രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് 30 വയസ്സിൽ താഴെയുള്ളവർക്കായി മാധ്യമം ആഴ്ചപ്പതിപ്പ് സംഘടിപ്പിച്ച കഥ, കവിത, പ്രബന്ധ രചനാ മത്സരങ്ങളെക്കുറിച്ചും വിജയികളെക്കുറിച്ചുമാണ് ഈ കുറിപ്പ്. ഒപ്പം വിധികർത്താക്കളുടെ വിലയിരുത്തലുകളും നൽകിയിരിക്കുന്നു.മാധ്യമം ആഴ്ചപ്പതിപ്പ് രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കഥ, കവിത, പ്രബന്ധ രചനാ മത്സരങ്ങൾ പങ്കാളിത്തംകൊണ്ടും പങ്കെടുത്തവരുടെ പ്രതിഭാ മികവുകൊണ്ടും വേറിട്ടുനിന്നു. മത്സരത്തിന് രചനകൾ അയക്കാൻ ചുരുങ്ങിയ സമയമാണ് നൽകിയതെങ്കിലും ചെറുപ്പക്കാരുടെ വൻ പങ്കാളിത്തം പ്രകടമായി. ചുരുക്കപ്പട്ടിക തയാറാക്കലും വിജയികളെ തിരഞ്ഞെടുക്കലും...
രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് 30 വയസ്സിൽ താഴെയുള്ളവർക്കായി മാധ്യമം ആഴ്ചപ്പതിപ്പ് സംഘടിപ്പിച്ച കഥ, കവിത, പ്രബന്ധ രചനാ മത്സരങ്ങളെക്കുറിച്ചും വിജയികളെക്കുറിച്ചുമാണ് ഈ കുറിപ്പ്. ഒപ്പം വിധികർത്താക്കളുടെ വിലയിരുത്തലുകളും നൽകിയിരിക്കുന്നു.
മാധ്യമം ആഴ്ചപ്പതിപ്പ് രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കഥ, കവിത, പ്രബന്ധ രചനാ മത്സരങ്ങൾ പങ്കാളിത്തംകൊണ്ടും പങ്കെടുത്തവരുടെ പ്രതിഭാ മികവുകൊണ്ടും വേറിട്ടുനിന്നു. മത്സരത്തിന് രചനകൾ അയക്കാൻ ചുരുങ്ങിയ സമയമാണ് നൽകിയതെങ്കിലും ചെറുപ്പക്കാരുടെ വൻ പങ്കാളിത്തം പ്രകടമായി. ചുരുക്കപ്പട്ടിക തയാറാക്കലും വിജയികളെ തിരഞ്ഞെടുക്കലും ഒട്ടും എളുപ്പമായിരുന്നില്ല.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി 106 പേർ കഥാ മത്സരത്തിന് രചനകൾ അയച്ചു. കവിതാ മത്സരത്തിൽ 97 പേരും പ്രബന്ധരചനാ മത്സരത്തിൽ 22 പേരും പങ്കാളികളായി.
