2024ലെ ബുക്കർ പുരസ്കാരത്തിന് അർഹമായ ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിയെയും അവരുെട നോവൽ ‘ഓർബിറ്റലി’നെയും കുറിച്ച് എഴുതുകയാണ് നിരൂപകയായ ലേഖിക.
സാധാരണക്കാർക്ക് അപ്രാപ്യമായ അകലത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഉൾക്കാഴ്ചകളും അതിലെ അന്തേവാസികളുടെ ജീവിതവും യാഥാർഥ്യബോധത്തോടെ അവതരിപ്പിക്കുന്ന കൃതിയാണ് ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിയുടെ ‘ഓർബിറ്റൽ’. 2024ലെ ബുക്കർ പുരസ്കാരത്തിന് അർഹമായ ഈ നോവൽ മൈലുകൾക്കപ്പുറത്ത് ശൂന്യാകാശത്തുനിന്ന് ഭൂമിയെ സ്നേഹാദരങ്ങളോടെ നോക്കിക്കാണുന്നു.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ചർച്ചയാകുന്ന വർത്തമാനകാലത്ത് അത്തരമൊരു കാഴ്ചക്കു സവിശേഷമായ പ്രാധാന്യം കൈവരുന്നു. ബഹിരാകാശ വാഹനത്തിന്റെ സാങ്കേതികത്തകരാറു നിമിത്തം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ ആകാശയാത്രികർ സുനിതാ വില്യംസിന്റെയും ബാരി വിൽമോറിന്റെയും ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കപ്പെട്ടത് ഈ അടുത്ത ദിവസങ്ങളിലാണെന്നതും ശ്രദ്ധേയമാണ്.
ആകാശത്തു പൊട്ടുപോലെ തെളിയുന്ന ബഹിരാകാശനിലയത്തിനുള്ളിലെ മനുഷ്യരുടെ മാനസിക വ്യാപാരങ്ങൾക്കും ദൈനംദിന ജീവിതരീതികൾക്കും നേരെ പിടിച്ച കണ്ണാടിയാണ് ‘ഓർബിറ്റൽ’. കാഴ്ചക്കപ്പുറത്തെ ദൃശ്യങ്ങൾക്കാണ് നോവലിസ്റ്റ് ‘ഓർബിറ്റലി’ൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ആറു സഞ്ചാരികളെയും വഹിച്ചുകൊണ്ട് ഭൂമിയെ വലംവെക്കുന്ന ബഹിരാകാശ നിലയത്തിലെ ഒരു ദിവസമാണ് ‘ഓർബിറ്റലി’ന്റെ ഇതിവൃത്തം. ഒക്ടോബർ മാസത്തിലെ ഒരു ചൊവ്വാഴ്ചയാണ് നോവലിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്.
അന്തേവാസികളുടെ ഒമ്പതുമാസത്തെ ബഹിരാകാശവാസത്തിൽ അത്തരം 36 ചൊവ്വാഴ്ചകൾ കടന്നുപോകും, അവർ 4320 സൂര്യോദയങ്ങൾ കാണും. അവർക്കിപ്പോൾ അവരവരുടെ രാജ്യങ്ങളിലെ സമയമേഖലകളില്ല. സാർവത്രിക സമയത്തു (കോഓഡിനേറ്റഡ് യൂനിവേഴ്സൽ ടൈം) സ്വയം പ്രതിഷ്ഠിക്കാൻ ഭൂമിയിലുള്ളവർ അവരോട് ആവർത്തിച്ച് ആവശ്യപ്പെടുന്നു. ശൂന്യാകാശം സമയബോധത്തെ തകർക്കും. ഉണരുമ്പോൾ ഇത് ഒരു പുതിയ ദിവസത്തിന്റെ തുടക്കമാണെന്നു സ്വയം പറഞ്ഞു ബോധ്യപ്പെടുത്തണം, അല്ലെങ്കിൽ പുറമെ കാണുന്ന അനേകം സൂര്യോദയങ്ങൾ ആകാശയാത്രികരെ ആശയക്കുഴപ്പത്തിലാക്കും. ജൈവഘടികാരം പഠിപ്പിച്ച സമയക്കണക്കുകൾക്കു വെളിയിലാണ് ഓർബിറ്റലിലെ മനുഷ്യർ.
24 മണിക്കൂറിൽ ഭൂമിയിൽ ഒരു പകലും ഒരു രാത്രിയും കണ്ടു ശീലിച്ച അവർ അതേ കാലയളവിൽ ആകാശത്ത് 16 ഉദയാസ്തമയങ്ങൾ കാണുന്നു. 24 മണിക്കൂറിന്റെ ദിനരാത്രങ്ങളിലേക്ക് അവർക്കു ബലമായി ശരീരത്തെ പാകപ്പെടുത്തേണ്ടി വരുന്നു. തുടക്കത്തിൽ മനസ്സ് ഈ പാകപ്പെടലിനു വഴങ്ങാതെ ചുറ്റുമുള്ള രാപ്പകലുകളിൽ പാറി നടക്കും. ഓരോ തൊണ്ണൂറു മിനിറ്റിലും ഒരു പുതിയ സൂര്യോദയം കാണുന്ന അവർ ഭൂമിയിലെ ഒരു ദിവസത്തിൽ അഞ്ചു ഭൂഖണ്ഡങ്ങളും വസന്തവും ശരത്കാലവും ഹിമപാളികളും മരുഭൂമികളും ഘോരവനങ്ങളും യുദ്ധമേഖലകളും താണ്ടുന്നു. നോവലിസ്റ്റ് സാമന്ത ഹാർവിയുടെ ആഖ്യാനത്തിന്റെ കാവ്യഭംഗി ദർശിക്കാൻ കഴിയുന്ന വരികളിലൊന്നാണിത് - ‘‘... it's a day of five continents and of autumn and spring, glaciers and deserts, wildernesses and warzones.’’
