ശതാഭിഷേക നിറവിലാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സി. രാധാകൃഷ്ണൻ. എഴുത്തിന്റെയും സൗഹൃദത്തിന്റെയും ഓർമകൾ അദ്ദേഹം പങ്കുവെക്കുന്നു
‘പ്രത്യാശയുടെ പുതുലോകം വരുമെന്ന് പ്രതീക്ഷിക്കുന്നു’ - മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ ഇതുപറയുമ്പോൾ വർത്തമാനകാലത്തെക്കുറിച്ചുള്ള ഉത്കണ്ഠ മുഖത്ത് പ്രകടമായിരുന്നു. ‘‘തോണി കടവില്‍നിന്ന് അകന്നുപോയി കൊണ്ടിരിക്കുന്നതുപോലെ സമൂഹത്തിന്റെ ഐക്യം നഷ്ടപ്പട്ടുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസവും സംസ്‌കാരവും കൂടിവരുമ്പോഴാണ് ഈ അപചയം സംഭവിച്ചു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നവര്‍ സമൂഹത്തില്‍ വിടവുണ്ടാക്കാതിരിക്കാന്‍ പരിശ്രമിക്കണം. ഞാന്‍ കണ്ട ഏറ്റവും നല്ല സംസ്‌കാരം സ്വീഡനിലേതും സ്വിറ്റ്‌സര്‍ലന്‍ഡിലേതുമാണ്. ശാസ്ത്രം മാറിക്കഴിഞ്ഞാല്‍ സമൂഹം മൊത്തമായി മാറും. ശാസ്ത്രത്തിന് സ്വയം തിരുത്താനറിയാം. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് മറ്റൊരാളുടെ വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ടാവരുത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിലും സാമാന്യ മര്യാദപാലിക്കാന്‍ ശ്രമിക്കണം. എം.ടിയെപോലെ ഒരു പ്രതിഭ നമ്മുടെ പുണ്യമാണ്. തുഞ്ചന്‍ സ്മാരകവും തുഞ്ചന്‍ ഉത്സവവും ഇത്ര മനോഹരമായി നടക്കാന്‍ കാരണം എം.ടി. വാസുദേവന്‍ നായരുടെ സാന്നിധ്യമാണ്. മഹാകവി വള്ളത്തോള്‍ മുത്തച്ഛന്റെ വലിയ സുഹൃത്തായിരുന്നു. വള്ളത്തോള്‍ ചമ്രവട്ടത്തെ വീട്ടില്‍ ഇടക്കിടക്ക് വരാറുണ്ടായിരുന്നു. ആ സൗഹൃദം എനിക്കും ആസ്വദിക്കാനായി. വള്ളത്തോള്‍ ചെയര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ ആരംഭിച്ചപ്പോള്‍ അതില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതിൽ സന്തോഷം. ജന്മദിനം പണ്ടു മുതലേ ആഘോഷിക്കാറില്ല.
ഫെബ്രുവരി 15ന് 84ാം പിറന്നാള്‍ ദിനവും ആഘോഷങ്ങളൊന്നുമില്ലാതെയാണ് കടന്നുപോയത്. ആദ്യമായാണ് ജന്മദിനത്തില്‍ തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണായ തുഞ്ചന്‍ പറമ്പില്‍ സമയം ചെലവഴിക്കുന്നത്. ആഘോഷങ്ങളും ഉത്സവങ്ങളും സമൂഹത്തിന് ആവശ്യമില്ലെങ്കില്‍ ഉപേക്ഷിക്കണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ’’- മലയാളത്തിന്റെ സി.ആർ പറയുന്നു. ഭാര്യക്കൊപ്പം ചമ്രവട്ടത്താണ് സി. രാധാകൃഷ്ണൻ ഇപ്പോൾ താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.