‘ഡ്രാക്കുള’ എന്ന കഥാപാത്രം മലയാളത്തിലെ വാമ്പയർ സാഹിത്യശാഖയിലെ പ്രധാന കഥാപാത്രമായി അവതരിക്കപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ‘ഡ്രാക്കുള’ക്ക് ഇൗ സ്വീകാര്യത ലഭിച്ചത്? എന്താണ് യഥാർഥത്തിൽ ആ നോവലിന്റെ കാമ്പ്? ഡ്രാക്കുളയുടെ ലോകഭാഷകളിലൂടെയുള്ള സഞ്ചാരത്തിന്റെ 125ാം വർഷത്തിൽ മലയാള ഭാഷയിൽ ഒരിക്കൽക്കൂടി സന്ദർശനം നടത്തുകയാണ് ‘ഡ്രാക്കുള’. വ്യത്യസ്തമായ വായന നടത്തുകയാണ് ചരിത്രകാരനും കവിയും വിവർത്തകനുമായ ലേഖകൻ.
ഗോഥിക് സാഹിത്യത്തിലെ മൗലിക കൃതികളിൽ പ്രധാനപ്പെട്ട ഒന്നാണ് ബ്രാം സ്റ്റോക്കറുടെ ‘ഡ്രാക്കുള’ എന്ന നോവൽ. അധിനിവേശ മനോഭാവത്തെയും പ്രണയങ്ങളെയും അപരഭയവിഷയങ്ങളെയും വിക്ടോറിയൻ സദാചാരത്തിനെതിരെയുള്ള വെല്ലുവിളികളെയും വിന്യസിക്കുന്ന കൃതിയാണത്. ലോകമെമ്പാടുമുള്ള വാമ്പയർ നോവൽ സാഹിത്യശാഖയെ ഉത്തേജിപ്പിക്കുകയും രൂപപ്പെടുത്തുകയുംചെയ്ത കൃതിയുമാണത്. അതിന്റെ മാതൃകയിൽ പല ഭാഷകളിൽ അനേകം കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഈ നോവലിന്റെ തന്നെ അനേകം തർജമകൾക്കൊപ്പമാണ് പ്രചോദിത നോവലുകളുടെ ശ്രേണി വികസിതമായിട്ടുള്ളതെന്നത് ‘ഡ്രാക്കുള’ എന്ന നോവലും ആ കഥാപാത്രവും ആഗോളതലത്തിൽ നിക്ഷേപിച്ചിട്ടുള്ള സ്വാധീനത്തിന്റെ അടയാളമാണ്.
ഡ്രാക്കുളയെ കേന്ദ്രീകരിച്ചുകൊണ്ട് ഇറങ്ങിയിട്ടുള്ള സിനിമകളുടെ എണ്ണവും അവക്ക് ലഭിച്ചിട്ടുള്ള സ്വീകാര്യതയും ഈ സ്വാധീനത്തെ അടിവരയിട്ട് ഉറപ്പിക്കുന്നതാണ്. ബഹു സാംസ്കാരിക സന്ദർഭങ്ങളിൽ എഴുത്തുകാരുടെയും സിനിമ സംവിധായകരുടെയും അനേകം തലമുറകളെ– അങ്ങനെ പുസ്തക പ്രസാധന-സിനിമ വ്യവസായങ്ങളെയും അവയുടെ ആസ്വാദകരെയും– പ്രചോദിപ്പിച്ച ഈ നോവൽ മലയാളത്തിൽ തർജമചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഡ്രാക്കുള എന്ന കഥാപാത്രം മലയാളത്തിലെ വാമ്പയർ സാഹിത്യശാഖയിലെ പ്രധാന കഥാപാത്രമായി അവതരിക്കപ്പെട്ടിട്ടുണ്ട്. ഈ കൃതിക്ക് മലയാളത്തിൽ വീണ്ടുമൊരു തർജമ ഒരുങ്ങുകയാണ്. ആശാലതയാണ് ഈ കൃതി വീണ്ടും മലയാളത്തിലേക്ക് തർജമ ചെയ്യുന്നത്. മുൻകാല തർജമകളിൽനിന്ന് വ്യത്യസ്തമായി മലയാളത്തിന്റെ തന്നെ വ്യത്യസ്ത മൊഴിവഴക്കങ്ങളെ മൂലകൃതിയിലെ കഥാപാത്രങ്ങളുടെ ദേശീയ- മൊഴി സമ്പ്രദായങ്ങളെ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്നു എന്ന മൗലികത ആശാലതയുടെ വിവർത്തനത്തിനുണ്ട്.