റഷ്യയിൽനിന്നു റോമനും ആന്റണും (Roman, Anton), ജപ്പാനിൽനിന്നു ച്യേ (Chie), ബ്രിട്ടനിൽനിന്നു നെൽ (Nell) ഇറ്റലിയിൽനിന്നു പിയെട്രോ (Pietro), അമേരിക്കയിൽനിന്ന് ഷോൺ (Shaun) എന്നിങ്ങനെ രണ്ടു സ്ത്രീകളും നാലു പുരുഷന്മാരുമാണ് ബഹിരാകാശ നിലയത്തിലെ അന്തേവാസികൾ. മണിക്കൂറിൽ പതിനേഴായിരത്തി അഞ്ഞൂറ് മൈൽ വേഗത്തിൽ ഭൂമിയെ വലംവെച്ചുകൊണ്ടിരിക്കുന്ന അവരുടെ ജീവിതത്തിലെ ഓരോ നിമിഷവും രേഖപ്പെടുത്തപ്പെടുന്നു. എല്ലാവർക്കും പ്രത്യേകം ഉത്തരവാദിത്തങ്ങളുണ്ട്. പിയെട്രോ സൂക്ഷ്മാണുക്കളെ നിരീക്ഷിക്കുന്നു, ച്യേയും നെല്ലും എലികളിൽ പരീക്ഷണങ്ങൾ നടത്തുന്നു. ഇതിനെല്ലാം പുറമെ യാത്രികരെല്ലാവരും സ്വയം പരീക്ഷണവിധേയരുമാണ്.
ഗുരുത്വാകർഷണ ബലത്തിന്റെ അഭാവത്തിൽ ഭാരമില്ലായ്മ തങ്ങളുടെ ശരീരങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങൾ അവർ പരിശോധിക്കുന്നു. മറ്റു സഹായികളില്ലാത്തതിനാൽ ശുചിയാക്കലുൾപ്പെടെയുള്ള എല്ലാ ജോലികളും അവർ ചെയ്യുന്നുമുണ്ട്. എന്നാൽ, ബഹിരാകാശയാത്രികരുടെ ജീവിതത്തിലെ ഇത്തരം സാധാരണത്വത്തിലേക്കല്ല ഓർബിറ്റൽ ദൃഷ്ടി പതിപ്പിക്കുന്നത്. പറയപ്പെടാതെ പോകുന്ന കാഴ്ചകളിലേക്കും വൈകാരികതലങ്ങളിലേക്കുമുള്ള യാത്രയാണ് ‘ഓർബിറ്റൽ’ എന്ന കൃതിയിലൂടെ സാമന്ത ഹാർവി വായനക്കാർക്കു കാഴ്ചവെക്കുന്നത്.
യാത്രികരിലൊരാളായ ച്യേയുടെ പക്കലുള്ള അവരുടെ അമ്മയുടെ ചിത്രവും അതേപ്പറ്റിയുള്ള അവരുടെ ചിന്തകളും ഇറാനിയൻ സംവിധായകനായ അബ്ബാസ് കിരൊസ്റ്റാമിയുടെ (Abbas Kiarostami) ‘ഷിറിൻ’ (Shirin) എന്ന ചലച്ചിത്രത്തെ ഓർമിപ്പിക്കുന്നു. ‘ഷിറിനി’ൽ സിനിമയല്ല, മറിച്ചു സിനിമ നടക്കുന്ന തിയറ്ററിലെ കാഴ്ചക്കാരായ സ്ത്രീകളുടെ കണ്ണുകളിലെ പ്രതിഫലനങ്ങളാണ് പ്രേക്ഷകർ കാണുന്നത്. സമാനമായ രീതിയിൽ ചിത്രത്തിലെ അമ്മയുടെ മുഖഭാവങ്ങളിൽനിന്ന് അവരെന്താകും കാണുന്നതെന്നും ചിന്തിക്കുന്നതെന്നും ഊഹിക്കുകയാണ് ച്യേ.
ച്യേയുടെ അമ്മ അവരുടെ ചെറുപ്പകാലത്ത് കുടുംബവീടിനടുത്തുള്ള ഒരു ബീച്ചിൽ നിൽക്കുന്നതിന്റെ ചിത്രമാണത്. ചിത്രത്തിനു പിറകിൽ Moon Landing Day, 1969 എന്ന് എഴുതിയിട്ടുണ്ട്. അമ്മ നെറ്റിചുളിച്ചു മുകളിലേക്കു നോക്കിയാണു നിൽക്കുന്നത്. അതു മുകളിൽ പറക്കുന്ന കടൽപ്പക്ഷിയെ കാണാനാണോ അതോ ആകാശത്തിലെവിടെയോയുള്ള അപ്പോളോ ബഹിരാകാശ വാഹനത്തെ കാണാനാണോ എന്നത് വ്യക്തമല്ല. ആ ഫോട്ടോയിലില്ലാത്ത ചന്ദ്രനും ചാന്ദ്രദൗത്യവും കുട്ടിയായ ച്യേയെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു. കുറച്ചു പുരുഷന്മാർ ചന്ദ്രനിലേക്കു പോകുന്നു എന്നാണോ തന്റെ അമ്മ പറയാൻ ശ്രമിച്ചതെന്നും അവൾ അത്ഭുതപ്പെടാറുണ്ടായിരുന്നു.