കഥാകൃത്തുക്കളായ സി.വി. ബാലകൃഷ്ണൻ, പി.കെ. പാറക്കടവ്, നിരൂപകനായ രാഹുൽ രാധാകൃഷ്ണൻ എന്നിവരാണ് കഥാമത്സരത്തിൽ അന്തിമ വിജയികളെ തിരഞ്ഞെടുത്തത്. കണ്ണൂർ കൊച്ചേരി സ്വദേശി ശ്യാംകൃഷ്ണൻ ആർ ആണ് ഒന്നാം സ്ഥാനം നേടിയത്. റാേഷാമോൺ എന്ന കഥക്ക് പുരസ്കാരം നേടിയ 27 വയസ്സുകാരനായ ശ്യാംകൃഷ്ണൻ ഹൈദരാബാദിലെ എയിംസ് ബിബിനഗറിൽ ബയോകെമിസ്ട്രി ഡിപ്പാർട്മെന്‍റിൽ സീനിയർ റസിഡന്‍റാണ്. രണ്ടാം സ്ഥാനം 'പൂട' എന്ന കഥയെഴുതിയ രാഹുൽ പഴയന്നൂരിനാണ്. തൃശൂർ സ്വദേശിയായ രാഹുൽ കേരള സർവകലാശാലയിൽ മലയാളം എം.എ ഒന്നാം വർഷ വിദ്യാർഥിയാണ്. മൂന്നാം സ്ഥാനം പുണ്യ സി.ആർ നേടി. മദ്രാസ് സർവകലാശാല മറീന കാമ്പസിൽ എം.എ മലയാളം വിദ്യാർഥിയായ പുണ്യയുടെ ബ്രേക്ക്അപ്പ് പാർട്ടി എന്ന കഥക്കാണ് പുരസ്കാരം. പാലക്കാട് പുലാപ്പറ്റ സ്വദേശിയാണ് പുണ്യ. കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽ എം.ഫിൽ മലയാളം വിദ്യാർഥിയായ, കാസർകോട് പനയാൽ സ്വദേശി സീന തച്ചങ്ങാട്, പത്തനംതിട്ട റാന്നി സ്വദേശിയും കൊച്ചി ഇൻഫോപാർക്കിൽ സോഫ്റ്റ്െവയർ എൻജിനീയറുമായ നകുൽ ഗോപിനാഥ്, കാസർകോട് സ്വദേശിയായ 14 കാരി സിനാഷെ എന്നിവരാണ് ആദ്യ ആറു സ്ഥാനങ്ങളിൽ എത്തിയ മറ്റുള്ളവർ. സീന തച്ചങ്ങാടിന്‍റെ 'ഞങ്ങൾടെ ഭാഷേല് പറഞ്ഞാൽ', നകുൽ ഗോപിനാഥിന്‍റെ 'പഞ്ചേന്ദ്രിയങ്ങൾ', സിനാഷെയുടെ 'അയെറ' എന്നീ കഥകൾ രചനാമികവുകൊണ്ട് വേറിട്ടു നിന്നു.
കവിതാ മത്സരത്തിൽ വയനാട് സ്വേദശിയും കാലിക്കറ്റ് സർവകലാശാല കാമ്പസിലെ എം.എ മലയാളം വിദ്യാർഥിയുമായ അതുൽ പൂതാടി ഒന്നാംസ്ഥാനം നേടി.
വയനാട് സ്വദേശികളായ, പരേതനായ മധുസൂദനന്റെയും വനജയുടെയും മകനാണ് അതുൽ പൂതാടി. 'മരിച്ചു പോയേക്കുമെന്ന് തോന്നുമ്പോൾ' എന്ന കവിതക്കാണ് പുരസ്കാരം. 'പെറ്റിക്കോട്ടും പാവക്കുട്ടിയും' എന്ന കവിതയെഴുതിയ മലപ്പുറം സ്വദേശി തസ്ലിം കൂടരഞ്ഞിക്ക് രണ്ടും 'യുദ്ധകാണ്ഡം, പുറപ്പെട്ടവരുടെ കവിതകൾ' എന്ന കവിതക്ക് കാസർകോട് അമ്പലത്തറ സ്വദേശി വിഷ്ണുപ്രിയ പിക്ക് മൂന്നും സ്ഥാനം ലഭിച്ചു. ഫ്രേയ രതീഷ്, സുബിൻ ഉണ്ണികൃഷ്ണൻ എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ എത്തിയ മറ്റ് രണ്ടു പേർ. േഫ്രയ രതീഷിന്‍റെ 'പൂച്ചതള്ളച്ചി', സുബിൻ ഉണ്ണികൃഷ്ണന്‍റെ 'ഡയറി ഓഫ് എ കില്ലർ' എന്നിവ പലരീതിയിൽ ശ്രദ്ധേയമായിരുന്നു. റഫീക്ക് അഹമ്മദ്, അനിതാ തമ്പി, വീരാൻകുട്ടി, പി.എൻ. ഗോപീകൃഷ്ണൻ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനക്കാരെ നിർണയിച്ച ജൂറിയിൽ ഉണ്ടായിരുന്നത്.