അതുപോലെത്തന്നെ, മലയാള ഭാഷയിൽ ഇറങ്ങിയ മുൻ തർജമകളിൽനിന്ന് വിഭിന്നമായി ചില സന്ദർഭങ്ങളുടെ, മനോഭാവങ്ങളുടെ, സംഭാഷണങ്ങളുടെയെല്ലാം ഊന്നലുകളിലൂടെ നോവലിൽ അവതരിപ്പിക്കപ്പെട്ട രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലത്തെ അടുത്തനുഭവിക്കാനുള്ള ശ്രമവും ആശാലതയുടെ തർജമയിൽ നടന്നിട്ടുണ്ട്. വിവർത്തനം എന്നത് മൗലികമായ രാഷ്ട്രീയ-സാംസ്കാരിക ഇടപെടൽ ആക്കുക എന്ന സർഗാത്മക പ്രക്രിയ ആശാലതയുടെ ‘ഡ്രാക്കുള’ വിവർത്തനത്തിന് അവകാശപ്പെടാം. ഈ വിവർത്തനം തുറന്നുതരുന്ന ചില വാതിലുകളിലൂടെ ‘ഡ്രാക്കുള’ നോവലിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക ബോധങ്ങളെ നോക്കിക്കാണാനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത്.
നോവലിൽ പ്രതിഫലിക്കുന്ന അധിനിവേശ മനോഘടന
ബ്രാം സ്റ്റോക്കറുടെ ‘ഡ്രാക്കുള’ അതിന്റെ ആഖ്യാനത്തിൽ അതിസങ്കീർണമായ രീതിയിൽ അധിനിവേശ മനോഭാവങ്ങളെ നെയ്തുവെച്ചിട്ടുണ്ട്. വിക്ടോറിയൻ സമൂഹത്തിൽ നിലനിന്നിരുന്ന സമീപനങ്ങളെ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ആഖ്യാനം. ട്രാൻസിൽവാനിയയുടെ നിഗൂഢഭൂമികളിൽനിന്നുവരുന്ന ഡ്രാക്കുള പ്രഭുവിന്റെ കഥാപാത്രത്തിൽ അപരത്വത്തെ ഘോഷിക്കുന്ന പരദേശീയത്വവും അപകടവും കലർത്തിയിരിക്കുന്നു.
ജോനാഥൻ ഹാർക്കർ ‘ഡ്രാക്കുള’യുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കുശേഷം, അദ്ദേഹത്തെ വിവരിക്കുമ്പോൾ ഊന്നൽ കൊടുക്കുന്നത് പരദേശീയത്വത്തിനും അപരിചിതത്വത്തിനുമാണ്. അതിപ്രകാരമാണ്: ‘‘ഉയരം കൂടിയ ഒരു വയസ്സനാണവിടെ നിന്നിരുന്നത്. വെളുത്തു നീണ്ട മീശ. ക്ഷൗരം ചെയ്തു മിനുക്കിയ മുഖം. തലമുതൽ പാദംവരെ കറുത്ത വസ്ത്രം ധരിച്ചിരിക്കുന്നു. വേറൊരുനിറവും അയാളുടെ വസ്ത്രത്തിലെവിടെയുമില്ല.’’ ഈ വിവരണം ഡ്രാക്കുളയുടെ കായികതയുടെ പ്രത്യക്ഷത്തെ മാത്രമല്ല എടുത്തുകാണിക്കുന്നത്. മറിച്ച്, ആഴത്തിൽ അപരത്വത്തെ അടയാളപ്പെടുത്തുന്നുമുണ്ട്. ബ്രിട്ടീഷ് പശ്ചാത്തലമുള്ള കഥാപാത്രങ്ങളിൽനിന്ന് ഡ്രാക്കുളക്കുള്ള വ്യത്യാസത്തെ അടിവരയിടുകയാണ് ആദ്യവിവരണത്തിൽത്തന്നെ.
ബ്രിട്ടീഷ് പശ്ചാത്തലമുള്ള കഥാപാത്രങ്ങളുടെ സ്വാഭാവിക ഇടങ്ങളെയും ഡ്രാക്കുളയുടെ ഇടങ്ങളെയും വിശദമാക്കുമ്പോഴും ഇത്തരത്തിൽ അപരത്വം നിർമിക്കുന്നുണ്ട്. കിഴുക്കാംതൂക്കായ ഒരു കയറ്റത്തിൽ സമാനതകളില്ലാത്ത തരത്തിൽ ഉയർന്നുനിൽക്കുന്ന ഡ്രാക്കുളക്കോട്ട, അപര ദേശീയത്വത്തെയും കഥാപാത്രത്തിന്റെയും അയാളുടെ ഗൃഹദേശ പരിസരങ്ങളുടെയും ഭീഷണസ്വഭാവത്തെയും ഭീകരതയെയും അടിവരയിട്ടുറപ്പിക്കാൻ ഉപയോഗപ്പെടുത്തുന്നു.