‘‘ഒരു സ്ത്രീയെങ്കിലുമുണ്ടോ അവരിൽ? അല്ലെങ്കിൽ കുറച്ചുകൂടി താഴേയ്ക്കുവന്നാൽ വെള്ളക്കാരിയല്ലാത്ത, അമേരിക്കക്കാരിയല്ലാത്ത ഒരു സ്ത്രീയെങ്കിലും?’’ താൻ ആരെക്കാളും താഴെയല്ലെന്നും അന്തസ്സോടെ ജീവിക്കണമെന്നും തന്നെ ഓർമപ്പെടുത്തുകയാണ് ആ ഫോട്ടോയിൽ അമ്മ ചെയ്യുന്നത് എന്നു ച്യേ ചിന്തിക്കുന്നു. ‘‘തനിക്കുവേണ്ടി അതു ചെയ്യില്ലേ’’ എന്ന് അവർ ചോദിക്കുകയാവും എന്നും അവൾ കരുതുന്നു. അതോ മനുഷ്യർക്ക് എന്തെല്ലാം ചെയ്യാനാകില്ല എന്നതോർത്തു ഭയപ്പെടേണ്ടിയിരിക്കുന്നു എന്നായിരിക്കുമോ ആ ചിത്രം പറയുന്നത് ? അണുബോംബിൽനിന്ന് കഷ്ടിച്ചു രക്ഷപ്പെട്ട ആ അമ്മ അങ്ങനെയും ചിന്തിച്ചേക്കാമെന്നു ച്യേ കരുതുന്നു.
‘ഓർബിറ്റലി’ലെ കഥാപാത്രങ്ങളുടെ അനുഭവങ്ങളിൽ സ്ഥലം, കാലം, കാഴ്ച, അനുഭവങ്ങൾ എന്നിവയുടെ ആപേക്ഷികതകൾ കടന്നുവരുന്നു. ഒരേ സംഭവം വിവിധ സ്ഥലകാലങ്ങളിൽ വ്യത്യസ്തമായാകും അനുഭവവേദ്യമാകുന്നത്. ഇടത്തിന്റെ (Space) ത്രിമാനതലത്തിലേക്കു സമയം ചേർത്തുവെക്കുമ്പോൾ സ്ഥലകാലത്തുടർച്ചയുടെ ആപേക്ഷികത വെളിപ്പെടുന്നു. ഓരോ കാഴ്ചയും സ്ഥലകാലബന്ധിതമാണ്. രണ്ടു പശ്ചാത്തലത്തിൽനിന്നുള്ള മനുഷ്യർ ഒരേ ദൃശ്യത്തെ വിശകലനംചെയ്യുന്നതും മനസ്സിലാക്കുന്നതും വ്യത്യസ്ത രീതികളിലായിരിക്കും. ബഹിരാകാശ നിലയത്തിലിരുന്ന് ഭൂമിയെ നോക്കിക്കാണുന്നവരുടെ ചിന്തകൾ ഭൂമിയിലുള്ളവരുടേതിൽനിന്നു വിഭിന്നമാകുന്നത് അക്കാരണത്താലാണ്.
ചിലപ്പോൾ കാഴ്ചക്കപ്പുറത്തെ കാണാപ്പുറങ്ങൾ യഥാർഥ ദൃശ്യത്തെക്കാൾ വാചാലമായേക്കാം. ഇതു സ്ഥാപിക്കാനായി രണ്ടു പ്രശസ്ത കലാസൃഷ്ടികൾ സാമന്ത തന്റെ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു; ഡിയേഗോ വെലാസ്ക്വേസിന്റെ (Diego Velzquez) ലാസ് മേനിനാസ് (Las Meninas) എന്ന ചിത്രവും മൈക്കിൾ കോളിൻസ് ചന്ദ്രനെ ഭ്രമണംചെയ്യുന്നതിനിടയിലെടുത്ത ഫോട്ടോയും.
ലാസ് മേനിനാസ് പ്രേക്ഷകന്റെ കാഴ്ചയെ വ്യത്യസ്ത രീതികളിൽ സ്വാധീനിക്കുന്നതെങ്ങനെയെന്നു നോവലിൽ വിശദമാക്കുന്നുണ്ട്. ചിത്രത്തിനുള്ളിലൊരു ചിത്രകാരൻ ചിത്രം വരക്കുന്നു. അയാൾ വരക്കുന്നതെന്തെന്നു ചിത്രത്തിൽ കാണുന്നില്ല. അയാൾ വരച്ചുകൊണ്ടിരിക്കുന്നത് രാജാവിനെയും രാജ്ഞിയെയുമാണെന്ന് കാണികൾ അറിയുന്നത് കണ്ണാടിയിലെ അവരുടെ പ്രതിബിംബങ്ങളിൽനിന്നാണ്. രാജാവും രാജ്ഞിയും നോക്കുന്നതാകട്ടെ രാജകുമാരിയെയും തോഴിമാരെയുമാണ്. ചിത്രത്തിന്റെ പേരും ‘ലേഡീസ് ഇൻ വെയ്റ്റിങ്’ (ലാസ് മേനിനാസ്) എന്നാണ്. എന്താണ് ഈ ചിത്രത്തിന്റെ യഥാർഥ വിഷയം? രാജാവും രാജ്ഞിയും, രാജകുമാരി, തോഴിമാരും പരിചാരകരും ഒരു നായയും അതോ ചിത്രകാരൻ തന്നെയോ?
ചന്ദ്രനിൽ കാലുകുത്തിയശേഷം തിരികെ വരുന്ന ആംസ്‌ട്രോങ്ങും ആൽഡ്രിനുമുള്ള ചാന്ദ്രപേടകത്തിന്റെ ഫോട്ടോയാണ് ചന്ദ്രനെ വലംവച്ചുകൊണ്ടിരുന്ന മൈക്കിൾ കോളിൻസ് എടുത്തത്. ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഭൂമിയുമുണ്ട്. ആ ഫോട്ടോയിൽ ഉൾപ്പെടാത്ത ഒരേ ഒരു ജീവൻ ചിത്രമെടുത്ത മൈക്കിൾ കോളിൻസ് മാത്രമാണ് എന്നതാണ് അതിന്റെ പ്രത്യേകത എന്നാണു പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാൽ, അതങ്ങനെയല്ലെന്നും യഥാർഥത്തിൽ ചാന്ദ്രപേടകവും ഭൂമിയുമല്ലാതെ ആ ഫോട്ടോയിൽ ഒരാളുപോലുമില്ലെന്നും ആ ഫോട്ടോയിലെ ജീവന്റെ തെളിവ് ഫോട്ടോയെടുത്ത കോളിൻസിന്റെ വിരലുകൾ മാത്രമാണെന്നും ‘ഓർബിറ്റലി’ൽ സാമന്ത മറുവാദമുന്നയിക്കുന്നു.