'തെരഞ്ഞെടുപ്പുകൾ ഇന്ത്യൻ ജനസഞ്ചയത്തെ നിർമിച്ചതും അപനിർമിച്ചതുമെങ്ങനെ' എന്ന വിഷയത്തിലായിരുന്നു പ്രബന്ധ മത്സരം. ചിന്തകനായ കെ.ഇ.എൻ, യാത്രാസാഹിത്യകാരനായ വി. മുസഫർ അഹമ്മദ്, വിവർത്തകനും മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ മുൻ പീരിയോഡിക്കൽസ് എഡിറ്ററുമായ വി.എ. കബീർ എന്നിവർ പ്രബന്ധരചനയിൽ ആദ്യ മൂന്നു സ്ഥാനക്കാരെ കണ്ടെത്തി. പാലക്കാട് ജില്ലയിലെ കൊടക്കാട് സ്വദേശി മുഹമ്മദ് ഫായിസ് കൊടക്കാട് ഒന്നാംസ്ഥാനവും പോണ്ടിച്ചേരി സർവകലാശാലയിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിയും കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയുമായ അക്ഷയ് പി.പി രണ്ടാം സ്ഥാനവും നേടി. കോതമംഗലം സ്വദേശിയും മാറമ്പള്ളി എം.ഇ.എസ് കോളജിൽ അസിസ്റ്റന്‍റ് പ്രഫസറുമായ അമൃതാ ദിനേശ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മലപ്പുറം സ്വദേശി മുസമ്മിൽ അമീൻ കെ, കൊടുങ്ങല്ലൂർ സ്വദേശി അൻസിഫ് അബ്ദുല്ല എൻ.എ എന്നിവരാണ് മറ്റ് രണ്ട് സ്ഥാനക്കാർ.
കഥ, കവിത, പ്രബന്ധരചന എന്നീ മൂന്നു ഇനങ്ങളിൽ ആദ്യ മൂന്നു സ്ഥാനക്കാർക്കും 10,000, 7000, 5000 രൂപ വീതം ലഭിക്കും. കൂടാതെ പുരസ്കാരവും പ്രശസ്തിപത്രവും.
വിധികർത്താക്കളുടെ വിലയിരുത്തലുകൾ
എന്തുകൊണ്ട് ഇവയെ മിനിക്കഥകൾ എന്നു വിളിച്ചുകൂടാ?
റഫീക്ക് അഹമ്മദ്
ഒരു ഭാഷാഖണ്ഡത്തെ കവിത എന്നു വിളിപ്പിക്കുന്നത് എന്താണ് ? കൃത്യമായ ഒരുത്തരം ലഭിക്കാനിടയില്ലാത്ത ഒരു ചോദ്യമാണതെന്നിരിക്കിലും കാവ്യാനുശീലർ, വിശേഷിച്ചും കവിത എഴുതുന്നവർ സ്വയം ചോദിച്ച് സ്വയം തൃപ്തരാകുന്ന ഒരു ഉത്തരത്തിൽ എത്തിച്ചേരേണ്ടതുണ്ടെന്ന് തോന്നുന്നു.
ഇവിടെ വിലയിരുത്തലിനായി ലഭിച്ച കവിതകളിലൂടെ സഞ്ചരിച്ചപ്പോൾ ഈ ചോദ്യം ഇതെഴുതുന്നയാളെ വീണ്ടും തോണ്ടി വിഷമിപ്പിച്ചു.