നോവലിന്റെ അവസാനഭാഗത്തേക്കെത്തുമ്പോളും ആ പ്രദേശത്തിന്റെ ഭീകരത അടിവരയിട്ടുറപ്പിക്കുന്നതിനായി ജോനാഥൻ ഇപ്രകാരം പറയുന്നു: ‘‘ആ സ്ഥലം എങ്ങനെയുള്ളതാണെന്നറിയാമോ? നരകംപോലത്തെ ആ ഭീകരസ്ഥലം. നിലാവിൽ കുളിച്ചുനിൽക്കുന്ന സ്ഥലം. ആ നിലാവിൽ ഭയങ്കര രൂപങ്ങൾ ഉരുവം കൊള്ളും. കാറ്റിൽ പാറിവരുന്ന ഓരോ പൊടിയുടെ തരിയും നമ്മളെ വിഴുങ്ങാൻ വരുന്ന ഒരു ചെകുത്താന്റെ വിത്താണ്.’’ സൂസൻ ഫെൻ സാന്റൻ, റോജേഴ്‌സ് എ സെംപാഷ് തുടങ്ങിയവർ തങ്ങളുടെ പഠനങ്ങളിൽ യൂറോപ്യൻ അധിനിവേശ വ്യവഹാരങ്ങളിൽ അപരത്വത്തിന്റെ അഭിജ്ഞാനമായി ഡ്രാക്കുള പ്രസക്തമാകുന്നതെങ്ങനെയെന്ന് വിശകലനംചെയ്തിട്ടുണ്ട്.
സൂസൻ തന്റെ പഠനത്തിൽ ഇപ്രകാരം അഭിപ്രായപ്പെട്ടിരിക്കുന്നു: വിക്ടോറിയൻ സമൂഹത്തെ ഗ്രസിച്ച പരദേശീയതയോടും അപരിചിതരോടുമുള്ള ഭീതിയെയാണ് ഡ്രാക്കുള പ്രതിനിധാനംചെയ്യുന്നത്. ഡ്രാക്കുളയെ അപരദേശ അക്രമിയുടെ പ്രാഗ്‌രൂപമെന്ന നിലയിൽ അവതരിപ്പിക്കുന്നതിലൂടെ സ്റ്റോക്കർ ചെയ്യുന്നത് സാംസ്കാരിക വ്യത്യാസങ്ങളുമായി ബന്ധപ്പെട്ട ആഴമുള്ള ഉത്കണ്ഠകളെ തട്ടിയുണർത്തുകയും പാശ്ചാത്യേതര സംസ്കാരങ്ങൾ ബ്രിട്ടീഷ് ജനതക്ക് ഉളവാക്കുന്ന പ്രത്യക്ഷമായ ഭീഷണികളെ അവതരിപ്പിക്കുകയുമാണ്.
അതുകൂടാതെ, ട്രാൻസിൽവേനിയയെ അന്ധവിശ്വാസത്തിന്റെയും ഇരുട്ടിന്റെയും ഭൂമിയായി ചിത്രീകരിക്കുന്നതിലൂടെ പാശ്ചാത്യ വരിഷ്ഠതയുമായി ബന്ധപ്പെട്ട ആഖ്യാനങ്ങളിലേക്ക് നോവലിനെ വിളക്കിച്ചേർക്കുകയാണ് സ്റ്റോക്കർ ചെയ്തത്. പ്രാകൃതവിശ്വാസങ്ങളും പിന്നാക്കാവസ്ഥയുമുള്ള, തങ്ങളുടെ ജ്ഞാനദീപ്തിയുള്ള സംസ്കാരത്തിന് നേരെതിരു നിൽക്കുന്ന പ്രദേശമായാണ് ട്രാൻസിൽവേനിയയെ നോവലിലെ ബ്രിട്ടീഷ് കഥാപാത്രങ്ങൾ കാണുന്നത്. ഈ വ്യത്യാസം ഡ്രാക്കുള പ്രഭുവിന്റെ വാക്കുകളിലൂടെത്തന്നെ വ്യക്തമാക്കാൻ സ്റ്റോക്കർ ശ്രമിക്കുന്നുണ്ട്– ‘‘ഇത് ട്രാൻസിൽവേനിയയാണ്. ട്രാൻസിൽവേനിയ ഇംഗ്ലണ്ടല്ല. ഞങ്ങളുടെ രീതികളല്ല നിങ്ങളുടെ രീതികൾ. നിങ്ങളെ സംബന്ധിച്ച് വിചിത്രമായ പല കാര്യങ്ങളും ഇവിടെ കണ്ടെന്നുവരും.’’ ഈ ദ്വന്ദ്വബോധം ഡ്രാക്കുള കോട്ടയെക്കുറിച്ചുള്ള ഹാർക്കറിന്റെ നിരീക്ഷണങ്ങളിലും വ്യക്തമാണ്. അതിപ്രകാരമാണ്: ‘‘ഒരു കിഴുക്കാംതൂക്കിന്റെ തെറ്റത്താണ് കോട്ട.