ച്യേയുടെ അമ്മയുടെ വേർപാടിലൂടെ മനുഷ്യജീവിതത്തിന്റെ ദാർശനികവശം സാമന്ത നോവലിൽ അവതരിപ്പിക്കുന്നു. കൊഴിയാൻ പോകുന്ന ഇലപോലെ വരണ്ടുണങ്ങിയ ഒരു പുരുഷൻ; ഒരു അർധവർഷത്തേക്കുകൂടിമാത്രം ഋതുക്കളെ പിന്തുടർന്ന് അയാൾ മടങ്ങുന്നു. ചൂലുപോലെ മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീ വീണ്ടുമൊരു ദശകംകൂടി ജീവിച്ചതിനുശേഷം അവരുടെ വീടിന്റെ ഇടുങ്ങിയ പടവുകളിൽ മരണം കാത്തുകിടക്കുന്നു. അകലെ ശൂന്യാകാശത്തിൽ ഭ്രമണംചെയ്യുന്ന മകൾ മടങ്ങിയെത്തുംവരെ മരണത്തെ അകറ്റിനിർത്താൻ അവർക്കു കഴിയില്ലല്ലോ. എത്ര മനോഹരമായാണ് ജീവിതത്തിന്റെ നിരർഥകതയും നിസ്സഹായകതയും നോവലിസ്റ്റ് വരച്ചുകാട്ടുന്നത്.
ഭൂമിയെ അമ്മയെന്നപോലെയാണ് ശൂന്യാകാശത്തുള്ളവർ നോക്കിക്കാണുന്നത്, പ്രത്യേകിച്ചും ച്യേ അനാഥയായതിനുശേഷം. അവൾക്കു ജന്മം നൽകിയതെന്ന് പറയാൻ അകലെ ജ്വലിച്ചുനിൽക്കുന്ന ഭൂമിയെന്ന ഗോളം മാത്രമാണ് അവശേഷിക്കുന്നത്. ഭ്രമണപഥത്തിലായിരിക്കുന്നിടത്തോളം കാലം ബഹിരാകാശ നിലയത്തിലുള്ളവരുടെ ജീവിതത്തിൽ മാറ്റങ്ങളൊന്നുമുണ്ടാകുന്നില്ല. കസേരകളിയിൽ പാട്ടു നിലക്കാത്തിടത്തോളം എല്ലാവരും കളിക്കാരായി തുടരുന്നതുപോലെയാണത്. എന്നാൽ, പാട്ടു നിലക്കുന്നതോടെ കളിക്കാരിലൊരാൾ കസേര കിട്ടാതെ കളിയിൽനിന്നു പുറത്താകുന്നു. ബഹിരാകാശ നിലയത്തിൽനിന്നു ഭ്രമണം അവസാനിപ്പിച്ചു മടങ്ങുന്നതോടെ ആകാശയാത്രികർക്കു ഭൂമിയിലെ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരും; ച്യേക്ക് അനാഥത്വം അംഗീകരിക്കേണ്ടിവരും. കുറഞ്ഞ താളുകളിൽ മനുഷ്യജീവിതത്തിന്റെ അർഥതലങ്ങളും ദാർശനികതയും ആപേക്ഷികതയും അസ്തിത്വ പ്രതിസന്ധിയും ‘ഓർബിറ്റൽ’ പറഞ്ഞുവെക്കുന്നു.
ബഹിരാകാശ നിലയത്തിൽനിന്നു നോക്കുമ്പോൾ അതിരുകളില്ലാത്ത ലോകമാണ് ഭൂമി. അതിരുണ്ടെങ്കിൽത്തന്നെ അത് കരയും കടലും തമ്മിലുള്ള വേർതിരിവാണ്. രാത്രിയിൽ ഇന്ത്യ, പാകിസ്താൻ അതിർത്തിയിൽ തെളിയുന്ന വെളിച്ചങ്ങൾ മാത്രമാണ് മനുഷ്യനിർമിത അതിർത്തിയായി ഭൂമിയിൽ അവർക്കു കാണാനാകുന്നത്. അതും രാത്രിയിൽ മാത്രം. പകൽവെളിച്ചത്തിൽ അതുമില്ലാതെയാകുന്നു. എന്നാൽ, ഭൂമിയിലുള്ളവർ ബഹിരാകാശ നിലയത്തിനകത്തുപോലും അതിരുകൾ വരക്കുന്നു. മുറികളും വ്യായാമ ഉപകരണങ്ങളും റഷ്യക്കാർക്കും മറ്റുള്ളവർക്കും പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.