ഒരു ഭാഷാഖണ്ഡത്തെ കവിതയാക്കുന്നത് അത് വരി മുറിച്ച് എഴുതിയിരിക്കുന്നു എന്ന ഒരേയൊരു കാരണംകൊണ്ടാവരുത്. ഛന്ദോബദ്ധമായ വൃത്തത്തിലോ താളക്രമം പാലിച്ചോ എഴുതിയതുകൊണ്ടു മാത്രവും ആവരുത്. (അങ്ങനെയെങ്കിൽ തീപ്പെട്ടി പണ്ടില്ല,തിനാൽ ജനങ്ങൾ /ക്കേർപ്പെട്ട കഷ്ടം പറയാവതല്ല/ ഇപ്പോഴതിന്മാതിരിയൊന്നുമല്ല / തീപ്പെട്ടിയില്ലാത്തൊരു വീടുമില്ല
എന്ന പ്രാസദീക്ഷ പാലിച്ച പദ്യം കവിതയാവുമായിരുന്നല്ലോ.)
ഇവിടെ എനിക്കു വായിക്കാൻ കിട്ടിയ എഴുത്തുകളിൽ ചിലതെങ്കിലും പല കാരണങ്ങളാൽ ശ്രദ്ധേയങ്ങളാണ്. അവ മുമ്പ് പതിവില്ലാത്ത വിധം വിഷയധീരത പുലർത്തുന്നു, ഭാഷാ സ്വാതന്ത്ര്യമെടുക്കുന്നു. പുതുകാഴ്ചകളിലേക്ക് നടത്തുന്നു. പുതുസംവേദനം ആവശ്യമാക്കുന്നു. എങ്കിൽ തന്നെയും ഒരുപക്ഷേ അവ കവിത എന്ന മേൽകുറിപ്പ് ഇല്ലാതെതന്നെയും നല്ലെഴുത്തുകളാവുമല്ലോ എന്നതാണ് എന്നെ കുഴക്കുന്നത്. എന്തുകൊണ്ട് ഇവയെ മിനിക്കഥകൾ എന്നു വിളിച്ചുകൂടാ. പ്രമേയം പറച്ചിൽ എന്ന് നേരെ പറഞ്ഞു കൂടാ? ചിട്ടവട്ടങ്ങളൊന്നുമില്ലാത്ത തോന്നലെഴുത്ത് എന്ന് പറഞ്ഞുകൂടാ? പക്ഷേ കവിത എന്നുതന്നെയാണ് അവകാശവാദം. അതിൽ തെറ്റില്ല, കവിത എന്ന് നിങ്ങൾ സ്വരൂപിച്ചുവെച്ചിരിക്കുന്ന സങ്കൽപവുമായി ഇവ ചേർന്നുപോകുന്നുവെങ്കിൽ.
നിർഭാഗ്യവശാൽ എഴുത്തച്ഛൻ മുതൽക്കിങ്ങോട്ടുള്ള കവിതയുടെ സകലമാന രാജവീഥികളിലൂടെയും കുണ്ടനിടവഴികളിലൂടെയും നടന്നുപോകാനിടവന്ന ഒരാളെന്ന നിലയിൽ ഒരു ഭാഷാഖണ്ഡത്തെ അത്രയെളുപ്പത്തിൽ എനിക്ക് കവിതേ എന്നു വിളിക്കാൻ കഴിയില്ല. അതിന് മാപ്പു തരണം.
പിന്നെ, കവിതയിലും അവസാന വാക്കുകളൊന്നുമില്ല. തിരഞ്ഞെടുപ്പുകൾ തികച്ചും ആത്മനിഷ്ഠമായ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസൃതമായിരിക്കും. മാനുഷികമായ ഈ പരിമിതി ഈ തിരഞ്ഞെടുപ്പിലും കാണും.
ജൈവികത ഇല്ലാതാകുന്നുണ്ടോ?
