അഡ്വക്കറ്റ് രുക്മിണിക്കു ഉറങ്ങാൻ കഴിഞ്ഞില്ല. ഇടതടവില്ലാതെ വായിക്കുകയാണ് അവൾ. കഴിഞ്ഞ കുറേക്കാലമായി തയാറാക്കിയ കുറിപ്പുകൾ ശേഖരിച്ച നോട്ടുപുസ്തകം അവൾ കൈയിലെടുത്തു. സ്വത്വവാദ രാഷ്ട്രീയം സംസാരിക്കുന്ന ഒരു നിയമവിദ്യാർഥിയുടെ കൗതുകത്തിൽനിന്നു തുടങ്ങിയതാണ് അത്തരം കുറിപ്പുകളുടെ ശേഖരണം. SC /ST അട്രോസിറ്റി നിയമപ്രകാരം ഈയടുത്ത കാലം വരെ നടന്ന സുപ്രധാനവും അല്ലാത്തതുമായ നൂറിലധികം കേസുകളുടെ വിശദാംശങ്ങൾ. അവയുടെ തോൽവിക്കോ ജയത്തിനോ കാരണമായ വസ്തുതകൾ. തോറ്റതോ കോടതിക്ക് പുറത്തു ഒത്തുതീർപ്പായി പിൻവലിച്ചതോ ആയ കേസുകളാണ് കൂടുതലും. ഇത്തരം കേസുകൾ വാദിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടർമാർ പലപ്പോഴും വാദിയെക്കാൾ പ്രതിയോട് കൂറ് കാണിക്കുന്നതെന്തുകൊണ്ട് എന്ന് ആലോചിച്ചു അധികം തല പുകയ്ക്കേണ്ടി വന്നിട്ടില്ല അവൾക്ക്. സ്വന്തം നെഞ്ചിടിപ്പുകൾ ചെവിയിൽ മുഴങ്ങുന്നത് അവൾക്കറിയാൻ കഴിഞ്ഞു. കൈവെള്ളയും കാൽവെള്ളയും വിയർപ്പിൽ മുങ്ങിയ നനവ് തണുപ്പായി അവളെ തൊട്ടു. സ്വന്തം നെഞ്ചിടിപ്പുകൾ അവളുടെ ചെവിയിൽ മുഴങ്ങി. സമ്മർദത്തിൽനിന്ന് ഇത്തിരി ആശ്വാസത്തിനായി അവൾ മുറി വിട്ടു പുറത്തിറങ്ങി. അടുത്ത മുറിയിൽ അവളുടെ അമ്മ ഉറങ്ങാതെ കിടക്കുന്നു.
''വായിച്ചു കഴിഞ്ഞോ മോളെ...''
അനക്കം കേട്ട് അവർ എഴുന്നേറ്റു വന്നു.
''ഓ...അങ്ങനെയങ്ങു തീരുവോമ്മേ...''
അവർ രണ്ടാളും ഹാളിലെ ജനാലക്കരികിലേക്ക് കസേരകൾ വലിച്ചിട്ടിരുന്നു. ജനലിനപ്പുറം തട്ട് തട്ടായി കിടക്കുന്ന നാലഞ്ചു പറമ്പുകൾക്കു താഴെ പാടം. വെളുത്ത വാവിനോടടുത്ത നിലാവ് അവിടെയെല്ലാം ചിതറിക്കിടന്നു. പാടത്തു പരന്ന നാട്ടുവെളിച്ചത്തിൽ മഞ്ഞിന്റെ ചെറിയ മൂടൽ... അതിൽ ദൂരത്തെ ടോർച്ചു വെളിച്ചങ്ങളും ആർപ്പുവിളികളും തട്ടിച്ചിതറുന്നു.
''അച്ഛനിപ്പം വരുമായിരിക്കും. ഞാനിച്ചിരി കാപ്പിയിട്ടോണ്ടു വരാം...നീയിവിടിരി...''
അവർ കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോൾ ടോർച്ചു വെളിച്ചവും ആളനക്കവും താഴെ അയ്യത്തുന്നു പടികൾ കയറിവന്നു.
അവൾ പോയി കതകു തുറന്നു. ദേഹമാകെ ചളിപുരണ്ട് കുതിർന്ന ഒറ്റത്തോർത്തുമുടുത്തു അവളുടെ അച്ഛൻ. മുറ്റത്തെ ചരലിൽെവച്ച ബക്കറ്റിൽ നിറയെ തുള്ളിച്ചാടുന്ന മീനുകൾ.
''നീ പറഞ്ഞപോലെ ഊപ്പ കൊറച്ചേ കിട്ടിയുള്ളൂ...അത് മഴയത്തല്യോ പൊടിക്കുന്നേ...''
അയാൾ ടാപ്പിന്റെ അടുത്തേക്ക് നടന്നു.
''എന്റെ തോർത്തിഞ്ഞോ ഇട്ടേരെ...''
നടക്കുന്നതിനിടയിൽ അയാൾ വിളിച്ചു പറഞ്ഞു.
കൈയും കാലും കഴുകി വേറെ തോർത്തുടുത്തു ബക്കറ്റുമെടുത്തു അയാൾ വീടിന്റെ പിന്നിലേക്കെത്തി.
കത്തിയും കല്ലുപ്പും ചട്ടികളും ബക്കറ്റിൽ വെള്ളവുമായി അമ്മയും മകളും അകത്തുനിന്നു അവിടേക്കിറങ്ങി ചെന്നു.
''മോള് പോയിക്കെടന്നോ...ഞങ്ങളിതു ശരിയാക്കിയേച്ചു കുളിച്ചിട്ടങ്ങു വരാം.''
അവരവളോട് പറഞ്ഞു.
അവളകത്തേക്കു നടന്നു.
പിറ്റേന്നാൾ ഉച്ചക്ക് ബാർ കൗൺസിലിന്റെ ഡൈനിങ് ടേബിളിൽ നടക്കാൻ പോകുന്ന വിരുന്നിന്റെ ഉൾക്കാമ്പിലെന്തായിരിക്കുമെന്നു അവൾക്കു കൃത്യമായ ഊഹമുണ്ടായിരുന്നു.
''നീയൊക്കെ വിളമ്പുന്നത് ഞാൻ ഉണ്ടത് തന്നെ...''
അവൾ മുറുക്കി കണ്ണുകളടച്ചു.
പിറ്റേന്ന് നേരം പുലർന്നതേ രമ്യയുടെ മെസേജിന്റെ ബീപ് സൗണ്ടുമായാണ്...
''മറക്കല്ലേ രുക്കൂ...
നിന്റെ ചേറ്റു മീൻകറിക്കായി ഞങ്ങൾ കാത്തിരിക്കും.''
അത് വായിച്ചതും അവൾക്കു ചിരിപൊട്ടി.
അടുക്കളയിലേക്കു ചെന്നപ്പോൾ തലേ രാത്രി വെട്ടി വൃത്തിയാക്കി ഫ്രിഡ്ജിൽ വെച്ച വരാൽ മീനുകൾ വെളുത്തുള്ളിയും കുരുമുളകും ചേർന്ന് വെളിച്ചെണ്ണയിൽ മൊരിയുന്നതിന്റെ മണം വാഴയിൽ തേങ്ങാ ചേർത്ത് അടപോലെ വേവിച്ചെടുത്ത ഊപ്പ പറ്റിച്ചതിന്റെയും വരാൽ തല കുരുമുളകും കുടംപുളിയും ചേർത്ത് മുളക് ചാറാക്കിയതിന്റെയും മണത്തിൽ കലർന്ന് അവിടമാകെ പടർന്നിരിക്കുന്നു. അവൾ സ്പൂണിൽ മുളക് ചാർ കോരിയെടുത്തു കൈയിലിറ്റിച്ചു നക്കി നോക്കി. ഉപ്പും മുളകും പുളിയും കിറുകൃത്യം.
''അവരിത് തിന്നത്തില്ലെന്നു എനിക്കൊറപ്പാ മോളെ... പിന്നെ, വിളിച്ചപ്പോ നീ പോയില്ലെന്നു വേണ്ട.''
അച്ഛൻ വരാൽ മീൻകഷണങ്ങൾ പൊടിഞ്ഞു പോകാതെ ചട്ടുകംകൊണ്ട് മറിച്ചിട്ടു.
''അല്ലേലും ഇങ്ങനെയുള്ളോരോട് നേരിട്ട് പടവെട്ടാനോ പോര് വിളിക്കാനോ പറ്റത്തില്ല ...നമ്മക്കും ഇച്ചിരി കുരുട്ടു ബുദ്ധിയൊക്കെയുണ്ടെന്നു അവരും ഒന്നറിഞ്ഞിരിക്കട്ടെ.''