ചാന്ദ്രദൗത്യവുമായി മറ്റൊരു ബഹിരാകാശ വാഹനം യാത്ര തിരിക്കുമ്പോൾ ഭൂമിയിൽനിന്നുള്ളവർ നിലയത്തിലുള്ളവരോടു പറയുന്നു - ‘‘നിങ്ങൾ ഇന്നലെയുടെ വാർത്തയായിരിക്കുന്നു, അവർ നിങ്ങളെക്കാൾ അകലെയെത്തിയിരിക്കുന്നു.’’ ഭൂമിയിലെ മനുഷ്യർ തങ്ങളുടെ കിടമത്സരം ശൂന്യാകാശത്തോളം വ്യാപിപ്പിക്കുന്നത് ഇവിടെ കാണാം. എന്നാൽ, ബഹിരാകാശ നിലയത്തിനുള്ളിലുള്ളവർക്ക് ഏകത്വഭാവം കൈവന്നുകഴിഞ്ഞിരുന്നു. ബഹിരാകാശനിലയം ഒരു ശരീരം പോലെയും അതിലെ യാത്രികർ ആ ശരീരത്തിലെ അവയവങ്ങൾപോലെയും പരസ്പര പൂരകങ്ങളാണെന്ന് അവർ സങ്കൽപിക്കുന്നുണ്ട്. അവിടെ എല്ലാവരും ഉപയോഗിച്ചു പുറന്തള്ളുന്ന വായുവും വെള്ളവും ശുദ്ധീകരിച്ചു വീണ്ടും എല്ലാവരും ഉപയോഗിക്കുന്നു. രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളോ അവർക്കു കിട്ടിയ പരിശീലനങ്ങളിലെ വ്യത്യസ്‌തതകളോ അവരുടെ വിഭിന്നങ്ങളായ പശ്ചാത്തലങ്ങളോ സ്വഭാവങ്ങളോ ലക്ഷ്യങ്ങളോ എന്തുമാകട്ടെ, അവരെല്ലാവരും അവിടെ തുല്യരായിരിക്കുന്നു. ഭ്രാന്തമായ ഒരു പുതിയ ലോകത്തിലേക്ക് അന്യഗ്രഹ ജീവികൾ എന്നപോലെയായിരിക്കാം ഇനിയവർ ഭൂമിയിലേക്ക് മടങ്ങിയെത്തുക.
12 മണിക്കൂർ വീതം രാത്രിയും പകലും കണ്ടു ശീലിച്ച മനുഷ്യർക്കു മുന്നിൽ സമയത്തിന്റെ അനന്ത സാധ്യതകൾ തുറന്നിടുകയാണ് നോവലിസ്റ്റ്. ആറുമാസം ശൂന്യാകാശത്തു കഴിയുന്ന ഒരാളുടെ പ്രായം 0.007 സെക്കൻഡുകൾ കുറഞ്ഞിരിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാൽ, യഥാർഥത്തിൽ ഗുരുത്വാകർഷണമില്ലായ്മയിൽ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾക്കുശേഷം അഞ്ചു മുതൽ പത്തു വർഷം വരെ പ്രായമേറിയവരെപ്പോലെയാകും അവർ ഭൂമിയിലേക്ക് തിരിച്ചെത്തുക. സമയവും കാലവും ആപേക്ഷികങ്ങളാണെന്നും ഭൂമിയും ഭൂമിയിലെ മനുഷ്യജീവിതവും എത്രത്തോളം ക്ഷണികമാണെന്നും 16ാം അധ്യായത്തിൽ വിവരിക്കുന്ന കോസ്മിക് കലണ്ടറിലൂടെ ‘ഓർബിറ്റൽ’ വായനക്കാരെ ഓർമപ്പെടുത്തുന്നു.
പ്രപഞ്ചോൽപത്തിക്കു കാരണമായ, 14 ബില്യൺ (ശതകോടി) വർഷങ്ങൾക്കു മുമ്പ് നടന്ന, മഹാവിസ്ഫോടനം (Bing Bang) ജനുവരി ഒന്നിനാണ് നടന്നതെന്നു കണക്കാക്കിയാൽ ജനുവരി അവസാനമാകും താരാപഥങ്ങൾ (Galaxies) ഉടലെടുത്തിട്ടുണ്ടാകുക. പിന്നെയും രണ്ടു ബില്യൺ വർഷങ്ങൾക്കുശേഷം മാർച്ച് 16ന് ക്ഷീരപഥം (Milky Way) ഉണ്ടായി. ആറു ബില്യൺ വർഷങ്ങൾക്കു ശേഷം ആഗസ്റ്റ് അവസാനമാകും സൂര്യനുണ്ടായിരിക്കുക. നാലു ദിവസം കഴിഞ്ഞു ഭൂമിയും പിന്നെയുമൊരു ദിവസത്തിനുശേഷം ചന്ദ്രനുമുണ്ടായി.
നാലു ബില്യൺ വർഷങ്ങൾക്കു മുമ്പ്, സെപ്റ്റംബർ 14ന് ഭൂമിയിൽ ജീവനുണ്ടായി, ഡിസംബർ 20ന് ഭൂമിയിലെ ജീവൻ കരയിലേക്ക് വ്യാപിച്ചു. ഡിസംബർ 25ന്, 0.23 ബില്യൺ വർഷങ്ങൾക്കുമുമ്പ് വെറും അഞ്ചു ദിവസത്തേക്കു മാത്രം നിലനിൽക്കാനായി ദിനോസറുകൾ ജനിച്ചു. പുതുവർഷത്തലേന്നു മധ്യാഹ്നത്തിൽ മനുഷ്യരുണ്ടായി. അർധരാത്രിക്കു നിമിഷങ്ങൾക്കു മുമ്പ് മതങ്ങൾ നിലവിൽവന്നു. നാമിന്നു കാണുന്ന മനുഷ്യനിർമിതമായ മറ്റെല്ലാം വർഷത്തിന്റെ അവസാന നിമിഷം, അർധരാത്രിക്കു തൊട്ടുമുമ്പുള്ള നിമിഷമാണ് സൃഷ്ടിക്കപ്പെട്ടത്. അടുത്ത നാലു മാസങ്ങൾക്കുള്ളിൽ, അഞ്ചു ബില്യൺ വർഷങ്ങൾകൊണ്ട് സൂര്യൻ എരിഞ്ഞുതീരുകയും ചെയ്യും.