ഈ ജനലിൽനിന്നും ഒരു കല്ലെറിഞ്ഞാൽ അത് ഒരിടത്തും തൊടാതെ ആയിരത്തോളം അടി താഴെച്ചെന്നു വീഴും!’’ ഇവിടെ, ഡ്രാക്കുള കോട്ടയുടെ ഗോഥിക് ഔന്നത്യത്തെ ട്രാൻസിൽവേനിയൻ സമൂഹത്തിൽ ലീനമായതായി ആരോപിക്കപ്പെടുന്ന അപരിഷ്കൃതത്വത്തോടോ അതിന്റെ പ്രാകൃതത്വത്തോടോ അഭിമുഖം നിർത്തിക്കുകയാണ്. അതിലൂടെ, വിക്ടോറിയൻ സമൂഹത്തിന്റെ സാംസ്കാരിക ഔന്നിത്യം ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്. അന്ധവിശ്വാസം ആഴത്തിൽ കിഴക്കൻ ജനതയെ ബാധിച്ച കാര്യമായും ബ്രിട്ടീഷ്/ പാശ്ചാത്യ കഥാപാത്രങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. നോവലിന്റെ തുടക്കത്തിൽ ഭക്ഷണശാലയിലെ വൃദ്ധയായ സ്ത്രീയുടെ പെരുമാറ്റത്തിൽ മുറ്റിനിൽക്കുന്ന ഭയത്തെ ഹാർക്കർ അന്ധവിശ്വാസമായാണ് മനസ്സിലാക്കുന്നത്: ‘‘ഞാനിറങ്ങുന്നതിന് തൊട്ടുമുമ്പ് വയസ്സി എന്റെ മുറിയിൽ വന്ന് ഹിസ്റ്റീരിയ ബാധിച്ചവരെപ്പോലെ പുലമ്പാൻ തുടങ്ങി.
‘‘പോകണമെന്നുതന്നെയാണോ? പോകാനുറപ്പിച്ചോ? കഷ്ടം! നല്ലൊരു ചെറുപ്പക്കാരൻ.’’ നോവൽ അവസാനത്തോടടുത്ത് മിനാ ഹാർക്കറുടെ കുറിപ്പുകളിൽ അന്ധവിശ്വാസത്തെക്കുറിച്ച് പരാമർശം വീണ്ടുമെത്തുന്നു. "ആൾക്കാർ ധീരരും കരുത്തരും സരളസ്വഭാവക്കാരുമാണ്. ഒരുപാട് നല്ല ഗുണങ്ങളുള്ള ആളുകൾ. പക്ഷേ, അങ്ങേയറ്റത്തെ അന്ധവിശ്വാസികളാണ്. ആദ്യം ഞങ്ങൾ കയറിച്ചെന്ന വീട്ടിൽവെച്ച്, ഭക്ഷണം വിളമ്പിയിരുന്ന സ്ത്രീ എന്റെ നെറ്റിയിലെ അടയാളം ശ്രദ്ധിച്ചു. അവർ കുരിശു വരക്കുകയും ദുഃശ്ശകുനമൊഴിവാക്കാൻ എന്റെ നേർക്ക് രണ്ടു വിരലുകൾ ചൂണ്ടുകയും ചെയ്തു. ഞങ്ങളുടെ ഭക്ഷണത്തിൽ അവർ കഷ്ടപ്പെട്ട് ഒരുപാടു വെളുത്തുള്ളി ചേർെത്തന്ന് തോന്നുന്നു.’’ ഇത്തരത്തിൽ ആവർത്തിച്ചാവർത്തിച്ച് കിഴക്കൻ ജനതയുടെ അന്ധവിശ്വാസത്തെ ആഖ്യാനത്തിൽ ഉൾച്ചേർത്തുകൊണ്ട് ബ്രിട്ടീഷ്/ പാശ്ചാത്യ കഥാപാത്രങ്ങളിൽനിന്ന് അവർക്കുള്ള അപരത്വവും സംസ്കാരഭേദങ്ങളും അടിവരയിട്ടുറപ്പിക്കുകയാണ് നോവലിൽ.
അധിനിവേശ മാനസികതയുമായി ബന്ധപ്പെട്ട അപരത്വ പ്രമേയം ബ്രാം സ്റ്റോക്കറുടെ ‘ഡ്രാക്കുള’ നോവലിനെ സാന്ദ്രമാക്കുകയും അതിലെ ആഖ്യാനത്തെയും കഥാപാത്രങ്ങളെയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഡ്രാക്കുള പ്രഭുവിന്റെയും അദ്ദേഹത്തിന്റെ വാസപ്രദേശത്തിന്റെയും ചിത്രീകരണത്തിലൂടെ സ്റ്റോക്കർ വിക്ടോറിയൻ സമൂഹത്തിൽ അപരരെക്കുറിച്ചു നിലനിന്നിരുന്ന ഉത്കണ്ഠകളെയും മുൻവിധികളെയും പ്രതിഫലിപ്പിക്കുകയായിരുന്നു. ഇത്തരം പ്രമേയങ്ങളെ സൂക്ഷ്മനിരീക്ഷണം നടത്തിക്കൊണ്ട് കാലഘട്ടത്തിന്റെ സാംസ്കാരിക ബലതന്ത്രങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കുവെക്കുന്നുണ്ട് നോവൽ.