അമ്മ കാസറോളിലേക്കു മീൻകറി ശ്രദ്ധയോടെ ഒഴിച്ചു.
''ഇത്രേം കഷ്ടപ്പെട്ടു നീ പഠിച്ചതും ഞങ്ങൾ പഠിപ്പിച്ചതും നീ വക്കീലാവാൻ തന്നെയാ. അതും വാദിച്ചു ജയിക്കുന്ന വക്കീല്...''
അവർ അവളെ കരുതലോടെയും അഭിമാനത്തോടെയും നോക്കി.
പബ്ലിക് പ്രോസിക്യൂട്ടർ ആയ ശേഷമുള്ള അവളുടെ ആദ്യത്തെ കേസാണ്. അതും ഒരു എസ്.സി /എസ്.ടി അട്രോസിറ്റി കേസ്. ജാതിപ്പേര് വിളിച്ചാക്ഷേപിച്ചതും പോരാഞ്ഞു ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തിരിക്കുന്നു. എന്തിനു? കാശു കൊടുത്തു വാങ്ങിച്ച സ്വന്തം പറമ്പിലൂടെ ലോറി കയറ്റിയിറക്കുന്നതെന്തിനാ...നിങ്ങളുടെ പറമ്പിലൂടെ കേറ്റി നിങ്ങളുടെ വീട് പണിക്കു വേണ്ട സാധനങ്ങൾ അവിടെയിറക്കി വെച്ചാൽ പോരെ എന്ന് ചോദിച്ചതിന്റെ മറുപടി. വാദി കാപ്പക്കുട്ടി അവളുടെ അച്ഛന്റെ അമ്മാവനാണ്. കളീലുനിന്ന പറമ്പിൽ കാപ്പക്കുട്ടി. ഉണ്ടായിരുന്ന തുണ്ടുപറമ്പിൽ അധ്വാനിച്ചു മക്കളെയൊക്കെ പഠിപ്പിച്ചു ഒരു നിലയിലാക്കി. എം.ബി.ബി.എസിനും പിഎച്ച്.ഡിക്കുമൊക്കെ പഠിക്കുന്ന കൊച്ചുമക്കൾ ഉള്ള ഒരു മൂത്ത കാർന്നോര്. മക്കളെല്ലാം അവർ പാർക്കുന്നയിടങ്ങളിലേക്കു ചെല്ലാൻ വിളിച്ചിട്ടും പോയ പരമ്പരകളുറങ്ങുന്ന മണ്ണിൽ തന്നെ വിത്തിട്ടും വിളയിച്ചും തനിക്കു പറ്റുമ്പോലെ സൗമ്യമായി ഈ ലോകത്തോട് മിണ്ടിയും പറഞ്ഞും ഭാര്യയോടൊപ്പം അവർ കെട്ടിയുണ്ടാക്കി മക്കൾ മെച്ചപ്പെടുത്തിക്കൊടുത്ത വീട്ടിൽ താമസിക്കുന്നു. ഒന്നാന്തരം അഭിമാനി. ശ്രദ്ധിച്ചും സൂക്ഷിച്ചും ജീവിച്ചതിന്റെ ഒരു ചിട്ടയും ഒതുക്കവുമുള്ള മനുഷ്യൻ. സ്വന്തം പറമ്പിൽ നട്ടു വളർത്തി വിളവെടുക്കാൻ നേരമായ ചേനയും ചേമ്പുമൊക്കെ ഒരു മര്യാദയുമില്ലാതെ ലോറിക്കടിയിൽ അരഞ്ഞുപോയത് കണ്ട് സഹികെട്ടു അതൊന്നവസാനിപ്പിക്കണം എന്ന് അയാൾ പറഞ്ഞു പോയി. അത് നെറ്റിയുടെ വലത്തറ്റത്തായി ഉണങ്ങുന്ന ഒരു മുറിവും ഓർക്കുമ്പോഴേ ചോര തിളപ്പിക്കുന്ന ഒരോർമയും അയാൾക്കു കൊടുത്തു. എഴുപതു കൊല്ലം അഭിമാനത്തോടെ അയാൾ ജീവിച്ച ജീവിതം മറ്റൊരാളുടെ വായിലെ കാർക്കിച്ചു തുപ്പലായ നിമിഷം. അയാളുടെ ആണും പെണ്ണുമടങ്ങുന്ന പരമ്പരക്കു മീതെ നാറ്റമുള്ള ആ തുപ്പൽ വീണ നിമിഷം. അതിനയാൾക്കു മറുപടി വേണമായിരുന്നു. ആ മറുപടിക്കു വേണ്ടി അയാൾ കോടതിയെ സമീപിച്ചു. ആ കാപ്പക്കുട്ടിയുടെ ജാത്യധിക്ഷേപക്കേസു ഒത്തുതീർപ്പാക്കാനുള്ള ചതിവിരുന്നിലേക്കാണ് അവളുടെ സ്വന്തം വിഭവങ്ങളുമേന്തി അവളിന്നു പോകാനിരിക്കുന്നത്. തലേന്നാൾ ഉച്ചക്ക് കോടതി തുടങ്ങുന്നതിനു മുമ്പ് അതുവരെയില്ലാത്ത സൗഹൃദഭാവത്തോടും കെട്ടിപ്പിടിച്ചുള്ള സ്നേഹാന്വേഷണത്തോടും കവിളിൽ നുള്ളി സുന്ദരിയായിരിക്കുന്നല്ലോ എന്നൊെക്കയുള്ള വർത്തമാനങ്ങളോടുംകൂടി രമ്യ നായർ അവളെ വട്ടംചുറ്റിയപ്പോഴേ അവൾ അപകടം മണത്തു. കൂടെ സൂസനുമുണ്ടായിരുന്നു.
''ഇത്രേം നാളും ഉച്ചയൂണിന്റെ സമയത്തു രുക്കു ഒറ്റയ്ക്കിരുന്നുണ്ണുന്നതാ കണ്ടേക്കുന്നെ... നാളെ നമ്മക്കൊരുമിച്ചുണ്ടാലോ... ഒരു പന്തിഭോജനം... അല്ലല്ല... ഞാൻ വേറൊന്നുമുദ്ദേശിച്ചു പറഞ്ഞതല്ല...'' രമ്യ പെെട്ടന്ന് വിക്കിയത് അവളോർത്തു. ദലിതരൊഴിച്ചുള്ള മേൽജാതിക്കാരുടെ ഒരു സംഘമാണ് അവളെ വിരുന്നിനു ക്ഷണിച്ചിരിക്കുന്നത്. രമ്യ നായർ, സംഗീത നമ്പൂതിരി, സൂസൻ, സതീഷ് വർമ.
അയാളെയിക്കൂട്ടത്തിൽ അവൾ തീരെ പ്രതീക്ഷിച്ചില്ല. പഴയ പ്രേമത്തിന് പുതിയ ഭാവി സങ്കൽപ്പിച്ചു സ്വാധീനിക്കാനുള്ള അടവായിരിക്കണം.
കഴിഞ്ഞ ആറുമാസം മുമ്പുവരെ അവളോട് കടുത്ത പ്രേമമാണെന്നും അയാളുടെ ജീവിതം ഒരു രാഷ്ട്രീയ പരീക്ഷണശാലയാക്കാൻ അവൾ കൂടെ വേണമെന്നും നാഴികക്ക് നാൽപത് വട്ടമെന്നപോലെ പറഞ്ഞുകൊണ്ടിരുന്ന ഒരാൾ. അവൾക്കു അതിൽ അത്ര വിശ്വാസമൊന്നുമുണ്ടായിരുന്നില്ല. നിരന്തരമുള്ള ആ പറച്ചിലും ആ ബന്ധവും അതിന്റെ ഭാവിയും സത്യത്തിൽ അവൾക്കൊരു ഭാരമായിരുന്നു. ഒരുദിവസം അയാൾ കാനഡക്ക് പോകാൻ പ്ലാനുണ്ടെന്നും രാഷ്ട്രീയ ജീവിതം റിസ്കാണെന്നും മറ്റാരോടോ പറഞ്ഞതായി അറിഞ്ഞതോടെ അവൾ ആ രാഷ്ട്രീയപ്രേമത്തിന്റെ കാണാച്ചരട് കാലിൽനിന്നങ്ങു അഴിച്ചുകളഞ്ഞു...