പ്രപഞ്ചോൽപത്തി വാർഷിക കലണ്ടറായി അവതരിപ്പിക്കുമ്പോൾ അർധരാത്രിക്ക് ആറു നിമിഷം മുമ്പ് ബുദ്ധമതവും അര നിമിഷങ്ങൾക്കുശേഷം ഹിന്ദുമതവും ഉദ്ഭവിച്ചു എന്ന് ‘ഓർബിറ്റലി’ൽ പറയുന്നുണ്ട്. ഗൗതമ ബുദ്ധൻതന്നെ ഹിന്ദുമതത്തിലാണു ജനിച്ചത് എന്ന വാദത്തിനു വിപരീതമാണിത്. പ്രപഞ്ചത്തിന്റെ നൈമിഷികതയെപ്പറ്റിയുള്ള ചർച്ചയിൽ അത്തരമൊരു അർധനിമിഷം മുന്നിലേക്കോ പിന്നിലേക്കോ മാറുന്നതിന് എന്തു പ്രാധാന്യമെന്ന ചോദ്യവും ഇവിടെ അവശേഷിക്കുന്നു.
സാമന്ത ഹാർവി മതവിശ്വാസിയല്ലെങ്കിലും ‘ഓർബിറ്റലി’ൽ അവർ വിശ്വാസത്തെ തള്ളിപ്പറയുന്നില്ല. മതേതര സമൂഹത്തിൽ ജീവിക്കുന്ന നമുക്ക് ദാർശനിക ആശയങ്ങൾ എവിടെനിന്നു ലഭിക്കുമെന്നും എവിടെനിന്നു നാം അർഥങ്ങൾ കണ്ടെത്തുമെന്നുമുള്ള ചോദ്യങ്ങൾ അതേപ്പറ്റിയുള്ള സംഭാഷണത്തിനിടയിൽ അവർ ചോദിക്കുന്നുമുണ്ട്.
ഭൂമിയിൽനിന്നു വെറും 250 മൈലുകൾ മാത്രം അകലെ, അകലങ്ങളും ആപേക്ഷികമാണ്, ഭൂമിയെ വലംവെക്കുന്ന ബഹിരാകാശ നിലയത്തിലെ സഞ്ചാരികൾക്ക് പ്രപഞ്ചം ഭൂമിക്കു ചുറ്റും വലംവെക്കുന്നുവെന്നു കരുതിയിരുന്ന പൗരാണിക കാലത്തെപ്പോലെ ചിന്തിക്കാൻ കഴിഞ്ഞേക്കും. ഭൂമി എത്രത്തോളം ചെറുതും അപ്രധാനവുമാണെന്നറിയാൻ അവർ ഇനിയുമേറെ അകലേക്കു പോകേണ്ടിയിരിക്കുന്നു. ‘‘എല്ലാത്തിനും മധ്യത്തിൽ സുരക്ഷിതമായാണ് ഭൂമിയുടെ സ്ഥാനം എന്ന ചിന്തയിൽനിന്ന് പൊട്ടിത്തകരാൻ പോകുന്ന ഒരു ശരാശരി ക്ഷീരപഥത്തിലെ ഒരു ശരാശരി സൂര്യനെ വലം വെക്കുന്ന ഒരു ശരാശരി ഗ്രഹം മാത്രമാണ് ഭൂമി എന്ന ചിന്തയിലേക്ക് മാറാൻ അത്ര എളുപ്പമല്ല. ഭൂമി ഉപരിതലത്തിലുമല്ല, മധ്യത്തിലുമല്ല. അത് എല്ലാമല്ല എന്നാൽ ഒന്നുമില്ലായ്കയുമല്ല, എന്നാൽ, എന്തെങ്കിലുമെന്നതിനേക്കാൾ അധികമാണ് താനും.’’
നോവലിൽ കഥാപാത്രമായ നെൽ മറ്റൊരു കഥാപാത്രമായ ഷോണിനോട് ഒരേസമയം ഒരു ബഹിരാകാശ സഞ്ചാരിയാകുകയും ദൈവത്തിൽ വിശ്വസിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് ചോദിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, ഒരു ബഹിരാകാശ സഞ്ചാരിയാകുകയും ദൈവത്തിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്നാകും അയാളുടെ മറുപടിയെന്ന് അവർക്കറിയാം. ചിതറിക്കിടക്കുന്ന ക്ഷീരപഥം ഏതോ പ്രപഞ്ചശക്തിയുടെ ഉദാസീനമായ നിർമിതി മാത്രമാണെന്ന് നെൽ പറയുമ്പോൾ അവയെല്ലാം ഏതോ പ്രപഞ്ചശക്തി ജാഗ്രതയോടെ സൃഷ്ടിച്ചതാണെന്നു ഷോൺ പറയും. അത്തരമൊരു വിശദീകരണത്തിൽ സൃഷ്ടികർത്താവിന്റെ ജാഗ്രതയിലുള്ള വ്യത്യാസം മാത്രമാണ് വിശ്വാസിയുടെയും അവിശ്വാസിയുടെയും വീക്ഷണങ്ങൾ തമ്മിലുള്ള വ്യത്യാസമെന്നു വരുന്നു.