കിഴക്കിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ
‘ഡ്രാക്കുള’യിൽ കിഴക്കിനോടുള്ള –പ്രത്യേകിച്ചും ട്രാൻസിൽവേനിയയോടുള്ള– വിക്ടോറിയൻ സമൂഹത്തിന്റെ മനോഭാവങ്ങളെ പ്രതിഫലിപ്പിച്ചു കാണാനുണ്ട്. ഇരുട്ടിന്റെയും അന്ധവിശ്വാസത്തിന്റെയും അപകടങ്ങളുടെയും പ്രദേശമായാണ് നോവലിൽ അതിനെ ചിത്രീകരിച്ചിട്ടുള്ളത്. നോവലിലെ ബ്രിട്ടീഷ് പശ്ചാത്തലമുള്ള കഥാപാത്രങ്ങൾ നിഗൂഢതയുള്ള ഡ്രാക്കുള പ്രഭുവുമായും അദ്ദേഹത്തിന്റെ ഗൃഹദേശപരിസരങ്ങളുമായും ബന്ധപ്പെടുന്നുണ്ട്. കിഴക്കൻ യൂറോപ്പിനെക്കുറിച്ച് വിക്ടോറിയൻ സമൂഹം സ്വാംശീകരിച്ചു െവച്ചിട്ടുള്ള സാംസ്കാരിക-സാമൂഹിക അപരത്വത്തെ അടിവരയിട്ടുറപ്പിക്കാൻ ഈ കഥാപാത്രങ്ങളുടെ അനുഭവങ്ങളുടെ ആഖ്യാനം പര്യാപ്തമാണ്.
ആഖ്യാതാക്കളായ പാശ്ചാത്യ-ബ്രിട്ടീഷ് കഥാപാത്രങ്ങൾ, അവരിൽ ഡ്രാക്കുളയെയും അയാളുടെ ജീവിതപരിസരത്തെയും അഭിമുഖീകരിക്കുമ്പോൾ/ച്ചപ്പോൾ രൂപപ്പെട്ട ഭീതിയും ആകർഷണീയതയുമാണ് ആഖ്യാനം ചെയ്യുന്നത്. ഇത് നോവലിലെ കഥാപാത്രങ്ങളുടെ ഭയമോ അനുഭവങ്ങളോ മാത്രമല്ലാതാവുകയും അത് സാമൂഹികഭീതിയും ഉത്കണ്ഠകളുമായി പരിണമിക്കുകയും ചെയ്യുന്നു.
ഡ്രാക്കുളക്കോട്ടയെയും അതിന്റെ ചുറ്റുപാടുകളെയും കുറിച്ചുള്ള സ്റ്റോക്കറുടെ വിശദവും വ്യക്തവുമായ വർണനകൾ കിഴക്കുമായി ബന്ധപ്പെട്ടു നിലനിൽക്കുന്നതും അസ്വസ്ഥജനകവുമായ സാഹചര്യങ്ങളെക്കുറിച്ചുള്ള മനോഭാവങ്ങളെ സാധൂകരിക്കാൻ ഉതകുന്നതായിരുന്നു. ജോനാഥൻ ഹാർക്കർ കോട്ടയിൽ എത്തുമ്പോൾ, അയാൾ അതിന്റെ ഒറ്റപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ സാഹചര്യങ്ങളിൽ തറഞ്ഞുപോകുന്നുണ്ട്. ഡ്രാക്കുളയുടെ വാസസ്ഥലത്തിന്റെ വിവരണങ്ങളിൽ നിറയുന്ന ഒറ്റപ്പെട്ടതും ഭീകരത ഉണർത്തുന്നതുമായ സാഹചര്യങ്ങൾ കിഴക്കൻ യൂറോപ്പിനെക്കുറിച്ച് ബ്രിട്ടീഷ് സമൂഹത്തിൽ നിലനിന്നിരുന്ന, അപകടത്തിന്റെയും തമസ്സിന്റെയും സ്ഥലരാശിയെന്ന വാർപ്പുമാതൃകയെ അനാവരണം ചെയ്യുന്നതാണ്.
കിഴക്കിനെക്കുറിച്ചുള്ള സ്റ്റോക്കറുടെ ചിത്രീകരണം പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെയും സാംസ്കാരിക അധീശത്വത്തിന്റെയും വിമർശനമായാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫ്രാങ്കോ മൊറേറ്റി നിരീക്ഷിച്ചിട്ടുണ്ട്. ‘ഡ്രാക്കുള’യിലൂടെ സാംസ്കാരിക ഔന്നത്യത്തിന്റെ പാശ്ചാത്യ മനോഭാവങ്ങളെ വെല്ലുവിളിക്കുകയാണ് സ്റ്റോക്കർ ചെയ്തിരിക്കുന്നതെന്നും മൊറേറ്റി അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്: ‘‘ഡ്രാക്കുള പ്രഭു സംഭാഷണശൈലിയിൽ മാത്രമാണ് അഭിജാതനായി അനുഭവപ്പെടുന്നത്. അദ്ദേഹത്തിന്റെ കോട്ടയിൽ താമസിക്കാനെത്തുന്ന ജോനാഥൻ ഹാർക്കാർ– അയാളുടെ ഡയറിക്കുറിപ്പുകളിൽ നിന്നാണ് നോവൽ ആരംഭിക്കുന്നത്– ഒരു വ്യക്തിയെ കുലീനനാക്കുന്ന പ്രധാന ഘടകത്തിന്റെ– വേലക്കാർ– അഭാവം അത്ഭുതത്തോടെ നിരീക്ഷിക്കുന്നുണ്ട്.