അവൾ ആലോചന നിറഞ്ഞ ഒരു ചിരി ചിരിച്ചു. പിന്നെന്താ ആയിക്കോട്ടെ എന്ന് തലയാട്ടി സമ്മതിച്ചു.
ഇറങ്ങുന്നതിനു മുമ്പ് അവൾ കാപ്പക്കുട്ടിയമ്മാവനെ ഒന്ന് വിളിച്ചു. ഒരുമിച്ചു പോരിനിറങ്ങുന്നവരുടെ അവസാനവട്ട തയാറെടുപ്പ്. പരസ്പരം കരുതലും ഓർമപ്പെടുത്തലും ആ വർത്തമാനത്തിൽ നിറഞ്ഞു.
അവൾ വണ്ടിയൊതുക്കിവെച്ചിട്ടു കോടതി വരാന്തയിലേക്ക് കയറുമ്പോൾ തിരക്കിനിടയിലും അവളെ കാത്തെന്നപോലെ അവർ അവിടവിടെയായി നിൽക്കുന്നുണ്ടായിരുന്നു. ആകാംക്ഷ മുറ്റിയ മുഖങ്ങൾ... എല്ലാം സെറ്റല്ലേ എന്ന രമ്യയുടെ ആംഗ്യചോദ്യത്തിന് ഓക്കേ എന്നവൾ മറുപടി കൊടുത്തു.
* * * * *
രമ്യ പോയതും സംഗീത കണ്ണാടിയിൽ നോക്കി മുഖം തുടച്ചു. പിന്നെ ടാപ്പ് തുറന്നു ചത്ത് പൊന്തിയ ചേറ്റുമീനുകളെ വാഷ് ബേസിനിൽനിന്നും ഒഴുക്കിക്കളയാൻ തുടങ്ങി.
കഥയുടെ അവസാനത്തെ വരികൾ എത്തിയപ്പോഴേക്കും അവളുടെ നെഞ്ചിൽ ശ്വാസം കനത്തു നിന്നു. മുഷിപ്പോടെ പുസ്തകം മടക്കി വെച്ച് റൈറ്റിങ് ബോർഡിലേക്ക് തല ചായ്ച്ചു കമിഴ്ന്നു കിടന്നു. കഥയിലെ രുക്മിണി എങ്ങാനും കേസ് തോറ്റു കൊടുത്തേക്കുമോ എന്ന് ഒരേങ്ങലോടെ അവളോർത്തു. വായിച്ചു നിർത്തിയ കഥയിലെ രുക്മിണി വിളമ്പിയ ചേറ്റുമീൻ കറി അവൾ കഴിച്ചിട്ടില്ല. പക്ഷേ അതിന്റെ എരിവും പുളിയും മണവും അവളുടെ ഓർമയിലും ചോരയിലുമുണ്ട്. അതു വിയർപ്പിലലിഞ്ഞു പടർന്നിട്ടുണ്ടോ എന്നവൾ വെറുതെ മൂക്കുവിടർത്തി നോക്കി.
രുചികളിലൂടെ പടരുന്ന പരമ്പരകൾ
അവ നിലനിർത്തുന്ന വേറിടലുകൾ... എന്നൊരു വാചകം അവൾക്കു വെറുതെ തോന്നി.
ഒമ്പതിൽനിന്നും ഒന്പതരയിലേക്കു വെയിൽ മൂത്തു കയറി. ആളൊഴിഞ്ഞു കിടന്ന സ്റ്റാഫ്റൂം പൊടുന്നനെ വർത്തമാനങ്ങൾകൊണ്ട് നിറഞ്ഞു. പലതരം പെർഫ്യൂമുകളുടെ മണം. ഇന്ന് ഫസ്റ്റ് പീരിയഡ് ടീച്ചർക്കു സബ്സ്റ്റിറ്റ്യൂഷൻ ഉണ്ടേയ്...സീനിയർ മോസ്റ്റിന്റെ ഓർമപ്പെടുത്തൽ. അവൾ തലയാട്ടി ചിരിച്ചു സമ്മതിച്ചു. 9B ആണ്. ഒന്നാം പീരിയഡ് സാധാരണ അവൾക്കു ഒഴിവാണ്. ജൂനിയർ ആയതുകൊണ്ട് ക്ലാസ് ചുമതലയില്ല. അടുത്ത ദിവസത്തേക്കുള്ള പോർഷൻസ് നോക്കുകയോ ഹോംവർക്കു ചെക്ക് ചെയ്യുകയോ ചെയ്യാനുള്ള നേരം. അതുമല്ലെങ്കിൽ എന്തെങ്കിലും വായിച്ചിരിക്കും. പക്ഷേ ഇന്നതിനൊന്നും ഉള്ള നേരമില്ല. 9Bയിൽ പീരിയോഡിക് ടേബിൾ തുടക്കമാണ്. യൂട്യൂബ് തപ്പി ഒരു ഇല്ലസ്ട്രെറ്റിങ് വീഡിയോ കണ്ടെത്തി. ഒരു പേപ്പറിൽ ക്ലാസ് ആക്ടിവിറ്റീസ് വൃത്തിയായി എഴുതിക്കൊണ്ട് സ്മാർട്ട് ക്ലാസ്റൂമിന്റെ പെർമിഷനും കീയും വാങ്ങാൻ അവൾ സിസ്റ്റർ ജോയെ കാണാൻപോയി.
മൂന്നാം പീരിയഡ് വീണ്ടും സബ്സ്റ്റിറ്റ്യൂഷൻ. 2B. അവൾക്കൊരുപാട് ഇഷ്ടമുള്ള ക്ലാസ്. കുഞ്ഞിക്കൊഞ്ചലുകളും പെട്ടെന്നൊന്നും ഉത്തരം കണ്ടെത്താനാവാത്ത വിചിത്ര സംശയങ്ങളും ഒരു നൂറു പരാതികളുമായി അവർ അവളെ പൊതിയും. ഇസ്തിരിയിട്ട അടുക്കും ചിട്ടയും ഉറപ്പിക്കാനായി റൗണ്ട്സിനിറങ്ങുന്ന സിസ്റ്റർ ജോ ജനലിനരികിൽ പതുങ്ങുന്നതായി കണ്ടാൽ ചെറിയൊരു ചിരിയോടെ സൈലൻസ് എന്ന് പറഞ്ഞുകൊണ്ട് അവൾ ആ സിസ്റ്റം റീസെറ്റ് ചെയ്യും. സിസ്റ്ററിന്റെ പിന്നിൽ കൈ കെട്ടിയ നടത്തത്തിന്റെ നിഴൽ വരാന്തയുടെ അറ്റത്തു മറയുംവരെ ഉയർത്തിയ പുരികങ്ങളും അടക്കിയ ചിരികളുമായി അവർ അടുക്കും ചിട്ടയും അഭിനയിക്കും. ഉച്ച കഴിഞ്ഞു അവിടെതന്നെ വീണ്ടും പീരിയഡ് ഉള്ളതാണ്. പോർഷൻസ് എല്ലാം സെറ്റ് ആണ്. പെൻഡിങ് ഒന്നുമില്ല. ഇതുവരെ പഠിപ്പിച്ച കാര്യങ്ങൾ വെച്ച് ഒരു ചെറിയ ക്വിസ് േപ്രാഗ്രാം നടത്താം. അവൾ തീരുമാനിച്ചു ഇ.വി.എസ് ആണ് മിസ്സെ ഞങ്ങൾക്കേറ്റവും ഇഷ്ടം എന്ന് എന്നും വിളിച്ചുകൂവുന്ന പിള്ളേരാണ്. സൂപ്പർ ബ്രൈറ്റ് കിഡ്സ് എന്നാണ് സിസ്റ്റർ ജോ അവരെ വിശേഷിപ്പിക്കാറ്. ജയിക്കുന്ന ടീമിന് കൊടുക്കാനായി തലേന്ന് ഗിഫ്റ്റു കിട്ടിയ ചോക്ലേറ്റ് ബോക്സ് കൈയിലെടുത്തു. ജയിക്കുന്ന ടീമിന് എന്ന് വെറുതെ പറയുകയാണ്. അത് മുഴുവനും അവർക്കു തന്നെയാണ്. അത് അവർക്കും അറിയാം. അവൾ പുഞ്ചിരിച്ചു.