ഒരു ചെറിയ സമയത്തേക്കു ഷോൺ തന്റെ അസ്തിത്വത്തെപ്പറ്റി സംശയാലുവാകുന്നുണ്ട്. ജീവിക്കാനൊരു മനോഹരഭൂമിയുള്ളപ്പോൾ ജീവിക്കാൻ സാധ്യമല്ലാത്ത ശൂന്യാകാശത്തു താൻ എന്താണു ചെയ്യുന്നതെന്ന് അയാൾ ആലോചിക്കുന്നു. കാതങ്ങളോളം അകലെയിരുന്ന ഭൂമിയെ നോക്കിക്കാണുന്ന മനുഷ്യർ സ്വന്തം അസ്തിത്വത്തെപ്പറ്റിയും ജീവിതത്തിന്റെ അർഥതലങ്ങളെപ്പറ്റിയും ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
മരണത്തിൽനിന്നു നാലിഞ്ച് ടൈറ്റാനിയം സംരക്ഷണത്തിന്റെ അകലത്തിലാണയാൾ. ഭൂമിയിൽനിന്നു ചന്ദ്രനിലേക്കു പോകുന്ന സഞ്ചാരികളുമായി സംസാരിക്കുമ്പോൾ താനും അങ്ങനെയൊരു യാത്ര ആഗ്രഹിക്കുന്നുണ്ടെന്ന് ഷോൺ പറയുന്നുണ്ട്. അത് ഒരേസമയം സത്യവും മിഥ്യയുമാണ്. ചന്ദ്രനിലേക്കു പോകാൻ ആഗ്രഹമുണ്ടെങ്കിൽത്തന്നെ ഭൂമിയിലുള്ള തന്റെ ഭാര്യയിൽനിന്ന് ഇനിയുമകലേക്കു പോകാൻ അയാൾ ആഗ്രഹിക്കുന്നുമില്ല.
പിയെട്രോ ഫിലിപ്പീൻസിൽ മധുവിധു ആഘോഷിക്കാൻ പോയപ്പോൾ ഒരു മുക്കുവനെ പരിചയപ്പെട്ട കഥ, പിയെട്രോയുടെയും മുക്കുവന്റെയും കാഴ്ചപ്പാടിൽ നോവലിൽ വിവരിക്കുന്നുണ്ട്. മീൻപിടിത്തക്കാരന്റെ കത്തി വെള്ളത്തിൽ വീഴുകയും പിയെട്രോ മുങ്ങാംകുഴിയിട്ട് വെള്ളത്തിൽനിന്ന് അതു കണ്ടെടുക്കുകയുംചെയ്യുന്നു. പിയെട്രോ സ്നേഹത്തോടെയും കരുതലോടെയും മീൻപിടിത്തക്കാരൻ അത്ഭുതാദരങ്ങളോടെയും ആ സംഭവം ഓർത്തെടുക്കുന്നു. ഓരോ കാഴ്ചയുമെന്നതുപോലെ ഓരോ കഥയും പറയുന്ന ആളുടെ വീക്ഷണങ്ങൾക്കനുസരിച്ചു മാറുന്നു.
2009ൽ സാമന്ത ഹാർവിയുടെ ആദ്യ നോവലായ ‘ദി വിൽഡർനെസ്’ ബുക്കർ പുരസ്‌കാരത്തിനുള്ള ദീർഘപട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഈ പുസ്തകം ബെറ്റി ട്രാസ്ക് പുരസ്‌കാരം നേടുകയുണ്ടായി. മറവിരോഗം ബാധിച്ച ജെയ്ക് എന്ന വാസ്തുശിൽപിയുടെ കഥയാണ് ‘ദി വിൽഡർനെസ്’ പറയുന്നത്. ഓർമകൾക്കാണിവിടെ സ്ഥാനഭ്രംശം സംഭവിക്കുന്നത്. ദിവസങ്ങളുടെ പരിശ്രമത്തിനുശേഷം ക്രമരാഹിത്യം (Entropy) എന്ന വാക്ക് ജെയ്ക് ഓർത്തെടുക്കുന്നതിനെപ്പറ്റി നോവലിൽ പറയുന്നുണ്ട്. എല്ലാ ക്രമങ്ങളും നഷ്ടമാവുമെന്ന്, നേടുമെന്നല്ല, ക്രമരാഹിത്യ സിദ്ധാന്തം പറയുന്നു.
ഒരു കപ്പ് കാപ്പി സമയം കഴിയുമ്പോൾ ആറിത്തണുക്കും, എന്നാൽ എത്ര നേരമെടുത്താലും തനിയെ വീണ്ടും ചൂടാകുകയുമില്ല. ഒരു വീട്, ഇഷ്ടികകൾ മാത്രമായി തകർന്നടിഞ്ഞേക്കാം, എന്നാൽ ഇഷ്ടികകൾ ഒരിക്കലും തനിയെ കൂടിച്ചേർന്ന് തിരികെ വീടായി മാറുകയില്ല. മനുഷ്യരുടെ ഇടപെടലുകളില്ലായിരുന്നെങ്കിൽ എങ്ങനെയായിരുന്നിരിക്കുമോ, അതിലേക്ക് തിരികെ പോകാനാണ് പ്രകൃതി ഇപ്പോഴും ശ്രമിക്കുന്നതെന്ന് ജെയ്ക് ചിന്തിക്കുന്നു. നോവലിസ്റ്റിനു പ്രകൃതിയോടുള്ള സ്നേഹം ഇവിടെയും വ്യക്തമാണ്.
‘ഓൾ ഈസ് സോങ്’, ‘ദി ഡിയർ തീഫ്’, ‘ദി വെസ്റ്റേൺ വിൻഡ്’ എന്നിവയാണ് സാമന്ത ഹാർവിയുടെ മറ്റു നോവലുകൾ. 2020ൽ ‘ദി ഷെയ്പ് ലെസ് അണീസ്: എ ഇയർ ഓഫ് നോട്ട് സ്ലീപ്പിങ്’ എന്ന പേരിൽ താൻ അനുഭവിച്ച ഉറക്കമില്ലായ്മയെപ്പറ്റി (Insomnia) അവർ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ബ്രിട്ടനിൽ പതിനാറാം നൂറ്റാണ്ടിലെ ഒരു ഗ്രാമീണഗൃഹത്തിൽ ജീവിക്കുന്ന സാമന്ത മൊബൈൽ ഫോണോ സമൂഹമാധ്യമ അക്കൗണ്ടുകളോ ഉപയോഗിക്കുന്നില്ല.
