണിയിലാക്കി. 1945ൽ യുദ്ധം അവസാനിച്ചതോടെ സ്റ്റാലിനിസം പോളണ്ടിൽ ഭീകരമായരീതിയിൽ വന്നിറങ്ങി. അതോടെ, ഒരെഴുത്തുകാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നിയതി അവസാനിച്ചു. പോളിഷ് ഭാഷയിലൊഴിച്ച് മറ്റൊരു ഭാഷയിലും സാഹിത്യരചന നടത്താൻ അദ്ദേഹം തയാറായിരുന്നില്ല. ഇക്കാര്യത്തിൽ റഷ്യൻ എഴുത്തുകാരൻ നൊബെക്കോവിനെയാണ് അദ്ദേഹം പ്രതീകമായി കണ്ടത്. ബർലിനിൽ കഴിയേണ്ടിവന്നപ്പോഴും അദ്ദേഹം റഷ്യൻ ഭാഷയെ കൈവിട്ടില്ല. പക്ഷേ, പിന്നീട് ഇതിൽനിന്നും വേറിട്ടുകൊണ്ട് 1937ൽ വാർസൊയിൽ പ്രസിദ്ധീകരിച്ച തന്റെ ആദ്യ നോവൽ ‘ഫെർദിദുർക്’ (Ferdydurke) സ്പാനിഷ് ഭാഷയിലേക്ക് അദ്ദേഹം പരിഭാഷപ്പെടുത്തി. ഇതിനദ്ദേഹത്തെ സഹായിച്ചത് ക്യൂബൻ എഴുത്തുകാരനായ വിർജിലിയൊ പിന്യേരയും (Virgilio Pinera) മറ്റു ചില സുഹൃത്തുക്കളുമായിരുന്ന ബ്വേനസ് എയ്റിസിലെ സാഹിത്യവൃത്തങ്ങൾ ഇതിനെ അംഗീകരിക്കുവാൻ തയാറായില്ല.
ബ്വേനസ് എയ്റിസിലെ ഒരു പോളിഷ് ബാങ്കിലുണ്ടായിരുന്ന ജോലി അദ്ദേഹം രാജിവെച്ചു. പിന്നീട് ട്രാൻസ് അറ്റ്ലാന്റിക് (Trans Atlantic) എന്ന നോവലെഴുതി പാരിസിലെ കൾടൂറ (Kultura) ജേണലിൽ പ്രസിദ്ധപ്പെടുത്താനും തയാറായി. 1953ൽ എഴുതി തുടങ്ങിയ ഈ ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചതു വന്നതും ഈ ജേണലിൽതന്നെയായിരുന്നു. ഓരോ മാസവും എഴുതി പൂർത്തിയാക്കിയ കുറിപ്പുകളാണ് ജേണലിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത്. 1969ൽ മരണം സംഭവിക്കുന്നതുവരെ ഇതേ നിലയിൽ അത് തുടർന്നു.
പോളിഷ് ഭാഷയിൽ ഇതിന്റെ ആദ്യ മൂന്ന് വാല്യങ്ങൾ 1957, 1961, 1967 എന്നീ വർഷങ്ങളിൽ പുറത്തുവന്നു. ചിന്തകനും ബുദ്ധിജീവിയും സാംസ്കാരിക നായകനും പ്രതിഭാസമ്പന്നനായ എഴുത്തുകാരനുമെന്നുള്ള ഒരു രീതിയിലുള്ള ഈ കുറിപ്പുകൾ വായിക്കുമ്പോൾ അദ്ദേഹത്തിന് അന്നത്തെ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും സംഗീതജ്ഞരുമായുണ്ടായിരുന്ന ആത്മബന്ധം എത്രയോ അപാരമായിരുന്നു എന്നു തിരിച്ചറിയാൻ കഴിയും. പഴയതും പുതിയതുമായ കാലത്തെ എഴുത്തുകാരുടെ രചനകളും അവരുടെ ജീവിതവും ഇതിനുള്ളിൽ നിറസാന്നിധ്യമായി ഒത്തുചേരുന്നുമുണ്ട്.
തീർത്തും വ്യക്തിപരമായ ഒരു രചനയായിതിനെ വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. അതേസമയം, സാർവലൗകികമായ ഒരു ദർശനവും ഇതിന് സ്വന്തമായുണ്ട്. ഈ കുറിപ്പുകളിൽ വളരെ ശക്തമായ ഒരു വിശകലനത്തിന് വിധേയമാക്കുന്ന പോളിഷ് എഴുത്തുകാരൻ ബ്രൂണോ ഷൂൾസ് (Bruno Schulz) സൂചിപ്പിക്കുന്നതുപോലെ ഗോംബ്രൊവിക്സ് സാംസ്കാരികമായ നുണകളെ കർക്കശമായി വേട്ടയാടുന്ന ഒരുവനാണ്. അതേസമയം, നിഗൂഢതകൾക്കെതിരെ പ്രതിരോധിക്കുന്നവനും മനുഷ്യ സ്നേഹിയും ധാർമികതയുടെ പ്രതീകവും വിഗ്രഹധ്വംസകരും ഒക്കെയായി അദ്ദേഹത്തെ ഇതിലൂടെ കടന്നുപോകുമ്പോൾ വിശേഷിപ്പിക്കാൻ കഴിയും.