അയാളുടെ അനുഭവത്തിൽ ഡ്രാക്കുള വണ്ടിയോടിക്കുന്നു, ഭക്ഷണം പാചകം ചെയ്യുന്നു, കിടക്കയൊരുക്കുന്നു, കോട്ട വൃത്തിയാക്കുന്നു– അങ്ങനെ ഹാർക്കറുടെ ദൃഷ്ടിയിൽ ഡ്രാക്കുള തന്റെ പ്രഭുപദവിയിൽനിന്ന് ഏറെ താഴേക്ക് പതിക്കുന്നു. പക്ഷേ, പ്രഭു ആഡം സ്മിത്തിനെ വായിച്ചിട്ടുണ്ട്: അയാൾക്കറിയാം, വേലക്കാർ ഉൽപാദനഗുണമില്ലാത്ത തൊഴിലാളികളും അവരെ ജോലിക്കെടുത്തിരിക്കുന്ന ആളുടെ സമ്പത്ത് ക്ഷയിപ്പിക്കുന്ന തൊഴിലാളി വിഭാഗമാണെന്നും. അതുമാത്രമല്ല, ഡ്രാക്കുളയിൽ പ്രഭുക്കന്മാർക്കിടയിൽ സാധാരണയായി കാണുന്ന നിയന്ത്രണമില്ലാത്ത ഉപഭോഗാസക്തി കാണാനാവില്ല. അയാൾ തിന്നുന്നില്ല, അയാൾ കുടിക്കുന്നില്ല, അയാൾ രതിയിലേർപ്പെടുന്നില്ല, അയാൾക്ക് പൊങ്ങച്ചം തെളിയുന്ന വസ്ത്രങ്ങൾ ഇഷ്ടമല്ല, അയാൾ നാടകശാലകളിൽ പോകുന്നില്ല, അയാൾ വേട്ടക്ക് പോകുന്നില്ല, അയാൾ വിരുന്നുകൾക്ക് ആതിഥേയനാകുന്നില്ല, അയാൾ ആർഭാടകരമായ വീടുകൾ ഉണ്ടാക്കുന്നില്ല.
അയാളുടെ ഹിംസാത്മകതയുടെ ലക്ഷ്യംപോലും ആനന്ദമല്ല. ഡ്രാക്കുളക്ക് രക്തം ചിന്തുന്നത് ഇഷ്ടമുള്ള കാര്യമല്ല: അയാൾക്ക് രക്തം ആവശ്യമുണ്ട്. അയാൾക്ക് ആവശ്യമുള്ളത്രയും മാത്രം അയാൾ ഊറ്റികുടിക്കുന്നു. ഒരു തുള്ളിപോലും അയാൾ പാഴാക്കുന്നില്ല. അയാളുടെ ആത്യന്തിക ലക്ഷ്യം ഒരിക്കലും അയാളുടെ ചാപല്യങ്ങൾക്കനുസരിച്ച് ജീവിതങ്ങൾ നശിപ്പിക്കുകയെന്നതായിരുന്നില്ല, മറിച്ച് അവയെ ഉപയോഗിക്കുക എന്നതായിരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഡ്രാക്കുള ഒരു രക്ഷകനായിരുന്നു; ഒരു സന്യാസിയായിരുന്നു; പ്രൊട്ടസ്റ്റന്റ് നൈതികതയുടെ പ്രയോക്താവായിരുന്നു. യഥാർഥത്തിൽ അയാൾക്ക് ശരീരം ഉണ്ടായിരുന്നില്ല; അതുപോലെ അയാൾക്ക് നിഴലും ഉണ്ടായിരുന്നില്ല.’’
ഉൾക്കൊള്ളാനാവാത്ത വിധത്തിൽ ഡ്രാക്കുളയെ മറ്റൊരു രീതിയിൽ അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെങ്കിലും വിക്ടോറിയൻ ബ്രിട്ടന്റെ സാമൂഹികബോധത്തിനകത്തു രൂപപ്പെട്ട അപരഭയങ്ങളെ വിശ്വഭയമാക്കിയ അധിനിവേശയുക്തികളെ മറിച്ചിടുകയാണ് മൊറേറ്റി ചെയ്തത്. ഡ്രാക്കുളയെ ചുറ്റിപ്പറ്റിനിൽക്കുന്ന ഭയാനകതയും നിഗൂഢതയും ബ്രിട്ടീഷ് സാമൂഹികബോധത്തിന്റെ അപരഭയബോധങ്ങളിൽനിന്ന് ഉരുവംകൊണ്ടതാണെന്നും അത് അവരുടെ സാമൂഹികബോധങ്ങളിൽ നിലീനമായ കിഴക്കിനോടുള്ള മുൻവിധികളിൽനിന്നും പൊരുത്തപ്പെടാനാവാത്ത സാംസ്കാരിക ശാഠ്യങ്ങളുടെ സൃഷ്ടിയാണെന്നും പറഞ്ഞുെവക്കുന്നുണ്ട് മൊറേറ്റി.