രാഹുൽ രാധാകൃഷ്ണൻ
പ്രമേയം സംബോധന ചെയ്യേണ്ടത് സമകാലജീവിതത്തെയാണെന്ന് ഉറപ്പിക്കുന്ന കഥകളാണ് ഇവ. തീക്ഷ്ണമായ ജാതി രാഷ്ട്രീയവും സാമൂഹിക പ്രശ്നങ്ങളും സ്ത്രീ-പുരുഷ ബന്ധവും പകയും ലൈംഗികതയും അവയുടെ അടിപ്പടവുകളാകുന്നു. എങ്കിലും മുൻകൂട്ടി തയാറാക്കിയ അച്ചിൽ കഥാപാത്രങ്ങളുടെ വ്യവഹാരങ്ങളെ പ്രതിഷ്ഠിക്കുന്നത് അഭികാമ്യമല്ല എന്നത് കൂട്ടിച്ചേർക്കുന്നു. സ്വതന്ത്രവും മൗലികവുമായ ഭൂമികയിൽ കഥാപാത്രങ്ങളെയും സാമൂഹിക പശ്ചാത്തലത്തെയും വികസിപ്പിക്കുക എന്നതാണ് ഉചിതം. ജാതി, നിക്ഷിപ്തതാൽപര്യങ്ങളുടെ രാഷ്ട്രീയം, ലിംഗപരമായ സങ്കീർണത എന്നിവയൊക്കെ ശ്രദ്ധിച്ചുകൊണ്ടാണ് കഥകൾ രൂപപ്പെട്ടിരിക്കുന്നത്. പ്രാദേശികവും പരിചിതവുമായ കാഴ്ചയും പരിസരവും കഥയുടെ കാമ്പിനു ബലം നൽകും. അപരിചിതമായ ലോകം സൃഷ്ടിക്കുമ്പോൾ മിക്കപ്പോഴും ഇല്ലാതാവുന്നതും ഈ ജൈവികതയാണ്.
പുതിയ തലമുറയുടെ കഥകളിൽ തീയുണ്ട്
പി.കെ. പാറക്കടവ്
നമ്മുടെ പുതിയ തലമുറയുടെ കഥകളിൽ തീയുണ്ട്. എങ്ങനെ പറയണമെന്ന് മാത്രമല്ല എന്തു പറയണമെന്നും അവർക്കറിയാം. ഇവരെഴുതുന്ന കഥകളിൽ ജീവിതമുണ്ട്. ഹൈറേഞ്ചിലെ അരാജക ജീവിതം ചിത്രീകരിക്കുന്ന കഥകൾക്കപ്പുറം പാർശ്വവത്കരിക്കപ്പെട്ടവരുടെയും മാറ്റിനിർത്തപ്പെട്ടവരുടെയും കഥകൾ പറയാനുള്ള മിടുക്ക് ചിലരെങ്കിലും കാണിക്കുന്നുണ്ട്.
മൗലികമായ കാഴ്ചപ്പാടുകൾ കുറവ്
വി. മുസഫർ അഹമ്മദ്
ലേഖനങ്ങള്‍ക്ക് മൗലികമായ കാഴ്ചപ്പാടുകളുടെ കാര്യമായ കുറവുണ്ട്. ചിലതില്‍ വസ്തുതാപരമായ പിശകുകളുമുണ്ട്. ജനാധിപത്യം, തെരഞ്ഞെടുപ്പ്, പൗരനിർമിതി എന്നീ കാര്യങ്ങളില്‍ കേരളം എന്ന നമ്മുടെ സംസ്ഥാനം എന്തെല്ലാം പരീക്ഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നുപോയി എന്നതിനെക്കുറിച്ച് ഒരു ലേഖനത്തിലും പരാമര്‍ശമില്ല. ഉദ്ധരിക്കപ്പെടുന്ന പുസ്തകങ്ങളും ഉദ്ധരണികളുമെല്ലാം ഇംഗ്ലീഷില്‍നിന്നുള്ളവയാണ്. ഗൂഗിള്‍ സ്വാധീനം ഇത് വ്യക്തമാക്കുന്നു. ടൈപ്പ് ചെയ്തതിലും കൈയക്ഷരത്തിലുള്ളതിലും അക്ഷരത്തെറ്റുകളും കടന്നുകൂടിയിട്ടുണ്ട്. വാട്സാപ്പ് ഭാഷ അക്ഷരത്തെറ്റ് തിരുത്തേണ്ട ഒന്നല്ലെന്ന വിശ്വാസം യുവ തലമുറയില്‍ ഉണ്ടാക്കിയതായും മനസ്സിലാക്കേണ്ടിവരുന്നു. ഒപ്പം മത്സരവിഷയം വേണ്ടവിധം സുതാര്യമല്ലാത്തതും മത്സരാര്‍ഥികളുടെ ആശയവിപുലീകരണത്തെ ബാധിച്ചിരിക്കാന്‍ ഇടയാക്കിയിട്ടുമുണ്ടായിരിക്കാം.