സാമന്ത ഹാർവിയുടെ രചനകളെ വിർജീനിയ വൂൾഫിന്റേതുമായി താരതമ്യപ്പെടുത്താറുണ്ട്. താൻ ഏറ്റവുമധികം ആദരിക്കുന്ന എഴുത്തുകാരിയാണ് വിർജീനിയ വൂൾഫ് എന്നാണ് അവർ ഇതേപ്പറ്റി പറയുന്നത്. വിർജീനിയ വൂൾഫിന്റെ ‘ദി വേവ്സ്’ എന്ന നോവൽ ‘ഓർബിറ്റലി’നെ സ്വാധീനിച്ചിട്ടുണ്ടെങ്കിൽ അത് ബോധപൂർവമായിരുന്നില്ലെന്നും അവർ കൂട്ടിേച്ചർക്കുന്നു. ‘ഓർബിറ്റലി’നെപ്പറ്റി ബുക്കർ പുരസ്‌കാര വിധികർത്താക്കൾ അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ് -‘‘ഒറ്റ ആഖ്യാനത്തിൽ ഭൂമിയെ മൊത്തമായി പ്രതിഷ്ഠിച്ചതോടെ ഓർബിറ്റലിൽ അതിർത്തികൾ, സമയമേഖലകൾ, വ്യതിരിക്തമായ കഥകൾ മുതലായവ തീർക്കുന്ന അന്തരങ്ങൾ അവ്യക്തമാകുന്നു. അപൂർവമായ ഈ നേട്ടത്തെ ആദരവോടെ അവതരിപ്പിച്ചിരിക്കുന്ന നോവലിന്റെ വായന ഒരു ആരാധനാ കർമത്തിനു സമമാകുന്നു.’’
കഥയും കഥയുടെ തുടക്കവും ഒടുക്കവും തേടുന്ന സാമ്പ്രദായിക നോവൽ വായനയെ ‘ഓർബിറ്റൽ’ തൃപ്തിപ്പെടുത്തണമെന്നില്ല. ഇവിടെ കഥയല്ല (Plot driven) നോവലിന്റെ ഗതി നിർണയിക്കുന്നത്. മനുഷ്യാവസ്ഥയുടെ അഥവാ മനുഷ്യർ കടന്നുപോയേക്കാവുന്ന ഒരു സാഹചര്യത്തിന്റെ പകർത്തിയെഴുത്താണ് (Situation based) ‘ഓർബിറ്റൽ’. നേരിട്ട് കാണുന്നതും അനുഭവിക്കുന്നതും പകർത്തിയെഴുതുന്നതിനു പകരം കാണാപ്പുറത്തുള്ള കാഴ്ചകളാണ് ‘ഓർബിറ്റൽ’ തേടുന്നത്. ഇംഗ്ലണ്ടിലെ ബാത്ത് സ്പാ യൂനിവേഴ്സിറ്റിയിൽ ബിരുദാനന്തര വിദ്യാർഥികളെ സർഗാത്മക രചന അഭ്യസിപ്പിക്കുന്ന നോവലിസ്റ്റ് ആഖ്യാനത്തിലും പരമ്പരാഗത സമ്പ്രദായങ്ങളെ മറികടന്നിരിക്കുന്നു.
ആഖ്യാനം ഞാൻ (First Person), നിങ്ങൾ (Second Person), അവർ, അയാൾ (Third Person) എന്നിങ്ങനെ ആരിലൂടെയുമാകാം. ഒരേ അധ്യായത്തിൽത്തന്നെ മുന്നറിയിപ്പുകളില്ലാതെ ആഖ്യാതാവ് മാറിയേക്കാം. നൂതനമായ നോവൽ സങ്കേതങ്ങളിലൂടെ സാമന്ത ബഹിരാകാശമെന്ന, എത്തിപ്പെടാൻ കഴിയാത്ത ദൂരത്തെ വായനക്കാർക്ക് അനുഭവവേദ്യമാക്കുന്നു. ഒരു പതിവ് വിനോദയാത്രയോ വിദേശയാത്രയോ അല്ല കഥാപാത്രങ്ങളുടേത് എന്ന് അടിവരയിട്ടു ബോധ്യപ്പെടുത്താൻ നോവലിൽ നിർലോഭമായി ഉപയോഗിച്ചിരിക്കുന്ന വിവരങ്ങൾക്കു (Data) കഴിഞ്ഞിട്ടുണ്ട്.
നാം ഭൂമിയോടു ചെയ്യുന്ന കാര്യങ്ങൾ മൂലമുള്ള വ്യഥയും നഷ്ടബോധവും നിലനിർത്തിക്കൊണ്ടുതന്നെ, ഭൂമിയുടെ സൗന്ദര്യം എഴുത്തിലൂടെ ആഘോഷിക്കാനാണ് താൻ ആഗ്രഹിച്ചതെന്നു സാമന്ത ഹാർവി പറയുന്നു. ഭൂമിക്കുവേണ്ടി സംസാരിക്കുന്ന എല്ലാവർക്കുമായാണ് സാമന്ത ഹാർവി തനിക്കു ലഭിച്ച പുരസ്‌കാരം സമർപ്പിച്ചത്. ബുക്കർ പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ചയിൽത്തന്നെ ‘ഓർബിറ്റൽ’ ചുരുക്കപ്പട്ടികയിലുള്ള മറ്റെല്ലാ പുസ്തകങ്ങളെക്കാളും വിൽപനയിൽ മുൻപന്തിയിലെത്തിയിരുന്നു. ബുക്കർ പ്രൈസ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച്, 136 താളുകൾ മാത്രമുള്ള ‘ഓർബിറ്റൽ’ പുരസ്‌കാരം നേടിയ രണ്ടാമത്തെ ഏറ്റവും ചെറിയ നോവലാണ്; ശൂന്യാകാശം വിഷയമായി പുരസ്‌കാരം നേടുന്ന ആദ്യ നോവലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.