നിർബന്ധിത പ്രവാസിജീവിതം നയിക്കുമ്പോഴും ഗോംബ്രൊവിക്സിന്റെ മനസ്സിൽ പോളിഷ് ഭാഷയും സാഹിത്യവുമാണുണ്ടായിരുന്നത്. നൊേബൽ സമ്മാനം നേടിയ പോളിഷ് കവി ചെസ്ലാവ് മിലോഷിന്റെ ദി ക്യാപ്റ്റിവ് മൈൻഡ് (The Captive Mind) വായിക്കുന്നതിന്റെ അനുഭവങ്ങളിലേക്ക് വളരെ വിശദമായിട്ടാണദ്ദേഹം കടന്നുചെല്ലുന്നത്. മിലോഷുമായുണ്ടായിരുന്ന ആത്മബന്ധത്തിന്റെ തലങ്ങളും അനാവരണംചെയ്യപ്പെടുന്നുണ്ട്. പോളിഷ് സാഹിത്യത്തിന്റെ നിർധനാവസ്ഥയുടെ ചരിത്രത്തെക്കുറിച്ച് ദുഃഖിതനാവുന്ന കവിയുടെ രൂപവും നമുക്ക് മുന്നിലുണ്ട്. ഇതിനിടയിൽ ദസ്തയേവ്സ്കിയുടെ ‘കാരമസോവ് സഹോദരന്മാർ’ എന്ന മഹത്തായ നോവൽ വായനയിലേക്കും അദ്ദേഹം കടന്നുചെല്ലുന്നുണ്ട്.
കമ്യൂവിന്റെ ‘ദി റെബൽ’ (The Rebel) വായിച്ചതിന്റെ അനുഭവങ്ങൾ ഗോംബ്രൊവിക്സ് വളരെ ശക്തമായ രീതിയിൽ ജേണലിൽ അവതരിപ്പിച്ചിട്ടുണ്ട്. ‘റെബലിന്റെ ധാർമികതയെക്കുറിച്ച് എന്താണ് തനിക്കു പറയാനുള്ളതെന്ന് ആമുഖമായി തന്നെ ഒരു ചോദ്യരൂപത്തിൽ അവതരിപ്പിക്കുന്നു. യൂറോപ്യൻ ചിത്രകലയുടെയും ക്ലാസിക്കൽ സംഗീതത്തിന്റെയും വശ്യമായ ഒരു ലോകത്തെക്കുറിച്ച് ശക്തമായാണ് ചിത്രീകരിക്കുന്നത്. മൈക്കലാഞ്ജലോയും ഷോപ്പിനും ബിഥോവനും ചരിത്രത്തിന്റെ ഭാഗമായിത്തീരുന്ന കാലത്തെക്കുറിച്ച് ജൂതവംശജരായ പ്രതിഭകളുടെ ലോകത്തെ അവതരിപ്പിച്ചുകൊണ്ടദ്ദേഹം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള ഡയറിക്കുറിപ്പുകൾ ശ്രദ്ധേയമാണ്. ‘‘നിരവധി കാരണങ്ങളാൽ ഈ തത്ത്വശാസ്ത്രം എന്നെ സംബന്ധിച്ചിടത്തോളം തൃപ്തിപ്പെടുത്തുന്ന ഒന്നല്ല. ഒരു സാങ്കേതിക ചർച്ചാവിഷയമെന്ന രീതിയിൽ ഇത് ദാർശനികമോ നൈതികമോ ആയ ഒന്നല്ല. ഇത് തൃപ്തികരമായി തോന്നണമെങ്കിൽ അത് ശരിയായ രീതിയിലുള്ള അവബോധമായുള്ളിലുണ്ടാവണം. എല്ലാവർക്കും ഏറ്റവും ചുരുങ്ങിയ രീതിയിലെങ്കിലും ജീവിതനിലവാരമുണ്ടായിരിക്കണം. എവിടെയാണിതിൽ ഇങ്ങനെയുള്ള ഒരു ഉറപ്പുകൊടുക്കാൻ കഴിയുക. സോവിയറ്റ് റഷ്യയിലെ ഇതിന്റെ അവസ്ഥപോലും ദയനീയമായ ഒന്നാണ്. അടിമത്തത്തിന്റെ പിന്തുണയില്ലാതെ അവിടെ പിടിച്ചുനിൽക്കാനാവാതെ വരുന്നു.’’ നിരവധി ചോദ്യങ്ങളുയർത്തിക്കൊണ്ടുള്ള ഗോംബ്രൊവിക്സിന്റെ ദർശനങ്ങൾക്കുള്ളിൽ സത്യം മറഞ്ഞുകിടപ്പുണ്ട്.