2 ബിയിലെ ബഹളം ദൂരെനിന്നേ കേൾക്കാം. പതിനൊന്നുമണിയുടെ ഇന്റർവെൽ നേരത്ത് സ്നാക്സ് കഴിക്കലിന്റെ ഒരു കുഴമറിച്ചിൽ പതിവാണ്. കയറിച്ചെല്ലുമ്പോൾ ക്ലാസ് ആകെ ചിതറിയിരുന്നു. സെക്കൻഡ് ബെഞ്ചിലെ അനൂപ് ഡെസ്കിൽ തലവെച്ച് കിടന്നു ഏങ്ങലടിക്കുന്നുണ്ട്. അവന്റെ ഏങ്ങലടികളൊഴിച്ചാൽ ക്ലാസ് ഇപ്പോൾ നിശ്ശബ്ദം . അവന്റെ തോളിൽ കൈവെച്ച് അടുത്തിരിപ്പുണ്ട് അമല. അവർക്കു ചുറ്റിനും ചില കുനിഞ്ഞ തലകൾ. പകച്ച നോട്ടങ്ങൾ. കുട്ടികൾ അവളെക്കണ്ടപാടെ അടുക്കും ചിട്ടയുമുള്ള ക്ലാസ് ആയി മാറി വിഷ് ചെയ്തു. അതിനു പക്ഷേ ഭയവും സങ്കടവും ആകാംക്ഷയും ഒക്കെ ചേർന്ന ഒരീണമായിരുന്നു. ധൃതിയിൽ തിരിച്ചു വിഷ് ചെയ്തു അവൾ അനൂപിന് അടുത്തേക്കെത്തി. അവന്റെ തലയിൽ കൈവെച്ച് എന്ത് പറ്റിയെന്നു പതിയെ ചോദിച്ചു. ഏങ്ങലടികൾ ഉച്ചത്തിലായതല്ലാതെ മറുപടിയുണ്ടായില്ല. മുഴുവൻ ക്ലാസിനോടുമായി പല തവണ ചോദ്യം ആവർത്തിച്ചിട്ടും മറുപടി ഉണ്ടാകാഞ്ഞത് അവളെ തെല്ലൊന്നു അസ്വസ്ഥയാക്കി. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുംവിധം അനൂപ് ഏങ്ങലടികൾ തുടർന്നു. ആരിൽനിന്നെങ്കിലും ഒരു ഉത്തരം ഉണ്ടാകാൻ വേണ്ടി മേശമേൽ അടിച്ചുകൊണ്ട് ഉയർത്തിയ ഒച്ചയിൽ അവൾ ചോദ്യം ആവർത്തിച്ചു. ''മിസ്സെ അവൻ അജോയ് ഫിലിപ്പിനെ ഇടിച്ചു ചുണ്ടു പൊട്ടിച്ചിട്ടു ചുമ്മാതിരുന്നു കരയുവാ...''
''ഓഹോ...അപ്പോൾ അടിപിടിക്കേസാണല്ലേ... ജോ സിസ്റ്റർ അറിഞ്ഞാലത്തെ അവസ്ഥ അറിയാമല്ലോ.''
അവൾ കണ്ണുരുട്ടി.
''അതൊന്നുമല്ല മിസ്സെ... അവനെ ഇവിടെല്ലാരൂടെ കളിയാക്കിയപ്പഴാ...'' അമല ചാടിയെഴുന്നേറ്റു പറഞ്ഞു.
നാലാമത്തെ െബഞ്ചിൽ തല ചായ്ച്ചു കിടക്കുന്നു അജോയ് ഫിലിപ്പ്. അവൾ അവന്റെ അടുത്ത് ചെന്ന് തല പിടിച്ചുയർത്തി. പൊട്ടിയ ചുണ്ടിന്റെ അറ്റത്തു ഒരു തുള്ളി ചോര പൊടിഞ്ഞുനിൽപ്പുണ്ട്. സാരമില്ല എന്നാശ്വസിപ്പിച്ചിട്ടു കബോർഡിൽനിന്നും ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്ത് മുറിവ് വൃത്തിയാക്കി ആന്റിബയോട്ടിക് തേച്ചുകൊടുത്തു.
''ടീച്ചർ വരുന്നതിനു മുമ്പ് ഇവിടെ എന്താണ് സംഭവിച്ചത്? ക്ലാസ് ലീഡർ?''
ആർക്കും മിണ്ടാട്ടമില്ല.
''ഇപ്പോൾ പറഞ്ഞില്ലെങ്കിൽ ഇനി നിങ്ങളുടെ ക്ലാസിലേക്കേ സബ്സ്റ്റിറ്റ്യൂഷൻ വരില്ല.''
അവൾ തറപ്പിച്ചു പറഞ്ഞു.
അമല എഴുന്നേറ്റു നിന്നു. ''മിസ്സെ അവനെ എല്ലാരും ഏർലിമാൻ എന്ന് വിളിച്ചു കളിയാക്കുവാ... നിർത്താൻ പറഞ്ഞിട്ടൊന്നും ആരും കേട്ടില്ല. അവസാനം അവൻ അജോയ്ന്റെ വായ്ക്കിട്ടൊരൊറ്റ ഇടി കൊടുത്തു.''
''ശരിയാണോ ഇത്...''
''അവന്റെ ഇരട്ടപ്പേരാ മിസ്സെ'' -ജ്യോതിസ് ജോർജി ഉറക്കെപ്പറഞ്ഞു.
അവൾ മുന്നോട്ടുനീങ്ങി അനൂപിന്റെ തലയിൽ തൊട്ടു. ഏർലിമാൻ എന്ന വാക്കു വീണ്ടും കേട്ടതോടെ അനൂപ് ചാടിയെഴുന്നേറ്റു.
''ഇനിയവനോട് എന്നെങ്ങനെ വിളിക്കരുതെന്ന് പറേണം മിസ്സെ.'' അനൂപിന്റെ ശബ്ദം മാറിയിരുന്നു. ഇനി വിളിച്ചാൽ ശരിക്കും നീ വിവരമറിയും എന്ന് തോന്നിപ്പിച്ചു അതിലെ ഉറപ്പ്.
പെട്ടെന്ന് പരസ്പരം സോറി പറയിപ്പിച്ചു സംഭവം രാജിയാക്കാൻ തോന്നിയില്ല അവൾക്ക്.
പച്ചയുടെ ഇരുളും തണുപ്പും ജീവജലവും നിറഞ്ഞ ഭൂമിയുടെ വശത്തുനിന്നും ഇരുണ്ട തൊലിയും കരുത്തുറ്റ ദേഹവുമായി ലോകം മുഴുവൻ പടർന്നു വളർന്ന മനുഷ്യരാശിയുടെ ഇന്നോളമുള്ള കഥ അവൾ അവർക്കു പറഞ്ഞുകൊടുത്തു. ആദിമമനുഷ്യൻ എന്നയിടത്തുനിന്നും മനുഷ്യൻ എത്തിനിൽക്കുന്ന പുതിയ ലോകത്തെപ്പറ്റി പറഞ്ഞുകൊടുത്തു. തൊലിനിറം, രൂപം എന്നിങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു മനുഷ്യരെ കളിയാക്കുന്നത് ഒട്ടും ശരിയല്ലെന്നും അതെല്ലാം മറന്നു മനുഷ്യർ പരസ്പരം അംഗീകരിക്കുമ്പോഴേ ലോകം ശരിക്കും കഥകളിൽ പറയുമ്പോലത്തെ മനോഹരലോകമാവുകയുള്ളൂ എന്നവൾ അവർക്കു മനസ്സിലാക്കികൊടുക്കാൻ ശ്രമിച്ചു. എന്നാലും അവരുടെ കുഞ്ഞിക്കണ്ണുകളിൽ ചോദ്യങ്ങൾ ബാക്കിനിന്നു. അവരുടെ വരുംകാലത്ത് ആ ചോദ്യങ്ങൾക്കെല്ലാം ശരിയായ ഉത്തരങ്ങൾ സ്വയം കണ്ടെത്താൻ ആ കഥയും അവളുടെ വാക്കുകളും അവർക്കൊരു വഴികാട്ടിയായേക്കും എന്നവൾ ഉള്ളിലോർത്തു. ആ ടീച്ചറും കുട്ടികളും ആകെ കലങ്ങിമറിഞ്ഞിരുന്നു. തെളിഞ്ഞു വരാൻ നേരം വേണം എന്നവർക്കു മനസ്സിലായതുകൊണ്ട് വേറൊന്നും മിണ്ടാതെ പറയാതെ ക്ലാസ് അവസാനിച്ചു.