ഡ്രാക്കുളയുടെ സാമ്പത്തിക-സാമൂഹിക യുക്തികളിലും ലോകബോധങ്ങളിലും വിഭവബോധങ്ങളിലും ഊന്നിക്കൊണ്ടുള്ള ഇത്തരമൊരു തിരിച്ചിടൽ, വിക്ടോറിയൻ സാമൂഹികതയെയും അതിന്റെ അടിത്തറയായി വർത്തിക്കുന്ന സാമ്പത്തിക-രാഷ്ട്രീയ-നൈതിക-ശ്രേണീയുക്തികളെയും അവയുടെ നഗ്നതകളിൽ തുറന്നുതരുന്നു. ഇത്തരമൊരു കാഴ്ചപ്പാടിൽ ട്രാൻസിൽവേനിയയെ നിഗൂഢതയും പ്രലോഭനീയതയുമുള്ള ഒരു സ്ഥലരാശിയായി നോവലിൽ സ്റ്റോക്കർ അവതരിപ്പിക്കുമ്പോൾ, അത് കിഴക്കിനെ പ്രാകൃതവും അപരിഷ്കൃതവുമായി ചിത്രീകരിക്കുന്ന അധിനിവേശ ആഖ്യാനങ്ങളെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്.
അതിലുപരിയായി, കിഴക്കൻ യൂറോപ്പിനെ അന്ധവിശ്വാസങ്ങളുടെയും ഗോത്രാചാരങ്ങളുടെയും സ്ഥലരാശിയായി അവതരിപ്പിക്കുമ്പോൾ, സ്റ്റോക്കർ യഥാർഥത്തിൽ ചെയ്യുന്നത് വിക്ടോറിയൻ സമൂഹത്തിൽ നിലനിന്നിരുന്ന ഓറിയന്റലിസ്റ്റ് വാർപ്പുമാതൃകകളുടെ ശാശ്വതഭാവത്തെ അടിവരയിട്ടുറപ്പിക്കുകയാണ്. കിഴക്കൻ രാജ്യങ്ങളോടുള്ള ബ്രിട്ടീഷ് കഥാപാത്രങ്ങളുടെ പുച്ഛവും അസഹിഷ്ണുതയും തെളിയിക്കുന്ന അനേകം സന്ദർഭങ്ങൾ നോവലിൽ ഉണ്ടെങ്കിലും ‘‘കിഴക്കോട്ടു കിഴക്കോട്ടു ചെല്ലുന്തോറും തീവണ്ടികളുടെ സമയനിഷ്ഠ കുറഞ്ഞുകുറഞ്ഞു വരുന്നതുപോലെ തോന്നുന്നു. ഇക്കണക്കിന് ചൈനയിലെന്താവും സ്ഥിതി?’’ എന്നത് പാശ്ചാത്യേതരമായ എന്തിനോടുമുള്ള അവരുടെ മനോഭാവത്തെ നിർധാരണംചെയ്യുന്നുണ്ട്.
ഭയത്തിന്റെയും ഭ്രമത്തിന്റെയും സംയുക്തബോധത്തോടെയാണ് നോവലിലെ ബ്രിട്ടീഷ് കഥാപാത്രങ്ങൾ കിഴക്കിനെ/ ട്രാൻസിൽവേനിയയെ വീക്ഷിക്കുന്നത്. പുരാതനമായ അനുഷ്ഠാനങ്ങളും ദുർമന്ത്രവാദവുമുള്ള സ്ഥലമായാണവർ അതിനെ മനസ്സിലാക്കുന്നത്. ഡ്രാക്കുളയെ നോവലിൽ ഹാർക്കർ മുതലുള്ള എല്ലാ ബ്രിട്ടീഷ് കഥാപാത്രങ്ങളും കാണുന്നത് വൈചിത്ര്യമുള്ള അപരനായാണ്. ഓരോ സന്ദർഭത്തിലും അവർ ഡ്രാക്കുളയിൽ ഉറപ്പിക്കുന്നത് കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സാംസ്കാരിക വ്യതിരിക്തതയിൽ ഊന്നിക്കൊണ്ടുള്ള പരദേശീയത്വവും അപരത്വവും തന്നെയാണ്.