കാഫ്കയുടെ ഡയറിയെക്കുറിച്ചും ‘വിചാരണ’പോലുള്ള വിഖ്യാത രചനകളെക്കുറിച്ചും ഉജ്ജ്വല വിശകലനമാണിതിനുള്ളിൽ നടത്തിയിരിക്കുന്നത്. ആവർത്തനത്തിലുള്ള വായന കാഫ്കയുടെ ലോകത്തെയും ദർശനത്തെയും കൂടുതൽ ശക്തിപകർന്നുകൊടുക്കുമെന്നദ്ദേഹം സൂചിപ്പിക്കുന്നു. ബ്രൂണോ ഷൂൾസിനെ കുറിച്ചുള്ള ഭാഗം ഈ ഡയറിയുടെ ഏറ്റവും ശക്തമായ ഒന്നാണ്. ‘സിനമൻഷോപ്സും’ (Cinnamon Shops) ‘മുതലകളുടെ തെരുവും’ (The Street of Crocodiles) പങ്കുവെക്കുന്ന ചെറുകഥകളുടെ ലോകം ലോകസാഹിത്യത്തിലെ വിസ്മയങ്ങളാണ്. ബ്രൂണോ ശരിക്കും സ്വയം നിഷേധിക്കുന്ന ഒരു ദാർശനിക രൂപമായിരുന്നു. ഗോംബ്രൊവിക്സിന്റെ അന്വേഷണം ബ്രൂണോയുടെ കഥാലോകത്തേക്ക് പ്രവഹിക്കുന്നതിലൂടെ ഒരു വലിയ എഴുത്തുകാരന്റെ നിഗൂഢമായ ലോകത്തിലേക്ക് വായനക്കാരെയും കൊണ്ടുപോകുന്നു. ‘‘ഉന്മൂലനത്തെയാണ് ബ്രൂണോ സ്വാംശീകരിച്ചത്.
അതേസമയം, ഞാൻ തിരിച്ചറിവിനെയാണ് ആഗ്രഹിച്ചത്. അദ്ദേഹം ജന്മനാ അടിമത്തത്തിന്റെ പ്രതീകമായിരുന്നു. ഞാൻ ഒരു യജമാനനായും നിലകൊണ്ട അപകീർത്തിപ്പെടുത്തലിന്റെ വക്താവായിരുന്നു അദ്ദേഹം.’’ ജൂതസമൂഹത്തിൽ ജനിച്ച ബ്രൂണോക്കെതിരെ നാസികളുടെ ഭീകരത ഒരുക്കിയ യാതനകൾ അദ്ദേഹത്തെ ഒരുതരത്തിലും തളർത്തിയില്ല. ഹോളോകോസ്റ്റിൽ അദ്ദേഹത്തിന്റെ പല രചനകളും നഷ്ടപ്പെട്ടു. 1940ൽ പൂർത്തീകരിക്കാത്ത നോവൽ മിശിഹ (The Messiah) ഇന്നും അനാഥമായി കിടക്കുന്നു.
1942ൽ ഭവനത്തിലേക്ക് മടങ്ങുംവഴി ഒരു ഗസ്തപ്പോ ഓഫിസർ അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. സാനറ്റോറിയം അണ്ടർ ദി സൈൻ ഓഫ് ഹയർഗ്ലാസ് (Sanatorium Under the Sign of Hourglass) എന്നൊരു സമാഹാരംകൂടി അദ്ദേഹത്തിേന്റതായിട്ടുണ്ട്. 1969 കാലംവരെ ഈ ഡയറി നീണ്ടുപോകുന്നുണ്ട്. ലോകസാഹിത്യം ഇതുവരെ ദർശിച്ച ഏറ്റവും മഹത്തായ ഡയറികളിലൊന്നായി ഇതിനെ അംഗീകരിക്കണം. ഇത് ശരിക്കും നെഞ്ചുറപ്പില്ലാത്തവർക്ക് (Pusillanimous) അല്ലെങ്കിൽ വിദ്യാനാട്യത്തോടെയുള്ളവർക്ക് (Pedantic) വേണ്ടി എഴുതപ്പെട്ട ഒന്നല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.