ഉച്ചക്ക് ഉണ്ണാനിരിക്കുമ്പോൾ അന്നുവരെയില്ലാത്തപോലെ ചുറ്റുമുള്ള പാത്രങ്ങളിലെ വിഭവങ്ങൾ അവൾ ഒന്നു വിലയിരുത്തി നോക്കി. അവിയൽ, തേങ്ങാക്കൊത്തും കറിവേപ്പിലയും ഇട്ടുലർത്തിയെടുത്ത പച്ചക്കറികൾ, വെള്ളരിക്കയോ ചേമ്പോ ഏത്തക്കായോ ഇട്ടുണ്ടാക്കിയ പുളിശ്ശേരി, ചേന ചേർത്ത കാളൻ, തേങ്ങാക്കൊത്തും കുരുമുളകും ചേർത്തു വരട്ടിയെടുത്ത പോത്ത്, കുരുമുളകും വെളുത്തുള്ളിയും ചേർത്ത് വറുത്ത അയല... ആ കറികൾ അവ വെച്ചുണ്ടാക്കി കൊണ്ടുവന്ന ആളുകളെ അവരവരുടെ ജാതിക്കോളങ്ങളിൽ പൂരിപ്പിക്കുന്നുണ്ടോ എന്നവൾ ആലോചനയിലാണ്ടു.
''അല്ലാ...ടീച്ചറിനിപ്പോ എത്രയായി വയസ്സ്..?''
തേങ്ങാക്കൊത്തു ചേർത്ത പയർ മെഴുക്കുപുരട്ടി അവളുടെ പാത്രത്തിലേക്ക് വെക്കുന്നതോടൊപ്പം സീനിയർ മോസ്റ്റ് അവളുടെ മുന്നിലേക്കൊരു ചോദ്യമെറിഞ്ഞിട്ടു.
പതിവ് കല്യാണചോദ്യങ്ങളുടെ തുടക്കം. അവൾക്കു ഈർഷ്യതോന്നി. ''ഇരുപത്തിയാറ്.''
അവൾ ഉയർത്തിയ ഒച്ചയിൽപറഞ്ഞു. കടലക്കറിയുടെ എരിവ് നെറുകയിൽക്കയറി അവൾ ചുമച്ചു.
''ആ ഇനിയിങ്ങനെയായാൽ പോരാട്ടോ ...ടീച്ചർടെ കാര്യങ്ങളൊക്കെ വേഗംവേഗം ആയിക്കോട്ടെ...''
അവളുടെ ഇടതുവശത്തുനിന്നും അപ്പോഴേക്കും മറ്റൊരാൾ പറഞ്ഞു തുടങ്ങി.
''അതെങ്ങനെയാ ടീച്ചറെ... പുരോഗമനം കൂടീട്ടു സർട്ടിഫിക്കറ്റിലൊന്നും ജാതി വെച്ചിട്ടില്ലെന്നേ... ഇവരീ നാട്ടുകാരല്ലാത്തോണ്ട് നമുക്ക് അറിയേമില്ല... കണ്ടിട്ടോ കേട്ടിട്ടോ ഒന്നും വെളിപ്പെടുന്നുമില്ല. പിന്നെങ്ങനെയാ നമ്മളൊന്ന് ഉത്സാഹിക്കാ...'' അവൾക്കത് കേട്ട് ചിരി വന്നു.
''ആഹാ...നിങ്ങൾ പച്ചയ്ക്കു ജാതി ചോദിക്കുവാണോ ..?'' അവളുടെ ചിരി കണ്ടു ചുറ്റുമിരുന്നവർ പരസ്പരം നോക്കി.
''സർട്ടിഫിക്കറ്റിൽ ജാതി ഇല്ലെന്നും കരുതി കല്യാണത്തിന് അത് ചോദിക്കില്ലെന്നു ടീച്ചർ വിചാരിക്കരുത്...''
മുന്നറിയിപ്പോ പരിഹാസമോ ഭീഷണിയോ കൂടിക്കലർന്ന സ്വരം.
''സാധാരണ ഇങ്ങനെയൊക്കെ പറഞ്ഞാലുടനെ എല്ലാരും സ്വന്തം ജാതി പറയാറുണ്ട്. ഈ ടീച്ചർക്കിനിയത് അറിഞ്ഞുംകൂടെ...''
തൈരിൻകുപ്പി വടിച്ചുനക്കിക്കൊണ്ട് അവർ പ്രതീക്ഷയോടെ തുടർന്നു. സ്വന്തം ജാതി സർട്ടിഫിക്കറ്റിൽ ചേർക്കാഞ്ഞതിൽ അവൾക്കാദ്യമായി അച്ഛനമ്മമാരോട് ദേഷ്യം തോന്നി.
''വീട്ടീന്നൊന്നും പറഞ്ഞുതന്നിട്ടില്ലേ ഇതുവരെ... നാട്ടിൽ പോകുമ്പോഴെങ്കിലും അറിയാതിരിക്കുമോ...
ഇതൊക്കെയിനി അറിയണം ടീച്ചറെ...''
''അറിയാഞ്ഞിട്ടൊന്നുമല്ല പറയേണ്ടാന്നു വെച്ചിട്ടാ...അല്ലെ ടീച്ചറെ...''
മറ്റൊരാൾ.
മെഴുക്കുപുരട്ടിയിലെ ബാക്കിവന്ന കറിവേപ്പിലകൾ അടപ്പുപാത്രത്തിൽനിന്ന് പാത്രത്തിലേക്ക് തട്ടിയിട്ടടച്ചുകൊണ്ട് സർവസാധാരണമായ ഒരു ദിവസത്തിന്റെ പകുതിയെ അവർ അവസാനിപ്പിച്ചു. അവൾക്കാകട്ടെ അതൊരു പുതിയ തുടക്കമായിരുന്നു
2 ബിയിലേക്ക് പോർഷൻ തീരാനുള്ള മാത്സ് ടീച്ചറെ അവൾ അറേഞ്ച് ചെയ്തു. അങ്ങനെ ഉച്ച കഴിഞ്ഞു അവൾക്കൊഴിവ് പീരിയഡു കിട്ടി. വായിച്ചു മടക്കിവെച്ച പുസ്തകം അവൾ തുറന്നു. ഒന്ന് കൂടി വായിക്കാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു. മടക്കിവെച്ച പേജിൽ പന്തിഭോജനത്തെപ്പറ്റി വായിച്ച ഒരു വാചകം അവൾ കുറിച്ചുവെച്ചിരുന്നു. ചെറായി -സഹോദരൻ അയ്യപ്പൻ- 1917. ചൂട് ചോറ് വീണു വാടിയ വാഴയിലകളിൽ ആത്മാഭിമാനത്തിന്റെ രുചിയുണ്ണുന്ന മനുഷ്യരെ ആ അക്ഷരങ്ങളിൽ അവൾ കണ്ടു. അവരുടെ നടുവിൽ ചെറുമനയ്യപ്പൻ എന്ന വിളി കേട്ടുകൊണ്ട് പുഞ്ചിരിയോടെ ഒരാൾ നിൽക്കുന്നതും. ആ പന്തിഭോജനത്തിൽനിന്ന് ഈ ചതിവിരുന്നു വരെയുള്ള ദൂരം അവൾ ഞെട്ടലോടെ അളന്നെടുത്തു. അതിലെ മേൽത്തരം രുചികൾ കുഴഞ്ഞ വിരൽത്തുമ്പുകളെയും അവ കുഴയ്ക്കുന്ന ദയാരഹിതമായ തലച്ചോറുകളും ഓർമയിൽ തെളിഞ്ഞപ്പോൾ അവൾക്കു ഓക്കാനം വന്നു.
അവളുടെ വേരുകൾ അവളെ തൊടാനാഞ്ഞു.