അപരഭയത്തിന്റെ വംശീയവും ലൈംഗികവുമായ തലങ്ങൾ
ഡ്രാക്കുളയുടെ നിഗൂഢതയുടെ അടിത്തറയായി വർത്തിക്കുന്നത്, പാശ്ചാത്യ/ ബ്രിട്ടീഷ് പുരുഷന്മാർക്ക് അപരരോടുള്ള ഭയമോ അസഹിഷ്ണുതയോ ആണെന്ന് പറയുമ്പോൾ തന്നെ, അത്തരം ഭയ-അസഹിഷ്ണുതകളുടെ തലങ്ങൾ പരിശോധിക്കപ്പെടേണ്ടതാണ്. അവ വിക്ടോറിയൻ കാലഘട്ടത്തിൽ ബ്രിട്ടീഷ് സമൂഹത്തിൽ നിലനിന്നിരുന്ന സാമൂഹിക-സാംസ്കാരിക-സാമ്പത്തിക അവസ്ഥകളുടെയും മനോഭാവങ്ങളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കപ്പെടേണ്ടതാണ്. നിഗൂഢത നിറഞ്ഞ ട്രാൻസിൽവേനിയയിൽനിന്നുള്ള പരദേശി അക്രമി എന്ന നിലയിൽ, ബ്രിട്ടീഷ് സമൂഹത്തിൽ ഡ്രാക്കുള പ്രതിനിധാനം ചെയ്യുന്നത് ‘പരമമായ അന്യനെ’യാണ്.
ഡോക്ടർ സെവാഡിന്റെ ഡയറിയിൽ ഡ്രാക്കുള പറഞ്ഞതായി രേഖപ്പെടുത്തിയ വാക്കുകൾ അപരഭയത്തിന്റെയും വംശീയശുദ്ധികളുടെയും സ്ത്രീകളുടെ ലൈംഗികശുദ്ധിയുടെയും കാര്യങ്ങളിൽ പാശ്ചാത്യ/ ബ്രിട്ടീഷ് പുരുഷന്മാരെ ഉത്കണ്ഠാകുലരാക്കുന്നതാണ്: ‘‘എനിക്ക് ഇനിയുമുണ്ട് ഇടങ്ങൾ. പകവീട്ടാൻ ഞാൻ തുടങ്ങിയിട്ടേയുള്ളൂ. നൂറ്റാണ്ടുകളോളം എനിക്കത് നീട്ടാം. സമയം എന്റെ വശത്താണ്. നിനക്കൊക്കെ വലിയ ഇഷ്ടമുള്ള ആ പെൺകൊച്ചുങ്ങളില്ലേ, അവർ ഇപ്പോൾ എന്റേതായിക്കഴിഞ്ഞു. അവർ വഴി നീയും നിന്റെ കൂടെയുള്ളവരും എന്റേതാകും. എന്റെ വൈതാളികർ.’’ ഡ്രാക്കുളയുടെ ഈ വെല്ലുവിളി, നോവലിൽ കേന്ദ്രമായി വർത്തിക്കുന്ന അപരഭയമെന്ന പ്രമേയത്തിലേക്ക് നേരിട്ട് പ്രവേശിക്കാൻ സഹായകമാകുന്നതാണ്.
വിക്ടോറിയൻ സമൂഹത്തിൽ അവതരിക്കുന്ന വംശീയവത്കരിക്കപ്പെട്ട അപരൻ എന്നനിലയിൽ ഡ്രാക്കുളയുടെ സാംഗത്യത്തെ പരിശോധിച്ചിട്ടുണ്ട് ജൂഡിത് ഹാൽബെർസ്റ്റാം. ജൂഡിത്തിന്റെ വിഖ്യാത കൃതിയായ ‘Skin Shows: Gothic Horror and the Technology of Monsters’ ഡ്രാക്കുളയുടെ സാംസ്കാരിക പശ്ചാത്തലം പരിശോധിക്കുന്നുണ്ട്. കുടിയേറ്റങ്ങളുടെ പശ്ചാത്തലത്തിൽ ആതിഥേയസമൂഹമായ ബ്രിട്ടനിൽ ഉളവാകുന്ന വംശീയശുദ്ധിയെക്കുറിച്ചുള്ള ഉത്കണ്ഠകളുടെയും ഭീതികളുടെയും നിദാനങ്ങളെ ഡ്രാക്കുളയിലൂടെ വ്യക്തിവത്കരിച്ചിരിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കപ്പെടേണ്ടതുണ്ട്.
ഡ്രാക്കുളയെ ഏറ്റവും ഭീഷണഭാവമുള്ള അപരനായി അവതരിപ്പിച്ചുകൊണ്ട്, പാശ്ചാത്യേതരമായ സംസ്കാരങ്ങൾ എങ്ങനെയാണ് ബ്രിട്ടീഷ് സമൂഹത്തെ അപകടപ്പെടുത്താൻ തുനിയുന്നതെന്ന വിക്ടോറിയൻ പൊതുബോധത്തെ പ്രത്യക്ഷമാക്കുകയാണ് സ്റ്റോക്കർ. ഡ്രാക്കുള എന്ന കഥാപാത്രം ഉരുവപ്പെട്ട ചരിത്രസന്ദർഭത്തെ വിശകലനം ചെയ്തുകൊണ്ട് ജൂഡിത് പറയുന്ന കാര്യങ്ങൾ നോവലിനെയും കഥാപാത്രങ്ങളെയും നോവൽ പ്രക്ഷേപിക്കുന്ന ഭീതിയെയും മറ്റൊരു രീതിയിൽ മനസ്സിലാക്കാൻ പ്രേരിപ്പിക്കും.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.