അങ്ങിങ്ങ് ചില തിരിവെട്ടങ്ങൾ
സി.വി. ബാലകൃഷ്ണൻ
മലയാളത്തിലെ സമകാലിക കഥയുടെ സവിശേഷതകൾ അനുഭവപ്പെടുത്തുന്നവയല്ല ഇൗ കഥകൾ; പ്രമേയത്തിലും ആഖ്യാനത്തിലും. പക്ഷേ, അങ്ങിങ്ങ് ചില തിരിവെട്ടങ്ങൾ കാണാം. ഉദാഹരണത്തിന് റാേഷാമോൺ എന്ന കഥയിൽ പരുക്കൻ യാഥാർഥ്യത്തിന്റെ ഒരു തലമുണ്ട്. ആദിവാസി ജീവിതത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ കാഴ്ചകൾ ഇതിൽ അടങ്ങിയിരിക്കുന്നു. 'പൂട' എന്ന കഥയിലും കൃഷിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് രതിയുടെയും വന്യതയുടെയും ഇഴകൾ ചേർത്ത ഒരു ഘടനയുണ്ട്. എഴുത്ത് ഗൗരവമായ ഒരു പ്രവൃത്തിയാണെന്ന് സ്വയം ഓർമിപ്പിച്ചുകൊണ്ട് കഥയെഴുത്തിന്റെ ഗംഭീരമായ വെല്ലുവിളികളെ നേരിടാൻ ഈ യുവകഥാകൃത്തുക്കൾക്ക് കഴിയട്ടെ.
ഭാഷയെ സ്വാതന്ത്ര്യത്തോടെ പരിചരിക്കാനുള്ള ശ്രമം
വീരാൻകുട്ടി
പല കവിതകളിലും ഭാഷയെ സ്വാതന്ത്ര്യത്തോടെ പരിചരിക്കാനുള്ള ശ്രമങ്ങൾ കാണാനിടയായി. മരണത്തെക്കുറിച്ചുള്ള ആധിയെ കൊളുത്തിയിട്ട കവിതയായി 'മരിച്ചുപോയേക്കുമെന്നു തോന്നുമ്പോൾ' എന്ന രചന ഹൃദയത്തിൽ തൊട്ടു. കവിതയിൽ മാത്രം സാധ്യമായ ഒരാകാംക്ഷ, അതിലുടനീളം നിലനിർത്തിയിരിക്കുന്നു. യുദ്ധകാണ്ഡം, പുറപ്പെട്ടവരുടെ കവിതകളിൽ ഹിംസയുടെ, പലായനത്തിന്റെ തീവ്രത സൃഷ്ടിക്കാൻ വാക്കുകളുടെ കൊളാഷ് കവി ഉപയോഗിച്ചിരിക്കുന്നു. മികച്ച കവിതകൾ വായിച്ചും കവിതക്കുമേൽ അടയിരുന്നും സാധ്യമാവേണ്ട ഭാഷയുടെ മുറുക്കം പലർക്കും ഇനിയും കൈവരാനിരിക്കുന്നേയുള്ളൂ. ഭാഷയെ ചളുക്കിയും ചുളിച്ചും രസിക്കുന്ന എന്നെ കവിതയെന്ന് ചിലർ തെറ്റിദ്ധരിച്ചപോലെ തോന്നി. പുതിയ വഴിയിലൂടെ പോകുമ്പോഴും കവിതയുടെ സത്ത നഷ്ടപ്പെടാതെ നോക്കാൻ പുതിയ തലമുറക്കാവട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.