തുല്യതയുടെ ലോകം സൃഷ്ടിക്കാൻ ഇറങ്ങിത്തിരിച്ച യുവതീയുവാക്കളായിരുന്നു അവളുടെ അച്ഛനുമമ്മയും. കൂടുതൽ തുല്യരുടെ ലോകത്തെ ജാതി അവരെ പുറന്തള്ളുകയും ഒരുമിപ്പിക്കുകയും ചെയ്തു. കുത്തിയിരുന്ന് പഠിച്ചു നേടിയ സർക്കാർജോലി അവരുടെ ജീവിതത്തെ മനോഹരമാക്കി. അവരെ പുറത്താക്കിയ ജാതിയെ അവരുടെ മകളിലൂടെ അവർ പുറത്താക്കാൻ നോക്കി, സ്കൂൾ രജിസ്റ്ററിൽ ജാതിയും മതവും ചേർക്കാതെ അവളെ ഒന്നാംക്ലാസിൽ ചേർത്തുന്നു ഈ ലോകം നേടിയവരായി അവർ സന്തോഷിച്ചു. അച്ഛന്റെയും അമ്മയുടെയും വീടുകളിലേക്ക് കുട്ടികൾ വിരുന്നുപോകുന്ന അവധിക്കാലങ്ങളിൽ വിദൂരനഗരങ്ങളിലേക്ക് നേരത്തേ ടിക്കറ്റ് റിസർവ് ചെയ്തു അവർ യാത്രപോയി. അവൾക്കു ചേച്ചിമാരോ ചേട്ടന്മാരോ അപ്പച്ചിമാരോ കുഞ്ഞമ്മമാരോ അവരുടെ മക്കളോ ഉണ്ടായിരുന്നില്ല. ആദ്യകാലത്തൊക്കെ വാടകവീടിന്റെ അയൽപക്കങ്ങളിൽ അവൾ ബന്ധുക്കളെ കണ്ടെത്തി. സ്വന്തം വീടായപ്പോൾ അവിടെയും അവൾക്കാളുകൾ ഉണ്ടായി. വല്ലപ്പോഴുമൊരിക്കൽ പി.എസ്.സി പരീക്ഷക്കോ മറ്റോ നാട്ടിൽനിന്നാരെങ്കിലുമെത്തിയാൽ അവരവളോട് അധികം ഇടപെടാതിരിക്കാൻ അച്ഛനുമമ്മയും ശ്രദ്ധിച്ചു. എപ്പോഴോ ഒരിക്കൽ ഒരു മരണത്തിനു മാത്രം അമ്മയുടെ വീട്ടിൽ അവൾ പോയി. പോയപോലെ ഉടൻ തിരിച്ചുവരുകയും ചെയ്തു. പാടത്തിനിറമ്പത്തെ നീലപടുതാ കെട്ടിയ വീടും അതിനു ചുറ്റിലുമുള്ള ചെടികളും അവൾക്കു മങ്ങിയ ഓർമയുണ്ട്.
തങ്ങളുടെ കഴുത്തിൽപിടിച്ചു മുറുക്കാനായുന്ന ചരിത്രത്തിൽനിന്നും ഒളിച്ചോടാനാഗ്രഹിച്ച രണ്ടു മനുഷ്യരായിരുന്നവർ. തങ്ങളുടെ ഭൂതകാലത്തെയും ജാതിയെയും മനപ്പൂർവം മറന്നുകൊണ്ട് പുതിയൊരു ജീവിതം ജീവിക്കാൻ ശ്രമിച്ചവർ. രേഖകളിലൂടെ തങ്ങളെ പിന്തുടരുന്ന ചരിത്രത്തെ മുറിച്ചുകളയാൻ നോക്കിയവർ. ജാതിയില്ലാത്ത ഒരു മകളെ സൃഷ്ടിച്ചു പുതിയൊരു ചരിത്രം എഴുതാമെന്ന് അവർ കരുതി. കലരുമ്പോൾ തനിമ നഷ്ടപ്പെടുന്ന വെള്ളത്തെപ്പോലെ മറ്റെന്തിലേക്കെങ്കിലും കലർന്ന് തങ്ങളുടെ തനിമ നഷ്ടപ്പെടുത്താൻ യൗവനത്തിൽ അവർ ആഗ്രഹിച്ചിരുന്നു. അവരുടെ തനിമ അവർക്കൊരു ഇരുണ്ട ഭാരംകൂടിയ ഭാണ്ഡമായിരുന്നു. ആത്മാഭിമാനപ്പോരാട്ടങ്ങളുടെ എഴുത്തുകൾ വന്നുതുടങ്ങിയ കാലമായിരുന്നു അത്. അവയൊന്നും അവരെ ആശ്വസിപ്പിച്ചില്ല. അപമാനവും വേദനയും മാത്രം സമ്മാനിക്കുന്ന സ്വന്തം തനിമയെക്കാൾ കലർപ്പുകൾ കൂടുതൽ മെച്ചപ്പെട്ട ഒരു ജീവിതം നൽകുമെന്ന് അവർക്കു തോന്നിക്കാണണം. അവൾക്കവരോട് സഹതാപം തോന്നി. ആ ശ്രമങ്ങളെയൊക്കെ കൂടുതൽ തുല്യരായ അവരുടെ കൂട്ടുകാർ തന്നെ 'ഉന്മൂലനം' ചെയ്ത കഥകൾ പറഞ്ഞു അവർ ഇടക്കിടെ പൊട്ടിച്ചിരിക്കാറുണ്ട്. ആ ചിരിയുടെ ഒടുവിൽ അവർ നിർത്താതെ ചുമക്കുമ്പോൾ ''ഇതാണോ വസന്തത്തിന്റെ ഇടിമൊഴക്കം'' എന്ന് ആയിടെ വായിച്ച ബിനു എം. പള്ളിപ്പാടിന്റെ കവിതയുടെ പേര് ചൊല്ലി അവൾ അവരെ കളിയാക്കും.
സങ്കടം മുട്ടിനിൽക്കുന്ന ചില സന്ധ്യാനേരങ്ങളിൽ അച്ഛനുമമ്മയും അവൾക്കു അവരുടെ കുട്ടിക്കാല കഥകൾ പറഞ്ഞുകൊടുക്കുമായിരുന്നു. അതെല്ലാം അവരുടെ മീൻപിടിത്ത കഥകളായിരുന്നു. മറ്റെല്ലാം റഷ്യൻ കുട്ടികളുടെ കഥകളും. വായിക്കാറായപ്പോൾ അവർ അവൾക്കു അതേ പുസ്തകങ്ങൾ തന്നെ കൊടുക്കുകയുംചെയ്തു. രണ്ടു വിദൂരഗ്രാമങ്ങളിൽ ഒരേയിനം കുട്ടിക്കാലമായിരുന്നു അവർക്ക്. പേരിൽ മാത്രം വ്യത്യാസമുള്ള മീനുകൾ അവരുടെ ഓർമയിൽ ചളി കലക്കി തുള്ളിക്കളിച്ചു. ആ ചേറ്റുമീൻകറിയുടെ രുചിയെപ്പറ്റി അവർ അവളോട് അഭിമാനത്തോടെ വർണിച്ചു...അതേ ചേറ്റുമീൻകറിയുടെ മണം അവളുടെ മൂക്കിൽ നിറഞ്ഞു. വൈകുന്നേരം വീട്ടിലെത്തിയപാടെ അതേ ചേറ്റുമീൻകറി കൂട്ടി ചോറുണ്ണണമെന്നു അവൾ വാശിപിടിച്ചു. കാരണം ചോദിച്ചപ്പോൾ അവളവർക്കു ആ കഥ വായിച്ചുകൊടുത്തു. ചുറ്റും വിഷപ്പുകപോലെ പരന്നുകിടക്കുന്ന ജാതിയെ നെഞ്ചടച്ചു ശ്വസിച്ചുകൊണ്ട് അവരതു കേട്ടിരുന്നു. പഴയ ഉന്മൂലനങ്ങളോർത്തപ്പോൾ ചേറ്റുമീനുകളെപ്പിടിച്ചു ചളിയിൽനിന്ന് തുള്ളിച്ചാടുന്ന ഒരാൺകുട്ടിയും പെൺകുട്ടിയും അവരുടെ മുൻതലമുറകളുടെ കാലിലെ പൊടിയിലേക്കു പറന്നു വീണു. അവർ ചെതുമ്പൽപോലെ ചുരണ്ടിയിളക്കിക്കളയാം എന്ന് കരുതിയ ജാതി ചോരയിൽ കലർന്നൊഴുകുകയാണെന്നു അവർ മകളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.
ആയിടെ മാത്രം വാങ്ങി ഭിത്തിയിലുറപ്പിച്ച അംബേദ്കർ ചിത്രത്തിന് താഴെയിരുന്നാണ് അവർ കഥ കേട്ടത്. കഥയിലെപ്പോലെ മേൽജാതിക്കാരുടെ ഔദാര്യം വാങ്ങി തോറ്റു കൊടുക്കുന്നവളാവില്ല രുക്മിണിയെന്നു അവൾക്കുറപ്പായിരുന്നു.
'എന്തൊക്കെയായാലും ഇദ്ദേഹം എഴുതിയുണ്ടാക്കിയ പോയിന്റുകളാണ് പഠിച്ചു വാദിക്കേണ്ടതെന്നു രുക്മിണി മറക്കാനിടയില്ല'' ആവേശത്തോടെയും അഭിമാനത്തോടെയും അവൾ അംബേദ്കർ ചിത്രത്തിലേക്ക് വിരൽ ചൂണ്ടി. അവരിലേക്കും അത് ജീവശ്വാസംപോലെ പടർന്നു.
* * * * *
കഥയിലെ രുക്മിണിയല്ലായിരുന്നു ജീവിതത്തിൽ. അവൾക്കു ചരിത്രമറിയാമായിരുന്നു. എഴുതപ്പെട്ട ചരിത്രം ബിരുദത്തിനു ഇഷ്ടവിഷയമായി തെരഞ്ഞെടുത്തു പഠിച്ചു ഒന്നാംക്ലാസിൽ പാസായിട്ടുണ്ട്. എഴുതപ്പെടാത്ത ചരിത്രം കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ട്. ഒരിന്ദ്രിയത്തിനും പെട്ടെന്ന് വഴിപ്പെടാതെ അന്തരീക്ഷത്തിൽ പടർന്നു കിടക്കുന്ന അതിന്റെ ധൂളികളെ പല തലമുറകൾകൊണ്ട് പാകപ്പെട്ട അകക്കണ്ണാൽ പരതിയെടുക്കാനുമവൾക്കറിയാം. സർവകൗശലങ്ങളുടെയും കണ്ണ് കണ്ടവളാണവൾ. കുറുക്കന്മാരുടെ പന്തിയിലിരുന്നു വിഭവങ്ങൾ രുചിക്കുമ്പോൾ അവൾ ജയിക്കാനുള്ള പോയന്റുകൾ ആലോചിച്ചുറപ്പിക്കുകയായിരുന്നു. സൂസൻ ഇമ്മാനുവേൽ കൊണ്ടുവന്ന കുരുമുളകിട്ട് വരട്ടി നിർത്തിയ പന്നിക്കുട്ടി തൊണ്ടയിലൂടെ അമറിയിറങ്ങുമ്പോൾ വാദത്തിന്റെ എരിവും ചൂടും കാരണം അവളുടെ മൂക്ക് വിയർത്തു. സാഹോദര്യത്തിന്റെ നനവൂറും പുഞ്ചിരിയോടെ രമ്യ നായർ നീട്ടിയ തൂവാലയെയും അതിലെ വിദേശസുഗന്ധത്തെയും അവൾ തലയാട്ടി നിരസിച്ചു. സംഗീത നമ്പൂതിരിയുടെ മാമ്പഴപ്പുളിശ്ശേരിയുടെ എരിവും മധുരവും പുളിയും കുഴഞ്ഞ രുചിക്കൊപ്പം കുരുമുളകും വെളുത്തുള്ളിയും ചേർത്ത് വറുത്തെടുത്ത വരാൽ കഷണത്തിൽ കുരുങ്ങി വാദം അവസാനിക്കുന്നതിന്റെ ഹരത്തിൽ തലയാട്ടിയിരിക്കുമ്പോഴാണ് ആ ചോദ്യം മണിയൊച്ചപോലെ മേശമേൽ വീണത്.
''അല്ല രുക്കൂ... എന്തായി കല്യാണക്കാര്യമൊക്കെ... വിപ്ലവവും സാമൂഹ്യമാറ്റവുമൊക്കെ ആയിരിക്കുമല്ലോ...സംഗതി ഞങ്ങളൊക്കെ അറിയുന്നുണ്ട് കേട്ടോ..!''
അവൾ പരുങ്ങുന്നതും ചൂളിയിരിക്കുന്നതും പ്രതീക്ഷിച്ചു ചുറ്റുമുണ്ടിരുന്ന പെണ്ണുങ്ങൾ പാത്രങ്ങളിൽതന്നെ കൈകൾ നിക്ഷേപിച്ചുകൊണ്ട് ഒരുതരം ക്രൂരമായ കൃത്രിമനിഷ്കളങ്കത എടുത്തു പുതച്ചു.
പ്രതീക്ഷിച്ചിരുന്ന ചോദ്യത്തിന് ഏറ്റവും ആസ്വദിച്ചു ഉത്തരമെഴുതുംപോലെ അവൾ ഒന്ന് നിവർന്നിരുന്നു.
''നിങ്ങൾ സതീഷ് വർമ്മേടെ കാര്യാണോ ഉദ്ദേശിച്ചേ...''
വായിലപ്പോൾ ഞെരിയാൻ പോകുന്ന കുരുമുളകായി അവൾ ഒരു സസ്പെൻസിട്ടു.
കത്തുന്ന തീയിേലക്കു നോക്കിയാലെന്നപോലെ പെണ്ണുങ്ങൾ ഒന്ന് പിന്നോട്ട് വലിഞ്ഞു. വരാൽ തല വറ്റിച്ചതിന്റെ മുളകുചാറ് തൊട്ടു നാക്കിൽ െവച്ച് രുചിയൂറിക്കൊണ്ട് ഒരു കുഞ്ഞുകറിവേപ്പില അവൾ വേസ്റ്റ്പാത്രത്തിലേക്കിട്ടു.
''ഹാ...എൽ.എൽ.ബിക്കും എൽ.എൽ.എമ്മിനും ഒരുമിച്ചു പഠിച്ചു എന്നുള്ളതൊക്കെ നേരാ... കുറച്ചുനാൾ എന്നെ കേസിലൊക്കെ സഹായിച്ചു. കൊറച്ചു പ്രേമിച്ചു നടന്നതും നേരാ...പക്ഷേ, വിപ്ലവമൊക്കെ എനിക്ക് കൊറച്ചു റിസ്കായിരിക്കും എന്ന് തോന്നുന്നു. മജിസ്ട്രേറ്റ് എക്സാം ലിസ്റ്റ്ഷുവർ ആണ്. അതൊക്കെ കഴിയട്ടെ...സെയിം കാസ്റ്റ്...കമ്യൂണിറ്റി ഒക്കെ നോക്കി വേണം...നിങ്ങളൊക്കെ...എസ്.സി-എസ്.ടി ഒഴികെ എന്ന് വെക്കുംപോലെ ബ്രാഹ്മിൻസ്- നാേയർസ് ഒഴികെ എന്ന് വെക്കേണ്ടിവരും എന്നു തോന്നുന്നു.''
ശരിയല്ലേ എന്ന് ചോദിക്കുന്ന ഒരു കുസൃതിച്ചിരിയോടെ വർമയെ നോക്കിക്കൊണ്ട് അവൾ കൈകഴുകാൻ എഴുന്നേറ്റു.
തള്ളിവരുന്ന കണ്ണുകളെ ഒതുക്കാൻ പാടുപെട്ടു പരസ്പരം നോക്കുന്ന പെണ്ണുങ്ങളെ നോക്കി അവൾ തുറന്നു ചിരിച്ചു. ഫാനിന്റെ കാറ്റിനും തടയാനാവാത്ത വിയർപ്പിനെ അടക്കാൻ സതീഷ് വർമ ഷർട്ടിന്റെ രണ്ടു ബട്ടണുകൾ വെപ്രാളത്തിൽ തുറന്നിട്ട് കൈ കഴുകാനെഴുന്നേറ്റു.
''നിക്ക് നിക്ക്, പോകാൻ വരട്ടെ... സംഗതികൾ പിന്നേം ബാക്കിയാണ്.''
സംഗീത നമ്പൂതിരി സ്വൽപം അധികാരത്തോടെ സതീഷ് വർമയുടെ പഴംപ്രഥമൻ പാത്രം തുറന്നു കടലാസ് കപ്പുകളിലേക്കു പകർന്നു. രമ്യയും അവളെ സഹായിച്ചു. നാപ്കിനിൽ കൈ തുടച്ചു വൃത്തിവരുത്തി മധുരം നുണയുമ്പോൾ നാളത്തെ കാര്യം മറക്കല്ലേ രുക്കൂ എന്നവൾ ആവർത്തിച്ചു കൊഞ്ചി.
അവർക്കാർക്കുമൊന്നും ഊഹിച്ചെടുക്കാനാവാത്ത ഒരു ചിരി ചിരിച്ചു. എന്നാൽപ്പിന്നെയെല്ലാം പറഞ്ഞപോലെയെന്നവൾ തലയാട്ടി. ഇറങ്ങാൻ നേരം സതീഷ് വർമയുടെ കൈയിൽ പിടിച്ചു രണ്ടു കണ്ണും അടച്ചു കാണിച്ചു. പഴപ്രഥമനിലെ ഒരു കുഞ്ഞൻ ഏലത്തരി വായിൽക്കിടന്നു കളിച്ചത് അവൾ പടിക്കെട്ടിറങ്ങുമ്പോൾ തുപ്പിക്കളഞ്ഞു.
''ചതിക്കുവോ ആ പൊലയന്റെ മോള്...''
സംഗീത ഒച്ച താഴ്ത്തി ചോദിച്ചു.
''എവിടുന്ന്...അതിനൊന്നും വകുപ്പില്ലെന്നേ...''
സൂസന്റെ സമാശ്വാസവാക്കിന്മേലെ പൊട്ടിച്ചിരിയുടെ അല പതഞ്ഞു.
പിറ്റേന്നാൾ കേസ് കഴിഞ്ഞിറങ്ങുമ്പോൾ തന്റെ മുന്നിലൂടെ കുനിഞ്ഞു പോകുന്ന തലകളെ അവൾ കണ്ടില്ലെന്നു നടിച്ചു. സതീഷ് വർമയുടെ കത്തുന്ന നോട്ടത്തിനു ഒരു ചൂളലുമില്ലാത്ത തെളിഞ്ഞ ഒരു പുഞ്ചിരി പകരം കൊടുത്തിട്ടു കോടതിമുറ്റത്തെ മാന്തണലിൽ അവളെ കാത്തുനിന്ന കാപ്പക്കുട്ടിയമ്മാവന്റെ നേരെ നടന്നു.
''നിന്റെ കണ്ണ് തെളിഞ്ഞോണ്ടു നമുക്കൊരു ഗുണമുണ്ടായല്ലോടി മോളെ...''
അയാൾ വാത്സല്യത്തോടെയും അഭിമാനത്തോടെയും അവളുടെ തലയിൽ കൈവെച്ചു. അവരുടെ രണ്ടുപേരുടെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞിരുന്നു. ചത്ത് തലക്കു മോളിൽ നിന്നിരുന്ന അമ്മയമ്മൂമ്മമാരും അപ്പനപ്പൂപ്പൻമാരും ഒരു കാറ്റായി വന്നു അവരെ ചുറ്റി. ''നാളെ ഞാറാഴ്ചയല്യോ വൈന്നേരം നീ വീട്ടിലൊട്ടൊന്നിറങ്ങൂ...അപ്പോപ്പറയാം ബാക്കി...''
കാപ്പക്കുട്ടിക്ക് തൊണ്ട വേദനിച്ചു.
വെയിലൊന്നു ചാഞ്ഞിട്ടേയുള്ളൂ. പാടത്തെ കതിരുകളിൽ വിളവിന്റെ സ്വർണമഞ്ഞ പടർന്നു കാണാം. പാടത്തിന്റെ അരികിലെ വഴിയിലൂടെ വണ്ടിയോടിച്ചു ചെല്ലുമ്പോൾ കാപ്പക്കുട്ടിയുടെ വീടിന്റെ അടുത്ത പറമ്പിൽ പൊങ്ങുന്ന മേനോന്റെ മകളുടെ വീട്. നേരെ സ്വന്തം പറമ്പിലൂടെ മേനോന് വണ്ടി വിട്ടുപോകാവുന്നതേയുള്ളൂ. അയാളുടെ ഒരു ജാതി മുഷ്ക്...അവൾ പല്ലിറുമ്മി. ഒരു മുള്ളുവേലിയിട്ടാൽ ഒരു മേനോനും ഇനി കേറിയിറങ്ങത്തില്ല. അവൾ മനസ്സിലോർത്തു. വഴിയിൽ വണ്ടിവെച്ച് മുറ്റത്തേക്കു നടക്കുമ്പോൾ അവളെ കാത്തു ചെറിയ ഒരാൾക്കൂട്ടം തന്നെ അവിടെയുള്ളത് അവൾ കണ്ടു. ചെമ്പരത്തിവേലി അതിരിട്ട വൃത്തിയുള്ള മുറ്റത്തു നിരത്തിയിട്ട കസേരകളിൽ കാപ്പക്കുട്ടിയുടെ മക്കളും മരുമക്കളും കൊച്ചുമക്കളും വേറെ ബന്ധുക്കളും ചില പരിചയക്കാരും. എല്ലാവരുടെയും മുഖത്ത് അത്ഭുതവും ആദരവും നിറഞ്ഞ ചിരി. അവളുടെ ഉള്ളുനിറഞ്ഞു. ഓരോരുത്തരായി ഓടി വന്നു അവളുടെ കൈപിടിച്ചു.
സമുദായത്തിലെ ഇപ്പോഴത്തെ മൂത്ത കാർന്നോരാണ് കാപ്പക്കുട്ടി. ആദ്യത്തെ പത്താംക്ലാസുകാരൻ. മക്കളൊക്കെ എല്ലാം ഉദ്യോഗസ്ഥർ. എപ്പോഴും വെള്ളമുണ്ടും ഷർട്ടും. നിറഞ്ഞ ചിരി. സൗമ്യമായ പെരുമാറ്റം. മേനോന്റെ കൈയിൽനിന്നു കൊണ്ട അടിയുടെ അടയാളമായി ചെറിയ ഒരു മുറിപ്പാടു നെറ്റിയിൽ.
''എന്നാപ്പിന്നെ എല്ലാരും ഒന്നിങ്ങോട്ടു നീങ്ങി നിന്നാട്ടെ. കാർന്നോന്മാർക്കൊക്കെ വിളമ്പിയേച്ചു നമ്മക്കും കഴിക്കാം.''
വേണ്ട നേരത്തു വേണ്ടപോലെ കൂടെ നിന്നതിനു മുമ്പേ കടന്നുപോയവരെ നന്ദിയോടെ ഓർത്തു വീതം കൊടുത്തു. തക്കസമയത്തു ബുദ്ധിയും ഓർമയും കരുത്തും പകർന്നതിനു അവളും അവരെ തലകുനിച്ചു വണങ്ങി.
വിരുന്നു ഗംഭീരമായിരുന്നു. വരാൽ വറുത്തത്, പോത്തിറച്ചി, ഊപ്പ പറ്റിച്ചത്, കപ്പ, ചോറ്...
ഇറങ്ങാൻ നേരം എല്ലാവരും അവൾക്കു ചുറ്റിലും നിന്നു. ഒരു പൊതി കാപ്പക്കുട്ടിയമ്മാവൻ അവൾക്ക് കൊടുത്തു. ഒന്നും വേണ്ട എന്നാവർത്തിച്ചു പറഞ്ഞിട്ടും അയാൾ സമ്മതിച്ചില്ല.
''പോവല്ലേ ചേച്ചീ.''
രണ്ടു പെൺകുട്ടികൾ അവളെ തടഞ്ഞു. അകത്തുനിന്ന് അവർ രണ്ടു വലിയ പൊതികൾ താങ്ങിപ്പിടിച്ചു കൊണ്ടുവന്നു.
''അഴിച്ചുനോക്ക്...'' അവർ ചിരിച്ചു. അവൾ പൊതിയഴിച്ചു.
ഭരണഘടന കൈയിലേന്തിയ അംബേദ്കർ. അടുത്ത പൊതിയിൽ കടും നീലയിൽ മഞ്ഞക്കുരുവികളുടെ ഡിസൈൻ ഉള്ള സാരി. അതിനു ചേരുന്ന വളകളും കമ്മലും മാലയും... ചുരുൾമുടിയുള്ള ചിരി തൂകി മയങ്ങുന്ന ഒരു കുഞ്ഞുബുദ്ധനും...
എല്ലാവരോടും യാത്ര പറയുമ്പോൾ പുതിയൊരാളായതുപോലെ തോന്നി അവൾക്ക്.
മുറ്റത്തെല്ലാം സന്ധ്യയിലേക്കു പരക്കുന്ന മഞ്ഞവെയിൽ. അവൾ ചെമ്പരത്തിവേലി കടന്നു റോഡിലേക്കിറങ്ങി. അന്നേരം പാടത്തെ കൈത്തോട്ടിൽനിന്ന് ഒരു ചെറുമീനിനെ കൊത്തിയെടുത്തുകൊണ്ട് ഒരു പൊന്മാൻ അതിന്റെയതേ നീലനിറമുള്ള ആകാശത്തേക്ക് പറന്നുപോയി.
സന്തോഷ് ഏച്ചിക്കാനത്തിന്റെ പന്തിഭോജനം എന്ന കഥയെ ഉപജീവിച്ച് എഴുതിയതാണ് ഇൗ കഥ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.